Author: ജസ്റിസ് പി. കെ. ഷംസുദ്ദീന്‍ (കേരള ഹൈക്കോടതി റിട്ട. ജസ്റിസ്)
ലോകമെമ്പാടും യേശുവിന്റെ തിരുപ്പിറവി അനുസ്മരിക്കുന്ന ആഘോഷാവസരമാണു ക്രിസ്മസ്. ലോകമെങ്ങും ശാന്തിയും സമാധാനവും നിറയുക എന്നത്, മാനവരാശിയുടെ നിലനില്പിന് അത്യന്താപേക്ഷിതമാണ്. യേശുക്രിസ്തു സമാധാനത്തിന്റെയും ശാന്തിയുടെയും ദൂതനായിരുന്നു. ആ യേശു പിറന്നു വീണ മണ്ണില്‍, പശ്ചിമേഷ്യയില്‍ ഇന്നു സംഘട്ടനങ്ങളും സംഘര്‍ഷങ്ങളും നടക്കുകയാണ്. ശാന്തിദായകനായ യേശുവിന്റെ തിരുപ്പിറവി ആഘോഷിക്കുമ്പോള്‍ ലോകസമാധാനത്തിനായുള്ള ചിന്തകള്‍ നമ്മുടെ മനസ്സില്‍ നിറയേണ്ടത് അനിവാര്യമാണ്.
നാഗരികതയുടെ സംഘര്‍ഷങ്ങളെക്കുറിച്ചൊക്കെ പാശ്ചാത്യ എഴുത്തുകാര്‍ പറയാറുണ്ട്. സാമുവല്‍ ഹണ്ടിംഗ്ടണിന്റെ ഒരു ഗ്രന്ഥത്തില്‍ പാശ്ചാത്യ നാഗരികതയും ഇസ്ളാമും തമ്മിലുള്ള സംഘര്‍ഷം ലോകസമാധാനത്തിനു ഭീഷണിയാണെന്നു സൂചിപ്പിക്കുന്നുണ്ട്. എന്റെ അഭിപ്രായത്തില്‍ തികച്ചും അബദ്ധജഡിലമായ ഒരു നിരീക്ഷണമാണിത്. കാരണം ഇസ്ളാമും ക്രിസ്തുമതവും ജൂതമതവുമൊക്കെ അബ്രാഹമെന്ന മഹാനായ പ്രവാചകനില്‍ വിശ്വസിക്കുവരാണ്. മുസ്ളിങ്ങള്‍ യേശുവിനെ ദൈവമോ ദൈവപുത്രനോ ആയി കരുതുന്നില്ലെങ്കിലും ഏറ്റവും മഹാനായ പ്രവാചകനായിട്ടാണു കാണുന്നത്. അദ്ദേഹത്തിന്റെ നാമം ഉച്ചരിക്കുമ്പോള്‍ അദ്ദേഹത്തിനു ശാന്തിയുണ്ടാകട്ടെ എന്നു പ്രാര്‍ത്ഥിക്കേണ്ടത് കടമയായി കരുതുന്നവരാണവര്‍. ഇത്തരത്തില്‍ പരസ്പര ആദരവോടുകൂടി ജീവിക്കുകയും സൌഹാര്‍ദ്ദം പങ്കിടുകയും വിശ്വാസപരമായി പൊതുദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഈ മതാനുയായികള്‍ തമ്മില്‍ സംഘട്ടനങ്ങള്‍ ഉണ്ടാകേണ്ട കാര്യമില്ല.
പിന്നെ എന്തുകൊണ്ടാണു സംഘട്ടനങ്ങള്‍ ഉണ്ടാകുന്നത് എന്ന ചോദ്യമുണ്ട്. മതങ്ങളെ രാഷ്ട്രീയ കാര്യങ്ങള്‍ക്കും സ്വന്തകാര്യങ്ങള്‍ക്കുമായി ചിലര്‍ ഉപയോഗപ്പെടുത്തുമ്പോഴാണ് ഈ സംഘട്ടനങ്ങള്‍ ആവിര്‍ഭവിക്കുന്നത്. മതങ്ങളുടെ സൈദ്ധാന്തികവും പ്രത്യയശാസ്ത്രപരവുമായ പ്രബോധനങ്ങള്‍ പരിശോധിച്ചാല്‍ എല്ലാ മതദര്‍ശനങ്ങളും സ്നേഹത്തെക്കുറിച്ചാണ് ഊന്നിപ്പറയുന്നതെന്നു കാണാനാകും. സ്നേഹത്തേക്കാള്‍ മധുരതരമായ മറ്റൊരു വികാരം ഇല്ലെന്നാണ് എല്ലാ മതങ്ങളും വ്യക്തമാക്കുന്നത്. ലോകത്തില്‍ ശാന്തിയും സമാധാനവും ഉണ്ടാകണെമെന്നു എല്ലാ മതങ്ങളും അനുശാസിക്കുന്നു. വലതുകരണത്തടിക്കുവന് ഇടതുകരണം കൂടി കാണിച്ചു കൊടുക്കുക എന്ന മഹത്തായ സ്നേഹത്തിന്റെയും സഹനത്തിന്റെയും സമാധാനത്തിന്റെയും പാഠമാണ് യേശു പങ്കുവച്ചത്. ഇസ്ളാം എന്നു പറഞ്ഞാല്‍, ശാന്തി സമാധാനം എന്നാണര്‍ത്ഥം. ഒരുവന്‍ അപരനെ നിഗ്രഹിച്ചാല്‍ അത് മാനവരാശിയെത്തന്നെ കൊല്ലുതിനു തുല്യമാണെന്നാണ് വിശുദ്ധ ഖുര്‍ ആന്‍ പറയുന്നത്. ഭാരതസംസ്കാരത്തിലെ ബുദ്ധമതവും ജൈന മതവുമെല്ലാം അഹിംസയെക്കുറിച്ചാണു സംസാരിക്കുക. ഇത്തരത്തില്‍ മാനവരാശിക്കുവേണ്ട അടിസ്ഥാനകാര്യം ശാന്തിയാണെന്ന് മതങ്ങളെല്ലാം തന്നെ വ്യക്തമാക്കുന്നു.
"അത്യുതങ്ങളില്‍ ദൈവത്തിനു മഹത്ത്വം ഭൂമിയില്‍ സന്‍മനസ്സുള്ളവര്‍ക്കു സമാധാനം'' എന്നാണ് യേശുവിന്റെ തിരുപ്പിറവിയില്‍ മാലാഖമാര്‍ പാടിയത്. ഇവിടെ സമാധാനമുണ്ടാകണമെങ്കില്‍ സന്‍മനസ്സ് ഉണ്ടാകണം. ആ സന്‍മനസ്സ് ഉണ്ടാകാനുള്ള മൂല്യങ്ങളാണ് എല്ലാ മതങ്ങളും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത്. ലോകത്തില്‍ എപ്പോഴൊക്കെ എവിടെയെല്ലാം ധര്‍മച്യുതികള്‍ ഉണ്ടായിട്ടുണ്േടാ അവിടെയൊക്കെ വഴികാട്ടികളായി ദൈവത്തിന്റെ സന്ദേശവാഹകരായ പ്രവാചകരോ അവതാരപുരുഷനാമാരോ ഉണ്ടായിട്ടുണ്ട്. അവര്‍ മൂല്യങ്ങളെക്കുറിച്ചാണ് എപ്പോഴും സംസാരിച്ചിട്ടുള്ളത്. നിന്നെപ്പോലെ തന്നെ നിന്റെ അയല്ക്കാരനെ സ്നേഹിക്കാന്‍ യേശു പറഞ്ഞു. നിന്റെ അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ നീ വയറുനിറയെ ഭക്ഷിക്കുകയാണെങ്കില്‍ നീ എന്നില്‍പ്പെട്ടവനല്ലെന്ന് നബിവചനം. നിനക്ക് എന്തുവേണമെന്നു നീ ആഗ്രഹിക്കുന്നുവോ അതു നിന്റെ സഹോദരനു വേണമെന്നു ഇച്ഛിക്കാത്തിടത്തോളം നീ വി ശ്വാസിയായിരിക്കില്ലെന്നും പ്രവാചകന്‍ സൂചിപ്പിക്കുന്നുണ്ട്. കേരളത്തിലെ ഏറ്റവും വലിയ ആത്മീയാചാര്യനായ ശ്രീനാരായണഗുരു പറഞ്ഞത്, അവനവന്റെ ആത്മസുഖത്തിനായി ആചരിക്കുവ അപരന്റെ സുഖത്തിനായ് വരേണം എന്നാണ്. ഇങ്ങനെ വിവിധ മത പ്രവാചകന്മാര്‍ നല്‍കിയിട്ടുള്ള ദര്‍ശനങ്ങള്‍ മാനവരാശിക്കു വഴികാട്ടിയായും പ്രകാശ ഗോപുരമായും നിലകൊള്ളണം.
എന്നാല്‍ മതത്തിന്റെ യഥാര്‍ത്ഥ അന്തസ്സത്തയില്‍ നിന്നു മതാനുയായികള്‍ അകന്നു പോകുകയും മതമെന്നു പറഞ്ഞ് എന്തൊക്കെയോ കാട്ടിക്കൂട്ടുകയും ചെയ്യുന്ന അവസ്ഥ ചിലയിടങ്ങളില്‍ ദൃശ്യമാണ്. ഇതേപ്പറ്റി മതനേതാക്കള്‍ ഗൌരവപൂര്‍വം ചിന്തിക്കണം. മതത്തിന്റെ ചൈതന്യം ഉള്‍ക്കൊള്ളാത്ത വികലമായ പല കാഴ്ചപ്പാടുകളും കാണുന്നുണ്ട്. ഇതു മാറണം. മതസ്ഥാപകരും പ്രവാചകരും മതനേതാക്കളുമെല്ലാം എന്താണു പറഞ്ഞിട്ടുള്ളതെന്നും അവരുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തെല്ലാമായിരുന്നുവെന്നും മതാനുയായികള്‍ വ്യക്തമായി മനസ്സിലാക്കണം. അപ്പോള്‍ മതത്തിന്റെ പേരില്‍ നടത്തുന്ന അനാവശ്യ സംഘര്‍ഷങ്ങളും സംവാദങ്ങളും ഒഴിവാക്കാനും യഥാര്‍ത്ഥ സംവാദങ്ങള്‍ നടത്താനും കഴിയും. ദശാബ്ദങ്ങള്‍ക്കു മുമ്പ് ആലുവയില്‍ ശ്രീനാരായണഗുരു വിളിച്ചു കൂട്ടിയ ലോകമതസമ്മേളനത്തില്‍ അദ്ദേഹം പ്രഖ്യാപിച്ചതുപോലെ, വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമായിരിക്കണം മതങ്ങള്‍ തമ്മിലുള്ള സംവാദങ്ങളും സംഭാഷണങ്ങളും.
മതങ്ങള്‍ പരസ്പരം ഭിന്നിക്കാനോ ഭിന്നിപ്പിക്കാനോ ഉള്ളതല്ല. ഒന്നിപ്പിക്കാനാണവ പരിശ്രമിക്കേണ്ടത്. ഭിന്നിപ്പിക്കുന്നതു മതമല്ലെന്നും അതു മതധര്‍മ്മത്തിനെതിരാണെന്നും ധര്‍മ്മമെന്നാല്‍ ഒന്നിപ്പിക്കലാണെന്നും നമ്മുടെ മുന്‍ രാഷ്ട്രപതി എസ്. രാധാകൃ ഷ്ണന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആദത്തിന്റെയും ഹവ്വയുടെയും മക്കളായ മനുഷ്യര്‍ ഏകരാണ്. ഒരു മഹാവൃക്ഷത്തിന്റെ ശാഖകള്‍ പോലെ, മനോഹരമായ തോട്ടത്തില്‍ വിരിഞ്ഞു നില്ക്കുന്ന വിവിധങ്ങളായ പുഷ്പങ്ങള്‍ പോലെ എന്ന വ്യത്യാസം മാത്രമേ അതിലുള്ളൂ, ഉണ്ടാകാന്‍ പാടുള്ളൂ. ഏകമായ ദൈവത്തിന്റെ പുത്രരോ ദാസരോ ആയ മനുഷ്യരും ഏകരാണ്. ആ മാനവികത ഓന്നാണ്. അവിടെ നമ്മെ വേര്‍തിരിക്കുന്ന മതിലുകള്‍ തട്ടിമാറ്റപ്പെടണം.
ക്രിസ്മസ് ആഘോഷിക്കുന്ന ഈ അവസരത്തില്‍ ഈവിധ ചിന്തകള്‍ നമ്മെ നയിക്കട്ടെ. ഇവിടെ നമ്മുടെ മനസ്സില്‍ ആദ്യം ഉയരേണ്ടത് യേശു എന്തിനുവേണ്ടി ഭൂമിയില്‍ അവതരിച്ചു എതാണ്. അദ്ദേഹം അവതരിപ്പിച്ച ഉത്കൃഷ്ടമായ ആശയങ്ങള്‍ എന്താണോ അതു നമ്മില്‍ പകര്‍ത്തുക. അതാണു ക്രിസ്മസില്‍ ചെയ്യേണ്ടത്. ആഘോഷത്തേക്കാളേറെ ഈ മഹത്തായ സന്ദേശം നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കിത്തീര്‍ക്കണം. ക്രിസ്തുവിന്റെ ജനനം അതിന്റെ പ്രസക്തി, അതാണു പ്രധാനം. ക്രിസ്തുവിന്റെ ജനനത്തിലൂടെ മാനവരാശിക്ക് വലിയൊരു പ്രതീക്ഷയും പ്രത്യാശയും സംജാതമാകുകയാണ്. അതു നമുക്കെപ്പോഴും പ്രചോദനമാകണം. ഇതാണ് ഓരോ ക്രിസ്മസും എന്നിലുണര്‍ത്തുന്ന വികാരം.
(മതാന്തരവേദികളില്‍ സജീവസാന്നിധ്യമായ കേരള ഹൈക്കോടതി റിട്ട. ജസ്റിസ് പി.കെ. ഷംസുദ്ദീന്‍, കൌസില്‍ ഫോര്‍ ദ് പാര്‍ലമെന്റ് ഓഫ് വേള്‍ഡ്സ് റിലീജിയന്‍സ് അംബാസിഡറും വേള്‍ഡ് ഫെല്ലോഷിപ്പ് ഓഫ് ഇന്‍ര്‍ റിലീ ജിയസ് കൌസില്‍ പ്രസിഡന്റുമാണ്).
Monday, December 28, 2009
മാനവരാശിക്കു പ്രത്യാശയേകുന്ന മഹോത്സവം
Subscribe to:
Post Comments (Atom)
No comments:
Post a Comment