ചരിത്രവഴിയില്‍ ഇസ്രായേലിന്റെ പര്യായമായി മാറുന്നു യാക്കോബ്. വ്യക്തി ഒരു ജനതയുടെ നാമമായി മാറുന്നത് അസാധാരണ നിയോഗം. യാക്കോബില്‍ നിന്നു ഇസ്രായേലിലേക്കുള്ള വളര്‍ച്ചയില്‍ ഒരു സമര്‍പ്പണവും ദൈവസ്‌പര്‍ശവുമുണ്ട്. ഈ പൂര്‍വ്വപിതാവിന്റെ ജീവിതയാത്രയിലെ അനുഭവങ്ങള്‍ നമ്മുടെ മനസിന്റെ അടിക്കാടുകളെ വല്ലാതെ ഉലയ്‌ക്കും. `സ്ഥാനം തട്ടിയെടുക്കുന്നവന്‍' എന്ന അര്‍ത്ഥമാണ് യാക്കോബ് എന്ന ഹെബ്രായനാമത്തിനുള്ളത്. പേ രിന്റെ അര്‍ത്ഥം അയാളുടെ ജീവിതാരംഭത്തില്‍തന്നെ യാഥാര്‍ത്ഥ്യമാകുന്നതു കാണാം.
പോരാട്ടങ്ങള്‍
ഏസാവും യാക്കോബും ഇരട്ടക്കുട്ടികളായിരുന്നു. ആദ്യം പിറന്നുവീണ ഏസാവിന്റെ കുതികാലില്‍ പിടിമുറുക്കിയാണ് അനുജന്‍ യാക്കോബ് രംഗപ്രവേശം ചെയ്യുന്നത്. ജ്യേഷ്‌ഠന്റെ അവകാശഭൂമിയിലേക്കുള്ള അനുജന്റെ കടന്നുകയറ്റത്തിന്റെ തുടക്കമായിരുന്നു അത്. പിന്നീട് സ്ഥാനം തട്ടിയെടുക്കല്‍ നാടകം അരങ്ങേറുന്നത് വഞ്ചനയുടെ
വഴികളിലൂടെയാണ്. അപ്പനും അമ്മയും മക്കളോടു കാണിച്ച സ്‌നേഹവ്യത്യാസങ്ങള്‍ വഞ്ചനയ്‌ക്കും യുദ്ധങ്ങള്‍ക്കും പശ്ചാത്തലമൊരുക്കി. മൂപ്പവകാശം സ്വന്തമാക്കാന്‍ ഇളയമകന്‍ അവന്റെ വിശക്കുന്ന വയറിനു പായസം നല്‍കി വാക്കുനേടുന്നു. പിന്നീടൊരു വേളയില്‍ അന്ധനായ പിതാവിനെ നാടകീയമായി കബളിപ്പിച്ച് അനുഗ്രഹം സ്വന്തമാക്കുന്നു. അധികാരത്തിനുവേണ്ടിയുള്ള എക്കാലത്തെയും മത്സരങ്ങള്‍ കുടുംബങ്ങളില്‍തന്നെയാണ് മുളപൊട്ടുന്നതെന്നു നാം മറന്നുകൂടാ.
കുടുംബത്തകര്‍ച്ചകളിലേക്കു നയിക്കുന്ന അപ്പന്‍ചേരിയും അമ്മച്ചേരിയും ഇന്നിന്റെ പ്രതിഭാസമാണ്. കുടുംബവേദിയെ അടരുകളായി തിരിച്ചുനിര്‍ത്തുന്ന ദുര്‍ഭഗാവസ്ഥ. ഇതിനു മാതാപിതാക്കള്‍ക്കു മക്കളോടുള്ള സ്‌നേഹവൈജാത്യങ്ങള്‍ കാരണമാകുന്നില്ലേ? എല്ലാ യുദ്ധങ്ങളും കുടുംബങ്ങളിലാണു ജനിക്കുന്നത്; ഇതിന്റെ വിത്തു വീഴുന്നതു വ്യക്തിയുടെ മനസിലും. കുടുംബത്തിന്റെ ഭൂമികയില്‍ അപ്പനും അമ്മയും അങ്കക്കുറി നടത്തി നോക്കിനില്‍ക്കുന്നിടത്താണ് വന്‍ ദുരന്തമുണ്ടാകുന്നത്. അവര്‍ ബോധപൂര്‍വ്വം ചില സമദൂരങ്ങള്‍ പാലിക്കാതെ തരമില്ല. മക്കളുടെ ലിംഗഭേദങ്ങളും സ്വഭാവപ്രത്യേകതകളുമെല്ലാം ചേരിപ്പോരിന്റെ മാനദണ്ഡമായിത്തീരുന്നതു ദുഃഖകരം. ഇവിടെ അപ്പന്റെ ഭാര്യയെന്ന ശത്രുവും അമ്മയുടെ ഭര്‍ത്താവെന്ന എതിരാളിയും മക്കളുടെ മനസില്‍ രൂപപ്പെടുന്നു. ഇങ്ങനെയാണ് സമൂഹത്തകര്‍ച്ചയുടെ ഒന്നാംപാഠം കുടുംബത്തില്‍ ആരംഭിക്കുന്നത്.
ബൂമറാങ്
യാക്കോബിലേക്കു തിരികെ നടക്കാം. യഹൂദപാരമ്പര്യത്തില്‍ മൂപ്പുസ്ഥാനം വിലപ്പെട്ടതാണ്. കുടുംബത്തിന്റെയും ഗോത്രത്തിന്റെയും ഭരണനേതൃത്വം, അവകാശങ്ങളുടെ ഇരട്ടിപങ്ക്, പൗരോഹിത്യപദവി തുടങ്ങിയവയെല്ലാം മൂത്തവന്റെ മുതല്‍ക്കൂട്ടാണ്. അപ്പന്‍ കഴിഞ്ഞാല്‍ പിന്നെ അവനാണ് കുടുംബത്തലവന്‍. അധികാരസ്വപ്‌നങ്ങള്‍ നെഞ്ചിലേറ്റിയ യാക്കോബ് ദൈവം വച്ചുനീട്ടിയ നിയോഗങ്ങള്‍ക്കു കാത്തുനില്‌ക്കുന്നില്ല. തന്നിഷ്ടങ്ങളുടെ വഴിതേടിയതായിരുന്നു അയാളുടെ പിഴവ്. നേട്ടങ്ങള്‍ക്കുവേണ്ടി കുത്സിതതന്ത്രങ്ങള്‍ മെനയുന്ന ഇതിന്റെ പതിപ്പായിത്തീരുന്നു യാക്കോബ്. വിജയത്തിലേക്കു പിടിച്ചുകയറാന്‍ ജ്യേഷ്‌ഠന്റെയും അപ്പന്റെയും ബലഹീനത മുതലെടുക്കുന്നതില്‍ ആത്മവഞ്ചനയുണ്ട്.
എന്നാല്‍ വഞ്ചിച്ചു സ്ഥാനം സ്വന്തമാക്കിയവന്‍ മറ്റൊരു വേളയില്‍ വഞ്ചിതനാകുന്നതും നാം കാണും. ഇതൊരു ബൂമറാങ് ഇഫക്ട്. വിതയ്‌ക്കുന്നതു മാത്രമേ കൊയ്‌തെടുക്കാനാവൂ. ലാബാന്റെ മകള്‍ റാഹേലിനെ പ്രണയിച്ച യാക്കോബ് മൂത്തവളെ വരിച്ചു വഞ്ചിതനാകുന്നു. സൗന്ദര്യം തുടിക്കുന്ന റാഹേലിനു പകരം വിരൂപയായ ലെ യായെ അയാള്‍ക്കു ഭാര്യയായി ലഭിക്കുന്നു. റാഹേലിനെ ലഭിക്കാന്‍ നീണ്ട ഏഴുവര്‍ഷങ്ങള്‍ക്കൂടി യാക്കോബിന് അടിമപ്പണിചെയ്യേണ്ടിവരുന്നു. എന്നാല്‍ എവിടെയും ദൈവത്തിന്റെ മനസു തിരയുന്ന യാക്കോബ് തിരിച്ചറിവിലേക്കെത്തുന്നുണ്ട്. ഇതുതന്നെയാണ് അയാളുടെ മഹത്വവും.
പായസക്കോപ്പകള്‍
ഒരു കപ്പു പായസത്തിനുവേണ്ടി മൂപ്പവകാശം വിറ്റുകളഞ്ഞ ഏ സാവ് ക്ഷണികസുഖത്തിലാണ് വഴുതിവീണത്. അയാളുടെ ചിന്തയും മനസും അന്ധമായി. ആലോചനകള്‍ക്കിടം നല്‍കാത്ത തീരുമാനങ്ങളാണയാളെ തകര്‍ത്തത്. വിശപ്പ് പലരെയും അന്ധമാക്കുന്നുണ്ട്. വിശപ്പിനെ ശരീരത്തിന്റെ തൃക്ഷ്‌ണകളുമായി ബന്ധപ്പെടുത്തിയാണ് നാം മനസിലാക്കേണ്ടതിവിടെ. ബോധ്യങ്ങള്‍ ഉടയുന്നതും മൂല്യങ്ങള്‍ കുത്തനെ മറയുന്നതും തൃഷ്‌ണകളിലുടക്കിയാണ് പലപ്പോഴും തകരുന്ന ധാര്‍മ്മികതയുടെ പ്രതീകമാവുകയാണ് ഏസാവ്. മോഹിപ്പിക്കുന്ന പായസക്കോപ്പകള്‍ക്കു മുമ്പിലാണ് നമ്മുടെ നിലപാടുകളുടെ ബലമളക്കാനാവുന്നത്. മദിപ്പിക്കുന്ന ഭൗതികാകര്‍ഷണ വലയങ്ങളില്‍ ഇടറാതെ ഉറച്ചനിലപാടുകളുള്ളവനാണ് ക്രിസ്‌തു ശിഷ്യന്‍. പായസക്കോപ്പകളില്‍ തെന്നിവീഴുന്ന ജീവിതങ്ങളാണ് പിന്നീടേതൊക്കെയോ കണ്ണീര്‍പ്പുഴകളില്‍ മുങ്ങിത്താഴു ന്നതെന്ന് ചരിത്രം സാക്ഷ്യം. നമ്മുടെ കൈപ്പിടിയിലുള്ള കൊച്ചുകുടങ്ങളില്‍ ജീവിതത്തെ ഒതുക്കി ചിന്തിക്കുന്നത് മൗഢ്യമാണ്. ശുദ്ധജലം നിറഞ്ഞ മഹാനദിയും ജലാശയവും മുമ്പിലുള്ളത് നാം പലപ്പോഴും മറക്കുന്നു. ജലാലുദ്ദീന്‍ റൂമി കുറിക്കുന്നു: ``നിന്റെ കുടത്തിലെ ജലം ചെളിനിറഞ്ഞതും നില താഴ്‌ന്നിരിക്കുന്നതുമാണ്. കുംഭമുടയ്‌ക്കുക. നദിയിലേക്കു വരിക.''
യുവത്വത്തിന്റെ കുതിപ്പില്‍ നമ്മള്‍ വഴുതിവീണത് ക്ഷണികമധുരങ്ങളുടെ കോപ്പകളിലേക്കായിരുന്നു. ഇതൊരു തിരിച്ചറിവാണ്. ഇത്തരം അവബോധങ്ങളാണ് നമ്മുടെ സ്വകാര്യസുവിശേഷം. പരാജയങ്ങളെല്ലാം വിജയത്തിലേക്കു നയിക്കുമെന്നതാണ് ക്രിയാത്മകചിന്ത. പരാജയങ്ങളുടെ വക്കില്‍ പാദമൂന്നിയാണ് നാം വിജയത്തിലേക്കു ചുവടു വയ്‌ക്കുന്നത്. The only failure in your life is your failure to learn from your failures എന്നു പറയുന്നത് വില്യം ജെയിംസാണ്. പരാജയങ്ങളുടെ പിന്നിലാണ് വിജയരഹസ്യം വിളമ്പുന്ന ഗുരു മറഞ്ഞിരിക്കുന്നുതെന്ന ചിന്തയില്‍ ജ്ഞാനമുണ്ട്. സുഹൃത്തേ, പരാജയങ്ങളിലും വഴിതെളിക്കുന്ന ദൈവസാന്നിദ്ധ്യമാണ് നമ്മുടെ വഴിവിളക്ക്. ഈ വഴിയില്‍ നമുക്കു പ്രണമിക്കാം.
മല്‍പ്പിടുത്തം
"ആ രാത്രിതന്നെ യാക്കോബ് തന്റെ രണ്ടു ഭാര്യമാരെയും രണ്ടു പരിചാരികമാരെയും പതിനൊന്നു മക്കളെയും കൂട്ടിക്കൊണ്ട് യാബോക്ക് എന്ന കടവു കടന്നു; അവരെ അവന്‍ പുഴയ്ക്കക്കരെ കടത്തിവിട്ടു. തന്റെ സമ്പാദ്യം മുഴുവന്‍ അക്കരെയെത്തിച്ചു. യാക്കോബു മാത്രം ഇക്കരെ നിന്നു. അവിടെവച്ച് ഒരാള്‍ നേരം പുലരുന്നതുവരെ അവനുമായി മല്‍പ്പിടിത്തം നടത്തി. കീഴടക്കാന്‍ സാധ്യമല്ലെന്നു കണ്ടപ്പോള്‍ അവന്‍ യാക്കോബിന്റെ അരക്കെട്ടില്‍ തട്ടി. മല്‍പ്പിടിത്തത്തിനിടയില്‍ യാക്കോബിന്റെ തുട അരക്കെട്ടില്‍നിന്നു തെറ്റി. അവന്‍ പറഞ്ഞു: നേരം പുലരുകയാണ്. ഞാന്‍ പോകട്ടെ. യാക്കോബു മറുപടി പറഞ്ഞു: എന്നെ അനുഗ്രഹിച്ചിട്ടല്ലാതെ അങ്ങയെ ഞാന്‍ വിടുകയില്ല. അവന്‍ ചോദിച്ചു: നിന്റെ പേരെന്താണ്? യാക്കോബ്, അവന്‍ മറുപടി പറഞ്ഞു. അപ്പോള്‍ അവന്‍ പറഞ്ഞു: ഇനിമേല്‍ നീ യാക്കോബ് എന്നല്ല, ഇസ്രായേല്‍ എന്നുവിളിക്കപ്പെടും. കാരണം, ദൈവത്തോടും മനുഷ്യരോടും നീ മല്ലിട്ടു ജയിച്ചിരിക്കുന്നു. യാക്കോബ് അവനോടു പറഞ്ഞു: അങ്ങയുടെ പേര് എന്നോടു പറയണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു. എന്തിനാണ് എന്റെ പേരറിയുന്നത്? അവന്‍ ചോദിച്ചു. അവിടെവച്ച് അവന്‍ യാക്കോബിനെ അനുഗ്രഹിച്ചു. ദൈവത്തെ ഞാന്‍ മുഖത്തോടുമുഖം കണ്ടു. എന്നിട്ടും ഞാന്‍ ജീവനോടെ ഇരിക്കുന്നല്ലോ എന്നു പറഞ്ഞുകൊണ്ട് യാക്കോബ് ആ സ്ഥലത്തിനു പെനുവേല്‍ എന്നുപേരിട്ടു. അവന്‍ പെനുവേല്‍ കടന്നപ്പോഴേക്കും സൂര്യനുദിച്ചു. ഉളുക്കു നിമിത്തം അവന്‍ ഞൊണ്ടുന്നുണ്ടായിരുന്നു. അവിടുന്ന് യാക്കോബിന്റെ അരക്കെട്ടില്‍ തട്ടിയ തുകൊണ്ട് തുടയും അരയും തമ്മില്‍ ബന്ധിപ്പിക്കുന്ന സ്നായു ഇസ്രായേല്‍ക്കാര്‍ ഇന്നും ഭക്ഷിക്കാറില്ല. "(ഉലപ്പത്തി 32:22-32)
ഒരു മല്‍പ്പിടുത്തത്തിലൂടെ തിരിച്ചറിവിലേക്കെത്തുന്ന വ്യക്തിയാണ് യാക്കോബ്. ഏസാവിനെ ഭയന്ന് നാടുവിട്ടവന്‍ തന്റെ തെറ്റുകള്‍ മനസിലാക്കി വിനീതനാകുന്നു. മാപ്പിരക്കാന്‍ മനസുവയ്‌ക്കുന്നു. പരിഹാരം ചെയ്യണമെന്നതായിരുന്നു അയാളുടെ ആഗ്രഹം. സമ്മാനങ്ങളുമായി ഏസാവിനെ സമീപിക്കുന്ന വേളയില്‍ ഒരു പുഴയോരത്തു വച്ചാണ് യാക്കോബ് ദൈവത്തെ കണ്ടുമുട്ടുന്നത്. മാപ്പിരക്കാനും പ്രായശ്ചിത്തമനുഷ്‌ഠിക്കാനും തയ്യാറാകുന്ന വിനീതസമര്‍പ്പണത്തിന്റെ വേളയിലാണ് തമ്പുരാന്‍ ഇറങ്ങിവരുന്നത്. ഒരു മല്‍പ്പിടുത്തത്തിലൂടെ ദൈവമയാളെ സ്വന്തമാക്കുന്നു. അനുഗ്രഹം തരാതെ വിടില്ലെന്നു ദൈവത്തോടു ശഠിക്കുന്ന യാക്കോബ് വിജയം വരിക്കുന്നുണ്ട്. തന്നോടു മല്ലടിക്കുന്നവന്‍ ദൈവമാണെന്ന് ആദ്യമയാള്‍ തിരിച്ചറിയുന്നില്ല. പക്ഷേ അയാളുടെ അന്വേഷണവും സമരവും ശരിദിശയിലായിരുന്നു. ദൈവത്തോടു ഗുസ്‌തിപിടിച്ചു ജയിച്ചയാള്‍ക്കു ക്ഷതമേല്‌ക്കുന്നതു നാം കാണുന്നു. അരക്കെട്ടില്‍ പരിക്കേറ്റു മുടന്തനാവുന്ന യാക്കോബ് ഇസ്രായേലായി രൂപാന്തരം പ്രാപിക്കുന്നു. അനുഗ്രഹത്തിന്റെ മുടന്ത് അയാളുടെ മാറ്റത്തിന്റെ അടയാളമാണ്.
അന്തര്‍സംഘര്‍ഷങ്ങളുടെ ഭൂമികയിലാണ് യാക്കോബ് യുദ്ധം നടത്തുന്നതെന്നോര്‍ക്കണം. ദൈവം സാക്ഷിയും പ്രതിയുമായ പോരാട്ടത്തില്‍ നന്മ ജയിക്കുന്നു. ദൈവസ്‌പര്‍ശത്തില്‍ മനസ്സാക്ഷിയുടെ സ്വരത്തിനു പൂര്‍ണമായി കാ തോര്‍ത്ത അയാള്‍ തന്നിഷ്ടങ്ങളുടെ വഴികള്‍ വെടിയുന്നു. പുലര്‍ച്ചവരെ ദൈവത്തോടു ഗുസ്‌തി പിടിക്കുന്ന യാക്കോ ബ് ഒരു തിരിച്ചറിവിന്റെ തീരത്തണയുകയാണ്. കഴിഞ്ഞ കാലത്തിന്റെ കാപട്യങ്ങളും വഞ്ചനകളുമാണയാളെ വേട്ടയാടുന്നത്. എല്ലാമൊന്നു പറഞ്ഞുതീര്‍ത്ത് അസ്‌തിത്വപരമായ പുതിയ രൂപഭാവങ്ങള്‍ നേടുന്നതിന്റെ നൊമ്പരം അ യാള്‍ക്കുണ്ട്. ക്ഷതമേറ്റവന്റെ മുടന്ത്. കണ്ണീരൊഴുക്കി നി ല്‍ക്കുന്ന യാക്കോബിന്റെ ഉ ള്ളിലെ ദൈവപക്ഷം വിജയിക്കുന്നു. ആന്തരികതലങ്ങളി ലെ യുദ്ധം നമ്മിലും അനിവാര്യമാണ്. തിന്മയുടെ ആവരണങ്ങളുപേക്ഷിക്കാന്‍ നമ്മു ടെ ഉള്ളിലെ നന്മയുടെ ദൈവപക്ഷം ശക്തമാകണം.
പ്രാര്‍ത്ഥന
ഒരു പ്രതിസന്ധിയിലും അ കന്നു മാറാതെ ദൈവത്തെ ഹൃദയത്തോടു ചേര്‍ത്തുപിടിക്കുന്നവനാണ് യാക്കോബ്. അയാളുടെ ജീവിതത്തിലെ തീവ്രമായ പ്രാര്‍ത്ഥനാനുഭവം കൂടിയാണിത്. തന്റെ സമ്പ ത്തും കുടുംബബന്ധങ്ങളും പുഴയുടെ മറുകരയില്‍ എ ത്തിച്ചശേഷം ഇങ്ങേക്കരയി ല്‍ തനിച്ചായിരിക്കുന്ന വേളയിലാണ് ദൈവം യാക്കോബിനെ സന്ദര്‍ശിക്കുന്നത്. ലൗകിക ബന്ധങ്ങള്‍ മറുകരയിലാക്കി സ്വയം മറക്കുന്ന മൗനനിമിഷങ്ങളില്‍ പ്രാര്‍ത്ഥ ന ജനിക്കുന്നു. ദൈവമുഖം ദര്‍ശിച്ച യാക്കോബ് കൃപകൊണ്ടുനിറയുന്നു. തീക്ഷ്‌ണമായ പ്രാര്‍ത്ഥനാനുഭവം അ യാളുടെ ചിന്തകളെയും കാ ഴ്‌ചപ്പാടുകളെയും മാറ്റിമറിക്കുന്നു. അയാള്‍ ദൈവജനത്തിന്റെ പ്രതീകമായി മാറുന്നു. ഇസ്രായേല്‍! ജ്യേഷ്‌ഠനെ കണ്ടുമുട്ടുമ്പോള്‍ യാക്കോബിനു പറയാനൊന്നേയുള്ളൂ: ``ദൈവത്തിന്റെ മുഖം കണ്ടാലെന്നതുപോലെയാണ് ഞാന്‍ അങ്ങയുടെ മുഖം കാണുന്നത്'' (ഉല്‍പ. 33:10). തന്റെ സമ്പാദ്യത്തിലൊരു വലിയൊരു പങ്ക് ഏസാവിനു സമര്‍പ്പിച്ചു പരിഹാരമനുഷ്‌ഠിക്കണമെന്നത് അയാള്‍ക്കു നിര്‍ബന്ധമാണ്.
പ്രതിസന്ധികളില്‍ ഇടറാതെ മനുഷ്യന്‍ ദൈവത്തെ മുറുകെപ്പിടിക്കുന്ന അവസ്ഥയാണ് പ്രാര്‍ത്ഥന. സ്വതന്ത്രമായ ഒരു മല്‍പ്പിടുത്തം. ഏകാകിയായി മൗനത്തിന്റെ പുഴക്കരയില്‍ ദൈവദര്‍ശനത്തിനു കാത്തുനില്‍ക്കുന്ന ഒരവസ്ഥ. ഭാരപ്പെടുത്തുന്നവയൊക്കെ മറുകരയില്‍ ഇറക്കിവച്ചിട്ട് ഇങ്ങേക്കരയില്‍ ആത്മദാഹത്തോടെ ആയിരിക്കുമ്പോള്‍ ഉടയവന്‍ നമ്മെ സന്ദര്‍ശിക്കും. ദൈവസന്നിധിയില്‍ ഹൃ ദയം തുറക്കുമ്പോഴുള്ള ആത്മസംഘര്‍ഷങ്ങളും തിരിച്ചറിവുകളുമാണ് നമ്മെ രൂപാന്തരപ്പെടുത്തുന്നത്. അവിടെ ഉള്ളു വിമലീകരിക്കപ്പെടുന്നു. അന്ധതയുടെ ആവരണങ്ങള്‍ തിരോഭവിക്കുന്നു. കണ്ടുമുട്ടുന്നവരില്‍ ദൈവമുഖം ദര്‍ശിക്കാനാവുന്നു. സ്‌നേഹത്തിന്റെ സമര്‍പ്പണങ്ങളായിരിക്കും പിന്നീടയാളുടെ ഭാവങ്ങള്‍. ഉള്ളതൊക്കെ പങ്കുവയ്‌ക്കുന്ന വിശാലതയുടെ ആകാശത്തിലേക്ക് അയാളുടെ മനസും ഹൃദയവും വളരുന്നു.
പെനുവേല്‍
ദൈവത്തെ മുഖാമുഖം കണ്ട സ്ഥലത്തിന് യാക്കോബ് അതേ അര്‍ത്ഥം വരുന്ന പേരിട്ടു. പെനുവേല്‍! ദൈവത്തെ കണ്ടറിഞ്ഞ മനുഷ്യന്റെ ഹൃദയത്തുടിപ്പുകളാണത്. പെനുവേല്‍ ആശ്രമത്തെപ്പറ്റിയുള്ള ഓര്‍മ്മകള്‍ ഇവിടെ കുറിക്കുന്നു. മാനസികരോഗികള്‍ ക്കായുള്ള ഒരു ശുശ്രൂഷാകേന്ദ്രം. വഴിയിറമ്പുകളിലൂടെ നിരാധാരരായി നടന്നുനീങ്ങുന്ന മാനസികരോഗികളെപ്പറ്റിയുള്ള ചിന്ത ബഹു. വെച്ചൂക്കരോട്ടച്ചനെ വ്യാകുലപ്പെടുത്തി. ഈ സങ്കടം പങ്കുവച്ചപ്പോള്‍ സമാനചിന്തകളുള്ളവര്‍ ഒത്തുചേര്‍ന്നു. കാഞ്ഞിരപ്പള്ളി രൂപതയില്‍ തമ്പലക്കാട് ഒരു ശുശ്രൂഷാഭവനവും മിനിസ്‌ട്രിയും രൂപപ്പെട്ടു. നൂറിലധികം മാനസികരോഗികള്‍ ഇന്നിവിടെ സംരക്ഷിക്കപ്പെടുന്നു. ഏറെപ്പേര്‍ സുഖം പ്രാപിക്കുന്നു. പലരും തിരികെ സ്വന്തം വീട്ടിലെത്തുന്നു. ഇതുപോലെത്രയോ `പെനുവേലുകള്‍' സഭയിലുണ്ട്. യാക്കോബിനെ ഇസ്രായേലാക്കിമാറ്റിയ `പെനുവേല്‍ അനുഭവം' നമ്മെയും ദൈവജനമാക്കണം. ദൈവഹിതം തിരിച്ചറിഞ്ഞ് വാഗ്‌ദാനഭൂമിയിലേക്കു യാത്രചെയ്യുന്ന വിശ്വസ്‌തതയുള്ള ജനം.
ദൈവസന്നിധിയില്‍ വിശ്വസ്‌തരായിരിക്കുമ്പോള്‍ അവിടുത്തെ കരുണയും കരുതലും കണ്‍മുമ്പില്‍ തെളിയുമെന്നോര്‍ക്കുക. കടന്നുപോകുന്ന വഴിത്താരകളിലെവിടെയും ദൈവമുഖം തിരിച്ചറിയുവാന്‍ കഴിയുന്ന സിദ്ധിയാണ് നമ്മെ ക്രിസ്‌തുശിഷ്യരാക്കുന്നത്. ശിഷ്യത്വവീഥിയില്‍ പിന്നിടാനിനിയും ദൂരമേറെയില്ലേ സുഹൃത്തേ നമുക്ക്? യാക്കോബില്‍നിന്നും ഇസ്രായേലിലേക്കുള്ള യാത്രാദൂരം. ഇതിനിടയില്‍ നമുക്കാവശ്യം ഒരു മുടന്തിന്റെ ആത്മബലവും...
Jacob wiki Link
Author : റവ.ഡോ. ജോസ് എ. പുളിക്കല്‍
No comments:
Post a Comment