Saturday, October 8, 2011

ശിഖരങ്ങളില്ലാത്ത ദുഃഖം

നാടുകടത്തപ്പെട്ട ,ദൈവത്തിന്‍റെ ശിരോലിഖിതം അന്വേഷിച്ചു നടക്കുന്ന ഉന്മാദിയായൊരു കഥാപാത്രമുണ്ട് നിക്കോസ് കസന്‍സാക്കിന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ .നീര്‍മ്മാതളത്തിന്‍റെ ഹൃദയം പോലെ മുറിഞ്ഞ മുഖമുള്ളവന്‍ .അയാള്‍ക്ക്‌ പക്ഷെ ,പേരുകളില്ല .മഞ്ഞച്ച മുഖമുള്ള യേശുവിനെ വരഞ്ഞ വിന്‍സെന്‍റ് വാന്‍ഗോഗിന്റെ ചെവി മുറിഞൊഴുകുന്ന ചോരപോലെ ക്രിസ്തു സാദൃശ്യമായ സ്നേഹം ഭൂമിയില്‍ അചുംബിതമായ ഒരാശയമാണെന്ന് പ്രഖ്യാപിച്ച ഫയദോര്‍ ദാസ്തയെവിസ്കിയുടെ ചൂതാട്ട മേശക്കരുകില്‍ ഖിന്നമുഖവുയി നിന്നിരുന്ന അയാളെ കണ്ടവരുണ്ട് .ജ്യോമിതീയമായ കുരിശിന്റെ ചതുര്‍ ദിശകള്‍ക്കപ്പുറത്തേക്ക് വളര്‍ന്നു നില്‍ക്കുന്ന സാല്‍വദോര്‍ ദാലിയുടെ ക്രിസ്തുവിനെപ്പോലെ ഏതു ആള്‍ത്തിരക്കിനിടയിലും തനിച്ചു നില്ക്കാന്‍ കഴിയുന്ന ഒരേകാകി .ഏതു ആര്‍പ്പ് വിളികളുടെ മധ്യത്തിലും നിശബ്ദനായിരിക്കാന്‍ ശീലിച്ച ഒരന്യന്‍ .അവന്‍ പക്ഷെ ,ആദാമിന്റെ പൊക്കിള്‍ക്കൊടി തിരയുകയും ,കായേന്റെ വംശം അന്വേഷിച്ചു പോകുകയും ചെയ്തു .ഉപ്പുതൂണായിത്തീര്‍ന്ന ലോത്തിന്റെ ഭാര്യയുടെ പെരെന്തായിരുന്നു എന്നാരാഞ്ഞത് അവനാണ് .എസാവിനെയും ഒരൊറ്റുകാരനെയും ഉള്‍ക്കൊള്ളാന്‍ തക്കവിധം വിശാലമായിരുന്ന അവന്റെ ഹൃദയത്തിന്റെ കടലിടുക്കുകളിലാണ് എന്നും പുലരികളില്‍ മന്വന്തര ശിലപ്പങ്ങള്‍ തീര്‍ക്കാന്‍ ദൈവം തന്റെ കളിമണ്ണ് കുഴച്ചിരുന്നത് .

എന്നിട്ടും വിരുന്നു മേശകളെല്ലാം അവനുമുമ്പില്‍ എന്നും ഒഴിഞ്ഞു തന്നെ കിടന്നിരുന്നു .സ്വാഗതകവാടത്തിനരിക് ചേര്‍ന്നുള്ള പന്തിയില്‍ ആദ്യത്തെ വരിയില്‍ കാത്തിരിക്കുമ്പോള്‍ കലവറക്കാരന്‍ ഒടുവിലത്തെ വരിയില്‍ നിന്ന് വിളബാനാരംബിക്കുകയും അയാള്‍ക്ക് മുബിലെത്തിയപ്പോള്‍ പാത്രങ്ങള്‍ കാലിയായിപ്പോകുകയും ചെയ്തു .ഒടുവിലത്തെ നിരയില്‍ കാത്തുനിന്നപ്പോഴാകട്ടെ വിളബുകാര്‍ ആദ്യത്തെ വരിയില്‍ നിന്ന് തുടങ്ങി .അയാള്‍ ,പക്ഷെ വിതുംബിപ്പോയത് വിത്തുവിതച്ചവരെയും കൊയ്തവരെയും കറ്റമെതിച്ചവരെയും അവരുടെ വിയര്‍പ്പിന്റെയും ഉപ്പിന്റെയും കണ്ണീരോര്‍ത്തല്ല .തന്റെ പേര് മാത്രം മുദ്രണം ചെയ്യാത്ത ആ നെന്മണി അവന്‍ ഇതു വയലേലയിലാണ് തൂവിയതെന്നോര്‍ത്ത് .നിരാധാരര്‍ക്കെതിരെ എന്നും കൊട്ടിയടക്കപ്പെടുന്ന വാതിലുകളുള്ള ബെത്ലഹെമിലെ ക്രിസ്മസ്സിനെയോര്‍ത്ത് അയാള്‍ക്ക്‌ കരയാതെ വയ്യ .മനോഹരമായി അലങ്കരിച്ച കുന്നിന്ചെരുവിലെ ക്രിസ്മസ് മരത്തില്‍ ആരോ ഹൃതയത്തിന്റെ ചിത്രം പിന്‍ചെയ്തു വച്ചിരിക്കുന്നു .

അനുശീലനത്തിന്റെ അവസാനത്തെ പടവും പിന്നിട്ടു കഴിഞ്ഞപ്പോള്‍ അയാള്‍ ഒരു ക്രിസ്ത്യാനി അല്ലാതായി എന്നതാണ് സുവിശേഷം .നല്ലൊരു ക്രിസ്ത്യാനിയായിരിക്കാന്‍ യത്നിച്ച് ആ ശ്രമത്തില്‍ ക്രിസ്ത്യാതിതനാകുക എന്നതിലെ ദുഖമത്രയും പഞചക്ഷതങ്ങളില്‍ ഏട്ടുവാങ്ങിക്കൊണ്ട് ഒരു പുല്‍ക്കൊടിയെപ്പോലെ അയാള്‍ വിലപിക്കുന്നു :ദൈവമേ എന്നെ നിന്റെ സ്നേഹത്തിന്റെ ഒരു ഉപകരണമാക്കണമേ എന്ന്.

തന്റെ കൂട് കാട്ടുതീയില്‍ വെന്തരിയുന്നത് കാണുമ്പോഴും ഉണര്‍ന്നുപാടാന്‍ കഴിയുന്ന കുരുവിയെപ്പോലെ ,ഒരിക്കലുമണിയാത്ത കുപ്പയത്തിനുവേണ്ടി നൂല്‍നൂല്‍ക്കുന്ന നെയ്തുകാരനെപ്പോലെ ,ഒരുനാളും രുചിക്കാത്ത മീനിനുവേണ്ടി വലത്തേക്ക് വലയെറിയുന്ന മുക്കുവനെപ്പോലെ ,തനിക്ക് മുറിച്ചു കടക്കാന്‍ കഴിയാത്ത ദുഖത്തിന്റെ മരുഭൂമികളില്ലെന്ന അറിവുമായി ഒരൊറ്റ ശിഖരം മാത്രമുള്ള വൃക്ഷം പോലെ അവനു ശിരസ്സുയര്‍ത്തി നില്‍ക്കാന്‍ കഴിയുന്നത് ഏതേതു നിരാശ്രയരുടെ ഹൃദയങ്ങളിലല്ല !

എന്നിട്ടും ലബനോനിലെ മഞ്ഞുപാളികള്‍ എന്നെ തണുപ്പിക്കുന്നില്ല .മരിച്ച ദേവദൂദികമാരുടെ താരാട്ടുകള്‍ എന്നെ ഉറക്കുന്നില്ല.എനിക്കും ഭ്രാന്തനം ഉറക്കം കനിയുന്നില്ല .എന്നും കുരുതി നട്ട കുരിശുമുളക്കുന്ന വെളുത്ത പിശാചുക്കളുടെ ഈ താഴ്വരയില്‍ രാത്രി ഓടുങ്ങുന്നുമില്ല .തന്റെ വിധിവിപര്യയങ്ങളില്‍ നിന്നെല്ലാം എന്നിട്ടും ആ മരണ മുഹൂര്‍ത്തത്തില്‍ അവനെന്നെ കാത്തുവയ്ക്കുന്നു എന്നതാണ് ഏറ്റവും വലിയ തമാശ .അസ്തമയത്തിന്റെ വേലിപ്പടര്‍പ്പിനരികെ പൂത്തുനില്‍ക്കുന്ന അരളിപ്പൊന്കുലകാട്ടി ജീവിതത്തിലെക്കും നക്ഷ്ത്രമത്സ്യങ്ങളുടെ കടലില്‍ മുങ്ങിയൊടുങ്ങുമായിരുന്ന ജീവിതത്തെ ഒരു തിരയുടെ വ്യത്യാസത്തിന് തട്ടിയെറിഞ്ഞു ആയുസ്സിലേയ്ക്കും വഴിനടത്തുമ്പോള്‍ അവന്റെ കാലടികളെ എന്നോ മരിച്ചുപോയ അമ്മയുടെ കണ്ണീരിന്റെ പ്രളയം വന്നു പൊള്ളിക്കുന്നു .

Author : സെബാസ്റ്റ്യന്‍ പള്ളിത്തോട്

3 comments:

Johny said...

അയാള്‍ ,പക്ഷെ വിതുംബിപ്പോയത് വിത്തുവിതച്ചവരെയും കൊയ്തവരെയും കറ്റമെതിച്ചവരെയും അവരുടെ വിയര്‍പ്പിന്റെയും ഉപ്പിന്റെയും കണ്ണീരോര്‍ത്തല്ല .തന്റെ പേര് മാത്രം മുദ്രണം ചെയ്യാത്ത ആ നെന്മണി അവന്‍ ഇതു വയലേലയിലാണ് തൂവിയതെന്നോര്‍ത്ത്

പൈമ said...

നന്നായിട്ടുണ്ട്. ഇനിയും എഴുതൂ

ജിനു സേവ്യർ said...

Valare nannaayittunt....