Thursday, April 28, 2011

ഉത്തരവാദിത്വപൂര്‍ണ്ണമായ മാതൃപിതൃത്വം

ഡോ: ഹോര്‍മിസ് മൈനാട്ടി

ദമ്പതികള്‍ സന്താനോല്പാദനതിനും സന്താനങ്ങളുടെ വളര്‍ത്തലിലും വിദ്യാഭ്യാസത്തിലും പ്രദര്‍ശിപ്പികേണ്ട കടമകളെ സൂചിപ്പിക്കുന്നതാണ് ഉത്തരവാദിത്വപൂര്‍ണമായ മാതൃപിതൃത്വം എന്ന പ്രയോഗം . തങ്ങളുടെ കുടുംബത്തിന്റെ വലിപ്പം എന്തായിരിക്കണമെന്ന് തീരുമാനിക്കാന്‍ ദമ്പതികള്‍ക്ക് അവകാശവും കടമയുമുണ്ട് .തങ്ങളുടെ ആരോഗ്യസ്ഥിതി ,സാമ്പത്തികശേഷി മുതലായ ഘടകങ്ങള്‍ പരിഗണിച്ചുകൊണ്ട് ദൈവതിരുമുബാകെ വിവേകപൂര്‍വ്വം ദമ്പതികള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണം. വിവാഹത്തിന്റെ മുഖ്യലക്ഷ്യങ്ങളായ ദമ്പതികളുടെ പരസ്പരപ്രേമാനുഭവം ,സന്തനോല്പാദനം (Unitive and Procreative ends) എന്നീ ലകഷ്യങ്ങളുടെ വെളിച്ചത്തില്‍ വേണം ഈ തീരുമാനമെടുക്കല്‍ .

വിവാഹത്തിന്റെ ലകഷ്യങ്ങള്‍

ദമ്പതികളുടെ പരസ്പരസ്നേഹപ്രകാശനവും സന്താനോല്പാദനവുമാണ് (Conjugal love and procreation) വിവാഹത്തിലെ ലൈംഗികസംയോഗത്തിന്‍റെ മുഖ്യലക്ഷ്യങ്ങള്‍ . ഈ രണ്ടു ലക്ഷ്യങ്ങള്‍ക്ക് ബൈബിള്‍ തുല്യപ്രാധാന്യമാണ് നല്‍കുന്നത് (ഉല്‍പ 1:27-28,2:24 മത്താ 19:46,എഫേ 5:21-32),എന്നാല്‍ കത്തോലിക്കാസഭയുടെ പാരബര്യത്തില്‍ സന്തോനോല്പാദനലക്ഷ്യത്തിനു മാത്രമാണ് ഊന്നല്‍ നല്കിപ്പോന്നതെന്ന് തോന്നുന്നു . ഇതില്‍ ഒരു ചരിത്രപശ്ചാത്തലമുണ്ട് . ആദ്യനൂറ്റാണ്ടുകളില്‍ എന്‍ക്രാറ്റൈറ്റ്സ്, മൊണ്ടാനിസ്റ്റ്, നൊവേഷ്യന്‍സിയന്സ്‌ എന്നീ അര്‍ദ്ധ മതവിഭാഗങ്ങള്‍ ലൈംഗികതയുടെ പരിശുദ്ധിയെ നിക്ഷേധിക്കുകയും വിവാഹത്തെയും സന്താനോല്പാദനനത്തെയും അപലപിക്കുകയും ചെയ്തിരുന്നു .ഇതിനു പുറമേ
ജേ്ഞയവാദികള്‍(Gnosticism) പ്രത്യേകിച്ച് മനിക്കേയന്‍സ്(Manicheanism) ലൈംഗികതയെയും വിവാഹത്തെയും വെറുപ്പോടെ വീക്ഷിച്ചിരുന്നു . ഈ അബദ്ധസിന്ധാന്തങ്ങളോടുള്ള പ്രതികരണത്തില്‍ സഭാപിതാക്കന്മാര്‍ സെക്സിന്‍റെയും വിവാഹത്തിന്റെയും മഹനീയത ഉയര്ത്തിപ്പിടിക്കാനാണ് ശ്രമിച്ചത് .ഈ പരിശ്രമത്തില്‍ അന്ന് നിലവിലിരുന്ന സ്റ്റോയിക് തത്ത്വചിന്തയും യാഹൂദപാരബര്യവും അവരെ ഒരു പരിധിവരെ സ്വാധീനിക്കാനിടയായി. സ്റ്റോയിക് തത്ത്വചിന്തയും യാഹൂദപാരബര്യവും വിവാഹത്തിലെ സന്താനോല്പാദനമെന്ന ലക്ഷ്യത്തിനു അമിതമായ പ്രാധാന്യം നല്‍കിയിരുന്നു .വിവാഹത്തിലെ ലൈംഗികസംയോഗത്തിന്‍റെ മറ്റൊരുലകഷ്യമായ ദാമ്പത്യപ്രേമത്തെ അവര്‍ ഏതാണ്ട് മുഴുവനായിത്തന്നെ അവഗണിച്ചു . ഈ വീക്ഷണമനുസരിച്ചു സന്താനോല്പാദനം ഒന്നുമാത്രമാണ് ദാമ്പത്യ ധര്മാനുഷ്ടാനത്തെ നീതീകരിക്കുന്നത് .ലൈംഗികതയെയും വിവാഹത്തെയും സംബന്ധിച്ചുള്ള സങ്കുചിതവും ഏകാപക്ഷീയവുമായ ഈ മനോഭാവം വി.അഗസ്റ്റിന്‍ ,വി.തോമസ്‌ അക്വീനാസ് എന്നിവരിലൂടെ കത്തോലിക്ക സഭാപാരബര്യമായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു . ആ ചിന്താഗതി തലമുറകളിലൂടെ കൈമാറപ്പെടുകയും ചെയ്തു . ലൈംഗികതയെയും വിവാഹത്തെയും പറ്റിയുള്ള ഏതൊരു ചര്‍ച്ചയും വി. അഗസ്റ്റിന്‍ എടുത്തുകാട്ടിയ വിവാഹത്തിന്റെ നന്മകളെ (bonum prolis or good of the child) കേന്ദ്രീകരിച്ചായിരുന്നു .

ദീര്‍ഘകാലമായി അവഗണിക്കപ്പെട്ടുപോന്ന ദമ്പതികളുടെ പ്രേമസാഫല്യമെന്ന ആശയത്തിനും പതിനൊന്നാം പീയൂസ് മാര്‍പാപ്പ സുപ്രധാനമായൊരു സ്ഥാനം നല്‍കി. വിവാഹം ദമ്പതികളുടെ പരസ്പരപ്രേമത്തിലും ഗാഡമായ സൌഹൃതത്തിലും അധിഷ്ടിതമായ ഐക്യമാണെന്നു വ്യക്തമാക്കുകവഴിയായി ഈ മാര്‍പാപ്പ ഈ വിഷയത്തെ സംബന്ധിച്ച കത്തോലിക്ക സഭാപഠനത്തെ അതിന്റെ ശരിയായ പാതയിലേക്ക് തിരിച്ചുവിടുന്നതിന് തുടക്കം കുറിച്ചു .അങ്ങനെ വിവാഹത്തില്‍ ദമ്പതികളുടെ പരസ്പരപ്രേമത്തിനുള്ള അര്‍ഹമായ സ്ഥാനം അംഗീകരിക്കപ്പെട്ടുതുടങ്ങി.

ഈ കാലഘട്ടമായപ്പോഴേക്കും വിവാഹത്തില്‍ സന്താനോല്പാദനത്തിനു നല്‍കുന്ന പ്രധാന്യത്തിനു തുല്യമായ പ്രാധാന്യം ദാമ്പത്യസ്നേഹത്തിനു നല്‍കണമെന്ന് പല ദൈവശാസ്ത്രജ്ഞന്മാരും വാദിച്ചു തുടങ്ങിയിരുന്നു .അവരുടെ അഭിപ്രായത്തില്‍ സ്നേഹം കൂടാതെയുള്ള ലൈംഗികസംയോഗം വെറും ശാരീരികബന്ധം മാത്രമാണ് .അത് അധാര്മികവുമാണ് . ദമ്പതികള്‍ തമ്മിലുള്ള സ്നേഹബന്ധം ഉറപ്പിക്കുകയും വളര്‍ത്തുകയും ചെയ്യുകയെന്നതും സംയോഗത്തിന്റെ ലകഷ്യമാണെന്ന ആശയം അംഗീകരിക്കപ്പെട്ടു . വിവാഹത്തിലെ ലൈംഗികബന്ധത്തെ സ്നേഹത്തിന്റെ ഒരടയാളമായി സ്ഥാപിച്ചത് ദൈവം തന്നെയാണെന്ന് അവര്‍ വാദിച്ചു .അതിനാല്‍ സന്താനോല്പാദനം മാത്രമല്ല വിവാഹത്തിന്റെ ലക്‌ഷ്യം .

ലൈംഗികതയെയും വിവാഹത്തെയും പറ്റിയുള്ള ഈ സമഗ്രവീക്ഷനം അവസാനം വാത്തിക്കാന്‍ കൌണ്‍സില്‍ ഒവ്ധ്യോഗികമായി അംഗീകരിച്ചു .

എന്താണ് ഉത്തരവാദിത്വമുള്ള മാതൃപിതൃത്വം

വിവാഹാജീവിതത്തില്‍ നിന്ന് ആവിര്‍ഭവിക്കുന്ന ധാര്‍മികകടമകള്‍ ഇവയാണ് .
(1) ദാമ്പത്യസ്നേഹത്തില്‍ വളരുക
(2) ഉത്തവാദിത്വത്തോടെയുള്ള സന്താനോല്പാദനം
(3) കുട്ടികളുടെ ശരിയായ വളര്‍ത്തല്‍ .
വിവിധ മൂല്യങ്ങളും കടമകളും സംരക്ഷിക്കപെടെണ്ട സാഹചര്യത്തില്‍ അവ തമ്മില്‍ സംഘട്ടനങ്ങളുണ്ടാകുക സ്വാഭാവികമാന്. അങ്ങനെ വരുമ്പോള്‍ ഏറ്റവും ഉയര്‍ന്ന മൂല്യത്തിന് അല്ലെങ്കില്‍ ഏറ്റവും വലിയ കടമെയ്‌ക്ക്‌ മുന്‍ഗണന നല്‍കണം .വിവാഹത്തെ സംബന്ധിച്ചിടത്തോളം ഇതിന്റെ അര്‍ഥം എന്താണെന്ന് നോക്കാം . വിവാഹത്തില്‍ ഒരേസമയം ദാമ്പത്യസ്നേഹമെന്ന ലകഷ്യവും സന്താനോല്പാദനലകഷ്യവും തമ്മില്‍ പൊരുത്തപ്പെടാന്‍ കഴിയാത്ത അവസരങ്ങള്‍ ദമ്പദികള്‍ക്ക് ഉണ്ടാകാം .അങ്ങനെയുള്ള സാഹചര്യത്തില്‍ ദാമ്പത്യസ്നേഹം നിലനിര്‍ത്തേണ്ട ആവശ്യംകൊണ്ടോ സന്താനങ്ങനങ്ങളെ വളര്ത്തുന്നതിലുള്ള ബുദ്ധിമുട്ടുകല്കൊണ്ടോ സന്താനോല്പാദനമെന്ന ലക്ഷ്യത്തിനു പരിധി നിര്‍ണയിക്കേണ്ടിവരും .അങ്ങനെ നാം ഉത്തരവാദിത്വമുള്ള പിതൃത്വം എന്നാ ആശയത്തില്‍ എത്തിച്ചേരുന്നു .

ഉത്തരവാദിത്വമുള്ള മാതൃപിതൃത്വം അംഗീകരിക്കപ്പെട്ട ഒരു വസ്തുത

ഗര്ഭധാരണത്തെ നിയന്ത്രിക്കുന്നതിനു റിഥം രീതി(Rhythm Method) ഒരു മാര്‍ഗമായി സ്വീകരിക്കുന്നത് നിയമാനുസൃതമാണെന്ന് പതിനൊന്നാം പീയൂസ് മാര്‍പാപ്പ ഉറപ്പിച്ചു പറഞ്ഞതുമുതല്‍ ഉത്തരവാദിത്വമുള്ള മാതൃപിതൃത്വമെന്ന ആശയം സഭാപഠനത്തിലെ ഒരു അംഗീകൃത വസ്തുതയായി(casti connubii) .പിന്നീട് ,സന്താനോല്പാദനത്തിനുള്ള മാതാപിതാക്കളുടെ കടമ പരിധിയില്ലാത്തതല്ലെന്നും വീണ്ടും ഗര്ഭധാരണം അനുവദിക്കുന്നത് തെറ്റും അനീതിയുമായിത്തീരുന്ന സാഹചര്യങ്ങളുണ്ടാകാം എന്നും 1951 ല്‍ പീയൂസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പായും പ്രഖ്യാപിച്ചു .

രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിന്റെ വീക്ഷണത്തില്‍ ,വിവാഹം സന്താനോല്പാദനത്തിനു വേണ്ടി മാത്രം സ്ഥാപികപ്പെട്ടതല്ല ,പിന്നെയോ ദമ്പതില്‍ തമ്മിലുള്ള അഭേദ്യമായ ഒരു ഉടമ്പടി എന്ന നിലയിലുള്ള അതിന്റെ സ്വഭാവവും കുട്ടികളുടെ സുസ്ഥിതിയും അവരുടെ പരസ്പര സ്നേഹം ആവശ്യപ്പെടുന്നു .ഇങ്ങനെ വിവാഹത്തില്‍ രണ്ടു ലക്ഷ്യങ്ങള്‍ സംരക്ഷിക്കപ്പെടാനുള്ളതുകൊണ്ട് ഇവ തമ്മില്‍ സംഘട്ടനമുണ്ടാകുന്ന സാഹചര്യങ്ങളുണ്ടാകാം എന്നും ഒരേസമയത്ത് രണ്ടു ലക്ഷ്യങ്ങളും പോരുത്തപ്പെടുത്തിക്കൊണ്ടുപോകാന്‍ ദമ്പതികള്‍ക്ക് സാധിക്കാതെ വരാമെന്നുമുള്ള വസ്തുത രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ അംഗീകരിക്കുകയുണ്ടായി .അതിനാല്‍ ഏറ്റവും കുറഞ്ഞത് താല്‍കാലികമായെങ്കിലും സന്താനോല്പാദനം നിയന്ത്രിക്കേണ്ടത് ആവശ്യമായി വരുമെന്ന് ഈ കൌണ്‍സില്‍ യാഥാര്ത്യബോധത്തോടെ അംഗീകരിച്ചു (GS 51). കുടുംബങ്ങളുടെ അസൂത്രണത്തില്‍ ദമ്പതികള്‍ തങ്ങളുടെയും തങ്ങളുടെ ജനിച്ചതും ജനിക്കാത്തതുമായ കുട്ടികളുടെയും ക്ഷേമം ബോധപൂര്‍വ്വം കണക്കിലെടുക്കണമെന്നും കൌണ്‍സില്‍ നിര്‍ദ്ധേശിക്കുന്നു (GS 50). ഈ പരിഗണകള്‍ സന്താനോല്പാദനത്തില്‍ ചിലപ്പോള്‍ താല്കാലികമായോ അഥവാ ശ്വാശ്വതമായോ നിയന്ത്രണം പാലിക്കാന്‍ ദമ്പതികളെ നിര്‍ബന്ധിക്കുമെന്നു കൌണ്‍സില്‍ ഓര്‍മിപ്പിക്കുന്നു .

പോല്‍ ആറാമന്‍ മാര്‍പാപ്പയുടെ 'മനുഷ്യജീവന്‍ '(Humanae Vitae) എന്നാ ചാക്രികലേഖനം (1968) ഉത്തവാദിത്വമുള്ള മാതൃപിതൃത്വത്തെപ്പറ്റിയുള്ള സഭാപഠനം ഉള്‍ക്കൊള്ളുന്നു .ദമ്പതികള്‍ ഒൌവദാര്യതോടും വിവേകത്തോടും കൂടി തങ്ങളുടെ കുടുംബത്തിന്റെ വലിപ്പം തീരുമാനിക്കണം . ഈ തീരുമാനമെടുക്കുമ്പോള്‍ അവര്‍ തങ്ങളുടെ ശാരീരികവും മാനസികവും സാമൂഹ്യവുമായ അവസ്ഥകളെല്ലാം കണക്കിലെടുക്കണമെന്നും ചാക്രികലേഖനം ഓര്‍മിപ്പിക്കുന്നു (HV 10). ഈ വീക്ഷണമനുസരിച്ച് ചിലര്‍ക്കു കൂടുതല്‍ കുട്ടികലുണ്ടായിരിക്കുന്നത് ശരിയായ തീരുമാനമായിരിക്കും . എന്നാല്‍ മറ്റു ചിലരെ സംബന്ധിച്ചിടത്തോളം തല്ക്കാലത്തേയ്ക്കോ ,ശ്വാശ്വതമായോ വീണ്ടുമൊരു കുട്ടിയുണ്ടാകേണ്ടതില്ല എന്നു തീരുമാനിക്കാനും അവകാശമുണ്ട് (HV 10).

ഉത്തരവാദിത്വമുള്ള മാതൃപിതൃത്വത്തിന്റെ അര്‍ത്ഥസൂചനകള്‍

ദൈവത്തോടും തങ്ങളോടുതന്നെയും കുടുംബത്തോടും സമൂഹത്തോടും മൊത്തത്തിലുള്ള കടമകള്‍ അംഗീകരിച്ചുകൊണ്ട് ദമ്പതികള്‍ തങ്ങളുടെ കുടുംബത്തിന്റെ വലിപ്പം നിയന്ത്രിക്കുന്നതിനാണ് ഉത്തരവാദിത്വമുള്ള മാതൃപിതൃത്വം എന്ന് പറയുന്നത് .കുടുംബത്തിന്റെ വലിപ്പം നിയന്ത്രിക്കുന്നതിന് അഥവാ സന്താനോല്പാതനം നിയന്ത്രിക്കുന്നതിന് ദമ്പതികള്‍ക്ക് അവകാശമുണ്ടെന്ന കാര്യം ഇന്ന് സഭാപഠനത്തിലെ ഒരു അംഗീകൃത തത്വമാണ് . ജനനത്തെ നിയന്ത്രിക്കുന്നത്‌ അനുവധിനീയമാണെന്ന് മാത്രമല്ല ഇപ്പറഞ്ഞതിന്റെ അര്‍ഥം ; ഉത്തരവാദിത്വമുള്ള മാതൃപിതൃതം വിവാഹജീവിതത്തിന്റെ ഒരു കടമയുമാണ് (an obligation marital life)

ഉത്തരവാദിത്വമുള്ള മാതൃപിതൃത്വത്തിന്റെ പ്രാഥമികാവശ്യം ,ദൈവത്തിന്റെയും മനുഷ്യരുടെയും മുന്‍പാകെ ,സ്വന്തം ജീവിത സാഹചര്യങ്ങളുടെ വെളിച്ചത്തില്‍ തങ്ങള്‍ക്കു എത്ര കുട്ടികള്‍ വേണമെന്ന് മനസാക്ഷിപ്രകാരം ദമ്പതികള്‍ പരസ്പരം ആലോചിച്ചു തീരുമാനമെടുക്കുകയാണ് . മാതാപിതാക്കളാകാനുള്ള ദൈവവിളിയുടെ ഉദാരമായ സ്വീകരണവും ദൈവത്തിന്റെ മുമ്പാകെ സന്താനങ്ങളുടെ എണ്ണം ,സ്പെയിസിംഗ് എന്നിവ സംബന്ധിച്ച് ദമ്പതികള്‍ ബുദ്ധിപൂര്‍വമെടുക്കുന്ന തീരുമാനങ്ങളുമാണ് ഉത്തരവാദിത്വമുള്ള മാതൃപിതൃത്വത്തിലെ അടിസ്ഥാനപരമായ ധാര്മികപ്രശ്നം . ഈ മൌലികതലത്തിലുള്ള സ്വാര്‍ഥത അധാര്മികമാണ് . ബര്‍ണാനാര്‍ഡ ഹെയറിംഗ് (Bernard Haring) ചൂണ്ടിക്കാട്ടുന്നതുപോലെ, പുതുതായി വിവാഹം കഴിച്ച ദമ്പതികള്‍ റിഥം രീതിയുപയോഗിച്ചു, തീര്‍ത്തും സ്വാര്‍ത്ഥപരമായ താല്പര്യങ്ങള്‍ക്ക് വേണ്ടി, ഗര്‍ഭധാരണം പൂര്‍ണമായി ഒഴിവാക്കാന്‍ തീരുമാനിക്കുന്നെങ്കില്‍അവരുടെ ഉദ്ദേശം (പുറമേ നോക്കിയാല്‍ അനുവദനീയമല്ലാത്തതൊന്നും അവര്‍ ചെയ്യുന്നില്ലെങ്കിലും ) തെറ്റാണ് ,സ്വാര്‍ത്ഥപരമാണ് ,അധാര്മികമാണ് .അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെടുന്നു : "സന്താനോല്പാദനം ഒഴിവാക്കുന്നതിന്റെ ലക്ഷ്യങ്ങള്‍ സ്വാര്‍ത്ഥപരമോ ദുഷ്ടമോ ആണെങ്കില്‍ നിയന്ത്രണരീതിമാത്രം - അനുവദനീയമായതുകൊണ്ടുമാത്രം - അതിനെ ധാര്മികമാക്കുന്നില്ലെന്ന കാര്യം വ്യക്തമായും ഉറപ്പായും പറയേണ്ടതാണ് " (B.Haring;Free and Faithful in Christ ,Vol. 2,1979). അതിനാല്‍ ഉത്തരവാദിത്വമുള്ള മാതൃപിതൃത്വമെന്ന പ്രശ്നം കൈകാര്യം ചെയ്യുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട ധാര്മികപ്രശ്നം ഇതാണ്; ദമ്പതികള്‍ക്ക് തല്കാലികമായോ ശ്വാശ്വതമായോ സന്താനോല്പാദനം വേണ്ടെന്നു വയ്ക്കുന്നതിനു മതിയായ കാരണങ്ങളുണ്ടോ?

(തുടരും...)

2 comments:

Johny said...

ദൈവത്തോടും തങ്ങളോടുതന്നെയും കുടുംബത്തോടും സമൂഹത്തോടും മൊത്തത്തിലുള്ള കടമകള്‍ അംഗീകരിച്ചുകൊണ്ട് ദമ്പതികള്‍ തങ്ങളുടെ കുടുംബത്തിന്റെ വലിപ്പം നിയന്ത്രിക്കുന്നതിനാണ് ഉത്തരവാദിത്വമുള്ള മാതൃപിതൃത്വം എന്ന് പറയുന്നത്

Johny said...

ഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങളും സഭയും