Tuesday, January 4, 2011

സഭയും രാഷ്ട്രവും: വേണ്ടത്‌ കലഹമോ കൈകോര്‍ക്കലോ?

സഭയെ പൊതുജീവിതത്തിന്റെ മുഖ്യധാരയില്‍നി ന്നും ആട്ടിയകറ്റാനുള്ള പരിശ്രമങ്ങള്‍ ചരിത്രത്തില്‍ എന്നും നടന്നിട്ടുണ്ട്‌. വിവിധ രൂപത്തില്‍ ചില മിഥ്യാധാരണകളുടെ പേരില്‍ സഭയെ പാര്‍ശ്വവത്കരിക്കേണ്ടത്‌ പൊതുജീവിത ധര്‍മ്മമാണെന്നു വരെ കരുതുന്ന ചിലരുണ്ട്‌. മതവിശ്വാസം തികച്ചും സ്വകാര്യതയില്‍ ഒതുക്കിയാല്‍ മതി; അവര്‍ക്ക്‌ ഒരു രാഷ്ട്രത്തിന്റെ പൊതുചത്വരങ്ങളില്‍ സ്ഥാനമില്ല എന്നു പ്രചരിപ്പിക്കുന്നവരുടെ എണ്ണവും ഏറി വരികയാണ്‌. പൊതുജീവിതത്തില്‍ സ്വകാര്യസ്വത്തിനെയും സ്വകാര്യവത്ക്കരണത്തെയും എതിര്‍ക്കുന്നവര്‍തന്നെയാണ്‌ മതവിശ്വാസത്തെ “സ്വകാര്യവത്കരിക്കാന്‍” രംഗത്തിറങ്ങിയിരിക്കുന്നതെന്നത്‌ ഏറെ വിചിത്രമാണ്‌. വര്‍ഗീയമോ ജാതീയമോ ആയ ഒരു അടഞ്ഞ സമൂഹമായി സഭയെ കാണുന്നവരാണ്‌ സഭയുടെ അടയാളങ്ങളും ചലനങ്ങളും പൊതുജീവിതത്തില്‍ നിന്നു മായിച്ചുകളയാന്‍ രംഗത്തെത്തുന്നത്‌. ഇവിടെ സഭയുടെ സ്വഭാവവും പൊതുസമൂഹത്തിലുള്ള അവളുടെ ദൌത്യവും വിസ്മരിക്കപ്പെട്ടുപോവുകയാണ്‌.


സഭയ്ക്കു ചോദിക്കാനുള്ളതിതാണ്‌. വിളക്ക്‌ എവിടെ വയ്ക്കണം? പീഠത്തിലോ പറയുടെ കീഴിലോ? ലോകത്തിന്റെ ലവണവും പ്രകാശവുമാകാന്‍ വിളിക്കപ്പെട്ട സമൂഹമാണ്‌ സഭ. രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിന്റെ ഭാഷയില്‍ ദൈവരാജ്യത്തിന്റെ അടയാളമായി ഭൂമിയില്‍ തീര്‍ത്ഥാടനം ചെയ്യുന്ന ദൈവത്തിന്റെ സ്വന്തം ജനം; മിശിഹായുടെ മൌതികശരീരം. ഉപ്പ്‌ എവിടെ വിതറണം? വിളക്ക്‌ എവിടെ കത്തിച്ചുവയ്ക്കണം? വ്യക്തിതലത്തിലും സഭാതലത്തിലും മിശിഹായുടെ ഉപ്പും വെളിച്ചവും ആവോളം ജീവിതത്തില്‍ പകരാന്‍ സഭാംഗങ്ങള്‍ക്കു കടമയുണ്ട്‌. പക്ഷെ, അതുകൊണ്ട്‌ അന്തര്‍മുഖരായിക്കഴിയാനല്ല; ലോകം കൊട്ടിയടച്ചതോ, സ്വയം അടച്ചുപൂട്ടിയതോ ആയ സെഹിയോന്‍ മാളികകളില്‍ കഴിയാനല്ല സഭ വിളിക്കപ്പെട്ടിരിക്കുന്നത്‌. ആകാശത്തുനിന്നും അഗ്നിനാവുകളിറക്കി പരി. റൂഹായെ നല്‍കി ഉജ്ജ്വലിപ്പിച്ച ശ്ളീഹന്‍മാര്‍ കൂടുപൊട്ടിച്ചു പുറത്തുവരുന്ന ചിത്രശലഭങ്ങളെപ്പോലെ ലോകത്തിന്റെ അതിര്‍ത്തികള്‍വരെയും ക്രിസ്തീയ ലവണവും വെളിച്ചവുമെത്തിക്കുകയാണുണ്ടായത്‌. പൊതുസമൂഹത്തില്‍നിന്നും സഭയെ നിഷ്കാസനം ചെയ്യുക എന്നത്‌ റോമാചക്രവര്‍ത്തിമാരുടെ ഔദ്യോഗിക നയമായിരുന്നു. പടവാളുകള്‍കൊണ്ടു മാത്രമല്ല തൂലികകൊണ്ടും സഭയുടെ അന്ത്യം കുറിക്കുമെന്നു വീമ്പിളക്കിയ വോള്‍ട്ടയറും, ദൈവത്തിന്റെ തന്നെ ചരമം പ്രഖ്യാപിച്ച നീഷ്ചേയും ദൈവത്തെയും മതത്തെയും നിഷ്കാസനം ചെയ്യാനെത്തിയ മാര്‍ക്സിസ്റ്റ്‌ പ്രത്യയശാസ്ത്രവും തുടര്‍ന്ന്‌ നാസിഭരണവുമെല്ലാം ലക്ഷ്യം വച്ചത്‌ പൊതുജീവിതത്തില്‍നിന്ന്‌ ക്രിസ്തീയവിശ്വാസത്തെ തുടച്ചുമാറ്റാനാണ്‌. സ്വയം പ്രാര്‍ത്ഥനയിലും ആരാധനയിലും സുകൃതാഭ്യാസനത്തിലും മുഴുകുമ്പോഴും പൊതുജീവിതത്തിലെ അനിഷേധ്യമായ ഇടം സംരക്ഷിക്കുന്നതിനുവേണ്ടി സഭ മര്‍ദ്ദകഭരണകൂടങ്ങളോടും, നിരീശ്വര, സഭാവിരുദ്ധ ശക്തികളോടും പടപൊരുതിക്കൊണ്ടേയിരിക്കുകയായിരുന്നു. ഒരു കുരിശു ധരിക്കാനോ, പള്ളി വയ്ക്കാനോ, അതില്‍ ആരാധന നടത്താനോ അനുവാദമില്ലാത്ത എത്രയെത്ര രാജ്യങ്ങള്‍ ഇന്നുമുണ്ട്‌? അള്‍ജീറിയ മുതല്‍ ഉത്തരകൊറിയയും ചൈനയുംവരെ ഏതാണ്ട്‌ നാലുകോടി ക്രൈസ്തവര്‍ അടിസ്ഥാന ആരാധനാസ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടു കഴിയുന്നവരുണ്ടെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. കേവലം ആരാധനാ സ്വാതന്ത്ര്യസംരക്ഷണത്തിനുമപ്പുറം ലോകത്തിന്റെ അതിര്‍ത്തികളോളം പ്രവര്‍ത്തിക്കാന്‍ സഭയ്ക്ക്‌ അവകാശമുണ്ട്‌; കടമയുമുണ്ട്‌. ഇവിടെയാണ്‌ സഭയുടെ രാഷ്ട്രജീവിതത്തിലെ ഇടപെടലുകളുടെ പ്രസക്തി.

സീറ്റു വിഭജിക്കാനും കക്ഷിരാഷ്ട്രീയം കളിക്കാനും ഭരണം കയ്യാളാനും സ്റ്റേറ്റിന്റെ ഉരുക്കുമുഷ്ടി ഉപയോഗിച്ച്‌ രാഷ്ട്രീയവിരോധികളെ അടിച്ചമര്‍ത്താനും വിദ്യാഭ്യാസ സാമൂഹികാവകാശങ്ങള്‍ ദേശസാത്കരിക്കാനുമുള്ള ഒരു രാഷ്ട്രീയമല്ല ഇത്‌. മറിച്ച്‌, പൊതുസമൂഹത്തിലെ മനഃസാക്ഷി രൂപവത്കരണത്തിലും നീതിസ്ഥാപനത്തിലുമുള്ള സഭയുടെ പങ്കാളിത്തമാണ്‌. സെന്റ് അഗസ്റ്റിന്‍ പറഞ്ഞു, “നീതിക്കനുസൃതമല്ലാതെ ഭരിക്കപ്പെടുന്ന ഒരു രാഷ്ട്രം മോഷ്ടാക്കളുടെ ഒരു സംഘമായിരിക്കും.” സീസറിന്റെയും ദൈവത്തിന്റെയും സ്വയം ഭരണാധികാരത്തില്‍ അന്യോന്യം കൈകടത്തുകയല്ല വേണ്ടത്‌; മറിച്ച്‌, മിശിഹായുടെ സുവിശേഷത്താല്‍ പ്രകാശിതമായ ദൈവവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ഒരു സമൂഹമായി പൊതുസമൂഹത്തിന്റെ മനഃസാക്ഷി രൂപവത്കരണത്തിലും നീതിസ്ഥാപനത്തിലും സഹായിക്കാനുള്ള അവകാശം സഭയ്ക്കു നിഷേധിക്കാതിരിക്കുകയാണു വേണ്ടത്‌ എന്നു ബനഡിക്ട്‌ പതിനാറാമന്‍ മാര്‍പാപ്പാ തന്റെ പ്രഥമ ചാക്രികലേഖനത്തില്‍ (ദൈവം സ്നേഹമാകുന്നു) വ്യക്തമാക്കുന്നു. മത സ്വാതന്ത്ര്യത്തിനും, മനുഷ്യസ്വാതന്ത്ര്യത്തിനും മൂക്കുകയറിട്ട ചക്രവര്‍ത്തിമാരോടും സ്വേച്ഛാധിപത്യ പ്രത്യയശാസ്ത്ര ഭരണകൂടങ്ങളോടും സഭ നിരന്തര സമരത്തിലായിരുന്നതും ചിലതിനെയൊക്കെ ജനകീയ പ്രസ്ഥാനങ്ങളോടു ചേര്‍ന്നു താഴെയിറക്കുന്നതിന്‌ നേതൃത്വം വഹിച്ചതിനും ചരിത്രം സാക്ഷിയാണ്‌.

കഴിഞ്ഞമാസം ഇംഗ്ളണ്ട്‌ സന്ദര്‍ശിച്ച പരി. പിതാവ്‌ ലണ്ടനിലെ വെസ്റ്റ്‌ മിനിസ്റ്റര്‍ ഹോളില്‍, നൂറ്റാണ്ടുകള്‍ക്കുമുമ്പ്‌ മതസ്വാതന്ത്ര്യത്തിനും മനഃസാക്ഷിസാതന്ത്ര്യത്തിനുംവേണ്ടി വി. തോമസ്‌ മൂറിനെ മരണ ശിക്ഷയ്ക്കു വിധിച്ച അതേ സ്ഥലത്തു നിന്നുകൊണ്ട്‌, അക്കാര്യം അനുസ്മരിപ്പിച്ചുകൊണ്ട്‌ പാര്‍ലമെന്റ് അംഗങ്ങളോടു പറഞ്ഞു: സത്യത്തില്‍ അധിഷ്ഠിതമായി ഭരണം നിര്‍വ്വഹിച്ചില്ലെങ്കില്‍ ജനാധിപത്യവും ഒരു കിരാതഭരണമായി അധഃപതിക്കാം എന്ന്‌. നിരീശ്വര-കത്തോലിക്കാ വിരുദ്ധ അന്തരീക്ഷം നിറഞ്ഞുനിന്ന ഇംഗ്ളണ്ടില്‍, പക്ഷെ ജനലക്ഷങ്ങളാണ്‌ ഈ നൂറ്റാണ്ടിലെ ഏറ്റം ശ്രദ്ധേയനായ ചിന്തകന്‍ കൂടിയായ ബെനഡിക്ട്‌ പതിനാറാമനെ കേള്‍ക്കാന്‍ തടിച്ചുകൂടിയത്‌. അദ്ദേഹത്തിന്റെ മടക്കയാത്രാവേളയില്‍ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി പറഞ്ഞു: അങ്ങ്‌ ഈ സന്ദര്‍ശനവേളകളില്‍ ഇംഗ്ളണ്ടിലെ അറുപതുലക്ഷം കത്തോലിക്കരോടു മാത്രമല്ല; ആറുകോടി ജനങ്ങളോടുമാണ്‌ സംസാരിച്ചത്‌; ബ്രിട്ടീഷുകാര്‍ ഈ വാക്കുകളെക്കുറിച്ച്‌ ശാന്തമായിരുന്നു ചിന്തിക്കും എന്ന്‌. അതെ, പൊതു സമൂഹത്തില്‍നിന്നു സഭയെ പാര്‍ശ്വവത്കരിക്കുകയല്ല രാഷ്ട്രം ചെയ്യേണ്ടത്‌; മറിച്ച്‌, രാഷ്ട്രനിര്‍മ്മിതിയിലും സേവനത്തിലും സത്യത്തിന്റെ പ്രകാശവുമായി കടന്നു ചെല്ലാനാണ്‌ സഭാംഗങ്ങളും പരിശ്രമിക്കേണ്ടത്‌. ഇവിടെ കലഹമല്ല സത്യത്തെ ആദരിച്ചുകൊണ്ടുള്ള പരസ്പരം കൈകോര്‍ക്കലാണ്‌ കരണീയമായിട്ടുള്ളത്‌.

Author: ജെ. കൊച്ചുപറമ്പില്‍

No comments: