Monday, August 16, 2010

അമ്മയുടെ പേര് മറിയംകുട്ടി

ആ വീട്ടില്‍ ഭക്തിയും പ്രാര്‍ത്ഥനയും വേണ്ടുവോളം ഉണ്ടായിരുന്നു. ദാരിദ്യ്രത്തിനും കുറവുണ്ടായിരുന്നില്ല. മൂന്നുനേരവും കഞ്ഞി. ഞായറാഴ്ച മാത്രം ഉച്ചയ്ക്ക് ഊണ്. ജന്മദിനാഘോഷങ്ങള്‍ നടന്നിട്ടേയില്ല. ഒരുക്കാന്‍ വീട്ടില്‍ ഒന്നും ഉണ്ടായിരുന്നില്ല. കാനായിലെ വിരുന്നിന് വെള്ളം വീഞ്ഞാക്കിയവനാണ് യേശു. വിരുന്നു വേണ്ട. കുറച്ച് ആഹാരം മതി. അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ തീറ്റി തൃപ്തിപ്പെടുത്തിയ അവിടുന്ന് അഞ്ചാറുമക്കളുള്ള ഈ കുടുംബത്തോട് എന്തേ കനിവു കാട്ടുന്നില്ല?

ഒരു ദിവസം മകന്‍ അമ്മയോടു ചോദിച്ചു: "അമ്മേ എന്നും നമ്മള്‍ ഒരുപാടു പ്രാര്‍ത്ഥനകള്‍ ചൊല്ലി അപേക്ഷിക്കുന്നു. അപ്പന്‍ നിത്യവും കുര്‍ബാന കാണാന്‍ പോകുന്നു. പുലര്‍ച്ചെ പ്രാര്‍ത്ഥന ചൊല്ലുന്നു. വണക്കമാസപ്രാര്‍ത്ഥനകള്‍ മുടക്കുന്നേയില്ല. തെറ്റാതെ നോമ്പുകള്‍ നോക്കുന്നു. എല്ലാമാസവും കുമ്പസാരിച്ച് കുര്‍ബാന കൈക്കൊള്ളുന്നു. കെടാവിളക്കില്‍ നേര്‍ച്ചയായി വെളിച്ചെണ്ണ കൊടുക്കുന്നു. ഇങ്ങനെ ഒക്കെ ആയിട്ടും എന്താണമ്മേ നമ്മുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കാത്തത്? നമ്മുടെ ദാരിദ്യ്രം തീരാത്തത്?''.

ഇതിന് നിരീശ്വരവാദികളും യുക്തിവാദികളും കടുത്ത മതവിശ്വാസികളും പുരോഹിതന്മാരും സാമൂഹികപ്രവര്‍ത്തകരും സാധാരണക്കാരും എന്തായിരിക്കും മറുപടി നല്‍കുക എന്നത് നമുക്ക് ഊഹിക്കാം. എന്നാല്‍ മക്കള്‍ക്കു വിശപ്പിനു വല്ലതും കൊടുക്കാന്‍ പാടുപെടുന്നവളും സ്വന്തമായി താമസിക്കാന്‍ ഒരു കുടിലുപോലും ഇല്ലാത്തവളും മൂന്നാം ക്ളാസിനപ്പുറം പഠിച്ചിട്ടില്ലാത്തവളും ആയ ഒരമ്മയുടെ മറുപടി കേട്ടാലും: "മോനേ നമ്മളെക്കാള്‍ ദാരിദ്യ്രവും കഷ്ടപ്പാടും ഉള്ളവര്‍ ഈ ഭൂമിയിലുണ്ടാവും. അവര്‍ക്കെല്ലാം ദൈവം കൊടുത്തുവരികയാണ്. സമയമാവുമ്പോ, നമ്മുടെ ഊഴമാവുമ്പോ ദൈവം നമുക്കു തരും.'' അമ്മയ്ക്ക് എന്റെ നമസ്കാരം. അമ്മയുടെ ഓര്‍മ്മയ്ക്കു മുമ്പില്‍ ഒരു നെയ്തിരി.

മണല്‍ക്കാട്ടില്‍ കുരിശുചുമക്കുന്നവരുടെ കഥയാണിത്. കൊടുങ്കാറ്റുറങ്ങുന്ന വീട്ടില്‍ മണിവിളക്കായി ഒരമ്മ. വേദനയുടെ താഴ്വരയില്‍ ആമ്പല്‍പ്പൂവിന്റെ ആത്മഗീതം. പൊള്ളുന്ന പരമാര്‍ത്ഥങ്ങള്‍ക്കിടയില്‍ ഒരു നക്ഷത്രപ്രകാശം. ആ അമ്മയുടെ പേര് മറിയംകുട്ടി. നന്മ നിറഞ്ഞ മറിയമേ നിനക്കു സ്തുതി. വായിക്കാന്‍ പഠിച്ചതിന്റെ സാഫല്യമറിയുവാന്‍ (ഇതുവരെ വായിക്കാനായിട്ടില്ലെങ്കില്‍) 'ഓര്‍മ്മകള്‍ക്ക് ഉറക്കമില്ല' എന്ന പേരില്‍ സി.എല്‍.ജോസ് എഴുതിയ ആത്മകഥ വായിക്കുക. അങ്ങനെ, സത്യം ദുഃഖമാണ് എന്ന വാസ്തവം അറിഞ്ഞാലും.
ആത്മകഥകള്‍ എന്ന പേരില്‍ വായിക്കാന്‍ കിട്ടുന്ന പുസ്തകങ്ങളില്‍ ആത്മപ്രശംസകളും പൊങ്ങച്ച പ്രസ്താവനകളുമാണ് സാധാരണയായി നമുക്കു കണ്െടത്താന്‍ കഴിയുന്നത്. എന്നാല്‍ അതില്‍നിന്നു വിഭിന്നമായ ഒരനുഭവമാണ് സി.എല്‍.ജോസ് സമ്മാനിക്കുന്നത്. ജീവിതാനുഭവങ്ങളുടെ സത്യസന്ധവും ഹൃദയഹാരിയുമായ രേഖാചിത്രങ്ങളുടെ സമുച്ചയമാണ് ഈ കൃതി. വിഖ്യാതനായ ഈ നാടകകൃത്ത് 'തെരഞ്ഞെടുത്ത കഥകള്‍' എന്ന പേരില്‍ പ്രസിദ്ധീകരിച്ചാലും ഇത് ചൂടപ്പം പോലെ വിറ്റുപോകുമായിരുന്നു. ആത്മകഥകളാണ് (52 കഥകള്‍) ഇവിടെ എന്നേ ഭേദമുള്ളൂ. അനുഭവസാക്ഷ്യം മാറ്റു വര്‍ദ്ധിപ്പിച്ച ചെറുകഥകള്‍. നടന്ന കഥകള്‍. ലീലാ മേനോന്‍, ജോര്‍ജ് കുളങ്ങര, ചെറിയാന്‍ കാപ്പന്‍ എന്നിങ്ങനെ ചില വ്യക്തികളെ ഈ സന്ദര്‍ഭത്തില്‍ ഓര്‍മ്മിച്ചു പോകുന്നു. സാഹിത്യലോകത്തു നടക്കുന്ന കസേരകളിയില്‍ ഇവര്‍ പങ്കെടുത്തിട്ടില്ല. തങ്ങളുടെ സജീവ സാന്നിധ്യം വിളിച്ചറിയിക്കുവാന്‍ പൊടിക്കൈകള്‍ പ്രയോഗിച്ചുമില്ല. എങ്കിലും കൂട്ടം തെറ്റി നടന്ന, നടക്കുന്ന അവരുടെ ആത്മകഥകളും വിലപ്പെട്ട വായനാനുഭവം നല്‍കും. മലയാളികളുടെ ഭാഗ്യം.

Author : പ്രഫ. ആര്‍.എസ്. വര്‍മ്മജി

Friday, August 13, 2010

അഭിമുഖം : മാര്‍ ജോസഫ് പവ്വത്തില്‍

കേരളസഭയുടെ ഉറങ്ങാത്ത കാവല്‌ക്കാരനായ മാര്‍ ജോസഫ്‌ പവ്വത്തില്‍ മെത്രാപ്പോലീത്തായ്‌ക്ക്‌ 14-ന്‌ 80 വയസ്സു തികയുന്നു. പഠനത്തിന്റെയും പ്രതികരണത്തിന്റെയും വേറിട്ട വഴികളിലൂടെയുള്ള ഈ ആത്മീയപിതാവിന്റെ സഞ്ചാരം, കേരളസഭയുടെ എക്കാലത്തെയും ചരിത്രപാഠങ്ങളില്‍ മുഖ്യവിഷയം തന്നെ. ആലയുടെ പിന്‍വാതിലിലൂടെ അകത്തുകടക്കാന്‍ ശ്രമിക്കുന്ന ആട്ടിന്‍തോലണിഞ്ഞവരുടെ ശ്രമങ്ങള്‍ വൃഥാവിലാകുന്നത്‌, ജാഗ്രതയുള്ള മനസ്സോടെ സദാ ഉണര്‍ന്നിരിക്കുന്ന ഈ ക്രാന്തദര്‍ശിയുടെ സൗമ്യവും സമയോചിതവുമായ ഇടപെടലുകള്‍ നിമിത്തമാണ്‌. പ്രതിസന്ധികളുടെയും വിവാദങ്ങളുടെയും നിഴല്‍ വീണ താഴ്‌വാരങ്ങളിലൂടെ, നല്ലിടയന്റെ കരങ്ങളില്‍ മുറുകെപ്പിടിച്ച്‌ നിര്‍ഭയം നീങ്ങുന്ന മാര്‍ പവ്വത്തിലിന്റെ വിചാരവഴികളിലൂടെ...

? 80 വയസു തികയുകയാണല്ലോ. അധ്യാപകന്‍, വൈദികന്‍, മെത്രാന്‍, ദേശീയ അന്തര്‍ദ്ദേശീയ തലങ്ങളില്‍ ധാരാളം ഉത്തരവാദിത്തങ്ങള്‍. കര്‍മ്മമേഖലകള്‍ നിരവധി; ഒപ്പം, വൈവിധ്യപൂര്‍ണ്ണവും. തിരിഞ്ഞുനോക്കുമ്പോള്‍ സംതൃപ്‌തനാണോ.
പൂര്‍ണ്ണസംതൃപ്‌തി നമുക്ക്‌ ഈ ലോകത്തില്‍ ലഭിക്കുമെന്നു തോന്നുന്നില്ല. നാമെല്ലാം പരിമിതികളുള്ളവരാണ്‌. പരിമിതിയുള്ള സാഹചര്യങ്ങളാണ്‌ നമുക്കു ചുറ്റും. എന്റെ പരിമിതികളും പോരായ്‌മകളും എനിക്കേ അറിയാവൂ. അതുകൊണ്ട്‌ ചെയ്‌ത കാര്യങ്ങള്‍ക്കെല്ലാം ആഗ്രഹിച്ച ഫലമുണ്ടായെന്ന്‌ തോന്നുന്നില്ല. എല്ലാം നൂറുശതമാനം ശരിയായി ചെയ്‌തെന്നു പറയാനുമാവില്ല. പക്ഷേ, ദൈവം എന്നെ കൈപിടിച്ചു നടത്തി എന്ന തോന്നല്‍ എനിക്കു സംതൃപ്‌തി നല്‌കുന്നു. പിന്നെ, മനുഷ്യജീവിതത്തില്‍ ഒരു `ദിവ്യമായ അസംതൃപ്‌തി' (Divine discontent) അനുഭവപ്പെടുന്നത്‌ പലപ്പോഴും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ നമുക്കു പ്രേരണ നല്‌കുമെന്ന വസ്‌തുതയുമുണ്ട്‌. ദൈവം എന്നെ വിളിച്ചു സ്വന്തമാക്കി തന്റെ ശുശ്രൂഷയ്‌ക്കായി ചുമതലപ്പെടുത്തി എന്നതാണ്‌ ലോകത്തില്‍ ലഭിക്കാവുന്ന ഏറ്റവും വലിയ സംതൃപ്‌തി. ശുശ്രൂഷകളില്‍ പോരായ്‌മകളുണ്ടായിരിക്കാം. എങ്കിലും `കുറവുകളെ സദാ പരിഹരിക്കുന്ന' കര്‍ത്താവില്‍ നമുക്ക്‌ ആശ്രയിക്കാമല്ലോ.

? വിശ്രമജീവിതം നയിക്കേണ്ട പ്രായമാണ്‌ 80. ഇതാണ്‌ പൊതുവെയുള്ള ചിന്ത. ഈ പ്രായത്തിലും ഇത്രമാത്രം കര്‍മ്മനിരതനാകാന്‍ എങ്ങനെ കഴിയുന്നു.
സര്‍ക്കാര്‍ക്രമമനുസരിച്ച്‌ വിശ്രമം നേരത്തെ ആരംഭിക്കും. ഭാരതീയദര്‍ശനത്തിലെ ആശ്രമങ്ങളില്‍ വാനപ്രസ്ഥമാണ്‌ ജീവിതസായാഹ്നത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌. എന്നാല്‍ ചെറുപ്പത്തിലേ ഞാന്‍ പരിചയിച്ചിട്ടുള്ള ഒരു കാര്യം, ആധ്യാത്മികജീവിതത്തില്‍ അവധിയില്ല എന്നതാണ്‌. ഭരണരംഗത്തുനിന്നു മാറിയാലും ഞാന്‍ ക്രിസ്‌ത്യാനി തന്നെയാണല്ലോ. ക്രിസ്‌ത്യാനി സഭയോടൊത്തു ജീവിക്കേണ്ടവനാണ്‌. സഭയുടെ ആരാധനയില്‍ പങ്കെടുക്കുക മാത്രമല്ല, അവളുടെ ആകുലതകളില്‍ പങ്കുചേരാനും സഭയ്‌ക്കുവേണ്ടി സമയവും കഴിവുകളും വിനിയോഗിക്കാനും ക്രിസ്‌ത്യാനിക്കു ബാധ്യതയുണ്ട്‌. ആ ബോധ്യത്തില്‍ ചിലതെല്ലാം ചെയ്യാന്‍ ശ്രമിക്കുന്നു എന്നു മാത്രമേയുള്ളൂ. ജീവിക്കുന്നിടത്തോളം കാലം സഭയ്‌ക്കുവേണ്ടിയും സമൂഹത്തിനുവേണ്ടിയും ചെയ്യാവുന്നതെല്ലാം ചെയ്യുക എന്റെ കടമയാണെന്നു വിശ്വസിക്കുന്നു.

? എന്നും വിവാദങ്ങള്‍ അങ്ങയുടെ കൂടെയുണ്ട്‌. ഒരു നിയോഗംപോലെ പിന്തുടരുന്ന വിവാദങ്ങള്‍, നിലപാടുകളില്‍ മാറ്റം വരുത്താന്‍ പ്രേരണ ചെലുത്താറുണ്ടോ? ഇതിന്റെയൊക്കെ പിന്നില്‍ ആരുടെയെങ്കിലും ബോധപൂര്‍വ്വമായ നീക്കങ്ങള്‍ സംശയിക്കുന്നുണ്ടോ.
വിവാദങ്ങള്‍ ആഗ്രഹിക്കുന്നതല്ല, പിന്നാലെ വന്നുകൂടുന്നതാണ്‌. വിവാദം സൃഷ്‌ടിക്കാന്‍ ഇതുവരെ ഒരു ശ്രമവും നടത്തിയിട്ടില്ല. പക്ഷേ, നമ്മുടെ ചിന്തകളും പ്രവര്‍ത്തനങ്ങളും എപ്പോഴും എല്ലാവര്‍ക്കും ഇഷ്‌ടപ്പെട്ടു എന്നുവരില്ല. ഈശോയുടെ ജീവിതംപോലും യഹൂദന്മാര്‍ക്ക്‌ എന്നും വിവാദവിഷയമായിരുന്നല്ലോ. ഒരുപക്ഷേ വിവാദങ്ങളിലുള്‍പ്പെടുമ്പോള്‍ കര്‍ത്താവിനോടു നാം വിശ്വസ്‌തത പുലര്‍ത്തുന്നു എന്ന ബോധ്യമാണുള്ളതെങ്കില്‍ പേടിക്കേണ്ടതില്ല. അതിലൂടെ അവിടുത്തോടു നാം കൂടുതല്‍ താദാത്മ്യപ്പെടുകയാണ്‌. വിവാദങ്ങള്‍ ഉണ്ടാകുന്നത്‌ സ്വന്തം നിലപാടുകള്‍ ശരിയാണോ എന്നു ചിന്തിക്കാന്‍ നമ്മെ പ്രേരിപ്പിച്ചെന്നിരിക്കും. എന്നാല്‍ സഭയോടൊത്ത്‌ നാമെടുക്കുന്ന നിലപാടുകള്‍ വിവാദം ഭയന്ന്‌ മാറ്റിവയ്‌ക്കാനുള്ളവയല്ല. ഇപ്പോള്‍ നടക്കുന്ന പല വിവാദങ്ങളിലും ഇടതു പ്രത്യയശാസ്‌ത്രത്തിന്റെയോ വളര്‍ന്നുവരുന്ന വര്‍ഗ്ഗീയതയുടെയോ നിഗൂഢസ്വാധീനം ഉണ്ടെന്നുവേണം പറയാന്‍.

? ശരിയായ നേതൃത്വത്തെക്കുറിച്ചുള്ള വീക്ഷണമെന്താണ്‌? ജനത്തെ ആവേശംകൊള്ളിക്കുന്നതാണ്‌ നേതൃത്വം എന്ന കാഴ്‌ചപ്പാട്‌ പ്രബലമാകുന്നില്ലേ.
ശരിയായ നേതൃത്വത്തിന്‌ സത്യത്തില്‍ അധിഷ്‌ഠിതമായ ബോധ്യങ്ങളുണ്ടായിരിക്കണം. ഭദ്രമായ ഒരു ജീവിതവീക്ഷണത്തോട്‌ പ്രതിബദ്ധത ഉണ്ടായിരിക്കണം. മറ്റുള്ളവരെ അറിഞ്ഞു സ്‌നേഹിച്ചു മാര്‍ഗ്ഗദര്‍ശനം നല്‌കാനുള്ള കഴിവുകളും ഉണ്ടായിരിക്കണം. സഭയിലെ നേതൃത്വത്തിന്‌ ദൈവത്തിലുള്ള ആശ്രയവും ദൈവത്തിന്റെ കയ്യില്‍ നാം ഉപകരണങ്ങള്‍ മാത്രമാണെന്ന ചിന്തയും ഉണ്ടായിരിക്കണം. നല്ല ഇടയന്റെ മാതൃകയാണല്ലോ ഈശോ നമുക്കു നല്‌കിയിട്ടുള്ളത്‌. അങ്ങനെയുള്ള നേതൃത്വമാണ്‌ സഭയില്‍ വേണ്ടത്‌.

? കേരളത്തിലെ പ്രതിപക്ഷനേതാവ്‌ മാര്‍ പവ്വത്തിലാണെന്നു അടക്കം പറയുന്നവരുണ്ട്‌. ഇതിനെ കുറിച്ച്‌...
പ്രതിപക്ഷനേതാവ്‌' എന്നും മറ്റും പറയുന്നത്‌ രാഷ്‌ട്രീയശൈലിയാണ്‌. എന്റെ ശ്രദ്ധ രാഷ്‌ട്രീയത്തിലല്ലല്ലോ, ആത്മീയതയിലാണ്‌. വിശ്വാസവിരുദ്ധമായ പ്രത്യയശാസ്‌ത്രങ്ങളെയും അത്‌ കയ്യാളുന്നവരുടെ അപകടംനിറഞ്ഞ നിലപാടുകളെയും തുറന്നു കാണിക്കാനും മുന്നറിയിപ്പു നല്‌കാനും മാത്രമാണ്‌ ഞാന്‍ ശ്രമിച്ചിട്ടുള്ളത്‌. അതിനപ്പുറത്ത്‌ എന്തെങ്കിലും പറയുന്നത്‌ ശരിയായിരിക്കില്ല.

? കേരളാകോണ്‍ഗ്രസുകളുടെ ലയനവുമായി ബന്ധപ്പെട്ട്‌ ഏ റ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെട്ട പേരുകളില്‍ ഒന്നാണ്‌ അങ്ങയുടേത്‌. അതില്‍ മദ്ധ്യസ്ഥന്റെ റോള്‍ ഉണ്ടായിരുന്നോ.
ലയനകാര്യത്തിലുള്ള റോള്‍ മാര്‍ക്‌സിസ്റ്റുകാരും ചില വര്‍ഗ്ഗീയവാദികളുമൊഴിച്ച്‌ എല്ലാവരും നിഷേധിച്ചിട്ടുണ്ടല്ലോ. പിരിഞ്ഞുപോയവര്‍ ഒന്നിച്ചുവരുന്നതിനെ എല്ലാ രാഷ്‌ട്രീയക്കാ രും സ്വാഗതം ചെയ്യുകയാണ്‌ പതിവ്‌. രണ്ടു വിഭാഗത്തിലെയും ആളുകള്‍ അത്‌ പലപ്പോഴും പ്രഖ്യാപിച്ചിട്ടുള്ളതുമാണ്‌. ഭിന്നിച്ചു സമൂഹത്തെ ശിഥിലമാക്കാതെ അവര്‍ ഒന്നിക്കണമെന്ന്‌ അനേ കം ആളുകള്‍ ആഗ്രഹിച്ചിട്ടുണ്ട്‌ എന്നാണ്‌ ഞാന്‍ മനസ്സിലാക്കുന്നത്‌. അങ്ങനെയുള്ള പലരുടെയും അഭിപ്രായപ്രകടനങ്ങള്‍ ഇരുവിഭാഗങ്ങളിലുമുള്ളവരെയും സ്വാധീനിച്ചിട്ടുണ്ടാകും. അതില്‍ അസ്വാഭാവികമായി എന്താണുള്ളത്‌?

? കമ്മ്യൂണിസ്റ്റുകാരോട്‌ ഇത്ര വിരോധമെന്താണ്‌? യഥാര്‍ത്ഥത്തില്‍ അവരെ ഭയക്കുന്നുണ്ടോ.
അമേരിക്കയിലെ ആര്‍ച്ചു ബിഷപായിരുന്ന ഫുള്‍ട്ടന്‍ ജെ. ഷീന്‍ പറഞ്ഞിട്ടുണ്ട്‌: നാം കമ്മ്യൂണിസത്തെ എതിര്‍ക്കണം; കമ്മ്യൂണിസ്റ്റുകാരെ സ്‌നേഹിക്കണം. അതെന്നെ സ്വാധീനിച്ചിട്ടുള്ള ഒരു വാചകമാണ്‌. മാര്‍ക്‌സിസ്റ്റു പ്രത്യയശാസ്‌ത്രം താത്ത്വികമായി വികലമാണ്‌; അതിന്റെ പ്രയോഗത്തിലും പരാജയമാണ്‌. പല രാജ്യങ്ങളിലെയും അനുഭവം അതാണു തെളിയിക്കുന്നത്‌. ഇവിടെയുള്ള അവരുടെ പ്രവര്‍ത്തനശൈലിയും അംഗീകരിക്കാനാവില്ല. അതിനെയെല്ലാം എതിര്‍ക്കേണ്ടതുണ്ട്‌. അതുകൊണ്ട്‌ മാര്‍ക്‌സിസ്റ്റുകാരോട്‌ സംഭാഷണം നടത്താന്‍ പാടില്ല എന്നാരും പറയുന്നില്ല. മാര്‍ക്‌സിസ്റ്റുചിന്തയില്‍ നിറഞ്ഞുനില്‌ക്കുന്ന നിരീശ്വരവാദമടക്കമുള്ള വൈകല്യങ്ങളും അതിന്റെ അനന്തരഫലങ്ങളും തിരിച്ചറിയാനാവാതെ അതിന്റെ പിന്നാലെ പോകുന്ന കുറെ ആളുകളുണ്ട്‌. കെണിയില്‍പ്പെട്ടു കിടക്കുന്ന അവരുടെ ഭാവിയോര്‍ത്താണ്‌ എനിക്ക്‌ ആശങ്ക.

? കമ്മ്യൂണിസ്റ്റുനേതാക്കളില്‍ ആരെങ്കിലുമായി അടുപ്പമുണ്ടോ.
പ്രത്യേകിച്ച്‌ അടുപ്പം ആരുമായിട്ടുമില്ല. പരേതനായ കല്യാണകൃഷ്‌ണന്‍നായര്‍ (സി.പി.ഐ) പലപ്പോഴും ഇവിടെ വരികയും സംസാരിക്കുകയും ചെയ്യുമായിരുന്നു. പല നേതാക്കളോടും പല അവസരങ്ങളില്‍ സംസാരിച്ചിട്ടുണ്ട്‌.

? കത്തോലിക്കരുടെ കുട്ടികള്‍ കത്തോലിക്കാസ്‌കൂളുകളില്‍ത്തന്നെ പഠിക്കണമെന്ന പ്രസ്‌താവത്തെ ചില കമ്മ്യൂണിസ്റ്റുനേതാക്കള്‍ തുലനം ചെയ്‌തത്‌ തൊടുപുഴയിലെ കൈവെട്ടുകേസിനോടാണ്‌. എന്താണു പ്രതികരണം.
ആളുകളെ രസിപ്പിക്കാനും മിടുക്കു കാണിക്കാനുമായി അധികം ചിന്തിക്കാതെ അവര്‍ ഇങ്ങനെ പറയുന്നതാണെന്നു കരുതിയാല്‍മതി. കത്തോലിക്കാ മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ കഴിയുന്നിടത്തോളം തങ്ങളുടെ വിദ്യാലയങ്ങളില്‍ അയ്‌ക്കണമെന്നു പറഞ്ഞത്‌ എങ്ങനെയാണ്‌ വര്‍ഗ്ഗീയതയാകുന്നത്‌ എന്നെനിക്കു മനസ്സിലാകുന്നില്ല, എത്ര ചിന്തിച്ചുനോക്കിയിട്ടും. ക്രൈസ്‌തവവിദ്യാലയങ്ങളില്‍ ഇതരസമുദായങ്ങളിലെ കുട്ടികളെ പ്രവേശിപ്പിക്കരുതെന്നല്ലല്ലോ പറഞ്ഞത്‌. മറ്റുള്ളവര്‍ക്കും പ്രവേശനം നല്‌കുകയാണ്‌ ക്രൈസ്‌തവരുടെ നാളിതുവരെയുള്ള പൊതുരീതി. അതേസമയം ന്യൂനപക്ഷത്തിന്‌ ഇക്കാര്യത്തില്‍ മുന്‍ഗണന നല്‌കുകയും വേണം.
ഒന്നാമതായി, ഭാഷാ മതന്യൂനപക്ഷങ്ങള്‍ക്കാണല്ലോ ഭരണഘടന പ്രത്യേക സംരക്ഷണം നല്‌കിയിരിക്കുന്നത്‌. ഹൈറേഞ്ചുഭാഗത്തുള്ള തമിഴ്‌വംശജര്‍ തങ്ങളുടെ സംസ്‌കാരം സംരക്ഷിക്കണമെന്നുദ്ദേശിച്ച്‌ തമിഴ്‌ സ്‌കൂളുകള്‍ സ്ഥാപിച്ചിട്ടുണ്ട്‌. അവിടെയുള്ള തമിഴ്‌നാട്ടുകാര്‍ തങ്ങളുടെ മക്കളെ തമിഴ്‌വിദ്യാലയങ്ങളില്‍ അയ്‌ക്കണമെന്നു പറഞ്ഞാല്‍ അതു തെറ്റാകുമോ? മറ്റ്‌ സ്‌കൂളുകളില്‍ അയച്ചാല്‍ അവരുടെ കുട്ടികള്‍ എങ്ങനെ സ്വന്തം സംസ്‌കാരവും ഭാഷയും പരിചയപ്പെടും? ഇതിനു സമാനമാണ്‌ മതന്യൂനപക്ഷങ്ങളുടെ കാര്യവും.

രണ്ടാമതായി, ഇങ്ങനെ നടത്തുന്ന ക്രൈസ്‌തവവിദ്യാലയങ്ങള്‍ ക്രൈസ്‌തവവിദ്യാര്‍ത്ഥികള്‍ക്കു മുന്‍ഗണന നല്‌കണം. അതോടൊപ്പം, മറ്റുള്ളവര്‍ക്കുവേണ്ടിയും ഇവ തുറന്നിട്ടിരിക്കുകയാണ്‌. ക്രൈസ്‌തവര്‍ മാത്രം പഠിക്കുന്ന ഒരു വിദ്യാലയവും കേരളത്തിലില്ല. ഇങ്ങനെയുള്ള വിദ്യാലയങ്ങളില്‍ പഠിച്ചവരാരും ആ വിദ്യാലയങ്ങളില്‍ വര്‍ഗ്ഗീയത പരിശീലിപ്പിക്കുന്നതായി പറഞ്ഞുകേട്ടിട്ടുപോലുമില്ല.
മൂന്നാമതായി, എല്ലാ മതവിഭാഗങ്ങളും അങ്ങനെ ചെയ്‌താല്‍ വര്‍ഗ്ഗീയത വളരുകയില്ലേ എന്നൊരു ചോദ്യമുണ്ട്‌. അവരവരുടെ വിദ്യാലയങ്ങള്‍ എല്ലാവരും സ്ഥാപിക്കട്ടെ. പക്ഷേ, അവിടങ്ങളില്‍ വര്‍ഗ്ഗീയചിന്തയ്‌ക്ക്‌ ഇടം നല്‌കരുതെന്നുമാത്രം. ഇക്കാര്യങ്ങളൊക്കെ ചുമതലപ്പെട്ടവര്‍ അന്വേഷിക്കട്ടെ. വിവേകം കാണിക്കുന്നവര്‍ക്കുമാത്രം വിദ്യാലയങ്ങള്‍ അനുവദിച്ചാല്‍മതി.

നാലാമതായി, ഈയിടെ മൈനോറിറ്റി വിദ്യാഭ്യാസ കമ്മീഷന്‍ നല്‌കിയ ഒരു വിധിത്തീര്‍പ്പില്‍ ഇങ്ങനെ പറയുന്നുണ്ട്‌: A minority educational institution must, therefore, primarily cater to the requirements of that minority of the State in which the institution is located. If not, the very objective of the establishment of the educational institution would be defeated... Denying admission to a student of the minority community to which the educational institution belongs for the purpose of accommodating a student of the minority community will be the violation of the minority character of a minority educational institution. (Judgement p. 2021)
ഇതില്‍നിന്നെല്ലാം എന്താണ്‌ അനുമാനിക്കേണ്ടത്‌? ഭരണഘടന ഭാഷാമതന്യൂനപക്ഷങ്ങള്‍ക്ക്‌ സംരക്ഷണം നല്‌കുന്നത്‌ അവരുടെ വിദ്യാലയങ്ങളില്‍ കഴിയുന്നിടത്തോളം ന്യൂനപക്ഷവിദ്യാര്‍ത്ഥികള്‍ പഠിക്കണമെന്നു വിചാരിച്ചുതന്നെയാണ്‌. അതിലൂടെ വര്‍ഗ്ഗീയത വളരുമെന്നു ഭരണഘടനാശില്‌പികളാരും വിചാരിച്ചിട്ടില്ല. അങ്ങനെയൊന്ന്‌ ഇവിടെ നടക്കുന്നുമില്ല.

? കാണ്ടമാലിലെ നരഹത്യയേക്കാള്‍ ഹീനമാണ്‌ ഇടതുപ്രത്യയശാസ്‌ത്രത്തിന്റെ കടന്നാക്രമണമെന്ന നിലപാട്‌ വിമര്‍ശിക്കപ്പെട്ടല്ലോ.
പ്രത്യയശാസ്‌ത്രക്കാര്‍ വിമര്‍ശിക്കുന്നതുകൊണ്ട്‌ പറഞ്ഞതു തെറ്റാണെന്നുവരില്ല. തീവ്ര വര്‍ഗ്ഗീയത മൂലം ഒറീസായില്‍ സംഘപരിവാറും മറ്റും ചെയ്‌തത്‌ ഒരു തരത്തിലും നീതീകരിക്കാനാവില്ല. എന്നാല്‍ ഒരു ജനതയെ മുഴുവന്‍ മസ്‌തിഷ്‌കപ്രക്ഷാളനത്തിന്‌ വിധേയമാക്കി, തെറ്റായ ഒരു പ്രത്യയശാസ്‌ത്രത്തിന്റെ അടിമകളാക്കിയാല്‍ കാണ്ടമാലിലേക്കാള്‍ വലിയ ദുരന്തമായിരിക്കും സംഭവിക്കുക. റഷ്യയില്‍ കമ്മ്യൂണിസ്റ്റ്‌പ്രത്യയശാസ്‌ത്രത്തിന്റെ അടിമത്തത്തില്‍ കോടിക്കണക്കിന്‌ ആളുകളാണ്‌ അരുംകൊല ചെയ്യപ്പെട്ടത്‌. സൈബീരിയായിലേക്ക്‌ നാടുകടത്തപ്പെട്ടവരുടെ കാര്യവും മറക്കാറായിട്ടില്ലല്ലോ. കോടിക്കണക്കിനാളുകളെ വിശാസമില്ലാത്തവരാക്കുകയും കൊലപ്പെടുത്തുകയും ചെയ്‌തത്‌ എങ്ങനെ ന്യായീകരിക്കാനാവും?

? വൈദികവര്‍ഷാചരണത്തില്‍ കത്തോലിക്കാസഭ കൂടുതല്‍ വിമര്‍ശനവിധേയയായത്‌ ബ്രഹ്മചര്യപാലനത്തില്‍ ചില വൈദികര്‍ക്കുണ്ടായ വീഴ്‌ചകളെച്ചൊല്ലിയാണ്‌. യഥാര്‍ത്ഥത്തില്‍ ഇത്‌ മാധ്യമങ്ങള്‍ പര്‍വ്വതീകരിച്ച്‌ അവതരിപ്പിച്ചതാണോ.
വൈദികവര്‍ഷത്തില്‍ ഇങ്ങനെ ആരോപണങ്ങളും വിവാദങ്ങളും ഉയര്‍ന്നതില്‍ തീര്‍ച്ചയായും ഖേദമുണ്ട്‌. മിക്ക ആരോപണങ്ങള്‍ക്കും വിഷയമായ കാര്യങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ സംഭവിച്ചതാണ്‌. ചിലതെല്ലാം തെറ്റായ ആരോപണങ്ങളായിരുന്നു. ഇത്തരം വീഴ്‌ചകളില്‍, വേണ്ട ശിക്ഷണനടപടികള്‍ മേലധികാരികള്‍ യഥാസമയം നടത്തിയില്ല എന്ന രീതിയിലാണ്‌ ചില കുറ്റപ്പെടുത്തലുകള്‍ ഉണ്ടായത്‌.
പക്ഷേ, ഇതെല്ലാം ഊതിവീര്‍പ്പിച്ചതില്‍, ഗൂഢതാത്‌പര്യങ്ങളുള്ള മാധ്യമങ്ങള്‍ക്കു വലിയ പങ്കുണ്ട്‌. യഹൂദലോബിയും മതനിഷേധവാദികളുമെല്ലാം കൈകോര്‍ത്ത്‌ സഭയ്‌ക്കെതിരെ പ്രചാരണങ്ങള്‍ നടത്തി. അതോടെ ചില വക്കീലന്മാര്‍ ഈ അവസരം മുതലെടുത്തു. അമേരിക്കയില്‍ ഇതു വളരെ ലാഭമുള്ള പരിപാടിയായിരുന്നല്ലോ. നഷ്‌ടപരിഹാരം നേടാനുള്ള കൊണ്ടുപിടിച്ച ശ്രമവും, പ്രശ്‌നത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വ്യാപകമാകാന്‍ ഇടയാക്കി.

? കേരളത്തിലെ മതങ്ങളും സമുദായങ്ങളും സംഘടനകളും രാഷ്‌ട്രീയപാര്‍ട്ടികളുമെല്ലാം ഒരേ സ്വരത്തില്‍ കുറ്റപ്പെടുത്തുന്നത്‌ മാധ്യമങ്ങളെയാണ്‌. പിതാവ്‌ ഇതേക്കുറിച്ച്‌ ധാരാളം പ്രസംഗിക്കുകയും എഴുതുകയും ചെയ്‌തിട്ടുണ്ട്‌. വാര്‍ത്തകള്‍ നിറപ്പകിട്ടില്ലാതെ പരമാവധി ജനങ്ങളിലെത്തിക്കുക എന്ന കടമ മാത്രമല്ലേ മാധ്യമങ്ങള്‍ നിര്‍വ്വഹിക്കുന്നത്‌.
മാധ്യമ ഉടമകള്‍ക്കും (ചിലര്‍ പാര്‍ട്ടിമേധാവികളുമാണല്ലോ) മാധ്യമപ്രവര്‍ത്തകര്‍ക്കും സ്ഥാപിതതാത്‌പര്യങ്ങളുണ്ടാകാം. അവര്‍ പലപ്പോഴും വസ്‌തുതകളെ നിറംചേര്‍ത്തും വളച്ചൊടിച്ചും മുതലെടുക്കുമെന്നുള്ളത്‌ നിഷേധിക്കാനാവില്ല. ഉദാഹരണത്തിന്‌, കത്തോലിക്കാകുട്ടികളെ കത്തോലിക്കാവിദ്യാലയങ്ങളില്‍ വിടുന്നകാര്യത്തെക്കുറിച്ചു ഞാന്‍ പറഞ്ഞ കാര്യമെടുക്കുക. എന്റെ പ്രസ്‌താവനയുടെ പശ്ചാത്തലം മറച്ചുവെ ച്ചും, പ്രസംഗത്തിലെ ഒരുവാചകംമാത്രം കുറച്ചു വളച്ചൊടിച്ചുമാണ്‌ ഇത്‌ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്‌. മാത്രമല്ല, അതു പല മാധ്യമപ്രവര്‍ത്തകരും ഒരുമിച്ചുകൂടി ആലോചിച്ചുണ്ടാക്കിയതാണെന്ന്‌ സാക്ഷികള്‍ പറഞ്ഞിട്ടുമുണ്ട്‌.
പാര്‍ട്ടിപ്പത്രം വായിച്ചുനോക്കിയാലറിയാമല്ലോ, എത്രയോ വസ്‌തുതകള്‍ അവര്‍ മറച്ചുവെക്കുകയും തെറ്റിദ്ധരിപ്പിച്ച്‌ അവതരിപ്പിക്കുകയും ചെയ്യുന്നു.

? സഭയെക്കുറിച്ച്‌ ഹൃദയത്തില്‍ സൂക്ഷിക്കുന്ന സ്വപ്‌നം.
സഭയ്‌ക്കു വെല്ലുവിളികളില്ലാത്ത കാലഘട്ടമുണ്ടാകില്ല എന്നുവേണം കരുതാന്‍. എന്നാല്‍ സഭയ്‌ക്കുവേണ്ടി ജീവന്‍ ത്യജിക്കാന്‍ സന്നദ്ധതയുള്ള ധാരാളമാളുകള്‍ ഉണ്ടാകണമെന്നതാണ്‌ എന്റെ പ്രാര്‍ത്ഥന. ധാരാളം നല്ല അജപാലകരെ നല്‍കുവാന്‍ ദൈവം കരുണാപൂര്‍വ്വം ഇടയാക്കണമെന്നാണ്‌ എന്റെ പ്രാര്‍ത്ഥന.

? വിമര്‍ശനങ്ങളെ നിരന്തരം നേരിടുമ്പോള്‍, ഇതൊന്നും വേണ്ടിയിരുന്നില്ല എന്ന ചിന്തയാല്‍ മനസ്സ്‌ പതറിപ്പോകാറില്ലേ? എങ്ങനെയാണ്‌ അത്തരം സന്ദര്‍ഭങ്ങളെ മറികടക്കാന്‍ മനസ്സിനെ പാകപ്പെടുത്തുന്നത്‌?
സഭയ്‌ക്കു പുറമേ നിന്നുള്ള വിമര്‍ശനത്തില്‍ എനിക്കൊരിക്കലും ഭയം തോന്നിയിട്ടില്ല. സഭാധികാരത്തിനു സ്വീകാര്യമായ നിലപാടുകളാണ്‌ ഞാന്‍ എന്നും സ്വീകരിച്ചിട്ടുള്ളത്‌. സഭയോടൊത്താകുമ്പോള്‍ ഒന്നും ഭയപ്പെടേണ്ട എന്ന തോന്നലുമുണ്ട്‌.

? ഇടമുറിയാത്ത ധാര്‍മ്മികശക്തിയാണ്‌ ഭാരതത്തിന്റെ സമ്പത്ത്‌. എന്നാല്‍, ഗര്‍ഭഛിദ്രം, സ്വര്‍ഗ്ഗവിവാഹം, വിവാഹബാഹ്യസഹവാസം, ARTബില്‍... ഇവയ്‌ക്കൊക്കെ ഭരണകൂടം നിയമപരിരക്ഷ ഉറപ്പാക്കുകയാണ്‌. ഭാരതത്തിന്റെ ധാര്‍മ്മികബലം നഷ്‌ടമാവുകയാണോ?
ഭാരതത്തിന്റെ മതബോധത്തില്‍ ലോപം വരുന്നതിന്റെ ഫലമാണ്‌ ധാര്‍മ്മികരംഗത്തുണ്ടാകുന്ന വികലതകളും അവയെ നീതീകരിക്കുന്ന നിയമനിര്‍മ്മാണങ്ങളും. ധാര്‍മ്മികതയെ മുറുകെപ്പിടിക്കാന്‍ ഗാന്ധിജിയെപ്പോലെ ധീരതയുള്ള രാഷ്‌ട്രീയക്കാര്‍ നിയമനിര്‍മ്മാണരംഗത്തില്ല എന്ന ദുഃഖകരമായ യാഥാര്‍ത്ഥ്യം നിലനില്‌ക്കുന്നു.

Author :ഫാ. ജോസ്‌ തെക്കേപ്പുറത്ത്‌

Wednesday, August 4, 2010

അബ്രാഹത്തിന്റെ മക്കളും ലോകസമാധാനവും

ലോകജനസംഖ്യയുടെ പകുതിയിലേറെ വരും ക്രൈസ്തവരുടെയും മുസ്ളിങ്ങളുടെയും എണ്ണം. അതിനാല്‍ ലോകത്തില്‍ ഈ രണ്ടു വിഭാഗക്കാരുടെയും സഹവര്‍ത്തിത്വവും സഹകരണവും സമാധാനത്തിനും ലോകത്തിന്റെ നിലനില്പിനും അനിവാര്യമാണ്. ക്രൈസ്തവ സഭാനേതൃത്വവും ഇസ്ളാമിക നേതൃത്വവും പണ്ഡിതമന്യരും ഈ സത്യം തിരിച്ചറിഞ്ഞിട്ടുള്ളവരാണ്. 1997 ജൂണ്‍ മാസം 5-ാം തീയതി അന്നത്തെ വത്തിക്കാനിലെ മതാന്തരസംഭാഷണ കാര്യാലയത്തിന്റെ ആദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ അരിനെന്‍സെ വാഷിംഗ്ടണ്‍ ഡി.സി.യിലെ ജോര്‍ജ് ടൌണ്‍ സര്‍വകലാശാലയില്‍ ക്രൈ സ്തവ-ഇസ്ളാം സംഭാഷണത്തിനായുള്ള കേന്ദ്രം നടത്തിയ മതാന്തരസംഭാഷണത്തില്‍ '21-ാം നൂറ്റാണ്ടിലെ ക്രൈസ്തവ-ഇസ്ളാം ബന്ധങ്ങള്‍' എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ പറഞ്ഞു, 'പരസ്പര സഹകരണത്തോടെ ഈ രണ്ടു മതവിഭാഗങ്ങളും ജീവിക്കണമെങ്കില്‍; അവര്‍ അപരനെ കൂടുതല്‍ മനസ്സിലാക്കുകയും, പരസ്പരം സംഭാഷണങ്ങളില്‍ ഇടപെടുകയും, പൊതുവായ മൂല്യങ്ങള്‍ക്കു സാക്ഷ്യം വഹിക്കുകയും, സമാധാനത്തിനായുള്ള സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും വേണം'.

തന്റെ മതത്തിന്റെ സത്യവും മൂല്യങ്ങളും യഥാര്‍ത്ഥത്തില്‍ മനസ്സിലാക്കി ആ വിശ്വാസത്തിനു വേണ്ടി പ്രതിജ്ഞാബദ്ധരായവര്‍ക്കു മാത്രമാണ് മറ്റുള്ളവരെ ആദരിക്കാനും അവരോട് അര്‍ത്ഥപൂര്‍ണമായ സംഭാഷണത്തില്‍ ഏര്‍പ്പെടാനും കഴിയൂ. ഇന്ന് ക്രൈസ്തവ സംഭാഷത്തിനു ഭീഷണി മുഴക്കുന്നത് അജ്ഞരായ മതതീവ്രവാദികളും മതത്തെ വോട്ടു നേടാനുള്ള ഉപകരണങ്ങളായി ചുരുക്കുന്ന കക്ഷിരാഷ്ട്രീയവുമാണ്. അതിന്റെ ദുരന്തങ്ങളാണ് ലോകമെങ്ങും പ്രത്യേകിച്ച് നമ്മുടെ കേരളത്തിലും നാം ഇന്നു കാണുന്നത്.

കത്തോലിക്കാസഭയുടെ പ്രമാണരേഖയായ രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ ഡിക്രി ഇസ്ളാം മതത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: 'മുഹമ്മദീയരെ ബഹൂമാനപുരസ്സരമാണ് തിരുസഭ വീക്ഷിക്കുന്നത്. അവരും ഏക ദൈവാരാധകരാണ്. സ്വയംസ്ഥിതനും, കരുണാര്‍ദ്രനും, സര്‍വശക്തനും, ഭൂസ്വര്‍ഗസ്രഷ്ടാവും, മനുഷ്യനോടു സംഭാഷിക്കുന്നവനുമായ ജീവനുള്ള ദൈവത്തെയാണ് അവര്‍ ആരാധിക്കുന്നത്' (അക്രൈസ്തവ മതങ്ങള്‍). ചരിത്രത്തില്‍ പലപ്പോഴും ക്രൈസ്തവരും മുസ്ളിങ്ങളും ഏറ്റുമുട്ടിയിട്ടുണ്െടങ്കിലും അതെല്ലാം മറന്ന് ലോകത്തില്‍ സമാധാനത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാന്‍ അബ്രാഹത്തിന്റെ മക്കളെന്ന നിലയില്‍ ക്രൈസ്തവരും മുസ്ളിങ്ങളും ശ്രമിക്കണമെന്നും രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ ശക്തമായി ആഹ്വാനം ചെയ്തു. അതിന്റെ ചുവടുപിടിച്ച് വത്തിക്കാന്റെ മതാന്തരസംഭാഷണത്തിനായുള്ള കാര്യാലയം കാലാകാലങ്ങളില്‍ സര്‍വമതസമ്മേളനങ്ങള്‍ക്കും ക്രൈസ്തവ-ഇസ്ളാം സംഭാഷണങ്ങള്‍ക്കും മുന്‍കൈ എടുത്തിട്ടുണ്ട്. മതാന്തര സംഭാഷണങ്ങളുടെ ചാമ്പ്യനായിരുന്ന ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പറഞ്ഞത്ഇങ്ങനെയാണ്: "മതവും സമാധാനവും ഒന്നിച്ചുപോകുന്നു. മതത്തിന്റെ പേരിലുള്ള യുദ്ധങ്ങള്‍ക്ക് അര്‍ത്ഥമില്ല. മതത്തിന്റെ പേരില്‍ സഹോദരനെ കൊല്ലുന്നവര്‍ക്ക് പരമകാരുണികനായ ദൈവത്തില്‍ വിശ്വാസമുണ്െടന്നു കരുതുന്നില്ല.''

2007-ല്‍ ലോകത്തിലെ 138 വിവിധ മുസ്ളിം വിഭാഗങ്ങളുടെ നേതാ ക്കളും ഇസ്ളാമിക പണ്ഡിതരും ചേര്‍ന്നു മാര്‍പാപ്പയ്ക്കും ക്രൈസ്തവര്‍ക്കും വേണ്ടി എഴുതിയ കത്തിന്റെ തലക്കെട്ടു തന്നെ ഖുറാനില്‍ നിന്നും എടുത്തതായിരുന്നു. "നിങ്ങള്‍ക്കും ഞങ്ങള്‍ക്കും ഇടയിലുള്ള പൊതുവായ പദം'' എന്നത് ഇമ്രാന്‍ കുടുംബത്തിന്റെ സൂറ (3:64)യില്‍ നിന്ന് എടുത്തിട്ടുള്ളതാണ്. ഒരേ ദൈവത്തിലുള്ള വിശ്വാസം തുടങ്ങി രണ്ടുകൂട്ടരെയും ഒന്നിപ്പിക്കുന്ന ഘടകങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നതിലൂടെയേ പരസ്പര സഹവര്‍ ത്തിത്വവും സഹകരണവും വര്‍ദ്ധിപ്പിക്കാനാവുകയുള്ളു എന്നാണ് കത്തിന്റെ സാരം.

2010 ഒക്ടോബര്‍ 19-24 തീയതികളില്‍ റോമില്‍ വച്ച് നടത്തപ്പെടുന്ന 'മിഡില്‍ ഈസ്റ് സിനഡ്' ഇതരമതസ്ഥരുമായി പ്രത്യേകിച്ച് ഇസ്ളാം മതവിശ്വാസികളുമായി നല്ല ബന്ധങ്ങള്‍ സ്ഥാപിക്കാനും പ്രോത്സാഹിപ്പിക്കാനും വളര്‍ത്താനുമുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കുള്ളതാണ്. മാനവിക മൂല്യങ്ങളെയും മനുഷ്യാന്തസ്സിനെയും മുറിപ്പെടുത്തുകയും ഇല്ലാതാക്കുകയും ചെയ്യുന്ന എല്ലാ വിധ്വംസക പ്രവൃത്തികളെയും തിരസ്കരിക്കാനും പരസ്പരം ആദരവും ബഹുമാനവും വളര്‍ത്തുന്നതിന് മദ്ധ്യപൂര്‍വേഷ്യയിലെ ജനങ്ങളെ സഹായിക്കുന്നതിനും ഇത്തരം സിനഡ് ഏറെ ഉപകരിക്കുമെന്നു പ്രതീക്ഷിക്കാം. ഒറ്റപ്പട്ട തീവ്രവാദത്തിന്റെ പേരില്‍ കേരളത്തിലെ ക്രൈസ്തവരും മുസ്ളിങ്ങളും തമ്മിലുള്ള പരസ്പര ധാരണയും സഹകരണമനോഭാവവും യാതൊരു കാരണവശാലും ഇല്ലാതാകാന്‍ ഇടവരാതിരിക്കട്ടെ.Author : ഫാ:കുര്യാക്കോസ് മുണ്ടാടന്‍