Wednesday, May 4, 2011

ഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങളും സഭയും

ഉത്തരവാദിത്വമുള്ള മാതൃപിതൃത്വത്തെപ്പറ്റി കഴിഞ്ഞ പോസ്റ്റില്‍ (click) പ്രസ്താവിച്ച അടിസ്ഥാനപരിഗണകളുടെ വെളിച്ചത്തില്‍ മാത്രമേ ഗര്‍ഭധാരണനിയന്ത്രണമാര്‍ഗങ്ങളുടെ പ്രശ്നം കൈകാര്യം ചെയ്യാനാവൂ .ഈ മാര്‍ഗങ്ങളുടെ വസ്തുനിഷ്ഠമായ പരിഗണനകള്‍ക്ക് രണ്ടാം സ്ഥാനമേയൊള്ളൂ. കാരണം, ഈ മാര്‍ഗങ്ങള്‍ ദമ്പതികള്‍ നേടിയെടുക്കേണ്ട മൂല്യങ്ങള്‍ക് വിധേയമായിരിക്കണം .

ഗര്‍ഭധാരണനിയന്ത്രണമാര്‍ഗങ്ങളുടെ വിശദാംശങ്ങള്‍ നല്‍കുന്നതിനുപകരം ,ദാമ്പത്യപ്രേമവും ഉത്തരവാദിത്വമുള്ള സന്താനോല്പാദനവും തമ്മില്‍ പോരുത്തപ്പെടുന്നതിനു സ്വീകരിക്കുന്ന ഏതു മാര്‍ഗത്തെപ്പറ്റിയും വിധിപറയുന്നതിനു രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ വസ്തുനിഷ്ടമായ ഒരു മാനദണ്ഡം നിര്‍ദേശിക്കുകയാണ് ചെയ്തത് . മനുഷ്യവ്യക്തിയില്‍ അധിഷ്ടിതമായ വസ്തുനിഷ്ടമായ മാനദണ്ഡങ്ങള്‍ വേണം ഗര്‍ഭധാരണം നിയന്ത്രിക്കുന്നതിനുള്ള ഏതൊരു പ്രവര്‍ത്തനത്തിന്റെയും ധാര്‍മികവശം നിര്‍ണയിക്കാന്‍ (GS 51).ഈ പഠനത്തിന്റെ ഔദ്യോകിക വ്യാഖ്യാനമനുസരിച്ച് ഒരു പ്രവര്‍ത്തനം മനുഷ്യന് ചേര്‍ന്നതാണോ അല്ലയോ എന്ന് തീരുമാനിക്കുന്നതിനുള്ള മാനദണ്ഡം മനുഷ്യവ്യക്തിത്വത്തിന്റെ എല്ലാ പ്രധാന വശങ്ങളുടെയും സമുചിതമായ പരിഗണനയാണ് . അതിനാല്‍ വത്തിക്കാന്‍ കൌണ്‍സിലിന്റെ പഠനമനുസരിച്ച് , അന്തിമമായ അപഗ്രഥനത്തില്‍ ദമ്പതികളുടെ മനസാക്ഷി തന്നെയാണ് ,തങ്ങളുടെ സാഹചര്യത്തില്‍ , ദാമ്പത്യസ്നേഹത്തിന്റെയും സന്താനോല്പാദനത്തിന്റെയും മൌലികമൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് ഉപകരിക്കുന്ന ഏറ്റവും നല്ല മാര്‍ഗം ഏതെന്നു തീരുമാനിക്കേണ്ടത് . ഉത്തരവാദിത്വമുള്ള മാതൃപിതൃത്വത്തോട് ബന്ധമുള്ള ഏതു പ്രവര്‍ത്തനത്തിന്റെയും ധാര്‍മികമായ അപഗ്രഥനം ദമ്പതികളുടെ സമഗ്രജീവിതത്തെ സംബന്ധിക്കുന്നതായിരിക്കണം . എന്നുവെച്ചാല്‍ ഭര്‍ത്താവിന്റെയും ഭാര്യയുടെയും വ്യക്തിത്വങ്ങളെയും അവരുടെ പരസ്പരബണ്ഡത്തെയും പൂര്‍ണമായി പരിഗണിച്ചുകൊണ്ടുള്ളതായിരിക്കണം .

ഈ വിഷയത്തെ സംബന്ധിച്ച് വിശദമായ പഠനം നടത്തിയ പൊന്തിഫിക്കല്‍ കമ്മീഷന്റെ അവസാനത്തെ റിപ്പോര്‍ട്ട് ഇന്നത്തെ സാഹചര്യങ്ങളില്‍ ഉത്തരവാദിത്വപൂര്‍ണവും യുക്തിസഹവുമായ പിതൃത്വത്തിന്റെ ആവശ്യകത അംഗീകരിച്ചു .

പൊന്തിഫിക്കല്‍ കമ്മീഷന്‍ അതിന്റെ അവസാന റിപ്പോര്‍ട്ട് പോള്‍ ആറാമന് സമര്‍പ്പിച്ചതിനുശേഷം ഗര്‍ഭധാരണനിയന്ത്രണ മാര്‍ഗങ്ങളെപ്പറ്റി മാര്‍പാപ്പായില്‍ നിന്ന് ഒരു അവസാന വാക്ക് എല്ലാവരും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു . അവസാനം , ആധുനികപ്രശ്നങ്ങളുടെ മുബില്‍ ഉത്തരവാദിത്വമുള്ള മാതൃ പിതൃത്വത്തിന്റെ അവശ്യകത പൂര്‍ണമായി അഗീകരിച്ചുകൊണ്ട് മാര്‍പാപ്പ "മനുഷ്യജീവന്‍ "(Humanae Vitae) എന്ന ചാക്രിക ലേഖനം പ്രസിദ്ധപ്പെടുത്തി . ഉത്തരവാദിത്വമുള്ള മാതൃപിതൃത്വം പ്രാവര്‍ത്തികമാക്കുന്നതിനെപ്പറ്റി പറയുമ്പോള്‍ ഈ ചാക്രികലേഖനം ലൈംഗികസംയോഗത്തിന്റെ ലക്ഷ്യങ്ങളായ ദാമ്പത്യസ്നേഹം, സന്താനോല്പാദനം എന്നിവ തമ്മിലുള്ള അഭേദ്യമായ (Inseparability of ends) ബന്ധം ഉറപ്പിക്കയാണ് ചെയ്യുന്നത് (HV 12). ഈ രണ്ടു ലക്ഷ്യങ്ങളുടെ അഭേദ്യതയുടെ അടിസ്ഥാനത്തിലാണ് ഈ രേഖ ഗര്‍ഭധാരണനിയന്ത്രണമാര്‍ഗങ്ങളുടെ പ്രശ്നം ചര്‍ച്ച ചെയ്യുന്നതു. ഈ ലക്ഷ്യങ്ങള്‍ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ എല്ലാവരും സ്വാഭാവികനിയമം (Natural law) അനുശാസിക്കുന്ന നിയന്ത്രണങ്ങളെ ആദരിക്കേണ്ടതാണ് . ഇതിന്റെ അര്‍ഥം ഓരോ ലൈംഗികസംയോഗവും ജീവനോടു തുറവിയുള്ളതായിരിക്കണമെന്നാണ് . കൃത്രിമഗര്‍ഭനിരോധനമാര്‍ഗത്തിന്റെ ഉപയോഗം അധാര്‍മികമാണ് . അതിനാല്‍ സന്താനോല്പാദനത്തെ നേരിട്ട് തടസ്സപ്പെടുത്തിക്കൊണ്ട് നടത്തുന്ന ജനനനിയന്ത്രണം തെറ്റാണെന്ന് ഈ ചാക്രികലേഖനം ഉറപ്പിച്ചു പ്രസ്താവിക്കുന്നു .നേരിട്ടുള്ള ഗര്‍ഭഛിദ്രവും സ്ത്രീയുടെയോ പുരുഷന്റെയോ വന്ധ്യംകരണവും ലൈംഗികസംയോഗത്തിന്റെ സ്വഭാവിക ഫലത്തെ തടയുന്ന എല്ലാ പ്രവര്‍ത്തികളും -അവ സംയോഗത്തിനു മുബോ സംയോഗസമയത്തോ അതിനു ശേഷമോ ചെയ്യുന്നവയാകാം - തള്ളിക്കളയേണ്ടതാണെന്ന് "മനുഷ്യജീവന്‍ " തറപ്പിച്ചു പറയുന്നു (HV 14). ഇത്തരത്തിലുള്ള കൃത്രിമ ഗര്‍ഭനിരോധനങ്ങള്‍ ദാമ്പത്യ വിശ്വസ്തതക്ക് ഹാനീകരമാകുന്നതിനാലും, സ്ത്രീകളോടുള്ള ആദരവ് നക്ഷ്ടപ്പെടുത്തുന്നതുകൊണ്ടും, ജനങ്ങളുടെ ധാര്‍മ്മികബോധവും നിലവാരവും താഴ്ത്തുന്നതുകൊണ്ടുമാണ് അവയെ തള്ളിക്കളയണമെന്ന് ചാക്രികലേഖനം അനുശാസിക്കുന്നത് (HV 17).

അപ്പോള്‍ പിന്നെ ഉത്തരവാദിത്വമുള്ള മാതൃപിതൃത്വത്തിനു "മനുഷ്യജീവന്‍ " നിര്‍ദ്ദേശിക്കുന്ന പരിഹാരമെന്ത് ? "സ്വാഭാവികനിയമങ്ങളുടെയും നിഷ്ഫലകാലത്തിന്റെയും" ഉപയോഗമാണ് (use of "the natural laws and the rhythms of fertility") നിര്‍ദ്ദേശിക്കപ്പെടുന്ന പരിഹാരം .

"മനുഷ്യജീവന്‍" ഉത്തരവാദിത്വമുള്ള മാതൃപിതൃത്വപ്പപ്പറ്റി പറയുമ്പോള്‍ വത്തിക്കാന്‍ കൌണ്‍സില്‍ നിര്‍ദേശിച്ച മനുഷ്യവ്യക്തിത്വത്തെ സംബന്ധിക്കുന്ന മാനദണ്ഡം കണക്കിലെടുക്കുന്നില്ല. ഇത്തരത്തിലുള്ള ഒരു സമീപനത്തില്‍ ഒരു മാനുഷികപ്രവൃത്തിയെ വിലയിരുത്തുമ്പോള്‍ വ്യക്തിയുടെ ഉദ്ദേശം ,ബാഹ്യപ്രവൃത്തി ,പ്രവൃത്തിയുടെ സാഹചര്യങ്ങള്‍ എന്നിവ പരിഗണിക്കപ്പെടണം .ഇവ കണക്കിലെടുക്കാതെയുള്ള ധാര്‍മികമായ വിധിതീര്‍പ്പ് അപഹാസ്യമായ നിഗമനങ്ങളില്‍ നമ്മെ കൊണ്ട് ചെന്നെത്തിക്കാം .

സഭയുടെ പരമമായ പ്രബോധനാധികാരത്തെ അംഗീകരിച്ചുകൊണ്ട് അവര്‍ ഈ പ്രശ്നത്തെപ്പറ്റി ഇടയലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു ."മനുഷ്യജീവന്‍" എന്ന ചാക്രികലേഖനത്തിന്റെ പഠനങ്ങള്‍ എങ്ങനെയാണ് സ്വീകരിക്കേണ്ടതെന്നും പിന്തുടരേണ്ടതെന്നുമുള്ള കാര്യങ്ങളെക്കുറിച്ച് പ്രായോഗികവും അജപാലനപരവുമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നാം ഇവിടെ പരാമര്‍ശിക്കുന്നു . ഈ മാര്ഗ്ഗനിര്‍ദേശങ്ങളെ മൂന്നായി തിരിക്കാം .

1. ഓസ്ട്രിയ, ഇറ്റലി, ഇംഗ്ലണ്ട്, ബ്രസീല്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ബിഷപ്‌ കോണ്‍ഫറന്‍സുകള്‍ കൃത്രിമനിരോധനങ്ങളുടെ ഉപയോഗത്തെ "മനുഷ്യജീവന്‍ " എന്ന ചാക്രികലേഖനം ഗൌരവതരമായ ഒരു പാപമായി വിശേഷിപ്പിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടുന്നു.

2.കാനഡ ,ഫ്രാന്‍സ്‌ ,സ്വിറ്റ്സര്‍ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ ബിഷപ്സ് കോണ്‍ഫറന്‍സുകള്‍ ചൂണ്ടിക്കാട്ടിയത് ഇങ്ങനെയാണ് : ചാക്രികലേഖനത്തിലെ തത്വങ്ങള്‍ക്കനുസരിച്ചു ജീവിക്കാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുകയും എന്നാല്‍ അപ്രകാരം ചെയ്യാന്‍ കഴിവില്ലാതിരിക്കുകയും ചെയ്യുന്ന ദമ്പതിമാര്‍ ഉത്തരവാദിത്വമുള്ള മാതൃപിതൃത്വത്തിന്റെ ജീവിതം നയിക്കുന്നതിന് വേണ്ടി മറ്റെതെങ്കിലും മാര്‍ഗ്ഗം തിരഞെടുക്കുന്നെങ്കില്‍ തങ്ങള്‍ കര്‍ത്താവിനെ ദ്രോഹിച്ചിട്ടില്ലെന്നു ഉറപ്പായി വിശ്വസിക്കണം .

3.ബല്‍ജിയം, ജര്‍മ്മനി, ഇഗ്ലണ്ട്, ഓസ്ട്രിയ, സ്കാഡിനെവിയ തുടങ്ങിയ രാജ്യങ്ങളിലെ എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സുകള്‍ സഭയുടെ അദ്ധ്യാപനാധികാരത്തിന്റെ (Magisterium) പഠനങ്ങളെ ശ്രദ്ധാപൂര്‍വ്വം ശ്രവിച്ചുകൊണ്ട് , തങ്ങളുടെ മനസാക്ഷിയെ രൂപീകരിക്കാന്‍ വിശ്വാസികള്‍ക്ക് ഗൌരവതരമായ കടപ്പാടുണ്ടെന്ന കാര്യം അവരെ ഓര്‍മ്മിപ്പിച്ചു .

ഈ സാഹചര്യത്തില്‍, വൈദികര്‍ വിശ്വാസികളുടെ സൂക്ഷ്മമനസാക്ഷിയനുസരിച്ചുള്ള തീരുമാനത്തെ ആദരിക്കണം -പ്രത്യേകിച്ചും കൂദാശകളുടെ പരികര്‍മ്മത്തില്‍. തങ്ങളുടെ നിയന്ത്രണത്തിനു അതീതമായ സാഹചര്യങ്ങളില്‍ ചാക്രികലേഖനത്തിലെ നിര്‍ദേശങ്ങളോട് യോചിക്കാത്ത തീരുമാനമെടുക്കാന്‍ വിശ്വാസികള്‍ നിര്‍ബന്ധിതരായിത്തീരുന്ന ചില അവസരങ്ങളുണ്ടാകാമെന്ന കാര്യം മെത്രാന്മാര്‍ മുന്‍കൂട്ടി കാണുന്നു. ഇത്തരം സാഹചര്യങ്ങളില്‍ കുമ്പസാരിക്കേണ്ട അഥവാ വിശുദ്ധ കുര്‍ബാന സ്വീകരണം അസാധ്യമാക്കുന്ന പാപമൊന്നും അവര്‍ ചെയ്യുന്നില്ല .അതേസമയം ഈ ചാക്രികലേഖനം പോലെയുള്ള സഭയുടെ ആധികാരികമായ ഒരു പഠനത്തെ ഒരു വ്യക്തിക്കും അവഗണിക്കാവുന്നതുമല്ല .

(തുടരും...)