നല്ല സംഭാഷണത്തിന് പല ഗുണങ്ങളുമുണ്ട്. പ്രസംഗത്തെക്കാളേറെ സാധാരണ സംസാരത്തിന് ശ്രോതാവിന്റെ അഭിപ്രായങ്ങളിലും നിലപാടുകളിലും മാറ്റം വരുത്താന്‍ കഴിയും. അതൊരു കലയാണ്. അതിന് അനിവാര്യമായിട്ടുള്ളതാണ് നല്ല മനസും നല്ല ഹൃദയവും. നല്ല മനസ് ബുദ്ധിയും അച്ചടക്കവും കഴിവുകളുമൊക്കെ ഉള്‍ച്ചേര്‍ന്നതാണ്. നല്ല ഹൃദയമാവട്ടെ അനുകമ്പയും ആത്മാര്‍ത്ഥതയും ശാലീനതയും ഫലിതവുമൊക്കെയുള്ളതും.
എല്ലാവരും പുകഴ്‌ത്തുന്ന (ലൂക്കാ 4:15) എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന (ലൂക്കാ 4:22) ജനക്കൂട്ടം സന്തോഷപൂര്‍വം ശ്രവിക്കുന്ന (മര്‍ ക്കോ. 12:37) സംസാരശൈലി സ്വന്തമായിട്ടുള്ളവനാണ് യേശു. അവിടുത്തെ സംഭാഷണങ്ങള്‍ ലോകത്തിനു കൈവന്നിട്ടുള്ള അമൂല്യനിധിയാണ്; അതിവിശിഷ്‌ട പൈതൃകമാണ്. വിമര്‍ശകരെപ്പോലും അവ നിശബ്‌ദരാക്കുന്നു. ``പിന്നീട് യേശുവിനോടു ചോദ്യം ചോദിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല'' (മര്‍ക്കോ. 12:34). ``അവനോട് ഉത്തരമായി ഒരു വാക്കുപോലും പറയാന്‍ ആര്‍ക്കും കഴിഞ്ഞില്ല'' (മത്തായി 22:46).
താരതമ്യവിവേചനം ചെയ്യുന്ന ആ സംസാരരീതി എത്ര സമാകര്‍ഷകമാണ്! സീലോഹായിലെ ഗോപുരം വീണു മരിച്ച പതിനെട്ടുപേരെയും മറ്റു ജറുസലെം നിവാസികളെയും പുരസ്‌ക്കരിച്ചുള്ള ചോദ്യം (ലൂക്കാ 13:4) തന്നെ ഉദാഹരണം. അച്ചടക്കമുള്ള ഒരു മനസില്‍നിന്നു മാത്രമേ യോഹന്നാന്റെ ജ്ഞാനസ്‌നാനം എവിടെനിന്ന് എന്ന ചോദ്യം നിര്‍ഗളിക്കൂ (മര്‍ക്കോ. 11:29). അവരോചിതമായി ഫലിതം ഫലിതം കലര്‍ത്തി സംസാരിക്കാനും യേശുവിനറിയാം. ഹേറോദേസിനെ `കുറുക്കന്‍' എന്നു വിശേഷിപ്പിക്കുന്നതു നോക്കുക (ലൂക്കാ 13:32). എത്ര ഭവ്യതയോടെയാണ് റോമന്‍ ഗവര്‍ണറായ പീലാത്തോസിനോടു സംവദിക്കുക: അവര്‍ മറുപടി പറഞ്ഞു `നീ തന്നെ പറഞ്ഞുവല്ലോ' (ലൂക്കാ 23:3). ഉള്‍ക്കാഴ്‌ച പകരുന്നതാണ് ആ വാക്കുകള്‍: കര്‍ത്താവ് അവളോടു പറഞ്ഞു `മര്‍ത്താ, മര്‍ത്താ, നീ പലതിനെക്കുറിച്ചും ഉല്‍ക്കണ്‌ഠാകുലയും അസ്വസ്ഥയുമായിരിക്കുന്നു. ഒന്നുമാത്രമേ ആവശ്യമുള്ളൂ. മറിയം നല്ല ഭാഗം തിരഞ്ഞെടുത്തിരിക്കുന്നു. അത് അവളില്‍നിന്ന് എടുക്കപ്പെടുകയില്ല' (ലൂക്കാ 10:41-42). ആത്മാര്‍ത്ഥതയുടെ തികവുണ്ട് ആ സംഭാഷണങ്ങളില്‍. യേശു സ്‌നേഹപൂര്‍വം അവനെ കടാക്ഷിച്ചുകൊണ്ടു പറഞ്ഞു: ``നി നക്ക് ഒരു കുറവുണ്ട്. പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക. അപ്പോ ള്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക'' (മര്‍ക്കോ. 10:21). വിനയഭാവം പ്രസ്‌ഫുരിക്കുന്ന ചോദ്യമാണ്: എന്തുകൊണ്ടാണ് നീ എന്നെ നല്ലവന്‍ എന്നു വിളിക്കുന്നത്? (മര്‍ക്കോ. 10:18).
അനര്‍ഗ്ഗളവും ഉദ്ദീപ്‌തവുമാണ് ആ സംഭാഷണശൈലി. മറ്റുള്ളവരെ നല്ലവണ്ണം ശ്രവിക്കുന്നവര്‍ക്കാണ് നല്ല രീതിയില്‍ സംസാരിക്കാനും സാധിക്കുക. യേശു തന്റെ പിതാവിനെയും മനുഷ്യരെയും ശ്രവിക്കുന്നവനാണ്.
എന്തൊക്കെയാണ് അവിടുത്തെ സംഭാഷണങ്ങളുടെ മറ്റു സവിശേഷതകള്‍? അവ ഹ്രസ്വമായിരുന്നു. സുദീര്‍ഘമായ സംഭാഷണങ്ങളും വാചകങ്ങളും ശ്രോതാക്കളുടെ ഏകാഗ്രതയ്‌ക്ക് ഭംഗം വരുത്തും. സോദ്ദേശ്യപരമായിരുന്നു ആ സംഭാഷണങ്ങള്‍. പ്രബോധനപരമാണ് അധികവും. ശ്രോതാക്കളെ മനപ്പരിവര്‍ത്തനത്തിനു പ്രേരിപ്പിക്കുന്നവ. വ്യക്തിപരമായ അനുഭവങ്ങളിലും ജനത്തിന്റെ വികാരങ്ങളിലും ഊന്നിയാണ് അവിടുന്ന് സംസാരിച്ചത്. ധൈര്യപ്പെടുത്തലും ശകാരിക്കലുമൊക്കെയുണ്ടാ സംഭാഷണങ്ങളില്‍. ചിലത് ജനങ്ങളെ വിസ്‌മയിപ്പിക്കുന്നു. സീസറിനു നികുതി കൊടുക്കുന്ന പ്രശ്‌നത്തിന് യേശു നല്‍കിയ ഉത്തരം കേട്ട് പ്രതിയോഗികള്‍ `അവനെക്കുറിച്ച് വിസ്‌മയിച്ചു' (മര്‍ക്കോ. 12:17). ചില സംഭാഷണങ്ങള്‍ ശക്തമായ പ്രതികരണത്തിലേക്കും പ്രകോപനത്തിലേക്കും നയിച്ചിട്ടുണ്ട്. മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെ ഉപമ ശ്രവിച്ച പ്രധാന പുരോഹിതന്മാരും നിയമജ്ഞരും ജനപ്രമാണികളും യേശുവിനെ പിടിക്കാന്‍ (മര്‍ക്കോ. 12:1-12) ശ്രമിക്കുകയാണ്. നസ്രത്തിലെ സിനഗോഗില്‍വച്ച് ഏലിയായെ സംരക്ഷിച്ച സറേപ്‌തായിലെ വിധവയേയും കുഷ്‌ഠരോഗവിമുക്തനായിത്തീര്‍ന്ന നാമാനേയും കുറിച്ച് അവിടുന്ന് നടത്തിയ പരാമര്‍ശങ്ങള്‍ കേട്ടവര്‍ കോപാകുലരാകുകയും മലമുകളില്‍നിന്ന് അവിടുത്തെ താഴേക്കു തള്ളിയിടാന്‍ ശ്രമിക്കുകയും (ലൂക്കാ 4:25-29) ചെയ്‌തു.
സൗഹൃദബന്ധങ്ങള്‍ പരിപോഷിപ്പിക്കാനുതകുന്ന സംഭാഷണങ്ങളും കാണുന്നു. അങ്ങ് എവിടെയാണ് വസിക്കുന്നതെന്ന ശിഷ്യന്മാരുടെ ചോദ്യത്തിന് `വന്നു കാണുക' (യോഹ. 1:37-39) എന്നാണ് ഗുരുവിന്റെ പ്രത്യുത്തരം. നഥാനയേലില്‍ ചൊരിയുന്നു പ്രശംസാവചസുകള്‍: ഇതാ നിഷ്‌കപടനായ ഒരു യ ഥാര്‍ത്ഥ ഇസ്രായേല്‍ക്കാരന്‍ (യോഹ. 1:47). മറ്റുള്ളവരെ അംഗീകരിക്കുന്ന സമീപനമുണ്ട് യേശുവിന്റെ വാക്കുകളില്‍. നിയമജ്ഞന്റെ മറുപടിയോടുള്ള അവിടുത്തെ പ്രതികരണം: നീ ശരിയായിത്തന്നെ ഉത്തരം പറഞ്ഞു, ഇതനുസരിച്ചു പ്രവര്‍ത്തിക്കുക (ലൂക്കാ 10:28) എന്നാണ്. ചില സംഭാഷണങ്ങള്‍ ജനക്കൂട്ടത്തെ സന്തോഷിപ്പിക്കുന്നവയായിരുന്നെങ്കില്‍ (മര്‍ക്കോ. 12:37) മറ്റു ചിലത് ദുഃഖിപ്പിക്കുന്നവയായിരുന്നു. ധനികനായ യുവാവ് യേശുവിന്റെ വചനം കേട്ട് വിഷാദിച്ച് സങ്കടത്തോടെ തിരിച്ചു പോയി (മര്‍ക്കോ.10:22).
സംവാദത്തിന്റെയും ആദാനപ്രദാനത്തിന്റെയും ശൈലി യേശുവിനു സുപരിചിതമാണ്. നല്ല സമരിയാക്കാരന്റെ ഉപമയ്‌ക്ക് ആമുഖമായി കാണുന്ന സംഭാഷണങ്ങളും ഉപസംഹാരമായി ചേര്‍ത്തിട്ടുള്ള ചോദ്യോത്തരവും ത ന്നെ ഉദാഹരണം. വളരെയേറെ പ്രേരണാദായകമാണ് യേശുവിന്റെ വചനങ്ങള്‍, അതിലേറെ മഹത്തരവും. യാതൊരുവിധ ഒത്തുതീര്‍പ്പിനും ഇടമില്ലാതെയാണ് അവിടുന്നു സംസാരിക്കുക. ``ദൈവത്തെയും മാമോനെ യും സേവിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല'' (മത്തായി 6:24). ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അ വന്‍ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ (മത്തായി 16:24). ഇവിടെയൊന്നും യാതൊരു വിട്ടുവീഴ്‌ചയ്‌ക്കും യേശു തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ അവിടുന്ന് എന്നും വിവാദത്തിന്റെ ചിഹ്നമായിരുന്നിട്ടുണ്ട്. ആ സംഭാഷണങ്ങള്‍ മിത്രങ്ങളെ എന്നപോലെ ശത്രുക്കളെയും സൃഷ്‌ടിക്കുന്നു (മര്‍ക്കോസ് 12:1-12).
ചോദ്യങ്ങള്‍ യേശുവിന്റെ പ്രബോധനത്തില്‍
പ്രഗത്ഭനായ അധ്യാപകന്‍ ധാരാളം ചോദ്യങ്ങള്‍ ചോദിക്കുന്നവനും വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ സ്വാഗതം ചെയ്യുന്നവനുമാണ്. യേശുവിന്റെ ഏതാണ്ട് നൂറിലേറെ ചോദ്യങ്ങള്‍ സുവിശേഷകന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ ചോദ്യങ്ങളുടെ പൊതുവായ സവിശേഷതകള്‍ എന്തൊക്കെയാണ്? വ്യക്തിപരമോ പ്രായോഗികമോ ആലങ്കാരികമോ പ്രേരണാദായകമോ ചിന്തോദ്ദീപകമോ ആണ് പലതും. വളരെ കൃത്യതയുള്ള സുവ്യക്തവും ഹ്രസ്വവുമായ ചോദ്യങ്ങളുമുണ്ട്. ചിലതൊക്കെ ശ്രോതാക്കളെ നിശബ്‌ദരാക്കുന്നതും ഉത്തരം മുട്ടിക്കുന്നതുമാണ്. ദാവീദ് കര്‍ത്താവേ എന്നു വിളിക്കുന്നവന്‍ സ്വപുത്രനാകുന്നതെങ്ങനെ? ``അവനോട് ഉത്തരമായി ഒരു വാക്കുപോലും പറയാന്‍ ആര്‍ക്കും കഴിഞ്ഞില്ല. അന്നുമുതല്‍ അവനോട് എന്തെങ്കിലും ചോദിക്കാന്‍ ആരും ധൈര്യപ്പെട്ടതുമില്ല (മത്തായി 22:45-46). യോഹന്നാന്റെ ജ്ഞാനസ്‌നാനത്തെപ്പറ്റി ചോദിച്ച യേശുവിനോട് അവന്‍ മറുപടി പറഞ്ഞു: ``ഞങ്ങള്‍ക്കറിഞ്ഞുകൂടാ'' (മത്തായി 21:27).
ഗുരുവിന്റെ ചോദ്യങ്ങളുടെ ഉദ്ദേശ്യങ്ങള്‍ എ ന്തൊക്കെയായിരുന്നു? ശ്രോതാക്കളെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. യോഹന്നാന്റെ മാമ്മോദീസ സ്വര്‍ഗത്തില്‍ നിന്നോ മനുഷ്യരില്‍നിന്നോ? എന്തുത്തരം പറയണമെന്നവര്‍ ചിന്തിക്കുന്നു. വിഷയത്തെ സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ സമാഹരിക്കാന്‍ വേണ്ടിയാണ് ചില ചോദ്യങ്ങള്‍. പിശാചുബാധിതനോട് `നിന്റെ പേരെന്ത്?' എന്നു ചോദിച്ചപ്പോള്‍ `ലെഗിയോന്‍' എന്നവന്‍ പ്രത്യുത്തരിക്കുന്നു (ലൂക്കാ 8:30). ഇവിടെ അശുദ്ധാത്മാവു ആവസിച്ചവനെപ്പറ്റി കൂടുതല്‍ അറിയാന്‍ ശ്രമിക്കുകയാണ് യേശു. വികാരങ്ങളുടെ പ്രവാഹത്തിനു ചാലു കീറുന്നു ചില ചോദ്യങ്ങള്‍: `എന്തുകൊണ്ടാണ് നിങ്ങള്‍ ഇങ്ങനെ ഹൃദയത്തില്‍ ചോദിക്കുന്നത്?' (ലൂക്കാ 5:22). അണലിസന്തതികളേ, ദുഷ്‌ടരായിരിക്കെ നല്ല കാര്യങ്ങള്‍ പറയാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയും? (മത്തായി 12:34). ``ശരിയാണു പറഞ്ഞതെങ്കില്‍ എന്തിനു നീ എന്നെ അടിക്കുന്നു?'' (യോഹ.18:23). ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം യേശു തന്റെ വികാരങ്ങള്‍ വെളിപ്പെടുത്തുകയാണ്. കഥകള്‍ക്ക് ആമുഖമായും സന്ദേശം ശ്രോതാക്കളില്‍ എത്തിക്കാന്‍ അനുപൂരകമായും അവിടുന്ന് ചോദ്യങ്ങള്‍ ചോദിക്കുന്നു.
(തുടരും)
Author: ഫാ. മാത്യു അത്തിക്കല്‍, മാനന്തവാടി
Thursday, March 25, 2010
യേശു വിശ്വൈക ഗുരുനാഥന്‍ - 7
യേശുവിന്റെ സംഭാഷണശൈലി
Subscribe to:
Post Comments (Atom)
No comments:
Post a Comment