Saturday, July 31, 2010

ഇടയലേഖനവും രാഷ്ട്രീയവും

രാഷ്ട്രീയത്തിലെ ധാര്‍മികതയെക്കുറിച്ചു പഠിപ്പിക്കുന്ന, ലോകത്തിലെ ഏറ്റവും വലിയ ഗുരുനാഥയാണു സഭ. സംസ്കാരം, സമ്പദ്ഘടന തുടങ്ങി സാമൂഹികജീവിതത്തിന്റെ മറ്റ്‌ ഏതു മണ്ഡലത്തിലുമെന്നതുപോലെ രാഷ്ട്രീയരംഗത്തും പാലിക്കപ്പെടേണ്ട സദാചാരത്തെക്കുറിച്ച്‌, നീതിയെക്കുറിച്ച്‌, സഭ സ്വന്തം മക്കളെ പഠിപ്പിക്കുന്നു. ആ പ്രബോധനം സഭയ്ക്കു പുറത്തുള്ള നാനാമതസ്ഥരായ സഹോദരങ്ങള്‍ക്കും രാഷ്ട്രീയമാര്‍ഗ ദര്‍ശനമാകുന്നു – ‘രാഷ്ട്രീയം’ എന്ന പദത്തിന്റെ ശരിയായ അര്‍ത്ഥത്തില്‍. എന്താണ്‌ ആ രാഷ്ട്രീയം?

മെയ്‌ 21-ന്‌ അല്‍മായര്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൌണ്‍സിലിന്റെ സമ്പൂര്‍ണ സമ്മേളനത്തെ അഭിസംബോധന ചെയ്ത്‌ ബനഡിക്ട്‌ പതിനാറാമന്‍ മാര്‍പാപ്പ പറഞ്ഞു: “ആദര്‍ശങ്ങളും താല്‍പര്യങ്ങളും തമ്മില്‍ സമതുലിതാവസ്ഥ വരുത്തുന്ന സങ്കീര്‍ണകലയാണു രാഷ്ട്രീയം.” വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ഗ്രൂപ്പുകള്‍ക്കും സമുദായങ്ങള്‍ക്കും തൊഴില്‍ വിഭാഗങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിവിധ താല്‍പര്യങ്ങളുണ്ട്‌. ഈ താല്‍പര്യങ്ങള്‍ പൊരുത്തപ്പെടുത്തണമെങ്കില്‍, അവയോരോന്നും ചില അടിസ്ഥാനാദര്‍ശങ്ങളുമായി രഞ്ജിപ്പിച്ചുകൊണ്ടുവരണം. ഈ ആദര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി സാമൂഹിക, സാമ്പത്തിക, സാംസ്കാരിക കാര്യങ്ങളിലെന്നപോലെ രാഷ്ട്രീയകാര്യങ്ങളിലും ധാര്‍മിക വിലയിരുത്തലും വിധിയെഴുത്തും നടത്തുകയാണ്‌ സഭയുടെ സാമൂഹിക പ്രബോധനം ചെയ്യുന്നത്‌. അതിനെയും ‘രാഷ്ട്രീയ ഇടപെടല്‍’ എന്നാണ്‌ ആരെങ്കിലും വിളിക്കുന്നതെങ്കില്‍ ആ വിളി കേട്ട്‌ സഭ സ്വകര്‍ത്തവ്യത്തില്‍നിന്നു പിന്‍വാങ്ങുകയില്ല. രാഷ്ട്രീയത്തിലെ ധാര്‍മ്മികവിലയിരുത്തലിനും വിധിയെഴുത്തിനും സഭ ആധാരമാക്കുന്ന മുഖ്യ ആദര്‍ശങ്ങള്‍ ഏവയാണ്‌? ദൈവച്ഛായയില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യവ്യക്തിയുടെ അന്തസ്സ്‌, ജനങ്ങള്‍ക്കിടയിലും ജനതകള്‍ തമ്മിലുമുള്ള ഐക്യദാര്‍ഢ്യം, ചെറിയ ഘടകങ്ങള്‍ക്കു ചെയ്യാനാവുന്നത്‌ അവയെത്തന്നെ ഏല്‍പിക്കുന്ന അധീശാധികാരവ്യവസ്ഥ എന്നിവയാണ്‌ അവ. ഈ വിലയിരുത്തലും വിധിയെഴുത്തും എപ്പോഴാണ്‌ സഭ നടത്തുക? രണ്ടാം വത്തിക്കാന്‍ സൂനഹദോസ്‌ അതു പറയുന്നുണ്ട്‌: മനുഷ്യന്റെ മൌലികാവകാശങ്ങളോ ആത്മാക്കളുടെ രക്ഷയോ അതാവശ്യപ്പെടുമ്പോള്‍ (cf. സഭ ആധുനികലോകത്തില്‍, നമ്പര്‍ 76). ഇതിനു കൈക്കൊള്ളാവുന്ന മാര്‍ഗങ്ങളോ? അതേക്കുറിച്ചു സൂനഹദോസ്‌ പറയുന്നത്‌ “ഇതിനു സഭ സ്വീകരിക്കുന്ന മാര്‍ഗം – ഒരേയൊരു മാര്‍ഗം – സുവിശേഷത്തിനും സ്ഥലകാല സാഹചര്യങ്ങളുടെ വൈവിധ്യമനുസരിച്ചുള്ള പൊതുനന്‍മയ്ക്കും യോജിച്ചതായിരിക്കണം” എന്നാണ്‌. ഈ സൂനഹദോസ്‌ പ്രബോധനത്തിന്റെ അന്തസ്സത്തയോടു പൂര്‍ണമായും ഇണങ്ങിയാണ്‌ ഭൌതിക – നിരീശ്വര പ്രലോഭനങ്ങളെ അതിജീവിക്കുവാന്‍ ആഹ്വാനം ചെയ്തുകൊണ്ട്‌ കേരളത്തിലെ കത്തോലിക്കാ മെത്രാന്‍മാര്‍ 2008 ജനുവരി 20-നു സംയുക്ത ഇടയലേഖനം പുറപ്പെടുവിച്ചത്‌.

അതിനുശേഷം ഇന്നോളം അഭിവന്ദ്യപിതാക്കന്‍മാര്‍ ഒറ്റയ്ക്കോ കൂട്ടായോ രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചു നടത്തിയിട്ടുള്ള വിലയിരുത്തലുകളും പരാമര്‍ശങ്ങളും ആ സന്ദേശത്തിന്റെ വിപുലീകരണങ്ങളോ സംഗ്രഹങ്ങളോ ആണ്‌. അതു സഭയുടെ പൊതുവായ സന്ദേശമാണ്‌. പൊതുജീവിതത്തിന്റെ ഏതെങ്കിലും മേഖലയില്‍ കത്തോലിക്കരുടെ മേധാവിത്വം സ്ഥാപിക്കുന്നതോ കത്തോലിക്കാ വ്യക്തികളുടെ സങ്കുചിതമായ ഏതെങ്കിലും താല്‍പര്യങ്ങള്‍ ഉറപ്പിക്കുന്നതോ കത്തോലിക്കാ സ്ഥാപനങ്ങള്‍ക്ക്‌ അനര്‍ഹമായതെന്തെങ്കിലും നേടിയെടുക്കുന്നതോ മുന്‍നിറുത്തിയല്ല, കേരളീയ സമൂഹത്തിന്റെ പൊതുനന്‍മയും ആത്മാക്കളുടെ രക്ഷയും മുന്‍നിറുത്തിയാണ്‌, മറ്റേതു രംഗത്തുമെന്നപോലും രാഷ്ട്രീയത്തിലും സഭ ധാര്‍മിക മാര്‍ഗദര്‍ശനം നല്‍കുന്നതെന്ന്‌ ആ ഇടയലേഖനത്തിലൂടെ ഒരാവര്‍ത്തിയെങ്കിലും കടന്നുപോകുന്ന ഏതു മലയാളിക്കും മനസ്സിലാകും. “വിശ്വാസജീവിതംപോലും അതിന്റെ സാമൂഹികമാനം മറന്നു വ്യക്തിഗതമാകുകയും സ്വകാര്യവത്കരിക്കപ്പെടുകയും” ചെയ്യുന്നതിലെ ഭൌതികതയ്ക്കെതിരെ ജാഗ്രതപാലിക്കാന്‍ പിതാക്കന്‍മാര്‍ ആവശ്യപ്പെടുന്നു; സീസറിന്റേതു സീസറിനും ദൈവത്തിന്റേതു ദൈവത്തിനും നല്‍കുക എന്നതിന്റെ തെറ്റായ വ്യാഖ്യാനങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട്‌, സഭയുടെയും രാഷ്ട്രീയത്തിന്റെയും അധികാരങ്ങള്‍ തമ്മിലുള്ള ശരിയായ ബന്ധം വരച്ചുകാട്ടുന്നു; മനുഷ്യന്‍ രൂപം കൊടുക്കുന്ന എല്ലാ സംവിധാനങ്ങളും നിയമങ്ങളും ആത്യന്തികമായി ദൈവികനിയമങ്ങള്‍ അനുസരിച്ചുള്ളവയാകണം എന്ന്‌ ഓര്‍മിപ്പിക്കുന്നു; നമ്മുടെ നാട്ടില്‍ രാഷ്ട്രീയ പ്രത്യയശാസ്ത്രം നിരീശ്വരത്വം വളര്‍ത്താന്‍ ശ്രമിക്കുന്നതിന്റെ അപകടം മുന്നറിയിക്കുന്നു; സര്‍വാധിപത്യം ഉള്‍ക്കൊള്ളുന്ന വൈരുധ്യാത്മക ഭൌതികവാദം ജനാധിപത്യമൂല്യങ്ങളോടും ജനാധിപത്യസ്ഥാപനങ്ങളോടും കാട്ടുന്ന അസഹിഷ്ണുതയിലെ അപകടം ചൂണ്ടിക്കാട്ടുന്നു; ശാസ്ത്രസാങ്കേതിക അറിവിനൊപ്പം ഈശ്വരവിശ്വാസവും ധാര്‍മികമൂല്യങ്ങളും കുട്ടികള്‍ക്കു കരഗതമാകുന്നതിനു സഹായകമായ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മക്കളെ പഠിപ്പിക്കുന്നതിനു മാതാപിതാക്കള്‍ക്കു കടമയുണ്ടെന്ന്‌ അനുസ്മരിപ്പിക്കുന്നു; സമുദായിക – മതവികാരങ്ങള്‍ ഉണര്‍ത്തി മറ്റുള്ളവരോട്‌ അകല്‍ച്ചയും ശത്രുതയും ജനിപ്പിക്കുന്നതിലെ അപകടത്തിനെതിരെ വിരല്‍ചൂണ്ടുന്നു; മതമൌലികവാദം പ്രായോഗിക നിരീശ്വരവാദം തന്നെയാണെന്നു വിലയിരുത്തുന്നു.

കേരളീയസമൂഹം ഇന്നു പൊതുവില്‍ നേരിടുന്ന വെല്ലുവിളികളുടെ പശ്ചാത്തലമുണ്ട്‌ ആ സംയുക്ത ഇടയലേഖനത്തിലെ ഓരോ ഖണ്ഡികയ്ക്കും. വിശ്വാസികളുടെ ജീവിതത്തിലെ ഭൌതികതയ്ക്കെതിരായ മുന്നറിയിപ്പില്‍ തുടങ്ങി അതിലെ ഓരോ ഖണ്ഡികയും തങ്ങളുടെ നേര്‍ക്കാണു വരുന്നതെന്ന്‌ ‘സര്‍വാധിപത്യം ഉള്‍ക്കൊള്ളുന്ന വൈരുദ്ധ്യാത്മക ഭൌതികവാദ’ക്കാര്‍ ഭയക്കുന്നുവെങ്കില്‍ ആ ഭയപ്പാടു തീര്‍ക്കുവാന്‍ ആര്‍ക്കുമാവില്ല. അതു കേരളത്തിലെ പിതാക്കന്‍മാര്‍ രാഷ്ട്രീയം കളിക്കുന്നതുകൊണ്ടല്ല; കത്തോലിക്കാസഭ ലോകത്തെവിടെയും പഠിപ്പിക്കുന്ന രാഷ്ട്രീയ സദാചാരം ഇങ്ങനെയായതുകൊണ്ടാണ്‌. പൊതുസമൂഹത്തിലെ മറ്റു മതസ്ഥര്‍ക്ക്‌ ഈ ‘രാഷ്ട്രീയം’ വിശദീകരിച്ചുകൊടുക്കുവാന്‍ കൂടുതല്‍ അല്‍മായര്‍ പരിശീലിപ്പിക്കപ്പെടേണ്ട നേരമാണിത്‌.

Author: ജോസ് ടി

1 comment:

Johny said...

വിശ്വാസികളുടെ ജീവിതത്തിലെ ഭൌതികതയ്ക്കെതിരായ മുന്നറിയിപ്പില്‍ തുടങ്ങി അതിലെ ഓരോ ഖണ്ഡികയും തങ്ങളുടെ നേര്‍ക്കാണു വരുന്നതെന്ന്‌ ‘സര്‍വാധിപത്യം ഉള്‍ക്കൊള്ളുന്ന വൈരുദ്ധ്യാത്മക ഭൌതികവാദ’ക്കാര്‍ ഭയക്കുന്നുവെങ്കില്‍ ആ ഭയപ്പാടു തീര്‍ക്കുവാന്‍ ആര്‍ക്കുമാവില്ല. അതു കേരളത്തിലെ പിതാക്കന്‍മാര്‍ രാഷ്ട്രീയം കളിക്കുന്നതുകൊണ്ടല്ല; കത്തോലിക്കാസഭ ലോകത്തെവിടെയും പഠിപ്പിക്കുന്ന രാഷ്ട്രീയ സദാചാരം ഇങ്ങനെയായതുകൊണ്ടാണ്‌.