Monday, January 24, 2011

ആശാന്‍കവിതകളിലെ ക്രൈസ്തവദര്‍ശനം

അനന്യമായ കല്പനാവൈഭവവും അന്യൂനമായ കാവ്യഭംഗിയും കൊണ്ട് അനുദിനം ധന്യമായിക്കൊണ്ടിരിക്കുന്ന മലയാള കവിതയെ ഈ ഉത്തുംഗതയിലേക്ക് കൈപിടിച്ചാനയിച്ച മഹാരഥന്മാര്‍ നിരവധിയാണ്. കവിത ജനിച്ച കാലംതൊട്ടിന്നോളം അവളെ പാലൂട്ടിയും താരാട്ടിയും വളര്‍ത്തിയെടുത്തിട്ട് മണ്‍മറഞ്ഞുപോയ കവിശ്രേഷ്ഠന്മാരുടെ ഗണത്തില്‍ കുമാരനാശാന്‍ എന്ന മഹാകവി മുമ്പില്‍ത്തന്നെയുണ്ട്. ആസ്വാദകമനസ്സുകളില്‍ പൂമഴ ചൊരിയുന്ന നിരവധി കവിതാഹാരങ്ങള്‍ ഭാഷാമോഹിനിയുടെ സുന്ദരകണ്ഠത്തിലണിയിച്ചനുഗ്രഹിച്ച ആ വിശ്വമഹാകവി പല്ലനയാറ്റില്‍ മുങ്ങി മറഞ്ഞിട്ട് ഈ ജനുവരി പതിനേഴാംതീയതി എണ്‍പത്തിയേഴു വര്‍ഷം പൂര്‍ത്തിയാകുന്നു.
ക്രൈസ്തവനേതാക്കള്‍ അവഹേളിക്കപ്പെടുകയും ക്രിസ്തീയവിശ്വാസം നിന്ദിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന ഇക്കാലത്ത് കുമാരനാശാന്റെ രചനകളിലെ ബൈബിള്‍സാന്നിധ്യത്തിലേക്ക് ഒരെത്തിനോട്ടം അവസരോചിതമാണെന്ന തോന്നലാണ് ഈ ലേഖനത്തിനു നിമിത്തമായത്.

'ദുരവസ്ഥ'യുടെ കര്‍ത്താവിന് നേരിട്ട ദുരവസ്ഥ മലയാളസാഹിത്യത്തില്‍ ഇന്നോളം മുഴങ്ങിക്കേട്ടിട്ടുള്ളതില്‍ ഏറ്റവും ഉജ്ജ്വലവും സുദൃഢവുമായ ഗംഭീരശബ്ദത്തിന്റെ പ്രഘോഷകനെയാണ് ആറ്റുവെള്ളത്തില്‍ മുക്കിത്താഴ്ത്തി ശ്വാസം മുട്ടിച്ച് കൊന്നുകളഞ്ഞത്. ആ ദാരുണസംഭവം കൈരളിയുടെ ആത്മാവിലേല്പിച്ച ആഘാതത്തിന്റെ നൊമ്പരം ഒരു നൂറ്റാണ്േടാളം പിന്നിട്ടു പോന്ന ഇന്നും വിട്ടുമാറിയിട്ടില്ല. മലയാളകവിതയുടെ മലര്‍വാടിയില്‍ കൊഴിഞ്ഞുകിടക്കുന്ന ആ 'വീണപുവി' നെ നോക്കി സാഹിത്യാത്മാവ് ഇപ്പോഴും 'പ്രരോദനം' ചെയ്യുന്നത് ചെവിയോര്‍ത്താല്‍ കേള്‍ക്കാം.

"ഇപ്പശ്ചിമാബ്ധിയില്‍ മുങ്ങിന താരമാരാ
ലുല്പന്ന ശോഭമുദയാദ്രിയിലെത്തിടും പോല്‍
സല്പുഷ്പമേ, യിവിടെ മറഞ്ഞു സുമേരുവിങ്കല്‍
കല്പദ്രുമത്തിന്നുടെ കൊമ്പില്‍ വിടര്‍ന്നിടാം നീ.''

ക്രൈസ്തവവിശ്വാസത്തിന്റെ ആധാരശിലകളിലൊന്നായ മരണാനന്തരജീവിതത്തെ ഇത്ര കാല്പനികമായി വരച്ചു കാണിക്കാന്‍ മറ്റേതൊരു കവിക്കാണ് കഴിഞ്ഞിട്ടുള്ളത്? ആചാരാനുഷ്ഠാനങ്ങളുടെ അടിത്തറകളെ പരിവര്‍ത്തനങ്ങളുടെ അടിയൊഴുക്കുകള്‍ ഇളക്കിമറിക്കുന്ന ഇക്കാലത്ത് സത്യോന്മുഖമായ ജീവിതമൂല്യങ്ങളുടെ പ്രായോഗികതയും തദനുസൃതമായ കൃത്യനിര്‍വ്വഹണവുമാണ് മതാനുഭവത്തിന്റെ കാതലായ ഘടകം. കൊഴിഞ്ഞുകിടന്നിരുന്ന പൂവിലാരംഭിച്ച്
"പതിതകാരുണികരാം ഭവാദൃശസുതന്മാരെ
ക്ഷിതി ദേവിക്കിന്നു വേണമധികം പേരേ...!''
എന്നു പാടി അങ്കുശമിട്ട ആ കാവ്യജീവിതം അമൂല്യങ്ങളായ സനാതനസത്യങ്ങളുടെ പെരുമ്പറകൊട്ടിയുള്ള ഒരുല്‍ഘോഷണമായിരുന്നു.'വീണപൂവി'ല്‍ നിന്ന് 'കരുണ' യിലേക്കുള്ള ആ കാവ്യോപാസനയുടെ തീര്‍ത്ഥാടനം, ചിറയിന്‍കീഴ് താലൂക്കിലെ കടയ്ക്കാവൂര്‍ ഗ്രാമത്തിലാരംഭിച്ച് പല്ലനയാറ്റിലെ നിലയില്ലാക്കയത്തില്‍ അവസാനിച്ച ആ മഹാജീവിതത്തിന്റെ ആശയസമാഹാരമാണ്. അദ്ദേഹത്തിന്റെ നിരന്തരമായ സരസ്വതീതപസ്യയില്‍നിന്നു വിരിഞ്ഞ കാവ്യതല്ലജങ്ങള്‍ മഹത്തായ മനുഷ്യാവകാശപ്രഖ്യാപനത്തിന്റെ മധുരോദാരമായ മാഗ്നാകാര്‍ട്ടാ പോലെ ഒളിമിന്നി വിരാജിക്കുന്നു, മലയാളകവിതയുടെ ആത്മതന്ത്രികളില്‍. അവയാകട്ടെ ജഗദ്ഗുരുവായ യേശുനാഥന്‍ ലോകത്തിന് കാണിച്ചുകൊടുത്ത വിശ്വോത്തരമായ വിശ്വാസസംഹിതയുടെ വിശ്വവശ്യങ്ങളായ വിശദീകരണങ്ങളാണുതാനും!

"സ്നേഹമാണഖിലസാരമൂഴിയില്‍
സ്നേഹസാരമിഹ സത്യമേകമാം''
എന്ന ഉല്‍കൃഷ്ടമായ ആ ഉല്‍ഘോഷണം രണ്ടായിരം വര്‍ഷംമുമ്പ് ഒരു 'പുതിയ പ്രമാണം' മനുഷ്യമക്കള്‍ക്കു നല്‍കിയ നസ്രത്തിലെ സ്നേഹഗായകന്റെ ഏറ്റുപാടലല്ലേ? 'വിചിത്രവിജയ' ത്തില്‍ രാജ്യഭ്രഷ്ടനാക്കപ്പെട്ട കോസലരാജാവിനെ കൊല്ലാന്‍ കൊണ്ടുപോകവേ, അദ്ദേഹത്തെക്കൊണ്ട് സ്വപുത്രനായ ദീര്‍ഘബാഹുവിനെ.

"സ്നേഹിക്ക, യുണ്ണീ നീ നിന്നെ
ദ്രോഹിക്കുന്ന ജനത്തെയും;
ദ്രോഹം ദ്വേഷത്തെ നീക്കിടാ
സ്നേഹം നീക്കീടു, മോര്‍ക്ക നീ''
എന്ന് ഉപദേശിപ്പിച്ച മഹാകവി അനുസ്മരിച്ചത് 'നിന്റെ ശത്രുക്കളെ സ്നേഹിക്കാനും നിന്നെ ദ്വേഷിക്കുന്നവര്‍ക്കു നന്മ ചെയ്യാനും' ഉപദേശിച്ച ദിവ്യഗുരുവിനെയല്ലെങ്കില്‍ പഴയനിയമത്തിലെ വലിയ തോബിയാസിനെയാണ്; തീര്‍ച്ച.

സങ്കീര്‍ത്തകനെപ്പോലെ അദ്ദേഹവും പാടുന്നു:

"ചന്തമേറിയ പൂവിലും ശബളാഭമാം ശലഭത്തിലും
സന്തതം കരതാരിയന്നൊരു ചിത്ര ചാതുരി കാട്ടിയും
ഹന്ത! ചാരുകടാക്ഷമാലകളര്‍ക്കരശ്മിയില്‍ നീട്ടിയും
ചിന്തയാം മണിമന്ദിരത്തില്‍ വിളങ്ങുമീശനെ വാഴ്ത്തുവിന്‍!''

സൃഷ്ടിയുടെ മാഹാത്മ്യവും ദൈവത്തിന്റെ പരിപാലനയും മനുഷ്യമനസ്സിലെ ദൈവികചിന്തകളും മനോഹരമായി ഇവിടെ സമന്വയിപ്പിച്ചിരിക്കുന്നു! അനുഗൃഹീതമായ ആ തൂലികയില്‍നിന്നുറവാണ്ടതും വിശുദ്ധഗ്രന്ഥത്തിന്റെ സാന്നിധ്യനിറവുള്ളതുമായ ഏതാനും ഉദ്ധരണികള്‍ നോക്കുക.

"സചേതനാചേതനമിപ്രപഞ്ചം
സര്‍വം വിളക്കുന്ന കെടാവിളക്കേ,
സമസ്ത ഭവ്യങ്ങളുമുള്ളിലാഴ്ത്തും
സ്നേഹപ്പരപ്പിന്‍ കടലേ തൊഴുന്നേന്‍.''
"നാമിങ്ങറിയുവതല്പം, എല്ലാ
മോമനേ ദേവസങ്കല്പം!''

എരിഞ്ഞടിയുന്ന ചിതയില്‍ കരിഞ്ഞമരുന്ന ആത്മസുഹൃത്തിനെ നോക്കിക്കൊണ്ട് -

"കഷ്ടം! സ്ഥാനവലിപ്പമോ പ്രഭുതയോ
സജ്ജാതിയോ വംശമോ
ദൃഷ്ടശ്രീ തനുധാടിയോ ചെറുതുമിങ്ങോരില്ല ഘോരാനലന്‍;
സ്പഷ്ടം മാനുഷഗര്‍വമൊക്കെ
യിവിടെപ്പുക്കസ്തമിക്കുന്നി-
ങ്ങിഷ്ടന്മാര്‍ പിരിയുന്നു ഹാ! യിവിടമാണദ്ധ്യാത്മവിദ്യാലയം!''
എന്നു പറഞ്ഞ മഹാകവി

"എണ്ണീടുകാര്‍ക്കുമിതുതാന്‍ഗതി, സാധ്യമെന്ത്?
കണ്ണീരിനാലവനിവാഴ്വൂ, കിനാവ് കഷ്ടം!''
"തിരയുന്നു മനുഷ്യനേതിനോ
തിരിയാ ലോകരഹസ്യമാര്‍ക്കുമേ...!''

എന്നിങ്ങനെ ലോകസുഖങ്ങളുടെ ക്ഷണികതയെയും മനുഷ്യജീവിതത്തിന്റെ ദുര്‍ബലതയെയും വരച്ചുകാണിക്കുന്നത് എത്രമാത്രം ക്രിസ്തീയമായിരിക്കുന്നു! ലോകാസക്തികളുടെ നശ്വരതയെ വിളംബരം ചെയ്യുന്ന 'വീണപൂവി'ലും ലൌകികരായ ലീലാമദനന്മാര്‍വഴി സ്ഥിരവും പരിശുദ്ധവുമായ പ്രണയത്തിന്റെ സ്വഭാവവും ശക്തിയും സ്പഷ്ടമാക്കുന്ന 'ലീല' യിലും ഒരു പടി കൂടി കടന്നിട്ട് നളിനിയുടെയും ദിവാകരന്റെയും അനുഭവത്തിലൂടെ പ്രണയം സാക്ഷാല്‍ ദൈവികമാണെന്നും അതിന്റെ ലക്ഷ്യം സത്യമായ ഭക്തിയാണെന്നും ഉല്‍ഘോഷിക്കുന്ന 'നളിനി' യിലും അടങ്ങിയിരിക്കുന്ന സാഹിത്യമൂല്യവും ജീവിതവീക്ഷണവും എത്രയോ അഭൌമമാണ്, എത്രയോ ഉദാത്തമാണ്!
പണ്ട് യാക്കോബിന്റെ കിണറ്റുകരയില്‍ വച്ച് ക്രിസ്തുനാഥന്‍ ഒരു സമറായസ്ത്രീയോട് ദാഹജലം ചോദിച്ചു. പകരം, കുടിച്ചാല്‍ പിന്നീട് ഒരിക്കലും ദാഹിക്കാത്ത ആത്മീയജലം അവിടുന്ന് അവള്‍ക്ക് പ്രദാനം ചെയ്തു. ഈ സംഭവത്തിലും, ഒരു ആനന്ദഭിക്ഷുവിനെക്കൊണ്ട് ചണ്ഡാലകന്യകയോട് വെള്ളം ചോദിപ്പിക്കുകയും തുടര്‍ന്ന് അവളുടെ പ്രണയദാഹത്തിന് പൂര്‍ണ്ണമായ ശമനം വരുത്തിക്കുകയും ചെയ്ത 'ചണ്ഡാലഭിക്ഷുകി' യിലും അടങ്ങിയിരിക്കുന്ന നിത്യസത്യങ്ങള്‍ക്ക് പൊരുത്തക്കേട് കല്പിക്കാന്‍ ആര്‍ക്കു കഴിയും? അയിത്താചരണത്തിന്റെയും ആഭിജാത്യചിന്തയുടെയും നമ്പൂതിരിയില്ലത്തുനിന്ന് സാവിത്രി എന്ന അന്തര്‍ജ്ജനത്തെ വിളിച്ചിറക്കിക്കൊണ്ടുപോയ ആ മനുഷ്യസ്നേഹി ചാത്തന്റെ പറയക്കുടിയിലേക്ക് അവളെ സ്വാഗതം ചെയ്യിച്ചത് സമത്വസാഹോദര്യങ്ങളുടെ വിത്തുപാകലായിരുന്നു എന്ന വസ്തുത നിഷേധിക്കാനാവുമോ ആര്‍ക്കെങ്കിലും?

അന്ന് ഉത്തരമധുരാപുരിയിലെ വിസ്തൃതമായ രാജവീഥിയുടെ കിഴക്കേ അരികില്‍

"ചിന്നിയ പൂങ്കുലകളാം പട്ടു തൊങ്ങല്‍ ചൂഴുമൊരു
പൊന്നശോകം വിടര്‍ത്തിയ കുടതന്‍ കീഴില്‍''
മെല്ലെയൊട്ടു ചാഞ്ഞ്, വക്കില്‍ കസവുമിന്നും പൂവാടയൊരു വശത്താക്കി ലോലമോഹനമായ തങ്കപ്പങ്കജമൊപ്പം കജ്ജബാണന്റെ പട്ടമഹിഷിയായി വിലസിയ ആ മഞ്ജുളാംഗി "ധനപതികള്‍ കാല്ക്കല്‍ കനകാഭിഷേകം ചെയ്താല്‍ പോലും'' തിരിഞ്ഞൊന്ന് കടാക്ഷിക്കാന്‍ വിമുഖയായിരുന്ന വാസവദത്തയെന്ന വിശ്വമോഹിനി കാലം കടന്നുപോയപ്പോള്‍,

"ഇലയും കുലയുമരിഞ്ഞിടവെട്ടിമുറിച്ചിട്ട
മലവാഴത്തടിപോലെ മലര്‍ന്നടിഞ്ഞ്''
കിടക്കുന്ന ആ രംഗമൊന്നു സങ്കല്പിച്ചു നോക്കുക. ഒന്നിന്മേലൊന്ന് കയറ്റിവച്ച് പൊന്‍തളകള്‍ കിലുക്കിക്കിലുക്കിക്കൊണ്ടിരുന്ന പാദങ്ങളും മലര്‍ച്ചെണ്ടുകള്‍ പിടിച്ച് ചുഴറ്റിയ കരങ്ങളും വിറകുകമ്പുകള്‍ പോലെ വെട്ടിക്കെട്ടി വച്ചിരിക്കുന്നു. കോടീശ്വരന്മാര്‍ കനകാര്‍ച്ചന നടത്തിയ ആ പാദങ്ങളെയും സ്വര്‍ണ്ണത്തുട്ടുകളിട്ട് അമ്മാനമാടിയ ആ കരങ്ങളെയും കാട്ടുകാക്കകളിട്ട് കൊത്തിപ്പറിക്കുന്നു. അന്ന് രാമച്ചവിശറി പനിനീരില്‍ മുക്കി വീശിയിരുന്ന തോഴി ഇന്ന്,

"കരവല്ലിയൊന്നില്‍ കാകതര്‍ജ്ജനത്തിനേന്തിയുള്ളോ-
രരയാല്‍ ചില്ലിയാട്ടിയുമശ്രുവര്‍ഷിച്ചും''
അടുത്തിരിക്കുന്നു. ഈ രംഗം ചൂണ്ടിക്കാട്ടിക്കൊണ്ട് മഹാകവി സിദ്ധാന്തിക്കുകയാണ്:

"ഹാ! സുഖങ്ങള്‍ വെറും ജാലം, ആരറിവൂ നിയതിതന്‍
ത്രാസു പൊങ്ങുന്നതും താനേ താണു പോവതും!''
ലൌകികപ്രതാപങ്ങളും ഭൌതികസുഖങ്ങളും വെറും മിഥ്യയാണെന്നു പഠിപ്പിക്കുന്ന ക്രൈസ്തവികതയുടെ ചൂണ്ടുപലകകളല്ലേ മുകളില്‍ കണ്ട ദുരന്തനാടകം? ആ മഹാകവിയുടെ കാവ്യപൂജ ആസകലമെടുത്തു പരിശോധിച്ചാലും ഈ വസ്തുതയ്ക്കു വിരുദ്ധമായ ഒരു വാക്കുപോലും കണ്ടുപിടിക്കാനാവില്ല തന്നെ.
ചുരുക്കത്തില്‍ കറയറ്റ ക്രൈസ്തവദര്‍ശനങ്ങളുടെ അടിത്തറയില്‍ ചുവടുറപ്പിച്ചുനിന്നുകൊണ്ടാണ് ആ കവിപുംഗവന്‍ മലയാളകവിതയുടെ ഗതിയെ ഗതാനുഗതികത്വത്തില്‍ നിന്ന് നവനവോല്ലേഖകല്പനകളിലേക്കു തിരിച്ചുവിട്ടത്.

Author: കൊഴുവനാല്‍ ജോസ്


1 comment:

Johny said...

"എണ്ണീടുകാര്‍ക്കുമിതുതാന്‍ഗതി, സാധ്യമെന്ത്?
കണ്ണീരിനാലവനിവാഴ്വൂ, കിനാവ് കഷ്ടം!''
"തിരയുന്നു മനുഷ്യനേതിനോ
തിരിയാ ലോകരഹസ്യമാര്‍ക്കുമേ...!''