Wednesday, March 17, 2010

യേശു വിശ്വൈക ഗുരുനാഥന്‍ - 4


ശ്രദ്ധ യേശുവിന്റെ അധ്യാപനത്തില്

ഒരു മനസ്‌ മറ്റൊന്നില്‍ വിലീനമാകാന്‍ അവശ്യഘടകമാണ്‌ ശ്രദ്ധ. ശ്രദ്ധിക്കപ്പെടാന്‍വേണ്ടി സാധാരണ സംഭാഷണങ്ങളില്‍ വാക്ക്‌, അംഗവിക്ഷേപങ്ങള്‍, സ്‌പര്‍ശനം, ശബ്‌ദനിയന്ത്രണം തുടങ്ങിയ മാധ്യമങ്ങള്‍ ഉപയോഗിക്കാറുണ്ട്‌. ഒരു ക്ലാസിലാണെങ്കില്‍ വിദ്യാര്‍ത്ഥികളുടെ ശ്രദ്ധ പിടിച്ചു പറ്റുകയും നിലനിറുത്തുകയും ചെയ്യുക അധ്യാപകന്റെ പ്രധാനാവശ്യമാണ്‌. മറ്റുള്ളവരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ഓരോ വ്യക്തിയും വാഗ്മിയോ നേതാവോ അധ്യാപകനോ ആരായിരുന്നാലും ആദ്യമായി ശ്രദ്ധ ഉറപ്പു വരുത്തേണ്ടതുണ്ട്‌.

യേശുവിനെപ്പോലെ ശ്രോതാക്കളുടെ ശ്രദ്ധ നേടിയെടുത്തിട്ടുള്ള ആരുണ്ടീ ലോകത്തില്‍? എന്തുകൊണ്ടാണ്‌ അതു സാധിച്ചത്‌? പ്രധാന കാരണം അവിടുന്ന്‌ വിശ്വഗുരുഭൂതനാണ്‌ എന്നതുതന്നെ. ജനശ്രദ്ധ ആകര്‍ഷിക്കുക യേശുവിന്‌ ഒരു പ്രശ്‌നമേ ആയിരുന്നില്ല. അവിടുത്തേക്ക്‌ മറഞ്ഞിരിക്കാന്‍ കഴിയുമായിരുന്നില്ലെന്ന്‌ സുവിശേഷങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ജനങ്ങള്‍ യേശുവിനെത്തേടി തിരക്കി എത്തുകയാണ്‌, വചനം ശ്രവിക്കാനും അടയാളങ്ങള്‍ക്കു സാക്ഷികളാകാനും (യോഹ. 6:24, മത്തായി 14:13). മനുഷ്യരെ തന്നിലേക്കാകര്‍ഷിക്കുന്ന പലതും ആ ജീവിതത്തിലുണ്ടായിരുന്നു. ശ്രദ്ധിക്കപ്പെടാന്‍ എന്തു ചെയ്യണമെന്നും അറിയാമായിരുന്നു ഗുരുവിന്‌. അതിനു പല മാര്‍ഗങ്ങളും അവിടുന്ന്‌ സ്വീകരിച്ചിട്ടുണ്ട്‌.

1. പലപ്പോഴും യേശു ശ്രോതാക്കളുടെ ശ്രദ്ധ ക്ഷണിച്ചിട്ടുണ്ട്‌. ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാം. ചെവിയുള്ളവന്‍ കേള്‍ക്കട്ടെ (മത്തായി 13:43). അതിനാല്‍, വിതക്കാരന്റെ ഉപമ നിങ്ങള്‍ കേട്ടുകൊള്ളുവിന്‍ (മത്തായി 13:18). ഇതാ! നമ്മള്‍ ജറുസലേമിലേക്കു പോകുന്നു (മത്തായി 20:18). ഗ്രഹിക്കാന്‍ കഴിവുള്ളവന്‍ ഗ്രഹിക്കട്ടെ (മത്തായി 19:12). നിങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുവിന്‍ (മര്‍ക്കോസ്‌ 4:24).

2. തന്റെ ആഗമനത്തെ സംബന്ധിച്ച പൂര്‍വസൂചന നല്‍കാന്‍ വേണ്ടി യേശു പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും ശിഷ്യന്മാരെ അയയ്‌ക്കുന്നു (ലൂക്കാ 10:1). ശ്രോതാക്കളെ സംബന്ധിച്ചിടത്തോളം യേശുവിനെ ശ്രവിക്കാനുള്ള നല്ലൊരു തയ്യാറെടുപ്പിനു അവസരമൊരുക്കുകയാണ്‌ ഈ പ്രേഷണം. ഗുരു എത്തിക്കഴിയുമ്പോള്‍ അവര്‍ അവിടുത്തെ ശ്രദ്ധിച്ചു കേള്‍ക്കാതിരിക്കുമോ?

3. ഗുരുവിന്റെ നില്‌പ്പും ഇരിപ്പും എടുപ്പും ശ്രദ്ധിക്കപ്പെടാന്‍ നിമിത്തമാകുന്നു. അവന്‍ ഇരുന്നപ്പോള്‍ ശിഷ്യന്മാര്‍ അടുത്തെത്തി. അവന്‍ അവരെ പഠിപ്പിക്കാന്‍ തുടങ്ങി (മത്തായി 5:2). അവന്‍ ശിഷ്യരുടെ നേരെ കണ്ണുകളുയര്‍ത്തി അരുളിച്ചെയ്‌തു (ലൂക്കാ
6:20). അവന്‍ നിവര്‍ന്ന്‌ അവരോടു പറഞ്ഞു (യോഹ. 8:7). വള്ളത്തില്‍ ഇരുന്ന്‌ അവന്‍ ജനങ്ങളെ പഠിപ്പിച്ചു (ലൂക്കാ 5:4). പുസ്‌തകം അടച്ച്‌ ശുശ്രൂഷകനെ ഏല്‍പ്പിച്ചതിനുശേഷം അവന്‍ ഇരുന്നു (ലൂക്കാ 4:20). തന്റെ ശിഷ്യരുടെ നേരെ കൈചൂണ്ടിക്കൊണ്ട്‌ അവന്‍ പറഞ്ഞു (മത്തായി 12:49).

4. ഭാവനയെ ഉദ്ദീപ്‌തമാക്കുന്ന രീതിയില്‍ അവന്‍ സംസാരിച്ചു. ഉദാഹരണത്തിന്‌ വിശുദ്ധ ലൂക്കാ 5:10-ല്‍ നാം വായിക്കുന്നു: ``നീ ഇപ്പോള്‍മുതല്‍ മനുഷ്യരെ പിടിക്കുന്നവനാകും.'' വലിയ ചാകര കണ്ട്‌ അത്ഭുതസ്‌തംബ്‌ധനായിത്തീര്‍ന്ന ശിമയോനില്‍ വിസ്‌മയത്തിന്റെ മറ്റൊരു തരംഗം ഉതിര്‍ക്കുന്ന അനുഭവം. മത്സ്യബന്ധനത്തിനു പകരം മനുഷ്യബന്ധനമോ! അതെങ്ങനെയായിരിക്കുമോ എന്നു കണ്ടറിയേണ്ടിയിരിക്കുന്നു.

5. ശ്രോതാക്കള്‍ക്ക്‌ അജ്ഞാതമായവ വിശദീകരിക്കാന്‍ സുപരിചിതമായ കാര്യങ്ങള്‍ യേശു ഉപയോഗിക്കുന്നു. നിന്റെ ശിഷ്യന്മാര്‍ ഉപവസിക്കാതിരിക്കുന്നതെന്തുകൊണ്ട്‌? എന്ന ചോദ്യത്തിനു മണവാളന്‍ അകറ്റപ്പെടുന്ന സന്ദര്‍ഭത്തില്‍ മണവറത്തോഴര്‍ ഉപവസിക്കുമെന്നും ആരും പുതിയ വീഞ്ഞ്‌ പഴയ തോല്‍ ക്കുടങ്ങളില്‍ സൂക്ഷിച്ചുവയ്‌ക്കാറില്ലെന്നും പുതിയ തുണിക്കഷണം പഴയ വസ്‌ത്രത്തോടു ചേരില്ലെന്നും അവിടുന്ന്‌ പ്രത്യുത്തരിക്കുന്നു. മണവാളന്‍, മണവറ, വീഞ്ഞ്‌, പുതിയത്‌, പഴയത്‌, വസ്‌ത്രം, തോല്‍ക്കുടം തുടങ്ങിയ പ്രയോഗങ്ങള്‍ ശ്രോതാക്കളില്‍ താല്‍പര്യം ജനിപ്പിക്കാനും ശ്രദ്ധയോടെ ശ്രവിക്കാനും ഏറെ സഹായകരമാണെങ്കില്‍ തെല്ലും സംശയം വേണ്ടല്ലോ.
അധ്യാപകന്റെ വേഗതയും ശൈലിമാറ്റവും ഒരേ പ്രബോധനം പകരുന്നതില്‍ പ്രയോഗിക്കുന്ന രൂപവൈവിധ്യവും വിഷയങ്ങളിലെ വ്യതിയാനങ്ങളുമൊക്കെ ശ്രദ്ധ നിലനിറുത്താന്‍ ഉപകരിക്കുന്ന ഘടകങ്ങളാണ്‌. നഷ്‌ടപ്പെട്ട നാണയത്തിന്റെയും (ലൂക്കാ 15:8-10) കാണാതായ ആടിന്റെയും (ലൂക്കാ 15:1-7) ധൂര്‍ത്തപുത്രന്റെയും (ലൂക്കാ 15:11-32) ഉപമകള്‍ ഒരേ സന്ദേശമാണല്ലോ ശ്രോതാക്കള്‍ക്കു നല്‍കുക.

മറ്റു റബ്ബിമാരുടെ പ്രബോധനങ്ങളില്‍നിന്ന്‌ യേശുവിന്റെ പഠനങ്ങള്‍ക്കുള്ള വ്യത്യസ്‌തതയും അവിടുത്തെ ആധികാരികതയും ശ്രോതാക്കളുടെ ആവശ്യങ്ങളോടും പ്രശ്‌നങ്ങളോടും പ്രവൃത്തികളോടുമുള്ള പ്രതിബദ്ധതയുമെല്ലാം ശ്രദ്ധ പിടിച്ചുപറ്റാന്‍ പര്യാപ്‌തമായിട്ടുണ്ട്‌. മൊബൈല്‍ ഡിസ്‌പെന്‍സറിയുടെയും മൊബൈല്‍ ബുക്ക്‌സ്റ്റാളിന്റെയുമായ ഇക്കാലത്ത്‌ യേശുവില്‍ ഒരു മൊബൈല്‍ അധ്യാപകനെ കണ്ടെത്താനാവും. ഇന്ന്‌ ദൈവാലയത്തിലെങ്കില്‍ നാളെ വീട്ടിലും മറ്റന്നാള്‍ കടല്‍ക്കരയുമാവും യേശുവിന്റെ അധ്യാപനവേദി. ഇന്ന്‌ ഗ്രാമത്തിലെങ്കില്‍ നാളെ പട്ടണത്തിലാവും അവിടുന്ന്‌ പഠിപ്പിക്കുക. ചടുലമായിട്ടുള്ള ഈ നീക്കങ്ങള്‍ യേശുവിനെ ശ്രദ്ധാകേന്ദ്രമാക്കുന്നു.

ചേതോഹരവും പ്രഭാവപൂര്‍ണ്ണവുമായ ആ വ്യക്തിത്വം ജനശ്രദ്ധയാര്‍ഷിച്ചിരുന്നു. ജനമധ്യത്തില്‍ അവിടുത്തെ അതുല്യനും അന്യാദൃശനുമാക്കി മാറ്റിയിരുന്നു. ജറുസലേമിലോ ഗലീലിയിലോ ഒരു സ്‌കൂളിലും പഠിച്ചിട്ടില്ലാത്ത യേശുവിന്റെ വചോവിലാസത്താല്‍ ആകൃഷ്‌ടരായി ഊണും ഉറക്കവുമുപേക്ഷിച്ച്‌ അവിടുത്തെ അനുഗമിച്ച ജനതതി ആ പ്രബോധനത്തെപ്പറ്റി മാത്രമല്ല, `ഇവന്‍ മിശിഹാ ആയിരിക്കുമോ' എന്ന്‌ പ്രതികരിച്ചുകൊണ്ട്‌ (യോഹ. 4:30) അവിടുത്തെ വ്യക്തിത്വത്തെപ്പറ്റിയും വിസ്‌മയിക്കുകയായിരുന്നില്ലേ? യേശുവിന്റെ പ്രബോധനങ്ങളിലെ `മെസ്സയാനിക്‌' മാനം ശ്രോതാക്കള്‍ക്കു താല്‍പര്യമുള്ള വിഷയവുമായിരുന്നു.

ഫരിസേയ നൈയ്യാമികതയോടുള്ള എതിര്‍പ്പും പിതാവിന്റെ വ്യവസ്ഥയില്ലാത്ത സ്‌നേഹത്തിനും ബലിയേക്കാള്‍ കരുണയ്‌ക്കും നല്‍കിയ ഊന്നലും അനുകമ്പാര്‍ദ്രമായി പ്രവ ര്‍ത്തിച്ച അടയാളങ്ങളും സൗഖ്യപ്രാപ്‌തിയെപ്പറ്റി ആരോടും പറയരുതെന്ന താക്കീതുമെല്ലാം യേശു വളരെയേറെ ശ്രദ്ധിക്കപ്പെടാന്‍ ഇടയാക്കിയിട്ടുണ്ട്‌. ചുങ്കക്കാരോടും പാപികളോടുമുള്ള സൗഹൃദവും ശിമയോന്റെ വീട്ടില്‍ വിരുന്നുമേശയ്‌ക്കടുത്തെത്തിയ പാപിനിയോടുള്ള ദയാവായ്‌പ്പും മോശയുടെ നിയമത്തോടു കൂറുള്ളപ്പോഴും സാബത്തിന്റെ കപടസദാചാരത്തോടുള്ള അവജ്ഞയുമൊക്കെ യേശുവില്‍ ശ്രോതാക്കളുടെ ശ്രദ്ധ പതിയാന്‍ പോരുന്ന സാഹചര്യങ്ങള്‍ തന്നെ.

ഗുരുശിഷ്യബന്ധം

ഫലപ്രദമായ എല്ലാ ബോധന പ്രക്രിയയിലും അധ്യാപകനും വിദ്യാര്‍ത്ഥികളും തമ്മിലുണ്ടായിരിക്കേണ്ട ബന്ധം അതിപ്രധാനമാണ്‌. ബുദ്ധിയും ബുദ്ധിയും മനസും മനസും സംഗമിക്കുന്ന വേദിയാണല്ലോ അത്‌. ഇരുകൂട്ടരുടെയും മനസുകള്‍ സന്ധിക്കണമെങ്കില്‍ സമന്വയത്തിന്റെ സമീപനവും നയചാതുരിയുമൊക്കെ അധ്യാപകനു കൈമുതലായിട്ടുണ്ടാവണം. ശിഷ്യഗണത്തെ അറിയണം അദ്ദേഹം. പാഠ്യവിഷയത്തില്‍ അവഗാഹവും നേടിയിരിക്കണം.
ഗുരുനാഥനായ യേശു ഊഷ്‌മളബന്ധങ്ങളുടെ ഉടമയാണ്‌ സുവിശേഷങ്ങളില്‍. അന്ത്രയോസിനോടും പത്രോസിനോടും പീലിപ്പോസിനോടും നഥാനിയേലിനോടും അവിടുന്നു ബന്ധപ്പെടുന്നതെങ്ങനെ എന്നു നോക്കാം.

തന്റെ സാന്നിധ്യം സ്‌നാപകയോഹന്നാന്‌ ശ്രദ്ധിക്കാന്‍ കഴിയുന്നത്ര ദൂരത്തില്‍ യേശു നടന്നു. അവിടുത്തെ നേത്രങ്ങള്‍ വളരെ കൃത്യതയോടെ എല്ലാം നിരീക്ഷിക്കുകയാണ്‌. അന്ത്രയോസിനോടും പത്രോസിനോടും നഥാനിയേലിനോടുമുള്ള സംഭാഷണം ആരംഭിച്ചത്‌ യേശുതന്നെ. തന്നെ അനുഗമിച്ച ശിഷ്യന്മാരോട്‌ `നിങ്ങള്‍ എന്തന്വേഷിക്കുന്നു' എന്നു ചോദിക്കുകയും (യോഹ. 1:38), `വന്നു കാണുക' എന്നു പ്രത്യുത്തരിച്ചകൊണ്ട്‌ (യോഹ.1:39) സൗഹൃദത്തിലേക്ക്‌ അവരെ ക്ഷണിക്കുകയും ചെയ്‌തു. പേരുചൊല്ലി വിളിക്കുന്ന രീതി ഗുരുവിനു സ്വതസിദ്ധമായിത്തന്നെയുണ്ട്‌. അവിടുന്ന്‌ പലപ്പോഴും ആ രീതി സ്വീകരിക്കുന്നതായി കാണാം. ബന്ധപ്പെടല്‍ ഹൃദ്യവും സുദൃഢവുമാക്കാന്‍ അത്‌ പ്രധാനപ്പെട്ടൊരു ഘടകമാണ്‌. ശിഷ്യരുടെ സ്വഭാവം ശരിക്കു മനസിലാക്കിയിട്ടുണ്ട്‌ ഗുരു തന്റെ ഇടപെടലുകളില്‍. അതുകൊണ്ടാണ്‌ നഥാനിയേലിനെ കണ്ടപ്പോഴേ `ഇതാ നിഷ്‌കപടനായ ഒരു യഥാര്‍ത്ഥ ഇസ്രായേല്‍ക്കാരന്‍' (യോഹ.1:47) എന്ന്‌ അവിടുന്ന്‌ വിശേഷിപ്പിച്ചത്‌. ആ ശിഷ്യനു ലഭിച്ച വലിയൊരംഗീകാരം! അത്തിവൃക്ഷത്തിന്റെ ചുവട്ടില്‍വച്ച്‌ യേശു നഥാനിയേലിനെ കണ്ടിരുന്നു. ആ ശിഷ്യന്‍ ശ്രദ്ധിക്കാതെ പോയ കാര്യം. ഗുരുവിന്റെ വാക്കുകള്‍ നഥാനിയേലിനെ വിസ്‌മയഭരിതനാക്കുന്നു. അതുകൊണ്ടാണ്‌ ആ ശിഷ്യന്‍ ഇങ്ങനെ പ്രതികരിച്ചത്‌: നീ എന്നെ എങ്ങനെ അറിയുന്നു? (യോഹ.1:48). ഹൃദയത്തിനു ചൂടും ചൂരും പകര്‍ന്ന ആ ബന്ധപ്പെടല്‍ നഥാനിയേലിന്റെ ആത്മസമര്‍പ്പണത്തിലും വിശ്വാസപ്രഘോഷണത്തിലുമാണ്‌ കലാശിച്ചത്‌: റബ്ബീ, അങ്ങു ദൈവപുത്രനാണ്‌, ഇസ്രായേലിന്റെ രാജാവാണ്‌ (യോഹ.1:49).

സാമുദായികഭ്രഷ്‌ടിന്റെ കനത്ത ഭിത്തികള്‍ തകര്‍ത്തുകൊണ്ട്‌ സമരിയാക്കാരിയുമായും മനസിലെ ഇരുള്‍ നീക്കുന്നവനാണ്‌ `ഗുരു' എന്നു വെളിപ്പെടുത്തിക്കൊണ്ട്‌ നിക്കൊദേമോസുമായും എപ്രകാരമാണ്‌ യേശു ബന്ധപ്പെട്ടതെന്ന്‌ നാം കണ്ടുകഴിഞ്ഞു. വാക്കില്‍ കുടുക്കുക എന്ന ദുഷ്‌ട ലാക്കോടെ തന്നെ സമീപിച്ച ഹേറോദേസ്‌ പക്ഷക്കാര്‍ക്കും ഫരിസേയരുടെ ശിഷ്യന്മാര്‍ക്കും അവിടുന്ന്‌ നല്‍കിയ ഉത്തരം കേട്ട്‌ ``വിസ്‌മയഭരിതരായി അവര്‍ അവനെ വിട്ടുപോയി'' (മത്തായി 22:15-22).
എന്നാല്‍ വിദ്വേഷാഗ്നിയില്‍ ജ്വലിക്കുന്ന അക്കൂട്ടരുടെ മുന്‍പില്‍ യേശു തിരസ്‌കൃതനാവുകയാണ്‌. തീവ്രമായ വ്യക്ത്യന്തരബന്ധങ്ങളിലൂടെ മുന്നേറുന്ന യേശുവിന്‌ എന്തുകൊണ്ട്‌ ഇത്തരം അനുഭവങ്ങളുണ്ടാകുന്നു? അവയുടെ കാരണങ്ങള്‍ മറ്റു പലതുമാണ്‌. സത്യത്തിന്റെ കാവലാള്‍ക്ക്‌ പീഡനം ഏല്‍ക്കേണ്ടി വരുന്നു. അത്‌ ഒഴിവാക്കണമെങ്കില്‍ അവസരസേവകനാകണം, തിന്മയുടെ ശക്തികളുമായി ഒത്തുതീര്‍പ്പിന്‌ തയ്യാറാവണം. സത്യം തന്നെയായവന്‍ അതിനൊന്നും നിന്നുകൊടുക്കില്ല.
ശ്രോതാവിന്‌ ഏറ്റം താല്‍പര്യമുള്ളതും ഏറ്റം ആവശ്യകവുമായ വിഷയം പരാമര്‍ശിച്ചുകൊണ്ട്‌ ബന്ധപ്പെടുക യേശുവിന്റെ സവിശേഷതയാണ്‌. ബേത്സഥായിലെ കുളക്കരെ കിടക്കുന്ന തളര്‍വാതരോഗിയോട്‌ അവിടുത്തെ ചോദ്യം `സുഖം പ്രാപിക്കാന്‍ നിനക്ക്‌ ആഗ്രഹമുണ്ടോ?' എന്നാണ്‌ (യോഹ. 5:6). `ഞാന്‍ നിങ്ങള്‍ക്ക്‌ എന്തു ചെയ്യണമെന്നാണ്‌ നിങ്ങള്‍ ആഗ്രഹിക്കുന്നത്‌?' (മത്തായി 20:32). ഈ ചോദ്യവുമായിട്ടാണ്‌ ജറീക്കോയിലെ രണ്ട്‌ അന്ധന്മാരുടെ ഇരുള്‍നിറഞ്ഞ ജീവിതത്തിലേക്ക്‌ അവിടുന്ന്‌ കടന്നുചെല്ലുക. ശ്രോതാക്കളുടെ മനസിലിരുപ്പ്‌ എന്താണെന്നറിഞ്ഞു സംവദിക്കാന്‍ കഴിയുമ്പോള്‍ അവരോടുള്ള അടുപ്പം വളരെ ഗാഢമായിത്തീരുന്നു. മലകളിലും താഴ്‌വാരങ്ങളിലും ജനക്കൂട്ടം ഇരുമ്പുകാന്തത്തിലേക്ക്‌ എന്നപോലെ ആകൃഷ്‌ടരായി യേശുവിനെ പിഞ്ചെന്നത്‌ അടയാളങ്ങള്‍ കണ്ടതുകൊണ്ടും അപ്പം ഭക്ഷിച്ചു തൃപ്‌തരായതുകൊണ്ടും മാത്രമാണോ? അവിടുത്തെ ഊര്‍ജ്ജസ്വലമായ ബന്ധങ്ങള്‍ രാസത്വരകമെന്നപോലെ ആ പ്രതിഭാസങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുമുണ്ട്‌. വള്ളത്തിലിരുന്നുകൊണ്ട്‌ വിത്തു വിതറുന്നവനെ ചൂണ്ടിക്കാണിക്കുന്നു (മത്തായി 13:2-3). സാധാരണക്കാര്‍ക്കു ദുര്‍ഗ്രഹമായവ ഉപമകളിലൂടെ വിശദീകരിക്കുന്നു. ആലങ്കാരികഭാഷയുടെ പ്രയോഗം നിരവധിയാണ്‌ ആ പ്രബോധനങ്ങളില്‍. ഉദാഹരണത്തിന്‌ മുന്‍പു സൂചിപ്പിച്ചതുപോലെ, ഉപവാസത്തെപ്പറ്റിയുള്ള തര്‍ക്കത്തില്‍ `ആരും പഴയ വസ്‌ത്രത്തില്‍ പുതിയ തുണിക്കഷണം തുന്നിപ്പിടിപ്പിക്കാറില്ലെന്ന്‌' (മത്താ. 9:16) യേശു പറയുന്നു. ഇത്തരം സമീപനങ്ങളിലൂടെ വളര്‍ന്നത്‌ ഹൃദ്യമായ ബന്ധങ്ങളാണ്‌. യേശുവിന്റെ വിരുന്നുമേശകള്‍ സൗഹൃദത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും വേദികളായിരുന്നില്ലേ? ``സക്കേവൂസ്‌ വേഗം ഇറങ്ങിവരിക'' (ലൂക്കാ 19:5) എന്ന വിളിയും ആഹ്വാനവും അയാളുടെ കീറി, നാറിയ ജീവിതത്തെ തുന്നിച്ചേര്‍ക്കാന്‍ പര്യാപ്‌തമായിരുന്നു. അതിന്റെ പരിസമാപ്‌തി ഗുരുശിഷ്യബന്ധത്തിലാണ്‌ ഇതള്‍ വിരിക്കുക. കഴുതപ്പുറത്തെഴുന്നള്ളുന്ന യേശുവിന്റെ പ്രതീകാത്മക ജറുസലെം പട്ടണപ്രവേശം ജനങ്ങള്‍ മനസില്‍ സൂക്ഷിക്കുന്ന `മെസ്സയാ' സങ്കല്‍പ്പവുമായി ഇഴുകിച്ചേരുന്നു. ഇത്തരം നാടകീയ സംഭവങ്ങളും യേശുവിന്‌ പ്രബോധനോപാധിതന്നെ. അതിലുമുപരിയായി അവ തീവ്രബന്ധങ്ങളുടെ ആവിഷ്‌കാരവുമാണ്‌.

ഗാഢബന്ധങ്ങള്‍ ശിഷ്യരെ പശ്ചാത്താപത്തിലേക്കും ഹൃദയപരിവര്‍ത്തനത്തിലേക്കും നയിക്കുന്ന സന്ദര്‍ഭങ്ങളുമുണ്ട്‌. പത്രോസിന്റെ അനുഭവംതന്നെ ഉദാഹരണം. യേശു പത്രോസിനെ നോക്കിയപ്പോള്‍ അവന്‍ പുറത്തുപോയി മനംനൊന്തു കരഞ്ഞു (ലൂക്കാ 22:61-62).
(തുടരും)

Author: ഫാ. മാത്യു അത്തിക്കല്‍, മാനന്തവാടി

No comments: