Wednesday, March 31, 2010

ഉതഥാനം ഒരു കടന്നുപോകല്‍


"ജീവന്റെ നാഥനെ നിങ്ങള്‍ വധിച്ചു. എന്നാല്‍ ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു. അതിനു ഞങ്ങള്‍ സാക്ഷികളാണ്'' (നടപടി 3: 15). പത്രോസ് ലോകത്തോടു നടത്തിയ ആദ്യത്തെ ഈ ഉത്ഥാനപ്രസംഗമാണ് യഥാര്‍ത്ഥത്തിലുള്ള ഊര്‍ബി ഏത്ത് ഓര്‍ബി. ഈ ഉത്ഥാനപ്രഭാഷണത്തിലാണ് സഭ പിറന്നുവീണത്. പട്ടണത്തിലും ലോകത്തിന്റെ അതിര്‍ത്തികളിലും താമസിക്കുന്ന എല്ലാവര്‍ക്കും എല്ലാ കാലത്തേക്കുമുള്ള സന്ദേശമിതാണ്. കുരിശുമരണത്തെ ഉത്ഥാനത്തില്‍നിന്നും ഉത്ഥാനത്തെ കുരിശില്‍നിന്നും വേര്‍തിരിക്കാനാവില്ല. അവ തമ്മില്‍ അവിഭാജ്യമായ ഒരു ബന്ധമാണുള്ളത്. "അവന്റെ സഹനമാണ് നമ്മുടെ ഉത്ഥാനം'' എന്ന് അന്ത്യോക്യായിലെ വിശുദ്ധ ഇഗ്നേഷ്യസ് പറഞ്ഞല്ലോ. "തന്റെ അഭിഷിക്തന്‍ ഇവയെല്ലാം സഹിക്കണമെന്ന് പ്രവാചകന്മാര്‍ വഴി ദൈവം മുന്‍കൂട്ടി അരുളിച്ചെയ്തത് ഇങ്ങനെ പൂര്‍ത്തിയാക്കി'' (നടപടി 3: 18). അതായത്, ശൂന്യമായ കല്ലറയോടുകൂടിയല്ല, കാല്‍വരിയിലാണ് ഉത്ഥാനരഹസ്യം ആരംഭിക്കുന്നത്. ഈശോയുടെ ഉത്ഥാനമാകുന്ന ചരിത്രസംഭവം, ചരിത്രത്തിലെ ഒരു കഴിഞ്ഞകാല സംഭവമായി മാത്രം ഒതുക്കാനാവില്ല. അതൊരു തുടര്‍ചരിത്രമാണ്: ഭാവിയിലേക്ക് യാത്ര ചെയ്തുകൊണ്ടിരിക്കുകയാണ്. ഈ യാത്രയിലും കുരിശും ഉത്ഥാനവും ഒരുമിച്ചാണു പോകുന്നത് എന്ന് തിരുവചനം നമ്മെ പഠിപ്പിക്കുന്നു. "കുരിശില്‍ തറയ്ക്കപ്പെട്ട നസ്രായനായ ഈശോയെ നിങ്ങള്‍ അന്വേഷിക്കുന്നു. അവന്‍ ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു. അവന്‍ ഇവിടെയില്ല'' (മര്‍ക്കോ. 16: 6). അധര്‍മ്മികളുടെ കൈകളാല്‍ നിങ്ങള്‍ അവനെ കുരിശില്‍ തറച്ചുകൊന്നു. എന്നാല്‍ ദൈവം അവനെ മൃത്യുപാശത്തില്‍നിന്ന് വിമുക്തനാക്കി ഉയിര്‍പ്പിച്ചു'' (നടപടി 2: 23); "ജീവിച്ചിരിക്കുന്നവനെ നിങ്ങള്‍ മരിച്ചവരുടെയിടയില്‍ അന്വേഷിക്കുന്നത് എന്തിന്? -അവന്‍ ഇവിടെയില്ല, ഉയിര്‍പ്പിക്കപ്പെട്ടു'' (ലൂക്കാ. 24: 5). കുരിശ് മിശിഹായെക്കുറിച്ചുള്ള മനുഷ്യന്റെ വിധിത്തീര്‍പ്പായിരുന്നെങ്കില്‍, ശൂന്യമായ കല്ലറ മിശിഹായെക്കുറിച്ചുള്ള ദൈവത്തിന്റെ വിധിതീര്‍പ്പായിരുന്നു.

ഈശോയുടെ ഉയിര്‍പ്പ് ഓരോ മനുഷ്യന്റെയും ജീവിതത്തെ എപ്രകാരം സ്വാധീനിക്കുന്നു എന്നതാണു ചിന്തനീയമായ കാര്യം. ഉത്ഥാനം ഒരു കടന്നുപോകലാണ് - ലോകത്തില്‍നിന്നു ദൈവത്തിങ്കലേക്ക്. ഈ ലോകത്തില്‍നിന്ന് ദൈവപിതാവിന്റെ പക്കലേക്കുള്ള ഈശോയുടെ പാസ് ഓവര്‍ - കടന്നുപോകലാണ് - ഉത്ഥാനം. പുറപ്പാട്, കടന്നുപോകല്‍, കുടിയേറ്റം, പുറത്തേക്കു പോകല്‍ എല്ലാം വലിയ ആത്മീയ അര്‍ത്ഥമുള്ള കാര്യങ്ങളാണ്. ഇസ്രായേല്‍ ജനതയുടെ ചരിത്രം ഹെബ്രായലേഖനകര്‍ത്താവ് സംക്ഷിപ്തമായി പറയുന്നു: "തങ്ങള്‍ ഭൂമിയില്‍ അന്യരും പരദേശികളുമാണെന്ന് ഏറ്റുപറഞ്ഞു'' (ഹെബ്രാ. 11: 13). പുതിയ നിയമജനതയെക്കുറിച്ചുള്ള വിശുദ്ധ പത്രോസിന്റെ ലേഖനവും ഇതു വ്യക്തമാക്കുന്നു.

കടന്നുപോകലിന്റെ ഒരു വലിയ ആത്മീയതയാണ് ഈശോയുടെ ഉത്ഥാനം നമുക്കു നല്കുന്നത്. അത് പുറംലോകത്തുനിന്ന് അകംലോകത്തേക്കുള്ള കടന്നുപോകലാണ്. ശബ്ദത്തില്‍നിന്നു നിശബ്ദതയിലേക്കുള്ള യാത്രയാണ്. ശ്രദ്ധ വ്യതിചലിക്കലില്‍നിന്ന് ശ്രദ്ധയിലേക്കുള്ള പിന്‍തിരിയലാണ്. ചിതറിക്കപ്പെടലില്‍നിന്ന് ഒരുമിച്ചു കൂട്ടുന്നതിലേക്കുള്ള യാത്രയാണ്. തിന്മയില്‍ നിന്നു നന്മയിലേക്കുള്ള യാത്രയാണ്. ലോകത്തില്‍ നിന്നു ദൈവത്തിങ്കലേക്കുള്ള യാത്രയാണ്. കുഴിമാടത്തില്‍ നിന്ന് സ്വര്‍ഗ്ഗത്തിലേക്കുള്ള യാത്രയാണ്. ഓരോ ധൂര്‍ത്തപുത്രന്റെയും മടങ്ങിവരലാണിത്. മരണത്തെ ജയിക്കുന്ന പ്രക്രിയയാണ് ഇതെല്ലാം. ശിരസ്സായ ഈശോ കടന്നുപോയി. ഈ കടന്നുപോകല്‍ ഈശോതന്നെയാണെന്ന് സഭയുടെ പിതാക്കന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ശരീരമാകുന്ന നമ്മുടെ കടന്നുപോകലില്‍ ഈ ആത്മീയഉന്നങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നുണ്േടാ എന്നതാണു കാതല്‍. പരിശുദ്ധ ത്രിത്വത്തിന്റെ വാഴ്ത്തപ്പെട്ട എലിസബത്ത് പറയുന്നു: "ഞാന്‍ ഭൂമിയില്‍ പറുദീസാ കണ്ടു. പറുദീസാ ദൈവമാണ്. ദൈവം എന്റെ ഹൃദയത്തിനുള്ളിലാണ്.'' മാനസാന്തരത്തിനു മുമ്പുള്ള കാര്യത്തെക്കുറിച്ച് അഗസ്റിന്‍ പറയുന്നു: "നാഥാ, നീ എന്റെ ഉള്ളിലായിരുന്നു. പക്ഷേ ഞാന്‍ പുറത്തായിരുന്നു.''
ഈ 'കടന്നുപോകലിലാണ്' സഭ നിരന്തരമായി ജനിക്കുന്നത്. അടച്ചിട്ടിരിക്കുന്ന
ഹൃദയവാതിലുകള്‍ കര്‍ത്താവു തുറക്കട്ടെ. അടച്ചുപൂട്ടിയ ഹൃദയങ്ങളിലും സംസ്കാരങ്ങളിലും പ്രത്യയശാസ്ത്രങ്ങളിലും ഉത്ഥിതന്‍ പ്രവേശിക്കണം. സഭയുടെ പ്രഘോഷണത്തിലാണ് ഇന്ന് ഉത്ഥാനം തുടരേണ്ടത്. അവന്‍ ഉയിര്‍ത്തെഴുന്നേല്ക്കാന്‍ തയ്യാറായി നില്ക്കുകയാണ്. വിശ്വാസവും ചൈതന്യവും നിറഞ്ഞ് നാം പ്രസംഗിക്കണം. ഈ ഈസ്ററിന് ശക്തമായ ഉയിര്‍ത്തെഴുന്നേല്പ് ഉണ്ടാകണം. അത് സഭയുടെ, നമ്മുടെ പ്രഘോഷണത്തിലൂടെയാണ്. "ഞങ്ങള്‍ കേട്ടതും സ്വന്തം കണ്ണുകള്‍കൊണ്ട് കണ്ടതും സൂക്ഷിച്ചു വീക്ഷിച്ചതും കൈകൊണ്ട് സ്പര്‍ശിച്ചതുമായ ജീവന്റെ വചനത്തെപ്പറ്റി ഞങ്ങള്‍ അറിയിക്കുന്നു'' (1 യോഹ. 1: 1) എന്ന് ഓരോ പുരോഹിതനും പറയാന്‍ സാധിക്കണം.
മിശിഹായെക്കുറിച്ചുള്ള ഉത്ഥാനപ്രഘോഷണത്തിന് സഭ മനോഹരമായ ക്രമീകരണമാണ് ചെയ്തിരിക്കുന്നത്. മൂന്ന് റിഥങ്ങളാണ്: 1. വര്‍ഷത്തില്‍ ഒരിക്കല്‍ - ഈസ്റര്‍ തിരുനാള്‍, 2. ആഴ്ചയിലൊരിക്കല്‍ - ഞായറാഴ്ച ആചരണം, 3. ദിവസത്തിലൊരിക്കല്‍ - അനുദിന വിശുദ്ധ കുര്‍ബാന. ഈശോ തന്റെതന്നെ മരണമാകുന്ന ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നതിന്റെ സന്ദേശമാണ് സഭ നല്‍കുന്നത്. "ഞാനുറങ്ങി, പക്ഷേ എന്റെ ഹൃദയം ഉണര്‍ന്നിരുന്നു'' (സഭാ. പ്രസം. 5: 2). "ഇസ്രായേലിന്റെ കാവല്‍ക്കാരന്‍ ഉറങ്ങുകയോ മയങ്ങുകയോ ചെയ്യുന്നില്ല'' (സങ്കീ. 121: 4). ഈ ഉണര്‍വ്വാണ് ഉത്ഥാനം. പുതിയ വീഞ്ഞ് പുതിയ തോല്‍ക്കുടങ്ങളില്‍ പകരാനുള്ള അവസരമാണിത്. പഴയ തോല്‍ക്കുടങ്ങള്‍ പൊട്ടി ഒഴുകുന്ന സമയമാണിത്.

ഉത്ഥാനത്തെക്കുറിച്ചുള്ള ഏറ്റവും നല്ല പ്രഭാഷണം വിശുദ്ധ കുര്‍ബാനയാണ്. തിരുവുത്ഥാനത്തെക്കുറിച്ചു നമ്മെ കേള്‍പ്പിക്കുന്ന നിത്യതയുടെ പ്രതിധ്വനി തന്നെയാണ് വിശുദ്ധ കുര്‍ബാന; ഒപ്പം, ഈശോയെ ഭക്ഷിക്കുവാനുള്ള അവസരവും. ഉത്ഥാനത്തെക്കുറിച്ച് നിരന്തരമായി കേള്‍ക്കണം. കര്‍മ്മങ്ങള്‍ക്കായി വന്ന് ഓടിപ്പോകുന്നവര്‍ക്ക് ഈ സന്ദേശം കിട്ടിയെന്നു വരില്ല. വിശുദ്ധ കുര്‍ബാനയോടും വചനപ്രഘോഷണത്തോടുംകൂടെ നമ്മള്‍ ആയിരിക്കുമ്പോള്‍ മാത്രമാണ് നമുക്ക് ഉത്ഥാനാനുഭവം ഉണ്ടാകുന്നത്. ഈ ദിവ്യരഹസ്യങ്ങള്‍ക്ക് ചുറ്റും ആയിരിക്കുവാന്‍ നമുക്കു ശ്രമിക്കാം. ശ്രദ്ധയോടെ ഈ രഹസ്യങ്ങളോടു ചേര്‍ന്നിരിക്കുന്നവര്‍ക്കു മാത്രമേ അതു കിട്ടൂ. ഉത്ഥിതന്‍ യാത്ര തുടരുകയാണ്. ഉത്ഥിതനെ അന്വേഷിച്ചു നാം കല്ലറയിലേക്കല്ല ഓടേണ്ടത്. പുതിയ മനുഷ്യത്വത്തിലേക്കും പുതിയ സാഹചര്യത്തിലേക്കുമുള്ള യാത്രയാണ് ഉത്ഥാനം. ഉത്ഥിതന്റെ കൂടെ നമ്മള്‍ യാത്ര ചെയ്യുമ്പോള്‍ മാത്രമാണ് നമുക്ക് എമ്മാവൂസ് അനുഭവം ഉണ്ടാകുന്നത്. ഉത്ഥിതന്‍ തന്നെ നമ്മുടെ മനസ്സു തുറക്കണം. ഇന്നു സഭ ഒന്നാകെ വി. ഗ്രന്ഥം തുറക്കുകയും ഗ്രഹിക്കുകയും ചെയ്യേണ്ട ആവശ്യകതയുണ്ട്. നമ്മുടെ സംശയങ്ങള്‍ നീക്കേണ്ടതുണ്ട്. വി. ഗ്രിഗറി പറയുന്നു: "അവന്റെ മുറിപ്പാടുകള്‍ കാണിച്ചത്, നമ്മുടെ സംശയത്തിന്റെ മുറിവുകള്‍ മാറ്റിയെടുക്കാനാണ്.'' അവരുടെ മുറിവുകളെ ധ്യാനാത്മകമായിട്ട് സമീപിക്കുമ്പോള്‍ നമ്മുടെ ഹൃദയങ്ങള്‍ക്കുണ്ടാകുന്ന സ്വര്‍ഗ്ഗോന്മുഖമായ തുറവിയാണ് ഉത്ഥാനാനുഭവം.

Author:മാര്‍ ജോസഫ് കല്ലറങ്ങാട്ട്

No comments: