Wednesday, June 2, 2010

സഭയും കേരളാ കോണ്‍ഗ്രസുകളും തമ്മിലെന്ത്?

മാണി കേരളയുടെയും ജോസഫ് കേരളയുടെയും ലയനത്തെ സംബന്ധിച്ചു മാധ്യമങ്ങളില്‍ വന്ന വ്യാഖ്യാനാത്മക വാര്‍ത്തകള്‍ ഈ ലയനത്തേക്കാള്‍ വലിയ തമാശയായിരുന്നു. തമാശയെ കാര്യമായി കരുതി, പിണറായിസ്റു നേതാക്കള്‍ നട ത്തിയ പ്രതികരണങ്ങളാണു സൂപ്പര്‍ തമാശ. ലയനത്തില്‍ കത്തോലിക്കാസഭ നടത്തിയ ഇടപെടലിനെക്കുറിച്ചു പിണറായി രോഷം കൊള്ളുന്നതു കാണുമ്പോള്‍ ചിലര്‍ക്കു പൊട്ടിപ്പൊട്ടി ചിരിക്കാതെ വയ്യ. "അയ്യേ, പറ്റിച്ചേ!'' എന്ന ഭാവത്തോടെയാണ് ആ ചിരി. സഭയാണ് ഇതിനെല്ലാം പിന്നില്‍ എന്നു പറഞ്ഞുണ്ടാക്കിയവര്‍ക്കും പറഞ്ഞു പരത്തിയവര്‍ക്കും ഇപ്പോള്‍ ചിരിക്കാവുന്നതാണ്. സംഗതി ഏറ്റല്ലോ.

മാണിയെയും ജോസഫിനെയും മാനസാന്തരപ്പെടുത്താനും മാത്രം പ്രാപ്തി കേരള കത്തോലിക്കാസഭയ്ക്കുണ്ടായിരുന്നെങ്കില്‍ മറ്റെന്തെല്ലാം നന്മകള്‍ ഇവിടെ സംഭവിക്കുമായിരുന്നില്ല! അത്രയ്ക്കൊന്നും ഈ സഭയോ ഇതിന്റെ നേതാക്കളോ ആയിട്ടില്ല എന്നുള്ളതാണു വാസ്തവം. ഏയ്, അതല്ല, ഈ സഭ ഒരു വലിയ സംഭവം തന്നെയാണ് എന്ന പൊങ്ങച്ചസഞ്ചി സഭയ്ക്കു മേല്‍ വച്ചുകെട്ടുകയാണ് പ്രഖ്യാപിത സഭാശത്രുക്കള്‍.


പിതാക്കന്മാര്‍ പറഞ്ഞിട്ടാണു ലയിക്കുന്നതെന്നു സദ യം വെളിപ്പെടുത്തിയതു ശ്രീമാന്‍ ജോസഫ് തന്നെയാണെന്നാണു എഴുത്തുകുത്ത്. ജോസഫ് അനൌദ്യോഗി കമായി പറഞ്ഞതാണത്രെ. ജോസഫിന്റെ ഈ വാക്കുകള്‍(മാത്രം) മാധ്യമപ്രവര്‍ത്തകര്‍ കണ്ണുമടച്ചു വിശ്വസിച്ചു. മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞതു പിണറായിസ്റുകളും വിശ്വസിച്ചു. ജോസഫിന്റെ വിശ്വാസ്യത വാഴ്ക, മാധ്യമങ്ങളുടെ വിശ്വാസ്യതയും വാഴ്ക. മറ്റ് അവസരങ്ങളില്‍ ജോസഫുമാര്‍ പറയുന്നതൊന്നും ഇക്കൂട്ടര്‍ ഇപ്രകാരം തൊണ്ട തൊടാതെ വിഴുങ്ങാറില്ല.
മാണിയും ജോസഫും ഇപ്പോള്‍ ലയിച്ചത് പിതാക്കന്മാര്‍ പറഞ്ഞിട്ടാണെങ്കില്‍ പണ്ടു പിളര്‍ന്നതും പിതാക്ക ന്മാര്‍ പറഞ്ഞതനുസരിച്ചായിരിക്കുമോ? ആ, ആര്‍ക്കറിയാം. ഇപ്പോള്‍ ജോസഫിനെ ഇടതുമുന്നണിയില്‍ നിന്നു കൊണ്ടു പോന്നപ്പോള്‍ അതില്‍ നിന്നൊരു ചെറുതോമസിനെ പിളര്‍ത്തി അവിടെ തന്നെ ഇട്ടിട്ടു പോന്ന തും പിതാക്കന്മാരുടെ കളിയാണെന്നത്രെ ഒരു ലേഖകന്‍ വിളമ്പിയിരിക്കുന്നത്. ഇനി ഇടതുമുന്നണി അധികാരത്തില്‍ വരുമ്പോള്‍ ഒരു കഴഞ്ച് തോമസ് അവിടെയുള്ള തു കാര്യസാദ്ധ്യത്തിനുപകരിക്കും എന്നു പിതാക്കന്മാര്‍ കരുതുന്നുവത്രെ. ഈ പിതാക്കന്മാരുടെ ഒരു കാര്യം!

പക്ഷേ പിതാക്കന്മാരുടെ ഈ കളി മനസ്സിലാക്കാതെ തോമസിന്റെ കഷണത്തെ മുന്നണിയില്‍ തന്നെ നിറുത്തുന്ന ഇടതുമുന്നണിയുടെ നടപടി ദുരൂഹമായിരിക്കുന്നു. കളി മനസ്സിലിരിക്കട്ടെ എന്നു പറഞ്ഞ് ആ 'തന്ത്രപരമായ കഷണ'ത്തെ കൂടി ചവിട്ടി പുറത്തിടുകയല്ലേ സഭയെ എതിര്‍ക്കുന്നവര്‍ ചെയ്യേണ്ടത്? പക്ഷേ അവിടെ പത്രലേഖകന്റെ വാക്കുകള്‍ക്കു പിണറായിസ്റുകള്‍ അത്ര വിശ്വാസ്യത കല്‍പിക്കുന്നില്ലെന്നു തോന്നുന്നു. "അത്രയ്ക്കു കാറ്റു വേണ്ട'' എന്നു ശ്രീനിവാസന്‍ വടക്കുനോക്കുയന്ത്രത്തില്‍ പറയുന്നതുപോലെ.

ഇതിനിടെ ലയനത്തിനായി തങ്ങള്‍ അരമനകളിലൊന്നും കയറിയിട്ടില്ലെന്നും പിതാക്കന്മാരുടെ അനുമതി ചോദിച്ചിട്ടില്ലെന്നും മാണി പരസ്യമായി പറയുകയുണ്ടായി. പക്ഷേ അതാരും വിശ്വസിച്ചതായി കാണുന്നില്ല. മാണി പറയുന്നതൊന്നും വിശ്വസിക്കാന്‍ കൊള്ളാത്തതുകൊണ്ടാണോ അത്? അല്ല. പിതാക്കന്മാര്‍ പറഞ്ഞിട്ടാണു തങ്ങള്‍ ലയിക്കുന്നത് എന്നാണു മാണി പറഞ്ഞതെന്നു കരുതുക. അപ്പോള്‍ ചിത്രം മാറും. ആ പറഞ്ഞതു പൂര്‍ണമായും വിശ്വസിക്കും. നമുക്കാവശ്യമുള്ളതു പറയുമ്പോള്‍ വിശ്വസിക്കുക, അല്ലാത്തത് അവിശ്വസിക്കുക. അപ്പോഴാണു നമ്മുടെ വിശ്വാസം നമ്മെ രക്ഷിക്കുക!

ലയനത്തില്‍ സഭയ്ക്കുള്ള പങ്കിനെ പറ്റി സഭ പ്രതികരിക്കണം, സഭ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് അപകടകരമാണ് എന്നിങ്ങനെയെല്ലാം പിണറായി കവലകള്‍ തോറും പറഞ്ഞുകൊണ്േടയിരിക്കുകയാണ്. വാസ്തവത്തില്‍ ആരോപണമുയര്‍ന്നപ്പോള്‍ തന്നെ സഭ ഔദ്യോഗികമായി പ്രതികരിച്ചിരുന്നു, സഭ ഇക്കാര്യത്തില്‍ ഇടപെട്ടിട്ടില്ലെന്ന്. സഭയ്ക്ക് ഇക്കാര്യത്തില്‍ പ്രത്യേക താത്പര്യമില്ലെന്നും. പക്ഷേ അതു കേള്‍ക്കാതെ, പിണറായി പിന്നെയും പ്രതികരണത്തിനായി ചോദിച്ചുകൊണ്േടയിരിക്കുകയാണ്. ഇനി എങ്ങിനെ പറഞ്ഞാലാണു പിണറായി കേള്‍ ക്കുക? പിണറായിയുടെ പ്രിയപ്പെട്ട അദ്ധ്യാപകനായിരുന്ന എം.എന്‍. വിജയന്‍മാസ്റര്‍ പറഞ്ഞതു പോലെ "കേള്‍ക്കുന്ന ഭാഷ''യില്‍ പറയണോ? അതായതു പാഠം ഭാഷ. പല തവണ പറഞ്ഞിട്ടും കേള്‍ക്കാതാകുമ്പോള്‍ പിടിച്ചു ചെകിട്ടത്തൊന്നു കൊടുത്തിട്ടു പറയുക, അപ്പോള്‍ കേള്‍ക്കും എന്നാണു വിജയന്‍ മാഷ് ഈ ഭാഷയെ നിര്‍വചിച്ചത്. പക്ഷേ, ആ ഭാഷ പറയാനുള്ള ആരോഗ്യം പ്രൊഫ. സുധീഷിനെ പോലെ സഭാവക്താവിനുണ്െടന്നു തോന്നുന്നില്ല.

മാധ്യമപ്രവര്‍ത്തകരെക്കുറിച്ച് ഈയിടെ മന്ത്രി പാലോളി മുഹമ്മദ് കുട്ടി പറഞ്ഞത് പിറവിയിലേ പിഴവു പറ്റിയവര്‍ എ ന്നാണ്. പാലോളി ഉദ്ദേശിച്ചതു ബാസ്റഡ്സ് എന്നാണെന്നു മാധ്യമപ്രവര്‍ത്തകര്‍ക്കു തിരിഞ്ഞിട്ടുണ്ട്. അത്രത്തോളം അനര്‍ ത്ഥം അര്‍ത്ഥമാക്കാതെ പറയട്ടെ, പിറവിയിലേ പിഴവു പറ്റിയ ഒരു പാര്‍ട്ടിയാണു കേരളാ കോണ്‍ഗ്രസ്. അതുകൊണ്ടാണ് അതു വളരുന്തോറും പിളരുകയും പിളരുന്തോറും തളരുക യും തളരുന്തോറും തകരുകയും ചെയ്യുന്നത്. അഴിമതി, സ്വജനപക്ഷഭേദം, കാലുവാരല്‍, കാലുമാറ്റം, കുതികാല്‍വെട്ട് തുടങ്ങിയ ചീഞ്ഞ കഥകളില്‍ കഥാപാത്രങ്ങളാകാത്ത നേതാക്കന്മാര്‍ ഈ പാര്‍ട്ടികളില്‍ ഏറെയില്ല. ഈ കക്ഷികളുടെ കര്‍മാകര്‍മങ്ങളുടെ പിതൃത്വം സഭാപിതാക്കന്മാരില്‍ ആരോപിക്കുന്നതു നല്ലതല്ല. അതിന്റെ പിതൃത്വമേറ്റവരെ പോലെ പെരുമാറുന്നതു പിതാക്കന്മാര്‍ക്കും ഗുണകരമായിരിക്കില്ല, അങ്ങി നെ പെരുമാറുന്നവരുണ്െടങ്കില്‍. സഭയ്ക്കു സഭയുടെ വഴി, കേരളാ കോണ്‍ഗ്രസുകള്‍ക്കു അവയുടെയും.

തന്റെ കുറുമ്പുകളുടെ ഉത്തരവാദിത്വം മാതാപിതാക്കളി ലും അദ്ധ്യാപകരിലും കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്ന വികൃതിപ്പയ്യന്മാരെ പോലെ, പിതാവു പറഞ്ഞിട്ടാണു ഞാനിതെല്ലാം ചെയ്തതെന്നു ഒരു രാഷ്ട്രീയക്കാരന്‍ പറയുമ്പോള്‍ മറ്റൊരു രാഷ്ട്രീയക്കാരന്‍ അതു വിശ്വസിക്കുന്നതായി നടിച്ചു പ്രസ്താവനകളുമായി ഇറങ്ങുന്നതു മനസ്സിലാക്കാം. രണ്ടും രാഷ്ട്രീയക്കാരാണല്ലോ. പക്ഷേ ഉത്തരവാദപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍, പഠിക്കാത്ത കുട്ടികള്‍ എഴുതുന്ന ഉപന്യാസത്തെ പോലെ, ഗ്യാസ് നിറഞ്ഞ ലയനോപന്യാസങ്ങള്‍ എഴുതി വിടുന്നതു പരിഹാസ്യമാണ്. വിവിധ വാരികകളില്‍ ഇത്തരം സൃഷ്ടികള്‍ ഇക്കഴിഞ്ഞയാഴ്ചകളില്‍ ധാരാളം കണ്ടു. സഭ യും പിതാക്കന്മാരും ഇടപെട്ടു എന്നല്ലാതെ ആര,് എവിടെ, എങ്ങിനെ, എപ്പോള്‍ ഇടപെട്ടു എന്നതിനെക്കുറിച്ചു തെളിവു നല്കുന്നതു പോയിട്ട് വെറും ഊഹാപോഹമായിട്ടെങ്കിലും എന്തെങ്കിലും പറയാന്‍ ഈ ലേഖകര്‍ക്കാര്‍ക്കും സാധിച്ചിട്ടില്ല. മറ്റവസരങ്ങളിലെല്ലാം മാധ്യമപ്രവര്‍ത്തകരുടെ പിതൃത്വം ചോദ്യം ചെയ്യാനും നില വിട്ടു പെരുമാറുമെന്നു ഭീഷണിപ്പെടുത്താനും തുനിയുന്ന നേതാക്കള്‍ ഇക്കാര്യത്തില്‍ മാത്രം അവരുടെ "സ്റോറികള്‍'' കണ്ണുമടച്ചു വിശ്വസിക്കുന്നതും പരിതാപകരമായിരിക്കുന്നു.

വിരാമതിലകം: ലയിച്ചുണ്ടാകുന്ന പുത്തന്‍ കേരളാ കോണ്‍ഗ്രസിനു ചെയര്‍മാന്‍, വര്‍ക്കിംഗ് ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, ഡെപ്യൂട്ടി ചെയര്‍മാന്‍, അമ്പതില്‍ പരം ജനറല്‍ സെക്രട്ടറിമാര്‍, കോഓര്‍ഡിനേറ്റര്‍മാര്‍ എന്നീ ഭാരവാഹികളും സഹസ്രാംഗ സംസ്ഥാനകമ്മിറ്റിയും ഉണ്ടായിരിക്കും. കേരളാ കോണ്‍ഗ്രസ് യോഗത്തില്‍ ഭാരവാഹികള്‍ ഓഡിറ്റോറിയത്തിലും അണികള്‍ സ്റേജിലും ഇരിക്കുന്ന പുതിയൊരു തരം രീതിയും ആലോചിക്കുന്നുണ്ട്. അദ്ധ്വാനവര്‍ഗസിദ്ധാന്തം പോലെ ആലോചനാമൃതം.

Author : ലേഖാറോസ്

1 comment:

Johny said...

പിറവിയിലേ പിഴവു പറ്റിയ ഒരു പാര്‍ട്ടിയാണു കേരളാ കോണ്‍ഗ്രസ്. അതുകൊണ്ടാണ് അതു വളരുന്തോറും പിളരുകയും പിളരുന്തോറും തളരുക യും തളരുന്തോറും തകരുകയും ചെയ്യുന്നത്. അഴിമതി, സ്വജനപക്ഷഭേദം, കാലുവാരല്‍, കാലുമാറ്റം, കുതികാല്‍വെട്ട് തുടങ്ങിയ ചീഞ്ഞ കഥകളില്‍ കഥാപാത്രങ്ങളാകാത്ത നേതാക്കന്മാര്‍ ഈ പാര്‍ട്ടികളില്‍ ഏറെയില്ല. ഈ കക്ഷികളുടെ കര്‍മാകര്‍മങ്ങളുടെ പിതൃത്വം സഭാപിതാക്കന്മാരില്‍ ആരോപിക്കുന്നതു നല്ലതല്ല. അതിന്റെ പിതൃത്വമേറ്റവരെ പോലെ പെരുമാറുന്നതു പിതാക്കന്മാര്‍ക്കും ഗുണകരമായിരിക്കില്ല...