Thursday, June 24, 2010

മാര്‍ റെമീജിയോസിന്റെ "വിവാദ!!" സര്‍ക്കുലര്‍

കോട്ടയം സിഎംഎസ്‌ കോളജിലെ എസ്‌എഫ്‌ഐ അഴിഞ്ഞാട്ടം വ്യാപകപ്രതിഷേധത്തിനു വഴിവച്ചതോടെ സംഭവത്തില്‍നിന്നു ശ്രദ്ധതിരിക്കാനുള്ള തന്ത്രങ്ങളുമായി ഇടതുകേന്ദ്രങ്ങള്‍ രംഗത്ത്‌. താമരശേരി രൂപത ബിഷപ്പിണ്റ്റെ സര്‍ക്കുലര്‍ ദുര്‍വ്യാഖ്യാനം ചെയ്തു വിവാദമുണ്ടാക്കാനാണ്‌ ശ്രമം. താമരശേരി രൂപതയുടെ ഒദ്യോഗിക ബുള്ളറ്റിനായ താമരമൊട്ടുകളില്‍ പ്രസിദ്ധീകരിച്ച സര്‍ക്കുലറാണ്‌ ചില ചാനലുകളുടെ പിന്തുണയോടെ ഇടതുകേന്ദ്രങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തു വര്‍ഗീയ പരാമര്‍ശങ്ങളുണ്ടെന്നു പ്രചരിപ്പിക്കുന്നത്‌. എന്നാല്‍, സര്‍ക്കുലര്‍ ഒരുവട്ടമെങ്കിലും പൂര്‍ണമായി വായിച്ചിട്ടുള്ള ആര്‍ക്കും ഇതില്‍ അത്തരം യാതൊരു പരാമര്‍ശങ്ങളും കണ്ടെത്താനാവില്ല. ഏതാനും വര്‍ഷങ്ങളായി പാഠ്യപദ്ധതിയിലൂടെയും മറ്റും സര്‍ക്കാര്‍ നടത്തിവരുന്ന തലതിരിഞ്ഞ പരിഷ്കാരങ്ങളെ വിമര്‍ശിക്കുക, സ്കൂളുകളിലാകെ മതവിദ്വേഷവും നിരീശ്വരവാദവും പ്രചരിപ്പിക്കുന്നതിനെതിരേ കരുതിയിരിക്കുക തുടങ്ങിയ സന്ദേശങ്ങളാണ്‌ സര്‍ക്കുലറിലൂടെ ബിഷപ്‌ മുന്നോട്ടു വച്ചത്‌. മാതാപിതാക്കളേയും ഗുരുജനങ്ങളേയും ദൈവസ്ഥാനീയരായി ബഹുമാനിക്കുന്ന ആര്‍ഷഭാരതത്തിണ്റ്റെ സംസ്കാരത്തില്‍, ദൈവനിഷേധത്തിണ്റ്റേയും മതനിന്ദയുടേയും വക്താക്കളാകാനോ അത്തരം നിലപാടുകളെ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളില്‍ അംഗത്വം സ്വീകരിക്കാനോ ഒരു ഗുരുവിനു കഴിയുമോ എന്നു തുടങ്ങിയ ചോദ്യങ്ങളാണ്‌ സര്‍ക്കലറിലൂടെ ഉന്നയിച്ചിരിക്കുന്നത്‌.

സര്‍ക്കലറിന്റെ പൂര്‍ണരൂപം ചുവടെ ....


വിദ്യാഭ്യാസം

മിശിഹായില്‍ പ്രിയ സഹോദരീ, സഹോദരന്മാരേ,
പുതിയൊരു സ്‌കൂള്‍വര്‍ഷംകൂടി സമാഗതമാകുകയാണല്ലോ. സമൂഹത്തിന്റെയും രാഷ്‌ട്രത്തിന്റെയും ഭാവി വളരുന്ന കുഞ്ഞുങ്ങള്‍ക്കു ലഭിക്കുന്ന പരിശീലനത്തിനനുസരിച്ചാണ്‌ നിര്‍ണ്ണയിക്കപ്പെടുന്നത്‌. അതുകൊണ്ട്‌ ഭാവിയെക്കുറിച്ച്‌ ഉത്തരവാദിത്വബോധത്തോടെ ചിന്തിക്കുന്ന ആര്‍ക്കും വിദ്യാഭ്യാസത്തെ അവഗണിക്കാനാവില്ല. വിദ്യാഭ്യാസത്തിനുള്ള കുട്ടികളുടെ അവകാശം മാതാപിതാക്കള്‍ക്കോ രാഷ്‌ട്രത്തിനോ നിഷേധിക്കാനാവാത്ത മൗലിക അവകാശമാണെന്ന്‌ പോള്‍ ആറാമന്‍ മാര്‍പാപ്പ അരനൂറ്റാണ്ടുമുമ്പേ പ്രസ്‌താവിച്ചിരുന്നു (GE,1)കത്തോലിക്കാസഭ വിദ്യാഭ്യാസമേഖലയില്‍ ഇടപെടുന്നതിന്റെ ലക്ഷ്യം എന്തെന്ന്‌ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള തിരുസംഘം പുറപ്പെടുവിച്ച പ്രമാണരേഖയില്‍ പ്രത്യേകം എടുത്തുപറയുന്നു : കുട്ടികളുടെ ബുദ്ധിപരവും, ധാര്‍മ്മികവും ഭൗതികവും ആത്മീയവുമായ മേഖലകളിലെ കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിച്ച്‌ അവരെ ഉത്തരവാദിത്വബോധമുള്ള വരും, സ്വാതന്ത്ര്യം ശരിയായി വിനിയോഗിക്കാന്‍ പ്രാപ്‌തിയുള്ളവരും സമൂഹവുമായി ഫലപ്രദവും ക്രിയാത്മകവുമായി സംവദിക്കാന്‍ കഴിവുള്ളവരുമായി വളര്‍ത്തുക എന്നതാണ്‌ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം (Letter on Catholic Education, 1).

ഈ ലക്ഷ്യം നിറവേറ്റുന്നതില്‍ കേരളത്തിലെ ക്രൈസ്‌തവസമൂഹം എന്നും പ്രതിജ്ഞാബദ്ധമായിരുന്നു. കേരളത്തിന്റെ നവോത്ഥാനത്തിന്‌ നാഴികക്കല്ലുകളായി വര്‍ത്തിച്ചത്‌ ക്രൈസ്‌തവമിഷനറിമാര്‍ ആരംഭിച്ച വിദ്യാഭ്യാസസ്ഥാപനങ്ങളാണ്‌. ദേവാലയത്തിലെ പൊന്‍കുരിശും പൊന്നരുളിക്കായുംവരെ വിറ്റ്‌ പള്ളിക്കൂടങ്ങള്‍ തുടങ്ങാന്‍ ക്രൈസ്‌തവര്‍ തയ്യാറായി. ദൈവാരാധനയോളം പ്രാധാന്യമുള്ളതാണ്‌ വിദ്യാഭ്യാസം അഥവാ വിദ്യാദാനം. അതു ദൈവാരാധന തന്നെയാണ്‌ എന്നു തിരിച്ചറിഞ്ഞവരാണ്‌ ക്രൈസ്‌തവര്‍.ലന്‍ മിഷനറി സൊസൈറ്റി (LMS) 1803-ല്‍ തിരുവിതാംകൂറില്‍ ആദ്യത്തെ ക്രിസ്‌ത്യന്‍ മിഷനറി സ്‌കൂള്‍ ആരംഭിച്ചു. വിദ്യാഭ്യാസമേഖലയില്‍ നാളിതുവരെ നിലനിന്നിരുന്ന സമ്പ്രദായങ്ങളെ തകിടം മറിക്കുന്ന യഥാര്‍ത്ഥ സാമൂഹിക വിപ്ലവമാണ്‌ ക്രിസ്‌ത്യന്‍ വിദ്യാലയങ്ങളുടെ ആഗമനത്തോടെ കേരളത്തില്‍ സംഭവിച്ചത്‌. അതുവരെ വിദ്യാഭ്യാസമെന്നത്‌ വേദങ്ങളും സൂക്തങ്ങളും പൂജാവിധികളും പഠിക്കുക എന്നതുമാത്രമായിരുന്നു. പൂജാകര്‍മ്മങ്ങള്‍ അനുഷ്‌ഠിക്കാന്‍ യോഗ്യതയുള്ള സവര്‍ണ്ണര്‍ക്കു മാത്രമേ വിദ്യ അഭ്യസിക്കുവാന്‍ അവകാശമുണ്ടായിരുന്നുള്ളൂ.

?ശൂദ്രാമക്ഷരസംയുക്തം ദൂരിത പരിവര്‍ജ്ജേയത്‌? (അക്ഷരം പഠിച്ച ശൂദ്രനെ ദൂരെയകറ്റണം) എന്നതായിരുന്നു നാട്ടുനടപ്പ്‌. വേദം കേട്ട ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കണമെന്ന്‌ വ്യവസ്ഥ ചെയ്‌തിരുന്ന നാടായിരുന്നു കേരളം. ചാതുര്‍വര്‍ണ്ണ്യം അതിന്റെ കിരാതരൂപത്തില്‍ നിലനിന്ന കേരളത്തില്‍ ജാതിപരമായ ഉച്ചനീചത്വങ്ങളും അയിത്താചാരവുംമൂലം സമൂഹത്തിലെ ബഹുഭൂരിപക്ഷം വരുന്ന താഴ്‌ന്ന ജാതിക്കാര്‍ക്ക്‌ വിദ്യാഭ്യാസം നിഷിദ്ധമായിരുന്നു. എന്നാല്‍, ക്രൈസ്‌തവമിഷനറിമാര്‍ ആരംഭിച്ച സ്‌കൂളുകളില്‍ ജാതിവ്യവസ്ഥ അംഗീകരിച്ചിരുന്നില്ല. സവര്‍ണ്ണന്റെയും അവര്‍ണ്ണന്റെയും കുട്ടികളെ ഒരേ ബെഞ്ചിലിരുത്തി മനുഷ്യസാഹോദര്യത്തിന്റെ ബാലപാഠങ്ങള്‍ ഈ നാട്ടില്‍ ആദ്യമായി പഠിപ്പിച്ച ക്രിസ്‌ത്യന്‍ പള്ളിക്കൂടങ്ങളാണ്‌ കേരളത്തില്‍നിന്ന്‌ ജാതിവ്യവസ്ഥിതിയെ തകര്‍ത്തെറിഞ്ഞ പ്രധാനശക്തി. മിഷനറിമാര്‍ തുടങ്ങിയ സ്‌കൂളുകളില്‍ ഇംഗ്ലീഷും കണക്കും തുന്നല്‍വിദ്യയും ആരോഗ്യപരിപാലനവും പാഠവിഷയങ്ങളായി. വിദ്യാഭ്യാസം എന്നത്‌ സവര്‍ണ്ണരുടെ വേദാഭ്യാസം മാത്രമായി മനസ്സിലാക്കപ്പെട്ടിരുന്ന കാലത്താണ്‌ ആധുനിക വിദ്യാഭ്യാസം മിഷനറിമാര്‍ കേരളത്തില്‍ നടപ്പാക്കിയത്‌. നിലവിലുണ്ടായിരുന്നതുപോലെ ഏതാനും വേദപാഠശാലകള്‍ തുടങ്ങാനല്ല തികച്ചും ആധുനികമായ വിദ്യാഭ്യാസ സമ്പ്രദായം ഇവിടെകൊണ്ടുവരാനാണ്‌ മിഷനറിമാര്‍ ശ്രമിച്ചത്‌. വിദ്യാഭ്യാസത്തിനു നല്‍കിയ ഈ നൂതനദിശാബോധത്തിന്റെപേരില്‍ ഈ മിഷനറിമാര്‍ മലയാളികള്‍ക്ക്‌ പ്രാതസ്‌മരണീയരാണ്‌.

1846 ല്‍ മാന്നാനത്ത്‌ സംസ്‌കൃതസ്‌കൂളുകളും തുടര്‍ന്ന്‌ മലയാളം സ്‌കൂളുകളും സ്ഥാപിച്ച വാഴ്‌ത്തപ്പെട്ട ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചനാണ്‌ കേരളത്തില്‍ വിദ്യാഭ്യാസത്തെ ജനകീയമാക്കിയത്‌. 1865 ല്‍ വരാപ്പുഴയുടെ വികാരിജനറലായ ചാവറയച്ചന്‍ കേരളത്തിലെ മുഴുവന്‍ കത്തോലിക്കാ പള്ളികളിലേക്കും അയച്ച സര്‍ക്കുലറില്‍ എല്ലാ പള്ളികളോടുമനുബന്ധിച്ച്‌ പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കാന്‍ കല്‌പന നല്‍കി. കേരളത്തിലങ്ങോളമിങ്ങോളം നൂറുകണക്കിനു വിദ്യാലയങ്ങള്‍ ഉയര്‍ന്നുവന്നത്‌ ഈ പശ്ചാത്തലത്തിലാണ്‌. സഭയുടെ പണംകൊണ്ടു പടുത്തുയര്‍ത്തിയ ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകര്‍ക്കു ശമ്പളം കൊടുത്തിരുന്നതും സഭയായിരുന്നു. കൂടാതെ കേരളത്തില്‍ ആദ്യമായി യൂണിഫോം, ഉച്ചഭക്ഷണം എന്നിവ സൗജന്യമായി സ്‌കൂളുകളില്‍ വിതരണം ചെയ്‌തു തുടങ്ങിയതും ചാവറയച്ചന്റെ കാലത്താണ്‌. ക്രൈസ്‌തവ സമുദായത്തിന്റെ നിരന്തര പരിശ്രമവും അദ്ധ്വാനവുംവഴി സമൂഹത്തിലെ മുഴുവന്‍ വിഭാഗം ജനങ്ങള്‍ക്കും വിദ്യാഭ്യാസം നല്‍കി കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തില്‍ മുഖ്യ പങ്കുവഹിച്ചത്‌ ക്രൈസ്‌തവ മിഷനറിമാരായിരുന്നു. നാടിന്റെ സംസ്‌കാരത്തിനും മൂല്യബോധത്തിനും ദിശാബോധം നല്‍കുക എന്ന മഹനീയമായ പൈതൃകം ഈ കാലഘട്ടത്തില്‍ തുടരുക എന്നതാണ്‌ നമ്മുടെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ലക്ഷ്യം.

ചരിത്രം അറിഞ്ഞുകൂടാത്തവര്‍ക്കും അറിഞ്ഞ ചരിത്രസത്യങ്ങളെ സ്വാര്‍ത്ഥതാല്‍പര്യങ്ങളുടെ പേരില്‍ നിഷേധിക്കുന്നവര്‍ക്കും മാത്രമേ വിദ്യാഭ്യാസമേഖലയില്‍ ക്രൈസ്‌തവസഭ നല്‍കിയ സംഭാവനകളെ നിരാകരിക്കാനും നിസ്സാരവത്‌കരിക്കാനും കഴിയൂ. ഇത്തരത്തിലുള്ള സംഘടിതമായ നീക്കങ്ങള്‍ ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്ന്‌ ആവര്‍ത്തിക്കുന്നതിനെ ആശങ്കയോടെയാണ്‌ സഭ വീക്ഷിക്കുന്നത്‌.കലുഷിതമായ അന്തരീക്ഷത്തിലാണ്‌ പുതിയ സ്‌കൂള്‍ വര്‍ഷവും ആരംഭിക്കുന്നത്‌. വിദ്യാഭ്യാസ രംഗത്തെ സമ്പൂര്‍ണ്ണമായി രാഷ്‌ട്രീയവല്‍ക്കരിക്കാനും നിരീശ്വരവല്‍ക്കരിക്കാനുമുള്ള ശ്രമങ്ങള്‍ സംഘടിതമായി നടന്നുവരുന്നു എന്നത്‌ ആശങ്കാജനകമാണ്‌. പാഠപുസ്‌തകനവീകരണവുമായി ബന്ധപ്പെട്ട വിവാദങ്ങളും അധ്യാപകപരിശീലനത്തിലെ രാഷ്‌ട്രീയാതിപ്രസരവും വിദ്യാഭ്യാസനയത്തിലെ മതവിശ്വാസവിരുദ്ധ നിലപാടുകളും ഈ ആശങ്കയെ വര്‍ദ്ധമാനമാക്കുന്നുണ്ട്‌. ഭാരതത്തിന്റെ ഭരണഘടനയും നീതിപീഠങ്ങളും ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യവും ന്യൂനപക്ഷ അവകാശങ്ങളും ആരുടെയും ഭീഷണിക്കുമുന്നില്‍ അടിയറ വയ്‌ക്കാന്‍ നാം ഒരുക്കമല്ല. വിദ്യാഭ്യാസ മേഖലയിലെ തലതിരിഞ്ഞ പരിഷ്‌കരണങ്ങള്‍ക്കെതിരെ സൈദ്ധാന്തികവും നയപരവുമായ എതിര്‍പ്പുകള്‍ സഭയുടെ ഭാഗത്തുനിന്നുണ്ടാകുന്നതിനെ കക്ഷിരാഷ്‌ട്രീയത്തിലുള്ള പക്ഷംചേരലായി ആരും കരുതേണ്ടതില്ല. സത്യവിശ്വാസത്തെ പ്രാണവായുവിനേക്കാള്‍ സ്‌നേഹിക്കുന്ന നമ്മെ സംബന്ധിച്ചിടത്തോളം ദൈവവിശ്വാസത്തെ നിരാകരിക്കുന്ന പാഠ്യനയങ്ങള്‍ ആത്മഹത്യാപരമാണ്‌ എന്ന തിരിച്ചറിവ്‌ സകല വിശ്വാസികള്‍ക്കും ഉണ്ടാവണം.

വിദ്യാര്‍ത്ഥികളുടെ സമഗ്ര വളര്‍ച്ചയ്‌ക്കായി അധ്യാപകര്‍ നല്‍കുന്ന നിസ്‌തുലമായ സംഭാവനകളെ ഈ അവസരത്തില്‍ ഞാന്‍ നന്ദിയോടെ ഓര്‍മ്മിക്കുന്നു. ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക്‌ ഭരണഘടന അനുവദിച്ചു നല്‍കുന്ന പ്രത്യേക അവകാശങ്ങള്‍ മൂലമാണ്‌ നമ്മുടെ സ്‌കൂളുകളില്‍ അധ്യാപക നിയമനം നടത്തുന്നത്‌. ഇപ്രകാരം നിയമിതരാകുന്ന അധ്യാപകര്‍ക്ക്‌ ന്യൂനപക്ഷ സമൂഹത്തിന്റെ വിശ്വാസത്തെയും സംസ്‌കാരത്തെയും പരിരക്ഷിക്കാനുള്ള ഉത്തരവാദിത്തമുണ്ടെന്ന വസ്‌തുത അവര്‍ മറക്കരുത്‌. ന്യൂനപക്ഷ സമൂഹത്തിന്റെ ഭരണഘടനാദത്തമായ ആനുകൂല്യങ്ങള്‍ അനുഭവിക്കുന്ന അധ്യാപകര്‍ പ്രസ്‌തുത സമൂഹത്തിന്റെ വിശ്വാസത്തിനും സംസ്‌ക്കാരത്തിനും വിരുദ്ധമായ പ്രത്യയശാസ്‌ത്രങ്ങളില്‍ നിന്നും നിലപാടുകളില്‍ നിന്നും വിട്ടുനില്‍ക്കേണ്ടതാണ്‌.
മാതാപിതാക്കളെയും ഗുരുജനങ്ങളെയും ദൈവസ്ഥാനീയരായി ബഹുമാനിക്കുന്ന ആര്‍ഷഭാരതത്തിന്റെ സംസ്‌ക്കാരത്തില്‍ ദൈവനിഷേധത്തിന്റെയും മതനിന്ദയുടെയും വക്താക്കളാകാനോ അത്തരം നിലപാടുകളെ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളില്‍ അംഗത്വം സ്വീകരിക്കാനോ ഒരു ഗുരുവിനു കഴിയുമോ എന്ന്‌ അവര്‍ ആലോചിക്കേണ്ടതാണ്‌.പുതിയ തലമുറയെ സനാതന മൂല്യങ്ങള്‍ അഭ്യസിപ്പിക്കുന്നതില്‍ പഴയതലമുറ പരാജയപ്പെടുന്നു എന്ന വസ്‌തുതയും വിസ്‌മരിക്കരുത്‌?. ഈ കുറവു പരിഹരിക്കാനായി മൂല്യബോധനം നമ്മുടെ പാഠ്യപദ്ധതിയുടെ അനിവാര്യഭാഗമാകണം.

വേദപാഠം, സന്മാര്‍ഗശാസ്‌ത്രം തുടങ്ങിയവയുടെ പഠനത്തിന്‌ നമ്മുടെ സ്‌കൂളുകളില്‍ പ്രത്യേക ശ്രദ്ധ നല്‌കേണ്ടതാണ്‌. കണക്കും ശാസ്‌ത്രവും സാഹിത്യവും പഠിപ്പിച്ചതുകൊണ്ടു മാത്രം കുട്ടികളുടെ സമഗ്രവളര്‍ച്ച സാധ്യമാകുന്നില്ല. ബുദ്ധിയോടൊപ്പം മനസ്സും ആത്മാവും വളരുമ്പോള്‍ മാത്രമേ കുട്ടിയുടെ വളര്‍ച്ച സമഗ്രമാകുകയുള്ളൂ. രണ്ടാംവത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിച്ചതുപോലെ മൂല്യബോധമുള്ള തലമുറയെ വാര്‍ത്തെടുക്കുക എന്നത്‌ നമ്മുടെ സ്‌കൂളുകളുടെ പ്രഥമ ലക്ഷ്യമാണ്‌ (GS 7). ചരിത്രപരമായ ക്രിസ്‌ത്വാനുഭവത്തിന്റെ അറിവിലേക്ക്‌ വിദ്യാര്‍ത്ഥികളെ ക്ഷണിച്ച്‌ സുവിശേഷങ്ങളുടെ ഉള്‍പൊരുള്‍ ഗ്രഹിച്ച്‌ ധാര്‍മ്മികതയും മൂല്യ ബോധവുമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാനും അതുവഴി പ്രാദേശിക സംസ്‌ക്കാരത്തിന്റെ ആദ്ധ്യാത്മിക ചക്രവാളത്തെ രൂപപ്പെടുത്തുവാനും മതബോധനത്തിനു സാധിക്കണം. മതബോധനം, സന്മാര്‍ഗശാസ്‌ത്രം എന്നിവയുടെ ക്ലാസുകള്‍ സ്‌കൂളുകളില്‍ യഥോചിതം നടത്തെപ്പെടുന്നു എന്ന്‌ ഉറപ്പുവരുത്താന്‍ എല്ലാ പ്രധാനാധ്യാപകരോടും മാനേജര്‍മാരോടും ഞാന്‍ സ്‌നേഹപൂര്‍വ്വം ആവശ്യപ്പെടുകയാണ്‌. പരി. പിതാവ്‌ ബനഡിക്‌ട്‌ മാര്‍പാപ്പാ ഓര്‍മ്മിപ്പിക്കുന്നതുപോലെ പുതിയതലമുറയുടെ മൂല്യബോധമില്ലായ്‌മയെ പഴി പറയുന്നതില്‍ മാത്രം നമ്മുടെ ഉത്തരവാദിത്വം അവസാനിക്കുന്നില്ല.

ഇതോടൊപ്പം തന്നെ ഞായറാഴ്‌ച തോറും നാം നടത്തുന്ന മതബോധനത്തെപ്പറ്റിയും ഗൗരവപൂര്‍വ്വം നിങ്ങളെ ഓര്‍മ്മപ്പെടുത്തുവാന്‍ ഞാനാഗ്രഹിക്കുന്നു. വളര്‍ന്നു വരുന്ന തലമുറയ്‌ക്ക്‌ ക്രിസ്‌തീയ വിശ്വാസ പരിശീലനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വേദിയാണ്‌ ഞായറാഴ്‌ച മതബോധനം. നമ്മുടെ കുഞ്ഞുങ്ങളെ വിശ്വാസത്തിലും ദൈവ സ്‌നേഹത്തിലും അതില്‍ നിന്നുടലെടുക്കുന്ന മനുഷ്യ സ്‌നേഹത്തിലും അടിസ്ഥാനമിട്ടുറപ്പിക്കുന്നത്‌. മതബോധനക്ലാസ്സുകളിലാണ്‌. നല്ല സ്‌കൂളുകള്‍ തിരഞ്ഞെടുത്ത്‌ കുട്ടികളെ അയയ്‌ക്കുവാനും പഠിപ്പിക്കുവാനും മാതാപിതാക്കള്‍ കാണിക്കുന്ന ജാഗ്രത, വിശ്വാസപരിശീലനത്തിനായി മതബോധന ക്ലാസ്സുകളില്‍ കുട്ടികളെ അയയ്‌ക്കുന്ന കാര്യത്തില്‍ നമുക്കെത്രമാത്രമുണ്ട്‌?. ഞായറാഴ്‌ച ദിവ്യബലിയും വേദപാഠവും മുടക്കി ട്യൂഷനും മറ്റു കോച്ചിംഗുകള്‍ക്കുമായി കുട്ടികളെ പറഞ്ഞയയ്‌ക്കുന്നരീതി വളരെ ഗൗരവപൂര്‍വ്വം നാം തിരുത്തേണ്ടതാണ്‌. യാതൊരു കാരണവശാലും അത്തരത്തിലുള്ള പ്രവര്‍ത്തന രീതകള്‍ ഉണ്ടാകാതിരിക്കാന്‍, മാതാപിതാക്കളും കുട്ടികളും അദ്ധ്യാപകരും ബഹു. വികാരിയച്ചന്മാരും നിതാന്ത ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്‌.

നമ്മുടെ സ്‌കൂളുകളിലെ പഠനനിലവാരം ഉയര്‍ത്താനുള്ള സംഘാതമായ പരിശ്രമം അധ്യാപകരുടെയും രക്ഷാകര്‍ത്താക്കളുടെയും ഭാഗത്തുനിന്നുണ്ടാകണം. സര്‍ക്കാര്‍ സ്‌കൂളുകളിലെയും എയ്‌ഡഡ്‌ സ്‌കൂളുകളിലെയും വിദ്യാഭ്യാസനിലവാരത്തിലുള്ള വിശ്വാസക്കുറവുകൊണ്ടായിരിക്കാം തങ്ങളുടെ കുഞ്ഞുങ്ങളെ വര്‍ദ്ധിച്ച ഫീസുനല്‍കി ഇഗ്ലീഷ്‌ മീഡിയം സ്‌കൂളുകളിലയയ്‌ക്കുന്ന പ്രവണത മാതാപിതാക്കളുടെ ഇടയില്‍ വര്‍ദ്ധിച്ചു വരുന്നുണ്ട്‌. ഇംഗ്ലീഷ്‌മീഡിയത്തിലെ വിദ്യാഭ്യാസം നല്ലതും പ്രോത്സാഹനാജനകവുമാണെന്നു സമ്മതിക്കുമ്പോള്‍ത്തന്നെ സാധാരണക്കാരന്‌ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തേണ്ട നമ്മുടെ സ്‌കൂളുകള്‍ പഠനനിലവാരത്തില്‍ പിന്നിലാകരുത്‌ എന്ന നിര്‍ബന്ധബുദ്ധി നമുക്കുകൂടിയേ കഴിയൂ. ഇതിനാവശ്യമായ കര്‍മ്മ പദ്ധതികള്‍ സ്‌കൂള്‍ മാനേജുമെന്റെും അധ്യാപകരും രക്ഷാകര്‍ത്താക്കളും വിദ്യാര്‍ത്ഥികളും ചേര്‍ന്ന്‌ കൂടിയാലോചനയിലൂടെ ആവിഷ്‌ക്കരിക്കേണ്ടതാണ്‌. അതോടൊപ്പം തന്നെ ഇംഗ്ലീഷ്‌ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന പാവപ്പെട്ടവന്റെ കുട്ടികള്‍ക്കും പ്രാപ്യമാകത്തക്കവിധത്തില്‍ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളുകളിലെ പ്രവേശന പാഠ്യവേതന നിരക്കുകള്‍ ക്രമീകരിക്കുന്നതില്‍ ക്രൈസ്‌തവ സ്ഥാപനങ്ങള്‍ മാതൃകകാട്ടേണ്ടതാണ്‌. അര്‍ഹതയുള്ളവര്‍ക്ക്‌ പണമില്ലാത്തതിന്റെ പേരില്‍ മാത്രം പ്രവേശനം നിഷേധിക്കുന്ന ഒരു സ്ഥാപനവും നമ്മുടെയിടയില്‍ ഉണ്ടാകരുത്‌. കാരണം, അത്തരം സ്ഥാപനങ്ങള്‍ സുവിശേഷത്തിന്‌ വിപരീത സാക്ഷ്യം നല്‍കുന്നവയാണ്‌.

സുവിശേഷാധിഷ്‌ഠിത മൂല്യങ്ങളാല്‍ പ്രചോദിപ്പിക്കപ്പെട്ട പുതിയൊരു വിദ്യാഭ്യാസ സംസ്‌കാരത്തിനായി നമുക്കു പ്രാര്‍ത്ഥിക്കാം.
എല്ലാവര്‍ക്കും ഫലദായകമായ വിദ്യാലയവര്‍ഷം ആശംസിക്കുന്നു.
അനുഗ്രഹാശിസ്സുകളോടെ,


താമരശ്ശേരി മാര്‍ റെമീജിയോസ്‌ ഇഞ്ചനാനി
23.05.2010 താമരശ്ശേരി രൂപതയുടെ മെത്രാന്‍

1 comment:

Johny said...

വിദ്യാര്‍ത്ഥികളുടെ സമഗ്ര വളര്‍ച്ചയ്‌ക്കായി അധ്യാപകര്‍ നല്‍കുന്ന നിസ്‌തുലമായ സംഭാവനകളെ ഈ അവസരത്തില്‍ ഞാന്‍ നന്ദിയോടെ ഓര്‍മ്മിക്കുന്നു. ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക്‌ ഭരണഘടന അനുവദിച്ചു നല്‍കുന്ന പ്രത്യേക അവകാശങ്ങള്‍ മൂലമാണ്‌ നമ്മുടെ സ്‌കൂളുകളില്‍ അധ്യാപക നിയമനം നടത്തുന്നത്‌. ഇപ്രകാരം നിയമിതരാകുന്ന അധ്യാപകര്‍ക്ക്‌ ന്യൂനപക്ഷ സമൂഹത്തിന്റെ വിശ്വാസത്തെയും സംസ്‌കാരത്തെയും പരിരക്ഷിക്കാനുള്ള ഉത്തരവാദിത്തമുണ്ടെന്ന വസ്‌തുത അവര്‍ മറക്കരുത്‌. ന്യൂനപക്ഷ സമൂഹത്തിന്റെ ഭരണഘടനാദത്തമായ ആനുകൂല്യങ്ങള്‍ അനുഭവിക്കുന്ന അധ്യാപകര്‍ പ്രസ്‌തുത സമൂഹത്തിന്റെ വിശ്വാസത്തിനും സംസ്‌ക്കാരത്തിനും വിരുദ്ധമായ പ്രത്യയശാസ്‌ത്രങ്ങളില്‍ നിന്നും നിലപാടുകളില്‍ നിന്നും വിട്ടുനില്‍ക്കേണ്ടതാണ്‌.
മാതാപിതാക്കളെയും ഗുരുജനങ്ങളെയും ദൈവസ്ഥാനീയരായി ബഹുമാനിക്കുന്ന ആര്‍ഷഭാരതത്തിന്റെ സംസ്‌ക്കാരത്തില്‍ ദൈവനിഷേധത്തിന്റെയും മതനിന്ദയുടെയും വക്താക്കളാകാനോ അത്തരം നിലപാടുകളെ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളില്‍ അംഗത്വം സ്വീകരിക്കാനോ ഒരു ഗുരുവിനു കഴിയുമോ എന്ന്‌ അവര്‍ ആലോചിക്കേണ്ടതാണ്‌.