ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ഇംഗ്ളണ്ട് സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നത്തെ മാറിയ യൂറോപ്പിനു ക്രൈസ്തവ സംസ്കാരത്തിന്റെയും അടിയുറച്ച വിശ്വാസത്തിന്റെയും ചിന്തകള്‍ ആവശ്യമാണെന്നും അത്തരം ആശയങ്ങള്‍ പങ്കുവയ്ക്കാന്‍ പ്രസിദ്ധ ദൈവശാസ്ത്രജ്ഞനായ മാര്‍പാപ്പയ്ക്കു സാധിക്കുമെന്നും പണ്ഡിതനായ ജോര്‍ജ് വീഗല്‍ വിലയിരുത്തുന്നു
കത്തോലിക്കാ യാഥാസ്ഥിതികത്വത്തിന്റെ ആള്‍രൂപമായി വിശേഷിപ്പിക്കപ്പെട്ടിരുന്ന കാര്‍ഡിനല്‍ ജോസഫ് റാറ്റ്സിംഗര്‍ ഇറ്റാലിയന്‍ സെനറ്റില്‍ ഒരു പ്രഭാഷണം നടത്തുകയുണ്ടായി. പ്രഭാഷണത്തിനു അദ്ദേഹത്തെ ക്ഷണിച്ച സെനറ്റ് പ്രസിഡന്റ് മാഴ്സെലോ പെരാ ഒരു അവിശ്വാസിയും കാള്‍ പോപ്പറിന്റെ സ്കൂളില്‍പ്പെട്ട ശാസ്ത്രതത്ത്വചിന്തകനുമായിരുന്നു. കാര്‍ഡിനല്‍ റാറ്റ്സിംഗറിന്റെ പ്രഭാഷണവിഷയം ഇതായിരുന്നു: "യൂറോപ്പിന്റെ ആദ്ധ്യാത്മികവേരുകള്‍: ഇന്നലെയും ഇന്നും നാളെയും.'' ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയായി മാറിയ അദ്ദേഹം ബ്രിട്ടനില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തിയ ഈ പശ്ചാത്തല ത്തില്‍ അദ്ദേഹത്തിന്റെ അന്നത്തെ ആ പ്രഭാഷണം ഓര്‍ക്കുന്നതു ഉചിതമായിരിക്കും. വൈദികരുടെ ലൈംഗികചൂഷണത്തെയും അതു തെറ്റായ രീതിയില്‍ അധികാരികള്‍ കൈകാര്യം ചെയ്തതിനെ യുംകുറിച്ചു മാത്രം ചര്‍ച്ചകള്‍ നടക്കുമ്പോള്‍ അതിനേക്കാള്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇവിടെയുണ്ട് എന്നതിന്റെ ഓര്‍മപ്പെടുത്തലുമാണിത്. ഇരുപതാം നൂറ്റാണ്ടു പാശ്ചാത്യലോകത്തെ എന്തെങ്കിലും പഠിപ്പിച്ചിട്ടുണ്െടങ്കില്‍ അതു കെയ് നെസ്സ് പറഞ്ഞ ഈ സത്യമാണ് "ആശയങ്ങള്‍... അവ ശരിയായിരിക്കുമ്പോഴും തെറ്റായിരിക്കുമ്പോഴും ആരും കരുതുന്നതിനേക്കാള്‍ ശക്തമാണ്. ലോകം ഭരിക്കുന്നതും മറ്റൊന്നുമല്ല.''
റാറ്റ്സിംഗര്‍ ആശയങ്ങളുടെ ഒരു വ്യക്തിയാണ്. ഒരു ലോകോത്തര യൂറോപ്യന്‍ ബുദ്ധിജീവി. യൂറോപ്പിന്റെ സമകാലിക സാഹ ചര്യങ്ങളെക്കുറിച്ചു കൃത്യമായി മനസ്സിലാക്കിയിട്ടുള്ളയാള്‍. അതിന്റെ ഭാവിയെക്കുറിച്ചു വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കഴിയു ന്നയാള്‍. പേപ്പല്‍ സന്ദര്‍ശനത്തോടനുബന്ധിച്ച വിവാദങ്ങളില്‍ അഭിരമിക്കുന്നവര്‍ പാശ്ചാത്യലോകത്തിന്റെ ധാര്‍മികവും സാംസ്കാരി കവുമായ അവസ്ഥയെക്കുറിച്ചു ഗൌരവമായി ചിന്തിക്കുന്നതിനുള്ള അവസരമാണു നഷ്ടപ്പെടുത്തുന്നത്. ജനസംഖ്യാപരമായും സാ മ്പത്തികമായും ധാര്‍മികമായും എല്ലാം യൂറോപ്പിന്റെ ഭാവി തിക ഞ്ഞ അരക്ഷിതത്വത്തിലായിരിക്കുന്ന ഒരു സന്ദര്‍ഭമാണിതെന്നോര്‍ക്കണം.
"യുക്തി അതില്‍ത്തന്നെ ഭംഗുരമാണ്'' എന്നു 2004-ല്‍ ഇറ്റാലിയന്‍ സെനറ്റില്‍ റാറ്റ്സിംഗര്‍ പറഞ്ഞു. യുക്തിയെ മാത്രം ആശ്രയി ച്ചുകൊണ്ടു ജനാധിപത്യപരമായ നൈയാമികതയുടെ പ്രശ്നങ്ങള്‍ പരിഹരിച്ചു കഴിഞ്ഞു എന്നു സങ്കല്പിക്കുന്ന രാഷ്ട്രീയസംവിധാന ങ്ങള്‍ ഏകാധിപത്യങ്ങള്‍ക്കു എളുപ്പം വഴിപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. റാറ്റ്സിംഗറിന്റെ യുവത്വത്തില്‍ ജര്‍മനിയില്‍ സംഭവി ച്ചത് ഇതാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഒന്നാം ലോകമഹായുദ്ധം അവശേഷിപ്പിച്ച ശൂന്യത യുക്തികൊണ്ടു നിറയ്ക്കാന്‍ കഴിയുമെന്നാണു മാക്സ് വേബറും മറ്റും കരുതിയത്. "പക്ഷേ അത് ഏകാധിപത്യത്തിനു വളക്കൂറുള്ള മണ്ണായി മാറുകയായിരുന്നു പിന്നീട്.''
മനുഷ്യസഹനത്തിന്റെ വന്‍വില കൊടുത്തുകൊണ്ടാണ് ഏകാധിപത്യത്തെ പരാജയപ്പെടുത്താ നായത്. അതിനുശേഷം യൂറോപ്പ് പുനഃനിര്‍മിക്കപ്പെട്ടത് ബിബ്ളിക്കല്‍ മതത്തില്‍ നിന്നുരുത്തിരിഞ്ഞ ധാര്‍മിക അഭിപ്രായൈക്യത്തിന്റെ അടിസ്ഥാനത്തിലാണ്. ഇതിന്റെ ഫലമായി മൂന്നു തലമുറകള്‍ യൂറോപ്പില്‍ സമാധാനത്തിലും സമൃദ്ധിയിലും ജീവിച്ചുവെന്നതും റാറ്റ്സിംഗര്‍ അംഗീകരിക്കുന്നു. എങ്കിലും ഇരുപതാം നൂറ്റാണ്ട് ഇരുപത്തൊന്നാം നൂറ്റാണ്ടിനു വഴി മാറുമ്പോള്‍ യൂറോപ്പ് ഒരു ആശയക്കമ്മി നേരിടുന്നുണ്െടന്നു അദ്ദേഹം അന്നു വ്യക്തമാക്കി. "മാര്‍ക്സിസം സൃഷ്ടിച്ച സങ്കീര്‍ണമായ പ്രശ്നങ്ങള്‍ ഇന്നും അവശേഷിക്കുകയാണ്. ദൈവത്തെയും തന്നെത്തന്നെയും പ്രപഞ്ചത്തെയും സംബന്ധിച്ചു മനുഷ്യനുണ്ടായിരുന്ന ആദിമമായ നിശ്ചയങ്ങളുടെ നഷ്ടം - ധാര്‍മികമൂല്യങ്ങളെ സംബന്ധിച്ച അവബോധം നഷ്ടമായത് - ഇപ്പോഴും നമ്മുടെ പ്രശ്നംതന്നെയാണ്. ഇതു യൂറോപ്യന്‍ മനഃസാക്ഷിയുടെ സ്വയം നാശത്തിലേയ്ക്കു നയിക്കാം.''
യൂറോപ്പിന്റെ സാംസ്കാരിക ധാര്‍മികതയുടെ സമകാലിക പ്രതിസന്ധിയെ സ്വയംനാശത്തിന്റെ ഒരു കാര്യമായി റാറ്റ്സിംഗര്‍ കരു തുന്നു എന്നതാണ് അദ്ദേഹത്തിന്റെ വിശകലനത്തെ മനസ്സിലാക്കാനുള്ള താക്കോല്‍. പാശ്ചാത്യലോകത്തിന്റെ ആത്മവിദ്വേഷം വിചിത്രം മാത്രമല്ല, രോഗാതുരം കൂടിയാണെന്ന വസ്തുത ശ്രദ്ധിക്കാതിരിക്കാനാവില്ലെന്നും റാറ്റ്സിംഗര്‍ അന്നത്തെ പ്രഭാഷണ ത്തില്‍ വ്യക്തമാക്കി. "വൈദേശികമൂല്യങ്ങളോടു പൂര്‍ണമായ തുറവി കാണിക്കുമ്പോള്‍ പാശ്ചാത്യലോകത്തിനു സ്വയം സ്നേഹിക്കാന്‍ കഴിയാതാകുന്നു. സ്വന്തം ചരിത്രത്തില്‍ ദോഷകരവും വിനാശകരവുമായ കാര്യങ്ങള്‍ മാത്രമേ അതു കാണുന്നുള്ളൂ. മഹത്തായതിനെയും സംശുദ്ധമായതിനെയും കാണാന്‍ അതിനു കഴിയാതെ പോകുന്നു.''
ഇത് ആത്മഹത്യയ്ക്കു തുല്യമായാണു ബെനഡിക്ട് പതിനാറാമന്‍ കണക്കാക്കുന്നത്: "നിലനില്‍ ക്കണമെങ്കില്‍ യൂറോപ്പ് അതിനെ സ്വയം സ്വീകരിക്കേണ്ടതുണ്ട്. തീര്‍ച്ചയായും നിര്‍ണായകവും വിനീതവുമായ ഒരു സ്വീകരണം.'' യൂറോപ്പ് ഏറെക്കാലമായി അതിന്റെ തന്നെ ചരിത്രവുമായി സംഘര്‍ഷ ത്തിലാണ് എന്നതിനാല്‍ ഇതത്ര എളുപ്പമല്ല. ക്രൈസ്തവ മാര്‍ഗഭ്രംശത്തിന്റെ കറുത്ത കഥകള്‍ക്കു അമിതപ്രാധാന്യം നല്‍കുകയും നവോത്ഥാനം മാത്രമാണു മനുഷ്യനു അന്തസ്സു നല്‍കിയതെന്നു വാദിക്കുകയും ചെയ്യുന്ന തരത്തില്‍ ചരിത്രത്തെ അതിരുകടന്ന മതേതരവായനയ്ക്കു വിധേയമാക്കുന്നതു പുനഃപരിശോധിക്കണമെന്നു ബെനഡിക്ട് പതിനാറാമന്‍ പാശ്ചാത്യലോകത്തോട് നിരന്തരം ആവശ്യപ്പെടുന്നത് ഇതു കൊണ്ടാണ്.
ക്ളാസ്സിക്കലും ബിബ്ളിക്കലുമായ പൈതൃകത്തെ നഷ്ടപ്പെടുത്തുമെന്ന ഗുരുതരമായ അപകട ഘട്ടത്തില്‍നിന്നു യൂറോപ്യന്‍ സം സ്കാരത്തെ രക്ഷിച്ചത് ക്രൈസ്തവ ആശ്രമജീവിതമായിരുന്നുവെന്ന് കെന്നത്ത് ക്ളാര്‍ക്കിന്റെ ഒരു ടെലിവിഷന്‍ പരമ്പരയില്‍ റാറ്റ്സിംഗര്‍ പറയുകയുണ്ടായി. ബെനഡിക്ടൈന്‍ സന്ന്യാസിമാര്‍ അന്നു സംസ്കാരത്തിന്റെ പുനഃജന്മത്തിന്റെ ഏജന്റുമാരായി പ്രവര്‍ത്തിച്ചു. രാ ഷ്ട്രീയാധികാരത്തേക്കാള്‍ ഉയര്‍ന്ന ഒരു ശക്തിയായിട്ടാണ് അതു നിന്നത്. രാഷ്ട്രീയത്തെയും മതത്തെയും അഥവാ, സഭയെയും രാ ഷ്ട്രത്തെയും വേര്‍തിരിച്ചു നിര്‍ത്തണമെന്നു നിര്‍ദ്ദേശിച്ചതും ഇതിനായി വാദിച്ചതും ക്രൈസ്തവികതയായിരുന്നു. ആധുനിക മതേതര വാദികള്‍ ഇതിനു വലിയ മൂല്യം കല്പിക്കുന്നുണ്ടല്ലോ. പുരോഹിതാ ധികാരത്തിനും രാഷ്ട്രീയാധികാരത്തിനും ഇടയില്‍ ആദ്യമായി വ്യ ക്തമായ വേര്‍തിരിവുണ്ടാക്കിയത് അഞ്ചാം നൂറ്റാണ്ടിനൊടുവില്‍ ഗെലാസിയൂസ് ഒന്നാമന്‍ മാര്‍പാപ്പയാണ്. പതിനൊന്നാം നൂറ്റാണ്ടില്‍ ഗ്രിഗറി ഏഴാമന്‍ മാര്‍പാപ്പയും രാഷ്ട്രത്തില്‍നിന്നു സഭയുടെ സ്വാതന്ത്യ്രത്തെ സംരക്ഷിച്ചു. ഹെന്റി ഏഴാമന്‍ രാജാവ് മെത്രാന്മാരെ നി യമിച്ചുകൊണ്ട് സഭയെ സര്‍ക്കാരിന്റെ ഒരു വകുപ്പാക്കി മാറ്റാന്‍ ശ്രമിച്ചപ്പോള്‍ മാര്‍പാപ്പ അതിനെ എതിര്‍ത്തു. നവോത്ഥാനത്തിന്റെ തത്ത്വചിന്തകരല്ല, സഭതന്നെയാണ് സഭയും രാഷ്ട്രവും തമ്മില്‍ വേര്‍തിരിവു വേണമെന്ന വാദം ആദ്യമുയര്‍ത്തിയത് എന്നര്‍ത്ഥം.
യുക്തിയിലുള്ള വിശ്വാസം തകരുമ്പോള്‍ അതിന്റേതായ അനന്തരഫലങ്ങള്‍ ഉണ്ടാകും എന്നും റാറ്റ്സിംഗര്‍ വ്യക്തമാക്കിയിട്ടുണ്ട്. യൂറോപ്പ് ജനസംഖ്യാപരമായ ആത്മഹത്യയിലേയ്ക്കു നീങ്ങുന്നതിന്റെ മൂലകാരണം ഇവിടെയാണുള്ളത്. ആപേക്ഷികതാവാദത്തിന്റെ ഏകാധിപത്യം എന്ന് ഇതിനെ റാറ്റ്സിംഗര്‍ താന്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിനു തൊട്ടുമുമ്പു വിശേഷിപ്പിച്ചിരു ന്നു. ആപേക്ഷികതാവാദം പൊതുവായ ചിന്താഗതിയായി സ്വീകാര്യത തേടുമ്പോള്‍ അതു മറ്റൊരു പ്രത്യയശാസ്ത്രമായി മാറുകയും മറ്റെല്ലാ ചിന്തകളെയും അതിനടിപ്പെടുത്താന്‍ നോക്കുകയുമാണെന്നു ഇറ്റാലിയന്‍ സെനറ്റില്‍ റാറ്റ്സിംഗര്‍ വിശദീകരിച്ചു.
പാശ്ചാത്യലോകം നേരിടുന്ന സാംസ്കാരിക പ്രതിസന്ധിയെ ബെനഡിക്ട് പതിനാറാമന്‍ എപ്രകാരമാണു വിശകലനം ചെയ്യുന്ന തെന്നറിയാനുള്ള മറ്റൊരു മാര്‍ഗം 2004-ല്‍ തന്നെ റാറ്റ്സിംഗറും ജര്‍മന്‍ തത്ത്വചിന്തകനായ ഹാബെര്‍ മാസും മ്യൂനിക്കിലെ ബവേറിയ കാത്തലിക് അക്കാദമിയില്‍ നടത്തിയ പ്രഭാഷണങ്ങള്‍ വായിക്കുകയാണ്. ഫ്രഞ്ച് ഉത്തരാധുനിക താവാദിയായ ഷാക് ദെറീദയുമായി ചേര്‍ന്നു ഗ്രന്ഥമെഴുതിയിട്ടുള്ളയാളാണ് ഹാബെര്‍മാസ്. നവയൂറോപ്പ് നിഷ്പക്ഷമായിരിക്കണം എന്നു വാദിച്ചിട്ടുള്ള അദ്ദേഹം നഗ്നമായ പൊതുചത്വരമെന്ന മാനദണ്ഡം ഉയര്‍ത്തിപ്പിടിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. കത്തോലിക്കാ യാഥാസ്ഥിതികത്വത്തിന്റെ സംരക്ഷകനായ റാറ്റ്സിംഗറാകട്ടെ സെക്കുലറിസത്തിന്റെ വ്യാജമായ അവകാശവാദങ്ങളെ തള്ളിപ്പറയുമെന്നും മതരഹിതമായ യൂറോപ്പ് ദൈവത്തിനും മനുഷ്യനുമെതിരായ കുറ്റമായിരിക്കുമെന്നു വാ ദിക്കുമെന്നും പ്രതീക്ഷിക്കപ്പെട്ടു. പക്ഷേ മറ്റിടങ്ങളില്‍ നഷ്ടപ്പെട്ടു പോയ പലതിനെയും അചഞ്ചലമായി നിലനിര്‍ത്താന്‍ മതകൂട്ടായ്മ കള്‍ക്കു കഴിഞ്ഞിട്ടുണ്െടന്നു ഹാബെര്‍മാസ് അന്നു വ്യക്തമാക്കി. റാറ്റ്സിംഗറാകട്ടെ അപകടകരമായ രോഗാതുരത മതങ്ങള്‍ക്കുണ്െട ന്നു സമ്മതിച്ചു. മതം യുക്തികൊണ്ടു നിരന്തരം ശുദ്ധീകരിക്കപ്പെടുകയും സംഘടിപ്പിക്കപ്പെടുകയും വേണമെന്നാണു ആദ്യസഹസ്രാ ബ്ദത്തിലെ സഭാപിതാക്കന്മാര്‍ പഠിപ്പിച്ചിട്ടുള്ളതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. അതേസമയം യുക്തിയ്ക്കും രോഗാതുരതയുണ്െടന്നും യുക്തിയിലുമുള്ള വിശ്വാസം നഷ്ടമാകാന്‍ അതിടയാക്കിയിട്ടുണ്െടന്നും അദ്ദേഹം പറഞ്ഞു. യുക്തിയും വിശ്വാസവും തമ്മിലും യുക്തിയും മതവും തമ്മിലുമുള്ള ബന്ധം തിരിച്ചറിയുകയും അംഗീകരിക്കുകയുമാണ് കാലഘട്ടത്തിന്റെ ആവശ്യം. ഇവ പരസ്പരം ശുദ്ധീകരിക്കാനും സഹായിക്കാനും സാധി ക്കുന്നവയാണ് - അദ്ദേഹം വിശദമാക്കി. ചുരുക്കത്തില്‍ പാശ്ചാത്യ ജനാധിപത്യത്തിന്റെ അടിത്തറകളിലെ വിള്ളലുകള്‍ പരിശോധി ക്കാനുള്ള പരിശ്രമമായിരുന്നു മ്യൂനിക് പ്രഭാഷണം.
ഭാവിക്കുവേണ്ടിയുള്ള ആഗ്രഹമില്ലായ്മ യൂറോപ്പിനെ ബാധിച്ചിരിക്കുകയാണെന്നു ഇറ്റാലിയന്‍ സെനറ്റില്‍ റാറ്റ്സിംഗര്‍ പറഞ്ഞു. "നമ്മുടെ ഭാവിയായ കുഞ്ഞുങ്ങളെ വര്‍ത്തമാനത്തിനു ഭീഷണിയായി കാണുന്നു. കുഞ്ഞുങ്ങളെ പ്രത്യാശയുടെ സ്രോതസ്സെന്നതിനേക്കാള്‍ ബാദ്ധ്യതയായി കാണുന്നു. റോമന്‍ സാമ്രാജ്യത്തിന്റെ അപചയവും ഇന്നത്തെ യൂറോപ്യന്‍ അവസ്ഥയും തമ്മില്‍ വ്യക്തമായ താരതമ്യമുണ്ട്. അവസാനദിനങ്ങളില്‍ റോം മഹത്തായ ചരിത്രഘടന പോലെ പ്രവര്‍ത്തിച്ചുവെങ്കിലും അതു പരാജയപ്പെടുകയായിരുന്നു.''
സര്‍ഗാത്മക ന്യൂനപക്ഷങ്ങളുടെയും ഒറ്റപ്പെട്ട വ്യക്തികളുടെയും ഊര്‍ജ്ജംകൊണ്ടു സംസ്കാരത്തെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയുമെന്ന ടോയെന്‍ബിയുടെ വാക്കുകളാണ് റാറ്റ്സിംഗര്‍ ഓര്‍മിപ്പിച്ചത്. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ യൂറോപ്പിലും പാശ്ചാത്യ ലോകത്തിലുടനീളവും ഇത്തരമൊരു സര്‍ഗാത്മക ന്യൂനപക്ഷമാകാന്‍ കത്തോലിക്കാസഭയ്ക്കു കഴിയുമെന്നു ബെനഡിക്ട് പതിനാറാമന്‍ വിശ്വസിക്കുന്നു. "ഇങ്ങ നെയാകണമെങ്കില്‍ സഭ അതിന്റെ അനന്യതയെക്കുറിച്ചു വ്യക്തമായൊരു അവബോധം പുനരാര്‍ജ്ജിക്കണം. സഭ മുന്നോട്ടുവയ്ക്കുന്ന സത്യങ്ങളില്‍ അതു വീണ്ടും പിടിമുറുക്കണം. ഇതിനു സഭ ജോണ്‍ പോള്‍ രണ്ടാമന്‍ സ്ഥാപിച്ച മാതൃകയ്ക്കനുസൃതമായ വൈ ദികരുടെയും മെത്രാന്മാരുടെയും ഒരു തലമുറയെ വാര്‍ത്തെടുക്കണം. സുവിശേഷകരും സാക്ഷികളുമായിരിക്കണം ഈ തലമുറ.''
ഇതെല്ലാം ചെയ്യുന്നതിനു സഭ അതിന്റെ തെറ്റുകള്‍ തിരുത്തുകയും വേണം. ഇതിനു സമയം ആവശ്യമായി വരും. കാരണം വൈ ദികസംസ്കാരം അത്രയും രൂഢമൂലമാണ്. മാധ്യമങ്ങള്‍ പലപ്പോഴും ചിത്രീകരിക്കുന്നതുപോലുള്ള ഏകാധിപതിമാരല്ല മാര്‍പാപ്പമാര്‍ എന്നതിനാല്‍ അവര്‍ ഒരു വിരല്‍ ഞൊടിച്ചതുകൊണ്ട് ബൃഹത്തായ ഈ സ്ഥാപനഘടന എളുപ്പത്തില്‍ മാറ്റാന്‍ സാധിക്കുകയില്ല. പ്രഘോഷിക്കുന്ന സത്യങ്ങള്‍ക്കനുസരിച്ചു ജീവിക്കുകയും ഈ കൂട്ടത്തില്‍ നിന്നുകൊണ്ടു തങ്ങളിലര്‍പ്പിക്കപ്പെട്ടിരിക്കുന്ന വിശ്വാസത്തെ വഞ്ചിക്കുന്നവരെ നിശിതമായി കൈകാര്യം ചെയ്യുകയും ചെയ്തുകൊണ്ട് വിശ്വാസ്യതയുള്ള ഒരു സമൂഹമായെങ്കില്‍ മാത്രമേ സഭയ്ക്കു ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ വിഭാവനം ചെയ്യുന്നതുപോലുള്ള ഒരു സര്‍ഗാത്മക ന്യൂനപക്ഷമായി മാറാന്‍ സാധിക്കുകയുള്ളൂ.
ഒരു പുരാതന സഭാസാമ്രാജ്യത്തെ പുനഃസ്ഥാപിക്കുക എന്നതല്ല യൂറോപ്യന്‍ സഭയുടെ ഭാവിയെ സംബന്ധിച്ചു ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയ്ക്കുള്ള സ്വപ്നം. പുരാതനരീതികളില്‍ ആരാധിക്കാന്‍ ആഗ്രഹിക്കുന്നവരെ സഹതാപത്തോടെ കാണുന്നു എന്നതൊഴിച്ചാല്‍ ലെഫേവ്റിസ്റ് പ്രസ്ഥാനത്തിന്റെ അടിവേരായി വര്‍ത്തിക്കുന്ന പുനഃസ്ഥാപനത്തിന്റെ രാഷ്ട്രീയമോഹങ്ങള്‍ വച്ചുപുലര്‍ത്തുന്ന ഒരാളല്ല ബെനഡിക്ട് പതിനാറാമന്‍. പ്രയോജന വാദവും പ്രായോഗികവാദവും നല്‍കുന്നതിനുമപ്പുറത്തു കൂടുതല്‍ സുരക്ഷിതമായ അടിത്തറ യൂറോപ്യന്‍ ജനാധിപത്യത്തിനാവശ്യമാണെന്നു കരുതുന്നവരുമായി സഖ്യം സ്ഥാപിക്കാന്‍ സഭ തയ്യാറാകണം. വിവിധ മത, തത്ത്വശാ സ്ത്ര പാരമ്പര്യങ്ങളെ സംയോജിപ്പിച്ചുകൊണ്ടു വേണം ഇത്തരം സഖ്യങ്ങള്‍ സ്ഥാപിക്കാനെന്നും ബെനഡിക്ട് പതിനാറാമന്‍ കരുതുന്നു. പ്രസക്തമായ ഈ നിര്‍ദ്ദേശങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാതെ മാധ്യമങ്ങളും മറ്റുള്ളവരും പൊള്ളയായ വിവാദങ്ങളില്‍ അഭിരമിച്ചാല്‍ നഷ്ടം ജോസഫ് റാറ്റ്സിംഗറിന് - ബെനഡിക്ട് പതിനാറാ മന് ആയിരിക്കുകയില്ല.
Author:ജോര്‍ജ് വീഗല്‍
No comments:
Post a Comment