Monday, March 15, 2010

വിശ്വാസവും യുക്തിയും

കഴിഞ്ഞ നവംബര്‍ നാലാം തിയതി വത്തിക്കാനില്‍ നടത്തിയ ഒരു പ്രബോധനത്തില്‍ പരി. പിതാവ്‌ ബനഡിക്‌ട്‌ പതിനാറാമന്‍ പാപ്പ സഭയില്‍ ആരോഗ്യകരമായ ദൈവശാസ്‌ത്ര ചര്‍ച്ച നടക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ സൂചിപ്പിച്ചിരുന്നു. ക്ലെയര്‍വോയിലെ വി. ബെര്‍ണാര്‍ദും പീറ്റര്‍ ആബെലാര്‍ദും തമ്മില്‍ നടന്ന ദൈവശാസ്‌ത്രവിവാദത്തിന്റെ പശ്ചാത്തലത്തിലാണ്‌ മാര്‍പാപ്പ ചില ചിന്തകള്‍ പങ്കുവച്ചത്‌. വി. ബെര്‍ണാര്‍ദ്‌ `ഹൃദയത്തിന്റെ ദൈവശാസ്‌ത്രം' എന്നു വിളിക്കാവുന്ന പന്ത്രണ്ടാം നൂറ്റാണ്ടിലെ മൊണാസ്റ്റിക്‌ ദൈവശാസ്‌ത്രത്തിന്റെ ശക്തനായ വക്താവും പീറ്റര്‍ ആബെലാര്‍ദ്‌ `ബുദ്ധിയുടെ ദൈവശാസ്‌ത്രം' എന്നു വിളിക്കാവുന്ന സ്‌കൊളാസ്റ്റിക്‌ ദൈവശാസ്‌ത്രത്തിന്റെ വക്താവുമാണ്‌. ഇവര്‍ തമ്മിലുള്ള സംവാദത്തിന്റെ പശ്ചാത്തലത്തില്‍ ബനഡിക്‌ട്‌ മാര്‍പാപ്പ ദൈവശാസ്‌ത്രത്തെക്കുറിച്ച്‌ പറയുന്നത്‌ ``വിശ്വാസത്തിലൂടെ ബോധ്യപ്പെടുന്ന ക്രൈസ്‌തവ വെളിപാടിന്റെ രഹസ്യങ്ങളെക്കുറിച്ച്‌ സാധ്യമായിടത്തോളം യുക്തിപരമായ ഒരു ഗ്രാഹ്യത്തിനുവേണ്ടിയുള്ള അന്വേഷണമാണ്‌ ദൈവശാസ്‌ത്രം'' എന്നാണ്‌. വിശ്വാസവും യുക്തിയും തമ്മിലുള്ള ബന്ധത്തെ എടുത്തുപറയുന്ന ഒരു പരമ്പരാഗത നിര്‍വചനമാണ്‌ `വിശ്വാസം മനസിലാക്കപ്പെടുവാന്‍ ആഗ്രഹിക്കുന്നു' എന്നത്‌.

വി. ബെര്‍ണാര്‍ദിനെ സംബന്ധിച്ചിടത്തോളം വി. ഗ്രന്ഥവും സഭാപിതാക്കന്മാരുടെ പ്രബോധനവും നല്‍കുന്ന സാക്ഷ്യത്തെ അടിസ്ഥാനപ്പെടുത്തി വിശ്വാസത്തിന്‌ അതില്‍തന്നെ അഗാധമായ തീര്‍ച്ചയുണ്ട്‌. സംശയമോ അര്‍ത്ഥസന്ദിഗ്‌ദ്ധതയോ വിശ്വാസപരമായ കാര്യങ്ങളില്‍ ഉണ്ടാകുമ്പോള്‍ സഭയുടെ പ്രബോധനാധികാരത്തിന്റെ സാന്നിധ്യത്തില്‍ വിശ്വാസം സംരക്ഷിതമാണെന്ന നിലപാടാണ്‌ വി. ബെര്‍ണാര്‍ദിനുള്ളത്‌. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, പരമമായ വിശ്വാസസത്യങ്ങളെ ബുദ്ധികൊണ്ടുമാത്രം വിമര്‍ശനാത്മകമായ പരിശോധനയ്‌ക്കു വയ്‌ക്കുമ്പോള്‍ ഓരോരുത്തര്‍ക്കും ഇഷ്‌ടമുള്ള വിധത്തില്‍ പരമമായ സത്യത്തെ വ്യാഖ്യാനിക്കാം എന്ന അപകടം പതിയിരിക്കുന്നുണ്ട്‌. എന്നാല്‍ തത്വശാസ്‌ത്രത്തിലും ദൈവശാസ്‌ത്രത്തിലും പ്രഗത്ഭനായിരുന്ന പീറ്റര്‍ ആബെലാര്‍ദിന്റെ പല പഠനങ്ങളും തത്വശാസ്‌ത്രത്തിന്റെ പരിധിവിട്ട ഉപയോഗത്തിന്റെ ഫലമായുണ്ടായതാണ്‌. ഉദാഹരണമായി, സാന്മാര്‍ഗികമണ്‌ഡലത്തിലെ ആബെലാര്‍ദിന്റെ പ്രബോധനമനുസരിച്ച്‌ ഒരു പ്രവൃത്തി നന്മയോ തിന്മയോ ആകുന്നത്‌ ആ പ്രവൃത്തി ചെയ്‌തയാളിന്റെ ഉദ്ദേശ്യത്തിന്റെ അടിസ്ഥാനത്തിലാണ്‌. പ്രവൃത്തികളുടെ വസ്‌തുനിഷ്‌ഠമായ പ്രാധാന്യത്തെയും ധാര്‍മ്മികമൂല്യത്തെയും അവഗണിച്ചു എന്നതായിരുന്നു അദ്ദേഹത്തിന്റെ പഠനത്തിലെ അപകടം. അതേസമയംതന്നെ ദൈവവചനമായ ക്രിസ്‌തുവിനെ സ്വീകരിക്കാനുള്ള ഒരുക്കം അക്രൈസ്‌തവ പാരമ്പര്യങ്ങളില്‍ സന്നിഹിതമാണ്‌ എന്നതുപോലെയുള്ള ആബെലാര്‍ദിന്റെ ചില ഉള്‍ക്കാഴ്‌ചകളുടെ മൂല്യം മാര്‍പാപ്പ അനുസ്‌മരിക്കുന്നുണ്ട്‌.

വി. ബെര്‍ണാര്‍ദും ആബെലാര്‍ദും തമ്മില്‍ നടന്ന സംവാദം സഭയ്‌ക്കുള്ളില്‍ ആരോഗ്യകരമായ ദൈവശാസ്‌ത്രചര്‍ച്ച നടക്കുന്നതിന്റെ പ്രയോജനവും ആവശ്യകതയും എടുത്തുകാട്ടുന്നുവെന്ന്‌ ബനഡിക്‌ട്‌ മാര്‍പാപ്പ ചൂണ്ടിക്കാണിക്കുന്നുണ്ട്‌. തന്റെ പഠനങ്ങളുടെ പേരില്‍ സഭാപരമായ വിലക്ക്‌ ആബെലാര്‍ദിനു ലഭിച്ചെങ്കിലും ഒടുവില്‍ വിശ്വാസചൈതന്യത്തില്‍ സഭയുടെ അധികാരത്തിനു വിധേയപ്പെട്ട്‌ സഭയോടുള്ള പൂര്‍ണമായ ഐക്യത്തിലാണ്‌ അദ്ദേഹം മരണമടഞ്ഞത്‌. തന്റെ തെറ്റുകള്‍ സമ്മതിക്കുന്നതില്‍ ആബെലാര്‍ദ്‌ വിനയവും വി. ബെര്‍ണാര്‍ദ്‌ അതിനോട്‌ മഹാമനസ്‌കതയും കാണിച്ചു. ദൈവികവെളിപാടിനാല്‍ നമുക്കു ലഭിച്ച അടിസ്ഥാന തത്വങ്ങളും തത്വശാസ്‌ത്രം അഥവാ യുക്തി മുന്നോട്ടുവയ്‌ക്കുന്ന വ്യാഖ്യാനസംബന്ധമായ തത്വങ്ങളും തമ്മില്‍ ദൈവശാസ്‌ത്രമണ്‌ഡലത്തില്‍ ശരിയായ തുലനം ഉണ്ടായിരിക്കണമെന്ന്‌ ഈ സംഭവം നമ്മെ അനുസ്‌മരിപ്പിക്കുന്നുവെന്ന്‌ ബനഡിക്‌ട്‌ പതിനാറാമന്‍ പാപ്പാ പറയുന്നുണ്ട്‌.

വിശ്വാസവും യുക്തിയും തമ്മിലുള്ള ബന്ധംവിശ്വാസത്തെയും യുക്തിയെയും കുറിച്ച്‌ സവിസ്‌തരമായി പ്രതിപാദിക്കുന്ന ചാക്രികലേഖനമാണ്‌ 1998 സെപ്‌തംബര്‍ 14-ന്‌ ഭാഗ്യസ്‌മരണാര്‍ഹനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പുറപ്പെടുവിച്ച ``വിശ്വാസവും യുക്തിയും'' എന്ന ചാക്രികലേഖനം. പ്രസ്‌തുത ചാക്രികലേഖനത്തില്‍, സത്യത്തെക്കുറിച്ചുള്ള ധ്യാനത്തിലേക്ക്‌ മനുഷ്യമനസിന്‌ പറന്നുയരാനുള്ള രണ്ടു ചിറകുകള്‍ പോലെയാണ്‌ വിശ്വാസവും യുക്തിയും എന്ന്‌ പരി. പിതാവ്‌ ചൂണ്ടിക്കാണിക്കുന്നുണ്ട്‌. വിശ്വാസത്തെയും യുക്തിയെയും തമ്മില്‍ വേര്‍തിരിക്കാന്‍ പാടില്ല. അങ്ങനെ ചെയ്‌താല്‍ മനുഷ്യര്‍ക്ക്‌ തങ്ങളെത്തന്നെയും ലോകത്തെയും ദൈവത്തെയും ശരിയായ രീതിയില്‍ അറിയാനുള്ള കഴിവു കുറഞ്ഞുപോകുമെന്ന്‌ മാര്‍പാപ്പ തന്റെ ചാക്രികലേഖനത്തിലൂടെ നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്‌. ഒന്നാം വത്തിക്കാന്‍ കൗണ്‍സില്‍ ഇങ്ങനെ പറയുന്നു: ``വിശ്വാസം യുക്തിയേക്കാള്‍ ഉന്നതമാണെങ്കിലും വിശ്വാസവും യുക്തിയും തമ്മില്‍ യഥാര്‍ത്ഥമായ അകല്‍ച്ച ഉണ്ടായിരിക്കാന്‍ സാധ്യമല്ല. കാരണം, രഹസ്യങ്ങളെ വെളിവാക്കുകയും വിശ്വാസമാകുന്ന ദാനം നല്‍കുകയും ചെയ്യുന്ന അതേ ദൈവം മനുഷ്യചൈതന്യത്തില്‍ യുക്തിയുടെ വെളിച്ചം സ്ഥാപിക്കുകയും ചെയ്‌തിട്ടുണ്ട്‌.''
ദൈവശാസ്‌ത്രരംഗത്ത്‌ യുക്തി അവഗണിക്കപ്പെടുന്നു

ഈ കാലഘട്ടത്തിലെ ഒരു പ്രത്യേകതയായ, യുക്തിയെക്കുറിച്ചുള്ള ആഴത്തില്‍ വേരുറച്ച അവിശ്വാസത്തെക്കുറിച്ച്‌ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1998-ല്‍ പുറപ്പെടുവിച്ച `വിശ്വാസവും യുക്തിയും' എന്ന തന്റെ ചാക്രികലേഖനത്തില്‍ സൂചിപ്പിക്കുന്നുണ്ട്‌. ഉദാഹരണമായി തത്വശാസ്‌ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശാഖയായ ``അതിഭൗതികശാസ്‌ത്രത്തിന്റെ അന്ത്യ''ത്തെക്കുറിച്ച്‌ പലരും സംസാരിക്കാറുണ്ടെന്ന്‌ അദ്ദേഹം തന്റെ ചാക്രികലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്‌ (വിശ്വാസവും യുക്തിയും, നമ്പര്‍ 55).

വിശ്വാസവാദം അഥവാ Fideism ഇന്ന്‌ ദൈവശാസ്‌ത്രമണ്‌ഡലത്തില്‍ ഉയര്‍ന്നുവരുന്നതിനെക്കുറിച്ച്‌ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ തന്റെ ചാക്രികലേഖനത്തില്‍ ആശങ്കപ്പെടുന്നുണ്ട്‌. യുക്തിയുടെ സ്വാഭാവിക കഴിവുകളെ വിശ്വസിക്കാതിരിക്കുന്ന സിദ്ധാന്തമാണ്‌ വിശ്വാസവാദം. വിശ്വാസം മാത്രം മതി എന്നാണ്‌ ഈ സിദ്ധാന്തത്തെ പിന്തുണയ്‌ക്കുന്നവര്‍ വാദിക്കുന്നത്‌.

`വിശ്വാസവാദ'വുമായി ബന്ധപ്പെട്ട ഈ പ്രവണതയുടെ ഇന്നത്തെ വ്യാപകമായ ഒരു ലക്ഷണം `ബിബ്‌ളിസിസം' അഥവാ `ബൈബിള്‍ മാത്രവാദ'മാണെന്ന്‌ മാര്‍പാപ്പ പറയുന്നു (വിശ്വാസവും യുക്തിയും, നമ്പര്‍ 55). ബിബ്‌ളിസിസത്തിന്റെ പ്രത്യേകത അത്‌ വി. ഗ്രന്ഥവായനയെയും വ്യാഖ്യാനത്തെയും സത്യത്തിന്റെ ഏക മാനദണ്‌ഡമാക്കിത്തീര്‍ക്കാനുള്ള പ്രവണത കാണിക്കുന്നു എന്നതാണ്‌. അതിന്റെ ഫലമായി ദൈവവചനത്തെ വി. ഗ്രന്ഥത്തോടു മാത്രം താദാത്മ്യപ്പെടുത്തുന്നു. ഇവിടെ, രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഉയര്‍ത്തിക്കാട്ടിയ സഭയുടെ സിദ്ധാന്തം അവഗണിക്കപ്പെടുന്നു. അതായത്‌ വി. ഗ്രന്ഥത്തിലും പാരമ്പര്യത്തിലും ദൈവവചനം സന്നിഹിതമാണെന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ `ദൈവാവിഷ്‌ക്കരണം' എന്ന പ്രമാണരേഖയാണ്‌ ഇവിടെ തള്ളിമാറ്റപ്പെടുന്നത്‌.

ആധുനിക ലോകത്തില്‍ `വിശ്വാസവാദ'ത്തിന്റെ വിവിധരൂപങ്ങള്‍ നമുക്ക്‌ കാണാന്‍ സാധിക്കും. പ്രൊട്ടസ്റ്റന്റ്‌ സഭകളുടെ പൊതുവായ സവിശേഷത വിശ്വാസവാദം അതായത്‌ `യുക്തിയോടുള്ള അവിശ്വാസം' ആണല്ലോ. ഇന്ന്‌ കേരളത്തില്‍ പലയിടങ്ങളിലും വേരു പിടിച്ചുകൊണ്ടിരിക്കുന്ന പെന്തക്കോസ്‌തല്‍ - നവീകരണ ഗ്രൂപ്പുകള്‍ക്ക്‌ പൊതുവായിട്ടുള്ളത്‌ ഈ വിശ്വാസവാദമാണ്‌. യുക്തിയെ മാറ്റി നിര്‍ത്തിക്കൊണ്ടുള്ള ഈ വിശ്വാസവാദം കത്തോലിക്കാ സഭയില്‍ നിന്നും ഉയര്‍ന്നുവന്നിട്ടുള്ള ചില നവീകൃത - വിഘടിത ഗ്രൂപ്പുകളുടെ പ്രത്യേകതയാണ്‌. അപകടകരങ്ങളായ അബദ്ധ പ്രബോധനങ്ങളിലൂടെ ഇക്കൂട്ടര്‍ കത്തോലിക്കാ വിശ്വാസികളെ വഴിതെറ്റിക്കുന്നു. സഭയ്‌ക്കകത്തുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്ന വിഘടിതഗ്രൂപ്പിന്‌ ഒരുദാഹരണമാണ്‌ `സ്‌പിരിറ്റ്‌ ഇന്‍ ജീസസ്‌.' `യുക്തി' അവഗണിക്കപ്പെടുമ്പോള്‍ `അന്ധവിശ്വാസം' പിടിമുറുക്കുന്നത്‌ പലയിടത്തും നമുക്ക്‌ കാണാന്‍ സാധിക്കും.
അക്കാദമിക്‌ തലങ്ങളില്‍ അവഗണിക്കപ്പെടുന്ന യുക്തി

വിശ്വാസവാദത്തിന്റെ ഒളിഞ്ഞുകിടക്കുന്ന മറ്റു രൂപങ്ങളെക്കുറിച്ചും ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ പറയുന്നുണ്ട്‌. അന്വേഷണാത്മക ദൈവശാസ്‌ത്രത്തോട്‌ കാണിക്കുന്ന അവഗണനയിലും ക്ലാസിക്കല്‍ തത്വശാസ്‌ത്രത്തോടുള്ള അവജ്ഞയിലും `വിശ്വാസവാദ'ത്തിന്റെ ഒളിഞ്ഞിരിക്കുന്ന രൂപം കാണാനാകുമെന്ന്‌ അദ്ദേഹം പറയുന്നു. ഈ സാഹചര്യത്തില്‍, ദൈവശാസ്‌ത്രപഠനത്തിനായി ഒരുങ്ങുന്നവര്‍ക്കു കൊടുക്കേണ്ട സ്ഥായിയായ തത്വശാസ്‌ത്രപരിശീലനത്തെക്കുറിച്ച്‌ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ ചൂണ്ടിക്കാണിക്കുന്നുണ്ട്‌. സമകാലീന തത്വശാസ്‌ത്രങ്ങളില്‍ പലതിനും `യുക്തി'യില്‍ വിശ്വാസമില്ലെന്ന്‌ പാപ്പ ചൂണ്ടിക്കാണിക്കുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ മാനുഷിക ശാസ്‌ത്രങ്ങളെ യുക്തമായ രീതിയില്‍ പ്രയോഗിക്കാന്‍ ദൈവശാസ്‌ത്രജ്ഞര്‍ക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. എന്നാല്‍ അതിനര്‍ത്ഥം `തത്വശാസ്‌ത്ര'ത്തെ പുറമ്പോക്കിലാക്കണമെന്നോ വൈദികപരിശീലനത്തിലും വിശ്വാസത്തിന്റെ ഒരുക്കത്തിലും തത്വശാസ്‌ത്രത്തിന്റെ സ്ഥാനത്ത്‌ മറ്റെന്തെങ്കിലും പ്രതിഷ്‌ഠിക്കണമെന്നോ അല്ലെന്ന്‌ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ ഓര്‍മ്മിപ്പിക്കുന്നുണ്ട്‌. ദൈവശാസ്‌ത്രപഠനങ്ങളുടെ ഘടനയ്‌ക്കും വൈദികവിദ്യാര്‍ത്ഥികളുടെ പരിശീലനത്തിനും തത്വശാസ്‌ത്രപഠനം അടിസ്ഥാനപരവും അനുപേക്ഷണീയവുമാണെന്ന്‌ പരി. പിതാവ്‌ തന്റെ ചാക്രികലേഖനത്തില്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുണ്ട്‌. മാത്രമല്ല, വിശ്വാസത്തിനെതിരല്ലാത്ത തത്വശാസ്‌ത്രചിന്തയെ വിവേചിച്ചറിയാനും വളര്‍ത്താനും സഭയുടെ പ്രബോധനാധികാരത്തിന്‌ കടമയുണ്ടെന്നും പരി. പിതാവ്‌ ഉറപ്പിച്ചു പറയുന്നു.

വിശ്വാസവും യുക്തിയും ശരിയായ സ്ഥാനത്ത്‌ പ്രതിഷ്‌ഠിക്കണം
വിശ്വാസവും യുക്തിയും തമ്മിലുള്ള അഭേദ്യമായ ബന്ധം നിലനിര്‍ത്തണമെന്നാണ്‌ `വിശ്വാസവും യുക്തിയും' എന്ന തന്റെ ചാക്രികലേഖനത്തിലൂടെ പരി. പിതാവ്‌ ആഹ്വാനം ചെയ്യുന്നത്‌. യുക്തിയുടെ വെളിച്ചവും വിശ്വാസത്തിന്റെ വെളിച്ചവും ദൈവത്തില്‍ നിന്നു വരുന്നതിനാല്‍ അവ തമ്മില്‍ വൈരുധ്യമില്ലെന്നാണ്‌ വി. തോമസ്‌ അക്വീനാസിനെപ്പോലെയുള്ള വേദപാരംഗതര്‍ പഠിപ്പിക്കുന്നത്‌. എന്നാല്‍, ഇന്നത്തെ കാലഘട്ടത്തില്‍ യുക്തിയുടെ നിരാസം പല മണ്‌ഡലങ്ങളിലും ദൃശ്യമാണ്‌. കത്തോലിക്കാ വിശ്വാസജീവിതത്തെയും ഇന്ന്‌ യുക്തിയുടെ നിരാസം വരിഞ്ഞുമുറുക്കിയിരിക്കുകയാണ്‌. തല്‍ഫലമായി വിശ്വാസികള്‍ (പുരോഹിത-സന്യസ്‌ത-അല്‌മായഗണം) പലപ്പോഴും ഉപരിപ്ലവമായ തീവ്രമായ പ്രൊട്ടസ്റ്റന്റ്‌-പെന്തക്കോസ്‌തല്‍ കാഴ്‌ചപ്പാടുകള്‍ പല കത്തോലിക്കരെയും പിടികൂടിയിട്ടുണ്ട്‌. യുക്തിയെ വിശ്വാസജീവിതത്തില്‍ നിന്ന്‌ അകറ്റിയതിന്റെ ഫലമായിട്ടായിരിക്കാം ഒരുപക്ഷേ ഈയടുത്തനാളുകളില്‍ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്ന സെക്‌ടുകള്‍ കത്തോലിക്കാ സഭയ്‌ക്കകത്തുതന്നെ പൊട്ടിമുളച്ചത്‌. വിശ്വാസത്തെയും യുക്തിയെയും ശരിയായ അര്‍ത്ഥത്തില്‍ മനസിലാക്കുന്നിടത്താണ്‌ കത്തോലിക്കാ വിശ്വാസത്തിന്റെ തനിമ നിലകൊള്ളുന്നത്‌.

ഈ സാഹചര്യത്തില്‍ ബനഡിക്‌ട്‌ പതിനാറാമന്‍ പാപ്പ ചൂണ്ടിക്കാണിച്ച `സഭയിലെ ആരോഗ്യകരമായ ദൈവശാസ്‌ത്രചര്‍ച്ചയുടെ ആവശ്യകത' എന്തുകൊണ്ടും പ്രസക്തമാണ്‌. ആധുനിക ലോകത്തിലെ വിശ്വാസജീവിതത്തെ ഏറെ ബാധിച്ചിരിക്കുന്ന ഒരു രോഗമാണ്‌ അദ്ദേഹം പലപ്പോഴും ചൂണ്ടിക്കാണിച്ചിട്ടുള്ള `ആപേക്ഷികവാദം.' ഇന്നത്തെ മത-ധാര്‍മ്മിക ജീവിതമണ്‌ഡലങ്ങളെ ഏറെ ഗ്രസിച്ചിരിക്കുന്ന ആപേക്ഷികവാദമനുസരിച്ച്‌ `സത്യം' എന്നത്‌ ഓരോരുത്തര്‍ക്കും അവരവരുടെ സൗകര്യമനുസരിച്ച്‌ തീരുമാനിക്കാവുന്നതാണ്‌.

`സത്യ'ത്തെ സംബന്ധിച്ച ആത്മവിശ്വാസമില്ലായ്‌മയുടെ ഇന്നത്തെ ഏറ്റവും വലിയ ലക്ഷണം. കേരളത്തില്‍ നിരീശ്വരവാദം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടികളും പ്രസ്ഥാനങ്ങളും ആഗ്രഹിക്കുന്നത്‌ മതം എന്നത്‌ അന്ധവിശ്വാസമാണെന്നും യുക്തി എന്നത്‌ തങ്ങളുടെ മാത്രം കുത്തകയാണെന്നുമാണ്‌. വിശ്വാസികളെ സംബന്ധിച്ച്‌ ഏറെ അര്‍ത്ഥപൂര്‍ണമായ ആരാധനാക്രമാനുഷ്‌ഠാനങ്ങളെയും പ്രതീകങ്ങളെയും വെറും അന്ധവിശ്വാസം ആയാണ്‌ ഇക്കൂട്ടര്‍ അവതരിപ്പിക്കുന്നത്‌. ഇക്കൂട്ടരുടെ കെണിയില്‍പ്പെടുന്ന വിശ്വാസികളില്‍ പലരും ആരാധനാക്രമാനുഷ്‌ഠാനങ്ങള്‍ക്കും പ്രതീകങ്ങള്‍ക്കുമെതിരെ പടവാളോങ്ങിക്കൊണ്ട്‌ `സാര്‍വലൗകികവീക്ഷണ'ത്തിനും `വിധൈ്വകമത'ത്തിനും വേണ്ടി വാദിക്കാറുണ്ട്‌! യുക്തിയുടെ ദയനീയമായ തിരസ്‌കരണമാണ്‌ നാമിവിടെ കാണുന്നത്‌.

കത്തോലിക്കാസഭയുടെ ഈ ലോകത്തിലെ ദൗത്യത്തെ തീരെ ഇടുങ്ങിയ ചിന്താഗതിയോടെ മനസിലാക്കുന്ന വിശ്വാസികളും ഇന്നു വര്‍ധിച്ചുവരുന്നു. `ഞങ്ങള്‍ പാവങ്ങളെ സഹായിക്കാന്‍ തയ്യാറാണ്‌, മറ്റൊന്നിനുമില്ല' എന്നാണ്‌ ഇത്തരക്കാരുടെ നിലപാട്‌. ഇത്തരം മനോഭാവം സഭയുടെ യഥാര്‍ത്ഥ ദൗത്യത്തിന്‌ കടകവിരുദ്ധമാണ്‌. ദൈവവചനം പ്രഘോഷിക്കുക, കൂദാശകള്‍ ആഘോഷിക്കുക, സ്‌നേഹശുശ്രൂഷ നിര്‍വഹിക്കുക എന്നതാണ്‌ സഭയുടെ ത്രിവിധ ദൗത്യങ്ങളെന്ന്‌ ബനഡിക്‌ട്‌ പതിനാറാമന്‍ പാപ്പ `ദൈവം സ്‌നേഹമാകുന്നു' എന്ന തന്റെ ചാക്രികലേഖനത്തില്‍ പറയുന്നുണ്ട്‌ (നമ്പര്‍ 25). ഇതില്‍ ഏതെങ്കിലും ഒരു ദൗത്യം നാമമാത്രമായി നിര്‍വഹിക്കുകയും മറ്റു ദൗത്യങ്ങളെ അവഗണിക്കുകയും ചെയ്യുക എന്നത്‌ യുക്തിവിരുദ്ധമായ സമീപനത്തിന്‌ ഒരുദാഹരണമാണ്‌. നിര്‍ഭാഗ്യവശാല്‍, വിഷം ചീറ്റുന്ന പ്രത്യയശാസ്‌ത്രങ്ങളും അബദ്ധപ്രബോധനങ്ങളും സഭയ്‌ക്കു പുറത്തും അകത്തും നിന്ന്‌ സഭയെ ആക്രമിക്കുമ്പോള്‍ കത്തോലിക്കാസഭയ്‌ക്ക്‌ ശക്തമായ ഒരു മാധ്യമധര്‍മ്മം നിര്‍വഹിക്കാനുണ്ട്‌ എന്ന വസ്‌തുതപോലും പല വിശ്വാസികള്‍ക്കും അറിയില്ല! വിശ്വാസവും യുക്തിയും വിശ്വാസജീവിതത്തില്‍ അഭേദ്യമാംവിധം ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ചുള്ള അജ്ഞതയാണിതിനു കാരണം.
നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സഭാപിതാവായ വി. അഗസ്റ്റിന്റെ വാക്കുകള്‍ നമുക്കോര്‍മിക്കാം: ``വിശ്വസിക്കുക എന്നത്‌ സമ്മതത്തോടുകൂടി ചിന്തിക്കുകയല്ലാതെ മറ്റൊന്നുമല്ല. വിശ്വാസികള്‍ ചിന്തകന്മാര്‍ കൂടിയാണ്‌. വിശ്വസിക്കുമ്പോള്‍ അവര്‍ ചിന്തിക്കുന്നു. ചിന്തിക്കുമ്പോള്‍ അവര്‍ വിശ്വസിക്കുന്നു. വിശ്വാസം ചിന്തിക്കുന്നില്ലെങ്കില്‍ അതൊന്നുമല്ല.''

Author: ഫാ. ജോസഫ്‌ കളത്തില്‍

1 comment:

പാര്‍ത്ഥന്‍ said...

ഈശ്വരനെക്കുറിച്ചാണെങ്കിൽ, ചിന്തിക്കുമ്പോൾ അതിനെ അറിയുന്നു. അറിഞ്ഞുകഴിഞ്ഞാൽ അതുമായി താതാത്മ്യം പ്രാപിക്കുന്നു. അവിടെ വിശ്വാസം അപ്രസക്തമാവുന്നു.