പ്ലസ്‌ടു ഫലം വന്നു. എന്തു കോഴ്‌സ് പഠിക്കണം എന്നതിനെ സംബന്ധിച്ചും എവിടെ പഠിക്കണം എന്നതിനെ ക്കുറിച്ചും ഗൗരവമായ അന്വേഷണങ്ങളും ചര്‍ച്ചകളും ചിന്തകളും എല്ലാം വ്യക്തികളുടെ ചിന്തയിലും ഭവനങ്ങളിലും പലര്‍ കൂടുന്നിടത്തുമെല്ലാം നടന്നുകൊണ്ടിരിക്കുകയാണ്. വൈവിധ്യമാര്‍ന്ന ധാരാളം കോഴ്‌സുകള്‍ ഇന്നത്തെ വിദ്യാ ര്‍ത്ഥികള്‍ക്ക് ലഭ്യമാണ്. കേരളത്തിലും കേരളത്തിനു പുറ ത്തും ധാരാളം സ്ഥാപനങ്ങളുമുണ്ട്. മിക്കവാറും സ്ഥാപനങ്ങള്‍ പത്രങ്ങളിലൂടെയും ടെലിവിഷനിലൂടെയും ഇന്റര്‍നെറ്റിലൂടെയും മറ്റും തങ്ങളുടെ സ്ഥാപനത്തെയും അവിടെയുള്ള കോഴ്‌സുകളെയും അവിടുത്തെ സൗകര്യങ്ങളെയും ജോലി സാധ്യതകളെയുമെല്ലാം പരിചയപ്പെടുത്തിക്കൊണ്ടിരിക്കുന്നു. പല സ്ഥാപനങ്ങളും പത്രത്തില്‍ അവരുടെ നോട്ടീസ് വച്ച് വീടുകളില്‍ എത്തിക്കുന്നു. ഇതിനു പുറമെ നിരവധി സ്ഥാപനങ്ങള്‍ ഏജന്റുമാരെ വിവിധ സ്ഥലങ്ങളില്‍ വിദ്യാര്‍ത്ഥികളെ ക്യാന്‍വാസ് ചെയ്യാന്‍ നിയോഗിച്ചിരിക്കുന്നു. ഇതിനും പുറമേ കരിയര്‍ ഗൈഡന്‍സ് ക്ലാസുകളും ലഭ്യമാണ്. അനേകം മാതാപിതാക്കള്‍ക്ക് വിവിധ കോഴ്‌സുകളെപ്പറ്റിയും ആ കോഴ്‌സുകള്‍ ലഭ്യമായ സ്ഥാപനങ്ങളെപ്പറ്റിയും അറിവുണ്ട്. അധ്യാപകരും വലിയൊരു പരിധിവരെ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഇതിനും പുറമെ, ഒട്ടനവധി വിദ്യാര്‍ത്ഥികള്‍ക്കും വിവിധ കോഴ്‌സുകളെപ്പറ്റിയും സ്ഥാപനങ്ങളെപ്പറ്റിയും സാമാന്യം നല്ല അറിവുണ്ട്.
ഇങ്ങനെയുള്ള കാരണങ്ങളാല്‍ ധാരാളം വിദ്യാര്‍ത്ഥികള്‍ അവരുടെ അഭിരുചിയും സാമ്പത്തികസ്ഥിതിയുമെല്ലാം അനുസരിച്ച് നല്ല കോഴ്‌സുകളും നല്ല സ്ഥാപനങ്ങളും തിരഞ്ഞെടുത്ത് പഠിച്ച് മിടുക്കരാകുന്നുണ്ട്.
കേരളത്തിലെ അനേകം യുവജനങ്ങള്‍ ജോലി കണ്ടെത്തുന്നതും അനേകം കുടുംബങ്ങള്‍ രക്ഷപെടുന്നതുമായ ഒരു തൊഴില്‍ മേഖലയാണ് നഴ്‌സിംഗ്. വലിയ ബുദ്ധിസാമര്‍ത്ഥ്യം ഇല്ലാത്തവര്‍ക്കും പഠിക്കാവുന്ന കോഴ്‌സ്. വലിയ പണച്ചെലവും ഇല്ല. പഠിച്ചു കഴിഞ്ഞ് ഇറങ്ങിയാലുടന്‍ ജോലി ഉറപ്പ്. ഇതര ഇന്ത്യന്‍ നഗരങ്ങളിലും വിദേശങ്ങളിലും ധാരാളം ജോ ലി സാധ്യത. വിദേശത്ത് ജോലി കിട്ടിയാല്‍ നല്ല ശമ്പളം. ഓവര്‍ടൈം ജോലി ചെയ്‌തുപോലും പണമുണ്ടാക്കാനുള്ള സാധ്യതകള്‍. ശനി, ഞായര്‍ ദിവസങ്ങളിലും മറ്റും ജോലി ചെയ്‌താല്‍ സാധാരണ ദിവസത്തെ വേതനത്തേക്കാള്‍ കൂ ടിയ വേതനം.
ഇങ്ങനെയൊക്കെയാണ് സാഹചര്യങ്ങള്‍. അതിനാല്‍ ധാരാളം വിദ്യാര്‍ത്ഥിനികളും കുറെ വിദ്യാര്‍ത്ഥികളും ആക ര്‍ഷിക്കപ്പെടുന്ന ഒരു മേഖലയാണ് നഴ്‌സിംഗ്. കുടുംബത്തി ലെ ബാധ്യതകള്‍ തീര്‍ക്കുവാനും കുടുംബത്തെ രക്ഷപെടുത്തുവാനും തനിക്കുതന്നെ ഒരു ജീവിതം കെട്ടിപ്പടുക്കുവാനുമെല്ലാം അനേകര്‍ക്ക് കാരണമായതും കാരണമായിക്കൊണ്ടിരിക്കുന്നതും നഴ്‌സിംഗ് പഠനമാണ്. എന്നാല്‍, നഴ്‌സിംഗ് പഠനത്തിന് വേണ്ടത്ര സ്ഥാപനങ്ങളോ സീറ്റുകളോ കേരളത്തില്‍ ഇല്ലായിരുന്നു. നഴ്‌സിംഗിന് വലിയ തിരക്കും ആയിരുന്നു. പ്രീഡിഗ്രി/പ്ലസ്‌ടുവിന് ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി എന്നീ ഗ്രൂപ്പുകള്‍ പഠിച്ചിട്ടുള്ളവര്‍ക്കും 45 ശതമാനമെങ്കിലും മാര്‍ക്ക് വാങ്ങിയവര്‍ക്കും മാത്രമേ നഴ്‌സിംഗ് പഠിക്കാന്‍ കേരളത്തില്‍ അനുവാദം ഉണ്ടായിരുന്നുള്ളൂ. ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി പഠിക്കാത്തവരും ഈ വിഷയങ്ങളില്‍ 45 ശതമാനത്തില്‍ കുറഞ്ഞ മാര്‍ക്ക് നേടിയവരും അതിനാല്‍ നഴ്‌സിംഗ് പഠനത്തിനായി കേരളത്തിനു പുറത്തേക്ക് ഒഴുകി. കേരളത്തിന്റെ അയല്‍സംസ്ഥാനങ്ങളില്‍, ഏത് വിഷയം പഠിച്ചവര്‍ക്കും നഴ്‌സിംഗിനു ചേരാം. മിനിമം മാര്‍ക്കും പ്രശ്‌നമല്ല. കേരളത്തില്‍ ആശുപത്രികളോട് ചേര്‍ന്ന് മാത്രമേ നഴ്‌സിംഗ് സ്‌കൂളുകള്‍ അനുവദിക്കൂ. കാരണം തിയറി മാത്രം പഠിച്ചു നല്ല നഴ്‌സ് ആകാന്‍ പറ്റില്ല. പ്രായോഗികപരിശീലനം കൂടി വേണം. അതിന് നഴ്‌സിംഗ് സ്‌കൂളിനോടനുബന്ധിച്ച് ആശുപത്രി വേണം. എന്നാല്‍, കേരളത്തിനു പുറത്ത് നഴ്‌സിംഗ് സ്‌കൂളിനോടനുബന്ധിച്ച് ആശുപത്രി വേണം എന്ന നിബന്ധന ഉണ്ടോ എന്നറിയില്ല. നിബന്ധന ഉണ്ടെങ്കിലും ഇല്ലെങ്കിലും ധാരാളം സ്‌കൂളുകളോടനുബന്ധിച്ച് ആശുപത്രി ഇല്ല. ആ പ്രദേശത്തുള്ള വലിയ ആശുപത്രികളുമായി പ്രായോഗിക പരിശീലനത്തിന് കരാര്‍ ഉണ്ട് എന്നാണ് ഇത്തരം സ്ഥാപനങ്ങളുടെ അധികാരികള്‍ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ബോധ്യപ്പെടുത്തുന്നത്. ബയോളജി ഗ്രൂപ്പ് പഠിക്കാത്തവര്‍ക്ക് കേരളത്തില്‍ നഴ്‌സിംഗ് പഠിക്കാന്‍ അനുവാദം ഇല്ലാത്തതുകൊണ്ടും നഴ്‌സിംഗ് സ്‌കൂളുകളുടെയും സീറ്റുകളുടെയും എണ്ണം കുറവായതിനാലും അഡ്‌മിഷന്‍ കിട്ടാനുള്ള പ്രയാസംകൊണ്ടും ധാരാളം വിദ്യാര്‍ത്ഥികള്‍ ബി.എസ്.സി/ജനറല്‍ നഴ്‌സിംഗ് പഠനത്തിന് കേരളത്തിന് പുറത്തുള്ള നഴ്‌സിംഗ് സ്‌കൂളുകളില്‍ പോകാന്‍ തുടങ്ങി. സ്ഥാപനത്തിന് അംഗീകാരമുണ്ടോ പ്രായോഗിക പരിശീലനത്തിന് സ്ഥാപനത്തോടനുബന്ധിച്ച് ആശുപത്രി ഉണ്ടോ വേണ്ടത്ര പഠന-താമസ സൗകര്യമുണ്ടോ എന്നൊന്നും നോക്കാതെ കിട്ടിയ സ്ഥാപനത്തില്‍ എത്രയോ പേര്‍ അഡ്‌മിഷന്‍ വാങ്ങി. ഒച്ചയും ബഹളവും ഉണ്ടാക്കിയാല്‍ അടി കിട്ടും അഥവാ സര്‍ട്ടിഫിക്കറ്റ് നല്‍കില്ല എന്നീ കാരണങ്ങളാലും, പിന്നെ കുറച്ച് ഉഴപ്പ് അനുവദിക്കുന്നു എന്നതുകൊണ്ടും പഠിപ്പിച്ചില്ലെങ്കിലും, പഠിച്ചില്ലെങ്കിലും പരീക്ഷ ജയിക്കും എന്നതുകൊണ്ടുമെല്ലാം വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പരാതിയും ഇല്ല. അന്യസംസ്ഥാനങ്ങളിലുള്ള എല്ലാ സംസ്ഥാനങ്ങളും മോശമാണ് എന്നല്ല. മികച്ച അധ്യയനവും നല്ല അച്ചടക്കവും ഉള്ള സ്ഥാപനങ്ങളും ഉണ്ട്. എന്നാല്‍ വിപരീത സ്ഥാപനങ്ങളും ഉണ്ട്. അവയില്‍ ചേര്‍ന്ന് ധാരാളം പേര്‍ക്ക് കളിപ്പ് പറ്റിയിട്ടുണ്ട്. ചില സ്ഥാപനങ്ങള്‍ ചെയ്യുന്നത് കേള്‍ക്കണോ? കോഴ്‌സ് കഴിഞ്ഞ് കുട്ടികള്‍ എവിടെയെങ്കിലും ആശുപത്രി കണ്ടുപിടിച്ച് ആറുമാസം അഥവാ ഒരു വര്‍ഷം പ്രായോഗിക പരിശീലനം നടത്തി, അതിന്റെ സര്‍ട്ടിഫിക്കറ്റ് പഠിച്ച സ്ഥാപനത്തില്‍ കൊണ്ടുപോയി കൊടുത്താലേ സര്‍ട്ടിഫിക്കറ്റ് കിട്ടൂ. അതിനുംപുറമേ, ഇക്കാലഘട്ടത്തിലേക്കും അവര്‍ പഠിച്ച സ്‌കൂളിന് ഫീസ് നല്‍കണം, പഠിപ്പിച്ച സ്ഥാപനം നല്‍കേണ്ട പ്രായോഗിക പരിശീലനം അവര്‍ നല്‍കുന്നില്ല. പക്ഷേ, ആ കാലഘട്ടത്തിലെ ഫീസ് അവ ര്‍ വാങ്ങുന്നു. പരിശീലനത്തിനുള്ള സ്ഥാപനം കണ്ടുപിടിച്ച് പരിശീലനം നേടി സര്‍ട്ടിഫിക്കറ്റ് കൊണ്ടുപോയി കാണിക്കേണ്ടത് വിദ്യാര്‍ത്ഥികളുടെ ബാധ്യത. എങ്ങനെയുണ്ട്? കേരളത്തില്‍ ഇങ്ങനെ വല്ലവരും ചെയ്‌താല്‍ വിദ്യാര്‍ത്ഥികളോ ര ക്ഷിതാക്കളോ സമ്മതിക്കുമോ? ഇങ്ങനെയുള്ള തട്ടിപ്പിനും ചൂഷണത്തിനും വരെ നമ്മുടെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വിധേയമാകുന്നു. പഠനം കഴിഞ്ഞ് പുറത്തുവരുന്ന ധാരാളം വിദ്യാര്‍ത്ഥികള്‍ക്ക് നഴ്‌സിംഗിന്റെ ബാലപാഠങ്ങ ള്‍പോലും അറിയില്ല. പിന്നെ കേരളത്തില്‍ വന്ന് ഏതെങ്കിലും ഹോസ്‌പിറ്റലില്‍ ട്രെയിനിയായി നിന്നാണ് അവര്‍ രോഗീപരിചരണം എങ്ങനെ എന്ന് പ്രായോഗിക പരിശീലനം നേടുന്നത്. അതേസമയം കേരളത്തിലെ സ്‌കൂളുകളില്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ ഉടന്‍തന്നെ ഇന്ത്യയിലെ പ്രശസ്‌ത ആശുപത്രികളില്‍ ജോലിയില്‍ കയറുന്നു. ഇതാണ് സാഹചര്യം. ഈ സാഹചര്യത്തില്‍ കേരള ഗവണ്‍മെന്റ് ഈ വര്‍ഷം ചെയ്‌തിരിക്കുന്ന ചില നല്ല കാര്യങ്ങള്‍ കേരളത്തിന് പുറത്ത് നഴ്‌സിംഗ് പഠനത്തിന് പോകാന്‍ ഒരുങ്ങുന്നവര്‍ ശ്രദ്ധിക്കണം. അവ കുറിക്കട്ടെ.
1. ഈ വര്‍ഷം മുതല്‍ പ്ലസ്‌ടുവിന് ഏത് ഗ്രൂപ്പ് പഠിച്ചവര്‍ക്കും കേരളത്തില്‍ ജനറല്‍ നഴ്‌സിംഗ് പഠിക്കാം. അതിനാല്‍ അയല്‍സംസ്ഥാനങ്ങളിലേക്ക് പോകേണ്ടതില്ല. ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി പഠിച്ച വേണ്ടത്ര വിദ്യാര്‍ത്ഥികളെ കിട്ടാനില്ലെങ്കില്‍, മറ്റ് ഏതു ഗ്രൂപ്പ് പഠിച്ചവരെയും അഡ്‌മിറ്റ് ചെയ്യാം.
2. മിനിമം മാര്‍ക്ക് 45 ശതമാനത്തില്‍നിന്നും 40 ശതമാനമാക്കി കുറച്ചിരിക്കുന്നു.
3. ഇത്രയും കാലം കേരളത്തില്‍ സ്ഥിരതാമസമാക്കിയവര്‍ക്ക് മാത്രമേ കേരളത്തിലെ നഴ്‌സിംഗ് സ്‌കൂളുകളില്‍ പ്രവേശനം ഉണ്ടായിരുന്നുള്ളൂ.
ഈ വര്‍ഷം മുതല്‍ ഇന്ത്യയുടെ ഏത് സംസ്ഥാനത്ത് സ്ഥിരമായി താമസിക്കു ന്ന ആള്‍ക്കും കേരളത്തില്‍ നഴസിംഗിന് പഠിക്കാം.
4. എസ്.സി, എസ്.ടി തുടങ്ങിയ പി ന്നോക്ക വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചുവര്‍ഷത്തെ ഇളവ് ഉണ്ട്.
5. എല്ലാ വിഭാഗക്കാരുടെയും ഉയര്‍ന്ന പ്രായപരിധിയില്‍ ഏതാനും മാസങ്ങളുടെ വര്‍ദ്ധനവ് ഉണ്ട്.
6. കന്യാസ്‌ത്രീകള്‍ക്ക് പലപ്പോഴും- സര്‍ ക്കാര്‍ നിശ്ചയിച്ച ഉയര്‍ന്ന പ്രായപരിധി, നഴ്‌സിംഗിന് ചേരാന്‍ തടസമായിരുന്നു. അവരുടെ ആസ്‌പിരന്‍സി, നൊവിഷ്യേറ്റ്, പഠനം എന്നിവയൊക്കെ കഴിയുമ്പോഴേക്കും ചിലപ്പോള്‍ നഴ്‌സിംഗ് പഠനത്തിനുള്ള പ്രായം കഴിഞ്ഞിരിക്കും. ഈ പ്രാ യോഗിക ബുദ്ധിമുട്ട് പരിഗണിച്ച്, അവരുടെ ഉയര്‍ന്ന പ്രായപരിധി 30 വയസ് ആ ക്കിയിട്ടുണ്ട്.
ഗവണ്‍മെന്റിന്റെ പുതിയ തീരുമാനങ്ങള്‍ തീര്‍ച്ചയായും നഴ്‌സിംഗ് പഠിക്കാനാഗ്രഹിക്കുന്ന അനേകം വിദ്യാര്‍ ത്ഥികള്‍ക്ക് വലിയ അനുഗ്രഹമാണ്. മിനി മം മാര്‍ക്കില്‍ വരുത്തിയ കുറവ്, ഏത് ഗ്രൂ പ്പും പ്ലസ്‌ടു പഠിച്ചവര്‍ക്ക് നഴ്‌സിംഗിനു ചേരാം എന്നുള്ള തീരുമാനം, പ്രായപരിധിയിലെ ഇളവ്, ഏത് സംസ്ഥാനത്തെ സ്ഥിരതാമസക്കാര്‍ക്കും കേരളത്തില്‍ നഴ് സിംഗ് പഠനത്തിന് ചേരാം എന്ന തീരുമാനം എന്നിവയെല്ലാം കേരളത്തിന് പുറത്തുപോയി നിലവാരമില്ലാത്ത, പ്രായോഗിക പരിശീലനത്തിന് ആശുപത്രിയില്ലാ ത്ത നഴ്‌സിംഗ് സ്‌കൂളുകളില്‍ പഠിക്കുന്ന രീതിക്ക് അന്ത്യം വരുത്താന്‍ പര്യാപ്‌തമാണ്. അതിനാല്‍, നഴ്‌സിംഗ് പഠനത്തിന് മക്കളെ വിടാന്‍ ആഗ്രഹിക്കുന്ന രക്ഷിതാക്കളും നഴ്‌സിംഗ് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളും ഇക്കാര്യങ്ങള്‍ അറിഞ്ഞ് തീരുമാനം എടുക്കണം.
മുന്‍ഗാമികള്‍ക്ക് പറ്റിയ അബദ്ധം ഇനി മറ്റുള്ളവര്‍ക്ക് പറ്റരുത്. കടവും ഉണ്ടാക്കി, ലോണും എടുത്ത് അന്യസംസ്ഥാനങ്ങളില്‍ പഠിപ്പിച്ചിട്ട്, ജോലി ചെയ്യാനറിയാതെ മക്കള്‍ തിരിച്ച് വന്ന് കേരളത്തിലെ ആശുപത്രികളില്‍ പ്രതിഫലം ഒന്നുമില്ലാതെ പ്രായോഗിക പരിശീലനത്തിന് നില്‍ക്കു ന്ന അവസ്ഥ ഇനി ഉണ്ടാകരുത്. കേരളത്തിന് പുറത്തു പഠിച്ചാല്‍ ഇംഗ്ലീഷ് നന്നാ കും എന്ന വാദഗതിയും ശരിയല്ല എന്നതിന് അവിടെ പഠിച്ചു വന്നവരുടെ ഇംഗ്ലീ ഷ് തന്നെ ഏറ്റവും വലിയ തെളിവ്.
കേരളത്തിലുണ്ടായ പുതിയ ക്രമീകരണം, അന്യസംസ്ഥാനങ്ങളിലെ ഗുണമേന്മയില്ലാത്ത സ്ഥാപനങ്ങളെ കുറച്ചെങ്കി ലും ബാധിക്കും എന്നുറപ്പ്. ഇതിനെ നേരിടാന്‍ എന്ത് കുതന്ത്രങ്ങള്‍ ആവും അവര്‍ ഉപയോഗിക്കുക എന്നറിയാന്‍ കാത്തിരിക്കേണ്ടിവരും. ഏതായാലും ഗവണ്‍മെന്റ് ഇത്രയും ഔദാര്യം കാണിച്ച സ്ഥിതിക്ക് നഴ്‌സിംഗ് പഠിക്കാനാഗ്രഹിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്കും, രക്ഷിതാക്കള്‍ ക്കും ഇനി അബദ്ധം പറ്റരുത്.
Author : ഫാ. ജോസഫ് വയലില്‍ CMI
1 comment:
ഗവണ്‍മെന്റ് ഇത്രയും ഔദാര്യം കാണിച്ച സ്ഥിതിക്ക് നഴ്‌സിംഗ് പഠിക്കാനാഗ്രഹിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്കും, രക്ഷിതാക്കള്‍ ക്കും ഇനി അബദ്ധം പറ്റരുത്.
വളരെ നല്ല കുറിപ്പ്, പഠനത്തിനൊരുങ്ങുന്ന വിദ്ധ്യാർത്ഥികളും രക്ഷിതാക്കളും ഇനിയെങ്കിലും ശ്രദ്ധിക്കട്ടെ..
Post a Comment