Monday, September 27, 2010

സത്യവേദപുസ്‌തകം


കത്തോലിക്കരൊഴികെയുള്ള ക്രൈസ്‌തവരെല്ലാം ഉപയോഗിച്ചുവരുന്ന `സത്യവേദപുസ്‌ത കം' എന്ന ബൈബിള്‍ വിവര്‍ത്തനം ആദ്യമായി അച്ചടിച്ചത്‌ 1910 ലാണ്‌. ലോകം മുഴുവന്‍ മലയാളികള്‍ ഉപയോഗിച്ചുപോരുന്ന സത്യവേദപുസ്‌തകത്തിന്റെയും ജന്മശതാബ്‌ദി 2010 ല്‍ കൊണ്ടാടുകയാണ്‌. കോട്ടയത്തുവച്ച്‌ ഫെബ്രുവരിയില്‍ വിവിധ സഭാംഗങ്ങള്‍ ഉള്‍പ്പെടു ന്ന ക്രൈസ്‌തവ സാഹിത്യ അക്കാദമി സത്യവേദ പുസ്‌തക ശതാബ്‌ദിക്ക്‌ ആരംഭം കുറിച്ചു. ഈ ലേഖകനും അതില്‍ സംബന്ധിച്ചു സംസാരിക്കുകയുണ്ടായി. അന്നു ഞാന്‍ പ റഞ്ഞ കാര്യങ്ങള്‍ സംഗ്രഹിക്കാം.

1806 മുതല്‍ പ്രൊട്ടസ്റ്റന്റു മിഷനറിമാര്‍ ബൈബിള്‍ വിവര്‍ ത്തനസംരംഭത്തിലേര്‍പ്പെട്ടു എങ്കി ലും തര്‍ജ്ജമയുടെ അപര്യാപ്‌തതയും ഭാഷയുടെ വൈകല്യവും അച്ചടിക്കാനുള്ള സൗകര്യക്കുറവും നിമിത്തം അ തൊന്നും ഫലമണിഞ്ഞില്ല. മഞ്ഞുമ്മല്‍ നിന്നു കത്തോലിക്കരും സമാന്തരമായി വിവര്‍ത്തനയത്‌നങ്ങളിലേര്‍പ്പെട്ടിരുന്നു. 1896 ല്‍ വരാപ്പുഴയില്‍നിന്നു നാലു സുവിശേഷങ്ങ ളും അച്ചടിറക്കാന്‍ അവര്‍ക്കു സാധിച്ചു. പുതിയ നിയമം സമ്പൂര്‍ണമായി 1905 ല്‍ എറണാകുളത്തുനിന്നു പ്രസിദ്ധീകരിച്ചു. അന്യഭാഷാപദങ്ങളുടെ ആധിക്യവും മലയാള ശൈലീപരമായ ന്യൂനതകളും മൂലം അതിനും വലിയ പ്രചാരമുണ്ടായില്ല. അങ്ങനെയിരിക്കെ 1910ല്‍ പഴയനിയമമുള്‍പ്പെടെയുള്ള സമ്പൂര്‍ണ ബൈബിള്‍ സത്യവേദപുസ്‌തകമെന്ന പേരില്‍ മംഗലാപുരത്തുനിന്നു പ്രൊട്ടസ്റ്റന്റുകാര്‍ അച്ചടിച്ചു പുറത്തിറക്കി. മൂലത്തോടുള്ള വിശ്വസ്‌തതയിലും അന്നു നിലവിലിരുന്ന ഭാഷാശൈലിയോടുള്ള ഇണക്കവും നിമിത്തം സത്യവേദപുസ്‌തകം പ്രചുരപ്രചാരമാര്‍ജ്ജിച്ചു; കഴിഞ്ഞ നൂറുകൊല്ലത്തിനുള്ളില്‍ അനേകലക്ഷം പ്രതികള്‍ മലയാളികളുള്ളിടത്തെല്ലാം ചെന്നെത്താന്‍ സത്യവേദപുസ്‌തകത്തിനു കഴിഞ്ഞു.

സത്യവേദപുസ്‌തകത്തിലെ അച്ചടിപ്പിഴക ളും വിവര്‍ത്തനദോഷങ്ങളുമെല്ലാം ദൈവവചനങ്ങളായി വ്യാഖ്യാനിച്ച്‌ കത്തോലിക്കരെയും ഇതര പാരമ്പര്യസഭകളെയും വഴിതെറ്റിക്കുന്നതിനുള്ള ശ്രമം വ്യാപകമായി നടന്നു. തല്‍ഫലമായി കോട്ടയം പ്രദേശത്ത്‌ ആറായിരത്തോളം സുറിയാനി കുടുംബങ്ങള്‍ പ്രൊ ട്ടസ്റ്റന്റു സഭകളില്‍ ചേര്‍ന്നതായി രേഖകള്‍ കാണുന്നു. അതെന്തായാലും കഴിഞ്ഞ നൂറുകൊല്ലങ്ങള്‍ക്കുള്ളില്‍ മലയാള ഗദ്യത്തിനുണ്ടായ വളര്‍ച്ചയും വ്യാകരണനിയമങ്ങളുമനുസരിച്ചുള്ള ഒരു പരിഷ്‌കരിച്ച പതിപ്പ്‌ ഇറക്കാന്‍ സാധിക്കാത്ത ഒരു ദുരവസ്ഥ പ്രസ്‌തുത ഗ്രന്ഥത്തെ നേരിടുന്നുണ്ടെന്നു സമ്മതിച്ചേ തീരൂ. യാക്കോബായ, ഓര്‍ത്തഡോക്‌സ്‌, മാര്‍ ത്തോമ്മാ, സി.എസ്‌.ഐ സഭകളെക്കൂടാതെ സത്യവേദപുസ്‌തകം നെഞ്ചോടു ചേര്‍ത്തു പിടിച്ചു നടക്കുന്ന നൂറുകണക്കിനു പെന്തക്കോസ്‌തു, ബ്രദറന്‍, യഹോവസാക്ഷി നവീകരണ സഭകളെയും കൂടി സഹകരിപ്പിച്ചുകൊണ്ട്‌ ഒരു വേദപുസ്‌തക പരിഷ്‌കരണക്കമ്മിറ്റിക്കു രൂപം നല്‍കുക അസാധ്യം തന്നെ.

വി. യോഹന്നാന്റെ സുവിശേഷം രണ്ടാമധ്യായത്തിന്റെ ആരംഭഭാഗത്ത്‌ അറിഞ്ഞോ അറിയാതെയോ കടന്നുകൂടിയ ഒരു പദം ദുര്‍വ്യാഖ്യാനം ചെയ്‌തിട്ടാണല്ലോ യേശുവും പ. കന്യകാമറിയവും തമ്മിലുള്ള മാതൃപുത്രബന്ധത്തിന്‌ ഒരു വിലയുമില്ലെന്നു വരുത്തിത്തീര്‍ക്കാന്‍ നവീകരണവാദികള്‍ക്കു കഴിഞ്ഞത്‌. കാനായിലെ കല്യാണവിരുന്നിന്റെ ഘട്ടത്തില്‍ ``സ്‌ത്രീയേ, എനിക്കും നിനക്കും തമ്മില്‍ എന്ത്‌?'' എന്ന്‌ യേശു ചോദിച്ചതായി സത്യവേദപുസ്‌തകത്തില്‍ അച്ചടിച്ചിട്ടുണ്ട്‌. അവര്‍ തമ്മിലുള്ള ബന്ധത്തെ യേശു ആദരിച്ചിരുന്നില്ലെങ്കില്‍ പിന്നെ നമ്മള്‍ എന്തിനു മറിയത്തെ വണങ്ങണമെന്നാണ്‌ ചോദ്യം. വാ സ്‌തവത്തില്‍ ഈ ``തമ്മില്‍'' എന്നര്‍ത്ഥമുള്ള ഒരു വാക്കു മറ്റൊരു ഭാഷയിലും ഒരു തര്‍ജ്ജമയിലും കാണാനില്ല. അവരുടെ വീഞ്ഞു തീര്‍ന്നുപോയെങ്കില്‍ നമുക്കെന്ത്‌? എനിക്കും നിനക്കും അതില്‍ ഇടപെടേണ്ട കാര്യമെന്ത്‌? ഈ അര്‍ത്ഥത്തിലാണു മറ്റു തര്‍ജ്ജമകളെല്ലാം. ഉദാഹരിക്കാം. ഇംഗ്ലീഷിലുള്ള മൂന്നു തര്‍ജ്ജമകള്‍ ആദ്യം നോക്കാം:

1.Woman, what is that to me and to thee? My hour is not yet come (Douay version)
2. The mother of jesus said to him: They have no wine and jesus said to her" woman what concern is that to you and to me. My hour has not yet come (R.S.V)
3." You must not tell me what to do. My time has not yet come.(Goodnews Eng.Bible)

ഇനി മറ്റു ഭാഷാ വിവര്‍ത്തനങ്ങളിലേക്കു കടക്കാം.

തമിഴ്‌: ഇയേചു അവരിടം: ``അമ്മാ അതൈപ്പറ്റി നാം എന്ന ചെയ്യമുടിയും. എനതുനേരം ഇന്നും വരവില്ലൈയേ.''
ഹിന്ദി: ഭദ്രേ ഇസ്‌സേ മുജ്ജ്‌കോ ഔര്‍ ആപ്‌കോ ക്യാ? അഭിതക്‌ മേരാ സമയ്‌ നഹി ആയാ ഹൈ.
സംസ്‌കൃതം: യീസു താം വദതി, ``നാരീ മയാ സഹ തവ കിം കാര്യം? മമ സമയം ഇ ദാനീം അപി അനുപസ്ഥിതഃ'' (ഞാനും നീ യും കൂടി ഇവിടെ എന്താണു ചെയ്യേണ്ടത്‌ എന്നര്‍ത്ഥം).

ഈ വിവര്‍ത്തനങ്ങളിലെങ്ങും ``നമുക്കു തമ്മിലെന്തു ബന്ധം'' എന്നു വ്യാ ഖ്യാനിക്കാന്‍ ഒരു പഴുതുമില്ല. സത്യവേദപുസ്‌തകം അതിന്‌ ഒരു പഴുതുണ്ടാക്കിവച്ചിരിക്കുന്നു. ബ്ര. മാത്യു വര്‍ഗീസ്‌ എന്ന പെന്തക്കോസ്‌തുകാരന്‍ വിശുദ്ധ സത്യവേദപുസ്‌ത കം എന്ന പേരില്‍ ഒരു പരിഷ്‌കരിച്ച പതിപ്പ്‌ ഇറക്കിയിട്ടുണ്ട്‌. തമ്മില്‍ എന്ന പദം അതില്‍ നിന്നു നീക്കം ചെയ്‌തിട്ടുമുണ്ട്‌. പക്ഷേ, അതിനു ഒരു പൊതു അംഗീകാരം ലഭിക്കുമോ?

വ്യാകരണദോഷങ്ങളും ശൈലീഭംഗങ്ങളും വേറെയും ചൂണ്ടിക്കാണിക്കാനുണ്ട്‌. ഒരു ചെറിയ ഉദാഹരണം കൂടി. ``എന്റെ കൃപ നിനക്കു മതി'' എന്ന വാക്യം നോക്കുക. എന്റെ കൃപ നിനക്കുമാത്രം മതി മറ്റാര്‍ക്കും വേണ്ട എന്ന പ്രതീതിയാണ്‌ ഈ തര്‍ജ്ജമ ജനിപ്പിക്കുന്നത്‌. എന്റെ കൃപ നിനക്ക്‌ ആവശ്യത്തിനു കിട്ടിക്കഴിഞ്ഞു ഇനി വേണ്ട എന്ന അര്‍ത്ഥവും തോന്നാം. മതി എന്ന വാക്കിന്‌ വേണ്ടുവോളമായിരിക്കുന്നു എന്നും അര്‍ത്ഥമുണ്ടല്ലോ. വാക്കുകള്‍ സ്ഥാനം മാറ്റിയിട്ടു പരിഹരിക്കാവുന്ന ഒരു വൈകല്യമാണിത്‌. ``നിനക്ക്‌ എന്റെ കൃപ മതി'' എന്നു പ്രയോഗിച്ചാല്‍ കുഴപ്പം തീരും. പക്ഷേ ആരുണ്ട്‌ തെറ്റു തിരുത്താനും പരിഷ്‌കരിക്കാനും? എല്ലാം പറഞ്ഞു കഴിയുമ്പോഴും ഒരു സത്യം അവശേഷിക്കുന്നു. ദൈ വവവചനത്തിനു പ്രചുരപ്രചാരം നല്‍കുന്നതില്‍ കഴിഞ്ഞ നൂറുകൊല്ലക്കാലം `സത്യവേദപുസ്‌തകം' അനുഷ്‌ഠിച്ച സേവനം അവിസ്‌മരണീയമാണ്‌; കൃതജ്ഞതാര്‍ഹവുമാണ്‌.

Author: പ്രഫ. മാത്യു ഉലകംതറ

No comments: