Wednesday, March 31, 2010

ഉതഥാനം ഒരു കടന്നുപോകല്‍


"ജീവന്റെ നാഥനെ നിങ്ങള്‍ വധിച്ചു. എന്നാല്‍ ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു. അതിനു ഞങ്ങള്‍ സാക്ഷികളാണ്'' (നടപടി 3: 15). പത്രോസ് ലോകത്തോടു നടത്തിയ ആദ്യത്തെ ഈ ഉത്ഥാനപ്രസംഗമാണ് യഥാര്‍ത്ഥത്തിലുള്ള ഊര്‍ബി ഏത്ത് ഓര്‍ബി. ഈ ഉത്ഥാനപ്രഭാഷണത്തിലാണ് സഭ പിറന്നുവീണത്. പട്ടണത്തിലും ലോകത്തിന്റെ അതിര്‍ത്തികളിലും താമസിക്കുന്ന എല്ലാവര്‍ക്കും എല്ലാ കാലത്തേക്കുമുള്ള സന്ദേശമിതാണ്. കുരിശുമരണത്തെ ഉത്ഥാനത്തില്‍നിന്നും ഉത്ഥാനത്തെ കുരിശില്‍നിന്നും വേര്‍തിരിക്കാനാവില്ല. അവ തമ്മില്‍ അവിഭാജ്യമായ ഒരു ബന്ധമാണുള്ളത്. "അവന്റെ സഹനമാണ് നമ്മുടെ ഉത്ഥാനം'' എന്ന് അന്ത്യോക്യായിലെ വിശുദ്ധ ഇഗ്നേഷ്യസ് പറഞ്ഞല്ലോ. "തന്റെ അഭിഷിക്തന്‍ ഇവയെല്ലാം സഹിക്കണമെന്ന് പ്രവാചകന്മാര്‍ വഴി ദൈവം മുന്‍കൂട്ടി അരുളിച്ചെയ്തത് ഇങ്ങനെ പൂര്‍ത്തിയാക്കി'' (നടപടി 3: 18). അതായത്, ശൂന്യമായ കല്ലറയോടുകൂടിയല്ല, കാല്‍വരിയിലാണ് ഉത്ഥാനരഹസ്യം ആരംഭിക്കുന്നത്. ഈശോയുടെ ഉത്ഥാനമാകുന്ന ചരിത്രസംഭവം, ചരിത്രത്തിലെ ഒരു കഴിഞ്ഞകാല സംഭവമായി മാത്രം ഒതുക്കാനാവില്ല. അതൊരു തുടര്‍ചരിത്രമാണ്: ഭാവിയിലേക്ക് യാത്ര ചെയ്തുകൊണ്ടിരിക്കുകയാണ്. ഈ യാത്രയിലും കുരിശും ഉത്ഥാനവും ഒരുമിച്ചാണു പോകുന്നത് എന്ന് തിരുവചനം നമ്മെ പഠിപ്പിക്കുന്നു. "കുരിശില്‍ തറയ്ക്കപ്പെട്ട നസ്രായനായ ഈശോയെ നിങ്ങള്‍ അന്വേഷിക്കുന്നു. അവന്‍ ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു. അവന്‍ ഇവിടെയില്ല'' (മര്‍ക്കോ. 16: 6). അധര്‍മ്മികളുടെ കൈകളാല്‍ നിങ്ങള്‍ അവനെ കുരിശില്‍ തറച്ചുകൊന്നു. എന്നാല്‍ ദൈവം അവനെ മൃത്യുപാശത്തില്‍നിന്ന് വിമുക്തനാക്കി ഉയിര്‍പ്പിച്ചു'' (നടപടി 2: 23); "ജീവിച്ചിരിക്കുന്നവനെ നിങ്ങള്‍ മരിച്ചവരുടെയിടയില്‍ അന്വേഷിക്കുന്നത് എന്തിന്? -അവന്‍ ഇവിടെയില്ല, ഉയിര്‍പ്പിക്കപ്പെട്ടു'' (ലൂക്കാ. 24: 5). കുരിശ് മിശിഹായെക്കുറിച്ചുള്ള മനുഷ്യന്റെ വിധിത്തീര്‍പ്പായിരുന്നെങ്കില്‍, ശൂന്യമായ കല്ലറ മിശിഹായെക്കുറിച്ചുള്ള ദൈവത്തിന്റെ വിധിതീര്‍പ്പായിരുന്നു.

ഈശോയുടെ ഉയിര്‍പ്പ് ഓരോ മനുഷ്യന്റെയും ജീവിതത്തെ എപ്രകാരം സ്വാധീനിക്കുന്നു എന്നതാണു ചിന്തനീയമായ കാര്യം. ഉത്ഥാനം ഒരു കടന്നുപോകലാണ് - ലോകത്തില്‍നിന്നു ദൈവത്തിങ്കലേക്ക്. ഈ ലോകത്തില്‍നിന്ന് ദൈവപിതാവിന്റെ പക്കലേക്കുള്ള ഈശോയുടെ പാസ് ഓവര്‍ - കടന്നുപോകലാണ് - ഉത്ഥാനം. പുറപ്പാട്, കടന്നുപോകല്‍, കുടിയേറ്റം, പുറത്തേക്കു പോകല്‍ എല്ലാം വലിയ ആത്മീയ അര്‍ത്ഥമുള്ള കാര്യങ്ങളാണ്. ഇസ്രായേല്‍ ജനതയുടെ ചരിത്രം ഹെബ്രായലേഖനകര്‍ത്താവ് സംക്ഷിപ്തമായി പറയുന്നു: "തങ്ങള്‍ ഭൂമിയില്‍ അന്യരും പരദേശികളുമാണെന്ന് ഏറ്റുപറഞ്ഞു'' (ഹെബ്രാ. 11: 13). പുതിയ നിയമജനതയെക്കുറിച്ചുള്ള വിശുദ്ധ പത്രോസിന്റെ ലേഖനവും ഇതു വ്യക്തമാക്കുന്നു.

കടന്നുപോകലിന്റെ ഒരു വലിയ ആത്മീയതയാണ് ഈശോയുടെ ഉത്ഥാനം നമുക്കു നല്കുന്നത്. അത് പുറംലോകത്തുനിന്ന് അകംലോകത്തേക്കുള്ള കടന്നുപോകലാണ്. ശബ്ദത്തില്‍നിന്നു നിശബ്ദതയിലേക്കുള്ള യാത്രയാണ്. ശ്രദ്ധ വ്യതിചലിക്കലില്‍നിന്ന് ശ്രദ്ധയിലേക്കുള്ള പിന്‍തിരിയലാണ്. ചിതറിക്കപ്പെടലില്‍നിന്ന് ഒരുമിച്ചു കൂട്ടുന്നതിലേക്കുള്ള യാത്രയാണ്. തിന്മയില്‍ നിന്നു നന്മയിലേക്കുള്ള യാത്രയാണ്. ലോകത്തില്‍ നിന്നു ദൈവത്തിങ്കലേക്കുള്ള യാത്രയാണ്. കുഴിമാടത്തില്‍ നിന്ന് സ്വര്‍ഗ്ഗത്തിലേക്കുള്ള യാത്രയാണ്. ഓരോ ധൂര്‍ത്തപുത്രന്റെയും മടങ്ങിവരലാണിത്. മരണത്തെ ജയിക്കുന്ന പ്രക്രിയയാണ് ഇതെല്ലാം. ശിരസ്സായ ഈശോ കടന്നുപോയി. ഈ കടന്നുപോകല്‍ ഈശോതന്നെയാണെന്ന് സഭയുടെ പിതാക്കന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ശരീരമാകുന്ന നമ്മുടെ കടന്നുപോകലില്‍ ഈ ആത്മീയഉന്നങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നുണ്േടാ എന്നതാണു കാതല്‍. പരിശുദ്ധ ത്രിത്വത്തിന്റെ വാഴ്ത്തപ്പെട്ട എലിസബത്ത് പറയുന്നു: "ഞാന്‍ ഭൂമിയില്‍ പറുദീസാ കണ്ടു. പറുദീസാ ദൈവമാണ്. ദൈവം എന്റെ ഹൃദയത്തിനുള്ളിലാണ്.'' മാനസാന്തരത്തിനു മുമ്പുള്ള കാര്യത്തെക്കുറിച്ച് അഗസ്റിന്‍ പറയുന്നു: "നാഥാ, നീ എന്റെ ഉള്ളിലായിരുന്നു. പക്ഷേ ഞാന്‍ പുറത്തായിരുന്നു.''
ഈ 'കടന്നുപോകലിലാണ്' സഭ നിരന്തരമായി ജനിക്കുന്നത്. അടച്ചിട്ടിരിക്കുന്ന
ഹൃദയവാതിലുകള്‍ കര്‍ത്താവു തുറക്കട്ടെ. അടച്ചുപൂട്ടിയ ഹൃദയങ്ങളിലും സംസ്കാരങ്ങളിലും പ്രത്യയശാസ്ത്രങ്ങളിലും ഉത്ഥിതന്‍ പ്രവേശിക്കണം. സഭയുടെ പ്രഘോഷണത്തിലാണ് ഇന്ന് ഉത്ഥാനം തുടരേണ്ടത്. അവന്‍ ഉയിര്‍ത്തെഴുന്നേല്ക്കാന്‍ തയ്യാറായി നില്ക്കുകയാണ്. വിശ്വാസവും ചൈതന്യവും നിറഞ്ഞ് നാം പ്രസംഗിക്കണം. ഈ ഈസ്ററിന് ശക്തമായ ഉയിര്‍ത്തെഴുന്നേല്പ് ഉണ്ടാകണം. അത് സഭയുടെ, നമ്മുടെ പ്രഘോഷണത്തിലൂടെയാണ്. "ഞങ്ങള്‍ കേട്ടതും സ്വന്തം കണ്ണുകള്‍കൊണ്ട് കണ്ടതും സൂക്ഷിച്ചു വീക്ഷിച്ചതും കൈകൊണ്ട് സ്പര്‍ശിച്ചതുമായ ജീവന്റെ വചനത്തെപ്പറ്റി ഞങ്ങള്‍ അറിയിക്കുന്നു'' (1 യോഹ. 1: 1) എന്ന് ഓരോ പുരോഹിതനും പറയാന്‍ സാധിക്കണം.
മിശിഹായെക്കുറിച്ചുള്ള ഉത്ഥാനപ്രഘോഷണത്തിന് സഭ മനോഹരമായ ക്രമീകരണമാണ് ചെയ്തിരിക്കുന്നത്. മൂന്ന് റിഥങ്ങളാണ്: 1. വര്‍ഷത്തില്‍ ഒരിക്കല്‍ - ഈസ്റര്‍ തിരുനാള്‍, 2. ആഴ്ചയിലൊരിക്കല്‍ - ഞായറാഴ്ച ആചരണം, 3. ദിവസത്തിലൊരിക്കല്‍ - അനുദിന വിശുദ്ധ കുര്‍ബാന. ഈശോ തന്റെതന്നെ മരണമാകുന്ന ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നതിന്റെ സന്ദേശമാണ് സഭ നല്‍കുന്നത്. "ഞാനുറങ്ങി, പക്ഷേ എന്റെ ഹൃദയം ഉണര്‍ന്നിരുന്നു'' (സഭാ. പ്രസം. 5: 2). "ഇസ്രായേലിന്റെ കാവല്‍ക്കാരന്‍ ഉറങ്ങുകയോ മയങ്ങുകയോ ചെയ്യുന്നില്ല'' (സങ്കീ. 121: 4). ഈ ഉണര്‍വ്വാണ് ഉത്ഥാനം. പുതിയ വീഞ്ഞ് പുതിയ തോല്‍ക്കുടങ്ങളില്‍ പകരാനുള്ള അവസരമാണിത്. പഴയ തോല്‍ക്കുടങ്ങള്‍ പൊട്ടി ഒഴുകുന്ന സമയമാണിത്.

ഉത്ഥാനത്തെക്കുറിച്ചുള്ള ഏറ്റവും നല്ല പ്രഭാഷണം വിശുദ്ധ കുര്‍ബാനയാണ്. തിരുവുത്ഥാനത്തെക്കുറിച്ചു നമ്മെ കേള്‍പ്പിക്കുന്ന നിത്യതയുടെ പ്രതിധ്വനി തന്നെയാണ് വിശുദ്ധ കുര്‍ബാന; ഒപ്പം, ഈശോയെ ഭക്ഷിക്കുവാനുള്ള അവസരവും. ഉത്ഥാനത്തെക്കുറിച്ച് നിരന്തരമായി കേള്‍ക്കണം. കര്‍മ്മങ്ങള്‍ക്കായി വന്ന് ഓടിപ്പോകുന്നവര്‍ക്ക് ഈ സന്ദേശം കിട്ടിയെന്നു വരില്ല. വിശുദ്ധ കുര്‍ബാനയോടും വചനപ്രഘോഷണത്തോടുംകൂടെ നമ്മള്‍ ആയിരിക്കുമ്പോള്‍ മാത്രമാണ് നമുക്ക് ഉത്ഥാനാനുഭവം ഉണ്ടാകുന്നത്. ഈ ദിവ്യരഹസ്യങ്ങള്‍ക്ക് ചുറ്റും ആയിരിക്കുവാന്‍ നമുക്കു ശ്രമിക്കാം. ശ്രദ്ധയോടെ ഈ രഹസ്യങ്ങളോടു ചേര്‍ന്നിരിക്കുന്നവര്‍ക്കു മാത്രമേ അതു കിട്ടൂ. ഉത്ഥിതന്‍ യാത്ര തുടരുകയാണ്. ഉത്ഥിതനെ അന്വേഷിച്ചു നാം കല്ലറയിലേക്കല്ല ഓടേണ്ടത്. പുതിയ മനുഷ്യത്വത്തിലേക്കും പുതിയ സാഹചര്യത്തിലേക്കുമുള്ള യാത്രയാണ് ഉത്ഥാനം. ഉത്ഥിതന്റെ കൂടെ നമ്മള്‍ യാത്ര ചെയ്യുമ്പോള്‍ മാത്രമാണ് നമുക്ക് എമ്മാവൂസ് അനുഭവം ഉണ്ടാകുന്നത്. ഉത്ഥിതന്‍ തന്നെ നമ്മുടെ മനസ്സു തുറക്കണം. ഇന്നു സഭ ഒന്നാകെ വി. ഗ്രന്ഥം തുറക്കുകയും ഗ്രഹിക്കുകയും ചെയ്യേണ്ട ആവശ്യകതയുണ്ട്. നമ്മുടെ സംശയങ്ങള്‍ നീക്കേണ്ടതുണ്ട്. വി. ഗ്രിഗറി പറയുന്നു: "അവന്റെ മുറിപ്പാടുകള്‍ കാണിച്ചത്, നമ്മുടെ സംശയത്തിന്റെ മുറിവുകള്‍ മാറ്റിയെടുക്കാനാണ്.'' അവരുടെ മുറിവുകളെ ധ്യാനാത്മകമായിട്ട് സമീപിക്കുമ്പോള്‍ നമ്മുടെ ഹൃദയങ്ങള്‍ക്കുണ്ടാകുന്ന സ്വര്‍ഗ്ഗോന്മുഖമായ തുറവിയാണ് ഉത്ഥാനാനുഭവം.

Author:മാര്‍ ജോസഫ് കല്ലറങ്ങാട്ട്

Thursday, March 25, 2010

യേശു വിശ്വൈക ഗുരുനാഥന്‍ - 7

യേശുവിന്റെ സംഭാഷണശൈലി

നല്ല സംഭാഷണത്തിന്‌ പല ഗുണങ്ങളുമുണ്ട്‌. പ്രസംഗത്തെക്കാളേറെ സാധാരണ സംസാരത്തിന്‌ ശ്രോതാവിന്റെ അഭിപ്രായങ്ങളിലും നിലപാടുകളിലും മാറ്റം വരുത്താന്‍ കഴിയും. അതൊരു കലയാണ്‌. അതിന്‌ അനിവാര്യമായിട്ടുള്ളതാണ്‌ നല്ല മനസും നല്ല ഹൃദയവും. നല്ല മനസ്‌ ബുദ്ധിയും അച്ചടക്കവും കഴിവുകളുമൊക്കെ ഉള്‍ച്ചേര്‍ന്നതാണ്‌. നല്ല ഹൃദയമാവട്ടെ അനുകമ്പയും ആത്മാര്‍ത്ഥതയും ശാലീനതയും ഫലിതവുമൊക്കെയുള്ളതും.

എല്ലാവരും പുകഴ്‌ത്തുന്ന (ലൂക്കാ 4:15) എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന (ലൂക്കാ 4:22) ജനക്കൂട്ടം സന്തോഷപൂര്‍വം ശ്രവിക്കുന്ന (മര്‍ ക്കോ. 12:37) സംസാരശൈലി സ്വന്തമായിട്ടുള്ളവനാണ്‌ യേശു. അവിടുത്തെ സംഭാഷണങ്ങള്‍ ലോകത്തിനു കൈവന്നിട്ടുള്ള അമൂല്യനിധിയാണ്‌; അതിവിശിഷ്‌ട പൈതൃകമാണ്‌. വിമര്‍ശകരെപ്പോലും അവ നിശബ്‌ദരാക്കുന്നു. ``പിന്നീട്‌ യേശുവിനോടു ചോദ്യം ചോദിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല'' (മര്‍ക്കോ. 12:34). ``അവനോട്‌ ഉത്തരമായി ഒരു വാക്കുപോലും പറയാന്‍ ആര്‍ക്കും കഴിഞ്ഞില്ല'' (മത്തായി 22:46).

താരതമ്യവിവേചനം ചെയ്യുന്ന ആ സംസാരരീതി എത്ര സമാകര്‍ഷകമാണ്‌! സീലോഹായിലെ ഗോപുരം വീണു മരിച്ച പതിനെട്ടുപേരെയും മറ്റു ജറുസലെം നിവാസികളെയും പുരസ്‌ക്കരിച്ചുള്ള ചോദ്യം (ലൂക്കാ 13:4) തന്നെ ഉദാഹരണം. അച്ചടക്കമുള്ള ഒരു മനസില്‍നിന്നു മാത്രമേ യോഹന്നാന്റെ ജ്ഞാനസ്‌നാനം എവിടെനിന്ന്‌ എന്ന ചോദ്യം നിര്‍ഗളിക്കൂ (മര്‍ക്കോ. 11:29). അവരോചിതമായി ഫലിതം ഫലിതം കലര്‍ത്തി സംസാരിക്കാനും യേശുവിനറിയാം. ഹേറോദേസിനെ `കുറുക്കന്‍' എന്നു വിശേഷിപ്പിക്കുന്നതു നോക്കുക (ലൂക്കാ 13:32). എത്ര ഭവ്യതയോടെയാണ്‌ റോമന്‍ ഗവര്‍ണറായ പീലാത്തോസിനോടു സംവദിക്കുക: അവര്‍ മറുപടി പറഞ്ഞു `നീ തന്നെ പറഞ്ഞുവല്ലോ' (ലൂക്കാ 23:3). ഉള്‍ക്കാഴ്‌ച പകരുന്നതാണ്‌ ആ വാക്കുകള്‍: കര്‍ത്താവ്‌ അവളോടു പറഞ്ഞു `മര്‍ത്താ, മര്‍ത്താ, നീ പലതിനെക്കുറിച്ചും ഉല്‍ക്കണ്‌ഠാകുലയും അസ്വസ്ഥയുമായിരിക്കുന്നു. ഒന്നുമാത്രമേ ആവശ്യമുള്ളൂ. മറിയം നല്ല ഭാഗം തിരഞ്ഞെടുത്തിരിക്കുന്നു. അത്‌ അവളില്‍നിന്ന്‌ എടുക്കപ്പെടുകയില്ല' (ലൂക്കാ 10:41-42). ആത്മാര്‍ത്ഥതയുടെ തികവുണ്ട്‌ ആ സംഭാഷണങ്ങളില്‍. യേശു സ്‌നേഹപൂര്‍വം അവനെ കടാക്ഷിച്ചുകൊണ്ടു പറഞ്ഞു: ``നി നക്ക്‌ ഒരു കുറവുണ്ട്‌. പോയി നിനക്കുള്ളതെല്ലാം വിറ്റ്‌ ദരിദ്രര്‍ക്കു കൊടുക്കുക. അപ്പോ ള്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്ഷേപമുണ്ടാകും. പിന്നെ വന്ന്‌ എന്നെ അനുഗമിക്കുക'' (മര്‍ക്കോ. 10:21). വിനയഭാവം പ്രസ്‌ഫുരിക്കുന്ന ചോദ്യമാണ്‌: എന്തുകൊണ്ടാണ്‌ നീ എന്നെ നല്ലവന്‍ എന്നു വിളിക്കുന്നത്‌? (മര്‍ക്കോ. 10:18).
അനര്‍ഗ്ഗളവും ഉദ്ദീപ്‌തവുമാണ്‌ ആ സംഭാഷണശൈലി. മറ്റുള്ളവരെ നല്ലവണ്ണം ശ്രവിക്കുന്നവര്‍ക്കാണ്‌ നല്ല രീതിയില്‍ സംസാരിക്കാനും സാധിക്കുക. യേശു തന്റെ പിതാവിനെയും മനുഷ്യരെയും ശ്രവിക്കുന്നവനാണ്‌.

എന്തൊക്കെയാണ്‌ അവിടുത്തെ സംഭാഷണങ്ങളുടെ മറ്റു സവിശേഷതകള്‍? അവ ഹ്രസ്വമായിരുന്നു. സുദീര്‍ഘമായ സംഭാഷണങ്ങളും വാചകങ്ങളും ശ്രോതാക്കളുടെ ഏകാഗ്രതയ്‌ക്ക്‌ ഭംഗം വരുത്തും. സോദ്ദേശ്യപരമായിരുന്നു ആ സംഭാഷണങ്ങള്‍. പ്രബോധനപരമാണ്‌ അധികവും. ശ്രോതാക്കളെ മനപ്പരിവര്‍ത്തനത്തിനു പ്രേരിപ്പിക്കുന്നവ. വ്യക്തിപരമായ അനുഭവങ്ങളിലും ജനത്തിന്റെ വികാരങ്ങളിലും ഊന്നിയാണ്‌ അവിടുന്ന്‌ സംസാരിച്ചത്‌. ധൈര്യപ്പെടുത്തലും ശകാരിക്കലുമൊക്കെയുണ്ടാ സംഭാഷണങ്ങളില്‍. ചിലത്‌ ജനങ്ങളെ വിസ്‌മയിപ്പിക്കുന്നു. സീസറിനു നികുതി കൊടുക്കുന്ന പ്രശ്‌നത്തിന്‌ യേശു നല്‍കിയ ഉത്തരം കേട്ട്‌ പ്രതിയോഗികള്‍ `അവനെക്കുറിച്ച്‌ വിസ്‌മയിച്ചു' (മര്‍ക്കോ. 12:17). ചില സംഭാഷണങ്ങള്‍ ശക്തമായ പ്രതികരണത്തിലേക്കും പ്രകോപനത്തിലേക്കും നയിച്ചിട്ടുണ്ട്‌. മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെ ഉപമ ശ്രവിച്ച പ്രധാന പുരോഹിതന്മാരും നിയമജ്ഞരും ജനപ്രമാണികളും യേശുവിനെ പിടിക്കാന്‍ (മര്‍ക്കോ. 12:1-12) ശ്രമിക്കുകയാണ്‌. നസ്രത്തിലെ സിനഗോഗില്‍വച്ച്‌ ഏലിയായെ സംരക്ഷിച്ച സറേപ്‌തായിലെ വിധവയേയും കുഷ്‌ഠരോഗവിമുക്തനായിത്തീര്‍ന്ന നാമാനേയും കുറിച്ച്‌ അവിടുന്ന്‌ നടത്തിയ പരാമര്‍ശങ്ങള്‍ കേട്ടവര്‍ കോപാകുലരാകുകയും മലമുകളില്‍നിന്ന്‌ അവിടുത്തെ താഴേക്കു തള്ളിയിടാന്‍ ശ്രമിക്കുകയും (ലൂക്കാ 4:25-29) ചെയ്‌തു.

സൗഹൃദബന്ധങ്ങള്‍ പരിപോഷിപ്പിക്കാനുതകുന്ന സംഭാഷണങ്ങളും കാണുന്നു. അങ്ങ്‌ എവിടെയാണ്‌ വസിക്കുന്നതെന്ന ശിഷ്യന്മാരുടെ ചോദ്യത്തിന്‌ `വന്നു കാണുക' (യോഹ. 1:37-39) എന്നാണ്‌ ഗുരുവിന്റെ പ്രത്യുത്തരം. നഥാനയേലില്‍ ചൊരിയുന്നു പ്രശംസാവചസുകള്‍: ഇതാ നിഷ്‌കപടനായ ഒരു യ ഥാര്‍ത്ഥ ഇസ്രായേല്‍ക്കാരന്‍ (യോഹ. 1:47). മറ്റുള്ളവരെ അംഗീകരിക്കുന്ന സമീപനമുണ്ട്‌ യേശുവിന്റെ വാക്കുകളില്‍. നിയമജ്ഞന്റെ മറുപടിയോടുള്ള അവിടുത്തെ പ്രതികരണം: നീ ശരിയായിത്തന്നെ ഉത്തരം പറഞ്ഞു, ഇതനുസരിച്ചു പ്രവര്‍ത്തിക്കുക (ലൂക്കാ 10:28) എന്നാണ്‌. ചില സംഭാഷണങ്ങള്‍ ജനക്കൂട്ടത്തെ സന്തോഷിപ്പിക്കുന്നവയായിരുന്നെങ്കില്‍ (മര്‍ക്കോ. 12:37) മറ്റു ചിലത്‌ ദുഃഖിപ്പിക്കുന്നവയായിരുന്നു. ധനികനായ യുവാവ്‌ യേശുവിന്റെ വചനം കേട്ട്‌ വിഷാദിച്ച്‌ സങ്കടത്തോടെ തിരിച്ചു പോയി (മര്‍ക്കോ.10:22).

സംവാദത്തിന്റെയും ആദാനപ്രദാനത്തിന്റെയും ശൈലി യേശുവിനു സുപരിചിതമാണ്‌. നല്ല സമരിയാക്കാരന്റെ ഉപമയ്‌ക്ക്‌ ആമുഖമായി കാണുന്ന സംഭാഷണങ്ങളും ഉപസംഹാരമായി ചേര്‍ത്തിട്ടുള്ള ചോദ്യോത്തരവും ത ന്നെ ഉദാഹരണം. വളരെയേറെ പ്രേരണാദായകമാണ്‌ യേശുവിന്റെ വചനങ്ങള്‍, അതിലേറെ മഹത്തരവും. യാതൊരുവിധ ഒത്തുതീര്‍പ്പിനും ഇടമില്ലാതെയാണ്‌ അവിടുന്നു സംസാരിക്കുക. ``ദൈവത്തെയും മാമോനെ യും സേവിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല'' (മത്തായി 6:24). ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അ വന്‍ തന്നെത്തന്നെ പരിത്യജിച്ച്‌ തന്റെ കുരിശുമെടുത്ത്‌ എന്നെ അനുഗമിക്കട്ടെ (മത്തായി 16:24). ഇവിടെയൊന്നും യാതൊരു വിട്ടുവീഴ്‌ചയ്‌ക്കും യേശു തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ അവിടുന്ന്‌ എന്നും വിവാദത്തിന്റെ ചിഹ്നമായിരുന്നിട്ടുണ്ട്‌. ആ സംഭാഷണങ്ങള്‍ മിത്രങ്ങളെ എന്നപോലെ ശത്രുക്കളെയും സൃഷ്‌ടിക്കുന്നു (മര്‍ക്കോസ്‌ 12:1-12).

ചോദ്യങ്ങള്‍ യേശുവിന്റെ പ്രബോധനത്തില്‍

പ്രഗത്ഭനായ അധ്യാപകന്‍ ധാരാളം ചോദ്യങ്ങള്‍ ചോദിക്കുന്നവനും വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ സ്വാഗതം ചെയ്യുന്നവനുമാണ്‌. യേശുവിന്റെ ഏതാണ്ട്‌ നൂറിലേറെ ചോദ്യങ്ങള്‍ സുവിശേഷകന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌.
ഈ ചോദ്യങ്ങളുടെ പൊതുവായ സവിശേഷതകള്‍ എന്തൊക്കെയാണ്‌? വ്യക്തിപരമോ പ്രായോഗികമോ ആലങ്കാരികമോ പ്രേരണാദായകമോ ചിന്തോദ്ദീപകമോ ആണ്‌ പലതും. വളരെ കൃത്യതയുള്ള സുവ്യക്തവും ഹ്രസ്വവുമായ ചോദ്യങ്ങളുമുണ്ട്‌. ചിലതൊക്കെ ശ്രോതാക്കളെ നിശബ്‌ദരാക്കുന്നതും ഉത്തരം മുട്ടിക്കുന്നതുമാണ്‌. ദാവീദ്‌ കര്‍ത്താവേ എന്നു വിളിക്കുന്നവന്‍ സ്വപുത്രനാകുന്നതെങ്ങനെ? ``അവനോട്‌ ഉത്തരമായി ഒരു വാക്കുപോലും പറയാന്‍ ആര്‍ക്കും കഴിഞ്ഞില്ല. അന്നുമുതല്‍ അവനോട്‌ എന്തെങ്കിലും ചോദിക്കാന്‍ ആരും ധൈര്യപ്പെട്ടതുമില്ല (മത്തായി 22:45-46). യോഹന്നാന്റെ ജ്ഞാനസ്‌നാനത്തെപ്പറ്റി ചോദിച്ച യേശുവിനോട്‌ അവന്‍ മറുപടി പറഞ്ഞു: ``ഞങ്ങള്‍ക്കറിഞ്ഞുകൂടാ'' (മത്തായി 21:27).
ഗുരുവിന്റെ ചോദ്യങ്ങളുടെ ഉദ്ദേശ്യങ്ങള്‍ എ ന്തൊക്കെയായിരുന്നു? ശ്രോതാക്കളെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. യോഹന്നാന്റെ മാമ്മോദീസ സ്വര്‍ഗത്തില്‍ നിന്നോ മനുഷ്യരില്‍നിന്നോ? എന്തുത്തരം പറയണമെന്നവര്‍ ചിന്തിക്കുന്നു. വിഷയത്തെ സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ സമാഹരിക്കാന്‍ വേണ്ടിയാണ്‌ ചില ചോദ്യങ്ങള്‍. പിശാചുബാധിതനോട്‌ `നിന്റെ പേരെന്ത്‌?' എന്നു ചോദിച്ചപ്പോള്‍ `ലെഗിയോന്‍' എന്നവന്‍ പ്രത്യുത്തരിക്കുന്നു (ലൂക്കാ 8:30). ഇവിടെ അശുദ്ധാത്മാവു ആവസിച്ചവനെപ്പറ്റി കൂടുതല്‍ അറിയാന്‍ ശ്രമിക്കുകയാണ്‌ യേശു. വികാരങ്ങളുടെ പ്രവാഹത്തിനു ചാലു കീറുന്നു ചില ചോദ്യങ്ങള്‍: `എന്തുകൊണ്ടാണ്‌ നിങ്ങള്‍ ഇങ്ങനെ ഹൃദയത്തില്‍ ചോദിക്കുന്നത്‌?' (ലൂക്കാ 5:22). അണലിസന്തതികളേ, ദുഷ്‌ടരായിരിക്കെ നല്ല കാര്യങ്ങള്‍ പറയാന്‍ നിങ്ങള്‍ക്ക്‌ എങ്ങനെ കഴിയും? (മത്തായി 12:34). ``ശരിയാണു പറഞ്ഞതെങ്കില്‍ എന്തിനു നീ എന്നെ അടിക്കുന്നു?'' (യോഹ.18:23). ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം യേശു തന്റെ വികാരങ്ങള്‍ വെളിപ്പെടുത്തുകയാണ്‌. കഥകള്‍ക്ക്‌ ആമുഖമായും സന്ദേശം ശ്രോതാക്കളില്‍ എത്തിക്കാന്‍ അനുപൂരകമായും അവിടുന്ന്‌ ചോദ്യങ്ങള്‍ ചോദിക്കുന്നു.
(തുടരും)

Author: ഫാ. മാത്യു അത്തിക്കല്‍, മാനന്തവാടി

Tuesday, March 23, 2010

യേശു വിശ്വൈക ഗുരുനാഥന്‍ - 6

പ്രശ്‌നങ്ങളുടെ പ്രയോഗം

ചിന്താധാരയെ ഉദ്ദീപിക്കുന്നതും പരിഹാരം ആവശ്യപ്പെടുന്നതുമാണ്‌ പ്രശ്‌നങ്ങള്‍. അവ പ്രായോഗികമോ സൈദ്ധാന്തികമോ ഐശ്ചീകമോ മറ്റോ ആകാം. അധ്യാപന പ്രക്രിയയില്‍ പ്രശ്‌നാധിഷ്‌ഠിത സമീപനം മൗലികമായിട്ടുള്ളതാണ്‌.
യേശുവിന്റെ അധ്യാപനത്തില്‍ പ്രശ്‌നങ്ങ ള്‍ വളരെ ക്രിയാത്മകമായ രീതിയില്‍ പ്ര യോഗിച്ചിട്ടുണ്ടെന്നതിന്‌ സുവിശേഷങ്ങള്‍ സാക്ഷ്യം നല്‍കുന്നു. അദ്ധ്യോതാക്കളുടെ ജീവിതപ്രശ്‌നങ്ങളിലേക്കു കടക്കുന്ന ഗുരുവിനെ പല സന്ദര്‍ഭങ്ങളിലും കണ്ടെത്താനാ വും. പ്രശ്‌നങ്ങളുമായി അവിടുത്തെ സമീപിച്ചവരും വിരളമല്ല. അവരുടെ ഉദ്ദേശ്യം അ നുഗ്രഹപ്രാപ്‌തിയോ യേശുവിന്റെ നിലപാട്‌ അറിയാനുള്ള വ്യഗ്രതയോ അവിടുത്തെ പരീക്ഷിക്കാനുള്ള ദുരുദ്ദേശ്യമോ യേശുവി ന്റെ വ്യക്തിത്വത്തെയും അധികാരത്തെയും സംബന്ധിച്ച അവ്യക്തതകള്‍ ദൂരീകരിക്കാനുള്ള ശ്രമമോ ആകാം. തളര്‍വാതരോഗി ക്കു സൗഖ്യം നല്‍കുന്ന അത്ഭുതസംഭവം പരിഗണിച്ചാല്‍ സൗഖ്യദാനത്തിനപ്പുറത്തേ ക്കു നീളുന്ന പ്രശ്‌നങ്ങളും യേശുവിന്റെ വിഷയാവതരണത്തിനു സാഹചര്യം ഒരുക്കുന്നുണ്ട്‌.

പ്രശ്‌നങ്ങളിലൂന്നിനിന്നുകൊണ്ടു പഠിപ്പിക്കുന്ന യേശുവിനെ വിശുദ്ധ മര്‍ക്കോസി ന്റെ ദൃഷ്‌ടിയിലൂടെ വീക്ഷിക്കാം. ദൈവത്തിനല്ലാതെ മറ്റാര്‍ക്കും പാപം മോചിക്കാന്‍ കഴിയുകയില്ലെന്നതാണ്‌ നിയമജ്ഞരുടെ പ്രശ്‌നം. അതുകൊണ്ട്‌ അവര്‍ യേശുവില്‍ ദൈവദൂഷണക്കുറ്റം ആരോപിക്കുന്നു. ഒരടയാളം നല്‍കിക്കൊണ്ട്‌ ദൈവത്തിന്റെ അധികാരം പ്രയോഗിക്കുന്ന മനുഷ്യപുത്രനില്‍ വിശ്വസിക്കാന്‍ അവിടുന്ന്‌ അവരെ ക്ഷണിക്കുന്നു (മര്‍ക്കോ. 2:1-12). നിയമജ്ഞരുടെ മറ്റൊരു പ്രശ്‌നമാണ്‌ ചുങ്കക്കാരോടും പാപികളോടുമൊത്തുള്ള യേശുവിന്റെ പന്തിഭോജനം (മര്‍ക്കോ. 2:16). ഈ പ്രശ്‌നത്തിനുത്തരമാണ്‌ തന്റെ ദൗത്യത്തെ സംബന്ധിച്ച വെളിപ്പെടുത്തല്‍. `നീതിമാന്മാരെയല്ല, പാപികളെ വിളിക്കാനാണ്‌ ഞാന്‍ വന്നിരിക്കുന്നത്‌' (മര്‍ക്കോ. 2:17). ഉപവാസത്തെ സംബന്ധിച്ചതാണ്‌ ആളുകളു ടെ പ്രശ്‌നം. മണവാളന്‍ അകറ്റപ്പെടുന്ന ദിവ സം മണവറത്തോഴര്‍ ഉപവസിക്കുമെന്ന ആലങ്കാരിക പ്രയോഗത്തിലൂടെ താന്‍ ത ന്നെയാണ്‌ മണവാളന്‍ എന്ന്‌ അവിടുന്ന്‌ പ്രഖ്യാപിക്കുന്നു (മര്‍ക്കോ. 2:18-21). സാബത്തുനാളില്‍ ശിഷ്യന്മാര്‍ ഗോതമ്പു കതിരുകള്‍ പറിച്ചുതിന്നുന്ന പ്രശ്‌നമാണ്‌ ഫരിസേയര്‍ ഉന്നയിക്കുക. ദാവീദും അനുചരന്മാരും തങ്ങള്‍ക്കു വിലക്കപ്പെട്ട കാണിക്കയപ്പം ഭക്ഷിച്ച സംഭവം ചൂണ്ടിക്കാണിച്ചുകൊണ്ട്‌ ശിഷ്യന്മാരുടെ പ്രവൃത്തിയെ ന്യായീകരിക്കുന്ന യേശു ഈ സന്ദര്‍ഭത്തില്‍ മറ്റൊരു മൗലികസത്യവും വെളിപ്പെടുത്തുന്നു: മനുഷ്യപുത്രന്‍ സാബത്തിന്റെയും കര്‍ത്താവാണ്‌ (മര്‍ക്കോ. 2:28). ബെല്‍സെബൂലിനെക്കൊണ്ട്‌ പിശാചുക്കളെ ബഹിഷ്‌കരിക്കുന്നു എന്ന ആരോപണം യേശുവിനെതിരെ ഉന്നയിച്ച നിയമജ്ഞര്‍ക്ക്‌ ചുട്ട മറുപടിയാണ്‌ അവിടുന്ന്‌ നല്‍കിയത്‌. അന്തഃഛിദ്രമുള്ള രാജ്യം നശിക്കുമെന്നപോലെയാണ്‌ പിശാച്‌ പിശാചിനെതിരെ കലഹിച്ചാലുണ്ടാവുന്ന ദുരന്തവും. പരിശുദ്ധാത്മാവിന്റെ സ്ഥാനത്ത്‌ ബെല്‍സെബൂലിനെ പ്ര തിഷ്‌ഠിക്കുന്ന പാപത്തിനു ക്ഷമ സംലഭ്യമല്ലെന്നു പഠിപ്പിക്കാനും യേശു ഈ പ്ര ശ്‌നത്തെ ഉപയോഗപ്പെടുത്തുന്നു (മര്‍ക്കോ. 3:28). ക്രിസ്‌തുശിഷ്യന്മാര്‍ കൈ കഴുകാതെ ഭക്ഷിക്കുന്ന പ്രശ്‌നം ചര്‍ച്ചാവിഷയമാക്കു ന്ന ഫരിസേയരുടെ കാപട്യം തുറന്നു കാ ണിക്കുകയാണവിടുന്ന്‌ (മര്‍ക്കോ. 7:1-13). വിവാഹമോചനം സംബന്ധിച്ച ഫരിസേയരുടെ പ്രശ്‌നത്തിന്‌ ഉല്‍പത്തി ഒന്നും രണ്ടും അധ്യായങ്ങളിലെ പഠനങ്ങളുടെ വെളിച്ചത്തില്‍ ഭാര്യാഭര്‍തൃബന്ധത്തിന്റെ അഭേദ്യതയിലേക്കും ഐക്യത്തിലേക്കും ശ്രദ്ധ ക്ഷണിക്കാനാണ്‌ യേശു ആഗ്രഹിക്കുക. അപവാദങ്ങള്‍ നിയമത്തിന്റെയും ആചാരാനുഷ്‌ഠാനങ്ങളുടെയും അന്തഃസത്തയെ ചോര്‍ത്തിക്കളയുന്നതാവരുതെന്നും അവിടുന്ന്‌ പ്രബോധിപ്പിക്കുന്നു (മര്‍ക്കോ. 10:1-12).

യേശു കൈകാര്യം ചെയ്യുകയും പ്രബോധനത്തിനു സന്ദര്‍ഭങ്ങളായി ഗണിക്കുകയും ചെയ്‌ത ഒട്ടനവധി പ്രശ്‌നങ്ങളുണ്ട്‌ മര്‍ക്കോസിന്റെ സുവിശേഷത്തില്‍. ചിലതുമാത്രം സൂചിപ്പിക്കാമിവിടെ.
യേശുവിന്റെ ജ്ഞാനത്തെ സംബന്ധിച്ച പ്രശ്‌നം (6:2), ഫരിസേയര്‍ അടയാളം ആവശ്യപ്പെടുന്ന പ്രശ്‌നം (8:11), ഏലിയായുടെ ആഗമനം സംബന്ധിച്ച പ്രശ്‌നം (9:11), യേശുനാമത്തില്‍ പിശാചുക്കളെ ബഹിഷ്‌കരിക്കുന്ന പ്രശ്‌നം (9:38), ശിഷ്യരുടെ തങ്ങളില്‍ മുന്തിയവനാരെന്ന പ്രശ്‌നം (9:34), ധനികന്റെ നിത്യജീവന്‍ സംബന്ധിച്ച പ്രശ്‌നം (10:17), സെബദിപുത്രന്മാരുടെ പ്രശ്‌നം (10:35), യേശുവിന്റെ അധികാരം സംബന്ധിച്ച പ്രശ്‌നം (11:28).
അവിടുന്ന്‌ മറ്റൊരു പ്രശ്‌നം, സ്‌നാപകയോഹന്നാന്റെ ജ്ഞാനസ്‌നാനം അവതരിപ്പിച്ചുകൊണ്ട്‌ പുരോഹിത പ്രമുഖരെയും നിയമാധ്യാപകരെയും ജനപ്രമാണികളെയും നേരിടുന്നു (11:29). സീസറിനുള്ള നികുതിയുടെ പ്രശ്‌നം (12:14).
റോമന്‍ നാണയത്തിലെ രൂപവും ലിഖിതവും ജനശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ട്‌ യേശു നല്‍കിയ ഉത്തരം ഫരിസേയരെയും ഹേറോദേസ്‌ പക്ഷക്കാരെയും വിസ്‌മയിപ്പിക്കുന്നതായിരുന്നു (12:16-17).
ഉയിര്‍പ്പിനെയും പുനരുത്ഥാനാനന്തര ദാ മ്പത്യബന്ധത്തെയും പറ്റി സദുക്കായരുടെ പ്രശ്‌നം (12:18-27), മൃതരുയിര്‍ക്കുമ്പോള്‍ ദേവദൂതന്മാരെപ്പോലെയായിരിക്കുമെന്ന പ്രത്യുത്തരം അവരുടെ തെറ്റിദ്ധാരണകള്‍ തിരുത്താന്‍ പര്യാപ്‌തമായിരുന്നു (12:27).

പ്രധാന കല്‍പന സംബന്ധിച്ച നിയമജ്ഞന്റെ പ്രശ്‌നം (12:28-34) ശ്രോതാക്കള്‍ ക്ക്‌ ഒരു പ്രശ്‌നംപോലും ഉന്നയിക്കാന്‍ കഴിയാത്തവിധം (12:34) അത്ര സമര്‍ത്ഥമായിട്ടാണ്‌ ഗുരുനാഥന്‍ പ്രശ്‌നങ്ങളെ പ്രബോധനോപാധികളാക്കിയതെന്ന്‌ അംഗീകരിക്കേണ്ടി വരുന്നു.

ചില സന്ദര്‍ഭങ്ങളില്‍ യേശു തന്നെ പ്ര ശ്‌നം ഉന്നയിക്കുന്നുണ്ട്‌: ഉദാഹരണത്തിന്‌, ക്രിസ്‌തു ദാവീദിന്റെ പുത്രനാണെന്ന്‌ നിയമജ്ഞര്‍ പറയുന്നതെങ്ങനെ? (12:35).
ദൈവാലയത്തിന്റെ നാശം സംബന്ധിച്ച ശിഷ്യന്മാരുടെ പ്രശ്‌നം (13:4) ലോകാവസാനത്തെപ്പറ്റി പഠിപ്പിക്കാന്‍ ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തുകയാണ്‌ ഗുരു.

മിശിഹായെപ്പറ്റി നേരിട്ടൊരു ചോദ്യമാണ്‌ പ്രധാന പുരോഹിതന്റേത്‌. നീയാണോ വാ ഴ്‌ത്തപ്പെട്ടവന്റെ പുത്രനായ ക്രിസ്‌തു? (14:61). ഉത്തരം കൊടുത്തേ പറ്റൂ. വ്യംഗ്യമോ ആലങ്കാരികഭാഷയോ ദ്വയാര്‍ത്ഥ പ്രയോഗമോ ഒന്നും സാധ്യമല്ലാത്ത മറുപടി വേണം. യേ ശു പറഞ്ഞു: ഞാന്‍ തന്നെ (14:61). വാനമേഘങ്ങളില്‍ ആഗതനാകുന്ന മനുഷ്യപുത്രനെപ്പറ്റിയുള്ള സൂചനകൂടി ആയപ്പോള്‍ ഉ ത്തരം വളരെ സ്‌പഷ്‌ടമായി (14:62).

ഉപര്യുക്തമായവയില്‍ നിന്ന്‌ യേശു അ ധ്യാപനത്തില്‍ പ്രശ്‌നാധിഷ്‌ഠിതരീതി അവലംബിച്ചിരുന്നു എന്നത്‌ വ്യക്തമാണ്‌. പ്ര ശ്‌നങ്ങള്‍ ദൈവശാസ്‌ത്രപരമോ മതപരമോ ആചാരാനുഷ്‌ഠാനബന്ധമോ സാമൂഹികജീവിതബന്ധിയോ പ്രായോഗികമോ രാഷ്‌ട്രീയമോ വൈകാരികമോ മറ്റേതെങ്കിലും വിഭാഗത്തില്‍പ്പെടുന്നവയോ ആകാം. യേശു പ്രശ്‌നം പരിഗണിക്കുന്നു, ചിന്തിപ്പിക്കുന്നു, പ്രബോധിപ്പിക്കുന്നു, പരിഹാരം നിര്‍ദ്ദേശിക്കുന്നു, നിലപാടു സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നു, പ്രവൃത്തിയിലേക്കു നയിക്കുന്നു. ഉത്തരം മുട്ടിക്കുന്ന പ്രശ്‌നങ്ങളുന്നയിക്കാന്‍ യേശുവിനുള്ള കഴിവ്‌ അത്യാദൃശമാണ്‌. അവിടുത്തെ സമീപനങ്ങള്‍ അധ്യേതാക്കളെ ആഹ്ലാദചിത്തരും (മര്‍ക്കോ.12:37) വിസ്‌മയഭരിതരുമാക്കുന്നു (12:17)
(തുടരും)

Author: ഫാ. മാത്യു അത്തിക്കല്‍, മാനന്തവാടി

കണ്ണ്‌

കണ്ണുകളില്‍ മുള്ളുകൊള്ളുമ്പോഴാണ്‌ താന്‍ കവിതയെഴുതുന്നതെന്നു പറഞ്ഞത്‌ എ.അയ്യപ്പനാണ്‌. `ആര്‍ക്കും വേണ്ടാത്ത കണ്ണ്‌' എന്ന കഥയെഴുതിയത്‌ ശിഹാബുദ്ദീന്‍ പൊയ്‌ത്തുംകടവും. ``കണ്ണുകള്‍ സൂര്യനെപ്പോലെയല്ലെങ്കില്‍ അതിനെങ്ങനെ സൂര്യനെ നോക്കാനാവും.'' ഉത്തമമാണ്‌ ഈ ഉദ്ധരണി. വിശേഷ്യ വിശേഷണങ്ങളില്‍ കണ്ണിന്റെ സ്ഥാനം ഒന്നാമതാകുന്നു. ക്രിസ്‌തു പറഞ്ഞു: ``കണ്ണ്‌ കുറ്റമറ്റതെങ്കില്‍ ശരീരം മുഴുവന്‍ പ്രകാശിക്കും.'' ജന്മനാ അന്ധനായ എന്റെ സുഹൃത്ത്‌ നാവൂര്‍ പരീതിനെ ഈശോ ഒഴിവാക്കിയോ? നാല്‍ക്കവലകള്‍തോറും പാടി നടക്കുന്ന അന്ധരായ ഗാ യകരുടെ ഗാനം കറുത്ത പക്ഷിയുടെ പാട്ടുപോലെയാണോ? ബസ്‌സ്റ്റാന്‍ഡില്‍ തപ്പിത്തടഞ്ഞു നടന്ന്‌ ഭാഗ്യം വില്‍ക്കുന്ന ദൗര്‍ഭാഗ്യവാനായ ശങ്കരേട്ടനോ? ഇവര്‍ക്കൊന്നും ക്രിസ്‌തുവിന്റെ പട്ടികയില്‍ ഇടമില്ലാതെ വരുമോ?

വീട്ടുകാരന്‌ വഴിയില്‍ കിടന്ന്‌ ഒരു കണ്ണു കിട്ടുന്നു. വെറും കണ്ണല്ല ചലിക്കുന്ന കണ്ണ്‌. കണ്ണി നെ അയാള്‍ കൈയിലെടുത്തു. ലാളിച്ചു വര്‍ ത്തമാനങ്ങള്‍ പറഞ്ഞ്‌ വീട്ടിലേക്കു നടന്നു. വീ ട്ടിലെത്തിയപ്പോള്‍ ഭാര്യ പറഞ്ഞു, ``നിങ്ങള്‍ ആ കണ്ണ്‌ എവിടെയെങ്കിലും കൊണ്ടുപോയി കളയൂ.'' പോലിസുകാര്‍ കണ്ടാല്‍ നിങ്ങളെ പി ടിച്ചുകൊണ്ടുപോകും. എന്നാല്‍ ചലിക്കുന്ന ആ കണ്ണിനെ ഉപേക്ഷിക്കാന്‍ അയാള്‍ക്കായില്ല. വല്ലാത്ത വാത്സല്യം. കുറേ ദിവസങ്ങള്‍ കഴിഞ്ഞ്‌ അയാള്‍ ഒരു പരസ്യം കൊടുത്തു. ഒരു കണ്ണ്‌ കളഞ്ഞുകിട്ടിയിട്ടുണ്ട്‌, ആവശ്യക്കാര്‍ ഉടനെ എത്തുക. ആരും വന്നില്ല. രണ്ടുമൂന്നു ദിവസങ്ങള്‍ക്കുശേഷം ഒരു പോലിസ്‌ ജീപ്പ്‌ ആ വീട്ടിലേക്ക്‌ ചീറിപ്പാഞ്ഞു വന്നു. ആര്‍ക്കും വേണ്ടാത്ത കണ്ണ്‌ എന്ന കഥ ഇങ്ങനെ അവസാനിക്കുമ്പോള്‍ കുറേയധികം ചിന്തകള്‍ അ നുവാചകരുടെ മനസിലവശേഷിക്കും. ആരുടേതാണീ കണ്ണ്‌. എന്തുകൊണ്ട്‌ ഈ കണ്ണ്‌ ചലിച്ചു. ആരും ഈ കണ്ണിനെ തേടിവരാത്തതെന്തുകൊണ്ട്‌? കണ്ണ്‌ കുറ്റമറ്റതെങ്കില്‍ ശരീരം മുഴുവന്‍ പ്രകാശിക്കും. ക്രിസ്‌തു പറഞ്ഞത്‌ ഉള്‍ക്കണ്ണിനെക്കുറിച്ചല്ലേ? പുറംകണ്ണുകള്‍ക്ക്‌ വെളിച്ചമില്ലെങ്കിലും എത്രയോ അന്ധര്‍ അകംകണ്ണുകൊണ്ട്‌ അനേകര്‍ക്ക്‌ ഉള്‍വെളിച്ചം കൊടുത്ത്‌ വെളിച്ചത്തിന്റെ പ്രവാചകരാകുന്നു. ചലിക്കുന്ന കണ്ണ്‌ പുറംകണ്ണല്ല. നഷ്‌ടപ്പെട്ടു പോയ ഉള്‍ക്കണ്ണാണ്‌. നഷ്‌ടപ്പെട്ടുപോയ ഉള്‍ക്കണ്ണ്‌ നാമോരോരുത്തരുടേതുമാണ്‌. ജീവിതത്തില്‍ എന്താ ണ്‌ നഷ്‌ടപ്പെട്ടു പോയതെന്ന്‌ തിരിച്ചറിയാന്‍ വയ്യാത്തവിധം നാം അലസരും അലക്ഷ്യരുമായിപ്പോകുന്നു. ബാലനായ യേശുവിനെ കാ ണാതെ പോയിട്ട്‌ അന്വേഷിച്ചു കണ്ടെത്തുന്ന അമ്മയുടെ അന്വേഷണത്വര ഇനി നേടണം. നഷ്‌ടപ്പെട്ടുപോയത്‌ കണ്ടുകിട്ടുന്നതുവരെയുള്ള അങ്കലാപ്പ്‌ അനുഭവിക്കണം.

ഉള്‍ക്കണ്ണ്‌ ദര്‍ശനങ്ങളുടെ കണ്ണാണ്‌. കാരുണ്യത്തിന്റെ കൃഷ്‌ണമണികളും വാത്സല്യത്തിന്റെ കണ്‍പോളകളും അതിനുണ്ട്‌. നമുക്ക്‌ നഷ്‌ടമാകുന്നത്‌ ഈ കാരുണ്യവും വാത്സല്യവുമൊക്കെത്തന്നെ. കല്ലിച്ചുപോകുന്ന മനസ്‌. പുഞ്ചിരിക്കുള്ളിലും കുലീനമാം കള്ളം. കണ്ണുനീരിലും പരിഹാസത്തിന്റെ പുഞ്ചിരി. ചിരിക്കുന്നതാണോ കരയുന്നതാണോ ശാസിക്കുന്നതാണോ പ്രശംസിക്കുന്നതാണോയെന്നു തിരിച്ചറിയാന്‍ കഴിയാതെ പോകുന്നതിലെ വ്യഥ. കഴുത്തിലെ താലിച്ചരട്‌ കഴുത്തിലമര്‍ന്ന്‌ നിലച്ചുപോകുന്ന ചില കുടുംബങ്ങള്‍. കസേരയ്‌ക്കുമുകളില്‍ തൂക്കിയിട്ടിരിക്കുന്നത്‌ ഫാനല്ല, എപ്പോള്‍ വേണമെങ്കിലും പൊട്ടിവീഴാവുന്ന വാളാണെന്നും മേശപ്പുറത്ത്‌ പേപ്പര്‍വെയ്‌റ്റിനു പകരം വച്ചിരിക്കുന്നത്‌ വെടിമരുന്നു നിറച്ച കുറ്റിയാണെന്നും തിരിച്ചറിയുമ്പോഴോ? എവിടെ നില്‍ക്കുന്നു കുടുംബജീവിതത്തിലെ ഉള്‍ക്കാഴ്‌ചകള്‍... ദര്‍ശനങ്ങള്‍... പരസ്‌പര ധാരണകള്‍. എവിടെയാണ്‌ അര്‍പ്പണ ജീവിതത്തിലെ നിഷ്‌പക്ഷത, അനുസരണം, ജീവിതത്തിലെ നേര്‍രേഖ.
പാതവക്കില്‍ ആലിപ്പഴം പോലെ വീണുകിടക്കുന്ന എത്രയോ കണ്ണുകള്‍. ആരും തിരിച്ചറിയുന്നില്ല, ചവിട്ടി മെതിച്ച്‌ കടന്നുപോകുന്നു. തിരക്കിലാണിന്നു സംസ്‌കാരം. ചവിട്ടേറ്റ്‌ കണ്ണുകള്‍ കരയുന്നുണ്ട്‌. ചവിട്ടേറ്റതിന്റെ മര്‍ദ്ദനംകൊണ്ടല്ല. അതിനേക്കാള്‍ എത്രയോ വേദനാജനകമാണ്‌ നഷ്‌ടപ്പെട്ടതെന്താണെന്ന്‌ തിരിച്ചറിയപ്പെടാതെ പോകുന്നതിലെ നൊമ്പരം.

ഉള്‍ക്കാഴ്‌ചകള്‍ ജീവിതത്തെ പ്രകാശിപ്പിക്കും. അകംകണ്ണുകള്‍ തുറക്കാന്‍ ചിലപ്പോഴൊക്കെ പുറംകണ്ണുകള്‍ അടയ്‌ക്കണം. ചിലതൊക്കെ കണ്ടില്ലെന്നു വയ്‌ക്കണം. ഒരേ സമയം അകം കണ്ണുകളും പുറം കണ്ണുകളും തുറന്നിരുന്നവരാണ്‌ വിശുദ്ധര്‍. മുഖത്തു തുപ്പിയ മാടമ്പിയോട്‌ മദര്‍ തെരേസ പറഞ്ഞില്ലേ, ``എനിക്കുള്ളതു കിട്ടി. ഇനി എന്റെ മക്കള്‍ക്കുള്ളതു താ.'' ഇരുകണ്ണുകളും തുറന്നിരിക്കാന്‍ ചുരുക്കം ചിലര്‍ ക്കേ ആകൂ. ചേറില്‍ നിന്നും കയറി വന്നവനില്‍ ദൈവത്തെ കണ്ട ഫ്രാന്‍സിസ്‌ അസ്സീസിയെപ്പോലെ, ചാവറയച്ചനെപ്പോലെ...

അകക്കണ്ണിനെക്കുറിച്ച്‌ എഴുതി അവസാനിപ്പിച്ചെഴുന്നേല്‍ക്കാനൊരുങ്ങുമ്പോള്‍ `കണ്ണടക്കം' എന്ന വാക്ക്‌ ബലമായി എന്നെ കസേരയില്‍ പിടിച്ചിരുത്തുന്നു. ആദ്യമായി ഞാനാ വാക്ക്‌ കേള്‍ക്കുന്നത്‌ വല്ല്യപ്പന്റെ വെറ്റില ചവച്ചു ചുവ ന്ന ചുണ്ടില്‍ നിന്നാണ്‌. ദൂരങ്ങളിലേക്ക്‌ കണ്ണുനീട്ടി ഇടയ്‌ക്കിടെ അപ്പന്‍ ഓര്‍മ്മിപ്പിക്കുമായിരുന്നു. ``കണ്ണടക്കം വേണം മക്കളേ... കണ്ണടക്കം.'' നര ഒരു വരമാണെന്ന ഓര്‍മ്മ തന്ന്‌ ആ ജീവിതം കടന്നുപോയി. എന്നാല്‍ ഞാന്‍ കാലുതട്ടി വീഴാതിരിക്കാന്‍ `കണ്ണടക്കം' എന്ന വാക്ക്‌ ഇപ്പോഴും എന്റെ കാല്‍ച്ചുവട്ടില്‍ തന്നെയുണ്ട്‌.

കണ്ണ്‌ കാന്തം പോലെയാണ്‌. കാണുന്നതിനെയെല്ലാം വലിച്ചെടുത്ത്‌ തലച്ചോറില്‍ നി േക്ഷപിക്കും. സമയം കിട്ടുമ്പോള്‍ കറുമ്പിപ്പശുവിനെപ്പോലെ അയവിറക്കും. വേണ്ടതും വേ ണ്ടാത്തതും അങ്ങനെ പലതും. നീ എന്തു കാ ണുന്നുവോ അതു ചിന്തിക്കുന്നു. നീ എന്തു ചിന്തിക്കുന്നുവോ അതായിത്തീരുന്നു. ഒരാള്‍ നല്ലവനായിത്തീരുന്നതില്‍ കണ്ണാണ്‌ അമ്മയും അപ്പനും. ഉള്‍ക്കണ്ണുകള്‍, പരതുന്ന കണ്ണുകള്‍, കാമം തുടിക്കുന്ന കണ്ണുകള്‍, പതറുന്ന കണ്ണുകള്‍.... ഇങ്ങനെ എത്ര തരമാണ്‌ കണ്ണുകള്‍... കണ്ണുകള്‍ കണ്ടാലറിയാം ജീവിതം.

ദമ്പതികള്‍ ട്രെയിന്‍ യാത്രയിലാണ്‌. സ്‌ത്രീ ഉറങ്ങുന്ന പ്രിയതമനെ കുലുക്കി വിളിച്ചുണര്‍ത്തി ``ദേ... അയാളെന്നെ നോക്കുന്നു.'' ഉറക്കമുണര്‍ന്ന അയാള്‍ ചെറുപ്പക്കാരനെ നോക്കി. അയാള്‍ വായനയിലാണ്‌. ``നിന്റെ തോന്നലായിരിക്കും.'' അയാള്‍ വീണ്ടും ഉറങ്ങാന്‍ തുടങ്ങി. കുറേ കഴിഞ്ഞപ്പോള്‍ വീണ്ടും അവള്‍ അയാളെ വിളിച്ചുണര്‍ത്തി. ``ദേ... പിന്നേം എന്നെ അയാള്‍ നോക്കുന്നു.'' ഉറക്കച്ചടവില്‍ നിന്നെഴുന്നേറ്റ്‌ രൂക്ഷമായി അയാള്‍ ചെറുപ്പക്കാരനെ നോക്കി. അയാള്‍ അപ്പോഴും വായനയില്‍ രസം പിടിച്ചിരിക്കുകയാണ്‌. ``എല്ലാം നിന്റെ തോ ന്നലാ... നീ അങ്ങോട്ട്‌ നോക്കണ്ടാ.'' അയാള്‍ വീണ്ടും ഉറങ്ങാന്‍ തുടങ്ങി. ഇറങ്ങേണ്ട സ്ഥലമടുത്തപ്പോള്‍ അയാള്‍ കണ്ണുകള്‍ തുറന്നു. ഭാര്യയെ കാണുന്നില്ല. അവിടെയെല്ലാം അന്വേഷിച്ചു. എങ്ങുമില്ല. അപ്പോള്‍ ഒരു വൃദ്ധ അയാളോടു പറഞ്ഞു: ``എന്റെ അടുത്തിരുന്ന്‌ വായിച്ചുകൊണ്ടിരുന്ന പയ്യനും താങ്കളുടെ അടുത്തിരുന്ന്‌ യാത്ര ചെയ്‌തിരുന്ന പെണ്‍കുട്ടിയും രണ്ട്‌ സ്റ്റേഷനുമുമ്പ്‌ കൈകോര്‍ത്ത്‌ ഇറങ്ങിപ്പോകുന്നത്‌ ഞാന്‍ കണ്ടു.''

ഫാ. വിനീത്‌ വാഴേക്കുടിയില്‍ CMI

Monday, March 22, 2010

യേശു വിശ്വൈക ഗുരുനാഥന്‍ - 5


യേശുവിന്റെ പ്രബോധനോദ്ദേശ്യങ്ങള്‍

പാഠം കൈകാര്യം ചെയ്യുന്ന ഓരോ അധ്യാപകനും നിര്‍ദ്ദി ഷ്‌ട ലക്ഷ്യവും ഉദ്ദേശ്യങ്ങളും ഉണ്ടായിരിക്കും. യേശുവിന്റെ അധ്യാപനോദ്ദേശ്യങ്ങള്‍ ഏതെല്ലാമായിരുന്നു?
1. പിതാവിന്റെ ഹിതം നിറവേറ്റണം. അതിനുവേണ്ടിയാണ്‌ അവിടുത്തെ അധ്വാനവും കഷ്‌ടപ്പാടുമല്ലാം. ``എന്നെ അയച്ചവന്റെ ഇഷ്‌ടം പ്രവര്‍ത്തിക്കുകയും അവന്റെ ജോലി പൂര്‍ത്തിയാക്കുകയുമാണ്‌ എന്റെ ഭക്ഷണം'' (യോഹ. 4:34).

2. മിശിഹായായി അംഗീകരിക്കപ്പെടണം. അതേസമയം ജനഹൃദയങ്ങളില്‍ പ്രതിഷ്‌ഠിതമായ തെറ്റായ സങ്കല്‍പങ്ങള്‍ തിരുത്തുകയും വേണം. `നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്‌തുവാണ്‌' (മത്തായി 16:17) എന്ന വിശ്വാസ പ്രഖ്യാപനം നടത്തിയ ശിമയോനെ ശ്ലാഘിച്ച യേശു ബലപ്രയോഗത്തിലൂടെ തന്നെ രാജാവാക്കാന്‍ ശ്രമിച്ചവരില്‍നിന്ന്‌ അകലുന്നു (യോഹ. 6:15).

3. മനുഷ്യരെ ശിഷ്യത്വത്തിലേക്കു വിളിക്കണം. യേശു നേരിട്ടു വിളിച്ചവരും അവിടുത്തെ പിഞ്ചെന്നവരുമായൊരു ശിഷ്യസഞ്ചയമുണ്ട്‌ സുവിശേഷങ്ങളില്‍. അവരെ പരിശീലിപ്പിച്ച്‌ ഉത്ഥാനത്തിനു സാക്ഷികളാക്കണം. ``ജറുസലേമിലും യുദയാ മുഴുവനിലും സമറിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍വരെയും നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും'' (അപ്പ.പ്ര.1:8).

4. പരമ്പരാഗത ധാര്‍മികതയുടെ സ്ഥാനത്ത്‌ പുതിയൊരു മൂല്യസംഹിത പകരണം. ബലിയല്ല കരുണയാണ്‌ ആവശ്യം. ഉപവാസത്തിനും പ്രാര്‍ത്ഥനയ്‌ക്കും ദാനധര്‍മ്മത്തിനും പ്രകടനത്വരയൊന്നും വേണ്ടാ. ഉള്ളില്‍നിന്നു വരുന്നതാണ്‌ മനുഷ്യനെ അശുദ്ധനാക്കുന്നത്‌. ശത്രുക്കളെ സ്‌നേഹിക്കുവിന്‍. പ്രതികാരമേ അരുത്‌. ഇങ്ങനെ പോകുന്നു അവിടുത്തെ പ്രബോധനങ്ങള്‍.

5. നിയമത്തെയും പ്രവാചകന്മാരെയും പൂര്‍ത്തീകരിക്കണം. ``അസാധുവാക്കാനല്ല, പൂര്‍ത്തിയാക്കാനാണ്‌ ഞാന്‍ വന്നത്‌'' (മത്തായി 5:17).

6. മാതൃകയിലൂടെ പ്രബോധിപ്പിക്കണം. അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ തന്നെ സമര്‍പ്പിച്ചുകൊണ്ട്‌ സ്‌നേഹത്തിന്റെയും (യോഹ. 10:15) ശിഷ്യരുടെ പാദങ്ങള്‍ കഴുകിക്കൊണ്ട്‌ വിനയത്തിന്റെയും (യോഹ. 13:15) ഉദാത്ത മാതൃക ലോകത്തിനു നല്‍കിയിരിക്കുന്നു.

7. മനുഷ്യരുടെ വിശ്വാസവും പ്രതീക്ഷയും വളര്‍ത്തണം. കടലിനു മീതേ നടന്നവന്‍ പറയുന്നു: ഞാനാണ്‌ ഭയപ്പെടേണ്ട (യോഹ. 6:21). കടലിനെ ശാന്തമാക്കിയവന്‍ ചോദിക്കുന്നു: ``നിങ്ങള്‍ക്കു വിശ്വാസമില്ലേ?'' (മര്‍ക്കോ 4:41).

8. ജാതിവ്യവസ്ഥയില്‍ നിന്നുത്ഭവിച്ച മുന്‍വിധികളും അഹങ്കാരത്തില്‍നിന്ന്‌ നിര്‍ഗളിക്കുന്ന അവകാശവാദങ്ങളും ചോദ്യം ചെയ്യപ്പെടണം. അതിനുവേണ്ടിത്തന്നെയാണ്‌ സമറിയാക്കാരിയോടു സംസാരിക്കാനും (യോഹ.4:7) കാനാന്‍ക്കാരിയുടെ മകളെ സുഖപ്പെടുത്താനും (മത്തായി 15:22-28) വിജ്ഞാനം തേടിയെത്തിയ ഗ്രീക്കുകാര്‍ക്ക്‌ ഉയര്‍ത്തപ്പെടുന്ന (യോഹ. 12:23) മനുഷ്യപുത്രനെ ചൂണ്ടിക്കാണിക്കാനും യേശു തയ്യാറായത്‌.

9. അന്ധകാരത്തിന്റെ ശക്തികളെ തകര്‍ക്കണം. ഇരുളിന്‌ പ്രകാശിക്കുന്ന വെളിച്ചത്തെ കീഴടക്കാന്‍ കഴിഞ്ഞില്ല (യോഹ. 1:5). `സാത്താനേ, ദൂരെപ്പോവുക' (മത്തായി 4:10) മരുഭൂമിയില്‍ മുഴങ്ങിക്കേട്ട ആ ശബ്‌ദത്തിന്റെ അനുരണനങ്ങളാണ്‌ പൈശാചികശക്തിയെ ബഹിഷ്‌കരിക്കുന്ന ഓരോ സംഭവത്തിലും നിരീക്ഷിക്കാനാവുക.

പ്രബോധനോദ്ദേശ്യങ്ങളുടെ പട്ടിക ഇനിയും ദീര്‍ഘിപ്പിക്കാനാവും. അവയില്‍ ഏതൊക്കെ ഈ കാലഘട്ടത്തിലും പ്രസക്തമാണ്‌ എന്നു പരിശോധിക്കാം. ഇവിടെ ഇന്നിന്റെ വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ ഏവയെന്നു ഗ്രഹിക്കുക ആവശ്യമായി വരുന്നു.

1. സ്വഭാവരൂപവല്‍ക്കരണം
2. വികാരങ്ങളുടെ സംസ്‌കരണം
3. ബൗദ്ധിക വികസനം
4. കായിക പരിശീലനം
5. നൈപുണ്യ വികാസം
6. ദൈവമനുഷ്യബന്ധം

ഇതൊക്കെ ആധുനിക വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യങ്ങളായി ചൂണ്ടിക്കാണിക്കാനാവും. ഭൗതികവാദത്തിന്റെയും ആഗോളീകരണത്തിന്റെയും കുത്തൊഴുക്കില്‍, കപടമതേതരത്വത്തിന്റെ പിന്‍ബലത്തില്‍ ദൈവചിന്തയെയും പ്രപഞ്ചസംവിധായകന്‍ എന്ന സങ്കല്‍പത്തെയും വിദ്യാഭ്യാസ മേഖലയ്‌ക്കു പുറത്താക്കാനുള്ള നീക്കങ്ങളാണ്‌ എവിടെയും ദര്‍ശിക്കാനാവുക. ഈശ്വരനെ ബഹിഷ്‌ക്കരിച്ചതിന്റെ ഫലമായി മൂല്യച്യുതിയുടെ അനിവാര്യത അനുഭവിക്കുകയാണിന്ന്‌ മനുഷ്യന്‍.
മേല്‍പ്പറഞ്ഞ ലക്ഷ്യങ്ങള്‍ യേശുവിന്റെ അധ്യാപനത്തില്‍ കണ്ടെത്താനാവുമോ? മനുഷ്യശരീരത്തിന്റെ സുഖപ്രാപ്‌തിക്ക്‌ വളരെയേറെ ഊന്നല്‍ നല്‍കിയവനാണ്‌ അവിടുന്ന്‌. ഏറ്റം ഉല്‍ക്കൃഷ്‌ടവും ഉദാത്തവും ഉന്നതവുമായ ധാര്‍മ്മികമൂല്യങ്ങളുടെ പ്രസരണം ആ പ്രബോധനങ്ങളെ അതിശ്രേഷ്‌ഠവും സമ്പന്നവുമാക്കിയിരിക്കുന്നു. പാരിസ്ഥിതിക വൈവിധ്യങ്ങളോടാഭിമുഖ്യമുള്ള പ്രബോധനശൈലി എത്ര ആകര്‍ഷകമായിട്ടുണ്ട്‌ അവയിലെമ്പാടും എന്നേ ചിന്തിക്കാനാവൂ. നൈതികാധ്യാത്മിക സത്യങ്ങള്‍ പഠിപ്പിച്ചുകൊണ്ട്‌ അവിടുന്ന്‌ മനുഷ്യബുദ്ധിയില്‍ പ്രകാശം ചൊരിഞ്ഞു. നല്ല പൗരനെന്ന നിലയില്‍ സിവില്‍ അധികാരികളെ അനുസരിക്കാന്‍ അവിടുന്ന്‌ ശിഷ്യരെ പരിശീലിപ്പിക്കുകയായിരുന്നു. തച്ചന്റെ മകനായി അംഗീകരിക്കപ്പെട്ടവന്‍ തൊഴിലിന്റെ മാഹാത്മ്യവും സാമൂഹിക സാമ്പത്തിക മൂല്യങ്ങളും ശ്രോതാക്കള്‍ക്കു പകര്‍ന്നു കൊടുത്തു. സര്‍വോപരി ദൈവരാജ്യവും ദൈവത്തിന്റെ നീതിയും അന്വേഷിക്കാനും ആകാശത്തിലെ പറവകളെയും വയലിലെ പൂക്കളെയും സംരക്ഷിക്കുന്ന പിതാവിന്റെ പരിപാലനയില്‍ അടിയുറച്ചു വിശ്വസിക്കാനും അവിടുന്ന്‌ ആഹ്വാനം ചെയ്‌തു.

ഇങ്ങനെ വിലയിരുത്തുമ്പോള്‍ ആധുനിക വിദ്യാഭ്യാസ വിചക്ഷണന്മാര്‍ ദര്‍ശനം ചെയ്യുന്ന, മനുഷ്യന്റെ ധാര്‍മ്മിക, ബൗദ്ധിക, വൈകാരിക, സാമൂഹിക തലങ്ങളിലൂന്നിയുള്ള സമ്പൂര്‍ണ വിദ്യാഭ്യാസപദ്ധതി യേശു പണ്ടേ പ്രയോഗത്തിലാക്കിയിരിക്കുന്നു!
(തുടരും...)

Author: ഫാ. മാത്യു അത്തിക്കല്‍, മാനന്തവാടി

Wednesday, March 17, 2010

യേശു വിശ്വൈക ഗുരുനാഥന്‍ - 4


ശ്രദ്ധ യേശുവിന്റെ അധ്യാപനത്തില്

ഒരു മനസ്‌ മറ്റൊന്നില്‍ വിലീനമാകാന്‍ അവശ്യഘടകമാണ്‌ ശ്രദ്ധ. ശ്രദ്ധിക്കപ്പെടാന്‍വേണ്ടി സാധാരണ സംഭാഷണങ്ങളില്‍ വാക്ക്‌, അംഗവിക്ഷേപങ്ങള്‍, സ്‌പര്‍ശനം, ശബ്‌ദനിയന്ത്രണം തുടങ്ങിയ മാധ്യമങ്ങള്‍ ഉപയോഗിക്കാറുണ്ട്‌. ഒരു ക്ലാസിലാണെങ്കില്‍ വിദ്യാര്‍ത്ഥികളുടെ ശ്രദ്ധ പിടിച്ചു പറ്റുകയും നിലനിറുത്തുകയും ചെയ്യുക അധ്യാപകന്റെ പ്രധാനാവശ്യമാണ്‌. മറ്റുള്ളവരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ഓരോ വ്യക്തിയും വാഗ്മിയോ നേതാവോ അധ്യാപകനോ ആരായിരുന്നാലും ആദ്യമായി ശ്രദ്ധ ഉറപ്പു വരുത്തേണ്ടതുണ്ട്‌.

യേശുവിനെപ്പോലെ ശ്രോതാക്കളുടെ ശ്രദ്ധ നേടിയെടുത്തിട്ടുള്ള ആരുണ്ടീ ലോകത്തില്‍? എന്തുകൊണ്ടാണ്‌ അതു സാധിച്ചത്‌? പ്രധാന കാരണം അവിടുന്ന്‌ വിശ്വഗുരുഭൂതനാണ്‌ എന്നതുതന്നെ. ജനശ്രദ്ധ ആകര്‍ഷിക്കുക യേശുവിന്‌ ഒരു പ്രശ്‌നമേ ആയിരുന്നില്ല. അവിടുത്തേക്ക്‌ മറഞ്ഞിരിക്കാന്‍ കഴിയുമായിരുന്നില്ലെന്ന്‌ സുവിശേഷങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ജനങ്ങള്‍ യേശുവിനെത്തേടി തിരക്കി എത്തുകയാണ്‌, വചനം ശ്രവിക്കാനും അടയാളങ്ങള്‍ക്കു സാക്ഷികളാകാനും (യോഹ. 6:24, മത്തായി 14:13). മനുഷ്യരെ തന്നിലേക്കാകര്‍ഷിക്കുന്ന പലതും ആ ജീവിതത്തിലുണ്ടായിരുന്നു. ശ്രദ്ധിക്കപ്പെടാന്‍ എന്തു ചെയ്യണമെന്നും അറിയാമായിരുന്നു ഗുരുവിന്‌. അതിനു പല മാര്‍ഗങ്ങളും അവിടുന്ന്‌ സ്വീകരിച്ചിട്ടുണ്ട്‌.

1. പലപ്പോഴും യേശു ശ്രോതാക്കളുടെ ശ്രദ്ധ ക്ഷണിച്ചിട്ടുണ്ട്‌. ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാം. ചെവിയുള്ളവന്‍ കേള്‍ക്കട്ടെ (മത്തായി 13:43). അതിനാല്‍, വിതക്കാരന്റെ ഉപമ നിങ്ങള്‍ കേട്ടുകൊള്ളുവിന്‍ (മത്തായി 13:18). ഇതാ! നമ്മള്‍ ജറുസലേമിലേക്കു പോകുന്നു (മത്തായി 20:18). ഗ്രഹിക്കാന്‍ കഴിവുള്ളവന്‍ ഗ്രഹിക്കട്ടെ (മത്തായി 19:12). നിങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുവിന്‍ (മര്‍ക്കോസ്‌ 4:24).

2. തന്റെ ആഗമനത്തെ സംബന്ധിച്ച പൂര്‍വസൂചന നല്‍കാന്‍ വേണ്ടി യേശു പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും ശിഷ്യന്മാരെ അയയ്‌ക്കുന്നു (ലൂക്കാ 10:1). ശ്രോതാക്കളെ സംബന്ധിച്ചിടത്തോളം യേശുവിനെ ശ്രവിക്കാനുള്ള നല്ലൊരു തയ്യാറെടുപ്പിനു അവസരമൊരുക്കുകയാണ്‌ ഈ പ്രേഷണം. ഗുരു എത്തിക്കഴിയുമ്പോള്‍ അവര്‍ അവിടുത്തെ ശ്രദ്ധിച്ചു കേള്‍ക്കാതിരിക്കുമോ?

3. ഗുരുവിന്റെ നില്‌പ്പും ഇരിപ്പും എടുപ്പും ശ്രദ്ധിക്കപ്പെടാന്‍ നിമിത്തമാകുന്നു. അവന്‍ ഇരുന്നപ്പോള്‍ ശിഷ്യന്മാര്‍ അടുത്തെത്തി. അവന്‍ അവരെ പഠിപ്പിക്കാന്‍ തുടങ്ങി (മത്തായി 5:2). അവന്‍ ശിഷ്യരുടെ നേരെ കണ്ണുകളുയര്‍ത്തി അരുളിച്ചെയ്‌തു (ലൂക്കാ
6:20). അവന്‍ നിവര്‍ന്ന്‌ അവരോടു പറഞ്ഞു (യോഹ. 8:7). വള്ളത്തില്‍ ഇരുന്ന്‌ അവന്‍ ജനങ്ങളെ പഠിപ്പിച്ചു (ലൂക്കാ 5:4). പുസ്‌തകം അടച്ച്‌ ശുശ്രൂഷകനെ ഏല്‍പ്പിച്ചതിനുശേഷം അവന്‍ ഇരുന്നു (ലൂക്കാ 4:20). തന്റെ ശിഷ്യരുടെ നേരെ കൈചൂണ്ടിക്കൊണ്ട്‌ അവന്‍ പറഞ്ഞു (മത്തായി 12:49).

4. ഭാവനയെ ഉദ്ദീപ്‌തമാക്കുന്ന രീതിയില്‍ അവന്‍ സംസാരിച്ചു. ഉദാഹരണത്തിന്‌ വിശുദ്ധ ലൂക്കാ 5:10-ല്‍ നാം വായിക്കുന്നു: ``നീ ഇപ്പോള്‍മുതല്‍ മനുഷ്യരെ പിടിക്കുന്നവനാകും.'' വലിയ ചാകര കണ്ട്‌ അത്ഭുതസ്‌തംബ്‌ധനായിത്തീര്‍ന്ന ശിമയോനില്‍ വിസ്‌മയത്തിന്റെ മറ്റൊരു തരംഗം ഉതിര്‍ക്കുന്ന അനുഭവം. മത്സ്യബന്ധനത്തിനു പകരം മനുഷ്യബന്ധനമോ! അതെങ്ങനെയായിരിക്കുമോ എന്നു കണ്ടറിയേണ്ടിയിരിക്കുന്നു.

5. ശ്രോതാക്കള്‍ക്ക്‌ അജ്ഞാതമായവ വിശദീകരിക്കാന്‍ സുപരിചിതമായ കാര്യങ്ങള്‍ യേശു ഉപയോഗിക്കുന്നു. നിന്റെ ശിഷ്യന്മാര്‍ ഉപവസിക്കാതിരിക്കുന്നതെന്തുകൊണ്ട്‌? എന്ന ചോദ്യത്തിനു മണവാളന്‍ അകറ്റപ്പെടുന്ന സന്ദര്‍ഭത്തില്‍ മണവറത്തോഴര്‍ ഉപവസിക്കുമെന്നും ആരും പുതിയ വീഞ്ഞ്‌ പഴയ തോല്‍ ക്കുടങ്ങളില്‍ സൂക്ഷിച്ചുവയ്‌ക്കാറില്ലെന്നും പുതിയ തുണിക്കഷണം പഴയ വസ്‌ത്രത്തോടു ചേരില്ലെന്നും അവിടുന്ന്‌ പ്രത്യുത്തരിക്കുന്നു. മണവാളന്‍, മണവറ, വീഞ്ഞ്‌, പുതിയത്‌, പഴയത്‌, വസ്‌ത്രം, തോല്‍ക്കുടം തുടങ്ങിയ പ്രയോഗങ്ങള്‍ ശ്രോതാക്കളില്‍ താല്‍പര്യം ജനിപ്പിക്കാനും ശ്രദ്ധയോടെ ശ്രവിക്കാനും ഏറെ സഹായകരമാണെങ്കില്‍ തെല്ലും സംശയം വേണ്ടല്ലോ.
അധ്യാപകന്റെ വേഗതയും ശൈലിമാറ്റവും ഒരേ പ്രബോധനം പകരുന്നതില്‍ പ്രയോഗിക്കുന്ന രൂപവൈവിധ്യവും വിഷയങ്ങളിലെ വ്യതിയാനങ്ങളുമൊക്കെ ശ്രദ്ധ നിലനിറുത്താന്‍ ഉപകരിക്കുന്ന ഘടകങ്ങളാണ്‌. നഷ്‌ടപ്പെട്ട നാണയത്തിന്റെയും (ലൂക്കാ 15:8-10) കാണാതായ ആടിന്റെയും (ലൂക്കാ 15:1-7) ധൂര്‍ത്തപുത്രന്റെയും (ലൂക്കാ 15:11-32) ഉപമകള്‍ ഒരേ സന്ദേശമാണല്ലോ ശ്രോതാക്കള്‍ക്കു നല്‍കുക.

മറ്റു റബ്ബിമാരുടെ പ്രബോധനങ്ങളില്‍നിന്ന്‌ യേശുവിന്റെ പഠനങ്ങള്‍ക്കുള്ള വ്യത്യസ്‌തതയും അവിടുത്തെ ആധികാരികതയും ശ്രോതാക്കളുടെ ആവശ്യങ്ങളോടും പ്രശ്‌നങ്ങളോടും പ്രവൃത്തികളോടുമുള്ള പ്രതിബദ്ധതയുമെല്ലാം ശ്രദ്ധ പിടിച്ചുപറ്റാന്‍ പര്യാപ്‌തമായിട്ടുണ്ട്‌. മൊബൈല്‍ ഡിസ്‌പെന്‍സറിയുടെയും മൊബൈല്‍ ബുക്ക്‌സ്റ്റാളിന്റെയുമായ ഇക്കാലത്ത്‌ യേശുവില്‍ ഒരു മൊബൈല്‍ അധ്യാപകനെ കണ്ടെത്താനാവും. ഇന്ന്‌ ദൈവാലയത്തിലെങ്കില്‍ നാളെ വീട്ടിലും മറ്റന്നാള്‍ കടല്‍ക്കരയുമാവും യേശുവിന്റെ അധ്യാപനവേദി. ഇന്ന്‌ ഗ്രാമത്തിലെങ്കില്‍ നാളെ പട്ടണത്തിലാവും അവിടുന്ന്‌ പഠിപ്പിക്കുക. ചടുലമായിട്ടുള്ള ഈ നീക്കങ്ങള്‍ യേശുവിനെ ശ്രദ്ധാകേന്ദ്രമാക്കുന്നു.

ചേതോഹരവും പ്രഭാവപൂര്‍ണ്ണവുമായ ആ വ്യക്തിത്വം ജനശ്രദ്ധയാര്‍ഷിച്ചിരുന്നു. ജനമധ്യത്തില്‍ അവിടുത്തെ അതുല്യനും അന്യാദൃശനുമാക്കി മാറ്റിയിരുന്നു. ജറുസലേമിലോ ഗലീലിയിലോ ഒരു സ്‌കൂളിലും പഠിച്ചിട്ടില്ലാത്ത യേശുവിന്റെ വചോവിലാസത്താല്‍ ആകൃഷ്‌ടരായി ഊണും ഉറക്കവുമുപേക്ഷിച്ച്‌ അവിടുത്തെ അനുഗമിച്ച ജനതതി ആ പ്രബോധനത്തെപ്പറ്റി മാത്രമല്ല, `ഇവന്‍ മിശിഹാ ആയിരിക്കുമോ' എന്ന്‌ പ്രതികരിച്ചുകൊണ്ട്‌ (യോഹ. 4:30) അവിടുത്തെ വ്യക്തിത്വത്തെപ്പറ്റിയും വിസ്‌മയിക്കുകയായിരുന്നില്ലേ? യേശുവിന്റെ പ്രബോധനങ്ങളിലെ `മെസ്സയാനിക്‌' മാനം ശ്രോതാക്കള്‍ക്കു താല്‍പര്യമുള്ള വിഷയവുമായിരുന്നു.

ഫരിസേയ നൈയ്യാമികതയോടുള്ള എതിര്‍പ്പും പിതാവിന്റെ വ്യവസ്ഥയില്ലാത്ത സ്‌നേഹത്തിനും ബലിയേക്കാള്‍ കരുണയ്‌ക്കും നല്‍കിയ ഊന്നലും അനുകമ്പാര്‍ദ്രമായി പ്രവ ര്‍ത്തിച്ച അടയാളങ്ങളും സൗഖ്യപ്രാപ്‌തിയെപ്പറ്റി ആരോടും പറയരുതെന്ന താക്കീതുമെല്ലാം യേശു വളരെയേറെ ശ്രദ്ധിക്കപ്പെടാന്‍ ഇടയാക്കിയിട്ടുണ്ട്‌. ചുങ്കക്കാരോടും പാപികളോടുമുള്ള സൗഹൃദവും ശിമയോന്റെ വീട്ടില്‍ വിരുന്നുമേശയ്‌ക്കടുത്തെത്തിയ പാപിനിയോടുള്ള ദയാവായ്‌പ്പും മോശയുടെ നിയമത്തോടു കൂറുള്ളപ്പോഴും സാബത്തിന്റെ കപടസദാചാരത്തോടുള്ള അവജ്ഞയുമൊക്കെ യേശുവില്‍ ശ്രോതാക്കളുടെ ശ്രദ്ധ പതിയാന്‍ പോരുന്ന സാഹചര്യങ്ങള്‍ തന്നെ.

ഗുരുശിഷ്യബന്ധം

ഫലപ്രദമായ എല്ലാ ബോധന പ്രക്രിയയിലും അധ്യാപകനും വിദ്യാര്‍ത്ഥികളും തമ്മിലുണ്ടായിരിക്കേണ്ട ബന്ധം അതിപ്രധാനമാണ്‌. ബുദ്ധിയും ബുദ്ധിയും മനസും മനസും സംഗമിക്കുന്ന വേദിയാണല്ലോ അത്‌. ഇരുകൂട്ടരുടെയും മനസുകള്‍ സന്ധിക്കണമെങ്കില്‍ സമന്വയത്തിന്റെ സമീപനവും നയചാതുരിയുമൊക്കെ അധ്യാപകനു കൈമുതലായിട്ടുണ്ടാവണം. ശിഷ്യഗണത്തെ അറിയണം അദ്ദേഹം. പാഠ്യവിഷയത്തില്‍ അവഗാഹവും നേടിയിരിക്കണം.
ഗുരുനാഥനായ യേശു ഊഷ്‌മളബന്ധങ്ങളുടെ ഉടമയാണ്‌ സുവിശേഷങ്ങളില്‍. അന്ത്രയോസിനോടും പത്രോസിനോടും പീലിപ്പോസിനോടും നഥാനിയേലിനോടും അവിടുന്നു ബന്ധപ്പെടുന്നതെങ്ങനെ എന്നു നോക്കാം.

തന്റെ സാന്നിധ്യം സ്‌നാപകയോഹന്നാന്‌ ശ്രദ്ധിക്കാന്‍ കഴിയുന്നത്ര ദൂരത്തില്‍ യേശു നടന്നു. അവിടുത്തെ നേത്രങ്ങള്‍ വളരെ കൃത്യതയോടെ എല്ലാം നിരീക്ഷിക്കുകയാണ്‌. അന്ത്രയോസിനോടും പത്രോസിനോടും നഥാനിയേലിനോടുമുള്ള സംഭാഷണം ആരംഭിച്ചത്‌ യേശുതന്നെ. തന്നെ അനുഗമിച്ച ശിഷ്യന്മാരോട്‌ `നിങ്ങള്‍ എന്തന്വേഷിക്കുന്നു' എന്നു ചോദിക്കുകയും (യോഹ. 1:38), `വന്നു കാണുക' എന്നു പ്രത്യുത്തരിച്ചകൊണ്ട്‌ (യോഹ.1:39) സൗഹൃദത്തിലേക്ക്‌ അവരെ ക്ഷണിക്കുകയും ചെയ്‌തു. പേരുചൊല്ലി വിളിക്കുന്ന രീതി ഗുരുവിനു സ്വതസിദ്ധമായിത്തന്നെയുണ്ട്‌. അവിടുന്ന്‌ പലപ്പോഴും ആ രീതി സ്വീകരിക്കുന്നതായി കാണാം. ബന്ധപ്പെടല്‍ ഹൃദ്യവും സുദൃഢവുമാക്കാന്‍ അത്‌ പ്രധാനപ്പെട്ടൊരു ഘടകമാണ്‌. ശിഷ്യരുടെ സ്വഭാവം ശരിക്കു മനസിലാക്കിയിട്ടുണ്ട്‌ ഗുരു തന്റെ ഇടപെടലുകളില്‍. അതുകൊണ്ടാണ്‌ നഥാനിയേലിനെ കണ്ടപ്പോഴേ `ഇതാ നിഷ്‌കപടനായ ഒരു യഥാര്‍ത്ഥ ഇസ്രായേല്‍ക്കാരന്‍' (യോഹ.1:47) എന്ന്‌ അവിടുന്ന്‌ വിശേഷിപ്പിച്ചത്‌. ആ ശിഷ്യനു ലഭിച്ച വലിയൊരംഗീകാരം! അത്തിവൃക്ഷത്തിന്റെ ചുവട്ടില്‍വച്ച്‌ യേശു നഥാനിയേലിനെ കണ്ടിരുന്നു. ആ ശിഷ്യന്‍ ശ്രദ്ധിക്കാതെ പോയ കാര്യം. ഗുരുവിന്റെ വാക്കുകള്‍ നഥാനിയേലിനെ വിസ്‌മയഭരിതനാക്കുന്നു. അതുകൊണ്ടാണ്‌ ആ ശിഷ്യന്‍ ഇങ്ങനെ പ്രതികരിച്ചത്‌: നീ എന്നെ എങ്ങനെ അറിയുന്നു? (യോഹ.1:48). ഹൃദയത്തിനു ചൂടും ചൂരും പകര്‍ന്ന ആ ബന്ധപ്പെടല്‍ നഥാനിയേലിന്റെ ആത്മസമര്‍പ്പണത്തിലും വിശ്വാസപ്രഘോഷണത്തിലുമാണ്‌ കലാശിച്ചത്‌: റബ്ബീ, അങ്ങു ദൈവപുത്രനാണ്‌, ഇസ്രായേലിന്റെ രാജാവാണ്‌ (യോഹ.1:49).

സാമുദായികഭ്രഷ്‌ടിന്റെ കനത്ത ഭിത്തികള്‍ തകര്‍ത്തുകൊണ്ട്‌ സമരിയാക്കാരിയുമായും മനസിലെ ഇരുള്‍ നീക്കുന്നവനാണ്‌ `ഗുരു' എന്നു വെളിപ്പെടുത്തിക്കൊണ്ട്‌ നിക്കൊദേമോസുമായും എപ്രകാരമാണ്‌ യേശു ബന്ധപ്പെട്ടതെന്ന്‌ നാം കണ്ടുകഴിഞ്ഞു. വാക്കില്‍ കുടുക്കുക എന്ന ദുഷ്‌ട ലാക്കോടെ തന്നെ സമീപിച്ച ഹേറോദേസ്‌ പക്ഷക്കാര്‍ക്കും ഫരിസേയരുടെ ശിഷ്യന്മാര്‍ക്കും അവിടുന്ന്‌ നല്‍കിയ ഉത്തരം കേട്ട്‌ ``വിസ്‌മയഭരിതരായി അവര്‍ അവനെ വിട്ടുപോയി'' (മത്തായി 22:15-22).
എന്നാല്‍ വിദ്വേഷാഗ്നിയില്‍ ജ്വലിക്കുന്ന അക്കൂട്ടരുടെ മുന്‍പില്‍ യേശു തിരസ്‌കൃതനാവുകയാണ്‌. തീവ്രമായ വ്യക്ത്യന്തരബന്ധങ്ങളിലൂടെ മുന്നേറുന്ന യേശുവിന്‌ എന്തുകൊണ്ട്‌ ഇത്തരം അനുഭവങ്ങളുണ്ടാകുന്നു? അവയുടെ കാരണങ്ങള്‍ മറ്റു പലതുമാണ്‌. സത്യത്തിന്റെ കാവലാള്‍ക്ക്‌ പീഡനം ഏല്‍ക്കേണ്ടി വരുന്നു. അത്‌ ഒഴിവാക്കണമെങ്കില്‍ അവസരസേവകനാകണം, തിന്മയുടെ ശക്തികളുമായി ഒത്തുതീര്‍പ്പിന്‌ തയ്യാറാവണം. സത്യം തന്നെയായവന്‍ അതിനൊന്നും നിന്നുകൊടുക്കില്ല.
ശ്രോതാവിന്‌ ഏറ്റം താല്‍പര്യമുള്ളതും ഏറ്റം ആവശ്യകവുമായ വിഷയം പരാമര്‍ശിച്ചുകൊണ്ട്‌ ബന്ധപ്പെടുക യേശുവിന്റെ സവിശേഷതയാണ്‌. ബേത്സഥായിലെ കുളക്കരെ കിടക്കുന്ന തളര്‍വാതരോഗിയോട്‌ അവിടുത്തെ ചോദ്യം `സുഖം പ്രാപിക്കാന്‍ നിനക്ക്‌ ആഗ്രഹമുണ്ടോ?' എന്നാണ്‌ (യോഹ. 5:6). `ഞാന്‍ നിങ്ങള്‍ക്ക്‌ എന്തു ചെയ്യണമെന്നാണ്‌ നിങ്ങള്‍ ആഗ്രഹിക്കുന്നത്‌?' (മത്തായി 20:32). ഈ ചോദ്യവുമായിട്ടാണ്‌ ജറീക്കോയിലെ രണ്ട്‌ അന്ധന്മാരുടെ ഇരുള്‍നിറഞ്ഞ ജീവിതത്തിലേക്ക്‌ അവിടുന്ന്‌ കടന്നുചെല്ലുക. ശ്രോതാക്കളുടെ മനസിലിരുപ്പ്‌ എന്താണെന്നറിഞ്ഞു സംവദിക്കാന്‍ കഴിയുമ്പോള്‍ അവരോടുള്ള അടുപ്പം വളരെ ഗാഢമായിത്തീരുന്നു. മലകളിലും താഴ്‌വാരങ്ങളിലും ജനക്കൂട്ടം ഇരുമ്പുകാന്തത്തിലേക്ക്‌ എന്നപോലെ ആകൃഷ്‌ടരായി യേശുവിനെ പിഞ്ചെന്നത്‌ അടയാളങ്ങള്‍ കണ്ടതുകൊണ്ടും അപ്പം ഭക്ഷിച്ചു തൃപ്‌തരായതുകൊണ്ടും മാത്രമാണോ? അവിടുത്തെ ഊര്‍ജ്ജസ്വലമായ ബന്ധങ്ങള്‍ രാസത്വരകമെന്നപോലെ ആ പ്രതിഭാസങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുമുണ്ട്‌. വള്ളത്തിലിരുന്നുകൊണ്ട്‌ വിത്തു വിതറുന്നവനെ ചൂണ്ടിക്കാണിക്കുന്നു (മത്തായി 13:2-3). സാധാരണക്കാര്‍ക്കു ദുര്‍ഗ്രഹമായവ ഉപമകളിലൂടെ വിശദീകരിക്കുന്നു. ആലങ്കാരികഭാഷയുടെ പ്രയോഗം നിരവധിയാണ്‌ ആ പ്രബോധനങ്ങളില്‍. ഉദാഹരണത്തിന്‌ മുന്‍പു സൂചിപ്പിച്ചതുപോലെ, ഉപവാസത്തെപ്പറ്റിയുള്ള തര്‍ക്കത്തില്‍ `ആരും പഴയ വസ്‌ത്രത്തില്‍ പുതിയ തുണിക്കഷണം തുന്നിപ്പിടിപ്പിക്കാറില്ലെന്ന്‌' (മത്താ. 9:16) യേശു പറയുന്നു. ഇത്തരം സമീപനങ്ങളിലൂടെ വളര്‍ന്നത്‌ ഹൃദ്യമായ ബന്ധങ്ങളാണ്‌. യേശുവിന്റെ വിരുന്നുമേശകള്‍ സൗഹൃദത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും വേദികളായിരുന്നില്ലേ? ``സക്കേവൂസ്‌ വേഗം ഇറങ്ങിവരിക'' (ലൂക്കാ 19:5) എന്ന വിളിയും ആഹ്വാനവും അയാളുടെ കീറി, നാറിയ ജീവിതത്തെ തുന്നിച്ചേര്‍ക്കാന്‍ പര്യാപ്‌തമായിരുന്നു. അതിന്റെ പരിസമാപ്‌തി ഗുരുശിഷ്യബന്ധത്തിലാണ്‌ ഇതള്‍ വിരിക്കുക. കഴുതപ്പുറത്തെഴുന്നള്ളുന്ന യേശുവിന്റെ പ്രതീകാത്മക ജറുസലെം പട്ടണപ്രവേശം ജനങ്ങള്‍ മനസില്‍ സൂക്ഷിക്കുന്ന `മെസ്സയാ' സങ്കല്‍പ്പവുമായി ഇഴുകിച്ചേരുന്നു. ഇത്തരം നാടകീയ സംഭവങ്ങളും യേശുവിന്‌ പ്രബോധനോപാധിതന്നെ. അതിലുമുപരിയായി അവ തീവ്രബന്ധങ്ങളുടെ ആവിഷ്‌കാരവുമാണ്‌.

ഗാഢബന്ധങ്ങള്‍ ശിഷ്യരെ പശ്ചാത്താപത്തിലേക്കും ഹൃദയപരിവര്‍ത്തനത്തിലേക്കും നയിക്കുന്ന സന്ദര്‍ഭങ്ങളുമുണ്ട്‌. പത്രോസിന്റെ അനുഭവംതന്നെ ഉദാഹരണം. യേശു പത്രോസിനെ നോക്കിയപ്പോള്‍ അവന്‍ പുറത്തുപോയി മനംനൊന്തു കരഞ്ഞു (ലൂക്കാ 22:61-62).
(തുടരും)

Author: ഫാ. മാത്യു അത്തിക്കല്‍, മാനന്തവാടി

Tuesday, March 16, 2010

യേശു വിശ്വൈക ഗുരുനാഥന്‍ - 3

പാഠ്യവിഷയം

ദൈവരാജ്യത്തിന്റെ പ്രഘോഷണത്തോടെയാണ്‌ യേശു തന്റെ പരസ്യജീവിതം ആരംഭിക്കുക. അവന്‍ പറഞ്ഞു: സമയം പൂര്‍ത്തിയായി. ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ചു സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍ (മര്‍ക്കോസ്‌ 1:14-15). ദൈവരാജ്യസങ്കല്‍പ്പമാണ്‌ അവിടുത്തെ പ്രസംഗങ്ങളുടെ മുഖ്യധാര. ദൈവം ഭരണം നടത്തുന്ന വ്യവസ്ഥിതിയും അതാവശ്യപ്പെടുന്ന മാനസാന്തരവും ധാര്‍മ്മികതയും.

ദൈവരാജ്യത്തിന്റെ അനുഭവത്തിലേക്കു ഹൃദയപരിവര്‍ത്തനത്തിലൂടെ കടന്നുവന്ന സമരിയാക്കാരിയെ യേശു എങ്ങനെ പഠിപ്പിച്ചുവെന്ന്‌ ചുരുക്കമായി വിശകലനം ചെയ്യുകയാണിവിടെ.

അധ്യാപനത്തിന്റെ ഭൗതികസാഹചര്യങ്ങളെല്ലാം തന്നെ സമജ്ഞസമായി സമന്വയിച്ചിരിക്കുന്ന ഒരു സംഭവമാണിത്‌. ഗുരുനാഥനായ യേശുവും ശിഷ്യയായ സമരിയാക്കാരിയും കിണറിന്റെ പരിസരവും ജീവജലമെന്ന വിഷയവും ജീവിതപരിവര്‍ത്തനമെന്ന ലക്ഷ്യവും ഊടും പാവുമെന്നപോലെ സംയോജിച്ചിരിക്കുന്നു. സംലഭ്യമായ ഒരവസരം അധ്യാപകന്‍ ഉപയോഗപ്പെടുത്തുകയാണ്‌. യാക്കോബിന്റെ കിണറിനടുത്ത്‌ യാത്രാക്ഷീണംകൊണ്ട്‌ അവശനായിരിക്കുകയാണ്‌ യേശു. ``ആ സമയം ഒരു സമരിയാക്കിരി അവിടെ വെള്ളം കോരാന്‍ വന്നു'' (യോഹ. 4:7). ഈ സാഹചര്യം നഷ്‌ടപ്പെടുത്തിക്കളയാന്‍ അവിടുന്ന്‌ ആഗ്രഹിച്ചില്ല.

യേശു അവളുമായി ഒരു ബന്ധം സ്ഥാപിക്കുന്നു. അവിടുന്ന്‌ അവളോടു പറഞ്ഞു: എനിക്കു കുടിക്കാന്‍ തരിക (യോഹ. 4:7). ദാഹാര്‍ത്തിയുടെ തികച്ചും സ്വാഭാവികമായ അപേക്ഷ. എന്നാല്‍, തീരെ അപ്രതീക്ഷിതവും അസാധാരണവുമായ കാര്യമാണത്‌. `ആരെയും ഭാവഗായകനാക്കും ആത്മസൗന്ദര്യമാണു നീ' എന്ന ചലച്ചിത്ര ഗാനശകലംപോലെ സമരിയാക്കാരിയെ വിസ്‌മയിപ്പിക്കുന്ന ഒരു ശക്തി യേശു പ്രയോഗിക്കുന്നു. യഹൂദനായിരുന്നിട്ടും ഒരു സ്‌ത്രീയോട്‌ അതും സമരിയാക്കാരിയോടു പരസ്യമായി സംസാരിക്കുന്നു. ഒരു യഹൂദറബ്ബിയും ഒരിക്കലും ചെയ്യരുതാത്ത കാര്യം!

ആരംഭം മുതല്‍ തന്നെ ഗുരുവിനു ശിഷ്യനിലുള്ള ശ്രദ്ധയും താല്‍പ്പര്യവും അന്യൂനമായി തുടരുന്നതോടൊപ്പം ഏകാഗ്രതയും തീവ്രതയും വര്‍ദ്ധിക്കുകയും ചെയ്യുന്നു. സമരിയാക്കാരിയില്‍ ഉറഞ്ഞുകിടക്കുന്ന വൈകാരിക ഭാവങ്ങളും മറഞ്ഞുകിടക്കുന്ന മുന്‍വിധികളും മറക്കാനാവാതെ മരവിച്ചിരിക്കുന്ന പൂര്‍വാനുഭവങ്ങളും ഉയര്‍ത്തുകയാണ്‌ ഗുരു.

സംഭാഷണരീതിയാണ്‌ അധ്യാപകന്‍ ഉപയോഗിക്കുക. ഏഴു പ്രാവശ്യം യേശു അവളോടു സംസാരിക്കുകയും ആറു പ്രാവശ്യം ആ സ്‌ത്രീ പ്രത്യുത്തരിക്കുകയും ചെയ്‌തു.

ശിഷ്യന്മാരുടെ രംഗപ്രവേശം സംഭാഷണത്തിന്‌ നേരിയ തടസം സൃഷ്‌ടിക്കുന്നുണ്ടെങ്കിലും യേശു അവരെയും അത്ഭുതപ്പെടുത്തുകയും (യോഹ. 4:27) അധ്യാപനത്തില്‍ ഭാഗഭാക്കുകളാക്കുകയും ചെയ്യുന്നു. ഒരു വ്യക്തിയുമായുള്ള ബന്ധപ്പെടല്‍ സിക്കാര്‍ പട്ടണത്തിലെ സമരിയാക്കാരുമായി രണ്ടു ദിവസത്തേക്ക്‌ ഇടപെടാന്‍ വഴിതുറക്കുന്നു (യോഹ. 4:40).

അധ്യാപകന്‍ ചോദ്യങ്ങളൊന്നും ചോദിച്ചില്ല. സമരിയാക്കാരിയുടെ സ്‌പഷ്‌ടമായ മൂന്നു ചോദ്യങ്ങള്‍ക്കും ഉത്തരം പറഞ്ഞു. മാത്രമല്ല അവളുടെ ഉള്ളിന്റെ ആഴങ്ങളില്‍ അലയടിക്കുന്ന തീവ്രാഭിവാഞ്‌ഛകളെ തൃപ്‌തിപ്പെടുത്താനുള്ള വ്യഗ്രതയുമുണ്ട്‌ ഗുരുവിന്‌. ശിഷ്യയുടെ ഉത്തരങ്ങള്‍ ആധാരമാക്കിയാണ്‌ അധ്യാപനം മുന്നേറുക. അവ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു ഗുരുഭൂതന്‍: `എനിക്കു ഭര്‍ത്താവില്ല എന്നു നീ പറഞ്ഞതു ശരിയാണ്‌' (യോഹ. 4:17).

യേശുവിന്റെ അധ്യാപനത്തിന്‌ അടിസ്ഥാനമായി പ്രശ്‌നങ്ങളുടെ പ്രയോഗങ്ങള്‍ പ്രധാനമാണ്‌. ആദ്യമായിത്തന്നെ ആ സ്‌ത്രീയുടെ ജീവിതത്തിലെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ പരിഗണിക്കപ്പെടുന്നു. അവയെപ്പറ്റി കൂടുതല്‍ അവബോധമുള്ളത്‌ ആര്‍ക്കായിരിക്കും? യേശുവിനോ സ്‌ത്രീയ്‌ക്കോ? തീര്‍ച്ചയായും നൈര്‍മല്യത്തിന്റെ മൂര്‍ത്തിമദ്‌ഭാവമായ ഗുരുനാഥനുതന്നെ. അവിടുന്ന്‌ അവളുടെ മനസ്സാക്ഷിയെ ഉദ്ദീപ്‌തമാക്കാന്‍ ആഗ്രഹിക്കുന്നു. രണ്ടാമതായി പരിഗണിക്കപ്പെടുന്നത്‌ സ്‌ത്രീയുടെ ദൈവശാസ്‌ത്രപരമായ പ്രശ്‌നമാണ്‌: എവിടെയാണ്‌ ദൈവാരാധന നടത്തേണ്ടത്‌, മലയിലോ ജറുസലേമിലോ? തന്റെ വ്യക്തിപരമായ പ്രശ്‌നങ്ങളില്‍ നിന്നു ഗുരുവിന്റെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമായിരിക്കുമോ ഈ ചോദ്യമെന്നു തോന്നാം. എന്നാല്‍ സത്യത്തിലും ആത്മാവിലും ഊന്നിയ ആരാധനയെപ്പറ്റിയുള്ള പ്രസ്‌താവന സമരിയാക്കാരിയുടെ വ്യക്തിപരമായ പ്രശ്‌നത്തിലേക്കാണ്‌ അവളെ വീണ്ടും ആനയിക്കുക. ദൈവാരാധനയെപ്പറ്റിയുള്ള അല്‍പം ദീര്‍ഘമായ പ്രബോധനം സ്‌ത്രീയുമായുള്ള സംഭാഷണത്തിന്റെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്നു.

മൂര്‍ത്തമായവയില്‍നിന്ന്‌ അമൂര്‍ത്തമായവയിലേക്കുള്ള ഉദ്‌ഗ്രഹണം നീ സംഭവത്തില്‍ നിരീക്ഷിക്കാനാവും. കുടിക്കുക, ഈ ജലം, നിന്റെ ഭര്‍ത്താവ്‌, അഞ്ച്‌ ഭര്‍ത്താക്കന്മാര്‍, ഈ മല, ജറുസലേം, ഞാന്‍ തന്നെ എന്നിവയൊക്കെ മൂര്‍ത്തവും ഇന്ദ്രിയഗോചരവുമായവയ്‌ക്ക്‌ ഉദാഹരണങ്ങളാണ്‌. സാധാരണ `ജല'ത്തെപ്പറ്റിയുള്ള പ്രതിപാദനത്തില്‍നിന്ന്‌ `ജീവജല'ത്തെപ്പറ്റിയുള്ള പരാമര്‍ശത്തിലേക്ക്‌ ഒരു കുതിപ്പ്‌, ഒരു മാറ്റം. സ്‌ത്രീ അതു മനസിലാക്കിയില്ല. എന്നേക്കും ദാഹം തീര്‍ക്കുന്ന ഏ തോ ദ്രാവകമായിരിക്കും അതെന്ന്‌ കരുതിയിട്ടുണ്ടാവും. എല്ലാ കാര്യങ്ങളും അറിയിക്കുന്ന, എല്ലാവരും പ്രതീക്ഷിക്കുന്ന മിശി ഹാ വരുമെന്ന്‌ പറഞ്ഞ സ്‌ത്രീയോടുള്ള ``ഞാന്‍ തന്നെയാണ്‌ അവന്‍'' എന്ന ഉത്തരത്തിലും (യോഹ. 4:25-26) ഈ സമീപനമുണ്ട്‌. അത്‌ അവള്‍ വ്യക്തമായി മനസിലാക്കുകയും പ്രതികരിക്കുകയും ചെയ്‌തു. താരതമ്യവിവേചനം യേശുവിന്റെ പ്ര ബോധനരീതിയിലുണ്ട്‌. സാധാരണ ജലവും ജീവജലവും ത മ്മിലും സമരിയാക്കാരുടെ ദൈവത്തെ അറിയാത്ത ആരാധനയ്‌ ക്കും യഹൂദരുടെ അവിടു ത്തെ അറിയുന്ന ആരാധനയും തമ്മി ലും താരതമ്യം ചെയ്യുന്നു. `ഈ വെള്ളം കുടിക്കുന്ന ഏവനും വീണ്ടും ദാഹിക്കും. എന്നാല്‍ ഞാന്‍ നല്‍കുന്ന വെള്ളം കുടിക്കുന്നവന്‌ പിന്നീട്‌ ഒരിക്കലും ദാഹിക്കുകയില്ല (യോഹ. 4:14).
കര്‍മ്മോദ്യുക്തതക്കു പ്രേരകമായൊരു സമീപനരീതിയുണ്ട്‌ യേ ശുവിന്‌. അതു ശ്രോതാക്കളില്‍ താല്‍പര്യം ജനിപ്പിച്ചു, മന:സാ ക്ഷിയില്‍ പുതിയ മൂല്യബോധം രൂപപ്പെടുത്തി സജീവമാക്കി, സേവനത്തിന്റെ മേഖലയിലേക്കു നയിക്കുന്നു. ഇവിടെ സമരിയാക്കാരിയെ ജീവജലത്തില്‍ തല്‍പരയാക്കി. ഭര്‍ത്താവിനെ കൂട്ടിക്കൊണ്ടു വരാനുള്ള ആഹ്വാനത്തിലൂടെ അവളുടെ മനസ്സാക്ഷി യെ ഉദ്ദീപിപ്പിച്ച്‌, സത്യാരാധനയിലേക്കും സാമൂഹിക സേവനത്തിലേക്കും പ്രേക്ഷിതത്വത്തിലേക്കും അവളെ എത്തിക്കുകയാണ്‌. ആ സ്‌ത്രീയുടെ മൂല്യശ്രേണി ആകെപ്പാടെ തകിടം മറിഞ്ഞു. കവി പാടിയതുപോലെ `പണ്ടത്തെ തേവിടിശ്ശി പെണ്ണല്ലിവള്‍, ചാരിത്ര്യത്തിന്റെ ചാരുമൂര്‍ത്തി.' പുതിയൊരു ജന്മം ജനിച്ചപോലായി. കുടം താഴെവച്ചു. പട്ടണത്തിലേക്ക്‌ അവള്‍ കൊ ണ്ടുപോയത്‌ കുടമല്ല, ജീവജലമാണ്‌; കുടത്തിലല്ല ഹൃദയത്തില്‍.

ഗുരുനാഥന്‍ ശിഷ്യയുടെ വ്യക്തിത്വത്തിന്റെ സമ്പൂര്‍ണാവിഷ്‌കാരം ഉറപ്പു വരുത്തുകയാണ്‌. പ്രതികരണം ആവശ്യപ്പെടുന്ന ഒരു ആജ്ഞയിലൂടെ അവളുടെ കറ പുരണ്ടു മലീമസമായ, തമസ്സു മുറ്റിയ മനസ്സാക്ഷിയിലേക്ക്‌ ശക്തമായ എക്‌സറേകള്‍ കടത്തിവിടുന്നു. ഉള്ളറകളിലെ വിഴുപ്പെല്ലാം വെളിച്ചത്താക്കുന്ന ഒരു സി.റ്റി.സ്‌കാനിംഗ്‌. ``നീ ചെന്ന്‌ നിന്റെ ഭര്‍ത്താവിനെ കൂട്ടിക്കൊണ്ടു വരിക'' (യോഹ. 4:16). പൂര്‍ത്തീകരിക്കാനാവാത്തൊരു കല്‍പന!~ അതവള്‍ക്ക്‌ ലജ്ജാഭാവത്തിന്റെയും അവ്യക്തതയുടെയും എന്നതിലുപരിയായി ആത്മജ്ഞാനത്തിന്റെ കവാടങ്ങള്‍ തുറന്നു കൊടുത്തു. ഈ ആത്മാവിഷ്‌ക്കാരം ജിജ്ഞാസയുണര്‍ത്തുന്ന ഉപരിപ്ലവമായ ചോദ്യങ്ങള്‍ക്കപ്പുറത്ത്‌ വൈയക്തികവും മതാത്മകവും ഗൗരവാത്മകവുമായ പ്രശ്‌നങ്ങളുടെ പരിഹാരത്തിലും സിക്കാര്‍ പട്ടണവാസികള്‍ക്കുള്ള വചനശുശ്രൂഷയിലും പരിണമിക്കുന്നു. ഈ ജലം എനിക്കു തരിക എന്നവള്‍ അപേക്ഷിച്ചത്‌ `ജീവജലം' എന്തെന്നറിയാതെ ആയിരുന്നെങ്കില്‍, `പ്രഭോ, അങ്ങ്‌ ഒരു പ്രവാചകനാണെന്ന്‌ ഞാന്‍ മനസിലാക്കുന്നു' (യോഹ. 4:19) എന്ന പ്രത്യുത്തരം അറിവോടെ തന്നെയാണ്‌.

ഗുരുനാഥന്റെ ചില സവിശേഷതകള്‍കൂടി പരിഗണിക്കപ്പെടേണ്ടതായിട്ടുണ്ട്‌. സമരിയാക്കാരിയുമായുള്ള സംഭാഷണത്തിലൂടെ സാമൂഹികമായ വിലക്കുകളുടെയും ആചാരാനുഷ്‌ഠാനങ്ങളുടെയും വിലങ്ങുകള്‍ തകര്‍ക്കപ്പെടുന്നു. റബ്ബിമാര്‍ ധരിച്ചിരുന്ന കപടമാന്യതയുടെ മുഖംമൂടി പിച്ചിച്ചീന്താന്‍ യേശുവിന്‌ ഒരു കൂസലുമില്ല. വിദ്യാര്‍ത്ഥിനിയെപ്പറ്റി അവഗാഢമായ അറിവുള്ളവനാണ്‌ അവിടുന്ന്‌. സമരിയാക്കാരിക്ക്‌ അഞ്ച്‌ ഭര്‍ത്താക്കന്മാരുണ്ടായിരുന്നു എന്ന്‌ ഗുരു എങ്ങനെ അറിഞ്ഞു? അഞ്ചു പുരുഷന്മാരോടൊത്തു കഴിഞ്ഞവള്‍ സമൂഹത്തില്‍ കുപ്രസിദ്ധയായിരിക്കും. ഇത്തരക്കാരെ അറിയാന്‍ നാട്ടില്‍ പ്രചാരമുള്ള രീതി യേശുവും അവലംബിച്ചിട്ടുണ്ടാവും. വിഷയത്തില്‍ അവഗാഹമുള്ളവനാണ്‌ ഈ അധ്യാപകന്‍. ദൈവത്തിന്റെ സ്വഭാവം, സത്യാരാധന തുടങ്ങിയ വിഷയങ്ങളെപ്പറ്റി ഇത്ര ആധികാരികമായി പ്രതിപാദിക്കാന്‍ മറ്റാര്‍ക്കാണു കഴിയുക? പിതാവിന്റെ മടിയില്‍ വസിക്കുന്നവനല്ലാതെ? പഠിപ്പിക്കാന്‍ വേണ്ട നൈപുണ്യം വളരെയേറെ പ്രകടമാണീ ഗുരുനാഥനില്‍. പ്രവചനമാനം ഒളിവിതറുന്നു, ആ പ്രബോധനങ്ങളില്‍. `ആരാധകര്‍ ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു' (യോഹ. 4:23) എന്ന വെളിപ്പെടുത്തല്‍ ഒരു പ്രവാചകശബ്‌ദം തന്നെ. സ്വയാവിഷ്‌ക്കരണവും പ്രബോധനത്തിന്റെ പരമകാഷ്‌ഠയുമാണ്‌. `നിന്നോടു സംസാരിക്കുന്ന ഞാന്‍ തന്നെയാണ്‌ അവന്‍' (യോഹ. 4:26).
(തുടരും)

Author: ഫാ. മാത്യു അത്തിക്കല്‍, മാനന്തവാടി

യേശു വിശ്വൈക ഗുരുനാഥന്‍ - 2


ആധികാരികത


ഇതര റബ്‌ബീമാരില്‍ നിന്ന്‌ യേശുവിനെ വ്യത്യസ്‌തനാക്കു ന്ന ഒട്ടേറെ സവിശേഷതകളുണ്ട്‌. അവയില്‍ പ്രഥമവും പ്രധാനവുമായി കാണാന്‍ കഴിയുക ഗുരുവിന്റെ ആധികാരികതയാണ്‌. ``ഈ വചനങ്ങള്‍ അവസാനിപ്പിച്ചപ്പോള്‍ ജനാവലി അവന്റെ പ്രബോധനത്തെപ്പറ്റി വിസ്‌മയിച്ചു. അവരുടെ നിയമജ്ഞരെപ്പോലെയല്ല, അധികാരമുളളവനെപ്പോലെയാണ്‌ അവന്‍ പഠിപ്പിച്ചത്‌.'' (മത്തായി 7:28, മര്‍ക്കോ 1:22) ``അധികാരത്തോടുകൂടിയതായിരുന്നു അവന്റെ വചനം'' (ലൂക്കാ 4:32). യേശുവിനെ ബന്ധിച്ചുകൊണ്ടുപോകാന്‍ കഴിയാത്ത സേവകര്‍ക്ക്‌ പറയാനുളളതിതാണ്‌: അവനെപ്പോലെ ആരും ഇതുവരെ സംസാരിച്ചിട്ടില്ല. (യോഹ. 7:46) മറ്റു റബ്‌ബീമാര്‍ക്കൊന്നും ഈ അധികാരം അവകാശപ്പെടാന്‍ കഴിഞ്ഞിട്ടില്ല.
ഈ അധികാരത്തിന്റെ ഉറവിടം എവിടെയെന്ന്‌ സുവിശേഷങ്ങള്‍ വ്യക്തമാക്കുന്നു. പിതാവുമായുളള അവഗാഢവും അനന്യവും അവിച്ഛിന്നവുമായ ഐക്യത്തിലാണത്‌. യേശുതന്നെ പറയുന്നു, തന്റെ പ്രബോധനം തന്നെ അയച്ച പിതാവിന്റേതാണെന്ന്‌ (യോഹ 7:16, 14:24). പിതാവു നല്‍കിയ വചനമാണ്‌ അവിടുന്ന്‌ ശിഷ്യന്മാരുമായി പങ്കുവെച്ചത്‌ (യോഹ 17:14) പിതാവു പഠിപ്പിച്ച കാര്യങ്ങളാണ്‌ അവിടുന്ന്‌ ശ്രോതാക്കളോടു പറഞ്ഞിട്ടുളളത്‌. ``നിങ്ങള്‍ മനുഷ്യപുത്രനെ ഉയര്‍ത്തിക്കഴിയുമ്പോള്‍, ഞാന്‍ ഞാന്‍തന്നെയെന്നും ഞാന്‍ സ്വമേധയാ ഒന്നും പ്രവര്‍ത്തിക്കുന്നില്ല, പ്രത്യുത, എന്റെ പിതാവ്‌ എന്നെ പഠിപ്പിച്ചതുപോലെ ഇക്കാര്യങ്ങള്‍ ഞാന്‍ സംസാരിക്കുന്നുവെന്നും നിങ്ങള്‍ മനസിലാക്കും'' (യോഹ 8:28). അവിടുത്തെ വാക്കുകള്‍ പിതാവിന്റെ പ്രവൃത്തികളില്‍ നിന്നാണ്‌ നിര്‍ഗളിക്കുക: ``ഞാന്‍ നിങ്ങളോടു പറയുന്ന വാക്കുകള്‍ സ്വമേധയാ പറയുന്നതല്ല, പ്രത്യുത, എന്നില്‍ വസിക്കുന്ന പിതാവ്‌ തന്റെ പ്രവൃത്തകള്‍ ചെയ്യുകയാണ്‌'' (യോഹ 14:10). പിതാവില്‍ നിന്നു കേട്ടവ ശിഷ്യര്‍ക്കു വെളിപ്പെടുത്തിയതാണ്‌ അവരെ യേശു സ്‌നേഹിതന്മാരെന്നു വിളിക്കാന്‍ കാരണം (യോഹ 15:15).

സത്യത്തോടുളള തുറവിയും പ്രതിബദ്ധതയും യേശുവിന്റെ പ്രബോധനങ്ങളുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ്‌. ``ഇതിനുവേണ്ടിയാണ്‌ ഞാന്‍ ഈ ലോകത്തിലേക്കു വന്നതും- സത്യത്തിനു സാക്ഷ്യം നല്‍കാന്‍. സത്യത്തില്‍ നിന്നുള്ളവന്‍ എന്റെ സ്വരം കേള്‍ക്കുന്നു (യോഹ 18:37).

സാബത്തുനാളില്‍ നസ്രത്തിലെ സിനഗോഗില്‍ നടന്ന ആ രാധനാ ശുശ്രൂഷയില്‍ പങ്കെടുത്തവര്‍ യേശുവിന്റെ വചനപ്രഘോഷണത്തോടു പ്രതികരിച്ചതെങ്ങനെയെന്ന്‌ വി.ലൂക്കാ വിവരിക്കുന്നു. ``എല്ലാവരും അവനെപ്പറ്റി പ്രശംസിച്ചുപറയുകയും അവന്റെ നാവില്‍ നിന്നു പുറപ്പെട്ട കൃപാവചസുകേട്ട്‌ അത്ഭുതപ്പെടുകയും ചെയ്‌തു'' (ലൂ ക്കാ 4:22). യേശുവിന്റെ ആ ധികാരികതയും അവതരണത്തിന്റെ നവീനത്വവും അവ രെ ആകര്‍ഷിച്ചുട്ടുണ്ടാവുമെന്നത്‌ നിസ്‌തര്‍ക്കമാണ്‌. ഒരു വിദ്യാലയത്തിലും പഠിച്ചിട്ടില്ലാത്തവന്‍ എങ്ങനെ അറിവന്റെ അക്ഷയ സ്‌ത്രോതസ്സായിരിക്കുന്നെന്ന്‌ അവര്‍ വിസ്‌മയിക്കുകയാണ്‌ (യോഹ. 7:14,15). ഇത്രമാത്രം ജനശ്രദ്ധ പിടിച്ചുപറ്റി ശ്രോതാക്കളെ അത്ഭുതപരതന്ത്രരാക്കുന്ന ആ പ്രബോധന രീതി അദ്വീതീയവും ഏറ്റം സമാകര്‍ഷകവുമെന്നേ വിശേഷിപ്പിക്കാനാവൂ. ആ ശൈലിയൊന്നേറിയാല്‍ ശ്രമിക്കുന്നത്‌ എല്ലാവര്‍ക്കും പ്രത്യേകിച്ച്‌ മതബോധന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ക്ക്‌ കൂടുതല്‍ വെളിച്ചം പകരാന്‍ ഉപകരിക്കും.

മറ്റേതൊരു പ്രവാചകനേയുംപോലെ യേശുവും പഠിപ്പിച്ചത്‌ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയുമാണ്‌. ദൃശ്യശ്രാവ്യമാണ്‌ ആ പ്ര ബോധനശൈലി. വാക്കും പ്രവൃത്തിയും തമ്മിലുളള സ മന്വയം ആ പ്രബോധനങ്ങളിലുടനീളം ആര്‍ക്കും നിരീക്ഷിക്കാനാവും. യേശുവിന്റെ ഭക്ഷണമേശകള്‍ ചുങ്കക്കാ രും പാപികളും ഒത്തുചേരു ന്ന സൗഹൃദത്തിന്റെ വെളിപ്പെടുത്തലിനുപാധി എന്നതിലുപരിയായി ദൈവരാജ്യമൂല്യങ്ങളുടെ പ്രസരണവേദിയുമായിരുന്നു.

ഇവിടെ ഒരു പ്രശ്‌നം പരിഗണനയര്‍ഹിക്കുന്നതായിട്ടുണ്ട്‌. ഇന്ന്‌ വിദ്യാഭ്യാസമേഖലയില്‍ വികസിച്ചു വന്നിട്ടുളള സമീപനങ്ങളുടേയും മനഃശാസ്‌ത്ര തത്വങ്ങളുടെയും വെളിച്ചത്തില്‍ രണ്ടായിരം വര്‍ഷം മുന്‍പ്‌ യേശു സ്വീകരിച്ച അധ്യാപനരീതി അപഗ്രഥനവിഷയമാക്കുക യുക്തിസംഗതമാണോ? പലതലങ്ങളിലും ഇത്തരമൊരു വിലയിരുത്തല്‍ അനുചിതമെന്നു തോന്നാം. എന്നാല്‍ ചരിത്രം കണ്ടിട്ടുളള ഏറ്റം മഹാനായ ഗുരുനാഥന്‍ എന്നു വിശേഷിപ്പിക്കാവുന്ന യേശുവിന്റെ പ്രബോധനശൈലി നമ്മെ വിസ്‌മയഭരിതരാക്കുന്നു. ആ അധ്യാപനരീതിയുടെ ആഴങ്ങളിലേക്ക്‌ കടന്നുചെല്ലുമ്പോഴാണ്‌ ഇതിന്റെ ഉള്‍ക്കാഴ്‌ചകളും ബോധന മാധ്യമങ്ങളും മനഃശാസ്‌ത്രത്തിന്റെ നേട്ടങ്ങളും എത്ര സമജ്ജസമായി അതില്‍ ഉള്‍ചേര്‍ന്നിരിക്കുന്നു എന്ന തിരിച്ചറിവുണ്ടാകുക.

അധ്യാപനത്തിന്റെ ഭൗതികസാഹചര്യങ്ങള്‍

അധ്യാപനത്തിന്റെ പരിതോവസ്ഥകളെപ്പറ്റി പരാമര്‍ശിക്കുമ്പോള്‍ ചിന്താവിഷയമാകുന്നത്‌ അധ്യാപകന്‍, വിദ്യാര്‍ത്ഥി, പാഠ്യവിഷയം, ബോധനലക്ഷ്യം, അധ്യാപനരീതി, ക്ലാസുമുറി, പ്രയോഗശാല, ഗ്രന്ഥശാല തുടങ്ങിയ ഘടകങ്ങളാണ്‌. ഒരു യഹൂദ റബ്‌ബീക്ക്‌ പഠനമുറി അവശ്യഘടകമല്ല. ഏതുസ്ഥലവും ബോധനവേദിയാകാം. വീടും വഴിയും നാല്‍ക്കവലകളുമൊക്കെ ക്ലാസ്സുമുറിതന്നെ.

യേശു എത്രയോ വേദികള്‍ ജനങ്ങളെ പഠിപ്പിക്കാന്‍വേണ്ടി ഉപയോഗിച്ചിരിക്കുന്നു! സാമൂഹികമേഖലകള്‍ ഉള്‍പ്പെടെയുളള ഭൗതികസാഹചര്യങ്ങളുമായി വളരെ സുപരിചിതനാണവിടുന്ന്‌. ബോധനവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും അവിടുത്തേയ്‌ക്കറിയാം. ലക്ഷ്യത്തെ സംബന്ധിച്ചു സുവ്യക്തമായ കാഴ്‌ചപ്പാടുണ്ടവിടുത്തേക്ക്‌.

ചില പ്രബോധനങ്ങള്‍ ശ്രോതാക്കളില്‍ ചില വിഭാഗത്തില്‍പ്പെട്ടവരില്‍ യാതൊരു പ്രതികരണവും ഉളവാക്കുകയില്ലെന്ന്‌ യേശു വ്യക്തമായിട്ടറിയുന്നുണ്ട്‌. അതുകൊണ്ടാണ്‌ ഏശയ്യാ പ്രവാചകനെ ഉദ്ധരിച്ചുകൊണ്ട്‌ അവിടുന്ന്‌ പറഞ്ഞത്‌: ``അവര്‍ കണ്ടിട്ടും കാണുന്നില്ല; കേട്ടിട്ടും കേള്‍ക്കുന്നില്ല; ഗ്രഹിക്കുന്നുമില്ല'' (മത്തായി 13:13). അവരുടെ മനോഭാവത്തില്‍ മാറ്റമുണ്ടാകാത്തതിന്റെ കാരണം ഹൃദയകാഠിന്യം തന്നെ (മത്തായി 13:15) എന്ന്‌ യേശു ചൂണ്ടിക്കാണിക്കുന്നു.

അധ്യാപനത്തിന്റെ ഭൗതിക ഘടകങ്ങളെല്ലാം തന്നെ പല സന്ദര്‍ഭങ്ങളിലായി യേശുവിന്റെ പ്രബോധനങ്ങളില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്‌. ഉദാഹരണത്തിന്‌ യേശുവും നിക്കൊദേമോസും തമ്മിലുളള കൂടിക്കാഴ്‌ചതന്നെ പരിശോധിക്കാം. ഒരു വീടാണ്‌ ക്ലാസുമുറി. അവിടെയാണ്‌ അധ്യാപകന്‍. ഭയവിഹ്വലനായ വിദ്യാര്‍ത്ഥിക്കു സുരക്ഷിതത്വബോധം നല്‍കുന്ന രാത്രിയുടെ യാമങ്ങളില്‍ ജ്‌ഞാനത്തിന്റെ വെളിച്ചംതേടി നിക്കൊദേമോസ്‌ കടന്നുവരുന്നു. ദൈവം അയച്ച ഉപദേഷ്‌ടാവിനെ തിരിച്ചറിഞ്ഞ്‌ യേശുവിനെ `റബ്ബീ' എന്ന്‌ അഭിസംബോധന ചെയ്യുകയും അവിടുന്ന്‌ ഗുരു ആണെന്ന സത്യം അംഗീകരിക്കുകയും ചെയ്യുന്നു. പാഠ്യവിഷയമുണ്ടല്ലോ, ഉന്നതത്തില്‍ നിന്നുളള ജനനം. ലക്ഷ്യം നേടാനായോ അധ്യാപകന്‌? തീര്‍ച്ചയായും കഴിഞ്ഞിട്ടുണ്ട്‌. ഫരിസേയപ്രമാണിയായ നിക്കൊദേമോസിന്റെ മനോവൃത്തിയിലും മൂല്യബോധത്തിലും മൗലികമായ പരിവര്‍ത്തനം സംഭവിച്ചിട്ടുണ്ടെന്നാണ്‌ അദ്ദേഹത്തിന്റെ പില്‌ക്കാലജീവിതം നല്‍കുന്ന തെളിമയാര്‍ന്ന സാക്ഷ്യം. യോഹന്നാന്‍ 7:50-51 ല്‍ നിക്കൊദെമോസ്‌ ഉന്നയിക്കുന്ന ചോദ്യവുമുണ്ട്‌. ഒരുവനു പറയാനുളളത്‌ ആദ്യം കേള്‍ക്കാതെയും അവനെന്താണ്‌ ചെയ്യുന്നതെന്ന്‌ അറിയാതെയും അവനെ വിധിക്കാന്‍ നമ്മുടെ നിയമം അനുവദിക്കുന്നുണ്ടോ? നിയമം കയ്യിലെടുത്ത്‌ സത്യത്തിനു കൂച്ചുവിലങ്ങിടാന്‍ ശ്രമിക്കുന്ന ഫരിസേയമനസ്സാക്ഷിയില്‍ ഒരു ചാട്ടുളിപോലെ തറഞ്ഞുകയറുന്ന ഈ ചോദ്യത്തിന്റെ കര്‍ത്താവ്‌ രാത്രിഞ്ചരനോ ഭീരുവോ ആയ നിക്കൊദെമോസ്‌ അല്ല, നേരെമറിച്ച്‌ ഒരു പുതിയ മൂല്യബോധത്തിനുടമയാണ്‌. ആ മാറ്റം വാക്കുകളില്‍ ഒതുങ്ങി നില്‍ക്കുന്നില്ല. പ്രവൃത്തിയിലേക്കും ശിഷ്യത്വത്തിലേക്കും നയിക്കുന്ന, ത്യാഗസുരഭിലമായൊരു ജീവിതശൈലി സ്വാംശീകരിക്കാന്‍ പര്യാപ്‌തമാക്കുന്ന ഒന്നാണത്‌. യേശുവിന്റെ ശവസംസ്‌കാരത്തിന്‌ മീറയും ചെന്നിനായകവും ചേര്‍ന്ന നൂറു റാത്തലോളം സുഗന്ധദ്രവ്യവുമായി കല്ലറയിങ്കലെത്തുന്ന നിക്കൊദേമോസിന്റെ (യോഹ 19:39) ഗുരുഭക്തിയും ഉദ്ദീപ്‌തമായ ത്യാഗപുഷ്‌ക്കലതയും എത്ര ഉദാത്തമായിരിക്കുന്നു!

പല പ്രാപഞ്ചിക പ്രതിഭാസങ്ങളും യേശുവിന്റെ പ്രബോധനങ്ങള്‍ക്കു സാഹചര്യം ഒരുക്കിയിട്ടുണ്ട്‌. അവിടുത്തേക്ക്‌ അവയോടുളള ഉദ്യുക്തയും താദാത്മീഭാവവും ഏറെ സുവിദിതമായിരിക്കുന്നു. പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം പ്രസ്‌പഷ്‌ടമാക്കുന്നതിന്‌ അവിടുന്ന്‌ ഉപയോഗിച്ച പ്രതീകമാണ്‌ `റൂഹാ' അഥവാ കാറ്റ്‌. ``കാറ്റ്‌ അതിനിഷ്‌ടമുളളടത്തേക്കു വീശുന്നു. അതിന്റെ ശബ്‌ദം നീ കേള്‍ക്കുന്നു. എന്നാല്‍, അത്‌ എവിടെനിന്നു വരുന്നെന്നോ എവിടേക്ക്‌ പോകുന്നെന്നോ നീ അറിയുന്നില്ല. ഇതുപോലെയാണ്‌ ആത്മാവില്‍നിന്നു ജനിക്കുന്ന ഏവനും (യോഹ 3:8).

ഇവിടെ അത്ഭുതങ്ങളും അടയാളങ്ങളും യേശുവിന്റെ പ്രബോധനങ്ങള്‍ക്കു സാഹചര്യം ഒരുക്കിയിട്ടുണ്ടോ എന്ന പ്രശ്‌നം ഉന്നയിക്കാവുന്നതാണ്‌. ഉത്തരം പ്രത്യക്ഷമായിട്ടല്ലെങ്കില്‍ പരോക്ഷമായിട്ടെങ്കിലും ഉണ്ടെന്നു തന്നെയാകും. ദ്വിതീയ വത്തിക്കാന്‍ സൂനഹദോസ്‌ ദൈവിക വെളിപാടിനെ സംബന്ധിച്ച പ്രമാണരേഖയിലൂടെ പഠിപ്പിക്കുന്നത്‌, ദൈവത്തിന്റെ വെളിപ്പെടുത്തല്‍ വാക്കിലൂടെ മാത്രമല്ല പ്രവൃത്തിയിലൂടെയും ആണെന്നത്രേ. വെളിച്ചം ഉണ്ടാകട്ടെ എന്നത്‌ വാക്കാണെങ്കില്‍, ശ്രാവ്യമാണെങ്കില്‍, വെളിച്ചം ഉണ്ടായി എന്നത്‌ പ്രവൃത്തിയാണ്‌, ദൃശ്യമാണ്‌. ദൈവികവെളിപാടു പങ്കുവയ്‌ക്കാന്‍ പ്രവാചകന്മാര്‍ ഉള്‍ക്കൊണ്ട സമീപനവും ഇതുതന്നെ. പ്രവൃത്തികളിലൂടെയും അവര്‍ വെളിപാടിന്റെ വക്താക്കളാകുന്നു. ദൈവികസന്ദേശം പകരുന്ന എത്രയോ പ്രതീകാത്മക പ്രവൃത്തികള്‍ പ്രവാചകഗ്രന്ഥങ്ങളില്‍ വിവരിച്ചിരിക്കുന്നു.

മഹാപ്രവാചകനും ഗുരുനാഥനുമായ യേശുവും ദൃശ്യശ്രാവ്യ മാധ്യമങ്ങളിലൂടെ പഠിപ്പിക്കുകയും സ്വയം വെളിപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്‌. അത്ഭുതങ്ങളും അടയാളങ്ങളും സന്ദേശം നല്‍കുകയും അവിടെത്തെ മെസ്സയാ രഹസ്യം അനാവരണം ചെയ്യുകയും ചെയ്യുന്ന പ്രവൃത്തികളാണ്‌; അവ യേശുവിന്റെ അധ്യാപനത്തിന്‌ സാഹചര്യമൊരുക്കുന്നവയുമാണ്‌. `അവന്‍ തളര്‍വാതരോഗിയോടു പറഞ്ഞു: ഞാന്‍ നിന്നോടു പറയുന്നു, എഴുന്നേറ്റ്‌ നിന്റെ കിടക്കയുമെടുത്ത്‌ വീട്ടിലേക്കു പോവുക. അവന്‍ എഴുന്നേറ്റ്‌ കിടക്കയുമെടുത്ത്‌ എല്ലാവരും കാണ്‍കെ പുറത്തേക്കു പോയി (മര്‍ക്കോ. 2:10-12). ഈ അത്ഭുതസംഭവത്തിലൂടെ താന്‍ പാപവിമോചകനായ മിശിഹായാണെന്ന സത്യം ജനങ്ങളെ പഠിപ്പിക്കുകയാണ്‌. ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകുന്ന യേശു ആ പ്രവൃത്തിയിലൂടെ വിനയത്തിന്റെ പാഠം അവര്‍ക്കു നല്‍കുകയാണല്ലോ (യോഹ. 13:15).

ഓരോ സാഹചര്യത്തിലും ഒന്നോ അതിലധികമോ ബോധനരീതി യേശു അവലംബിക്കുന്നുതായി കാണാം. അധ്യാപകനെന്ന നിലയില്‍ അവിടുത്തെ പ്രധാന ബോധനശൈലിയാണ്‌ ഇവിടെ വിശകലനം ചെയ്യുക. യേശുവിന്റെ പ്രബോധനങ്ങളില്‍നിന്ന്‌ ഏതാനും ഭാഗങ്ങള്‍ മാത്രം പരിശോധിക്കുകയും അവയിലൂടെ ആവിഷ്‌കൃതമാകുന്ന ബോധനരീതികളും തത്വങ്ങളും വിശദീകരിക്കുകയും ചെയ്യുകയാണ്‌. ഒരു വിഹഗവീക്ഷണം. അത്രയേ പറ്റൂ. (തുടരും)

Author: ഫാ. മാത്യു അത്തിക്കല്‍, മാനന്തവാടി

Monday, March 15, 2010

യേശു വിശ്വൈക ഗുരുനാഥന്‍ - 1

നൂറ്റാണ്ടുകളുടെ പരിണാമപ്രക്രിയയില്‍ വിശ്വാസവിഷയമായി യേശുവും ചരിത്രപുരുഷനായ യേശുവും തമ്മിലുള്ള ദ്വന്ദ്വാത്മകത വലിയൊരു പരിധിവരെ നിര്‍ണായകസ്വാധീനം ചെലുത്തിയിരുന്നു എന്നു പറയാം. ഈ രണ്ടു സമീപനങ്ങളും യേശുവാകുന്ന ഒരേ ബിന്ദുവിലാണു സന്ധിക്കുന്നതെങ്കിലും ഊന്നല്‍ കൊടുക്കുന്ന കാര്യത്തില്‍ വ്യത്യസ്‌തത പുലര്‍ത്തുന്നു. വിശ്വാസവിഷയമായ യേശു എന്നും ജനകോടികളുടെ ആരാധനാപാത്രമായിരുന്നിട്ടുണ്ട്‌. ഇന്നും അങ്ങനെതന്നെ. അവിടുത്തെ ദൈവികത്വവും ആ വ്യക്തിത്വത്തിന്റെ ശാലീനതയും ഊഷ്‌മളതയും പ്രാഭവവും വിശ്വാസ്യതയും നൈര്‍മല്യവുമൊക്കെ ഭക്തരില്‍ നിസ്‌തുലവും ക്രിയാത്മകവുമായ സ്വാധീനം ഉളവാക്കിക്കൊണ്ടിരിക്കുന്നു. ദിവ്യമായ ആ വ്യക്തിത്വത്തില്‍ മനുഷ്യസഹജമായ ഏതെങ്കിലും പരിമിതികളോ ദൗര്‍ബല്യങ്ങളോ ഉണ്ടാകാമെന്ന്‌ അംഗീകരിക്കാന്‍ കഴിയാത്ത, ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അന്ധമായ ആരാധനാ മനോഭാവമാണ്‌ കഴിഞ്ഞ കാലഘട്ടത്തിന്റെ സവിശേഷത. ഇന്ന്‌ യേശുവിനെ പച്ച മനുഷ്യനായും മാനുഷിക പരിമിതികള്‍ ഉള്ളവനായും പ്രാന്തവല്‍കൃത യഹൂദനായുമൊക്കെ വീക്ഷിക്കുന്ന ബൈബിള്‍ അധിഷ്‌ഠിത പഠനങ്ങള്‍ വെളിച്ചം കണ്ടുകൊണ്ടിരിക്കുന്നു.

അതിന്റെയൊക്കെ ചില വികൃതവും ബീഭത്സവും പൈശാചികവുമായ രൂപങ്ങളാണ്‌ ഗ്രീക്ക്‌ സാഹിത്യകാരനായ കസന്ത്‌സക്കീസ്സിന്റെ `അന്ത്യപ്രലോഭന'ത്തിലും ആംഗലേയനോവലിസ്റ്റായ ഡാന്‍ ബ്രൗണിന്റെ `ഡാവിഞ്ചിക്കോഡിലും' മലയാളത്തില്‍ സക്കറിയായുടെ യേശുകഥകളിലും ദര്‍ശിക്കാനാവുക. വിവാഹിതനായി മഗ്‌ദലനാമറിയത്തോടും മക്കളോടുമൊപ്പം കുടുംബജീവിതം നയിക്കുന്നതായി സ്വപ്‌നം കാണുന്ന ക്രൂശിതനായ യേശുവിനെയാണ്‌ കസന്ത്‌സക്കീസ്‌ അവതരിപ്പിക്കുന്നതെങ്കില്‍ ഡാന്‍ ബ്രൗണ്‍ ഒരു പടികൂടി കടന്ന്‌ യേശുവിനെ സ്വപ്‌നലോകത്തുനിന്നും കുരിശില്‍നിന്നും മോചിപ്പിച്ചു ജീവിതത്തിന്റെ പരുപരുത്ത മേഖലകളിലേക്കു തള്ളിവിടുന്നു. മഗ്‌ദലനമറിയവുമായിട്ടുള്ള അവിടുത്തെ ദാമ്പത്യജീവിതത്തിന്റെ സജീവസാക്ഷ്യമാണ്‌ ഡാന്‍ബ്രൗണ്‍ പടിഞ്ഞാറന്‍ യൂറോപ്പിലെങ്ങോ കണ്ടെത്തിയെന്നു പറയപ്പെടുന്ന കഥാപാത്രമായ പെണ്‍കുട്ടി. സക്കറിയായുടെ പച്ചമനുഷ്യനായ യേശു മഗ്‌ദലനമേരിയുമൊത്ത്‌ ലൈംഗികകേളികളില്‍ മുഴുകുന്നു. (കണ്ണാടിക്കാണ്മോളവും).

ഇവിടെ എടുത്തുപറയാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യമിതാണ്‌. ആരാധനാപാത്രമായ യേശുവിനെ തേടിയവര്‍ അവിടുത്തെ സമ്പൂര്‍ണ മാനവികത കാണാതെ പോയി. ചരിത്രപുരുഷനായ യേശുവിനെ അന്വേഷിച്ച പലര്‍ക്കുമാകട്ടെ അവിടുത്തെ ദിവ്യത അന്യമായി താനും.

അധ്യാപകനായ യേശുവുമായി ബന്ധപ്പെടുത്തി ചിന്തിക്കുമ്പോള്‍ ഒരു കാര്യം വ്യ ക്തമാകുന്നു. പൂര്‍വകാലങ്ങളിലെ വിദ്യാഭ്യാസ വിചക്ഷണന്മാരാരുംതന്നെ യേശുവി നെ അറിഞ്ഞവരല്ല. അവിടു ത്തെ കണ്ടെത്തിയവരോ ആ രാധനാഭാവം നിമിത്തം അ വിടുത്തെ ദൈവികതയുടെ സ്വാധീനവലയത്തിലായിപ്പോയി. അധ്യാപകനെന്ന ത ലത്തില്‍ യേശുവിനെ കാ ണുകയും അവിടുത്തെ പ്ര ബോധനരീതിയും മറ്റും അപഗ്രഥനവിഷയമാക്കുകയും ചെയ്യുന്നത്‌ ആ വ്യക്തിത്വത്തോടുള്ള അവഹേളനമാ യി അവര്‍ കരുതിപ്പോന്നു. ``യേശുവിന്റെ പഠനങ്ങള്‍ ഉള്‍ക്കൊണ്ടാല്‍ മതി; അവിടുന്ന്‌ എങ്ങനെ പ്രബോധിപ്പിച്ചു എന്നൊന്നും പരിശോധിക്കാന്‍ തുനിയരുത്‌.'' ഇ ത്തരത്തിലുള്ള വളരെ നി ഷേധാത്മകമായൊരു സമീപനമാണ്‌ നമുക്ക്‌ കാണാന്‍ കഴിയുക. ഇതിലേറെയൊ ന്നും കഴിഞ്ഞ കാലഘട്ടത്തില്‍ നിന്നു പ്രതീക്ഷിക്കാനില്ല. കാരണം, ബൈബിളില്‍ സാഹിത്യരൂപങ്ങള്‍ ഉണ്ടെന്നും രൂപവിമര്‍ശനം ആവശ്യമാണെന്നും ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതുതന്നെ കഴിഞ്ഞ നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലാണല്ലോ.

അധ്യാപകനായി അംഗീകൃതന്‍
പിതാവു ലോകത്തിലേക്കയച്ച ഗുരുവാണ്‌ താനെന്ന വ്യക്തമായ അവബോധം യേശുവിനുണ്ടായിരുന്നു. ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയ അവസരത്തില്‍ അവിടുന്ന്‌ ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്‌തു. ``നിങ്ങള്‍ എന്നെ ഗുരു എന്നും കര്‍ത്താവ്‌ എന്നും വിളിക്കുന്നു. അതു ശരിതന്നെ. ഞാന്‍ ഗുരുവും കര്‍ത്താവുമാണ്‌'' (യോഹ. 13:13). തന്നോടുകൂടെ ആയിരിക്കാനും പ്രസംഗിക്കാന്‍ അയയ്‌ക്കാനും വേണ്ടി യേശു വിളിച്ചു നിയോഗിച്ച ശിഷ്യന്മാര്‍ (മര്‍ക്കോസ്‌ 3:14,15) എല്ലാ സന്ദര്‍ഭങ്ങളിലും അവിടുത്തെ `ഗുരു' എന്ന്‌ അഭിസംബോധന ചെയ്യുന്നു. ഉദാഹരണത്തിന്‌ കൊടുങ്കാറ്റടിച്ചു തോണി അപകടത്തിലാകുമ്പോള്‍ ``ഗുരോ, ഗുരോ ഞങ്ങള്‍ നശിക്കുന്നു'' എന്നു പറഞ്ഞാണ്‌ അവര്‍ യേശുവിനെ ഉണര്‍ത്തുക (ലൂക്കാ 8:24). ജനക്കൂട്ടത്തിന്റെ തിക്കിലും തിരക്കിലുംപെട്ട അവിടുത്തെ കണ്ട പത്രോസിന്റെ പ്രതികരണം: ``ഗുരോ, ജനക്കൂട്ടം ചുറ്റുംകൂടി നിന്നെ തിക്കുകയാണല്ലോ'' (ലൂക്കാ 8:45) എന്നാണ്‌. താബോറിലെ രൂപാന്തരണത്തിന്റെ സ്വര്‍ഗീയ തേജസ്‌ തഴുകിനിന്നപ്പോഴും ആ പ്രേഷ്‌ഠശിഷ്യന്‍ ഉദീരണം ചെയ്‌തു: ഗുരോ, നാം ഇവിടെയായിരിക്കുന്നത്‌ നല്ലതാണ്‌ (ലൂക്കാ 9:33). ജറുസലേം ദൈവാലയത്തിന്റെ നാശത്തെപ്പറ്റി യേശു പ്രവചിച്ചപ്പോള്‍ ശിഷ്യന്മാര്‍ ചോദിക്കുകയാണ്‌: ഗുരോ, ഇത്‌ എപ്പോഴാണ്‌ സംഭവിക്കുക? (ലൂക്കാ 21:7). ജന്മനാ അന്ധനെ കണ്ട ശിഷ്യന്മാരുടെ ചോദ്യം: റബ്ബീ, ഇവന്‍ അന്ധനായി ജനിച്ചത്‌ ആരുടെ പാപം നിമിത്തമാണ്‌? (യോഹ. 9:2) എന്നത്രേ.

യഹൂദവിജാതീയ സമൂഹങ്ങളില്‍ യേശു `ഗുരു' ആയിട്ടാണ്‌ അറിയപ്പെട്ടിരുന്നത്‌. `നീ പോകുന്നിടത്തെല്ലാം ഞാന്‍ നിന്നെ അനുഗമിക്കുമെന്നോതിയ നിയമജ്ഞനും' (മത്താ. 8:19), അടയാളം കാണാന്‍ ആഗ്രഹിക്കുന്ന ചില നിയമജ്ഞരും ഫരിസേയരും (മത്തായി 12:38), നിത്യജീവന്‍ പ്രാപിക്കാന്‍ ചെയ്യേണ്ട നന്മപ്രവൃത്തിയെപ്പറ്റിയാരാഞ്ഞ ധനികനായ യുവാവും (മത്തായി 19:16 ; മര്‍ക്കോ. 10:17). പരീക്ഷണാര്‍ത്ഥം, നിത്യജീവന്‍ അവകാശമാക്കാന്‍ എന്തു ചെയ്യണമെന്നു ചോദിച്ച നിയമജ്ഞനും (ലൂക്കാ 10:25) നിയമത്തിലെ അതിപ്രധാന കല്‍പനയെപ്പറ്റി അന്വേഷിക്കുന്ന നിയമപണ്‌ഡിതനും (മര്‍ക്കോസ്‌ 22:35) പുനരുത്ഥാനനന്തര ദാമ്പത്യബന്ധത്തിന്റെ സാധ്യതയെപ്പറ്റി സംസാരിക്കുന്ന സദുക്കായരും (മത്തായി 22:24 ; മര്‍ക്കോസ്‌ 12:19 ; ലൂക്കാ 20:28) യേശുവിനെ `ഗുരോ' എന്ന്‌ അഭിസംബോധന ചെയ്യുന്നു. രാത്രിയില്‍ യേശുവിനെ സന്ദര്‍ശിച്ച നിക്കൊദേമോസും സ്‌പഷ്‌ടമായി ഏറ്റുപറയുന്ന ഒരു സത്യമാണിത്‌. ``റബ്ബീ, അങ്ങു ദൈവത്തില്‍നിന്നു വന്ന ഒരു ഗുരുവാണെന്ന്‌ ഞങ്ങള്‍ അറിയുന്നു'' (യോഹ. 3:2). അപ്പം ഭക്ഷിച്ചു തൃപ്‌തരായവര്‍ തിബേരിയാസ്‌ കടലിനു മറുകരെ യേശുവിനെ കണ്ടുമുട്ടിയപ്പോള്‍ ഉന്നയിക്കുന്ന ചോദ്യവും ആരംഭിക്കുന്നത്‌ `റബ്ബീ' എന്നു വിളിച്ചുകൊണ്ടാണ്‌: ``റബ്ബീ, അങ്ങ്‌ എപ്പോള്‍ ഇവിടെ എത്തി?'' (യോഹ. 6:25). ഉത്ഥിതനെ തിരിച്ചറിഞ്ഞ മഗ്‌ദലന മറിയം അവിടുത്തെ വിളിച്ചു `റബ്ബോനീ' ഗുരു എന്ന്‌ (യോഹ. 20:18). അശുദ്ധാത്മാവ്‌ ആവേശിച്ച മകന്റെ പിതാവിനും (മര്‍ക്കോസ്‌ 9:17 ; ലൂക്കാ 9:38) ആതിഥേയനായ ശിമയോനും (ലൂക്കാ 7:40) സീസറില്‍നിന്നുള്ള നികുതിപ്രശ്‌നം ഉന്നയിച്ചു യേശുവിനെ വാക്കില്‍ കുടുക്കാന്‍ ശ്രമിക്കുന്ന നിയമജ്ഞര്‍ക്കും പുരോഹിത പ്രമുഖര്‍ക്കും (ലൂക്കാ 20:21) പത്തുകുഷ്‌ഠരോഗികള്‍ക്കും (ലൂക്കാ 17:14) ഓശാന പാടി ആര്‍ത്തുവിളിക്കുന്ന ജനത്തെ ശാസിക്കാന്‍ ആവശ്യപ്പെടുന്ന ഫരിസേയര്‍ക്കും അവിടുന്ന്‌ `ഗുരു' തന്നെ. മാളികമുറിയുടെ ഉടമസ്ഥനോട്‌ ശിഷ്യന്മാര്‍ പറയേണ്ട വാക്കുകള്‍ യേശുതന്നെ നിര്‍ദ്ദേശിക്കുന്നു: ``ഗുരു ചോദിക്കുന്നു, ഞാന്‍ എന്റെ ശിഷ്യന്മാരുമൊത്ത്‌ പെസഹാ ഭക്ഷിക്കുന്നതിന്‌ എന്റെ വിരുന്നുശാല എവിടെയാണ്‌?'' (മര്‍ക്കോ. 14:14). ഈ ചോദ്യം സമൂഹം യേശുവിനെ ഗുരുവായി അംഗീകരിച്ചിരുന്നു എന്നതിന്റെ വ്യക്തമായ സൂചന നല്‍കുന്നുണ്ട്‌.
(തുടരും)

Author: ഫാ. മാത്യു അത്തിക്കല്‍, മാനന്തവാടി

വിശ്വാസവും യുക്തിയും

കഴിഞ്ഞ നവംബര്‍ നാലാം തിയതി വത്തിക്കാനില്‍ നടത്തിയ ഒരു പ്രബോധനത്തില്‍ പരി. പിതാവ്‌ ബനഡിക്‌ട്‌ പതിനാറാമന്‍ പാപ്പ സഭയില്‍ ആരോഗ്യകരമായ ദൈവശാസ്‌ത്ര ചര്‍ച്ച നടക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ സൂചിപ്പിച്ചിരുന്നു. ക്ലെയര്‍വോയിലെ വി. ബെര്‍ണാര്‍ദും പീറ്റര്‍ ആബെലാര്‍ദും തമ്മില്‍ നടന്ന ദൈവശാസ്‌ത്രവിവാദത്തിന്റെ പശ്ചാത്തലത്തിലാണ്‌ മാര്‍പാപ്പ ചില ചിന്തകള്‍ പങ്കുവച്ചത്‌. വി. ബെര്‍ണാര്‍ദ്‌ `ഹൃദയത്തിന്റെ ദൈവശാസ്‌ത്രം' എന്നു വിളിക്കാവുന്ന പന്ത്രണ്ടാം നൂറ്റാണ്ടിലെ മൊണാസ്റ്റിക്‌ ദൈവശാസ്‌ത്രത്തിന്റെ ശക്തനായ വക്താവും പീറ്റര്‍ ആബെലാര്‍ദ്‌ `ബുദ്ധിയുടെ ദൈവശാസ്‌ത്രം' എന്നു വിളിക്കാവുന്ന സ്‌കൊളാസ്റ്റിക്‌ ദൈവശാസ്‌ത്രത്തിന്റെ വക്താവുമാണ്‌. ഇവര്‍ തമ്മിലുള്ള സംവാദത്തിന്റെ പശ്ചാത്തലത്തില്‍ ബനഡിക്‌ട്‌ മാര്‍പാപ്പ ദൈവശാസ്‌ത്രത്തെക്കുറിച്ച്‌ പറയുന്നത്‌ ``വിശ്വാസത്തിലൂടെ ബോധ്യപ്പെടുന്ന ക്രൈസ്‌തവ വെളിപാടിന്റെ രഹസ്യങ്ങളെക്കുറിച്ച്‌ സാധ്യമായിടത്തോളം യുക്തിപരമായ ഒരു ഗ്രാഹ്യത്തിനുവേണ്ടിയുള്ള അന്വേഷണമാണ്‌ ദൈവശാസ്‌ത്രം'' എന്നാണ്‌. വിശ്വാസവും യുക്തിയും തമ്മിലുള്ള ബന്ധത്തെ എടുത്തുപറയുന്ന ഒരു പരമ്പരാഗത നിര്‍വചനമാണ്‌ `വിശ്വാസം മനസിലാക്കപ്പെടുവാന്‍ ആഗ്രഹിക്കുന്നു' എന്നത്‌.

വി. ബെര്‍ണാര്‍ദിനെ സംബന്ധിച്ചിടത്തോളം വി. ഗ്രന്ഥവും സഭാപിതാക്കന്മാരുടെ പ്രബോധനവും നല്‍കുന്ന സാക്ഷ്യത്തെ അടിസ്ഥാനപ്പെടുത്തി വിശ്വാസത്തിന്‌ അതില്‍തന്നെ അഗാധമായ തീര്‍ച്ചയുണ്ട്‌. സംശയമോ അര്‍ത്ഥസന്ദിഗ്‌ദ്ധതയോ വിശ്വാസപരമായ കാര്യങ്ങളില്‍ ഉണ്ടാകുമ്പോള്‍ സഭയുടെ പ്രബോധനാധികാരത്തിന്റെ സാന്നിധ്യത്തില്‍ വിശ്വാസം സംരക്ഷിതമാണെന്ന നിലപാടാണ്‌ വി. ബെര്‍ണാര്‍ദിനുള്ളത്‌. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, പരമമായ വിശ്വാസസത്യങ്ങളെ ബുദ്ധികൊണ്ടുമാത്രം വിമര്‍ശനാത്മകമായ പരിശോധനയ്‌ക്കു വയ്‌ക്കുമ്പോള്‍ ഓരോരുത്തര്‍ക്കും ഇഷ്‌ടമുള്ള വിധത്തില്‍ പരമമായ സത്യത്തെ വ്യാഖ്യാനിക്കാം എന്ന അപകടം പതിയിരിക്കുന്നുണ്ട്‌. എന്നാല്‍ തത്വശാസ്‌ത്രത്തിലും ദൈവശാസ്‌ത്രത്തിലും പ്രഗത്ഭനായിരുന്ന പീറ്റര്‍ ആബെലാര്‍ദിന്റെ പല പഠനങ്ങളും തത്വശാസ്‌ത്രത്തിന്റെ പരിധിവിട്ട ഉപയോഗത്തിന്റെ ഫലമായുണ്ടായതാണ്‌. ഉദാഹരണമായി, സാന്മാര്‍ഗികമണ്‌ഡലത്തിലെ ആബെലാര്‍ദിന്റെ പ്രബോധനമനുസരിച്ച്‌ ഒരു പ്രവൃത്തി നന്മയോ തിന്മയോ ആകുന്നത്‌ ആ പ്രവൃത്തി ചെയ്‌തയാളിന്റെ ഉദ്ദേശ്യത്തിന്റെ അടിസ്ഥാനത്തിലാണ്‌. പ്രവൃത്തികളുടെ വസ്‌തുനിഷ്‌ഠമായ പ്രാധാന്യത്തെയും ധാര്‍മ്മികമൂല്യത്തെയും അവഗണിച്ചു എന്നതായിരുന്നു അദ്ദേഹത്തിന്റെ പഠനത്തിലെ അപകടം. അതേസമയംതന്നെ ദൈവവചനമായ ക്രിസ്‌തുവിനെ സ്വീകരിക്കാനുള്ള ഒരുക്കം അക്രൈസ്‌തവ പാരമ്പര്യങ്ങളില്‍ സന്നിഹിതമാണ്‌ എന്നതുപോലെയുള്ള ആബെലാര്‍ദിന്റെ ചില ഉള്‍ക്കാഴ്‌ചകളുടെ മൂല്യം മാര്‍പാപ്പ അനുസ്‌മരിക്കുന്നുണ്ട്‌.

വി. ബെര്‍ണാര്‍ദും ആബെലാര്‍ദും തമ്മില്‍ നടന്ന സംവാദം സഭയ്‌ക്കുള്ളില്‍ ആരോഗ്യകരമായ ദൈവശാസ്‌ത്രചര്‍ച്ച നടക്കുന്നതിന്റെ പ്രയോജനവും ആവശ്യകതയും എടുത്തുകാട്ടുന്നുവെന്ന്‌ ബനഡിക്‌ട്‌ മാര്‍പാപ്പ ചൂണ്ടിക്കാണിക്കുന്നുണ്ട്‌. തന്റെ പഠനങ്ങളുടെ പേരില്‍ സഭാപരമായ വിലക്ക്‌ ആബെലാര്‍ദിനു ലഭിച്ചെങ്കിലും ഒടുവില്‍ വിശ്വാസചൈതന്യത്തില്‍ സഭയുടെ അധികാരത്തിനു വിധേയപ്പെട്ട്‌ സഭയോടുള്ള പൂര്‍ണമായ ഐക്യത്തിലാണ്‌ അദ്ദേഹം മരണമടഞ്ഞത്‌. തന്റെ തെറ്റുകള്‍ സമ്മതിക്കുന്നതില്‍ ആബെലാര്‍ദ്‌ വിനയവും വി. ബെര്‍ണാര്‍ദ്‌ അതിനോട്‌ മഹാമനസ്‌കതയും കാണിച്ചു. ദൈവികവെളിപാടിനാല്‍ നമുക്കു ലഭിച്ച അടിസ്ഥാന തത്വങ്ങളും തത്വശാസ്‌ത്രം അഥവാ യുക്തി മുന്നോട്ടുവയ്‌ക്കുന്ന വ്യാഖ്യാനസംബന്ധമായ തത്വങ്ങളും തമ്മില്‍ ദൈവശാസ്‌ത്രമണ്‌ഡലത്തില്‍ ശരിയായ തുലനം ഉണ്ടായിരിക്കണമെന്ന്‌ ഈ സംഭവം നമ്മെ അനുസ്‌മരിപ്പിക്കുന്നുവെന്ന്‌ ബനഡിക്‌ട്‌ പതിനാറാമന്‍ പാപ്പാ പറയുന്നുണ്ട്‌.

വിശ്വാസവും യുക്തിയും തമ്മിലുള്ള ബന്ധംവിശ്വാസത്തെയും യുക്തിയെയും കുറിച്ച്‌ സവിസ്‌തരമായി പ്രതിപാദിക്കുന്ന ചാക്രികലേഖനമാണ്‌ 1998 സെപ്‌തംബര്‍ 14-ന്‌ ഭാഗ്യസ്‌മരണാര്‍ഹനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പുറപ്പെടുവിച്ച ``വിശ്വാസവും യുക്തിയും'' എന്ന ചാക്രികലേഖനം. പ്രസ്‌തുത ചാക്രികലേഖനത്തില്‍, സത്യത്തെക്കുറിച്ചുള്ള ധ്യാനത്തിലേക്ക്‌ മനുഷ്യമനസിന്‌ പറന്നുയരാനുള്ള രണ്ടു ചിറകുകള്‍ പോലെയാണ്‌ വിശ്വാസവും യുക്തിയും എന്ന്‌ പരി. പിതാവ്‌ ചൂണ്ടിക്കാണിക്കുന്നുണ്ട്‌. വിശ്വാസത്തെയും യുക്തിയെയും തമ്മില്‍ വേര്‍തിരിക്കാന്‍ പാടില്ല. അങ്ങനെ ചെയ്‌താല്‍ മനുഷ്യര്‍ക്ക്‌ തങ്ങളെത്തന്നെയും ലോകത്തെയും ദൈവത്തെയും ശരിയായ രീതിയില്‍ അറിയാനുള്ള കഴിവു കുറഞ്ഞുപോകുമെന്ന്‌ മാര്‍പാപ്പ തന്റെ ചാക്രികലേഖനത്തിലൂടെ നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്‌. ഒന്നാം വത്തിക്കാന്‍ കൗണ്‍സില്‍ ഇങ്ങനെ പറയുന്നു: ``വിശ്വാസം യുക്തിയേക്കാള്‍ ഉന്നതമാണെങ്കിലും വിശ്വാസവും യുക്തിയും തമ്മില്‍ യഥാര്‍ത്ഥമായ അകല്‍ച്ച ഉണ്ടായിരിക്കാന്‍ സാധ്യമല്ല. കാരണം, രഹസ്യങ്ങളെ വെളിവാക്കുകയും വിശ്വാസമാകുന്ന ദാനം നല്‍കുകയും ചെയ്യുന്ന അതേ ദൈവം മനുഷ്യചൈതന്യത്തില്‍ യുക്തിയുടെ വെളിച്ചം സ്ഥാപിക്കുകയും ചെയ്‌തിട്ടുണ്ട്‌.''
ദൈവശാസ്‌ത്രരംഗത്ത്‌ യുക്തി അവഗണിക്കപ്പെടുന്നു

ഈ കാലഘട്ടത്തിലെ ഒരു പ്രത്യേകതയായ, യുക്തിയെക്കുറിച്ചുള്ള ആഴത്തില്‍ വേരുറച്ച അവിശ്വാസത്തെക്കുറിച്ച്‌ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1998-ല്‍ പുറപ്പെടുവിച്ച `വിശ്വാസവും യുക്തിയും' എന്ന തന്റെ ചാക്രികലേഖനത്തില്‍ സൂചിപ്പിക്കുന്നുണ്ട്‌. ഉദാഹരണമായി തത്വശാസ്‌ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശാഖയായ ``അതിഭൗതികശാസ്‌ത്രത്തിന്റെ അന്ത്യ''ത്തെക്കുറിച്ച്‌ പലരും സംസാരിക്കാറുണ്ടെന്ന്‌ അദ്ദേഹം തന്റെ ചാക്രികലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്‌ (വിശ്വാസവും യുക്തിയും, നമ്പര്‍ 55).

വിശ്വാസവാദം അഥവാ Fideism ഇന്ന്‌ ദൈവശാസ്‌ത്രമണ്‌ഡലത്തില്‍ ഉയര്‍ന്നുവരുന്നതിനെക്കുറിച്ച്‌ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ തന്റെ ചാക്രികലേഖനത്തില്‍ ആശങ്കപ്പെടുന്നുണ്ട്‌. യുക്തിയുടെ സ്വാഭാവിക കഴിവുകളെ വിശ്വസിക്കാതിരിക്കുന്ന സിദ്ധാന്തമാണ്‌ വിശ്വാസവാദം. വിശ്വാസം മാത്രം മതി എന്നാണ്‌ ഈ സിദ്ധാന്തത്തെ പിന്തുണയ്‌ക്കുന്നവര്‍ വാദിക്കുന്നത്‌.

`വിശ്വാസവാദ'വുമായി ബന്ധപ്പെട്ട ഈ പ്രവണതയുടെ ഇന്നത്തെ വ്യാപകമായ ഒരു ലക്ഷണം `ബിബ്‌ളിസിസം' അഥവാ `ബൈബിള്‍ മാത്രവാദ'മാണെന്ന്‌ മാര്‍പാപ്പ പറയുന്നു (വിശ്വാസവും യുക്തിയും, നമ്പര്‍ 55). ബിബ്‌ളിസിസത്തിന്റെ പ്രത്യേകത അത്‌ വി. ഗ്രന്ഥവായനയെയും വ്യാഖ്യാനത്തെയും സത്യത്തിന്റെ ഏക മാനദണ്‌ഡമാക്കിത്തീര്‍ക്കാനുള്ള പ്രവണത കാണിക്കുന്നു എന്നതാണ്‌. അതിന്റെ ഫലമായി ദൈവവചനത്തെ വി. ഗ്രന്ഥത്തോടു മാത്രം താദാത്മ്യപ്പെടുത്തുന്നു. ഇവിടെ, രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഉയര്‍ത്തിക്കാട്ടിയ സഭയുടെ സിദ്ധാന്തം അവഗണിക്കപ്പെടുന്നു. അതായത്‌ വി. ഗ്രന്ഥത്തിലും പാരമ്പര്യത്തിലും ദൈവവചനം സന്നിഹിതമാണെന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ `ദൈവാവിഷ്‌ക്കരണം' എന്ന പ്രമാണരേഖയാണ്‌ ഇവിടെ തള്ളിമാറ്റപ്പെടുന്നത്‌.

ആധുനിക ലോകത്തില്‍ `വിശ്വാസവാദ'ത്തിന്റെ വിവിധരൂപങ്ങള്‍ നമുക്ക്‌ കാണാന്‍ സാധിക്കും. പ്രൊട്ടസ്റ്റന്റ്‌ സഭകളുടെ പൊതുവായ സവിശേഷത വിശ്വാസവാദം അതായത്‌ `യുക്തിയോടുള്ള അവിശ്വാസം' ആണല്ലോ. ഇന്ന്‌ കേരളത്തില്‍ പലയിടങ്ങളിലും വേരു പിടിച്ചുകൊണ്ടിരിക്കുന്ന പെന്തക്കോസ്‌തല്‍ - നവീകരണ ഗ്രൂപ്പുകള്‍ക്ക്‌ പൊതുവായിട്ടുള്ളത്‌ ഈ വിശ്വാസവാദമാണ്‌. യുക്തിയെ മാറ്റി നിര്‍ത്തിക്കൊണ്ടുള്ള ഈ വിശ്വാസവാദം കത്തോലിക്കാ സഭയില്‍ നിന്നും ഉയര്‍ന്നുവന്നിട്ടുള്ള ചില നവീകൃത - വിഘടിത ഗ്രൂപ്പുകളുടെ പ്രത്യേകതയാണ്‌. അപകടകരങ്ങളായ അബദ്ധ പ്രബോധനങ്ങളിലൂടെ ഇക്കൂട്ടര്‍ കത്തോലിക്കാ വിശ്വാസികളെ വഴിതെറ്റിക്കുന്നു. സഭയ്‌ക്കകത്തുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്ന വിഘടിതഗ്രൂപ്പിന്‌ ഒരുദാഹരണമാണ്‌ `സ്‌പിരിറ്റ്‌ ഇന്‍ ജീസസ്‌.' `യുക്തി' അവഗണിക്കപ്പെടുമ്പോള്‍ `അന്ധവിശ്വാസം' പിടിമുറുക്കുന്നത്‌ പലയിടത്തും നമുക്ക്‌ കാണാന്‍ സാധിക്കും.
അക്കാദമിക്‌ തലങ്ങളില്‍ അവഗണിക്കപ്പെടുന്ന യുക്തി

വിശ്വാസവാദത്തിന്റെ ഒളിഞ്ഞുകിടക്കുന്ന മറ്റു രൂപങ്ങളെക്കുറിച്ചും ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ പറയുന്നുണ്ട്‌. അന്വേഷണാത്മക ദൈവശാസ്‌ത്രത്തോട്‌ കാണിക്കുന്ന അവഗണനയിലും ക്ലാസിക്കല്‍ തത്വശാസ്‌ത്രത്തോടുള്ള അവജ്ഞയിലും `വിശ്വാസവാദ'ത്തിന്റെ ഒളിഞ്ഞിരിക്കുന്ന രൂപം കാണാനാകുമെന്ന്‌ അദ്ദേഹം പറയുന്നു. ഈ സാഹചര്യത്തില്‍, ദൈവശാസ്‌ത്രപഠനത്തിനായി ഒരുങ്ങുന്നവര്‍ക്കു കൊടുക്കേണ്ട സ്ഥായിയായ തത്വശാസ്‌ത്രപരിശീലനത്തെക്കുറിച്ച്‌ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ ചൂണ്ടിക്കാണിക്കുന്നുണ്ട്‌. സമകാലീന തത്വശാസ്‌ത്രങ്ങളില്‍ പലതിനും `യുക്തി'യില്‍ വിശ്വാസമില്ലെന്ന്‌ പാപ്പ ചൂണ്ടിക്കാണിക്കുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ മാനുഷിക ശാസ്‌ത്രങ്ങളെ യുക്തമായ രീതിയില്‍ പ്രയോഗിക്കാന്‍ ദൈവശാസ്‌ത്രജ്ഞര്‍ക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. എന്നാല്‍ അതിനര്‍ത്ഥം `തത്വശാസ്‌ത്ര'ത്തെ പുറമ്പോക്കിലാക്കണമെന്നോ വൈദികപരിശീലനത്തിലും വിശ്വാസത്തിന്റെ ഒരുക്കത്തിലും തത്വശാസ്‌ത്രത്തിന്റെ സ്ഥാനത്ത്‌ മറ്റെന്തെങ്കിലും പ്രതിഷ്‌ഠിക്കണമെന്നോ അല്ലെന്ന്‌ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ ഓര്‍മ്മിപ്പിക്കുന്നുണ്ട്‌. ദൈവശാസ്‌ത്രപഠനങ്ങളുടെ ഘടനയ്‌ക്കും വൈദികവിദ്യാര്‍ത്ഥികളുടെ പരിശീലനത്തിനും തത്വശാസ്‌ത്രപഠനം അടിസ്ഥാനപരവും അനുപേക്ഷണീയവുമാണെന്ന്‌ പരി. പിതാവ്‌ തന്റെ ചാക്രികലേഖനത്തില്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുണ്ട്‌. മാത്രമല്ല, വിശ്വാസത്തിനെതിരല്ലാത്ത തത്വശാസ്‌ത്രചിന്തയെ വിവേചിച്ചറിയാനും വളര്‍ത്താനും സഭയുടെ പ്രബോധനാധികാരത്തിന്‌ കടമയുണ്ടെന്നും പരി. പിതാവ്‌ ഉറപ്പിച്ചു പറയുന്നു.

വിശ്വാസവും യുക്തിയും ശരിയായ സ്ഥാനത്ത്‌ പ്രതിഷ്‌ഠിക്കണം
വിശ്വാസവും യുക്തിയും തമ്മിലുള്ള അഭേദ്യമായ ബന്ധം നിലനിര്‍ത്തണമെന്നാണ്‌ `വിശ്വാസവും യുക്തിയും' എന്ന തന്റെ ചാക്രികലേഖനത്തിലൂടെ പരി. പിതാവ്‌ ആഹ്വാനം ചെയ്യുന്നത്‌. യുക്തിയുടെ വെളിച്ചവും വിശ്വാസത്തിന്റെ വെളിച്ചവും ദൈവത്തില്‍ നിന്നു വരുന്നതിനാല്‍ അവ തമ്മില്‍ വൈരുധ്യമില്ലെന്നാണ്‌ വി. തോമസ്‌ അക്വീനാസിനെപ്പോലെയുള്ള വേദപാരംഗതര്‍ പഠിപ്പിക്കുന്നത്‌. എന്നാല്‍, ഇന്നത്തെ കാലഘട്ടത്തില്‍ യുക്തിയുടെ നിരാസം പല മണ്‌ഡലങ്ങളിലും ദൃശ്യമാണ്‌. കത്തോലിക്കാ വിശ്വാസജീവിതത്തെയും ഇന്ന്‌ യുക്തിയുടെ നിരാസം വരിഞ്ഞുമുറുക്കിയിരിക്കുകയാണ്‌. തല്‍ഫലമായി വിശ്വാസികള്‍ (പുരോഹിത-സന്യസ്‌ത-അല്‌മായഗണം) പലപ്പോഴും ഉപരിപ്ലവമായ തീവ്രമായ പ്രൊട്ടസ്റ്റന്റ്‌-പെന്തക്കോസ്‌തല്‍ കാഴ്‌ചപ്പാടുകള്‍ പല കത്തോലിക്കരെയും പിടികൂടിയിട്ടുണ്ട്‌. യുക്തിയെ വിശ്വാസജീവിതത്തില്‍ നിന്ന്‌ അകറ്റിയതിന്റെ ഫലമായിട്ടായിരിക്കാം ഒരുപക്ഷേ ഈയടുത്തനാളുകളില്‍ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്ന സെക്‌ടുകള്‍ കത്തോലിക്കാ സഭയ്‌ക്കകത്തുതന്നെ പൊട്ടിമുളച്ചത്‌. വിശ്വാസത്തെയും യുക്തിയെയും ശരിയായ അര്‍ത്ഥത്തില്‍ മനസിലാക്കുന്നിടത്താണ്‌ കത്തോലിക്കാ വിശ്വാസത്തിന്റെ തനിമ നിലകൊള്ളുന്നത്‌.

ഈ സാഹചര്യത്തില്‍ ബനഡിക്‌ട്‌ പതിനാറാമന്‍ പാപ്പ ചൂണ്ടിക്കാണിച്ച `സഭയിലെ ആരോഗ്യകരമായ ദൈവശാസ്‌ത്രചര്‍ച്ചയുടെ ആവശ്യകത' എന്തുകൊണ്ടും പ്രസക്തമാണ്‌. ആധുനിക ലോകത്തിലെ വിശ്വാസജീവിതത്തെ ഏറെ ബാധിച്ചിരിക്കുന്ന ഒരു രോഗമാണ്‌ അദ്ദേഹം പലപ്പോഴും ചൂണ്ടിക്കാണിച്ചിട്ടുള്ള `ആപേക്ഷികവാദം.' ഇന്നത്തെ മത-ധാര്‍മ്മിക ജീവിതമണ്‌ഡലങ്ങളെ ഏറെ ഗ്രസിച്ചിരിക്കുന്ന ആപേക്ഷികവാദമനുസരിച്ച്‌ `സത്യം' എന്നത്‌ ഓരോരുത്തര്‍ക്കും അവരവരുടെ സൗകര്യമനുസരിച്ച്‌ തീരുമാനിക്കാവുന്നതാണ്‌.

`സത്യ'ത്തെ സംബന്ധിച്ച ആത്മവിശ്വാസമില്ലായ്‌മയുടെ ഇന്നത്തെ ഏറ്റവും വലിയ ലക്ഷണം. കേരളത്തില്‍ നിരീശ്വരവാദം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടികളും പ്രസ്ഥാനങ്ങളും ആഗ്രഹിക്കുന്നത്‌ മതം എന്നത്‌ അന്ധവിശ്വാസമാണെന്നും യുക്തി എന്നത്‌ തങ്ങളുടെ മാത്രം കുത്തകയാണെന്നുമാണ്‌. വിശ്വാസികളെ സംബന്ധിച്ച്‌ ഏറെ അര്‍ത്ഥപൂര്‍ണമായ ആരാധനാക്രമാനുഷ്‌ഠാനങ്ങളെയും പ്രതീകങ്ങളെയും വെറും അന്ധവിശ്വാസം ആയാണ്‌ ഇക്കൂട്ടര്‍ അവതരിപ്പിക്കുന്നത്‌. ഇക്കൂട്ടരുടെ കെണിയില്‍പ്പെടുന്ന വിശ്വാസികളില്‍ പലരും ആരാധനാക്രമാനുഷ്‌ഠാനങ്ങള്‍ക്കും പ്രതീകങ്ങള്‍ക്കുമെതിരെ പടവാളോങ്ങിക്കൊണ്ട്‌ `സാര്‍വലൗകികവീക്ഷണ'ത്തിനും `വിധൈ്വകമത'ത്തിനും വേണ്ടി വാദിക്കാറുണ്ട്‌! യുക്തിയുടെ ദയനീയമായ തിരസ്‌കരണമാണ്‌ നാമിവിടെ കാണുന്നത്‌.

കത്തോലിക്കാസഭയുടെ ഈ ലോകത്തിലെ ദൗത്യത്തെ തീരെ ഇടുങ്ങിയ ചിന്താഗതിയോടെ മനസിലാക്കുന്ന വിശ്വാസികളും ഇന്നു വര്‍ധിച്ചുവരുന്നു. `ഞങ്ങള്‍ പാവങ്ങളെ സഹായിക്കാന്‍ തയ്യാറാണ്‌, മറ്റൊന്നിനുമില്ല' എന്നാണ്‌ ഇത്തരക്കാരുടെ നിലപാട്‌. ഇത്തരം മനോഭാവം സഭയുടെ യഥാര്‍ത്ഥ ദൗത്യത്തിന്‌ കടകവിരുദ്ധമാണ്‌. ദൈവവചനം പ്രഘോഷിക്കുക, കൂദാശകള്‍ ആഘോഷിക്കുക, സ്‌നേഹശുശ്രൂഷ നിര്‍വഹിക്കുക എന്നതാണ്‌ സഭയുടെ ത്രിവിധ ദൗത്യങ്ങളെന്ന്‌ ബനഡിക്‌ട്‌ പതിനാറാമന്‍ പാപ്പ `ദൈവം സ്‌നേഹമാകുന്നു' എന്ന തന്റെ ചാക്രികലേഖനത്തില്‍ പറയുന്നുണ്ട്‌ (നമ്പര്‍ 25). ഇതില്‍ ഏതെങ്കിലും ഒരു ദൗത്യം നാമമാത്രമായി നിര്‍വഹിക്കുകയും മറ്റു ദൗത്യങ്ങളെ അവഗണിക്കുകയും ചെയ്യുക എന്നത്‌ യുക്തിവിരുദ്ധമായ സമീപനത്തിന്‌ ഒരുദാഹരണമാണ്‌. നിര്‍ഭാഗ്യവശാല്‍, വിഷം ചീറ്റുന്ന പ്രത്യയശാസ്‌ത്രങ്ങളും അബദ്ധപ്രബോധനങ്ങളും സഭയ്‌ക്കു പുറത്തും അകത്തും നിന്ന്‌ സഭയെ ആക്രമിക്കുമ്പോള്‍ കത്തോലിക്കാസഭയ്‌ക്ക്‌ ശക്തമായ ഒരു മാധ്യമധര്‍മ്മം നിര്‍വഹിക്കാനുണ്ട്‌ എന്ന വസ്‌തുതപോലും പല വിശ്വാസികള്‍ക്കും അറിയില്ല! വിശ്വാസവും യുക്തിയും വിശ്വാസജീവിതത്തില്‍ അഭേദ്യമാംവിധം ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ചുള്ള അജ്ഞതയാണിതിനു കാരണം.
നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സഭാപിതാവായ വി. അഗസ്റ്റിന്റെ വാക്കുകള്‍ നമുക്കോര്‍മിക്കാം: ``വിശ്വസിക്കുക എന്നത്‌ സമ്മതത്തോടുകൂടി ചിന്തിക്കുകയല്ലാതെ മറ്റൊന്നുമല്ല. വിശ്വാസികള്‍ ചിന്തകന്മാര്‍ കൂടിയാണ്‌. വിശ്വസിക്കുമ്പോള്‍ അവര്‍ ചിന്തിക്കുന്നു. ചിന്തിക്കുമ്പോള്‍ അവര്‍ വിശ്വസിക്കുന്നു. വിശ്വാസം ചിന്തിക്കുന്നില്ലെങ്കില്‍ അതൊന്നുമല്ല.''

Author: ഫാ. ജോസഫ്‌ കളത്തില്‍

Tuesday, March 2, 2010

ഏലിക്കുട്ടി എന്ന വിചിത്രകഥാപാത്രം


ഏലിക്കുട്ടി എന്റെ വീട്ടില്‍ വരുമ്പോള്‍ അവര്‍ക്ക് ഏതാണ്ട് അന്‍പതു വയസ്സ് പ്രായം വരും. കറുത്ത്, കറുകറാ കറുത്ത് പൊക്കം കുറഞ്ഞ ഒരു മാംസപിണ്ഡം. ഇന്നത്തെ ചെറുപ്പക്കാര്‍ സങ്കല്പിക്കുന്നതുപോലുള്ള യാതൊരു 'ഷേയ്പു' മില്ലാത്ത അടിമുടി ഒരേ വണ്ണത്തിലുള്ള ഒരു നാലരയടി പൊക്കക്കാരിയാണ് ഏലിക്കുട്ടി. കോട്ടയം ജില്ലയുടെ ഏതോ ഭാഗത്ത് എന്നോ ജനിച്ച ഏലിക്കുട്ടിയെ തൃശൂര്‍ക്ക് ആദ്യമായി കൂട്ടിക്കൊണ്ടു വന്നതാരാണെന്നോ എന്നാണെന്നോ ഏലിക്കുട്ടിക്ക് ഓര്‍മ്മയില്ല.

ഏലിക്കുട്ടി സ്കൂളില്‍ പോയിട്ടില്ല. ഓര്‍മ്മ വച്ച നാള്‍ മുതല്‍ ഓരോ വീട്ടില്‍ ജോലിക്കു നില്‍ക്കുകയാണ്. അങ്ങനെയങ്ങനെ പല വീട്ടുകാരുടെയും സ്വന്തമായി ഏലിക്കുട്ടി വളര്‍ന്ന് വലുതായി. ജോലിക്കു നില്‍ക്കുന്ന വീട്ടില്‍ത്തന്നെ ഭക്ഷണവും താമസവും. ഭയങ്ങളില്ലാത്ത, സംശയങ്ങളില്ലാത്ത, എപ്പോഴും പൊട്ടിച്ചിരിക്കുന്ന സ്വഭാവമുള്ള ഏലിക്കുട്ടി ഞങ്ങള്‍ കാണുമ്പോള്‍ ഒരു നാട്ടിന്‍പുറം ഹോട്ടലിലെ കുശിനിക്കാരിയാണ്. ഹോട്ടല്‍ എന്നു പറഞ്ഞുകൂടാ; ചായക്കട. നാട്ടിന്‍പുറത്തെ ഒരു സാധാരണ ചായക്കടയില്‍ അന്ന് പണിയെടുത്താല്‍ കിട്ടുന്നത് 500 രൂപയാണ്. മാസം അഞ്ഞൂറു രൂപാ എന്നു കരുതേണ്ടതില്ല. വല്ലപ്പോഴും രണ്േടാ മൂന്നോ കൊല്ലം കൂടുമ്പോള്‍ കിട്ടുന്ന തുകയാണീ പറഞ്ഞത്. അന്ന് വീട്ടുവേലക്കാര്‍ക്ക് 50-60 രൂപയേ മാസശമ്പളമുള്ളൂ. ഇത് 1970 കളിലെ കഥ. ചെറിയ കടകളിലും ഏതാണ്ടിതൊക്കെത്തന്നെ കൂലി. പക്ഷേ, 'പണി' രാവിലെ ഏതാണ്ട് നാല് നാലരയ്ക്ക് തുടങ്ങും. അവസാനിക്കുന്നത് രാത്രി പത്തു പത്തരയ്ക്കും. ഇതില്‍ അന്നാര്‍ക്കും സങ്കടങ്ങളോ പ്രതിഷേധങ്ങളോ ഉണ്ടായിരുന്നില്ല. കാലം അങ്ങനെയായിരുന്നു. ഏലിക്കുട്ടിക്ക് ജോലിയാണ് പ്രധാനം. ശമ്പളം അവര്‍ക്ക് പ്രശ്നമേയല്ല.

ഞാനും എന്റെ ഭാര്യയും മതത്തിന്റെയും ജാതിയുടെയും മറ്റ് ആചാരാനുഷ്ഠാനകല്പനകളുടെയും മതിലുകള്‍ എന്നും ചാടിയിട്ടുള്ളവരാണ്. അതുകൊണ്ട് തന്നെ അമ്പലം പോലെ പള്ളിയും ഞങ്ങള്‍ക്ക് ദൈവാലയമാണ്. എന്നു മാത്രമല്ല പള്ളിയും പള്ളിക്കാരും അനവധി പേര്‍ സുഹൃത്തുക്കളായുമുണ്ട്. അന്നൊരിക്കല്‍ ശൈലജ പള്ളിമുറ്റത്തു നിന്ന് ഏതോ സുഹൃത്തുക്കളുമായി സംസാരിക്കവേയാണ് ഏലിക്കുട്ടി എന്ന ഈ സാധനത്തെ പരിചയപ്പെടുന്നത്.
ഹോട്ടല്‍ പണി വിട്ട് ഏതെങ്കിലും വീട്ടില്‍ നിന്നാല്‍ കൊള്ളാമെന്നുണ്ട് എന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഭാര്യ ഏലിക്കുട്ടിയെയും കൂട്ടി വീട്ടിലെത്തുന്നത്. അന്ന് എന്റെ ശൈലജയ്ക്ക് കൂട്ടായി വീട്ടില്‍ മറ്റൊരുത്തിയുണ്ട്. അതുകൊണ്ട് വേലക്കാരെ കിട്ടാനുള്ള ജാഗ്രതയിലല്ല ഏലിക്കുട്ടിയെ അവള്‍ സ്വാഗതം ചെയ്തത്.
ഭാര്യ ഗേറ്റ് തുറന്ന ശബ്ദത്തോടൊപ്പം ഒരു പൊട്ടിച്ചിരിയാണ് ഞാന്‍ അകത്തുനിന്നു കേട്ടത്. 'ങെ, ഇതാരാണപ്പാ, ഇത്ര വലിയ ചിരി' എന്നു ചിന്തിച്ച് പുറത്തേക്കു നോക്കിയപ്പോള്‍ ശൈലജയ്ക്കൊപ്പം വളരെ നാളത്തെ ഒരു സുഹൃത്തിനെപ്പോലെ ഏലിക്കുട്ടിയും ചിരിച്ചുല്ലസിച്ചു വരുന്നു. ഞങ്ങള്‍ തൃശൂര്‍ വന്നിട്ട് ഒരു കൊല്ലത്തിലേറെ സമയമായി. ഇതിനിടെ ആരെ എവിടെ വച്ചു പരിചയപ്പെട്ടാലും ഭാര്യ അത് വീട്ടില്‍ പറയാറുണ്ട്. അന്ന് അവള്‍ക്ക് 20 വയസ്സേ പ്രായമുള്ളൂ. ഏലിക്കുട്ടിക്ക് അന്‍പതും. 'ഇവള്‍ക്കെങ്ങനെ ഇതുപോലൊരു സുഹൃത്തിനെ കിട്ടി' എന്നാണ് ഞാന്‍ ചിന്തിച്ചത്. കറുത്ത ഏലിക്കുട്ടിയുടെ വെളുത്ത ചിരി, ഒരു ആഘോഷമാണ്. ബ്ളാക് ഔട്ട് ആയാലും ഒരു ചെറിയ പ്രകാശം ബാക്കി എന്നപോലെ.

'ഏലിക്കുട്ടി ഇരിക്ക്' എന്നു പറഞ്ഞ് ഭാര്യ നേരെ അടുക്കളയിലേക്കു പോയി. അതാണവളുടെ പതിവ്. ആരു വന്നാലും ആദ്യം ചായയോ മറ്റെന്തെങ്കിലുമോ കൊടുത്ത ശേഷമേ, പിന്നെ വര്‍ത്തമാനമുള്ളൂ. ഏലിക്കുട്ടി പക്ഷേ, അവിടെ പുറത്തിരുന്നില്ല. അവളോടൊപ്പം അകത്തേക്കു വന്നു. അകത്ത് ഞാന്‍ കുഞ്ഞിനെ കളിപ്പിച്ചിരുന്ന പായില്‍ യാതൊരു സങ്കോചവും കൂടാതെ വന്നിരുന്ന് പലതരം ശബ്ദത്തിലും ആംഗ്യത്തിലും എന്റെ ആറുമാസം പ്രായമായ കുഞ്ഞിനെ കളിപ്പിക്കാന്‍ തുടങ്ങി. ഏലിക്കുട്ടി പെട്ടെന്നു തന്നെ ഞങ്ങളുടെ സ്വന്തമായി മാറുകയായിരുന്നു. കുട്ടികളില്ലാത്ത അവര്‍ക്ക് എന്റെ കുഞ്ഞ് പെട്ടെന്നു തന്നെ സ്വന്തമായി. പള്ളിയില്‍ വച്ച്, ഇപ്പോള്‍ പരിചയപ്പെട്ടതാ. ശൈലജ അതു പറഞ്ഞപ്പോള്‍ എനിക്കു വിശ്വസിക്കാനായില്ല. ഏലിക്കുട്ടിക്ക് എന്റെ കുടുംബവുമായി ഒരു അന്‍പതു വര്‍ഷത്തെ പഴക്കവും ബന്ധവും ഉള്ളതുപോലെയാണ് വീട്ടിനകത്ത് അവര്‍ പെരുമാറിയത്. പത്തു വയസ്സുമുതല്‍ പല പല വീടുകളിലും കടകളിലും നിന്നു നിന്ന് ഏലിക്കുട്ടി തൃശൂര്‍കാരിയായി മാറിയിരുന്നു.
"കടയില്‍ രാത്രി പണി കഴിഞ്ഞ് എവിടെപ്പോകുമായിരുന്നു?'' എന്റെ ചോദ്യത്തിന് യാതൊരു കൂസലുമില്ലാതെ ഉടന്‍ മറുപടി വന്നു: "ഞാന്‍ എവിടെപ്പോകാന്‍? ഞാനവിടെത്തന്നെ ചുരുണ്ടു കൂടിക്കിടക്കും. വെളുപ്പാന്‍ കാലത്ത് ആശാന്‍ വിളിക്കും. എഴുന്നേറ്റ് പണീം തുടങ്ങും.''
"ആശാന്‍ ആരാ?''
"ആശാന്‍ എന്നാല്‍ ചായ മാഷ് ചായയടിക്കുന്നയാള്‍. അയാളും അവിടെത്തന്നെയാ കെടക്കണെ...'' "ഏലിക്കുട്ടിയുടെ ഭര്‍ത്താവ്?'' "അങ്ങേര് അവിടെ വീട്ടില്‍ കിടന്നോളും. അതൊരു പാവാ. ചാരായത്തിനുള്ള കാശ് കൊടുത്താല്‍ അതും വാങ്ങിക്കുടിച്ച് എവിടെങ്കിലും കിടന്നോളും.''
"ഏലിക്കുട്ടിക്ക് പരാതിയില്ലേ?'' ഏലിക്കുട്ടി വീണ്ടും പൊട്ടിച്ചിരിച്ചു. "എന്തിന് പരാതി. ഓരോരുത്തര്‍ക്ക് ഓരോന്നാ സുഖം. നമുക്ക് ശല്യോന്നുമില്ലല്ലോ.'' ഞാനും ചിരിച്ചുപോയി. ഭര്‍ത്താവിനെ അയാളുടെ സുഖത്തിന്, പൂര്‍ണ്ണ പിന്തുണയോടെ വിടുന്ന ലോകത്തിലെ ഏക ഭാര്യയായിരിക്കും ഏലിക്കുട്ടി. ഏലിക്കുട്ടി വീട്ടില്‍ കിടക്കാത്തതിനുള്ള കാരണം എന്റെ ഭാര്യയോട് രഹസ്യമായിപ്പറഞ്ഞു. "കള്ള് കുടിച്ചാല്‍ പിന്നെ അതിയാന് സ്നേഹക്കൂടുതലാണ്. പെരയ്ക്കകത്തു കിടക്കാന്‍ സമ്മതിക്കില്ല. പിടിച്ചുവലിച്ച് പുറത്തേക്കു കൊണ്ടുവരും. നാലു വശോം കാടാണേ''
വീണ്ടും ഒരു പൊട്ടിച്ചിരി. (അയാള്‍ ഒരു കവിയോ കലാകാരനോ ആയിരിക്കും എന്ന് എനിക്കു തോന്നി). ഏലിക്കുട്ടി, എന്റെ വീട്ടില്‍ സ്വന്തമായി എല്ലാ കാര്യങ്ങളും നോക്കും. ആര്‍ക്ക് എന്തു ചെയ്യണം ചെയ്യേണ്ട എന്ന് ഏലിക്കുട്ടി തീരുമാനിക്കും. ഇപ്പോള്‍ അവര്‍ക്ക് വയസ്സ് 80 കഴിയണം. ഞങ്ങള്‍ എന്നും ഏലിക്കുട്ടിയെക്കുറിച്ചു പറയും. ഒരിക്കല്‍ ഭര്‍ത്താവിനൊപ്പം പോയ ഏലിക്കുട്ടി പിന്നീട് വന്നിട്ടില്ല. പക്ഷേ, അവര്‍ ചിരിക്കുന്നത് എനിക്ക് ഇപ്പോഴും കേള്‍ക്കാം.

സി.പി. രാജശേഖരന്‍ - ദീപനാളം

Monday, March 1, 2010

വാലന്റയിന്‌ ഒരു ഓര്‍മ്മക്കുറിപ്പ്‌

പ്രണയിനികളുടെ ദിവസമാണ്‌ ഫെബ്രുവരി 14 എന്ന്‌ ആരാണ്‌ പറഞ്ഞത്‌? പ്രണയിക്കാന്‍ ആ ഒരു ദിവസം മാത്രമേയുള്ളൂവെന്ന്‌ തോന്നും അതിന്റെ പേരിലുള്ള ചില കെട്ടിയൊരുക്കലുകള്‍ കാണുമ്പോള്‍. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ആഘോഷിക്കുന്ന, അല്ലെങ്കില്‍ ഓര്‍മ്മ പുതുക്കുന്ന അനേകം ഉത്സവദിനങ്ങളുണ്ട്‌. ക്രിസ്‌മസ്‌, ഈസ്റ്റര്‍, ഓണം, വിഷു അങ്ങനെപോകുന്നു ദേശീയവും അന്തര്‍ദ്ദേശീയവും പ്രാദേശികവുമായ ഉത്സവാഘോഷങ്ങള്‍. അതൊക്കെ പിന്നെയും ആവര്‍ത്തിക്കുമെങ്കിലും ആ ദിവസത്തിനാണ്‌ പ്രത്യേകത. അത്‌ കടന്നുപോകുമ്പോള്‍ ദിവസത്തിന്റെ പ്രസക്തിയും നഷ്‌ടമാകുന്നു.

പക്ഷേ പ്രണയിനികള്‍ക്ക്‌ വേണ്ടി മാത്രമായി ഫെബ്രുവരി 14 നെ നിജപ്പെടുത്തുമ്പോള്‍ സങ്കുചിതപ്പെട്ടുപോകുന്നത്‌ പ്രണയസങ്കല്‌പമാണ്‌. കാരണം പ്രണയം പോലെ ജീവിതത്തില്‍ മറ്റെന്തെങ്കിലും ഒരു വികാരമുണ്ടോ മനുഷ്യനെ കീഴ്‌മേല്‍ മറിക്കുന്നതായിട്ട്‌? അത്‌ അഗ്നിനാളം തേടിപ്പോകുന്ന ശലഭം കണക്കെ സ്വയം കത്തിയെരിയുകയും അണഞ്ഞുപോവുകയും ചെയ്യാറുണ്ട്‌ ചിലപ്പോഴെങ്കിലും.

ചോസറിന്റെയും ഷേക്‌സ്‌പിയറിന്റെയും കാലം മുതല്‍ പരാമര്‍ശിതമായതാണ്‌ വാലന്റൈന്‍സ്‌ ഡേ. എന്നാല്‍ അന്നൊ ന്നും അതിത്രമേല്‍ വിവാദമോ വ്യാപാരമോ ആയിരുന്നില്ല. ശിവസേന അന്ന്‌ രൂ പം കൊള്ളുകയോ അതിന്റെ പ്രവര്‍ത്തകര്‍ തങ്ങളുടെ ഹിണ്ടന്‍ അജണ്ടയായി വാല ന്റയിന്‍സ്‌ ഡേയ്‌ക്കെതിരെ വാളോങ്ങുക യോ ചെയ്‌തിരുന്നില്ല.

ജീവിതത്തില്‍ ഒരിക്കല്‍, ഒരു ദിവസം മാത്രമൊന്നുമല്ല നാം പ്രണയിക്കുന്നത്‌. പ്രണയം ഒരനുസ്യൂത പ്രവാഹമാണ്‌. അതിനെ കച്ചവടവല്‌ക്കരിക്കാന്‍ വാണിജ്യസംസ്‌കാരം കണ്ടെത്തിയ മാര്‍ഗ്ഗമാണ്‌ വാലന്റയിന്‍സ്‌ ഡേ. പാവം വിശുദ്ധന്‍ വാലന്റയിനെ അതിന്റെ പേരില്‍ പച്ചകുത്തുകയും ചെയ്‌തു, നാം.

പ്രണയിക്കാന്‍ ഇണയെ കണ്ടെത്തേണ്ട ദിനമല്ല വാലന്റയിന്‍സ്‌ ഡേ. പ്രണയം ഹൃദയത്തില്‍ എന്നും സൂക്ഷിക്കുമെന്ന്‌ പ്രതിജ്ഞ പുതുക്കേണ്ട ദിവസമായി മാറണം ഇത്‌. കാരണം പ്രണയമില്ലെങ്കില്‍ പ്രപഞ്ചമില്ല.. കുടുംബമില്ല...
യഥാര്‍ത്ഥത്തില്‍ പ്രണയം ആരംഭിക്കുന്നത്‌ വിവാഹത്തിന്‌ മുമ്പൊന്നുമല്ല. വിവാഹത്തിലും വിവാഹജീവിതാനന്തരവുമാണ്‌. വിവാഹത്തിന്‌ മുമ്പുള്ള പ്രണയകലഹം പോലും ഒരു വേര്‍പിരിയലിലേക്ക്‌ നയിക്കാം. അതില്‍ സ്വാതന്ത്ര്യം എടുക്കാനും പരിധിയുണ്ട്‌. എന്നാല്‍ വിവാഹശേഷമുള്ള പ്രണയകലഹത്തിന്‌ അത്തരം അതിരുകളൊന്നുമില്ല. പെട്ടുപോയതുകൊണ്ട്‌ വഹിച്ചുകൊളളും എന്ന ധാരണകൊണ്ടൊന്നുമല്ല അത്തരം കലഹങ്ങള്‍ വേര്‍പിരിയലിലേക്ക്‌ ചെന്നുമുട്ടാത്തത്‌. പിന്നെയോ ഇനിയും പ്രണയം ബാക്കിയുളളതുകൊണ്ടും ഇനിയും പ്രണയം വാ ങ്ങാന്‍ സന്നദ്ധതയുളളതു കൊണ്ടുമാണ്‌. വിവാഹപൂര്‍വ്വ പ്രണയത്തെക്കാള്‍ വാസ്‌തികതയുള്ളതും സ്ഥിരമായതും വിവാഹാനന്തര കാലത്തെ പ്രണയത്തിലാണെന്ന്‌ മനസിലാക്കിയതുകൊണ്ടുമാണ്‌.

രതി ഒഴിവാക്കിക്കൊണ്ട്‌ ദമ്പതികള്‍ക്ക്‌ ജീവിക്കാം. പക്ഷേ പ്രണയമില്ലാതെ എങ്ങനെയാണ്‌ ദാമ്പത്യം പുലര്‍ത്താനാവുക? ഇണയെ സൗഹൃദത്തോടെയൊന്ന്‌ ആശ്ലേഷിക്കുമ്പോള്‍ പോലും പ്രണയമില്ലെങ്കില്‍ അത്തരം ദാമ്പത്യങ്ങള്‍ അപായകരമായ അവസ്ഥയിലേക്കാണ്‌ നീങ്ങുന്നതെന്ന്‌ ഭയമുണ്ട്‌ ഉള്ളില്‍.

വാലന്റയിന്‍സ്‌ ഡേ എന്നാല്‍ പ്രണയവും സൗഹൃദവുമൊക്കെയാണെന്ന്‌ നാം തീര്‍പ്പുകല്‌പിക്കുമ്പോള്‍ അതിനിടയില്‍ നഷ്‌ടപ്പെട്ടുപോകുന്ന ഒരാത്മാവുണ്ട്‌.. കാണാതെ പോകുന്ന സത്യമുണ്ട്‌. വാലന്റയിന്‍ നിലകൊണ്ടത്‌ വിവാഹത്തിന്‌ പുറമെയുള്ള പ്രണയത്തിന്‌ വേണ്ടിയായിരുന്നില്ല, അന്യം നിന്നുപോകുന്ന കുടുംബങ്ങള്‍ക്കുവേണ്ടിയായിരുന്നു. കുടുംബഭദ്രതയ്‌ക്കുവേണ്ടിയായിരുന്നു. കാമുകീകാമുകന്മാര്‍ അദ്ദേഹത്തിന്റെ ചിന്തയിലുണ്ടായിരുന്നില്ല. ഭാര്യഭര്‍ത്താക്കന്മാരെക്കുറിച്ച്‌ മാത്രമേ അദ്ദേഹം ചിന്തിച്ചിരുന്നുള്ളൂ.

ഇന്നും കുടുംബങ്ങള്‍ക്ക്‌ ഭീഷണിയുയരുന്ന, കുടുംബസംവിധാനത്തെ നിഷേധിക്കുന്ന - സ്വവര്‍ഗവിവാഹത്തിനുള്ള നിയമസാധുത, കുട്ടികള്‍ വേണ്ടെന്ന തീരുമാനത്തിലുള്ള ഒന്നിച്ചുജീവിക്കല്‍, ഉഭയകക്ഷിസമ്മതത്തോടെയുള്ള വിവാഹമോചനം- സാഹചര്യത്തിലാണ്‌ വാലന്റയിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നത്‌.

വിവാഹം നിരോധിക്കപ്പെടുന്ന ഒരു കാ ലത്തെക്കുറിച്ച്‌ ചിന്തിക്കാനാവുമോ? എ ന്നാല്‍ അങ്ങനെയും ഒരു കാലമുണ്ടായിരുന്നു. ഏഡി മൂന്നാം നൂറ്റാണ്ടില്‍ റോമില്‍. റോമന്‍ചക്രവര്‍ത്തിയായ ക്ലോഡിയസിന്‌ തന്റെ സൈനികശക്തി വര്‍ദ്ധിപ്പിക്കണം. ചോരയും നീരുമുള്ള ചെറുപ്പക്കാരെയാണ്‌ അയാള്‍ക്കാവശ്യം. എന്നും അയാളോട്‌ വിധേയത്വം പുലര്‍ത്തിക്കൊണ്ട്‌ വീടിനെക്കുറിച്ചോ പുത്രകളത്രാദികളെക്കുറിച്ചോ ചിന്തിക്കാത്ത ഒരു സൈനികനിര രൂപപ്പെടുത്തിയെടുക്കാനാണ്‌ അ യാള്‍ ശ്രമിച്ചത്‌. തല്‍ഫലമായി അയാള്‍ ആദ്യം കല്‌പന പുറപ്പെടുവിച്ചത്‌ ഇനിമേല്‍ രാജ്യത്ത്‌ വിവാഹം നടത്തരുതെന്നായിരുന്നു. ഭാര്യ, മക്കള്‍ എന്നിവയൊ ക്കെ ഒരു ഉദ്യോസ്ഥന്റെ പ്രവര്‍ത്തനമണ്‌ഡലത്തില്‍ ജോലിയോടുള്ള പ്രതിബദ്ധത കുറവിന്‌ കാരണമാകുമെന്ന്‌ വിശ്വസിക്കുന്ന അഭിനവ ക്ലോഡിയസുമാര്‍ ഇന്നുമുണ്ടല്ലോ? അവര്‍ക്ക്‌ ഊറിയാമാരോടാണ്‌ പ്രതിപത്തി. എന്റെ രാജ്യവും രാജാവും യുദ്ധമുന്നണിയിലായിരിക്കുമ്പോള്‍ എനിക്ക്‌ മാത്രമായി ഒരു സുഖവും വേണ്ടെന്ന്‌ തീരുമാനിക്കുകയും യുദ്ധസ്ഥലത്ത്‌ തന്നെ കിടന്നുറങ്ങുകയും ചെയ്യുന്ന ഊറിയാമാര്‍.

പ്രായപൂര്‍ത്തിയെത്തിയാല്‍ തികച്ചും സ്വഭാവികമായി സംഭവിക്കുന്നതെന്ന്‌ നാം കരുതിപ്പോരുന്ന വിവാഹം പോലും അങ്ങനെ നിറവേറാതെ വരുന്നതിന്റെ ആഘാതം ഒരുപക്ഷേ നമുക്കിപ്പോള്‍ ഊഹിക്കാന്‍ കഴിയുന്നുണ്ടാവില്ല. ദൈവികവും ധാര്‍മ്മികവുമായ ഒരു കടമയുടെ മേലാണ്‌ കനത്ത ആഘാതമായി അത്‌ വന്നുവീഴുന്നത്‌. വിവാഹനിരോധനം. വിവാഹം ഒരാളെ അയാള്‍ക്കുവേണ്ടി ജീവിക്കാന്‍ പ്രേരിപ്പിച്ചെന്നിരിക്കും. ഒരു തലമുറയ്‌ക്ക്‌ മുമ്പുള്ള നമ്മുടെ ചുറ്റുപാടുകളിലെ ഉദ്യോഗസ്ഥകളായ സ്‌ത്രീകളെ നാം വിശേഷിപ്പിച്ചിരുന്നത്‌ ജീവിക്കാന്‍ മറന്നുപോയ സ്‌ത്രീയെന്നായിരുന്നു. സ്വന്തം കുടുംബം, അതിന്റെ പ്രാരബ്‌ദങ്ങള്‍ അവയ്‌ക്കിടയില്‍ തനിക്കൊരു ഇണയെ കണ്ടെത്താന്‍ മറന്നുപോകുന്ന നിസ്സഹായര്‍. യഥാര്‍ത്ഥത്തില്‍ അവര്‍ ചൂഷണം ചെയ്യപ്പെടുകയായിരുന്നു.

സമൂഹത്തിന്റെയും സഭയുടെയും കെട്ടുറപ്പും ജീവനാഡിയും കുടുംബങ്ങളിലാണെന്ന്‌ ക്രാന്തദര്‍ശിയായ വാലന്റയിന്‍ തിരിച്ചറിഞ്ഞിരുന്നു. അതോടൊപ്പം വിവാഹം നടക്കാതെ വന്നാല്‍ സമൂഹത്തിന്റെ ധാര്‍മ്മികനിലവാരത്തില്‍ അത്‌ അപചയം സൃഷ്‌ടിക്കുമെന്നും. സ്വഭാവികചോദനകളെ നാം എത്രമാത്രം അടക്കിവക്കുന്നുവോ അത്‌ അത്രമേല്‍ തീക്ഷ്‌ണമാവുകയും ചിലപ്പോള്‍ വഴിതെറ്റുകയും ചെയ്യും.

വിവാഹത്തിന്‌ പുറമെയുള്ള സ്‌ത്രീപുരുഷ ചേര്‍ച്ച തിന്മയാകുന്നതും വിവാഹത്തിലുള്ള സ്‌ത്രീപുരുഷ ചേര്‍ച്ച പവിത്രമാകുന്നതും അതിന്റെ നിയോഗിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്തങ്ങളുടെ പേരിലും നിറവേറ്റപ്പെടുവാനുള്ള ലക്ഷ്യങ്ങളുടെ പേരിലുമാണ്‌. ചില നിയമങ്ങള്‍ കര്‍ക്കശമാകുന്നതു വഴിയും ചില അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതുവഴിയായുമാണ്‌ സമൂഹത്തില്‍ കൂടുതല്‍ തിന്മകളുണ്ടാകുന്നത.്

അതുകൊണ്ടാണ്‌ അദ്ദേഹം രാജാജ്ഞയെ ധിക്കരിച്ചും വിവാഹം കഴിക്കാന്‍ തയ്യാറായി വരുന്ന യുവതീയുവാക്കന്മാരുടെ വിവാഹം നടത്തിക്കൊടുക്കാന്‍ തയ്യാറായത്‌. ഉള്ളില്‍ പ്രണയമില്ലാത്ത ഒരാള്‍ക്കും മറ്റൊരാളുടെ പ്രണയത്തെ ഉള്‍ക്കൊള്ളാനാവില്ല. പ്രണയത്തിന്‌ വേണ്ടി പടവെട്ടുവാനോ പരുക്കേല്‌ക്കാനോ കഴിയുകയുമില്ല. ഒരു മെഴുകുതിരി വെട്ടത്തിന്റെ പശ്ചാത്തലത്തില്‍ വധുവരന്മാരും കാര്‍മ്മികനായി വാലന്റൈനും മാത്രം.

തീര്‍ത്തും രഹസ്യമായിട്ടായിരുന്നു ആ വിവാഹങ്ങളോരോന്നും. വെട്ടം ഒരു പ്രതീകമാണ്‌. ദൈവത്തിന്റെ... ആ ദമ്പതികള്‍ക്കിടയില്‍ ദൈവവുമുണ്ട്‌. ഇന്നാവട്ടെ നമ്മുടെ ചില വിവാഹങ്ങളിലെങ്കിലും മറ്റെല്ലാവരുമുണ്ട്‌ ദൈവമൊഴികെ. ദാമ്പത്യജീവിതത്തിന്‌ വേണ്ടി നിലയുറപ്പിച്ചതിനാലാണ്‌ ഒടുവില്‍ അദ്ദേഹത്തിന്‌ ജീവന്‍ നഷ്ടമായതും. പക്ഷേ അപ്പോഴും ``ഇറുപ്പവന്‌ സുഗന്ധം നല്‌കുന്ന മലര്‍ പോലെ'' ജയിലറുടെ അന്ധയായ മകള്‍ക്ക്‌ അദ്ദേഹം കണ്ണ്‌ തെളിച്ചുകൊടുത്തു എന്നും ചരിത്രം പറയുന്നു. ഫ്രം യുവര്‍ വാലന്റൈന്‍ എന്ന്‌ അവസാനമെഴുതിയ ആ കത്തില്‍ അദ്ദേഹം എന്താണാവോ പറഞ്ഞിട്ടുണ്ടാവുക?
പ്രിയ സെന്റ്‌ വാലന്റയിന്‍, വിവാഹജീവിതത്തിലും എന്നും പ്രണയിതാക്കളായിരിക്കാന്‍, ഞങ്ങളുടെ ദാമ്പത്യജീവിതത്തിന്റെ പ്രണയവീഞ്ഞ്‌ ഒരിക്കലും തീര്‍ന്നുപോകാതിരിക്കാന്‍ അങ്ങയോട്‌ ഞങ്ങള്‍ അപേക്ഷിക്കുന്നു. സ്‌നേഹക്കൂടുതലിന്റെ പേരിലുള്ള ചെറുചെറു പ്രണയകലഹങ്ങളെ മാറ്റിനിര്‍ത്തിക്കൊണ്ട്‌ ദാമ്പത്യത്തില്‍ പ്രളയാന്തകാലത്തോളം പ്രണയികളായിരിക്കാന്‍, പ്രണയം ഉള്ളില്‍ പൂത്ത മനസുള്ള വാലന്റയിന്‍ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചാലും.. ദാമ്പത്യപ്രണയത്തിലായിരിക്കട്ടെ ഞങ്ങളുടെ ജീവിതത്തിന്റെ നിലനില്‌പ്‌..



വിനായക്‌ നിര്‍മ്മല്‍