Tuesday, May 17, 2011

ചില കത്തോലിക്ക സന്മാര്‍ഗ്ഗ ദൈവശാസ്ത്രജ്ഞന്മാരുടെ വീക്ഷണത്തില്‍ "ഉത്തരവാദിത്വമുള്ള മാതൃപിത്രുത്വം"

ഗര്‍ഭദാരണം ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തോടെ നിഷ്ഫലകാലത്ത് മാത്രം ദമ്പതികള്‍ലൈംഗികസംയോഗം നടത്തുന്നത് ധാര്‍മ്മികമായി അനുവദിനീയമാണെന്നു കത്തോലിക്ക പാരബര്യം അംഗീകരിക്കുന്നതായി ആദ്യ പോസ്റ്റുകളില്‍(1,2) വിശദീകരിച്ചു .ഗര്‍ഭധാരണം നിയന്ത്രിക്കുന്നതിന് റിഥം രീതിക്ക് പുറമേ മറ്റേതെങ്കിലും രീതി സ്വീകരിക്കുന്നത് ധാര്‍മ്മികമായി അനുവദനീയമാണോ എന്ന കാര്യവും ദൈവശാസ്ത്രജ്ഞന്മാര്‍ പഠനവിധേയമാക്കുന്നുണ്ട് . കത്തോലിക്കാ പാരമ്പര്യവും "മനുഷ്യജീവന്‍ " എന്നാ ചാക്രികലേഖനവും ഏതെങ്കിലും തരത്തിലുള്ള കൃത്രിമഗര്ഭനിരോധനമാര്ഗങ്ങള്‍ സ്വീകരിക്കുന്നതിനു അനുകൂലമല്ല .ഇതിനു കാരണം, കൃത്രിമോപാധികള്‍ ഉപയോഗിച്ചുകൊണ്ടുള്ള ലൈംഗികസംയോഗം ദൈവസ്ഥാപിതമായ സ്വാഭാവിക ക്രമത്തിന് എതിരാണെന്നുള്ളതാണ് . എന്നാല്‍ ചില കത്തോലിക്ക ധാര്‍മ്മികദൈവശാസ്ത്രജ്ഞന്മാരും സഭയുടെ ഔദ്യോഗിക നിലപാടില്‍നിന്നു വ്യത്യസ്തമായ സമീപനം സ്വീകരിക്കുന്നതായി തോന്നുന്നു .അതിനു അവര്‍ നല്‍കുന്ന കാരണങ്ങള്‍ ഇവയാണ് .

1. ദാമ്പത്യസംയോഗത്തിന്‍റെ രണ്ടുലക്ഷ്യങ്ങളും തമ്മില്‍ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന സഭയുടെ നിര്‍ബന്ധപൂര്‍വ്വമായ നിലപാടില്‍ ഗൌരവതരമായ പ്രശ്നങ്ങളുണ്ടെന്ന് അവരില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നു (B.Haring .The Inseparability of the Unitive - Procreative Functions of the marital Act). പ്രകൃതിതന്നെ സ്ത്രീയുടെ ആര്‍ത്തവ ചക്രത്തിലെ ഒരു കാലയളവില്‍ സന്താനോല്പാദനം നിയത്രിക്കുന്നുണ്ടെന്നുള്ളത് വ്യക്തമാണല്ലോ .ഈ കാലയളവിനാണ് നിഷ്ഫലകാലം (Infertile Period) എന്ന് പറയുന്നത് . ആ നിലയ്ക്ക് ഓരോ ലൈംഗിക സംയോഗവും സന്താനോല്പാദനത്തോട് തുറവിയുള്ളതായിരിക്കണം എന്ന് നിബന്ധിക്കുന്നത് യുക്തിരഹിതമാണെന്ന് അവര്‍ പറയുന്നു . അതുപോലെ തന്നെ വാര്‍ധക്യം ,ഗര്‍ഭാവസ്ഥ ,സ്വഭാവിക കുടുംബാസൂത്രണം മുതലായവയുടെ ഫലമായി സന്താനോല്പാദനക്ഷമമല്ലാത്ത ലൈഗികസംയോഗങ്ങള്‍ തീര്‍ച്ചയായും നടക്കുന്നുണ്ട് . ഈ സംയോഗങ്ങള്‍ സന്താനോല്പാദനത്തോട് തുറവിയുള്ളതാണെന്നും അതിനാല്‍ സ്വീകാര്യമാണെന്നും പറയുന്നതില്‍ യാതൊരര്‍ഥവുമില്ലന്ന് അവര്‍ വാദിക്കുന്നു .

പരമ്പരാഗതമായി ദമ്പതികളുടെ ഓരോ ലൈംഗികസംയോഗവും സന്താനോല്പാദത്തോട് തുറവിയുള്ളതായിരിക്കണമെന്നു സഭ നിര്‍ബന്ധിക്കാനുള്ള കാരണം വിവാഹലൈംഗികതയുടെ പ്രാഥമികലക്ഷ്യമായി പരിഗണിക്കപ്പെട്ടിരുന്നത് സന്താനോല്പാദനമായിരുന്നതുകൊണ്ടാണ് . അതേസമയം തന്നെ സഭ ഉത്തരവാദിത്വമുള്ള മാത്രുപിതൃത്വത്തിനു ദമ്പതികള്‍ കടപ്പെട്ടവരാണെന്നും പഠിപ്പിക്കുന്നു. അതിന്റെ അര്‍ത്ഥം കുട്ടികളുടെ എണ്ണം -ഉദാരവും ഉത്തരവാദിത്വപൂര്‍ണ്ണവുമായ മാതൃപിതൃത്വത്തിന്റെ ഉള്ളടക്കം - ഓരോ കുടുംബത്തിന്റെയും വസ്തുനിഷ്ടമായ സാധ്യതകളുടെ അടിസ്ഥാനത്തില്‍ നിര്‍ണ്ണയിക്കപ്പെടണമെന്നുള്ളതാണ് .ഓരോ ദാമ്പത്യധര്‍മാനുഷ്ടാനവും സന്തോനോല്പാദനത്തോട് തുറവിയുള്ളതല്ലെങ്കിലും ഉദാരവും ഉത്തരവാദിത്വപൂര്‍ണ്ണവുമായ മാതൃപിതൃത്വവും സാധ്യമാണെന്നു ചില ധാര്‍മ്മിക ദൈവശാത്രജ്ഞന്മാര്‍ വാദിക്കുന്നു .

ഈ ദൈവശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തില്‍ ,കത്തോലിക്ക പാരമ്പര്യം ദാമ്പത്യധര്‍മ്മനുഷ്ടാനത്തെ (ലൈംഗികസംയോഗത്തെ )സന്താനോല്പാദനത്തിനു വേണ്ടിയുള്ള ഒരു മാര്‍ഗ്ഗം മാത്രമായി കാണുകയും ,അതിന്റെ ഫലമായി കൃത്രിമഗര്ഭനിരോപാധികള്‍ ഉപയോഗിക്കുന്ന ഏത് ലൈംഗികസംയോഗത്തെയും അധാര്‍മ്മികമെന്നു അപലപിക്കുകയും ചെയ്തു . എന്നാല്‍ രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ മുതല്‍ ലൈംഗികസംയോഗത്തിനു സന്താനോല്പാദനത്തോട് തുല്യമായ പ്രാധാന്യമുള്ള മറ്റൊരു ലക്ഷ്യംകൂടി ഉണ്ടെന്ന കാര്യം വ്യക്തമായി അംഗീകരിക്കപ്പെട്ടു . ദാമ്പത്യപ്രേമവും ദാമ്പത്യവിശ്വസ്ഥതയുമാണ് ഈ ലക്‌ഷ്യം .

2. ദാമ്പത്യസ്നേഹം ഉത്തരവാദിത്വമുള്ള മാതൃപിതൃത്വത്തോടുള്ള തുറവി എന്നീ രണ്ടു മൂല്യങ്ങള്‍ തങ്ങളുടെ വിവാഹജീവിതത്തില്‍ സംരക്ഷിക്കപ്പെടണമെന്നുള്ളതാണ് ദമ്പതികള്‍ സ്വീകരിക്കേണ്ട , അവരെ നയിക്കേണ്ട ആദര്‍ശം . ചില സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ട് ദമ്പതികളുടെ ഈ രംഗത്തെ ഒരു പ്രവര്‍ത്തി മുകളില്‍ പറഞ്ഞ ആദര്‍ശം പൂര്‍ണ്ണമായും സാക്ഷാത്കരിക്കുന്നില്ലെങ്കിലും അതിനെ അധാര്‍മ്മികമെന്നു വിശേഷിപ്പിക്കാന്‍ സാധ്യമല്ലെന്ന് ചില സാന്മാര്‍ഗ്ഗിക ദൈവശാസ്ത്രജ്ഞന്മാര്‍ വാദിക്കുന്നു .വിവാഹത്തിന്റെ രണ്ടുമാനങ്ങളായ ദാമ്പത്യസ്നേഹം , സന്താനോല്പാദനം എന്നിവയുടെ അഭേദ്യതയെക്കുറിച്ചും ഇപ്പറഞ്ഞത്‌ ശരിയാണ് . അതുകൊണ്ടുതന്നെയാണ് തത്കാലത്തേക്കോ ശാശ്വതമായോ സന്താനോല്പാദനം നിര്ത്തിവയ്ക്കേണ്ട ആവശ്യവും കടമയും ദമ്പതികള്‍ക്ക് ഉണ്ടാകാമെന്ന് സഭ തന്നെ നിര്‍ദ്ദേശിക്കുന്നത് . ഈ കാരണങ്ങളാല്‍ ,ഉത്തരവാദിത്വത്തോദുകൂടി പ്രവര്‍ത്തിക്കുന്ന ദമ്പതികള്‍ ,സ്വാര്‍ഥതയാല്‍ നയിക്കപ്പെടാതെ കുടുംബത്തിന്റെ നന്മയ്ക്കുവേണ്ടി കൃത്രിമഗര്ഭനിരോധനമാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നെകില്‍ അത് ഏപ്പോഴും , എല്ലാവരുടെ കാര്യത്തിലും ധാര്‍മ്മുകമായി കുറ്റകരമാകണമെന്നില്ല എന്ന് പല കത്തോലിക്ക സന്മാര്ഗ്ഗദൈവശാസ്ത്രജ്ഞന്മാരും കരുതുന്നു .

3. ഉത്തരവാദിത്വപൂര്‍ണ്ണമായ മാതൃപിത്രുത്വത്തെ സമ്പന്ധിച്ച് "മനുഷ്യജീവന്‍" വിശ്വാസികളുടെ മനസാക്ഷിയെ ബാധിക്കുന്ന ഒരു കടമയും ആദര്‍ശവുമാന് നല്‍കിയിരിക്കുന്നത് .അതിനാല്‍ തങ്ങള്‍ക്കു കഴിയുന്നിടത്തോളം ആ ആദര്‍ശം നിറവേറ്റാന്‍ അവര്‍ ബാധ്യസ്ഥരാണ് .എന്നാല്‍ തങ്ങളുടെ നിയന്ത്രണത്തിനതീതമായ കാരണങ്ങളാല്‍ ഏതെങ്കിലും ദമ്പതികള്‍ തല്കാലത്തേക്കോ സ്ഥിരമായോ ഈ ആദര്‍ശം മാറ്റിവയ്ക്കുന്നെങ്കില്‍ ആ പ്രവൃത്തിയെ ഒരു ധാര്‍മ്മികതിന്മയെന്ന് വിശേഷിപ്പിക്കാനാവില്ല .

എന്നാല്‍ സന്താനോല്പാദനം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് ഗര്ഭധാരണവും കുട്ടികളുടെ ജനനവും മാത്രമല്ലെന്ന് ഓര്‍ത്തിരിക്കണം .അവരുടെ വിദ്യാഭ്യാസവും ശരിയായ വളര്‍ത്തലും തുല്യ പ്രാധാന്യമുള്ളതാണ് .തുടര്‍ന്നുള്ള സന്താനോല്പാദനത്തെ നിയന്ത്രിക്കാതെ ഇപ്പോഴുള്ള കുട്ടികള്‍ക്കുവേണ്ട വിദ്യാഭ്യാസം നല്‍കാനും അവരെ വേണ്ടപോലെ വളര്‍ത്താനും കഴിയാത്ത മാതാപിതാക്കലുണ്ട് . അവര്‍ സന്താനനിയന്ത്രണത്തിനുള്ള തീരുമാനം - താല്കാലികമോ ശ്വാശ്വതമോ ആകാം - എടുക്കുന്നെങ്കില്‍ അത് ധാര്‍മികമായി തെറ്റല്ല . ഉത്തരവാദിത്വമുള്ള മാതൃപിതൃത്വമെന്ന ആശയത്തിന്റെ വെളിച്ചത്തില്‍ അത് അവരുടെ കടമയുമാണ് .അതിനാല്‍ വിവാഹജീവിതത്തിന്റെയും കുടുംബജീവിതത്തിന്റെയും നിലനില്പിനും സുസ്ഥിതിക്കും ഓരോ ലൈഗികസംയോഗവും എത്രമാത്രം സഹായിക്കുന്നുവെന്ന മാനദന്ധം ഉപയോഗിച്ചുവേണം നാം ആ പ്രവൃത്തിയെപ്പറ്റി വിധി കല്‍പ്പിക്കാന്‍ ; അല്ലാതെ ഓരോ സംയോഗവും സന്താനോല്പാദനത്തോട് തുറവിയുള്ളതാണോ അല്ലയോ എന്നാ പരിഗണനയുടെ അടിസ്ഥാനത്തില്‍ മാത്രമാകരുത് (J.farelly, The Principle of the Family Good).

ഇനിയും ചില സാഹചര്യങ്ങളില്‍ കൃത്രിമഗര്ഭനിരോധന മാര്ഗ്ഗങ്ങളുടെ സാധ്യതയെക്കുറിച്ചു വാദിക്കുന്ന മുകളില്‍ പറഞ്ഞ കത്തോലിക്ക ദൈവശാസ്ത്രജ്ഞന്മാര്‍ ഏതു മാര്‍ഗവും എല്ലാ മാര്‍ഗവും വിവേജനമൊന്നുമില്ലാതെ സ്വീകരിക്കാമെന്ന് അഭിപ്രായപ്പെടുന്നില്ല എന്ന വസ്തുതയും ഓര്‍ത്തിരിക്കേണ്ടതാണ് . "മനുഷ്യജീവന്‍" എന്ന ചാക്രികലേഖനം നിര്‍ദേശിക്കുന്നതുപോലെ സ്വാഭാവികമായ റിഥം രീതിയാണ് (natural rythm methed ) ജനന നിയന്ത്രണത്തിനുള്ള ഏറ്റവും ഉത്തമമായ മാര്‍ഗ്ഗം (ideal method). മുകളില്‍ പറഞ്ഞ ദൈവശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നത് ഈ അദര്‍ശമാര്‍ഗ്ഗം ,തങ്ങളുടെ നിയന്ത്രണത്തിനതീതമായ കാരണങ്ങള്‍ക്കൊണ്ട് സ്വീകരിക്കാന്‍ കഴിയാതെ വരുന്ന ദമ്പതികള്‍ ജനനനിയന്ത്രണത്തിനായി ഒരു നിരോധനമാര്‍ഗ്ഗം (barrier method) സ്വീകരിക്കുന്നത് ധാര്‍മ്മിക തിന്മയാകണമെന്നില്ല എന്നാണു .ഇവിടെ വൈദ്യശാസ്ത്രപരമായും ധാര്‍മ്മികമായും വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാത്തവയാണ് .ചുരുക്കത്തില്‍ , ഈ ദൈവശാസ്ത്രജന്മാര്‍ വാദിക്കുന്നതു ഇതാണ് :കൃത്രിമഗര്ഭനിരോധനം ഇപ്പോഴും ഒരു ക്രമക്കേടുതന്നെയാണ് .എന്നാല്‍ എല്ലാവരുടെ കാര്യത്തിലും എപ്പോഴും അത് ശിക്ഷാര്‍ഹമായിരിക്കണമെന്നില്ല .


ഉപസംഹാരം

ഇവിടെ മുന്കരുതലിന്റെതായ ഒരു വാക്ക് .കൃത്രിമ ഗര്ഭനിരോധനമാര്‍ഗങ്ങളുടെ സാദ്യമായ ധാര്‍മ്മിക ന്യായീകരണം (possible moral liciteness) അംഗീകരിക്കുന്നതിന്റെ വിനാശകരമായ അനന്തരഫലങ്ങളെപ്പറ്റിയുള്ള ചിന്തയാവണം "മനുഷ്യജീവനില്‍" ഉത്തരവാദിത്വമുള്ള മാതൃപിതൃത്വത്തിനു വേണ്ടി സ്വീകരിക്കാവുന്ന മാര്ഗ്ഗങ്ങളെപ്പറ്റി പറയുമ്പോള്‍ ,സുരക്ഷിതമായൊരു നിലപാട് (safe position) സ്വീകരിക്കാന്‍ പോള്‍ ആറാമന്‍ മാര്‍പാപ്പായെ പ്രേരിപ്പിച്ചതെന്ന് തോന്നുന്നു .കൃത്രിമ ഗര്‍ഭ നിരോധനമാര്‍ഗമനോഭാവം വളരുമ്പോള്‍ ,ഭര്‍ത്താവിനു ഭാര്യയോടുള്ള ആദരവ് നഷ്ടപ്പെടാമെന്നും ,ഭാര്യയുടെ ശാരീരികവും മനശാസ്ത്രപരവുമായ സമതുലിതാവസ്ഥയില്‍ ശ്രദ്ധിക്കാതെ അവളെ വെറും സുഖഭോഗ വസ്തുവായി മാത്രം ഭര്‍ത്താവ് പരിഗണിക്കാനിടയുണ്ടെന്നും മാര്‍പാപ്പ വിചാരിക്കുന്നു .അത് ശരിയാണ് താനും. അതുപോലെ ജനസംഖ്യാ സമ്മര്‍ദ്ദം അനുഭവപ്പെടുന്ന രാജ്യങ്ങളിലെ ഗവണ്മെന്റുകള്‍ യാതൊരു ധാര്‍മ്മിക പരിഗണനയുമില്ലാതെ കൃത്രിമജനനനിയന്ത്രണം അടിച്ചേല്‍പ്പികാനിടയുണ്ടെന്നും മാര്‍പാപ്പ ഭയപ്പെട്ടിരിക്കണം . മാര്‍പാപ്പയുടെ ഈ ഉത്കണ്ട അവഗണിക്കപ്പെടാവുന്നതല്ല. ഗര്ഭനിരോദനോപാധികള്‍ വ്യാപകമായ വിധത്തില്‍ ലഭ്യമായതോടെ പലരാജ്യങ്ങളിലും വിവാഹപൂര്‍വ ലൈഗികവേഴ്ചകളും വിവാഹബാഹ്യ ലൈഗികബന്ധങ്ങളും (Premarital sex and Extra marital sex) ഭീമമായ തോതില്‍ വര്‍ദ്ധിച്ചുകൊണ്ടാണിരിക്കുന്നത് .ഇന്നത്തെ ലൈഗിക അരാജകത്വത്തിന് (sexual anarchy) ഒരു പരിധിവരെ കൃത്രിമഗര്‍ഭനിരോധനോപാധികളാണ് കാരണമെന്ന് പറയാം .

അതിനാല്‍ ഉത്തരവാദിത്വമുള്ള മാതൃപിതൃത്വത്തെപ്പറ്റി യാഥാര്‍ത്യത്തോടെ ചിന്തിക്കണമെന്ന് ആവശ്യപ്പെടുമ്പോഴും ദമ്പതികളുടെ ഇടയില്‍ വര്ദ്ധമാനമായിക്കൊണ്ടിരിക്കുന്ന ഗര്ഭനിരോധനമാനോഭാവത്തെയും അനിയന്ത്രിതമായ സുഖഭോഗതൃഷ്‌ണയെയും നാം ചെറുക്കണം . ജനനനിയന്ത്രണമെന്ന കപട ലേബലിലാണ് പലപ്പോഴും ഈ പ്രവണതകള്‍ പ്രത്യക്ഷപ്പെടുക . ഭൗതികമാത്രമായ ഗര്ഭനിരോധനമാനോഭാവം അധാര്‍മ്മികമാണ് എന്നുമാത്രമല്ല ,അത് ക്രിസ്തീയവീക്ഷണമനുസരിച്ചുള്ള ഉത്തരവാദിത്വമുള്ള മാതൃപിതൃത്വം എന്നാ ആശയത്തോടും ആദര്‍ശത്തോടും ഒത്തുപോകുന്നതുമല്ല .

കടപ്പാട്
പുസ്തകം - കുടുംബജീവിതവിജയത്തിന്
എഡിറ്റര്‍ -ജോസ്‌ തെക്കേപ്പുറത്ത്

(അവസാനിച്ചു)


Related Post

ഹ്യൂമാനേ വീറ്റേ-(Wiki)

1 comment:

Johny said...

പശ്ചിമയൂറോപ്പിലേയും, അമേരിക്കയിലേയും പല കർദ്ദിനാളന്മാരും മെത്രാന്മാരും വൈദികരും ചാക്രികലേഖനത്തെ എതിർത്തു. ബെൽജിയത്തിൽ ബ്രസൽസിലെ കർദ്ദിനാളായിരുന്ന ലിയോ ജോസഫ് സൂനെൻസ് 'ഹ്യൂമാനേ-വീറ്റേ'-യെ നിശിതമായി വിമർശിച്ചു. ശാസ്ത്രപുരോഗതി കണക്കിലെടുക്കാത്ത സാന്മാർഗ്ഗികതയുടെ ദൈവശാസ്ത്രത്തിന് പ്രകൃതിക്കനുസരിച്ചുള്ളതും അല്ലാത്തതും തമ്മിൽ തിരിച്ചറിയാനാവില്ലെന്നു ചൂണ്ടിക്കാണിച്ച അദ്ദേഹം, ഇങ്ങനെ കൂട്ടിച്ചേർത്തു: "ഇനിയുമൊരു ഗലീലിയോ സംഭവം ഉണ്ടാകാതിരിക്കാൻ നോക്കണമെന്ന് ഞാൻ എന്റെ സഹോദരന്മാരോടപേക്ഷിക്കുന്നു. അത്തരം ഒരു സംഭവം തന്നെ സഭയ്ക്ക് ആവശ്യത്തിൽ അധികമാണ്"

2008-ൽ ഈ ചാക്രികലേഖനത്തിന്റെ നാല്പതാം വാർഷികത്തോടനുബന്ധിച്ച് ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ ഇതിന്റെ വിഷയത്തെ "അങ്ങേയറ്റം വിവാദപരവും അതേ സമയം മനുഷ്യരാശിയുടെ ഭാവിയെ സംബന്ധിച്ച് ഏറെ നിർണ്ണായകവും" എന്നു വിശേഷിപ്പിച്ചു. "ഹ്യൂമാനേ വീറ്റേ വൈരുദ്ധ്യത്തിന്റെ പ്രതീകമായതിനൊപ്പം വിശ്വാസ-പാരമ്പര്യങ്ങളിൽ സഭയുടെ പിന്തുടർച്ചയുടേയും പ്രതീകമായി...ഇന്നലെ ശരിയായിരുന്നത് ഇന്നും ശരിയായിരിക്കുന്നു" എന്നും ഇതേക്കുറിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു.