Tuesday, May 11, 2010

സകല നിര്‍വചനങ്ങള്‍ക്കും അതീതനായ ‌ യേശു - Part1

യേശുക്രിസ്‌തുവിന്റെ വ്യക്തിത്വത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ അന്ധന്മാര്‍ ആനയെ ``കണ്ട'' കഥയാണ്‌ ഓര്‍മ്മ വരുന്നത്‌. ആനയെ തൊട്ടറിഞ്ഞവരില്‍ ഒരാള്‍ പറഞ്ഞു ആന തൂണുപോലെയാണ്‌; മറ്റൊരാള്‍ക്ക്‌ ആന ചൂലുപോലെയാണ്‌. വേറൊരുവന്‌ ആന കുന്തംപോലെ. ഇനിയും നാലാമന്‌ ആന മുറംപോലെ. നാലുപേരും പറഞ്ഞതു ശരിയാണ്‌. കാരണം ആനയുടെ കാല്‌ തൂണുപോലെയും വാല്‌ ചൂലൂപോലെയും കൊമ്പ്‌ കുന്തംപോലെയും ചെവി മുറംപോലെയും ആണെന്നതു സത്യമാണല്ലോ. എന്നാല്‍ മേല്‍പറഞ്ഞതൊന്നും ആനയല്ല; ഈ വിവരണങ്ങള്‍ എല്ലാം കൂട്ടിവച്ചാലും ആനയാവുകയുമില്ല എന്ന്‌ ആനയെ കണ്ടിട്ടുള്ളവര്‍ക്ക്‌ അറിയാം.

യേശുക്രിസ്‌തുവിനെക്കുറിച്ച്‌ വൈവിധ്യമാര്‍ന്നതും പലപ്പോഴും പരസ്‌പരവിരുദ്ധമെന്നു തോന്നാവുന്നതുമായ അനേകം ചിത്രങ്ങള്‍ നിലവിലുണ്ട്‌. അവയില്‍ പലതും യേശുവിനെ നേരില്‍ കണ്ടവര്‍ രേഖപ്പെടുത്തിയിട്ടുള്ളതും കണ്ടവരുടെയും അവരെ കേട്ടവരുടെയും സാക്ഷ്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളവയുമാണ്‌. പുതിയ നിയമ ഗ്രന്ഥകര്‍ത്താക്കള്‍ തന്നെ വൈവിധ്യമാര്‍ന്ന യേശുചിത്രങ്ങളാണ്‌ വരച്ചുകാട്ടുന്നത്‌. അവയില്‍നിന്ന്‌ പ്രചോദനം ഉള്‍ക്കൊണ്ട വിശ്വാസ സമൂഹങ്ങളും വ്യക്തികളും വീണ്ടും പുതിയ ചിത്രങ്ങള്‍ വരച്ചു; ഇന്നും വരച്ചുകൊണ്ടിരിക്കുന്നു. ഇതില്‍ ഏതെങ്കിലും ഒന്നാണ്‌ യേശു എന്നു പറയാനാവില്ല; ഈ ചിത്രങ്ങള്‍ എല്ലാം കൂട്ടിച്ചേര്‍ത്തുവച്ചാലും യേശുവിനെ അവന്റെ പൂര്‍ണതയില്‍ അവതരിപ്പിക്കാനോ ഗ്രഹിക്കാനോ കഴിയില്ല. എന്നാലും പുതിയ നിയമഗ്രന്ഥങ്ങളില്‍ പ്രകടമാകുന്ന യേശുചിത്രങ്ങള്‍ ചുരുക്കമായി അവതരിപ്പിക്കാനുള്ള ഒരു എളിയ ശ്രമമാണ്‌ ഈ ലേഖനം, ചിത്രം പൂര്‍ണമാവില്ല എന്ന മുന്നറിവോടുകൂടെത്തന്നെ.

``എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം'' യേശുവിനു ദൈവം നല്‍കി എന്ന്‌ ഫിലിപ്പിയര്‍ക്കെഴുതിയ ലേഖനത്തില്‍ വി. പൗലോസ്‌ പ്രഖ്യാപിക്കുമ്പോള്‍ (ഫിലി. 2:9) വിരല്‍ചൂണ്ടുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട്‌. സകല നിര്‍വചനങ്ങള്‍ക്കും അതീതനാണ്‌ യേശു. പേര്‌ സംക്ഷിപ്‌തമായ ഒരു നിര്‍വചനമാണല്ലോ. അതുകൊണ്ടുതന്നെയാണല്ലോ ദൈവം തന്റെ പേരു വെളിപ്പെടുത്താന്‍ വിസമ്മതിച്ചത്‌ (ഉല്‍പ. 32:29; പുറ.6:3). മോശയ്‌ക്കു വെളിപ്പെടുത്തിയ പേരാകട്ടെ ``ഞാന്‍'' എന്നുമാത്രമാണ്‌. ഒരു നിര്‍വചനത്തിന്റെ ചിമിഴില്‍ ഒതുങ്ങുന്നവനല്ല ദൈവം; മനുഷ്യന്റെ പരിമിതമായ ബുദ്ധികൊണ്ട്‌ ഗ്രഹിക്കാനോ നിര്‍വചിക്കാനോ കഴിയുന്നവനുമല്ല അവിടുന്ന്‌. ഏതാണ്ട്‌ അതുപോലെതന്നെയാണ്‌ യേശുവിനെ സംബന്ധിച്ചും. എല്ലാ നാമങ്ങള്‍ക്കും ഉപരിയായവന്‍; എല്ലാ നിര്‍വചനങ്ങള്‍ക്കും അതീതന്‍. എന്നിരുന്നാലും അപരിമേയനായവന്‍ പരിമിതികള്‍ സ്വീകരിച്ചു; പരിമിതമായ ബുദ്ധിക്കു ഗ്രഹിക്കാവുന്ന വിധത്തില്‍ സ്വയം ചുരുങ്ങി. അപ്പോള്‍ അവന്‌ അനേകം പേരുകള്‍ ലഭിച്ചു. തങ്ങള്‍ക്കുണ്ടായിരുന്ന മുന്നറിവിന്റെ വെളിച്ചത്തിലാണ്‌ ഓരോരുത്തരും യേശുവിനു പേരുകള്‍ നല്‍കുക.
ഗലീലിയിലെ ഒരു കുഗ്രാമമായ നസ്രത്തിലാണ്‌ അവന്‍ ജീവിച്ചിരുന്നത്‌. അയല്‍ക്കാര്‍ക്ക്‌ അവന്‍ ആശാരി ഔസേപ്പിന്റെ മകന്‍ ആശാരി യേശു ആയിരുന്നു (മത്താ. 13:55 ; ലൂക്കാ 4:22). ഔസേപ്പ്‌ നേരത്തെ മരിച്ചുപോയതിനാലാവാം, പലരും അവനെ മറിയത്തിന്റെ മകനായ തച്ചന്‍ (മര്‍ക്കോ. 6:3) ആയിട്ടാണ്‌ കണ്ടത്‌. എന്നാല്‍ ജീവിതത്തിന്റെ ഒരു പ്രത്യേക ദശാസന്ധിയില്‍ അവന്‍ പണിശാല വിട്ടിറങ്ങി, മറ്റൊരു രീതിയിലുള്ള പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ അയല്‍ക്കാര്‍ വിസ്‌മയഭരിതരായി. ``ഇവന്‌ ഇതെല്ലാം എവിടെനിന്ന്‌? ഇവനു കിട്ടിയ ഈ ജ്ഞാനം എന്ത്‌? എത്ര വലിയ കാര്യങ്ങളാണ്‌ ഇവന്റെ കരങ്ങള്‍ വഴി സംഭവിക്കുന്നത്‌!'' (മര്‍ക്കോ. 6:2). അയല്‍ക്കാരുടെ വിസ്‌മയം കൂടുതല്‍ അന്വേഷണത്തിലേക്കോ വിശ്വാസത്തിലേക്കോ അല്ല അവരെ നയിച്ചത്‌. മറിച്ച്‌ തങ്ങള്‍ക്ക്‌ സുപരിചിതനായവനെ ഒരു ആശാരിയുടെ ലേബലിനപ്പുറം വിലയിരുത്താന്‍ തയ്യാറാകാത്ത അവര്‍ അവനെ ഗ്രാമത്തില്‍ നിന്നു പുറത്താക്കുകയാണ്‌ ചെയ്‌തത്‌. ``ഇവന്‍ ആര്‌'' എന്ന ചോദ്യം യേശു ചെന്നിടത്തെല്ലാം ഉയര്‍ന്നു. ഓരോരുത്തരും താന്താങ്ങളുടെ അനുഭവവും മനോധര്‍മ്മവും അനുസരിച്ച്‌ മറുപടിയും നല്‍കി.

ജോര്‍ദ്ദാന്‍ നദി ചാവുകടലില്‍ ചെന്നു ലയിക്കുന്ന യൂദാ മരുഭൂമിയുടെ ഓരങ്ങളില്‍ മാനസാന്തരത്തിനുള്ള ആഹ്വാനമായി സ്‌നാപകവചനം മുഴങ്ങിയപ്പോള്‍ സ്‌നാനം ഏല്‍ക്കാന്‍ പോയവരുടെ കൂടെ നസ്രത്തില്‍ നിന്നുള്ള ആശാരിയും ഉണ്ടായിരുന്നു. സ്‌നാനത്തിനുശേഷം ഏറെ താമസിയാതെ യേശുവും പ്രസംഗം ആരംഭിച്ചു. ``പ്രതീക്ഷയുടെ സമയം, ദൈവം വാഗ്‌ദാനം ചെയ്‌തിരുന്ന രക്ഷയുടെ സമയം, പൂര്‍ത്തിയായി; ദൈവം തന്റെ ഭരണം ഈ ഭൂമിയില്‍ നടപ്പിലാക്കാന്‍ തുടങ്ങുന്നു. ഈ സത്യം വിശ്വസിച്ച്‌ ദൈവഭരണത്തിനു സ്വയം വിധേയരാകാന്‍ വേണ്ടി ഹൃദയം ഒരുക്കുവിന്‍'' ഇതായിരുന്നു പ്രസംഗത്തിന്റെ സംഗ്രഹം. ഏറെ താമസിയാതെ സ്‌നാപകന്റെ ജീവിതം ഹേറോദോസ്‌ അന്തിപ്പാസിന്റെ തടവറയില്‍ എരിഞ്ഞടങ്ങി; യേശുവിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപകമായി.

ഗലീലിയില്‍ ഉടനീളം യേശുവിന്റെ ശബ്‌ദം പ്രതിധ്വനിച്ചു. അനേകായിരങ്ങള്‍ അവനിലേക്ക്‌ ഓടിയടുത്തു. അവനിലൂടെ ദൈവത്തിന്റെ ശക്തി പ്രവഹിച്ചു. കുരുടര്‍ കണ്ടു; ബധിരര്‍ കേട്ടു; ഊമരുടെ നാവിന്റെ കെട്ടഴിഞ്ഞു. ശരീരം തളര്‍ന്നുപോയവര്‍ എണീറ്റു നടന്നു; മുടന്തര്‍ ഊന്നുവടികള്‍ ദൂരെയെറിഞ്ഞ്‌ കുതിച്ചുചാടി. കുഷ്‌ഠരോഗികള്‍ ശുദ്ധരായി. പോരാ, മരിച്ചവര്‍ ശവമഞ്ചത്തില്‍ എണീറ്റിരുന്നു സംസാരിച്ചു. അത്ഭുത സ്‌തബ്‌ധരായ ജനം ആര്‍ത്തുവിളിച്ചു: പ്രവാചകന്‍! (ലൂക്കാ 7:16). മാനസാന്തരത്തിനുള്ള ആഹ്വാനത്തില്‍ സ്‌നാപകശബ്‌ദം കേട്ടവര്‍ പറഞ്ഞു, സ്‌നാപകന്‍ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു (ലൂക്കാ 9:7-9. 19). വിധവയുടെ മകന്‌ ജീവന്‍ വീണ്ടുകിട്ടിയപ്പോള്‍, അധാര്‍മ്മികതയ്‌ക്കെതിരെ സിംഹഗര്‍ജ്ജനം പോലെ അവന്റെ സ്വയം ഉയര്‍ന്നപ്പോള്‍ അനേകര്‍ പറഞ്ഞു: ഏലിയാപ്രവാചകന്‍ മടങ്ങിവന്നിരിക്കുന്നു (ലൂക്കാ 9:8). ജനക്കൂട്ടത്തിന്‌ യേശു പ്രവാചകനായിരുന്നു-ഗലീലിയിലെ നസ്രത്തില്‍ നിന്നുള്ള പ്രവാചകന്‍ (മത്താ. 21:11). തന്റെ ജീവിതരഹസ്യങ്ങള്‍ മനസിലാക്കിയവനെ സമരിയാക്കാരിയും (യോഹ. 4:19) തനിക്കു കാഴ്‌ച തന്നവനെ കുരുടനും (യോഹ. 9:17) പ്രവാചകനായി ഏറ്റുപറഞ്ഞു. അന്നാസിന്റെ അകത്തളത്തില്‍വച്ച്‌ മുഖം മൂടിക്കെട്ടിയശേഷം അവനെ പ്രഹരിച്ചു വിനോദിച്ച പടയാളികള്‍ക്കും അവന്‍ പ്രവാചകനായിരുന്നു (മര്‍ക്കോ. 14:65).

വിജനപ്രദേശത്തുവച്ച്‌ അത്ഭുതകരമായി അപ്പം വര്‍ദ്ധിപ്പിച്ച്‌ അനേകായിരങ്ങളെ സംതൃപ്‌തരാക്കിയപ്പോള്‍, അപ്പം തിന്ന്‌ വയര്‍ നിറഞ്ഞവര്‍ ഉറക്കെ പ്രഖ്യാപിച്ചു: ``ലോകത്തിലേക്കു വരാനിരുന്ന പ്രവാചകന്‍ സത്യമായും ഇവനാണ്‌'' (യോഹ. 6:14). ആവേശംകൊണ്ടു ജനം അവനെ രാജാവാക്കാന്‍ ശ്രമിച്ചു (യോഹ.6:15). കാരണം തങ്ങള്‍ പ്രതീക്ഷിച്ചിരുന്ന മിശിഹാ രാജാവാണ്‌ അവന്‍ എന്ന്‌ അവര്‍ കരുതി. യേശുവിനെ അളന്നു നിര്‍വചിക്കാന്‍ സമകാലികര്‍ ഉപയോഗിച്ച മറ്റൊരു നാമമാണ്‌ ``ക്രിസ്‌തു'' അഥവാ ``മിശിഹാ.'' അഭിഷേകം ചെയ്യപ്പെട്ടവന്‍ എന്ന്‌ അര്‍ത്ഥം. വിദേശാധിപത്യത്തില്‍നിന്ന്‌ തങ്ങളെ രക്ഷിക്കാന്‍ ദാവീദിന്റെ ഗ്രോത്രത്തില്‍നിന്ന്‌ ഒരു രാജാവു വരും എന്ന പ്രതീക്ഷ യേശുവിന്റെ കാലത്ത്‌ യഹൂദരുടെ ഇടയില്‍ വളരെ ശക്തമായിരുന്നു. യേശുവിന്റെ വാക്കും പ്രവൃത്തിയും ഈ പ്രതീക്ഷകളുടെ പൂര്‍ത്തീകരണമായി കണ്ടവര്‍ ആര്‍ത്തുവിളിച്ചു: ``ഹോസാന, കര്‍ത്താവിന്റെ നാമത്തില്‍ വരുന്ന ഇസ്രായേലിന്റെ രാജാവ്‌ വാഴ്‌ത്തപ്പെട്ടവന്‍'' (യോഹ. 12:13). പരസ്യജീവിതത്തിന്റെ അന്ത്യത്തിലാണ്‌ ഈ രാജകീയ സ്വീകരണം. കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍- തങ്ങളെ രക്ഷിക്കാന്‍ ദൈവമായ കര്‍ത്താവ്‌ അയച്ച രാജാവ്‌ ആണ്‌ യേശു എന്ന്‌ അവര്‍ ഉറക്കെ പ്രഖ്യാപിക്കുകയായിരുന്നു.

ദാവീദിന്റെ പുത്രന്‍ എന്നാണ്‌ അനേകര്‍ അവനെ വിശേഷിപ്പിച്ചത്‌. പിശാചുക്കളെ ബഹിഷ്‌കരിക്കുന്നതു കണ്ട ജനക്കൂട്ടം ചോദിച്ചു. ``ഇവനായിരിക്കുമോ ദാവീദിന്റെ പുത്രന്‍'' (മത്താ. 12:23). പിശാചുബാധിതയായ മകളെ സുഖപ്പെടുത്തണമേ എന്നു യാചിച്ച കാനാന്‍കാരിക്കും യേശു ദാവീദിന്റെ പുത്രനായിരുന്നു (മത്താ. 15:22). ജെറീക്കോയിലെ വഴിയോരത്തു ഭിക്ഷയ്‌ക്കുവേണ്ടി കാത്തിരുന്ന കുരുടന്‍ ബര്‍ത്തിമേയൂസ്‌ ഹൃദയം പൊട്ടി നിലവിളിച്ചു: ``ദാവീദിന്റെ പുത്രനായ യേശുവേ, എന്നില്‍ കനിയണമേ'' (മര്‍ക്കോ 10:47). ആയിരങ്ങളുടെ അകമ്പടിയോടെ കഴുതപ്പുറത്ത്‌ ജറുസലേമിലേക്കു പ്രവേശിച്ചവനെ ദാവീദിന്റെ പുത്രനായ രാജാവായാണ്‌ ജനം എതിരേറ്റത്‌. ``വരാനിരുന്നവന്‍'' വന്നു കഴിഞ്ഞു എന്ന്‌ യേശുവിനെ കണ്ടവര്‍ ഉദ്‌ഘോഷിച്ചു. പിതാക്കന്മാര്‍ക്കു ലഭിച്ചതും പ്രവാചകന്മാര്‍ ആവര്‍ത്തിച്ചതുമായ സകല വാഗ്‌ദാനങ്ങളും നിറവേറ്റുന്നവനായി ജനക്കൂട്ടം യേശുവിനെ കണ്ടു.
ജനത്തിന്റെ പ്രതീക്ഷകളും ഗ്രഹണശക്തിയും പഴയ നിയമത്തിന്റെ ചുറ്റുവട്ടത്തില്‍ ഒതുങ്ങിനിന്നു; എന്നാല്‍ അതിനുള്ളില്‍ ഒതുങ്ങുന്നതായിരുന്നില്ല യേശുവിന്റെ വ്യക്തിത്വം. തങ്ങള്‍ക്കു പരിചിതമായ പേരുകളില്‍ യേശുവിനെ വിളിച്ചവര്‍ക്കും ഈ യാഥാര്‍ത്ഥ്യം ബോധ്യമായിരുന്നു. അതിനാല്‍ യേശുവിന്റെ സാന്നിധ്യത്തില്‍ അവര്‍ വിസ്‌മയം കൂറിനിന്നു, ആരാണ്‌ ഇവന്‍ എന്ന ചോദ്യവുമായി. അവന്റെ ഒറ്റവാക്കില്‍ തളര്‍വാതരോഗി എണീറ്റു നടന്നപ്പോള്‍, മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെട്ടപ്പോള്‍ തങ്ങള്‍ക്കു പരിചിതമായ മേഖലയുടെ അപ്പുറത്താണ്‌ അവന്‍ നില്‍ക്കുന്നതെന്ന്‌ അവര്‍ക്കു തോന്നി. ``നിന്റെ പാപം ക്ഷമിക്കപ്പെട്ടിരിക്കുന്നു'' എന്ന വാക്ക്‌ അവന്റെ നാവില്‍നിന്നു വീണപ്പോള്‍ കേട്ടവര്‍ നടുങ്ങി. ദൈവത്തിനുമാത്രം ഉച്ചരിക്കാവുന്ന ഈ വാക്കുകള്‍ ഉച്ചരിക്കുന്ന ഇവന്‍ ആര്‌? (മര്‍ക്കോ 2:7-12).

സമകാലികരുടെ സകല സങ്കല്‍പങ്ങളെയും മറികടക്കുന്നതായിരുന്നു യേശുവിന്റെ പല വാക്കും പ്രവൃത്തിയും. ഉടമ്പടിയിലൂടെ നല്‍കപ്പെട്ടതും പിതാക്കന്മാര്‍ പരിപാവനമായി കരുതി കൈമാറി വന്നതുമായ നിയമങ്ങളും പാരമ്പര്യങ്ങളും അവന്‍ കൂസലില്ലാതെ ലംഘിക്കുന്നതു കണ്ടപ്പോള്‍ അവര്‍ക്ക്‌ അവനെ മനസിലാക്കാനായില്ല. ``സാബത്തു മനുഷ്യനുവേണ്ടിയാണ്‌, മനുഷ്യന്‍ സാബത്തിനുവേണ്ടിയല്ല, മനുഷ്യപുത്രന്‍ സാബത്തിന്റെയും കര്‍ത്താവാണ്‌'' (മര്‍ക്കോ 2:27-28) എന്ന മഹാവാക്യം അമ്പരപ്പുളവാക്കുക മാത്രമല്ല, എതിര്‍പ്പിനും കാരണമായി. ഭക്ഷണകാര്യത്തില്‍ എന്നല്ല, സകല വ്യാപാരങ്ങളിലും ശരീരശുദ്ധി പാലിക്കാന്‍ ദത്തശ്രദ്ധരായിരുന്നവര്‍ക്ക്‌ അവന്റെ നിലപാട്‌ ഒരു പ്രതിഷേധവും സമൂഹത്തിനു മുഴുവന്‍ എതിരെയുള്ള ഒരു വെല്ലുവിളിയുമായേ കാണാന്‍ കഴിഞ്ഞുള്ളൂ (മര്‍ക്കോ 7:1-23).

യഹൂദനേതാക്കന്മാര്‍ക്ക്‌ അവന്‍ ആരംഭംമുതലേ ഒരു നോട്ടപ്പുള്ളിയായിരുന്നു; നിയമനിഷേധിയും ജനത്തെ വഴി തെറ്റിക്കുന്ന കലാപകാരിയും. ആദ്യമാദ്യം അവര്‍ അവനെ സൂക്ഷ്‌മ നിരീക്ഷണത്തിനു വിധേയനാക്കി; അവന്റെ വാക്കുകളും പ്രവൃത്തികളും ജനമധ്യത്തില്‍ അതുളവാക്കുന്ന പ്രത്യാഘാതങ്ങളും സശ്രദ്ധം പരിശോധിച്ചു. അതിന്റെ വെളിച്ചത്തില്‍ അവര്‍ ഒരു തീരുമാനത്തിലെത്തി: ഇവന്‍ ദൈവദൂഷകനാണ്‌, കഴിയുന്നതും വേഗം നിശബ്‌ദനാക്കി, ഒഴിവാക്കേണ്ട അപകടകാരി (മര്‍ക്കോ 2:7-16.24;3,6). ജനമധ്യത്തില്‍ അവനെ തേജോവധം ചെയ്യാന്‍ അവര്‍ പരമാവധി പരിശ്രമിച്ചു. അവനെതിരെ ദുഷ്‌പ്രചരണത്തിന്റെ ഒരു വേലിയേറ്റംതന്നെ അഴിച്ചുവിട്ടു. അവന്‍ നിയമനിഷേധകനാണ്‌, ഭോജനപ്രിയനും മദ്യപനും ചുങ്കക്കാരുടെയും പരസ്യ പാപികളുടെയും കൂട്ടുകാരനുമാണ്‌ (ലൂക്കാ 7:34); അവന്‍ സമരിയാക്കാരനാണ്‌ (യോഹ. 8:48) ; അവന്‌ സുബോധം നഷ്‌ടപ്പെട്ടിരിക്കുന്നു (മര്‍ക്കോ 3:21) ; അവനു പിശാചു ബാധിച്ചിരിക്കുന്നു (യോഹ. 8:48) ; സാത്താനുമായി അവന്‍ സഖ്യത്തിലാണ്‌ (മര്‍ക്കോ 3:22). പഴയ നിയമത്തില്‍ തഴങ്ങിയ അവരുടെ കാഴ്‌ചപ്പാടുകള്‍ക്ക്‌ യേശുവിനെ മനസിലാക്കാന്‍ കഴിഞ്ഞില്ല; അതിനാല്‍ത്തന്നെ അംഗീകരിക്കാനും സാധിച്ചില്ല. ജറുസലേമിലേക്കു നടത്തിയ രാജകീയ പ്രവേശനവും ദൈവാലയത്തില്‍ ചുഴറ്റിയ ചാട്ടവാറും യേശുവിനെ ഉന്മൂലനം ചെയ്യാനുള്ള അവരുടെ തീരുമാനത്തെ അരക്കിട്ടുറപ്പിച്ചു.
(തുടരും)

Author : ഫാ. മൈക്കിള്‍ കാരിമറ്റം

No comments: