ആധികാരികത
ഇതര റബ്‌ബീമാരില്‍ നിന്ന് യേശുവിനെ വ്യത്യസ്‌തനാക്കു ന്ന ഒട്ടേറെ സവിശേഷതകളുണ്ട്. അവയില്‍ പ്രഥമവും പ്രധാനവുമായി കാണാന്‍ കഴിയുക ഗുരുവിന്റെ ആധികാരികതയാണ്. ``ഈ വചനങ്ങള്‍ അവസാനിപ്പിച്ചപ്പോള്‍ ജനാവലി അവന്റെ പ്രബോധനത്തെപ്പറ്റി വിസ്‌മയിച്ചു. അവരുടെ നിയമജ്ഞരെപ്പോലെയല്ല, അധികാരമുളളവനെപ്പോലെയാണ് അവന്‍ പഠിപ്പിച്ചത്.'' (മത്തായി 7:28, മര്‍ക്കോ 1:22) ``അധികാരത്തോടുകൂടിയതായിരുന്നു അവന്റെ വചനം'' (ലൂക്കാ 4:32). യേശുവിനെ ബന്ധിച്ചുകൊണ്ടുപോകാന്‍ കഴിയാത്ത സേവകര്‍ക്ക് പറയാനുളളതിതാണ്: അവനെപ്പോലെ ആരും ഇതുവരെ സംസാരിച്ചിട്ടില്ല. (യോഹ. 7:46) മറ്റു റബ്‌ബീമാര്‍ക്കൊന്നും ഈ അധികാരം അവകാശപ്പെടാന്‍ കഴിഞ്ഞിട്ടില്ല.
ഈ അധികാരത്തിന്റെ ഉറവിടം എവിടെയെന്ന് സുവിശേഷങ്ങള്‍ വ്യക്തമാക്കുന്നു. പിതാവുമായുളള അവഗാഢവും അനന്യവും അവിച്ഛിന്നവുമായ ഐക്യത്തിലാണത്. യേശുതന്നെ പറയുന്നു, തന്റെ പ്രബോധനം തന്നെ അയച്ച പിതാവിന്റേതാണെന്ന് (യോഹ 7:16, 14:24). പിതാവു നല്‍കിയ വചനമാണ് അവിടുന്ന് ശിഷ്യന്മാരുമായി പങ്കുവെച്ചത് (യോഹ 17:14) പിതാവു പഠിപ്പിച്ച കാര്യങ്ങളാണ് അവിടുന്ന് ശ്രോതാക്കളോടു പറഞ്ഞിട്ടുളളത്. ``നിങ്ങള്‍ മനുഷ്യപുത്രനെ ഉയര്‍ത്തിക്കഴിയുമ്പോള്‍, ഞാന്‍ ഞാന്‍തന്നെയെന്നും ഞാന്‍ സ്വമേധയാ ഒന്നും പ്രവര്‍ത്തിക്കുന്നില്ല, പ്രത്യുത, എന്റെ പിതാവ് എന്നെ പഠിപ്പിച്ചതുപോലെ ഇക്കാര്യങ്ങള്‍ ഞാന്‍ സംസാരിക്കുന്നുവെന്നും നിങ്ങള്‍ മനസിലാക്കും'' (യോഹ 8:28). അവിടുത്തെ വാക്കുകള്‍ പിതാവിന്റെ പ്രവൃത്തികളില്‍ നിന്നാണ് നിര്‍ഗളിക്കുക: ``ഞാന്‍ നിങ്ങളോടു പറയുന്ന വാക്കുകള്‍ സ്വമേധയാ പറയുന്നതല്ല, പ്രത്യുത, എന്നില്‍ വസിക്കുന്ന പിതാവ് തന്റെ പ്രവൃത്തകള്‍ ചെയ്യുകയാണ്'' (യോഹ 14:10). പിതാവില്‍ നിന്നു കേട്ടവ ശിഷ്യര്‍ക്കു വെളിപ്പെടുത്തിയതാണ് അവരെ യേശു സ്‌നേഹിതന്മാരെന്നു വിളിക്കാന്‍ കാരണം (യോഹ 15:15).
സത്യത്തോടുളള തുറവിയും പ്രതിബദ്ധതയും യേശുവിന്റെ പ്രബോധനങ്ങളുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ്. ``ഇതിനുവേണ്ടിയാണ് ഞാന്‍ ഈ ലോകത്തിലേക്കു വന്നതും- സത്യത്തിനു സാക്ഷ്യം നല്‍കാന്‍. സത്യത്തില്‍ നിന്നുള്ളവന്‍ എന്റെ സ്വരം കേള്‍ക്കുന്നു (യോഹ 18:37).
സാബത്തുനാളില്‍ നസ്രത്തിലെ സിനഗോഗില്‍ നടന്ന ആ രാധനാ ശുശ്രൂഷയില്‍ പങ്കെടുത്തവര്‍ യേശുവിന്റെ വചനപ്രഘോഷണത്തോടു പ്രതികരിച്ചതെങ്ങനെയെന്ന് വി.ലൂക്കാ വിവരിക്കുന്നു. ``എല്ലാവരും അവനെപ്പറ്റി പ്രശംസിച്ചുപറയുകയും അവന്റെ നാവില്‍ നിന്നു പുറപ്പെട്ട കൃപാവചസുകേട്ട് അത്ഭുതപ്പെടുകയും ചെയ്‌തു'' (ലൂ ക്കാ 4:22). യേശുവിന്റെ ആ ധികാരികതയും അവതരണത്തിന്റെ നവീനത്വവും അവ രെ ആകര്‍ഷിച്ചുട്ടുണ്ടാവുമെന്നത് നിസ്‌തര്‍ക്കമാണ്. ഒരു വിദ്യാലയത്തിലും പഠിച്ചിട്ടില്ലാത്തവന്‍ എങ്ങനെ അറിവന്റെ അക്ഷയ സ്‌ത്രോതസ്സായിരിക്കുന്നെന്ന് അവര്‍ വിസ്‌മയിക്കുകയാണ് (യോഹ. 7:14,15). ഇത്രമാത്രം ജനശ്രദ്ധ പിടിച്ചുപറ്റി ശ്രോതാക്കളെ അത്ഭുതപരതന്ത്രരാക്കുന്ന ആ പ്രബോധന രീതി അദ്വീതീയവും ഏറ്റം സമാകര്‍ഷകവുമെന്നേ വിശേഷിപ്പിക്കാനാവൂ. ആ ശൈലിയൊന്നേറിയാല്‍ ശ്രമിക്കുന്നത് എല്ലാവര്‍ക്കും പ്രത്യേകിച്ച് മതബോധന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ക്ക് കൂടുതല്‍ വെളിച്ചം പകരാന്‍ ഉപകരിക്കും.
മറ്റേതൊരു പ്രവാചകനേയുംപോലെ യേശുവും പഠിപ്പിച്ചത് വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയുമാണ്. ദൃശ്യശ്രാവ്യമാണ് ആ പ്ര ബോധനശൈലി. വാക്കും പ്രവൃത്തിയും തമ്മിലുളള സ മന്വയം ആ പ്രബോധനങ്ങളിലുടനീളം ആര്‍ക്കും നിരീക്ഷിക്കാനാവും. യേശുവിന്റെ ഭക്ഷണമേശകള്‍ ചുങ്കക്കാ രും പാപികളും ഒത്തുചേരു ന്ന സൗഹൃദത്തിന്റെ വെളിപ്പെടുത്തലിനുപാധി എന്നതിലുപരിയായി ദൈവരാജ്യമൂല്യങ്ങളുടെ പ്രസരണവേദിയുമായിരുന്നു.
ഇവിടെ ഒരു പ്രശ്‌നം പരിഗണനയര്‍ഹിക്കുന്നതായിട്ടുണ്ട്. ഇന്ന് വിദ്യാഭ്യാസമേഖലയില്‍ വികസിച്ചു വന്നിട്ടുളള സമീപനങ്ങളുടേയും മനഃശാസ്‌ത്ര തത്വങ്ങളുടെയും വെളിച്ചത്തില്‍ രണ്ടായിരം വര്‍ഷം മുന്‍പ് യേശു സ്വീകരിച്ച അധ്യാപനരീതി അപഗ്രഥനവിഷയമാക്കുക യുക്തിസംഗതമാണോ? പലതലങ്ങളിലും ഇത്തരമൊരു വിലയിരുത്തല്‍ അനുചിതമെന്നു തോന്നാം. എന്നാല്‍ ചരിത്രം കണ്ടിട്ടുളള ഏറ്റം മഹാനായ ഗുരുനാഥന്‍ എന്നു വിശേഷിപ്പിക്കാവുന്ന യേശുവിന്റെ പ്രബോധനശൈലി നമ്മെ വിസ്‌മയഭരിതരാക്കുന്നു. ആ അധ്യാപനരീതിയുടെ ആഴങ്ങളിലേക്ക് കടന്നുചെല്ലുമ്പോഴാണ് ഇതിന്റെ ഉള്‍ക്കാഴ്‌ചകളും ബോധന മാധ്യമങ്ങളും മനഃശാസ്‌ത്രത്തിന്റെ നേട്ടങ്ങളും എത്ര സമജ്ജസമായി അതില്‍ ഉള്‍ചേര്‍ന്നിരിക്കുന്നു എന്ന തിരിച്ചറിവുണ്ടാകുക.
അധ്യാപനത്തിന്റെ ഭൗതികസാഹചര്യങ്ങള്‍
അധ്യാപനത്തിന്റെ പരിതോവസ്ഥകളെപ്പറ്റി പരാമര്‍ശിക്കുമ്പോള്‍ ചിന്താവിഷയമാകുന്നത് അധ്യാപകന്‍, വിദ്യാര്‍ത്ഥി, പാഠ്യവിഷയം, ബോധനലക്ഷ്യം, അധ്യാപനരീതി, ക്ലാസുമുറി, പ്രയോഗശാല, ഗ്രന്ഥശാല തുടങ്ങിയ ഘടകങ്ങളാണ്. ഒരു യഹൂദ റബ്‌ബീക്ക് പഠനമുറി അവശ്യഘടകമല്ല. ഏതുസ്ഥലവും ബോധനവേദിയാകാം. വീടും വഴിയും നാല്‍ക്കവലകളുമൊക്കെ ക്ലാസ്സുമുറിതന്നെ.
യേശു എത്രയോ വേദികള്‍ ജനങ്ങളെ പഠിപ്പിക്കാന്‍വേണ്ടി ഉപയോഗിച്ചിരിക്കുന്നു! സാമൂഹികമേഖലകള്‍ ഉള്‍പ്പെടെയുളള ഭൗതികസാഹചര്യങ്ങളുമായി വളരെ സുപരിചിതനാണവിടുന്ന്. ബോധനവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും അവിടുത്തേയ്‌ക്കറിയാം. ലക്ഷ്യത്തെ സംബന്ധിച്ചു സുവ്യക്തമായ കാഴ്‌ചപ്പാടുണ്ടവിടുത്തേക്ക്.
ചില പ്രബോധനങ്ങള്‍ ശ്രോതാക്കളില്‍ ചില വിഭാഗത്തില്‍പ്പെട്ടവരില്‍ യാതൊരു പ്രതികരണവും ഉളവാക്കുകയില്ലെന്ന് യേശു വ്യക്തമായിട്ടറിയുന്നുണ്ട്. അതുകൊണ്ടാണ് ഏശയ്യാ പ്രവാചകനെ ഉദ്ധരിച്ചുകൊണ്ട് അവിടുന്ന് പറഞ്ഞത്: ``അവര്‍ കണ്ടിട്ടും കാണുന്നില്ല; കേട്ടിട്ടും കേള്‍ക്കുന്നില്ല; ഗ്രഹിക്കുന്നുമില്ല'' (മത്തായി 13:13). അവരുടെ മനോഭാവത്തില്‍ മാറ്റമുണ്ടാകാത്തതിന്റെ കാരണം ഹൃദയകാഠിന്യം തന്നെ (മത്തായി 13:15) എന്ന് യേശു ചൂണ്ടിക്കാണിക്കുന്നു.
അധ്യാപനത്തിന്റെ ഭൗതിക ഘടകങ്ങളെല്ലാം തന്നെ പല സന്ദര്‍ഭങ്ങളിലായി യേശുവിന്റെ പ്രബോധനങ്ങളില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്. ഉദാഹരണത്തിന് യേശുവും നിക്കൊദേമോസും തമ്മിലുളള കൂടിക്കാഴ്‌ചതന്നെ പരിശോധിക്കാം. ഒരു വീടാണ് ക്ലാസുമുറി. അവിടെയാണ് അധ്യാപകന്‍. ഭയവിഹ്വലനായ വിദ്യാര്‍ത്ഥിക്കു സുരക്ഷിതത്വബോധം നല്‍കുന്ന രാത്രിയുടെ യാമങ്ങളില്‍ ജ്‌ഞാനത്തിന്റെ വെളിച്ചംതേടി നിക്കൊദേമോസ് കടന്നുവരുന്നു. ദൈവം അയച്ച ഉപദേഷ്‌ടാവിനെ തിരിച്ചറിഞ്ഞ് യേശുവിനെ `റബ്ബീ' എന്ന് അഭിസംബോധന ചെയ്യുകയും അവിടുന്ന് ഗുരു ആണെന്ന സത്യം അംഗീകരിക്കുകയും ചെയ്യുന്നു. പാഠ്യവിഷയമുണ്ടല്ലോ, ഉന്നതത്തില്‍ നിന്നുളള ജനനം. ലക്ഷ്യം നേടാനായോ അധ്യാപകന്? തീര്‍ച്ചയായും കഴിഞ്ഞിട്ടുണ്ട്. ഫരിസേയപ്രമാണിയായ നിക്കൊദേമോസിന്റെ മനോവൃത്തിയിലും മൂല്യബോധത്തിലും മൗലികമായ പരിവര്‍ത്തനം സംഭവിച്ചിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ പില്‌ക്കാലജീവിതം നല്‍കുന്ന തെളിമയാര്‍ന്ന സാക്ഷ്യം. യോഹന്നാന്‍ 7:50-51 ല്‍ നിക്കൊദെമോസ് ഉന്നയിക്കുന്ന ചോദ്യവുമുണ്ട്. ഒരുവനു പറയാനുളളത് ആദ്യം കേള്‍ക്കാതെയും അവനെന്താണ് ചെയ്യുന്നതെന്ന് അറിയാതെയും അവനെ വിധിക്കാന്‍ നമ്മുടെ നിയമം അനുവദിക്കുന്നുണ്ടോ? നിയമം കയ്യിലെടുത്ത് സത്യത്തിനു കൂച്ചുവിലങ്ങിടാന്‍ ശ്രമിക്കുന്ന ഫരിസേയമനസ്സാക്ഷിയില്‍ ഒരു ചാട്ടുളിപോലെ തറഞ്ഞുകയറുന്ന ഈ ചോദ്യത്തിന്റെ കര്‍ത്താവ് രാത്രിഞ്ചരനോ ഭീരുവോ ആയ നിക്കൊദെമോസ് അല്ല, നേരെമറിച്ച് ഒരു പുതിയ മൂല്യബോധത്തിനുടമയാണ്. ആ മാറ്റം വാക്കുകളില്‍ ഒതുങ്ങി നില്‍ക്കുന്നില്ല. പ്രവൃത്തിയിലേക്കും ശിഷ്യത്വത്തിലേക്കും നയിക്കുന്ന, ത്യാഗസുരഭിലമായൊരു ജീവിതശൈലി സ്വാംശീകരിക്കാന്‍ പര്യാപ്‌തമാക്കുന്ന ഒന്നാണത്. യേശുവിന്റെ ശവസംസ്‌കാരത്തിന് മീറയും ചെന്നിനായകവും ചേര്‍ന്ന നൂറു റാത്തലോളം സുഗന്ധദ്രവ്യവുമായി കല്ലറയിങ്കലെത്തുന്ന നിക്കൊദേമോസിന്റെ (യോഹ 19:39) ഗുരുഭക്തിയും ഉദ്ദീപ്‌തമായ ത്യാഗപുഷ്‌ക്കലതയും എത്ര ഉദാത്തമായിരിക്കുന്നു!
പല പ്രാപഞ്ചിക പ്രതിഭാസങ്ങളും യേശുവിന്റെ പ്രബോധനങ്ങള്‍ക്കു സാഹചര്യം ഒരുക്കിയിട്ടുണ്ട്. അവിടുത്തേക്ക് അവയോടുളള ഉദ്യുക്തയും താദാത്മീഭാവവും ഏറെ സുവിദിതമായിരിക്കുന്നു. പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം പ്രസ്‌പഷ്‌ടമാക്കുന്നതിന് അവിടുന്ന് ഉപയോഗിച്ച പ്രതീകമാണ് `റൂഹാ' അഥവാ കാറ്റ്. ``കാറ്റ് അതിനിഷ്‌ടമുളളടത്തേക്കു വീശുന്നു. അതിന്റെ ശബ്‌ദം നീ കേള്‍ക്കുന്നു. എന്നാല്‍, അത് എവിടെനിന്നു വരുന്നെന്നോ എവിടേക്ക് പോകുന്നെന്നോ നീ അറിയുന്നില്ല. ഇതുപോലെയാണ് ആത്മാവില്‍നിന്നു ജനിക്കുന്ന ഏവനും (യോഹ 3:8).
ഇവിടെ അത്ഭുതങ്ങളും അടയാളങ്ങളും യേശുവിന്റെ പ്രബോധനങ്ങള്‍ക്കു സാഹചര്യം ഒരുക്കിയിട്ടുണ്ടോ എന്ന പ്രശ്‌നം ഉന്നയിക്കാവുന്നതാണ്. ഉത്തരം പ്രത്യക്ഷമായിട്ടല്ലെങ്കില്‍ പരോക്ഷമായിട്ടെങ്കിലും ഉണ്ടെന്നു തന്നെയാകും. ദ്വിതീയ വത്തിക്കാന്‍ സൂനഹദോസ് ദൈവിക വെളിപാടിനെ സംബന്ധിച്ച പ്രമാണരേഖയിലൂടെ പഠിപ്പിക്കുന്നത്, ദൈവത്തിന്റെ വെളിപ്പെടുത്തല്‍ വാക്കിലൂടെ മാത്രമല്ല പ്രവൃത്തിയിലൂടെയും ആണെന്നത്രേ. വെളിച്ചം ഉണ്ടാകട്ടെ എന്നത് വാക്കാണെങ്കില്‍, ശ്രാവ്യമാണെങ്കില്‍, വെളിച്ചം ഉണ്ടായി എന്നത് പ്രവൃത്തിയാണ്, ദൃശ്യമാണ്. ദൈവികവെളിപാടു പങ്കുവയ്‌ക്കാന്‍ പ്രവാചകന്മാര്‍ ഉള്‍ക്കൊണ്ട സമീപനവും ഇതുതന്നെ. പ്രവൃത്തികളിലൂടെയും അവര്‍ വെളിപാടിന്റെ വക്താക്കളാകുന്നു. ദൈവികസന്ദേശം പകരുന്ന എത്രയോ പ്രതീകാത്മക പ്രവൃത്തികള്‍ പ്രവാചകഗ്രന്ഥങ്ങളില്‍ വിവരിച്ചിരിക്കുന്നു.
മഹാപ്രവാചകനും ഗുരുനാഥനുമായ യേശുവും ദൃശ്യശ്രാവ്യ മാധ്യമങ്ങളിലൂടെ പഠിപ്പിക്കുകയും സ്വയം വെളിപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്. അത്ഭുതങ്ങളും അടയാളങ്ങളും സന്ദേശം നല്‍കുകയും അവിടെത്തെ മെസ്സയാ രഹസ്യം അനാവരണം ചെയ്യുകയും ചെയ്യുന്ന പ്രവൃത്തികളാണ്; അവ യേശുവിന്റെ അധ്യാപനത്തിന് സാഹചര്യമൊരുക്കുന്നവയുമാണ്. `അവന്‍ തളര്‍വാതരോഗിയോടു പറഞ്ഞു: ഞാന്‍ നിന്നോടു പറയുന്നു, എഴുന്നേറ്റ് നിന്റെ കിടക്കയുമെടുത്ത് വീട്ടിലേക്കു പോവുക. അവന്‍ എഴുന്നേറ്റ് കിടക്കയുമെടുത്ത് എല്ലാവരും കാണ്‍കെ പുറത്തേക്കു പോയി (മര്‍ക്കോ. 2:10-12). ഈ അത്ഭുതസംഭവത്തിലൂടെ താന്‍ പാപവിമോചകനായ മിശിഹായാണെന്ന സത്യം ജനങ്ങളെ പഠിപ്പിക്കുകയാണ്. ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകുന്ന യേശു ആ പ്രവൃത്തിയിലൂടെ വിനയത്തിന്റെ പാഠം അവര്‍ക്കു നല്‍കുകയാണല്ലോ (യോഹ. 13:15).
ഓരോ സാഹചര്യത്തിലും ഒന്നോ അതിലധികമോ ബോധനരീതി യേശു അവലംബിക്കുന്നുതായി കാണാം. അധ്യാപകനെന്ന നിലയില്‍ അവിടുത്തെ പ്രധാന ബോധനശൈലിയാണ് ഇവിടെ വിശകലനം ചെയ്യുക. യേശുവിന്റെ പ്രബോധനങ്ങളില്‍നിന്ന് ഏതാനും ഭാഗങ്ങള്‍ മാത്രം പരിശോധിക്കുകയും അവയിലൂടെ ആവിഷ്‌കൃതമാകുന്ന ബോധനരീതികളും തത്വങ്ങളും വിശദീകരിക്കുകയും ചെയ്യുകയാണ്. ഒരു വിഹഗവീക്ഷണം. അത്രയേ പറ്റൂ. (തുടരും)
Author: ഫാ. മാത്യു അത്തിക്കല്‍, മാനന്തവാടി
No comments:
Post a Comment