Monday, November 7, 2011

"സമാധാനമല്ല, വാളാണ് ഞാന്‍ കൊണ്ട് വന്നിരിക്കുന്നത്" (മത്തായി 10:34)

വരാനിക്കുന്ന രക്ഷ്കനെപ്പറ്റിയുള്ള പഴയനിയമത്തിലെ പ്രവചനങ്ങളും യഹൂദരുടെ സങ്കല്‍പ്പങ്ങളും പൊതുവേ പറഞ്ഞാല്‍ ,സമാധാനവുമായി ബന്ടപ്പെട്ടവയാണ് .'സമാധാനത്തിന്റെ രാജാവ് ' എന്നാണു ഏശയ്യ പ്രവാചകന്‍ ഈ രക്ഷകനെ വിശേഷിപ്പിക്കുന്നത് (ഏശയ്യ 9:6).സമാധാനത്തിന്റെ രാജാവ് ഭരണം നടത്തുമ്പോള്‍ പ്രപഞ്ചം മുഴുവന്‍ സമാധാനപൂരിതമായിരിക്കും .മനുഷ്യര്‍ക്കിടയില്‍ മാത്രമല്ല ,മനുഷ്യരും മറ്റ് ജീവജാലങ്ങളും തമ്മിലും ജീവജാലങ്ങള്‍ തമ്മില്‍ത്തമ്മിലും സമാധാനവും സുരക്ഷിതത്വബോധവും നിലനില്‍ക്കും ."ചെന്നായും ആട്ടിന്‍കുട്ടിയും ഒന്നിച്ചു വസിക്കും. പുള്ളിപ്പുലി കോലാട്ടിന്‍കുട്ടിയോടുകൂടെ കിടക്കും. പശുക്കിടാവും സിംഹക്കുട്ടിയും ഒന്നിച്ചു മേയും. ഒരു ശിശു അവയെ നയിക്കും. പശുവും കരടിയും ഒരിടത്തു മേയും. അവയുടെ കുട്ടികള്‍ ഒന്നിച്ചു കിടക്കും. സിംഹം കാളയെപ്പോലെ വൈക്കോല്‍ തിന്നും. മുലകുടിക്കുന്ന ശിശു സര്‍പ്പപ്പൊത്തിനു മുകളില്‍ കളിക്കും. മുലകുടിമാറിയ കുട്ടി അണലിയുടെ അളയില്‍ കൈയിടും. എന്റെ വിശുദ്ധഗിരിയില്‍ ആരും ദ്രോഹമോ നാശമോ ചെയ്യുകയില്ല. സമുദ്രം ജലം കൊണ്ടെന്നപോലെ ഭൂമി കര്‍ത്താവിനെക്കുറിച്ചുള്ള ജ്ഞാനം കൊണ്ടു നിറയും".(ഏശയ്യ 11:6-9) യുഗാന്ത്യത്തെയും രക്ഷകന്റെ നാളുകളെയും കുറിച്ചുള്ള ഏശയ്യ പ്രവാചകന്റെ വിവരണമാണിത്. പഴയനിയമം ചിലയിടത്ത് യുഗാന്ത്യത്തിലെ യുദ്ധത്തെപ്പറ്റി പരാമര്‍ശിക്കുന്നുണ്ടെങ്കിലും ,അത് ഇസ്രായേലിനു ശാശ്വതസമാധാനം ലഭിക്കുവാന്‍വേണ്ടി വിജാതിയരും ദുഷ്ടരുമായ ശത്രുക്കള്‍ക്കെതിരെയുള്ള യുദ്ധമാണ് .തിന്മയുടെ ശക്തികളുടെ ഉന്‍മൂലനം നന്മയിലും സമാധാനത്തിലും അടിയുറച്ച പുതുയുഗതിന്റെയും നാന്ദി മാത്രമായിട്ടാണ് പ്രവാചകന്‍ കരുതുന്നത് .മിശിഹാതന്നെ ഭിന്നിപ്പും അസമാധാനവും കൊണ്ടുവരുമെന്ന ചിന്ത പഴയനിയമത്തിനും യാഹൂദചിന്താഗതികള്‍ക്കും അന്യമായിരുന്നു.

അക്ഷരാര്‍ത്ഥത്തില്‍ മനസ്സിലാക്കേണ്ട വാക്കുകള്‍ .

അതുകൊണ്ടാണ് ഒരു പൊതുസങ്കല്‍പ്പത്തെ അഥവാ മുന്‍ധാരണയെ തിരുത്തുന്ന മട്ടില്‍ "ഭൂമിയില്‍ സമാധാനമാണ് ഞാന്‍ കൊണ്ടുവന്നിരിക്കുന്നതു എന്ന് നിങ്ങള്‍ വിചാരിക്കരുത് " എന്ന് യേശുനാഥന്‍ പറയുന്നത് .അവിടുന്ന് തുടരുന്നു :'സമാധാനമല്ല, വാളാണ് ഞാന്‍ കൊണ്ട് വന്നിരിക്കുന്നത് എന്തെന്നാല്‍ ,ഒരുവനെ തന്‍റെ പിതാവിനെതിരായും മകളെ അമ്മക്കെതിരായും മരുമകളെ അമ്മായിയമ്മക്കെതിരായും ഭിന്നിപ്പിക്കാനാണ് ഞാന്‍ വന്നിരിക്കുന്നത് .സ്വന്തം കുടുംബത്തില്‍ പെട്ടവര്‍ തന്നെയായിരിക്കും ഒരുവന്റെ ശത്രുക്കള്‍ "(മത്താ 10:34-36).ഇ വാക്കുകളുടെ കാഠിന്യം കാരണം അവയെ മയപ്പെടുതാനും അതിശയോക്തിയായും പ്രതീകാത്മകമായുമൊക്കെ കാണാനും ചിലര്‍ പരിശ്രമിചിട്ടുണ്ട് .എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ മനസ്സിലാക്കേണ്ട വാക്കുകളാണിവ. യേശിവിന്റെ ജീവിതം തന്നെ ആദ്യന്തം ഇത് വ്യക്തമാക്കുന്നുണ്ട് .

യേശുവും ബന്ധുജനങ്ങളും

12 വയസുള്ള യേശു വിധേയത്വമുള്ള സമാധനപ്രിയനായ ഒരു കുട്ടിയെപ്പോലെ ജെറുസലെമില്‍നിന്നു മാതാവിന്റെയും യൌസേപ്പു പിതാവിന്റെയും കൂടെ നസ്രത്തിലേക്ക് മടങ്ങുന്നതിനു പകരം ,അവരുടെ പ്രതീക്ഷക്ക് വിപരീതമായി ജെറുസലെമില്‍ത്തന്നെ തങ്ങുന്നു .വേദനയോടും ഉത്കണ്ടയോടുംകൂടി മൂന്നുദിവസം അവിടുത്തെ അവര്‍ അന്വേഷിച്ചു .അവസാനം കണ്ടെത്തിയപ്പോള്‍ മാതാവ് അവിടുത്തോട് പറഞ്ഞു:"അവനെക്കണ്ടപ്പോള്‍ മാതാപിതാക്കള്‍ വിസ്മയിച്ചു. അവന്റെ അമ്മ അവനോടു പറഞ്ഞു: മകനേ, നീ ഞങ്ങളോട് ഇങ്ങനെ ചെയ്തതെന്ത്? നിന്റെ പിതാവും ഞാനും ഉത്കണ്ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു. അവന്‍ അവരോടു ചോദിച്ചു:നിങ്ങള്‍ എന്തിനാണ് എന്നെ അന്വേഷിച്ചത്? ഞാന്‍ എന്റെ പിതാവിന്റെ കാര്യങ്ങളില്‍ വ്യാപൃതനായിരിക്കേണ്ടതാണെന്ന് നിങ്ങള്‍ അറിയുന്നില്ലേ?"(ലൂക്ക 2:48-49)


തന്റെ കുടുംബത്തോടും ബന്ധത്തിലുള്ളവരോടുമുള്ള യേശുവിന്റെ നിലപാട് വീണ്ടും പരസ്യജീവിതകാലത്ത് അവിടത്തെ വാക്കുകളിലും പ്രവൃത്തികളിലും വ്യക്തമായി പ്രകടമാകുന്നുണ്ട് .ജനക്കൂട്ടത്തോട് സുവിശേഷം പ്രസംഗിച്ചുകൊണ്ടിരുന്ന യേശുവിനോട് സംസാരിക്കാന്‍ ആഗ്രഹിച്ചുകൊണ്ട് അവിടത്തെ അമ്മയും സഹോദരനും പുറത്തുനില്‍ക്കുന്ന വിവരം ആരോ അവിടുത്തെ അറിയിച്ചു .അവിടന്ന് പറഞ്ഞു "ആരാണ് എന്റെ അമ്മ? ആരാണ് എന്റെ സഹോദരര്‍? തന്റെ ശിഷ്യരുടെ നേരേ കൈ ചൂണ്ടിക്കൊണ്ട് അവന്‍ പറഞ്ഞു: ഇതാ, എന്റെ അമ്മയും സഹോദരരും. സ്വര്‍ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാരോ അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും".(മത്തായി 12:46-50)

നിയമത്തിനും ആചാരങ്ങള്‍ക്കുമെതിരെ

യാഹൂദജനത്തിന്റെ മതാത്മകമായ ചിന്തകളോടും ആചാരളോടുമുള്ള പരസ്യമായ ഒരു വെല്ലുവിളിയായിരുന്നു പലപ്പോഴും യേശുവിന്റെ വാക്കുകളും പ്രവൃത്തികളും .യാഹൂദനിയമത്തോടും സാബത്താചരണത്തോടുമുള്ള അവിടത്തെ നിലപാടുതന്നെ ഇതിനു മകുടോദാഹരണമാണ് .ഒരു സാബത്ത് ദിവസം യേശു സിനഗോഗില്‍ പ്രവേശിച്ചപ്പോള്‍,കൈ ശോഷിച്ച ഒരാളെ യേശു അവിടെ കണ്ടു .സാബത്തില്‍ രോഗശാന്തി നല്‍കുന്നത് യാഹൂദനിയമമനുസരിച്ചു വിലക്കപെട്ട കാര്യമായിരുന്നു .സിനഗോഗ് ശുശ്രൂക്ഷക്കുശേഷം രഹസ്യമായി അവനെ പുറത്തു വിളിച്ചു മറ്റാരുമറിയാതെ സുഖപെടുത്തി വീട്ടിലേക്കയച്ചിരുന്നെങ്കില്‍ ,ആര്‍ക്കും ഒരു ഉതപ്പും ഉണ്ടാകുമായിരുന്നില്ല .യാതൊരു സ്വര്യക്കെടും സംഭവിക്കുമായിരുന്നില്ല .എന്നാല്‍ യേശു ചെയ്തതെന്താണ് ? കൈശോഷിച്ച മനുഷ്യനെ വിളിച്ചു എല്ലാവരുടെയും മുമ്പില്‍ നിര്‍ത്തുന്നു .അനന്തരം അവിടുന്ന് ചോദിക്കുന്നു: "സാബത്തില്‍ നന്‍മ ചെയ്യുന്നതോ തിന്‍മചെയ്യുന്നതോ, ജീവന്‍ രക്ഷിക്കുന്നതോ നശിപ്പിക്കുന്നതോ, ഏതാണു നിയമാനുസൃതം? അവര്‍ നിശ്ശബ്ദരായിരുന്നു.അവരുടെ ഹൃദയ കാഠിന്യത്തില്‍ ദുഃഖിച്ച് അവരെ ക്രോധത്തോടെ നോക്കിക്കൊണ്ട്, യേശു അവനോടു പറഞ്ഞു: കൈ നീട്ടുക; അവന്‍ കൈനീട്ടി; അതു സുഖപ്പെട്ടു".(മര്‍ക്കോ 3:1-5)

മതനേതൃത്വത്തിനെതിരെ

യഹൂദര്‍ ഭക്ത്യാദരവുകളോടെ വീക്ഷിച്ചിരുന്ന മതനേതാക്കളായിരുന്നു ,ഫരിസേയരും നിയമജജരും .എന്ത് വിലകൊടുത്തും സമാധാനം കാത്തുസൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിയുടെതായിരുന്നില്ല ,അവരുടെ നേര്‍ക്കുള്ള യേശുവിന്റെ നിലപാട് .അതികഠിനമാണ് അവരെക്കുറിച്ചുള്ള അവിടുത്തെ വാക്കുകള്‍ : "കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ മനുഷ്യരുടെ മുമ്പില്‍ സ്വര്‍ഗരാജ്യം അടച്ചുകളയുന്നു. നിങ്ങള്‍ അതില്‍ പ്രവേശിക്കുന്നില്ല; പ്രവേശിക്കാന്‍ വരുന്നവരെ അനുവദിക്കുന്നുമില്ല. കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! ഒരുവനെ നിങ്ങളുടെ മതത്തില്‍ ചേര്‍ക്കാന്‍ നിങ്ങള്‍ കടലും കരയും ചുറ്റി സഞ്ചരിക്കുന്നു. ചേര്‍ന്നു കഴിയുമ്പോള്‍ നിങ്ങള്‍ അവനെ നിങ്ങളുടെ ഇരട്ടി നരകസന്തതിയാക്കിത്തീര്‍ക്കുന്നു. അന്ധരായ മാര്‍ഗദര്‍ശികളേ, നിങ്ങള്‍ക്കു ദുരിതം! ... കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ വെള്ളയടിച്ച കുഴിമാടങ്ങള്‍ക്കു സദൃശരാണ്. അവ പുറമേ മനോഹരമായി കാണപ്പെടുന്നെങ്കിലും അവയ്ക്കുള്ളില്‍ മരിച്ചവരുടെ അസ്ഥികളും സര്‍വവിധ മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്നു. അതുപോലെ, ബാഹ്യമായി മനുഷ്യര്‍ക്കു നല്ലവരായി കാണപ്പെടുന്ന നിങ്ങള്‍ ഉള്ളില്‍ കാപട്യവും അനീതിയും നിറഞ്ഞ വരാണ്"(മത്താ 23:13-16,27-28)

ശിമയോന്‍ എന്ന ഫരിസേയന്‍ തന്നോടോത്ത് ഭക്ഷണം കഴിക്കാന്‍ യേശുവിനെ ക്ഷണിച്ചു .യേശു ആ ഫരിസേയന്റെ വീട്ടില്‍ ഭക്ഷണത്തിനിരിക്കുമ്പോള്‍ ,പട്ടണത്തിലെ പാപിനിയായ ഒരു സ്ത്രീ വന്നു കണ്ണിരുകൊണ്ട് അവിടുത്തെ പാദങ്ങള്‍ കഴുകുകയും തലമുടികൊണ്ട് തുടക്കുകയും സുഗന്തതൈലം പൂശി ചുംബിക്കുകയു ചെയ്യുന്നു .ശിമയോന്‍ ഇത് കണ്ടു മനസ്സില്‍ പിറു പിറുക്കുന്നു .സാധാരണരീതിയിലുള്ള ആദിത്യമര്യാതയെല്ലാം മാറ്റിവെച്ചിട്ടു യേശു ആ ഫരിസേയനോട് പറയുകയാണ്‌ "ശിമയോനേ, എനിക്കു നിന്നോട് ഒരു കാര്യം പറയാനുണ്ട്. ഗുരോ, അരുളിച്ചെയ്താലും എന്ന് അവന്‍ പറഞ്ഞു.ഒരു ഉത്തമര്‍ണ്ണനു രണ്ടു കടക്കാര്‍ ഉണ്ടായിരുന്നു. ഒരുവന്‍ അഞ്ഞൂറും മറ്റവന്‍ അമ്പതും ദനാറ കടപ്പെട്ടിരുന്നു. വീട്ടാന്‍ കഴിവില്ലാത്തതുകൊണ്ട് ഇരുവര്‍ക്കും അവന്‍ ഇളച്ചു കൊടുത്തു. ആ രണ്ടുപേരില്‍ ആരാണ് അവനെ കൂടുതല്‍ സ്നേഹിക്കുക? ശിമയോന്‍ മറുപടി പറഞ്ഞു: ആര്‍ക്ക് അവന്‍ കൂടുതല്‍ ഇളവുചെയ്തോ അവന്‍ എന്നു ഞാന്‍ വിചാരിക്കുന്നു. അവന്‍ പറഞ്ഞു: നീ ശരിയായിത്തന്നെ വിധിച്ചു. അനന്തരം യേശു ആ സ്ത്രീയുടെനേരേ തിരിഞ്ഞ് ശിമയോനോടു പറഞ്ഞു: നീ ഈ സ്ത്രീയെ കാണുന്നല്ലോ. ഞാന്‍ നിന്റെ വീട്ടില്‍ വന്നു; കാലു കഴുകുവാന്‍ നീ എനിക്കുവെള്ളം തന്നില്ല. എന്നാല്‍, ഇവള്‍ കണ്ണീരുകൊണ്ട് എന്റെ കാലു കഴുകുകയും തലമുടികൊണ്ട് തുടയ്ക്കുകയുംചെയ്തു. നീ എനിക്കു ചുംബനം തന്നില്ല; എന്നാല്‍, ഞാനിവിടെ പ്രവേശിച്ചതുമുതല്‍ എന്റെ പാദങ്ങള്‍ ചുംബിക്കുന്നതില്‍നിന്ന് ഇവള്‍ വിരമിച്ചിട്ടില്ല. നീ എന്റെ തലയില്‍ തൈലം പൂശിയില്ല, ഇവളോ എന്റെ പാദങ്ങളില്‍ സുഗന്ധതൈലം പൂശിയിരിക്കുന്നു. അതിനാല്‍, ഞാന്‍ നിന്നോടു പറയുന്നു, ഇവളുടെ നിരവധിയായ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു. എന്തെന്നാല്‍, ഇവള്‍ അധികം സ്നേഹിച്ചു. ആരോട് അല്‍പം ക്ഷമിക്കപ്പെടുന്നുവോ അവന്‍ അല്‍പം സ്നേഹിക്കുന്നു." (ലൂക്ക 7:36-47). രമ്യതയുടെയും സമാധാനത്തിന്റെയും പേരില്‍ യേശു ശിമയോനില്‍നിന്നും സത്യം മറച്ചു വയ്ക്കുന്നില്ല.

എന്ത് വിലകൊടുത്തും സമാധാനവും സ്വര്യവും നിലനിര്‍ത്താന്‍ ആഗ്രഹിച്ച ഒരു വ്യക്തിയായിരുന്നില്ല യേശു എന്നതാണ് ഏറ്റവും സ്പഷ്ടമായ തെളിവാണല്ലോ ജറുസലേം ദേവാലയ ശുദ്ധീകരണം .പിതാവിന്റെ ഭവനത്തെ കള്ളന്മാരുടെ ഗുഹയാക്കിയവര്‍ക്കെതിരെ ചാട്ടവറെടുക്കുവാന്‍ അവിടുന്ന് ഒരിക്കലും സന്ദേഹിച്ചില്ല (മത്താ 21:12-13)

യഹൂദരുടെ ഏറ്റവും വലിയ മതാധികാരിയായിരുന്ന പ്രധാന പുരോഹിതന്‍ യേശുവിനെ തന്റെ ശിഷരെയും പ്രബോധനത്തെയും കുറിച്ച് ചോദ്യം ചെയ്തപ്പോള്‍ ,അവിടുത്തെ മറുപടി വിധേയയത്വത്തിന്റെയും ഭയഭക്തി ബഹുമാനങ്ങളുടെയും മാതൃകയായിരുന്നുവെന്നു പറയുവാന്‍ തീര്‍ച്ചയായും കഴിയുകയില്ല :"നീ എന്നോട് ചോദിക്കുന്നതെന്തുകൊണ്ട് ?ഞാന്‍ പറഞതെന്താണെന്നു കേട്ടവരോട് ചോദിക്കുക" (യോഹ 18:21).റോമന്‍ ഗവര്‍ണ്ണറായ പീലാത്തോസിനോടും അവിടുന്നു പറയുന്നു :"ഉന്നതങ്ങളില്‍നിന്നു നല്കപ്പെട്ടിട്ടില്ലായെങ്കില്‍ എന്റെമേല്‍ ഒരധികാരവും നിനക്കുണ്ടാകുമായിരുന്നില്ല" (യോഹ 19:11) ഹെറോദേസ്‌ രാജാവിനെ കുറുക്കനെന്നു വിളിക്കാന്‍ യാതോരു മടിയും അവിടുന്നു കാണിക്കുന്നില്ല (ലൂക്ക 13:32).സഭയില്‍ മുഖ്യസ്ഥാനം നല്‍കി ഒന്നാമത്തെ മാര്‍പാപ്പയായി നിയമിച്ച പത്രോസിനോടും ഒരു ദാക്ഷിണ്യവും അവിടുന്ന് പ്രകടിപ്പിക്കുന്നില്ല :"സാത്താനെ ,എന്റെ മുമ്പില്‍ നിന്ന് പോകൂ ,നീ എനിക്ക് പ്രതിബന്ധമാകുന്നു .നീ ചിന്തിക്കുന്നത് ദൈവത്തിന്റെ കാര്യങ്ങളല്ല ,മനുഷ്യന്റെ കാര്യങ്ങളാണ് "(മത്താ 16:23).

മുഖംനോക്കാതെ

ചുരുക്കിപ്പറഞ്ഞാല്‍ ,മനുഷ്യരുടെ മുഖം നോക്കാതെ പറയേണ്ടത് പറയേണ്ടിടത്ത് പറയുവാന്‍ യേശു ഒരിക്കലും മടി കാണിച്ചില്ല .അതിന്റെ പരിണിതഫലമെന്തയിരിക്കുമെന്നോ തനിക്ക് അത് എന്ത് ദോഷം ചെയ്യുമെന്നോ അവിടുന്ന് പരിഗണിച്ചില്ല .ഇരുതല വാള്‍ പോലെ അവിടത്തെ വാക്കുകള്‍ പലര്‍ക്കും മുറിവേല്‍പ്പിച്ചു (ഹെബ്രാ 4:12 കാണുക ).പലരും അങ്ങനെ അവിടുത്തെ ശത്രുക്കളായി .സ്വന്തം സഹോദരന്മാര്‍ പോലും യേശുവില്‍ വിശ്വസിച്ചില്ലെന്നും ,ജനക്കൂട്ടത്തിനിടയില്‍ അവിടുത്തെക്കുറിച്ചു ഭിന്നിപ്പും പിറുപിറുപ്പുമുണ്ടായെന്നും സുവിശേഷകനായ യോഹന്നാന്‍ രേഖപ്പെടുത്തിയിരിക്കുന്നു (7:5,12,32,42).യേശുവിന്റെ വാക്കുകളും പ്രവൃത്തികളും ധനികരും പ്രതാപശാലികളും നിയമഞ്ജരുമൊക്കെയായിരുന്നവരെ പാവപ്പെട്ടവരും സാധാരണക്കാരുമായിരുന്നവരില്‍നിന്നു കൂടുതല്‍ അകറ്റുവാന്‍ കാരണമായെന്നും വസ്തുതയത്രേ (യോഹ 7:49,9:22,34) യേശുവിന്റെ മരണത്തിനും ഉയര്പ്പിനും ശേഷം ,അങ്ങില്‍ വിശ്വസിച്ചവരും വിശ്വസിക്കാത്തവരും തമ്മിലുള്ള ഭിന്നിപ്പ് അതിരൂക്ഷമായിതീര്‍ന്നെന്നു നമുക്കറിയാം .ക്രിസ്തുവിലുള്ള വിശ്വാസത്തെച്ചോല്ലി അക്ഷരാര്‍ത്ഥത്തില്‍ മകന്‍ അപ്പനെതിരായും മകള്‍ അമ്മക്കെതിരായും മരുമകള്‍ അമ്മായി അമ്മക്കെതിരായും നിലപാടുകള്‍ സ്വീകരിച്ച സംഭവങ്ങള്‍ അപൂര്‍വ്വമല്ല .

ബൈബിളിലെ സമാധാനം

ബൈബിളില്‍ 'സമാധാനം ' എന്ന് പറയുമ്പോള്‍ ,അത് വെറും യുദ്ധങ്ങളും കലാഹങ്ങളുമില്ലാത്ത അവസ്ഥ മാത്രമല്ല ,പിന്നെയോ ദൈവത്തില്‍ നിന്ന് ലഭിക്കുന്ന യഥാര്‍ത്ഥമായ ,സാകല്യമായ ,രക്ഷയുടെ അനുഭവമാണ് ."അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം !ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്ക് സമാധാനം !"(ലൂക്ക 2:14) എന്ന് യേശുവിന്റെ പിറവിയെ അറിയിച്ചുകൊണ്ട് ആട്ടിടയന്മാര്‍ക്ക് പ്രത്യക്ഷപ്പെട്ട മാലാഖമാര്‍ പാടിയപ്പോള്‍ ,അവര്‍ അര്‍ത്ഥമാക്കിയതും ദൈവം നല്‍കുന്ന സാകല്യമായ മോചനവും രക്ഷയുമാണ് ,അല്ലാതെ വെറുതെ വഴക്കും ഭിന്നിപ്പുകളുമില്ലാത്ത ഒരവസ്ഥയല്ല .യേശുവിന്റെ വചനങ്ങള്‍ വരുത്തുന്ന ഭിന്നിപ്പും സൌര്യക്കേടുമെല്ലാം ആത്യന്തികമായി നമ്മെ തന്നെ ചോദ്യം ചെയ്യുന്നതും ദൈവം നല്‍കുന്ന രക്ഷ സ്വീകരിക്കാനും നമ്മെ പ്രാപ്തരാക്കുവാന്‍ ഉദ്ദേശിച്ചുള്ളതാണ് .യഥാര്‍ത്ഥമായ സമാധാനത്തിലേക്ക് നമ്മെ നയിക്കുകയെന്നതാണ് യേശുനാഥന്റെ ലക്‌ഷ്യം.



Author: സിപ്രിയന്‍ ഇല്ലിക്കമുറി