Wednesday, August 17, 2011

പരിണാമസിദ്ധാന്തം വിശ്വാസവിരുദ്ധമാണോ?


കഴിഞ്ഞപോസ്റ്റില്‍ പരിണാമസിദ്ധാന്തത്തെ ക്കുറിച്ചു പറഞ്ഞ വസ്‌തുതകളുടെ തുടര്‍ച്ചയായാണ്‌ ഈ വിശദീകരണം . ഉല്‍പത്തി 1:1-2:25 ലെ രണ്ടു സൃഷ്‌ടിവിവരണങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കണമെന്ന്‌ സഭ ആവശ്യപ്പെടുന്നില്ല. 1909 ജൂണ്‍ 30ന്‌ പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ കമ്മീഷന്‍ പുറപ്പെടുവിച്ച പ്രബോധന രേഖയില്‍ ബൈബിളിലെ സൃഷ്‌ടിവിവരണങ്ങളുടെ വ്യാഖ്യാനത്തില്‍ നിര്‍ബന്ധമായും അംഗീകരിക്കപ്പെടേണ്ട നാലു സത്യങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്‌:

1. സമയത്തിന്റെ ആരംഭത്തില്‍ ദൈവത്തിന്റെ ഇടപെടലിലൂടെയാണ്‌ പ്രപഞ്ചവും അതിലുള്ളവയും സൃഷ്‌ടിക്കപ്പെട്ടത്‌.
2. സൃഷ്‌ടിയുടെ മകുടമായ മനുഷ്യന്‌ പ്രപഞ്ചത്തില്‍ പ്രത്യേക സ്ഥാനമുണ്ട്‌.
3. ആദി സ്‌ത്രീയുടെ ഉത്ഭവം ആദിപുരുഷനില്‍ നിന്നായതിനാല്‍ സ്‌ത്രീ-പുരുഷ പാരസ്‌പര്യം സുപ്രധാനമാണ്‌.
4. ഏകദൈവത്തിന്റെ സൃഷ്‌ടികളാകയാല്‍ സകലമനുഷ്യരും സാഹോദര്യത്തിലും ഐക്യത്തിലും കഴിയേണ്ടവരാണ്‌.
ഈ അടിസ്ഥാനസത്യങ്ങള്‍ക്ക്‌ ഭംഗംവരാതെ ബൈബിളിലെ സൃഷ്‌ടിവിവരണത്തെ വ്യാഖ്യാനിക്കാനുള്ള സ്വാതന്ത്ര്യത്തെ സഭ അംഗീകരിക്കുന്നു.

പരിണാമ സിദ്ധാന്തവും ബൈബിള്‍ ദര്‍ശനവും സംഘര്‍ഷാത്മകമാണെന്ന നിലപാട്‌ ശക്തിപ്പെട്ടതോടെ അവയുടെ അനുരഞ്‌ജനത്തിനായി പല സിദ്ധാന്തങ്ങളും രൂപം കൊണ്ടുതുടങ്ങി. അവയില്‍ പ്രധാനമായവ ചുവടെ പരാമര്‍ശിക്കുന്നു.

പരിണാമത്തിലൂടെയാണ്‌ പ്രപഞ്ചം രൂപംകൊണ്ടത്‌. എന്നാല്‍ പരിണാമത്തിന്റെ ഓരോ ഘട്ടത്തിലും ദൈവം നിര്‍ണ്ണായകമായി ഇടപെട്ടിരുന്നു. തന്മൂലം ദൈവസൃഷ്‌ടിയും പരിണാമവും ഭിന്നയാഥാര്‍ത്ഥ്യങ്ങളല്ല എന്ന നിഗമനത്തെ (Theistic evolution) ചാള്‍സ്‌ ബാബേജ്‌, റൊനാള്‍ഡ്‌ ഫിഷര്‍ എന്നിവര്‍ പിന്തുണച്ചു.ദൈവം പ്രപഞ്ച സൃഷ്‌ടി നടത്തി പ്രകൃതിനിയമങ്ങള്‍ നല്‍കി പിന്‍വാങ്ങിയെന്നും പിന്നീടു പ്രപഞ്ചത്തില്‍ സംഭവിക്കുന്ന പരിണാമങ്ങളിലും സംഭവങ്ങളിലുമൊന്നും ദൈവം ഇടപെടുന്നില്ല എന്ന വാദവും (Deism) മതത്തെയും ശാസ്‌ത്രത്തെയും അനുരഞ്‌ജിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു.ബൈബിളിലെ ഏഴു ദിവസത്തെ സൃഷ്‌ടിവിവരങ്ങളെ ഏഴു യുഗങ്ങളായി കരുതി വിശദീകരിക്കുന്ന ശൈലിയും (Progressive Creationism) ഇക്കാലത്തു നിലവില്‍ വന്നതാണ്‌. ഏഴുയുഗങ്ങളിലായി പ്രപഞ്ചം പരിണാമവിധേയമായി എന്നവാദമാണ്‌ ഇക്കൂട്ടര്‍ നിരത്തിയത്‌.സൃഷ്‌ടികര്‍മ്മം പൂര്‍ത്തിയാക്കാന്‍ ദൈവം ഉപയോഗിച്ച മാര്‍ഗ്ഗമാണ്‌ പരിണാമം എന്നതാണ്‌ മറ്റൊരു വാദം (Evolutionary Creationism). തെയ്യാര്‍ദ്‌ ഷാര്‍ദാന്‍ ഈ വാദത്തിന്റെ വക്താവാണ്‌.എന്നാല്‍ പരിണാമസിദ്ധാന്തത്തെയും വിശ്വാസത്തെയും ബന്ധിപ്പിക്കാനുള്ള ഈ ശ്രമങ്ങളൊന്നും തന്നെ കാര്യമായി വിജയിച്ചില്ല. മതവും ശാസ്‌ത്രവും വിരുദ്ധചേരിയിലാണെന്ന തെറ്റായ ചിന്താഗതിയും പരിണാമസിദ്ധാന്തം ബൈബിളിനെയും വിശ്വാസത്തെയും തകര്‍ക്കുമെന്ന ഭയവും ഇതിനുകാരണമായി. തന്നെയുമല്ല പരിണാമസിദ്ധാന്തത്തെ ഗഹനമായി പഠിക്കാന്‍ പലരും തയ്യാറായതുമില്ല. പരിണാമം അംഗീകരിക്കുന്നത്‌ മനുഷ്യമഹത്വത്തിന്‌ ഹാനികരവും മനുഷ്യനെ മൃഗതലത്തിലേക്ക്‌ താഴ്‌ത്തുന്നതുമാണെന്നും വിലയിരുത്തപ്പെട്ടു. സകലതും പരിണാമവിധേയമായ പ്രപഞ്ചക്രമത്തില്‍ ധാര്‍മ്മികതയുടെ സനാതനതത്വങ്ങള്‍ അപ്രസക്തമാകുമെന്നും പണ്‌ഡിതന്മാര്‍ വിലയിരുത്തി. എന്നാല്‍ കത്തോലിക്കാസഭയുടെ ഔദ്യോഗിക നിലപാട്‌ കൂടുതല്‍ ഭാവാത്മകമായിരുന്നു. പരിണാമ സിദ്ധാന്തത്തെക്കുറിച്ചുള്ള കത്തോലിക്കാസഭയുടെ വിലയിരുത്തലുകള്‍ ചുവടെ ചേര്‍ക്കുന്നു.

1. ഡാര്‍വിന്‍ പരിണാമസിദ്ധാന്തം അവതരിപ്പിച്ചതിന്‌ ശേഷം ഒരു ദശകം കഴിഞ്ഞുചേര്‍ന്ന ഒന്നാം വത്തിക്കാന്‍ കൗണ്‍സില്‍ പരിണാമസിദ്ധാന്തത്തെയോ ഡാര്‍വിനെയോ പേരെടുത്തു പരാമര്‍ശിച്ചില്ല. എന്നാല്‍ സഭയുടെ വിശ്വാസസത്യങ്ങള്‍ക്കു വിരുദ്ധമായ ശാസ്‌ത്രതത്വങ്ങള്‍ നിരാകരിക്കണമെന്ന്‌ കൗണ്‍സില്‍ നിര്‍ദ്ദേശിച്ചു (ND 133-135). ശരിയായ ശാസ്‌ത്രതത്വങ്ങളും വിശ്വാസസത്യങ്ങളും തമ്മില്‍ വൈരുധ്യം ഉണ്ടാകില്ലെന്നും കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.

2. 1893 നവംബര്‍ 18നു പ്രസിദ്ധീകരിച്ച `പ്രൊവിദെന്തീസിമൂസ്‌ ദേവൂസ്‌' എന്ന പ്രമാണരേഖയില്‍ ലെയോ പതിമൂന്നാമന്‍ മാര്‍പാപ്പ, ബൈബിളിനു വിരുദ്ധമായി പ്രചരിക്കുന്ന ശാസ്‌ത്രസിദ്ധാന്തങ്ങളുടെ അസ്ഥിരതയെയും അടിസ്ഥാനരാഹിത്യത്തെയും കുറിച്ചു സൂചിപ്പിച്ചെങ്കിലും പരിണാമസിദ്ധാന്തത്തെ നേരിട്ട്‌ പരാമര്‍ശിച്ചില്ല.

3. പന്ത്രണ്ടാം പീയൂസ്‌പാപ്പായുടെ `ഹുമാനി ജെനേരിസ്‌' എന്ന ചാക്രിക ലേഖനമാണ്‌ പരിണാമസിദ്ധാന്തത്തെക്കുറിച്ച്‌ പഠനം നടത്തുന്ന ആദ്യ സഭാപ്രബോധനം. ദൈവിക വെളിപാടിനെ വിശദീകരിക്കാനുള്ള സഭയുടെ അധികാരത്തെ മാനിച്ചുകൊണ്ട്‌ കത്തോലിക്കര്‍ക്ക്‌ മനുഷ്യോല്‍പത്തിയെക്കുറിച്ച്‌ പരിണാമസിദ്ധാന്തം പറയുന്ന കാര്യങ്ങളെ സ്വീകരിക്കാനോ തിരസ്‌കരിക്കാനോ അവകാശമുണ്ടെന്ന്‌ മാര്‍പാപ്പാ വിലയിരുത്തി. എന്നാല്‍ മനുഷ്യാത്മാവ്‌ ദൈവത്താല്‍ നേരിട്ട്‌ സൃഷ്‌ടിക്കപ്പെട്ടതാണെന്നും എല്ലാ മനുഷ്യരും ആദത്തില്‍നിന്നുത്ഭവിച്ചവരാണെന്നും വിശ്വസിക്കണമെന്ന്‌ മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ചുരുക്കത്തില്‍, മനുഷ്യോല്‌പത്തിക്കുമുമ്പുണ്ടായിരുന്നവയില്‍ നിന്നാണ്‌ മനുഷ്യ ശരീരം ഉത്ഭവിച്ചത്‌ എന്നു കരുതുന്നത്‌ വിശ്വാസവിരുദ്ധമല്ലെന്ന്‌ മാര്‍പാപ്പ അംഗീകരിച്ചു.

4. 1996 ഒക്‌ടോബര്‍ 22 ന്‌ ശാസ്‌ത്രകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ അക്കാദമിയില്‍ നടത്തിയ പ്രഭാഷണത്തില്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഒരുപടികൂടി കടന്ന്‌ പരിണാമസിദ്ധാന്തം ആധുനിക ശാസ്‌ത്രമേഖലയില്‍ വരുത്തിയ ഭാവാത്മക ചലനങ്ങളെ ശ്ലാഘിച്ചു. ആധുനിക ഗവേഷണങ്ങള്‍ പരിണാമസിദ്ധാന്തത്തിന്റെ പല നിഗമനങ്ങളും ശരിവയ്‌ക്കുന്നതായി മാര്‍പാപ്പ ചൂണ്ടിക്കാട്ടി. എന്നാല്‍ ദൈവസൃഷ്‌ടിയായ മനുഷ്യാത്മാ വ്‌ പരിണാമത്തിലൂടെ രൂപംകൊണ്ടതാണെന്ന വാ ദത്തെ മാര്‍പാപ്പ അസന്ദിഗ്‌ദ്ധമായി നിഷേധിച്ചു.

5. പരിണാമ സിദ്ധാന്തത്തിന്റെ 150-ാം വാര്‍ഷികം പ്രമാണിച്ച്‌ ബനഡിക്‌ട്‌ 16-ാമന്‍ മാര്‍പാപ്പ 2009 മാര്‍ച്ചുമാസത്തില്‍ അഞ്ചു ദിവസങ്ങള്‍ നീണ്ട ഒരു ശാസ്‌ത്ര സമ്മേളനം വിളിച്ചുകൂട്ടി. കത്തോലിക്കാ ദൈവശാസ്‌ത്രവും പരിണാമസിദ്ധാന്തവും തമ്മിലുള്ള യോജിപ്പിന്റെയും വിയോജിപ്പിന്റെയും മേഖലകളെ ഈ സമ്മേളനം സമ്യക്കായി വിലയിരുത്തി. പ്രപഞ്ചത്തില്‍ ജീവന്‍ ഉത്ഭവിച്ചതും വളര്‍ന്നതും ക്രമാനുഗതമായാണ്‌ (gradual) എന്ന ശാസ്‌ത്രനിഗമനത്തെ സഭ അംഗീകരിച്ചു. എന്നാല്‍ ഭൂമിയുടെ പഴക്കത്തെക്കുറിച്ചുള്ള ശാസ്‌ത്രനിഗമനങ്ങളും ഫോസിലുകളുടെ വെളിച്ചത്തില്‍ നടത്തുന്ന അപൂര്‍ണ്ണമായ നിഗമനങ്ങളെയും കൂടുതല്‍ പഠനം ആവശ്യമുള്ളതിനാല്‍ അംഗീകരിക്കാന്‍ സഭ തയ്യാറായില്ല. ബനഡിക്‌ട്‌ പതിനാറാമന്‍ പാപ്പാ രചിച്ച ഉല്‌പത്തിഗ്രന്ഥത്തിന്റെ വ്യാഖ്യാനത്തില്‍ (In the Beginning) സൃഷ്‌ടിയും പരിണാമവും വിശ്വാസവും യുക്തിയും തമ്മിലുള്ള ആന്തരിക ഐക്യത്തെക്കുറിച്ച്‌ ഊന്നിപ്പറയുന്നുണ്ട്‌. 2006 സെപ്‌തംബര്‍ 3ന്‌ പാപ്പായുടെ വേനല്‍ക്കാല വസതിയില്‍ ചേര്‍ന്ന സമ്മേളനത്തിന്റെ വിഷയം `സൃഷ്‌ടിയും പരിണാമവും' എന്നതായിരുന്നു. പ്രസ്‌തുത സമ്മേളനത്തില്‍ പാപ്പ നടത്തിയ പ്രസംഗം ഇത്തരുണത്തില്‍ ഏറെ ശ്രദ്ധേയമാണ്‌. ശാസ്‌ത്ര നിഗമനങ്ങളെ സമ്പൂര്‍ണ്ണമായും നിരസിക്കുന്ന തീവ്രനിലപാടായ സൃഷ്‌ടിവാദം (Creationism) ഒരുവശത്തും തെളിവുകളുടെ അപര്യാപ്‌തതകളെ സൗകര്യപൂര്‍വ്വം വിസ്‌മരിക്കുകയും ശാസ്‌ത്രതത്വങ്ങള്‍ക്കു വെളിയിലുള്ള സത്യങ്ങളെ നിരാകരിക്കുകയും ചെയ്യുന്ന പരിണാമസിദ്ധാന്തം മറുവശത്തും നിലകൊള്ളുന്ന വൈരുധ്യാത്മകതയായി മത-ശാസ്‌ത്ര നിഗമനങ്ങളെ വിലയിരുത്തുന്നത്‌ ശരിയല്ല (Shopfung and Evolution). പരിണാമസിദ്ധാന്തത്തില്‍ ശാസ്‌ത്രത്തിനു വെളിയിലുള്ള പലതാത്വിക നിഗമനങ്ങളും വിശ്വാസസംഹിതകളും ഉള്‍ക്കൊള്ളുന്നതായും മാര്‍പാപ്പാ ചൂണ്ടിക്കാട്ടി.
മേല്‍ പ്രസ്‌താവിച്ച വസ്‌തുതകളില്‍ നിന്ന്‌ ചില അടിസ്ഥാന നിഗമനങ്ങളില്‍ എത്തിച്ചേരാം.

പരിണാമസിദ്ധാന്തം സംശയാതീതമായി തെളിയിക്കപ്പെട്ട ഒരു ശാസ്‌ത്ര സത്യമല്ല. ശാസ്‌ത്രീയ തെളിവുകളേക്കാള്‍ താത്വികവും കാല്‌പനികവുമായ നിഗമനങ്ങളെയാണ്‌ പരിണാമസിദ്ധാന്തം അവലംബമാക്കുന്നത്‌. മനുഷ്യശരീരം പരിണാമവിധേയമായിട്ടുണ്ട്‌ എന്ന നിഗമനം വിശ്വാസവിരുദ്ധമല്ല. എന്നാല്‍ മനുഷ്യാത്മാവ്‌ ദൈവത്താല്‍ നേരിട്ടു സൃഷ്‌ടിക്കപ്പെട്ടതാണ്‌. ഉല്‌പത്തി പുസ്‌തകത്തിലെ സൃഷ്‌ടിവിവരണം അക്ഷരാര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കേണ്ടതില്ല. സകലത്തിന്റെയും സ്രഷ്‌ടാവ്‌ ദൈവമാണെന്നും മനുഷ്യന്‌ സൃഷ്‌ടിയില്‍ സമുന്നതസ്ഥാനമുണ്ടെന്നും ആദിമാതാപിതാക്കളുമായി സകല മനുഷ്യര്‍ക്കും ജനിതകബന്ധമുണ്ടെന്നുമുള്ള അടിസ്ഥാന സത്യങ്ങള്‍ അംഗീകരിച്ചുകൊണ്ട്‌ ഈ വചനഭാഗങ്ങളെ വ്യാഖ്യാനിക്കുന്നതാണ്‌. മതവും ശാസ്‌ത്രവും വിശ്വാസവും യുക്തിയും തമ്മില്‍ വൈരുധ്യമുണ്ടെന്നുള്ള നിലപാട്‌ തിരുത്തണം.

Author : റവ.ഡോ. ജോസഫ്‌ പാംപ്ലാനി

No comments: