Saturday, August 4, 2012

ആദവും ഹവ്വായും ഉത്ഭവപാപവും - Part1

മനുഷ്യകുലത്തിന്‍റെ ആദ്യ മാതാപിതാക്കളായ ആദം,ഹവ്വാ എന്നീ രണ്ടു വ്യക്തികള്‍ ഭൌമിക പറുദീസയില്‍ വച്ച് ദൈവം തിന്നരുതെന്ന് വിലക്കിയിരുന്ന വൃക്ഷത്തിന്റെ പഴം തിന്നുകയും അങ്ങനെ ദൈവകല്പ്പന ലംഘിക്കയും ചെയ്തതിന്റെ ഫലമായി ,അവരുടെ സന്താനപരബരകള്‍ എന്ന നിലയില്‍ എല്ലാ മനുഷ്യരും ജന്മനാതന്നെ ആയിരിക്കുന്ന പ്രസാദവരഹിതമായ അഥവാ പാപാത്മകമായ അവസ്ഥയാണല്ലോ "ഉത്ഭാവപാപം" എന്ന് പരബരാകതമായി പറഞു പോന്നിരുന്നത് .ആദത്തെയും ഹവ്വയെയും ഭൌമികകപറുദീസായെയും പറ്റി പറഞ വസ്തുതകളുടെ വെളിച്ചതില്‍ ഉത്ഭവപാപമെന്ന യാഥാര്ത്യത്തെപ്പറ്റി ഒരു പുനര്‍വിചിന്തനം ആവശ്യമായിരിക്കുകയാണ് ,ഉത്ഭവപാപം എന്ന് പറയുന്നത് വിശ്വാസത്തിന്റെ ഒരു ഉള്‍ക്കാഴ്ചയാണ് .ആ നിലക്ക് അതൊരു വിശ്വാസ സത്യമാണ് ,അതിനു മാറ്റമില്ല .എന്നാല്‍ ഈ വിശ്വാസം മനസ്സിലാക്കുന്ന രീതി മനുഷ്യകുലത്തിന്റെ ബൌദ്ധികവും സാംസ്കാരികവുമായ വളര്‍ച്ചയെയും കാലികമായ മറ്റു പല ഘടകങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത് .1966 ജൂലൈ 11 ആം തിയതി ഉത്ഭവപാപത്തെപ്പറ്റി നടന്ന ഒരു സിംബോസിയത്തില്‍ സംബന്ധിച്ച ദൈവശാസ്ത്രജന്മാരോട് ,ഇന്നത്തെ മനുഷ്യര്‍ക്ക്‌ മനസ്സിലാകുന്നതും പ്രസക്തവുമായ രീതിയില്‍ ഉത്ഭവപാപത്തെ വിവരിച്ചുകൊടുക്കുവാന്‍ ആറാം പോള്‍ മാര്‍പാപ്പ തന്നെ ആവശ്യപ്പെടുകയുണ്ടായി .

ഉത്ഭാവപാപം പഴയനിയമത്തില്‍ .

ആദം(ha adam) എന്ന വാക്കിന്റെ അര്‍ഥംതന്നെ "മനുഷ്യന്‍" എന്നാണ് .സംഘാതാത്മകമായ വ്യക്തിത്വം(corporate personality) അഥവാ മനുഷ്യസമൂഹമാണ് ആ വാക്കുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് .അല്ലാതെ ആദ്യത്തെ മനുഷ്യന്റെ പേരായിരുന്നില്ല "ആദം" എന്നത് .ആദമെന്നും ഹവ്വായെന്നും പേരുള്ള രണ്ടു വ്യക്തിക്കളുടെ സന്താനപരബരകളായിട്ടാണ് എല്ലാ മനുഷ്യരും ജനിച്ചതെന്ന് പഠിപ്പിക്കുകയായിരുന്നില്ല ഉല്‍പ്പത്തിയിലെ ആദ്യ രണ്ടാധ്യായങ്ങളുടെ പ്രബോധനുദ്യേശം. ആദതിന്റെയും ഹവ്വായുടെയും പാപത്തിനു ശേഷം ലോകത്തില്‍ പാപം വളരെവേഗം വര്‍ധിച്ചു പെരുകിയതായി ഉലപ്പതിയുടെ പുസ്തകം പറയുന്നുണ്ടെങ്കിലും ,അത് ഈ അദിപാപത്തിന്റെ ഫലമായിരുന്നു എന്ന് ഉല്‍പ്പത്തിപ്പുസ്തകത്തില്‍ ഒരിടത്തും സൂചിപ്പിപ്പിക്കുന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍ ആദിമാതാക്കളുടെ പാപം മറ്റു മനുഷ്യരെ കര്‍മ്മപാപത്തിലേക്കോ ഉത്തഭവപാപത്തിലേക്കോ നയിച്ചതായി ഉല്‍പ്പതിയുടെ പുസ്തകമോ പഴയനിയമത്തിലെ മറ്റേതെങ്കിലും പുസ്തകമോ പറയുന്നില്ല .കര്‍മ്മപാപവും ഉത്ഭവപാപവും തമ്മിലുള്ള വേര്‍തിരിവും പഴയനിയമത്തിന് അംജ്ഞാതമാണ്. ആദത്തിന്റെയും ഹവ്വായുടെയും പാപത്തെപ്പറ്റി പഴയനിയമത്തിന്റെ മറ്റു ഭാഗങ്ങളില്‍ പരിചിന്തനമൊന്നും കാണുന്നില്ലെന്നതും പ്രസ്താവ്യമാണ്. പാപവും തിന്മയും ലോകത്തില്‍ എങ്ങനെയുണ്ടായി എന്ന ചോദ്യത്തിന് വിശ്വാസത്തിന്റെ വെളിച്ചത്തില്‍ ഉത്തരം നല്‍കുക മാത്രമാണ് ഉല്‍പ്പത്തിയുടെ കര്‍ത്താവ്‌ ചെയ്യുന്നത് .ഉത്ഭവപാപമുണ്ടെന്നു ഇസ്രായേല്‍ക്കാര്‍ വിശ്വസിച്ചിരുന്നില്ല .പഴയനിയമത്തില്‍ ഒരിടത്തും ഉത്ഭവപാപത്തെക്കുറിച്ചു പറയുന്നില്ല എന്നതുതന്നെയാണ് അതിനു കാരണം .

ഉത്ഭവപാപം പുതിയനിയമത്തില്‍

മനുഷ്യരെല്ലാവരും പാപികളാണെന്നതും എല്ലാവര്‍ക്കും യേശുവിലൂടെയുള്ള രക്ഷ ആവശ്യമാണെന്നതും പുതിയനിയമത്തിന്റെ പൊതുവായ വീക്ഷണവും പരോക്ഷമായ സാക്ഷ്യവുമാണ് .എന്നാല്‍ ,പാപത്തെ വ്യക്തിപരമായ് പാപമെന്നും ഉത്ഭവപാപമെന്നും പുതിയനിയമം ഒരിടത്തും വേര്‍തിരിച്ചുകാണിക്കുന്നില്ല .ഉത്ഭവപാപത്തെപ്പറ്റിയുള്ള സഭയുടെ പ്രബോധനത്തിനു ആധാരമായി വി.അഗസ്തീനോസും പരമ്പരാഗത ദൈവശാസ്ത്രജന്മാരും തെന്ത്രോസ് സൂനഹദോസും ചൂണ്ടിക്കാട്ടുന്നത് റോമ 5:12-21 ആണ് .ഈ ലേഖനഭാഗമനുസരിച്ച് ,ആദത്തിന്റെ പാപവും തിന്മയും തമ്മില്‍ വ്യക്തമായ ഒരു ബന്ധമുണ്ടെന്നു എല്ലാ ബൈബിള്‍ പണ്ഡിതന്മാരും ഇന്ന് പൊതുവേ അംഗീകരിക്കുന്നുണ്ട്. എന്നാല്‍ ഈ ബന്ധത്തിന്റെ സ്വഭാവത്തെപ്പറ്റി എല്ലാവരും എകാഭിപ്രായക്കാരല്ല. യഹൂദരുടെ ചിന്താരീതിയനുസരിച്ചു നിയമപാലനത്തിലൂടെയാണ് മനുഷ്യര്‍ക്ക്‌ ദൈവത്തില്‍നിന്നു നീതീകരണം അഥവാ രക്ഷ ലഭിക്കുന്നത് .പൌലോസിന്റെ ചിന്തയിലാകട്ടെ ക്രൂശിതനായ ക്രിസ്തുവിലൂടെ ദൈവം പ്രവര്‍ത്തിച്ച രക്ഷയിലുള്ള വിശ്വാസംവഴി മാത്രമേ മനുഷ്യര്‍ക്ക് ദൈവത്തില്‍നിന്നു നീതീകരണം ലഭിക്കൂ. ഈ സത്യം ശക്തമായി അവതരിപ്പിക്കുവാന്‍ പൌലോസ് ഉപയോഗിക്കുന്ന ഒരു താരതമ്യം അഥവാ സാദൃശ്യം മാത്രമാണ് ആദത്തെയും ആദത്തിന്റെ പാപത്തെയും പറ്റിയുള്ള പരാമര്‍ശം. "ഒരു മനുഷ്യന്മൂലം പാപവും പാപം മൂലം മരണവും ലോകത്തില്‍ പ്രവേശിച്ചു ,അപ്രകാരം എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാവരിലും വ്യാപിച്ചു"(5:12) "ഒരു മനുഷ്യന്റെ അനുസരണക്കേടിനാല്‍ അനേകര്‍ പാപികളായിത്തിര്‍ന്നതുപോലെ ഒരു മനുഷ്യന്‍റെ അനുസരണത്താല്‍ അനേകര്‍ നീതിയുള്ളവരാകും "(5:19) യേശുവിലൂടെ ദൈവം പ്രവൃത്തിച്ച രക്ഷാകര സഭവം എല്ലാ മനുഷ്യര്‍ക്കും രക്ഷക്ക് നിദാനമായി ഭവിക്കുന്നു എന്ന വിശ്വാസ സത്യം മാത്രമാണ് പൌലോസ് ശ്ലീഹായുടെ പ്രബോധനലക്‌ഷ്യം .

ആദത്തിന്റെ പാപംവഴി പാപം ആദ്യമായി ലോകത്തില്‍ പ്രേവേശിച്ചു ,പിന്നീട് എല്ലാ മനുഷ്യരും പാപം ചെയ്തു ,അങ്ങനെ എല്ലാവരും പാപികളായിത്തീര്‍ന്നു, പാപത്തിന്റെ ശിക്ഷയായ മരണം എല്ലാവര്ക്കും അനുഭവപ്പെടുന്നു - ഇതാണ് 5:12 ല്‍ പ്രകടമാകുന്ന പൌലോസ് ശ്ലീഹായുടെ വീക്ഷണം .അന്നത്തെ യഹൂദര്‍ ധരിചിരുന്നതുപോലെതന്നെ പൌലോസും ശാരീരികമായ മരണത്തെ പാപത്തിനുള്ള ശിക്ഷയായിട്ടാണ് കരുതുന്നത് .ആദം പാപം ചെയ്തതുകൊണ്ട് എല്ലാവര്ക്കും മരണം നേരിട്ടുവെന്നല്ല ,പിന്നെയോ എല്ലാവരും പാപം ചെയ്തതുകൊണ്ട് എല്ലാവര്ക്കും മരണവും അനുഭവപ്പെടുന്നതെന്നത്രേ പൌലോസ് പറയുന്നത് ."ഒരു മനുഷ്യന്റെ അനുസരണക്കേടിനാല്‍ അനേകര്‍ പാപികളായിത്തീര്‍ന്നതുപോലെ " എന്ന് 5:19 ല്‍ പറയുമ്പോഴും ,ഒരു മനുഷ്യന്റെ അനുസരണക്കേട്‌ മറ്റുള്ളവര്‍ക്ക് അവരുടെ സമ്മതമോ പ്രവൃത്തിയോ ഒന്നും കൂടാതെ പാപമായിതീര്‍ന്നുവെന്നു അര്‍ത്ഥമില്ല .5:12 ല്‍ പറയുന്നതുപോലെതന്നെ ,അനേകര്‍ പാപികളായെങ്കില്‍ അത് അവരും വ്യക്തിപരമായി അനുസരണക്കേട്‌ കാണിക്കുകയും പാപം ചെയ്യുകയും ചെയ്തതുകൊണ്ടാണ് .ആദത്തിന്റെ പാപത്തിനു ആദ്യത്തെ പാപമെന്ന നിലയിലും ,ലോകത്തിലേക്ക്‌ പാപത്തിനു പ്രവേശനം നല്‍കി എന്ന നിലയിലും മാത്രമേ പവ്ലോസ് ശ്ലീഹായുടെ വീക്ഷണത്തില്‍ ,മറ്റുള്ളവരുടെ പാപവുമായി ബന്ധമൊള്ളൂ .അല്ലാതെ ,ആദത്തിന്റെ പാപം മറ്റു മനുഷ്യര്‍ക്ക്‌ പരബരാഗതമായ ധാരണയിലുള്ള ഉത്ഭവപാപത്തിനു കാരണമായി എന്ന് പൌലോസ് വിവക്ഷിക്കുന്നില്ല .അങ്ങനെ കൃത്യമായി പറഞാല്‍ ,മേല്‍പറഞ്ഞ ലേഖനഭാഗത്ത് പൌലോസ് ശ്ലീഹാ ഉത്ഭവപാപത്തെപ്പറ്റി കാര്യമായി ഒന്നും തന്നെ പറയുന്നില്ല .

എന്നാല്‍, "ഉത്ഭവപാപം" എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്ന യാഥാര്ത്യത്തെപ്പറ്റി തന്റെ ലേഖനത്തില്‍ ,വിശിഷ്യ റോമാക്കാര്‍ക്കെഴുതിയ ലേഖനത്തില്‍, പൌലോശ്ലീഹ പലേടത്തും പറയുന്നുണ്ട് .സാധാരണമായി പാപം (he hamarita) എന്ന് പറയുമ്പോള്‍ പൌലോസ് ഉദ്ദേശികുന്നത് പാപകരമായ ഏതെങ്കിലും ഒറ്റപ്പെട്ട പവൃത്തിയല്ല .പ്രത്യുത പാപത്തിന്റെ മൂര്‍ത്തീകരണം അഥവാ മൂര്‍ത്തീമത്ഭാവം പൂണ്ട പാപത്തിന്റെ ശക്തിയാണ് .ഈ ശക്തി ലോകത്തില്‍ പ്രേവേശിക്കുവാന്‍ ഇടയാക്കിയത് ആദത്തിന്റെ പാപമത്രേ (5:12).പാപത്തിന്റെ ഈ ശക്തി ലോകത്തെയാകമാനം ഗ്രസിച്ചിരിക്കയാണ്. ലോകത്തില്‍ ഭരണം നടത്തുകയാണ്. മനുഷ്യന്റെ സ്വതന്ത്രമായ തീരുമാനത്തിനും തിരഞെടുപ്പിനും മുമ്പുതന്നെ ഈ ശക്തി ആന്തരികമായി അവനില്‍ സ്വാദീനം ചെലുത്തുന്നു ;പാപതിലേക്ക് അതവനെ പ്രേരിപ്പിക്കുന്നു .മനുഷ്യനെ തന്റെ അടിമയാക്കാനുള്ള നിരന്തരമായ പരിശ്രമത്തിലാണ് പാപത്തിന്റെ ഈ ശക്തി (റോമ 6:6.13-14.23;7:8.9.11.14-15) വികാരതീവ്രമായ ഭാക്ഷയിലാണ് പാപത്തിന്റെ ഈ ശക്തിയും അതിന്റെ നീരാളിപ്പിടുത്തത്തെയും പൌലോസ് വര്‍ണ്ണിക്കുന്നത് :"ഞാന്‍ പാപത്തിന് അടിമയായി വില്‍ക്കപ്പെട്ട ജഡികനാണ്. ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍തന്നെ എനിക്കു മനസ്സിലാകുന്നില്ല.എന്തെന്നാല്‍, ഞാന്‍ ഇച്ഛിക്കുന്നതല്ല, വെറുക്കുന്നതാണു ഞാന്‍ പ്രവര്‍ത്തിക്കുന്നത്. ഞാന്‍ ഇച്ഛിക്കാത്തതു പ്രവര്‍ത്തിക്കുന്നെങ്കില്‍ നിയമം നല്ലതാണെന്നു ഞാന്‍ സമ്മതിക്കുന്നു.എന്നാല്‍, ഇപ്പോള്‍ അങ്ങനെ പ്രവര്‍ത്തിക്കുന്നതു ഞാനല്ല, എന്നില്‍ കുടികൊള്ളുന്ന പാപമാണ്. എന്നില്‍, അതായത്, എന്റെ ശരീരത്തില്‍, നന്‍മ വസിക്കുന്നില്ലെന്നു ഞാനറിയുന്നു. നന്‍മ ഇച്ഛിക്കാന്‍ എനിക്കു സാധിക്കും; എന്നാല്‍, പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല. ഇച്ഛിക്കുന്ന നന്‍മയല്ല, ഇച്ഛിക്കാത്ത തിന്‍മയാണു ഞാന്‍ പ്രവര്‍ത്തിക്കുന്നത്. ഞാന്‍ ഇച്ഛിക്കാത്തതു ഞാന്‍ ചെയ്യുന്നുവെങ്കില്‍, അതു ചെയ്യുന്നത് ഒരിക്കലും ഞാനല്ല, എന്നില്‍ വസിക്കുന്ന പാപമാണ്. അങ്ങനെ, നന്‍മ ചെയ്യാനാഗ്രഹിക്കുന്ന എന്നില്‍ത്തന്നെതിന്‍മയുണ്ട് എന്നൊരു തത്വം ഞാന്‍ കാണുന്നു.എന്റെ അന്തരംഗത്തില്‍ ഞാന്‍ ദൈവത്തിന്റെ നിയമമോര്‍ത്ത് ആഹ്ളാദിക്കുന്നു.എന്റെ അവയവങ്ങളിലാകട്ടെ, എന്റെ മനസ്സിന്റെ നിയമത്തോടു പോരാടുന്ന വേറൊരു നിയമം ഞാന്‍ കാണുന്നു. അത് എന്റെ അവയവങ്ങളിലുള്ള പാപത്തിന്റെ നിയമത്തിന് എന്നെ അടിമപ്പെടുത്തുന്നു.ഞാന്‍ ദുര്‍ഭഗനായ മനുഷ്യന്‍! മരണത്തിന് അധീനമായ ഈ ശരീരത്തില്‍നിന്ന് എന്നെ ആരു മോചിപ്പിക്കും?നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവഴി ദൈവത്തിനു സ്തോത്രം! ചുരുക്കത്തില്‍, ഞാന്‍ എന്റെ മനസ്സുകൊണ്ടു ദൈവത്തിന്റെ നിയമത്തെ സേവിക്കുന്നു; എന്റെ ശരീരംകൊണ്ടു പാപത്തിന്റെ നിയമത്തെയും.(റോമ 7:14-25).

നമുടെ കര്‍ത്താവായ യേശുക്രിസ്തുവഴി ദൈഅവം നല്‍കുന്ന രക്ഷ സ്വീകരിക്കുന്നതിനു മുമ്പ് ഓരോ മനുഷ്യനും തന്നില്‍ത്തന്നെ അനുഭവപ്പെടുന്ന പാപത്തിന്റെ ശക്തിയെയാണ് പവ്ലോശ്ലീഹാ ഇപ്രകാരം ഭാവോജ്ജലമായി വര്‍ണ്ണിക്കുന്നത് .പാപതിനെ ഈ ശക്തി ഒരു അടിമയുടെ മേല്‍ എന്നാപോലെ പുറമേ നിന്ന് മാത്രമല്ല മനുഷ്യനില്‍ സ്വാദീനം ചെലുത്തുന്നത് .മനുഷ്യന്റെ ഉള്ളില്‍ ,അവന്റെ അവയവങ്ങളില്‍ ,അവന്റെ മനസ്സില്‍ വസിച്ചുകൊണ്ട് ,പാപ്തിലേക്ക് അതവനെ ആകര്‍ഷിക്കുന്നു .ഈ അക്സ്ര്ഷനവലയത്തില്‍ നിന്ന് സ്വയം രക്ഷാ പെടാന്‍ മനുഷ്യന് സാടിക്കില്ല .എനാല്‍ ഈ ദുര്ഭാഗ സാഹചര്യത്തില്‍ ആയിരിക്കുന്ന മനുഷ്യന് നിരാഷപ്പെടെണ്ടാതില്ല .കാരണം യേശുക്രിസ്തുവിലൂടെ രക്ഷയുടെ വഴി അവനുവേണ്ടി വെട്ടിത്തുരക്കപ്പെട്ടിരിക്കുന്നു .ദൈവത്തിനു സ്തോസ്ത്രവും നദിയും അര്‍പ്പിച്ചുകൊണ്ട് ആ വഴി അവന്‍ സ്വീകരിക്കുകയെ വേണ്ടൂ .ഇതാണ് പാപത്തിന്റെ ശക്തിയിലമാര്‍ന്നു ഞെരിയുന്ന മസ്നുശ്യനു പവ്ലോസ് നല്‍കുന്ന സന്ദേശം .നേരത്തെ പറഞ്ഞപോലെ ,പാപത്തിന്റെ ശക്തിയെന്ന് പറയുമ്പോള്‍ വ്യ്ക്തിപരമായ്‌ ഏതെന്കിലും പാപമല്ല പവ്ലോസ് ഉദ്ദേശിക്കുന്നത് .വ്യക്തിപരവും സ്വതനത്രവുമായ തീരുമാനത്തോടെ പാപകട്രമായ ഏതെന്കിലും പ്രവൃത്തി ചെയ്യുന്നതിന് മുമ്പുതന്നെ പാപതിലേക്ക് ഒരു ശക്തിയെയാണ് പവ്ലോസ് മനസ്സില്‍ കാണുന്നത് .യേശുവിലൂടെ ദൈഅവം നല്‍കുന്ന രക്ഷയെ ഊന്നിപ്പരയുന്നതിനാണ് പാപത്തിന്റെ ഈ ശക്തിയും അതിന്റെ പ്രവൃത്തന്തെയുമം ഇത്ര വിശദമായി പ്വ്ലോസ് വരച്ചുകാട്ടിയിരിക്കുന്നത് യേശുവിനെ കൂടാതെ മനുഷ്യന്‍ പാപത്തിന്റെ ശക്തിയിലമാര്ന്നവനാണ് .സ്വയം രക്ഷപെടാന്‍ അവനു സാദ്യമല്ല .എന്നാല്‍ ,യേശുവിലുള്ള രക്ഷ സ്വീകരിച്ചവാന്‍ പാപത്തിന്റെ ശക്തിയില്‍ നിന്ന് മോചിതനായിരിക്കുന്നു (6:2,14,18)യേശുവിലുള്ള രക്ഷയും പാപത്തിന്റെ ശക്തിയും വിരുദ്ധ ദൃവങ്ങലാണ് .യേശുവിലുള്ള രക്ഷ സ്വീകരിക്കുന്നതിനു മുമ്പുള്ള മനുഷ്യന്റെ-മന്സുഹ്യകുലടിന്റെ - അവസ്ഥയാണെന്ന് പറയാം 'ഉത്ഭ്വപാപം 'എന്നാ പദം കൊണ്ട് അര്‍ത്ഥമാക്കുന്ന യാഥാര്‍ത്ഥ്യം .യേശുവിലുള്ള രക്ഷയുടെ വിരുദ്ധ ധൃവമായിട്ടു വേണമെങ്കിലും അതിനെ മനസ്സിലാക്കാം.

ഉത്ഭവപാപം സഭയുടെ പാരബര്യത്തിലും പ്രബോധനത്തിലും

യേശുവിലൂടെ ദൈവം നല്‍കിയ രക്ഷയിലുള്ള വിശ്വാസത്തോളം തന്നെ പഴക്കമുണ്ടെന്നു പറയാം ഉത്ഭവപാപത്തെപ്പറ്റിയുള്ള സഭയുടെ അവബോധത്തിനും. എന്നാല്‍, ആദ്യത്തെ നാല് നൂറ്റാണ്ടുകളില്‍ ഉത്ഭാവപാപത്തെപ്പട്ടിയുള്ള സ്പഷ്ടമായ് സൂചനകളോ രേഖകളോ ഒന്നും നാം കാണുന്നില്ല. ആദ്യനൂറ്റാണ്ടുകളില്‍ പ്രായപൂര്ത്തിയായവരായിരുന്നു വിശ്വസിച്ചു മാമോദീസാ സ്വീകരിച്ചിരുന്നത് .ശിശുമാമോദീസാ പ്രചാരത്തില്‍ വനത്തോടെ "പാപങ്ങളുടെ മോചനത്തിനായി" ശിശുകള്‍ക്ക് നല്‍കുന്ന മാമോദീസായുടെ അര്‍ത്ഥത്തവ്യാപ്തിയെപ്പറ്റി വിശ്വാസികള്‍ ചിന്തിച്ചു തുടങ്ങി .മാമോദീസാ വഴി വ്യക്തിപരമായ്‌ പാപങ്ങളില്‍ നിന്ന് മാത്രമല്ല ,പാപത്തിന്റെ ശക്തിയുടെ അടിമത്വത്തില്‍ നിന്നും അന്ധകാരത്തിന്റെ ആധിപത്യത്തില്‍ നിന്നുമെല്ലാം (കൊളോ 1:13) മോചനം ലഭിക്കുന്നുവെന്ന ബോധ്യം സഭയില്‍ രൂഡമൂലമായിരുന്നു .പെലെജിയന്‍ പാഷണ്ട വാദികള്‍ (Pelagians) ശിശുമാമോദീസായെ എതിര്‍ത്തതും ഉത്ഭവപാപത്തെപ്പറ്റിയുള്ള പരിചിന്തനതിനു കാരണമായി .വി .അഗസ്തീനോസാണ് ആദ്യമായി ഉത്ഭവപാപത്തെപ്പറ്റി സ്പഷ്ടമായി പറയുന്നത്. പെലെജിയന്‍ പാഷണ്ട വാദികലുമായുള്ള വിവാദത്തില്‍ ഉത്ഭവപാപം അദ്ദേഹത്തിന് അവസരോചിതമായ ഒരുപകരണം കൂടിയായിത്തീര്‍ന്നു .ഉത്ഭവപാപത്തിനു ഉപോത്ബലമായി അഗസ്തീനോസ് ഉപയോഗിച്ച വിശുദ്ധ ഗ്രന്ഥഭാഗം റോമ 5:12-21 തന്നെയായിരുന്നു .ഇതില്‍ സുപ്രധാനവാക്യമായ 5:12 നു ശരിയായ ഒരു വ്യാഖ്യനമല്ല അദ്ദേഹം നല്കിയത് ."ഒരു മനുഷ്യന്‍മൂലം പാപവും പാപം മൂലം മരണവും ലോകത്തില്‍ പ്രവേശിച്ചു .അപ്രകാരം എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാവരിലും വ്യാപിച്ചു " എന്നതിലെ ഊന്നല്‍ കൊടുക്കുന്ന ഭാഗത്തിന് അഗസ്തീനോസിന്റെ വ്യാഖ്യാനത്തില്‍ ഇങ്ങനെ മാറ്റം വന്നു:"ഒരുവനില്‍ എല്ലാവരും പാപം ചെയ്തു അങ്ങനെ പാപം എല്ലാവരിലും വ്യാപിച്ചു ". ഈ വ്യത്യാസം ആശയത്തിനു വരുത്തുന്ന വലിയ മാറ്റം വ്യക്തമാണല്ലോ .റോമ 5:12 ല്‍ വന്ന വാക്കുകളുടെ ഈ വ്യത്യാസം പരബരാഗതമായ രീതിയില്‍ ഉത്ഭവപാപം മനസ്സിലാക്കുവാന്‍ കാരണമായി. അഗസ്തീനോസിന്റെ ഈ വ്യാഖ്യാനമാണ് പാശ്ചാത്യ സഭയില്‍ മുഴുവന്‍ പ്രചാരത്തിലായത് .വിശുദ്ധ ഗ്രന്ഥത്തിന്റെ "വുള്‍ഗാത്ത" പരിഭാക്ഷയും "ഒരുവനില്‍ പാപം ചെയ്തു" എന്നാ ഭാഷ്യമാണ് സ്വീകരിച്ചത് .വ്യാകരണപരായി രണ്ടും സാദ്യമാണെങ്കിലും(eph ho- because or in whome) ,"ഒരുവനില്‍" എന്നാ പരിഭാഷ തെറ്റാണെന്നത് ഇന്ന് ബൈബിള്‍ പണ്ഡിതന്മാര്‍ എല്ലാവരും തന്നെ അംഗീകരിക്കുന്ന ഒരു വസ്തുതയാണ് .

ഉത്ഭവപാപത്തെപ്പറ്റിയുള്ള സഭയുടെ ആദ്യത്തെ ഔദ്യോഗിക പ്രസ്തവനയുണ്ടായത് 418 ല്‍ കാര്‍ത്തേജില്‍ സമ്മേളിച്ച പ്രൊവിഷല്‍ കൌന്‍സിലിലാണ് .പെലെജിയന്‍ പാഷണ്ടവാദികളുടെ തെറ്റായ ചില പ്രബോധനങ്ങളെ തിരുത്തുകയായിരുന്നു ഈ പ്രസ്താവനയുടെ ലക്‌ഷ്യം. ഒരു നൂറ്റാണ്ടിനു ശേഷം പെലെജിയന്‍ ചായ്വുള്ള ചിലര്‍ക്കെതിരെ ഒറാജില്‍ സമ്മേളിച്ച രണ്ടാമത്തെ പ്രൊവിഷല്‍ കൌന്‍സില്‍ (529) വീണ്ടും ഉത്ഭവപാപത്തിന്റെ അസ്ഥിത്വത്തെയും സ്വഭാവത്തെയും സ്ഥിരീകരിക്കുകയുണ്ടായി .തെന്ത്രോസ് സൂനഹദോസും (1546) മേല്പറഞ കൌന്‍സിലുകളുടെ പ്രബോധനത്തെ അവര്‍ത്തിച്ചുറപ്പിച്ചു. ആദിമാതാപിതാക്കള്‍ ചരിത്രവ്യക്തികളാണെന്നും അവരുടെ പാപം ചരിത്രസംഭവമാണെന്നുമുള്ള ധാരയിലാണ് ഈ ഔദ്യോഗിക പ്രസ്താവനകള്‍ ഉണ്ടായിട്ടുള്ളത്. അതുപോലെതന്നെ 'വുള്‍ഗാത്ത " പരിഭാക്ഷയെയാണ് ഈ പ്രസ്താവനകള്‍ ആധാരമാക്കുന്നത് .എന്നാല്‍, കൌന്‍സിലുകളുടെ ഔദ്യോഗിക പ്രഖ്യാപനങ്ങളെ വ്യാഖ്യാനിക്കുമ്പോള്‍, മാറ്റമില്ലാത്തതും എന്നും എല്ലാവരും സ്വീകരിക്കുകയും വിശ്വസിക്കുകയും ചെയ്യേണ്ടതുമായ വിശ്വാസ സത്യത്തെ ,അത് അവതരിപ്പിക്കാന്‍ ഉപയോഗിക്കുന്ന മാധ്യമത്തില്‍ നിന്നും വേര്‍തിരിച്ചു കാണെണ്ടിയിരിക്കുന്നു .ആദ്യത്തേത് നാം ആവശ്യം സ്വീകരിച്ചേ മതിയാകൂ. രണ്ടാമത്തേത്, അതായത് വിശ്വാസ സത്യം ആവിഷ്കരിക്കാന്‍ ഉപയോഗിച്ച മാധ്യമം, കാലികമായ പല സങ്കല്പ്പങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത് . ഈ സങ്കല്‍പ്പങ്ങള്‍ മാറുന്നതിനനുസരിച്ച് മാധ്യമത്തിനും മാറ്റമുണ്ടാകാം. എന്നാല്‍ ,അത് പ്രാഘോഷിപ്പിക്കുന്ന വിശാസസത്യം എന്നും നിലനില്‍ക്കും.

തുടരും...

Author : സിപ്രിയന്‍ ഇല്ലിക്കമുറി

Wednesday, July 25, 2012

അധാര്‍മ്മിക സമ്പത്തുകൊണ്ട്‌ സ്‌നേഹിതരെ നേടാമോ?

സുവിശേഷങ്ങളിലെ ഉപമകള്‍ മനസ്സിലാക്കുക പൊതുവെ അയത്‌ന ലളിതമാണ്‌. വിവരണ ഭംഗിയില്‍ മുന്നില്‍ നില്‍ ക്കുന്ന ലൂക്കാസുവിശേഷത്തിലെ ഉപമകള്‍ വിശേഷിച്ചും. എന്നാല്‍ ലൂക്കാ16:1-13 ലെ ഉപമയുടെ വിശദീകരണം ദുഷ്‌കരമാണ്‌. അവിശ്വസ്‌തനായ കാര്യസ്ഥന്റെ പ്രവൃത്തിയെ ക്രിസ്‌തു ന്യായീകരിക്കുന്നതായുള്ള ധ്വനി (16:8-9) യാണ്‌ ഉപമയുടെ വിശദീകരണത്തെ സങ്കീര്‍ണ്ണമാക്കുന്നത്‌. ഈ ഉപമയുടെ അര്‍ത്ഥം പടിപടിയായി വിശദീകരിക്കാന്‍ പരിശ്രമിക്കാം.

ഉപമയുടെ സ്ഥാനം

ലൂക്കാ സുവിശേഷകന്‍ മാത്രം രേഖപ്പെടുത്തുന്ന ഉപമയാണിത്‌. തന്മൂലം ലൂക്കായുടെ തനതു ദൈവശാസ്‌ത്രചിന്തയെ വിശദീകരിക്കുന്ന ഉപമയാണിത്‌ എന്ന്‌ അനുമാനിക്കാം. ലൂക്കാ ഈ ഉപമ രേഖപ്പെടുത്തിയിരിക്കുന്ന പതിനാറാം അധ്യായത്തില്‍ രണ്ട്‌ ഉപമകളാണ്‌ ആകെയുള്ളത്‌. 16:1-13-ല്‍ ദുഷ്‌ടനായ കാര്യസ്ഥന്റെ ഉപമയും 16:19-31-ല്‍ ധനവാന്റെയും ലാസറിന്റെയും ഉപമയും. ഇതിനിടയിലുള്ള ഭാഗമാകട്ടെ (16:14-18) പണക്കൊതിയന്മാരായ ഫരിസേയരും യേശുവും തമ്മിലുള്ള വാ ഗ്വാദവുമാണ്‌. ചുരുക്കത്തില്‍ പതിനാറാം അധ്യായത്തിന്റെ ഇതിവൃത്തം സമ്പത്തുമായി ബന്ധപ്പെട്ടതാണ്‌ എന്ന്‌ വ്യക്തമാകുന്നു. സമ്പത്തിന്റെ ദുരുപയോഗം സ്വര്‍ഗ്ഗം നഷ്‌ടപ്പെടുത്തുമെന്ന്‌ ധനവാന്റെയും ലാസറിന്റെയും ഉപമ വ്യക്തമാക്കുന്നുണ്ട്‌. നിസ്വരും ദരിദ്രരുമായവരോട്‌ ലൂക്കായുടെ സുവിശേഷം പ്രത്യേകം പ്രതിപത്തി കാട്ടുന്നതായി സുവിശേഷത്തിലുടനീളം സൂചനകളുണ്ട്‌ (3:8,11-13; 4:18-19; 6:20-26; 9:3-6; 10:1-12; 11:3-41; 12:13-15,28-34; 14:12-24). സുവിശേഷത്തില്‍ പ്രകടമാകുന്ന ദരിദ്രരോടുള്ള പ്രത്യേക ആഭിമുഖ്യത്തിന്റെയും സമ്പത്തിന്റെയും ദുര്‍വിനിയോഗത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകളുടെയും പശ്ചാത്തലത്തില്‍ മാത്രമേ അവിശ്വസ്‌തനായ കാര്യസ്ഥന്റെ ഉപമയെ വ്യാഖ്യാനിക്കാനാകുകയുള്ളൂ.

അവിശ്വസ്‌തനായ കാര്യസ്ഥന്‍

യൂദയായിലെ സമ്പന്നര്‍ ഗലീലിയില്‍ തോട്ടങ്ങള്‍ നട്ടുപിടിപ്പിച്ച്‌ അവയുടെ മേല്‍നോട്ടം കാര്യസ്ഥരെ ഭരമേല്‍പിക്കുന്നത്‌ പലസ്‌തീനായിലെ പതിവുരീതിയായിരുന്നു. യജമാനന്മാര്‍ കാര്യസ്ഥന്മാര്‍ക്ക്‌ ശമ്പളം നല്‍കുന്ന പതിവില്ലായിരുന്നു. യജമാനന്റെ ഭൂമി പാട്ടത്തിനുകൊടുക്കാ നും സമ്പത്തു പലിശയ്‌ക്കു കൊടുക്കാനും കാര്യസ്ഥന്‌ അവകാശമുണ്ടായിരുന്നതിനാല്‍ പ്രസ്‌തുത വഴികളിലൂടെയുള്ള വരുമാനത്തിന്റെ നല്ല പങ്കും കാര്യസ്ഥന്‌ അവകാശപ്പെട്ടതായിരുന്നു. യഹൂദര്‍ പണം കടം കൊടുത്താല്‍ പലിശ ഈടാക്കാന്‍ പാടില്ല എന്ന നിയമം നിലവിലുണ്ടായിരുന്നു (നിയ 15:7-8; 23:20; പുറ 22:25; ലേവ്യ 25:36-37). തന്മൂലം ദൈവഭക്തരായ യഹൂദ യജമാനന്മാര്‍ പലിശ വാങ്ങിച്ചിരുന്നില്ല. എന്നാല്‍ ഈ അവസരം മുതലാക്കി കാര്യസ്ഥന്മാര്‍ അന്യായമായ പലിശവാങ്ങി കീശവീര്‍പ്പിച്ചിരുന്നു (സുഭാ 28:8; എസെ 18:13; ലൂക്കാ 19:23).

ഉപമയിലെ കാര്യസ്ഥന്‍ ദ്രവ്യാഗ്രഹിയും സ്വത്ത്‌ ദുര്‍വ്യയം ചെയ്യുന്നവനുമാണ്‌ (16:1). 15-ാം അധ്യായത്തിലെ ധൂര്‍ത്ത പുത്രനെതിരെയുള്ള ആരോപണവും ഇതുതന്നെയായിരുന്നു(15:13,30). കാര്യസ്ഥന്റെ അഴിമതിയും ദുര്‍വ്യയവും നാട്ടില്‍ പാട്ടായതിനാലാകാം അത്‌ യജമാനന്റെ ചെവിയിലുമെത്തിയത്‌. കാര്യസ്ഥനെ പിരിച്ചുവിടാന്‍ മാത്രം ഗൗരവമുള്ള അഴിമതിയാണ്‌ അയാള്‍ ചെയ്‌തത്‌. കാര്യസ്ഥജോലി നഷ്‌ടമാകുന്നവനെ മറ്റ്‌ യജമാനന്മാര്‍ കാര്യസ്ഥന്മാരായി സ്വീകരിച്ചിരുന്നില്ല. തന്മൂലം ജോലി നഷ്‌ടപ്പെടുന്ന കാര്യസ്ഥന്‌ സ്വന്തമായി അധ്വാനിക്കു കയോ (അടിമപ്പണി ചെയ്യുകയോ) ഭിക്ഷ യാചിക്കുകയോ മാത്രമായിരുന്നു മുന്നിലുള്ള മാര്‍ഗ്ഗം. ഈ രണ്ടുമാര്‍ഗ്ഗങ്ങളും ഉപമയിലെ കാര്യസ്ഥന്‌ സ്വീകാര്യമായിരുന്നില്ല. അയാള്‍ കൗശലപൂര്‍വ്വം പ്രവര്‍ത്തിക്കാനാണ്‌ തീരുമാനിച്ചത്‌.

കാര്യസ്ഥന്റെ കൗശലങ്ങള്‍

കാര്യസ്ഥ സ്ഥാനം നഷ്‌ടപ്പെടാന്‍ പോകുന്നു എന്നറിഞ്ഞ കാര്യസ്ഥന്‍ കടക്കാര്‍ ഓരോരുത്തരെയായി വിളിച്ച്‌ കടബാധ്യതകള്‍ ഇളച്ചുനല്‍കാന്‍ തുടങ്ങി. നൂറുബത്ത്‌ എണ്ണ (4500 ലിറ്റര്‍) കടപ്പെട്ടിരുന്നവന്‌ അത്‌ അമ്പത്‌ ബത്ത്‌ (2250 ലിറ്റര്‍) ആയി ഇളവുചെയ്‌തുകൊടുത്തു. നൂറുകോര്‍ (4500 ടണ്‍) ഗോതമ്പു കടപ്പെട്ടിരുന്നവന്‌ എണ്‍പതുകോര്‍ (3600 ടണ്‍) ആയി ഇളച്ചുകൊടുത്തു. അക്കാലഘട്ടങ്ങളില്‍ എണ്ണയ്‌ക്കും ധാന്യങ്ങള്‍ക്കും ചുമത്തിയിരുന്ന പലിശനിരക്കുമായി ഇളവുനല്‍കിയ അളവുകള്‍ക്ക്‌ ബന്ധമുണ്ട്‌. തന്മൂലം യജമാനന്റെ മുതല്‍ അല്ല, തനി ക്ക്‌ അവകാശമായിരുന്ന പലിശയാണ്‌ കാ ര്യസ്ഥന്‍ ഇളവുചെയ്‌തുകൊടുക്കുന്നത്‌ എന്ന്‌ അനുമാനിക്കാവുന്നതാണ്‌. ഈ വ്യാഖ്യാനമനുസരിച്ച്‌, ധൂര്‍ത്ത പുത്രന്റെ ജീവിതത്തിലെന്നതുപോലെ അവിശ്വസ്‌തനായ കാര്യസ്ഥന്റെ ജീവിതത്തിലും, തിരിച്ചടികളില്‍ നിന്ന്‌ പാഠമുള്‍ക്കൊണ്ട്‌, മാനസാന്തരം സംഭവിക്കുകയായിരുന്നു. ഒരുപക്ഷേ അയാള്‍ സ്വന്തം കയ്യില്‍ നിന്നു പണമെടുത്ത്‌ യജമാനനു നല്‍കുകയും കടക്കാര്‍ക്ക്‌ ഇളവു നല്‍കുകയും ചെയ്‌തിരിക്കാം. നാളിതുവരെ താന്‍ സമ്പാദിച്ച അധാര്‍മ്മിക സമ്പത്തുകൊണ്ട്‌ അയാള്‍ സ്‌നേഹിതരെ സമ്പാദിച്ചു എന്ന പരാമര്‍ശം ഈ പശ്ചാത്തലത്തില്‍ കൂടുതല്‍ വ്യക്തമാകുന്നു (16:9).

ലൂക്കായുടെ സുവിശേഷത്തില്‍ `കടക്കാര്‍' എന്നത്‌ ദരിദ്രരുടെ പര്യായമാണ്‌. അവിശ്വസ്‌തനായ കാര്യസ്ഥന്‍ തന്റെ അധാര്‍മ്മിക സമ്പത്ത്‌ ദരിദ്രരുടെ നന്മക്കുവേണ്ടി വിനിയോഗിക്കുന്നതിലൂടെ തന്റെ പാപത്തിന്‌ ഒരളവുവരെ പരിഹാരം ചെയ്യുകയായിരുന്നു. തന്മൂലം അവന്റെ പ്രവൃത്തി ന്യായീകരിക്കത്തക്കതായിരുന്നു. ദരിദ്രനോടുള്ള പരിഗണന നിത്യകൂടാരങ്ങളില്‍ (സ്വര്‍ഗ്ഗത്തില്‍) സ്ഥാനമുറപ്പിക്കാന്‍ സഹായകമാണെന്ന വിലയിരുത്തല്‍ (16:9) ഈ പശ്ചാത്തലത്തില്‍ അര്‍ത്ഥവത്താണ്‌. 16:19-31-ല്‍ വിവരിക്കുന്ന ധനവാന്റെയും ലാസറിന്റെയും ഉപമയില്‍ തന്റെ സമ്പത്ത്‌ ദരിദ്രനുവേണ്ടി വിനിയോഗിക്കാതിരിക്കുക വഴി സ്വര്‍ഗ്ഗഭാഗ്യം നഷ്‌ടപ്പെടുത്തുന്ന ധനികനുമായി താരതമ്യം ചെയ്യുമ്പോള്‍ അവിശ്വസ്‌തനായ കാര്യസ്ഥന്റെ പ്രവൃത്തിയുടെ അര്‍ത്ഥതലം കൂടുതല്‍ വ്യക്തമാകുന്നുണ്ട്‌. ഈ വ്യാഖ്യാനമനുസരിച്ച്‌ കാര്യസ്ഥന്റെ അവിശ്വസ്‌തതയെയോ കൗശലത്തെയൊ അല്ല ഇവിടെ ദൃഷ്‌ടാന്തവല്‍കരിക്കുന്നത്‌; മറിച്ച്‌ കാര്യസ്ഥന്‍ ദരിദ്രരായ കടക്കാരോട്‌ കാണിച്ച ഔദാര്യ മനോഭാവത്തെയാണ്‌ യേശു ശ്ലാഘിക്കുന്നത്‌. ജീവിതത്തിന്റെ നാള്‍വഴികളില്‍ വ്യക്തികളിലും കുടുംബങ്ങളിലുമൊക്കെ ഒരുപാടു സമ്പത്ത്‌ അന്യായമായും അധാര്‍മ്മികമായും വന്നുചേരാറുണ്ട്‌. പ്രസ്‌തുത സമ്പത്തിനെ സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ക്കു വേണ്ടിമാത്രമോ (ഭോഷനായ ധനികന്‍) ആഡംബരത്തിനും സുഖാസ്വാദനത്തിനുമായോ (ധനവാന്റെയും ലാസറിന്റെയും ഉപമയിലെ ധനവാന്‍) ഉപയോഗിക്കാതെ പ്രസ്‌തുത സമ്പത്തിന്റെ യഥാര്‍ ത്ഥ ഉടമകളായ ദരിദ്രര്‍ക്കു പങ്കുവച്ചു നല്‍കുക എന്ന സാമൂഹിക വിപ്ലവ മാര്‍ഗ്ഗമാണ്‌ സുവിശേഷകന്‍ ഇവിടെ വിവക്ഷിക്കുന്നത്‌. ധനവാന്റെ മാനസാന്തരം യഥാര്‍ ത്ഥമാകണമെങ്കില്‍ അയാള്‍ തനിക്കുള്ളതു ദരിദ്രനുമായി പങ്കുവയ്‌ക്കണമെന്ന്‌ സക്കേവൂസിന്റെ കഥയിലും (ലൂക്കാ 19:1-11) സുവിശേഷകന്‍ വ്യക്തമാക്കുന്നുണ്ടല്ലോ.

ഈ ഉപമയ്‌ക്ക്‌ മറ്റൊരു വ്യാഖ്യാനവും സാധ്യമാണ്‌. അവിശ്വസ്‌തനായ കാര്യസ്ഥന്‍ കടക്കാര്‍ക്ക്‌ ഇളച്ചു നല്‍കിയത്‌ തനിക്ക്‌ അവകാശപ്പെട്ടിരുന്ന പലിശയല്ല യജമാനന്റെ മുതലു തന്നെയായിരുന്നു എന്നതാണ്‌ ഈ വ്യാഖ്യാനത്തിന്റെ അടിസ്ഥാനം. തന്മൂലം അവിശ്വസ്‌തനായ കാര്യസ്ഥന്‍ താന്‍ പിടിക്കപ്പെട്ട ശേഷവും തന്റെ അവിശ്വസ്‌തത നിര്‍ബാധം തുടരുകയായിരുന്നു എന്നു കരുതണം. ഈ വ്യാഖ്യാനമനുസരിച്ച്‌ 16:9-ല്‍ കാര്യസ്ഥനു ലഭിക്കുന്ന പ്രശംസയെ വിപരീതാര്‍ത്ഥത്തിലുള്ള വിരുദ്ധോക്തിയായി മനസ്സിലാക്കാം. ബ്രൂട്ടസ്‌ മാന്യനാണ്‌......... എന്ന മാര്‍ക്ക്‌ ആന്റെണിയുടെ പ്രസംഗത്തിലെ വിരുദ്ധോക്തിപോലെ യജമാനനും തുടര്‍ ന്ന്‌ യേശുവും കാര്യസ്ഥന്റെ കൗശലത്തെ വ്യംഗ്യമായി ആക്ഷേപിക്കുകയായിരുന്നു എന്ന്‌ അനുമാനിക്കാം. തന്മൂലം ലൗകികമായ ശിക്ഷാവിധിയെ പ്രതിരോധിക്കാന്‍ ലൗകികരായ മനുഷ്യര്‍ എത്രയോ കൗശലപൂര്‍വ്വം പെരുമാറുന്നു! അങ്ങനെയെങ്കില്‍ നിത്യശിക്ഷ ഒഴിവാക്കി സ്വര്‍ഗ്ഗം നേടാന്‍ വിശ്വാസികള്‍ എത്രമാത്രം ജാഗ്രതയോടെ പ്രവര്‍ത്തിക്കണം എന്നു സൂചിപ്പിക്കുന്ന ഉപമയായി ലൂക്കാ 16:1-13 നെ വ്യാഖ്യാനിക്കാം.

മേല്‍പ്പറഞ്ഞ രണ്ടു വ്യാഖ്യാനങ്ങളില്‍ ലൂക്കാ സുവിശേഷത്തിന്റെ ദൈവശാസ്‌ത്രത്തോടും ഉപമയുടെ സന്ദര്‍ഭത്തോ ടും കൂടുതല്‍ വിശ്വസ്‌തത പുലര്‍ത്തുന്നത്‌ ആദ്യ വ്യാഖ്യാനമാണെന്ന്‌ കരുതാം.

Written by റവ.ഡോ. ജോസഫ്‌ പാംപ്ലാനി

Wednesday, January 11, 2012

"എന്തുകൊണ്ട് എന്നെ ഉപേക്ഷിച്ചു?"(മാര്‍ക്കോ 15:34)

മനസ്സിലാക്കാന്‍ ഏറെ വിഷമം എന്നല്ല ,അസാധ്യം എന്ന് തന്നെ പറയാവുന്ന ഒരു ഗുരുമോഴിയാണ് മരണത്തിന് മുമ്പുള്ള യേശുവിന്റെ അവസാനത്തെ വാക്കുകളായി ആദ്യത്തെ രണ്ടു സുവിശേഷകന്മാര്‍ അവതരിപ്പിച്ചിരിക്കുന്നത് .ആ സുവിശേഷങ്ങളില്‍ കുരിശില്‍ കിടന്നു യേശു ഉച്ചരിച്ച ഏക തിരുമോഴിയുമാണത് .ഇതിനുശേഷം ഉച്ചത്തില്‍ നിലവിളിച്ചു ജീവന്‍ വെടിഞ്ഞു എന്ന പ്രസ്താവനയെ നല്കുന്നൊള്ളൂ .ലൂക്കായും യോഹന്നാനും ഈ ഗുരുമൊഴി രേഖപ്പെടുത്തിയിട്ടില്ല .എന്താണ് ഈ തിരുവചനത്തിന്റെ അര്‍ത്ഥം ?

ദൈവം തന്നെ കൈവിട്ടിരിക്കുന്നു എന്ന അവബോധം ഉണര്‍ത്തിയ നിരാശയാണോ ഈ ഗുരുമോഴിയില്‍ പ്രതിധ്വനീക്കുന്നത് ? ദൈവപുത്രന്‍ നിരാശപ്പെടുകയോ ? നിരാശനായി കുരിശില്‍ മരിച്ച വ്യക്തി എങ്ങനെ രക്ഷകനാകും ? യേശുവിന്റെ മാതൃഭാഷയില്‍ ഈ നിലവിളി രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ യേശു പറഞ്ഞതാണ് ഈ വാക്കുകള്‍ എന്നതില്‍ സംശയമില്ല .മാതൃഭാഷയായ അരമായയില്‍ രേഖപ്പെടുത്തിയിരിക്കുന്ന വളരെ ചുരുക്കം വാക്കുകളില്‍ ഒന്നാണിത് .അതിനാല്‍ തന്നെ വിശദമായ പഠനവും ആഴമേറിയ പരിചിന്തനവും ആവശ്യമായി വരുന്നു .

ഗ്ദ്സേമനിലെ പ്രാര്‍ഥനയോടെയാണ് പീഡാനുഭവവിവരണം ആരംഭിക്കുന്നത് . അതികഠിനമായ മാനസികസഘര്‍ഷവും വേദനയും അനുഭവിച്ച യേശു ദൈവത്തെ വിളിച്ചു കേണപേക്ഷിച്ചു " ആബ്ബാ ,പിതാവേ ,എല്ലാം അങ്ങേക്ക് സാദ്യമാണ് .ഈ പാനപാത്രം എന്നില്‍നിന്നും മാറ്റിത്തരണമേ ! എന്നാല്‍ എന്റെ ഹിതമല്ല ,അങ്ങേ ഹിതം മാത്രം "(മാര്‍ക്കോ 14:36).ശിശു സഹജമായ സ്നേഹവും അടുപ്പവും വിശ്വാസവും പ്രകടമാക്കുന്ന "ആബ്ബാ " എന്നാ അഭിസംബോധനരൂപമാണ് യേശു ആ പ്രാര്‍ഥനയില്‍ ഉപയോഗിച്ചത് .അങ്ങനെ തന്നെ ആയിരുന്നു യേശിവിന്റെ എല്ലാ പ്രാര്‍ത്ഥനകളും .എന്നാല്‍ ഇവിടെ പതിവിനു വിപരീതമായി "എന്റെ ദൈവമേ " എന്നാണു ദൈവത്തെ വിളിക്കുന്നത്‌ .പിതാവിന്റെ തിരുഹിതത്തിനു എപ്പോഴും പൂര്‍ണ്ണമായി വഴങ്ങിയിരുന്ന ,തിരുഹിതം നിറവേറ്റുക തന്റെ ഭക്ഷണമായി കരുതിയിരുന്ന ,യേശു എന്തെ ഇപ്പോള്‍ ഇങ്ങനെ പ്രാര്‍ഥിക്കുന്നു ? ഹൃദയത്തിന്റെ അഗാതതയില്‍ നിന്നുയര്‍ന്നുവരുന്ന വലിയൊരു വിലാപമാണ് ഈ പ്രാര്‍ത്ഥന :"എന്റെ ദൈവമേ ,എന്റെ ദൈവമേ നീ എന്നെ ഉപേക്ഷിച്ചത് എന്തുകൊണ്ട് ?"(മാര്‍ക്കോ 15:34; മത്താ 27:46)

യേശു യാഥാര്‍ത്തത്തില്‍ വിലപിക്കുകയല്ല ,പരിത്യക്തന്റെ വിലാപം എന്ന് വിശേഷിപ്പിക്കാറുള്ള 22 ആം സഘീര്‍ത്തനം ആലപിക്കുകയായിരുന്നു എന്ന് ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമായി പറയാറുണ്ട്‌ .ആ സംഘീര്‍ത്തനതിന്റെ ആദ്യവാക്യമാണിത് .സംഘീര്‍ത്തകന്‍ അനുഭവിക്കുന്ന പീഡനവും പരിഹാസവും ഭയവും എകാന്തതയുമെല്ലാം തുടര്‍ന്ന് വിവരിക്കുന്നുണ്ട് .എന്നാല്‍ സംഘീര്‍ത്തനത്തിന്റെ രണ്ടാം ഭാഗം (22:22-31) ദൈവം നല്‍കുന്ന സംരക്ഷണവും അതിനു സംഘീര്‍ത്തകന്‍ അര്‍പ്പിക്കുന്ന കൃതജ്ഞതാ പ്രകടനവും വിവരിക്കുന്നു .അതിനാല്‍ ഈ സഘീര്‍ത്തനം ഉരുവിട്ടുകൊണ്ട് യേശു ദൈവത്തിലുള്ള തന്റെ വിശ്വാസവും ദൈവം രക്ഷിക്കും എന്നാ പ്രത്യാശയും ഏറ്റു പറയുകയായിരുന്നു എന്ന് ബൈബിള്‍ വ്യാഖ്യനങ്ങള്‍ അഭിപ്രായപ്പെടുന്നു .പഴയനിയമത്തിലെ ഏതെങ്കിലും ഒരു വാക്യം പുതിയ നിയമത്തില്‍ ഉദ്ധരിച്ചു കാണുമ്പോള്‍ ആ വാക്യം മാത്രമല്ല ,അതുമായി ബന്ധപ്പെട്ട ബൈബിള്‍ വാക്യം മുഴുവന്‍ പരിഗണിക്കണം എന്ന ഒരു പൊതു തത്വമുണ്ട് .അതിനാല്‍ ഒന്നാം വാക്യം ഉച്ചത്തില്‍ ഉരുവിട്ടയാള്‍ ബാക്കിയും തുടര്‍ന്ന് പ്രാര്‍ഥിച്ചു എന്ന് കരുതാന്‍ ന്യായമുണ്ട് .

ഈ വ്യാഖ്യാനവും വിശദീകരണവും സ്വീകരിക്കുമ്പോഴും ഈ ഗുരുമൊഴി അഗാധമായ അര്‍ത്ഥതലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വിലാപമായിരുന്നു എന്ന് അംഗീകരിക്കാതെ വയ്യ .സഘീര്‍ത്തനത്തിലെ പല വിവരണവും അക്ഷരാര്‍ത്ഥത്തില്‍ യേശുവില്‍ നിറവേറിക്കഴിഞ്ഞു . "മനുഷ്യര്‍ക്ക്‌ നിന്ദാപാത്രവും ജനത്തിന് പരിഹാസവിഷയവുമായി "(സങ്കി 22:6-7);ശത്രുക്കള്‍ അവനു ചുറ്റും നിരന്നു (2:12 ;16);അവന്റെ കൈകാലുകള്‍ കുത്തിത്തുളച്ചു (22:16);വസ്ത്രങ്ങള്‍ പങ്കിട്ടെടുത്തു ;അങ്കിക്കായി നറുക്കിട്ടു (22:18)എല്ലാം നഷ്ടപ്പെട്ടവനായിട്ടാണ് യേശു കുരിശില്‍ തൂങ്ങിക്കിടക്കുന്നത് .

അവനു ആത്മാഭിമാനം നഷ്ടപ്പെട്ടു .സുഹൃത്തുക്കളുടെയും ശത്രുക്കളുടെയും മുമ്പില്‍വച്ച് വസ്ത്രം ഉരിഞ്ഞുമാറ്റി .ശക്തനായ പ്രവാചകന്‍ ,അത്ഭുതപ്രവൃത്തകന്‍ ,അനിഷേധ്യനായ ഗുരു ,വരാനിരിക്കുന്ന മിശിഹാ ,ദാവീദിന്റെ പുത്രനായ രാജാവ് എന്നൊക്കെ അറിയപ്പെട്ടിരുന്ന ,ആയിരങ്ങള്‍ ആര്പ്പുവിളിയോടെ അനുഗമിച്ച അവന്‍ ഇപ്പോള്‍ ഏകനായി ,സകല വിശ്വസനീയതയും നഷ്ടപ്പെട്ട് ,കുരിശില്‍ത്തൂങ്ങുന്നു .അവനു സ്വാതന്ത്രവും നഷ്ടപ്പെട്ടു .കൈകാലുകള്‍ കുരിശില്‍ തറച്ചു .ഇറങ്ങിവരാന്‍ വെല്ലുവിളിച്ചിട്ടും അനങ്ങാന്‍ പോലും കഴിയുന്നില്ല .അതികഠിനമായ ശാരീരികവേദനയെക്കാള്‍ ഭീകരമായിരുന്നു ഈ പരിത്യക്തതയും നിസ്സഹായതയും ബലഹീനതയും ഏല്പിച്ച മാനസികവേദന .തന്നോടുകൂടെ നില്‍ക്കും എന്ന് കരുതിയിരുന്ന സുഹൃത്തുക്കള്‍ അധികപങ്കും ഓടിയൊളിച്ചു .അടുത്ത് നിസ്സഹായരായി നോക്കി നില്‍ക്കുന്ന ചുരുക്കം പേര്‍ വേദന വര്‍ദ്ധിപ്പിക്കുന്നതേയൊള്ളൂ .എന്നാല്‍ ഇതിനേക്കാള്‍ ആയിരം മടങ്ങ്‌ വലുതാണ്‌ പിതാവിന്റെ നിശബ്ദത ഏല്‍പ്പിച്ച ,മാനസിഘാകാതം .

ഗത്സെമെനിയില്‍വെച്ചു മുട്ടിപ്പായി പ്രാര്‍ഥിച്ചെങ്കിലും പാനപാത്രം എടുത്തു മാറ്റിയില്ല .അത് മട്ടുവരെ കുടിച്ചുതീര്‍ക്കണം എന്ന പിതാവിന്റെ ഹിതം നിറവേറ്റാന്‍ യേശു തയ്യാറായി .എന്നാല്‍ അവിടെ സഹായവും ശക്തിയുമായി ദൂതന്‍ പ്രത്യക്ഷപ്പെട്ടു ,പിതാവിന്റെ സാന്നിധ്യം അനുഭവവേദ്യമാക്കിയിരുന്നു .എന്നാല്‍ കുരിശില്‍ ,പരിഹാസങ്ങള്‍ക്ക് മധ്യത്തില്‍ പിതാവിന്റെ ശബ്ദം കേള്‍ക്കാനോ സാന്നിദ്യം അനുഭവിക്കാനോ കഴിയാതെ പോകുന്നു എന്നതാണ് അഗാതമായ ദുഖത്തിന്റെ അടിസ്ഥാനകാരണം .കുരിശിന്‍ ചുവട്ടില്‍നീന്ന മതനേതാക്കള്‍ ഉയര്‍ത്തിയ പരിഹാസം ഈ ദുഖത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നതായിരുന്നു :" ഇവന്‍ ദൈവത്തില്‍ ആശ്രയിച്ചു .വേണമെങ്കില്‍ യഹോവ ഇവനെ രക്ഷിക്കട്ടെ .ഞാന്‍ ദൈവപുത്രനാണ് എന്നാണല്ലോ അവന്‍ പറഞ്ഞിരുന്നത് :(മത്താ 27:43). താന്‍ നാളിതുവരെ പറയുകയും പഠിപ്പിക്കുകയും പ്രവൃത്തിക്കുകയും ചെയ്തതെല്ലാം നുണയായിരുന്നു എന്നാ പ്രതീതി ജനിപ്പിക്കുന്നതാണ് കുരിശിലെ യേശുവിന്റെ നിസ്സഹായതയും പിതാവിന്റെ മൌനവും .ഇത് സഹനത്തിന്റെ കൂടുതല്‍ ആഴമേറിയ ഒരു ഒരു തലത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു .
തന്നെ സഹായിക്കാനായി ,കുരിശില്‍ നിന്ന് മോചിപ്പിക്കാനായി പിതാവ് ഇറങ്ങിവന്നില്ല എന്നതല്ല നിലവിളിയില്‍ മുഴങ്ങുന്ന വിലാപം ." നീ എന്നെ ഉപേക്ഷിച്ചതെന്തുകൊണ്ട് ?" ദൈവം തന്നെ കൈവിട്ടിരിക്കുന്നു എന്ന അവബോധം യേശുവിനു താങ്ങാവുന്നതിലപ്പുറമായിരുന്നു .ആരെല്ലാം വെരുത്താലും എതിര്‍ത്താലും കൈവിട്ടാലും പിതാവ് തന്റെ കൂടെയുണ്ടാകും എന്നതായിരുന്നു ജീവശ്വാസത്തെക്കാള്‍ പ്രധാനമായ യേശുവിന്റെ വിശ്വാസം . ആ സാന്നിധ്യം കൂടാതെ ഒരു നിമിഷംപോലും ജീവിക്കാനാവില്ല .എന്നാല്‍ ഇവിടെ, പിതാവ് തന്നെ കൈവിട്ടിരിക്കുന്നു എന്ന അതിഭീകരമായ അവബോധമാണ് യേശുവിന്റെ മാനുഷിക മനസാക്ഷിയിലേക്ക് കിനിഞ്ഞിറങ്ങുന്നത് .ഇത് പാപാവസ്ഥയാണ് ; പാപിയുടെ യഥാര്‍ത്ഥ അവബോധമാണ് .

ഇതുവരെ കണ്ടതും അനുഭവിച്ചതുമായ സഹനങ്ങളെല്ലാം ശാരീരികവും മാനസികവുമായ തലങ്ങളിലായിരുന്നു .അവിടെയെല്ലാം പിതാവിന്റെ സജീവസാന്നിധ്യം യേശുവിനു ശക്തി പകര്‍ന്നിരുന്നു .എന്നാല്‍ ഇപ്പോള്‍ സഹനം ആത്മാവിന്റെ തലത്തിലേക്ക് പ്രവേശിക്കുന്നു.തന്റെ എല്ലാമായ ,ജീവന്റെ ഉറവിടവും അസ്തിത്വത്തിന്റെ നിദാനവുമായ ,പിതാവ്‌ തന്നെ ഉപേക്ഷിച്ചിരിക്കുന്നു എന്ന അവബോധം അതിന്റെ സകല ഭീകരതയോടുംകൂടെ യേശിവിന്റെ വ്യക്തിത്വത്തിന്റെ ആഴങ്ങളെ പിടിച്ചുലച്ചു .ദൈവതില്‍നിന്നകറ്റപ്പെടുക ,ദൈവത്താല്‍ ഉപേക്ഷിക്കപ്പെടുക .അത് നരകമല്ലാതെ മറ്റൊന്നുമല്ല .നരകത്തിന്റെ വക്കില്‍ നില്‍ക്കുന്ന അനുഭവമാണ് യേശുവിന്‍റെ നിലവിളിയില്‍ മുഴങ്ങുന്നത് .

ഇതുവരെ വിളിച്ചിരുന്നതുപോലെ ദൈവത്തെ "ആബ്ബാ " എന്ന് വിളിക്കാന്‍ ഈ മാനസികാവസ്ഥയില്‍ സാധിക്കുന്നില്ല .എന്റെ ദൈവമേ ,എന്ന് മറ്റെല്ലാ മനുഷ്യരെയുംപോലെ യേശുവും വിളിച്ചു കരയുന്നു .പാപം ഒന്നും ചെയ്യാതിരുന്നിട്ടും പാപിയുടെതായ അനുഭവം അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ,തീവ്രതയില്‍ യേശുവിനുണ്ടായി "ക്രിസ്തു നമ്മെപ്രതി ശപിക്കപ്പെട്ടവനായിത്തീര്‍ന്നു :(ഗലാ 3:13) "പാപം അറിയാത്തവനെ ദൈവം നമ്മുക്കുവേണ്ടി പാപമാക്കി (2 കോരി 5:21) എന്നൊക്കെ വി പൌലോസ് ഈ അനുഭവത്തെ വ്യാഖ്യാനിക്കുന്നു ."ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് "(യോഹ 1:29) എന്നാ സ്നാപകവചനങ്ങള്‍ ഇവിടെ പൂര്‍ത്തിയാവുന്നു .പാപപരിഹാരദിനത്തില്‍ ജനത്തിന്റെ പാപം മുഴുവന്‍ ഏറ്റുവാങ്ങി മരുഭൂമിയിലേക്ക് പോകുന്ന ബലിയാടിലൂടെ പ്രതീകാത്മകമായി അവതരിപ്പിച്ചിരുന്നത് കുരിശില്‍ കിടക്കുന്ന യേശുവില്‍ യാഥാര്‍ത്യമായിതീരുന്നു ."നമ്മുടെ അകൃത്യങ്ങള്‍ കര്‍ത്താവ് അവന്റെമേല്‍ ചുമത്തി "(ഏശ 53:6) എന്ന സഹാനദാസനെക്കുറിച്ചുള്ള പ്രവചനവും (ഏശ 52:13-53, 12) ഇവിടെ പൂര്‍ത്തിയാകുന്നു .

മനുഷ്യവര്‍ഗ്ഗത്തിന്റെ മുഴുവന്‍ പാപം ,ലോകത്തിന്റെ പാപം ,അതിന്റെ സകല ഭീകരതയോടുംകൂടെ യേശു ഏറ്റെടുത്തതിന്റെ ഫലമാണ് ദൈവത്തില്‍നിന്നും അകറ്റപ്പെട്ടിരിക്കുന്നു എന്ന ഈ അവബോധം .യേശു കടന്നുപോയ ഏറ്റവും വലിയ സഹനവും ഇതുതന്നെയാണ് .ആത്മാവില്‍ അന്തകാരം വ്യാപിക്കുന്ന നിമിഷം ,തനിക്ക് ദൈവത്തെ നഷ്ടപ്പെട്ടു എന്ന അവബോധം .ഈ അവസ്ഥയുടെ പ്രതിഫലനമാണോ നട്ടുച്ചക്ക് സൂര്യന്‍ അസ്തമിച്ചു എന്ന് സുവിശേഷകന്‍ രേഖപ്പെടുത്തുന്നത് ? യേശു ബെത്ലഹെമില്‍ ജനിച്ചത്‌ അര്‍ദ്ധരാത്രിക്കായിരുന്നു .അന്ന് രക്ഷകനെ പ്രതീക്ഷിച്ചിരുന്നവര്‍ പാതിരാവില്‍ പ്രകാശം കണ്ടു .ഇവിടെ ഗാഗുല്തായില്‍ നട്ടുച്ചക്ക് പ്രകാശം കെട്ടുപോകുന്നു ;ഭൂമി മുഴുവന്‍ അന്ധകാരത്തിലാണ്ടുപോകുന്നു .ജീവന്റെ നാഥനെ കുരിശില്‍ തറച്ചവര്‍ ലോകത്തിന്റെ പ്രകാശം കുത്തിക്കെടുത്തുകയായിരുന്നു.ആഴമളക്കാനാവാത്തത്ര അഗാധമായ് അര്‍ത്ഥതലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ ഗുരുമോഴിയില്‍ ദൈവത്തെ നഷട്ടപ്പെട്ട ഒരു ലോകത്തിന്റെ മുഴുവന്‍ നിലവിളി പ്രതിധ്വനിക്കുന്നു .

പാപത്തിന്റെ ഫലവും പാപിയുടെ അവസ്ഥയും അതിന്റെ പൂര്‍ണ്ണതയില്‍ യേശു അനുഭവിച്ചു .ഇനി അവന്‍ അനുഭവിക്കാത്തതായ ഒരു വേദനയുമില്ല ; ദുഃഖവുമില്ല .ദൈവത്തെപ്പോലും നഷ്ടപ്പെടുന അനുഭവത്തിലൂടെ അവന്‍ കടന്നുപോയി . ഇതിലൂടെയാണ് ലോകത്തിന്റെ പാപം പരിഹരിക്കപ്പെടുന്നത് , മനുഷ്യവര്‍ഗ്ഗത്തിന് രക്ഷ ലഭ്യമാകുന്നത് . "അവന്റെ മേലുള്ള ശിക്ഷ നമുക്ക് രക്ഷ നല്‍കി "(ഏശ 53:5)." അവനില്‍ നാം എല്ലാവരും ദൈവത്തിന്റെ നീതിയാകേണ്ടതിനുവേണ്ടി "(2 കൊറി 5:21) യാണ് അവനെ പാപമാക്കിയത് .കണ്ണിരോടും വലിയ വിലാപത്തോടുംകൂടെ പിതാവിന്റെ മുമ്പില്‍ പ്രാര്‍ഥനകളും യാചനകളും സമര്‍പ്പിച്ച "അവന്റെ ദൈവഭയം മൂലം അവന്റെ പ്രാര്‍ത്ഥന കേട്ടു .പുത്രനായിരുന്നിട്ടും തന്റെ സഹനത്തിലൂടെ അവന്‍ അനുസരണം അഭ്യസിച്ചു .പരിപൂര്‍ണനാക്കപ്പെട്ടതുവഴി അവന്‍ തന്നെ അനുസരിക്കുന്നവര്‍ക്കെല്ലാം നിത്യരക്ഷയുടെ ഉറവിടമായി "(ഹെബ്രാ 5:7-8)"അവന്‍ പീഡ സഹിക്കുകയും പരീക്ഷിക്കപ്പെടുകയും ചെയ്തുകൊണ്ട് പരീക്ഷിക്കപ്പെടുന്നവരെ സഹായിക്കാന്‍ അവനു സാധിക്കുമല്ലോ "(ഹെബ്രാ 2:18).

പ്രത്യക്ഷത്തില്‍ നിരാശന്റെ നിലവിളിയായി തോന്നുമെങ്കിലും യേശു ദൈവത്തിലുള്ള വിശ്വാസവും പ്രത്യാശയും കൈവെടിയുന്നില്ല എന്ന് ഈ പ്രാര്‍ത്ഥനതന്നെ വെളിപ്പെടുത്തുന്നു ."എന്റെ ദൈവമേ " എന്ന ആവര്‍ത്തിച്ചുള്ള വിളിതന്നെ അതിനു തെളിവാണ് .ദൈവം തന്നെ കൈവിട്ടുവെന്നു സാഹചര്യങ്ങളില്‍നിന്നു തോന്നിയാലും താന്‍ ദൈവത്തിന്റെ കൈവിടുകയില്ല എന്നാ പ്രഖ്യാപനമാണിത് ;നിലയില്ലാക്കയത്തില്‍ മുങ്ങിത്താഴുന്നവന്‍ തനിക്ക് കിട്ടിയിരിക്കുന്ന ആവസാനത്തെ പിടിവള്ളിയില്‍ അള്ളിപ്പിടിക്കുന്നതുപോലെ,.ഇത് ഒരു വിശ്വാസിയുടെ പ്രാര്‍ത്ഥനയാണ് ;എല്ലാ സാഹചര്യങ്ങളും തനിക്കെതിരാകുമ്പോഴും ,ദൈവം പോലും കൈവിട്ടു എന്ന് തോന്നുമ്പോഴും ,നിരാശയില്‍ വീഴാന്‍ വിസമ്മതിക്കുന്ന വീരോചിതമായ വിശ്വാസത്തിന്റെ ശക്തമായ പ്രഖ്യാപനം .

ദൈവത്തോടുള്ള സമാനത നിലനിര്‍ത്തേണ്ട കാര്യമായി പരിഗണിക്കാതെ മനുഷ്യാവതരവേലയില്‍ സ്വയം ശൂന്യവല്‍ക്കരിച്ചവന്‍ (ഫയലി 2:6-9)മനുഷ്യന്റെ സകല പാപങ്ങളും ദുഃഖങ്ങലും ഏറ്റെടുത്തു .അവയെല്ലാം കുരിശില്‍ തറച്ചു മനുഷ്യന് മോചനം നല്‍കിയതിന്റെ വ്യക്തമായ ഒരു പ്രഖ്യാപണ് ആ നിലവിളി .ദൈവികസാന്നിദ്യത്തില്‍ നിന്ന് അകറ്റപ്പെട്ടു എന്നാ അവബോധതിലൂടെ കടന്നുപോയവന്‍ ദൈവത്തിലുള്ള പിടിവിടാതെ കാത്തു .നരകകവാടത്തിലെത്തിയവന്‍ അവിടെനിന്നു പിതൃസന്നിധിയിലേക്ക് വീണ്ടും പ്രവേശിച്ചു .പാതളത്തിലിറങ്ങി ,അവിടെനിന്നു സ്വര്‍ഗ്ഗത്തിലേക്ക് കരേറി എന്നാ വിശ്വാസപ്രഖ്യാപനത്തില്‍ ഈ ഗുരുമോഴിയുടെയും അര്‍ഥം കണ്ടെത്താന്‍ കഴിയും .

Author; ഡോ :മൈക്കില്‍ കാരിമറ്റം