Sunday, May 29, 2011

കംമ്മ്യുണിസവും രണ്ടാം വത്തിക്കാന്‍ കൌണ്‍സിലും

നവംബര്‍ 26,1965 രണ്ടാം വത്തിക്കാന്‍ സൂനഹദോസ് അവസാനിക്കാന്‍ 12 ദിവസങ്ങള്‍ മാത്രം . പോള്‍ ആറാമന്‍ പാപ്പ തന്റെ സ്വകാര്യ ലൈബ്രറിയില്‍ അടിയന്തിരമായി ഒരു യോഗം വിളിച്ചു .വത്തിക്കാന്റെ ഉന്നതാധികാരികളും കൌണ്‍സിലിന്‍റെ പ്രധാന ഉദ്യോഗസ്ഥന്മാരും ഹാജരായിട്ടുണ്ട് -പ്രത്യേകിച്ച് "സഭ ആധുനികലോകത്തില്‍ " എന്ന പ്രമാണരേഖയുമായി ബന്ധപ്പെട്ടവര്‍ .

ഗൌരവമേറിയ ഒരു പരാതിയെക്കുറിച്ചു അടിയന്തിരചര്‍ച്ച നടത്താനാണ് മാര്‍പാപ്പ യോഗം വിളിച്ചത് .കൌന്‍സിലില്‍ പങ്കെടുത്ത ഇരുന്നൂറിലധികം മെത്രാന്മാര്‍ ഒപ്പിട്ടു സമര്‍പിച്ച ഒരു നിവേദനം കാണാതായിരിക്കുന്നു .തത്ഭലമായി അത് ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല . തുടര്‍ന്ന് പരാതികളും . ഈ മെമ്മോറാണ്ടത്തിന്റെ ഉള്ളടക്കമാണ് ഏറെ ശ്രദ്ധേയം . കംമ്മ്യുണിസത്തെക്കുറിച്ചു പരസ്യമായി സൂനഹദോസ് ചര്‍ച്ച ചെയ്യണം എന്നതായിരുന്നു നിവേദനം .കംമ്യുനിസത്തെ സൂനഹദോസ് ശപിക്കണമെന്ന ചിന്താഗതിക്കാരാണ് ഈ മെമ്മോറാണ്ടത്തില്‍ ഒപ്പിട്ടവര്‍ .

"സഭ ആധുനികലോകത്തില്‍" എന്ന പ്രമാണരേഖയാണല്ലോ ലോകത്തിലെ സാമ്പത്തിക സാമൂഹിക രാക്ഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെക്കുറിച്ചും പ്രശ്നങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നത്.എന്നാല്‍ തികച്ചും ആശ്ചര്യം തോന്നുമാറ് ഈ പ്രാമാണരേഖയില്‍ കംമ്മ്യുണിസത്തെ സംബന്ധിച്ചു പ്രത്യക്ഷമായി ഒന്നും പറയുന്നില്ല .നിരീശ്വരചിന്തയെക്കുറിച്ച് പ്രമാണരേഖ പ്രതിപാതിക്കുന്നുണ്ട് -മാത്രമല്ല ,കമ്മ്യുണിസം എന്ന പദംപോലും രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ പ്രമാണരേഖകളിലില്ല .ഈ നിശബ്ദതയുടെ രഹസ്യം അന്വേഷിക്കുന്നവരുണ്ട് .ഈ പശ്ചാത്തലത്തില്‍ മെത്രാന്മാര്‍ കുറേപേര്‍ സമര്‍പിച്ച നിവേദനത്തിന്‍റെ തിരോധാനം വിവാദപരമാകുമല്ലോ .

പോള്‍ ആറാമന്‍ പാപ്പാ വിളിച്ചുകൂട്ടിയ യോഗത്തില്‍ വിവാദപുരുഷനായത് കൌണ്‍സിലിന്‍റെ കമ്മീഷന്‍ സെക്രട്ടറി മോണ്‍. അക്കില്ലേ ഗ്ലോറിയോ ആയിരുന്നു .ഫ്രഞ്ചകാരനായ ഇദ്ദേഹം ഇന്ന് മെത്രാനാണ് .മാര്‍പാപ്പയുടെ മുമ്പില്‍ മോണ്‍ : ഗ്ലോറിയോ കുറ്റസമ്മതം നടത്തി.അമിതാദ്ധ്വാനവും ക്ഷീണവും മൂലമുണ്ടായ അശ്രദ്ധയുടെ ഫലമായി ആ നിവേദനം നഷ്ടപെട്ടുപോയി എന്നായിരുന്നു ആദ്ദേഹത്തിന്‍റെ വിശദീകരണം .ചര്‍ച്ചയ്ക്കും വിവാദത്തിനും അന്ത്യംകുറിച്ചുകൊണ്ട് മാര്‍പാപ്പ പറഞ്ഞു :" ഈ ഭൂമിയില്‍ കാപട്യം സംശയിക്കാവുന്ന അവസാന വ്യക്തിയാണ് മോണ്‍: ഗ്ലോറിയോ എന്നതിനാല്‍ ഈ പ്രശ്നം ഇവിടെ അവസാനിക്കുന്നു ."

മാര്‍പാപ്പയുടെ പ്രസ്താവന മെമ്മോറാണ്ടം നഷ്ടപ്പെട്ടതിനു വിശദീകരണം നല്‍കി .എങ്കിലും കംമ്യുണിസത്തെക്കുറിച്ചു പരസ്യമായ പരാമര്‍ശം സൂനഹദോസ് രേഖയില്‍ ചേര്‍ക്കണമെന്ന നിര്‍ദേശം എങ്ങനെ കൈകാര്യം ചെയ്യണം ? വത്തിക്കാന്‍ സ്റ്റേറ്റ്‌ സെക്രട്ടറിയേറ്റില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടന്നു . അവസാനം ഈ പ്രശ്നം ഒരു അടിക്കുറിപ്പിന്റെ വിശ്ദീകരണത്തില്‍ അവസാനിച്ചു ."സഭ ആധുനികലോകത്തില്‍" എന്ന പ്രമാണരെഖയുടെ 21 ആം നമ്പരില്‍ നാം ഇങ്ങനെ വായിക്കുന്നു : "ദൈവത്തോടും മനുഷ്യനോടും വിശ്വസ്തയായ സഭയ്ക്ക് മനുഷ്യന്‍റെ ബുദ്ധിക്കും സാധാരണ അനുഭവങ്ങള്‍ക്ക് വിരുദ്ധവും മനുഷ്യനെ അവന്റെ നൈസര്‍ഗ്ഗിക ശ്രേഷ്ടതയില്‍ നിന്ന് തള്ളിയിറക്കുന്നതുമായ ഇത്തരം വിഷലിപ്ത സിദ്ധാന്തങ്ങളെയും പ്രവര്‍ത്തന പരിപാടികളെയും ദുഖത്തോടെയെങ്കിലും കഴിയുന്നത്ര ശക്തിയോടെ നിരാകരിക്കുന്നതില്‍ നിന്ന് വിരമിക്കാന്‍ സാധ്യമല്ല ." നിരീശ്വരത്വക്കുറിച്ചുള്ള ഈ പ്രസ്താവനയ്ക്ക്‌ ഒരു അടിക്കുറിപ്പുണ്ട് .
16 ആം നമ്പര്‍ ഈ അടിക്കുറിപ്പ് പതിനൊന്നാം പീയൂസ് മുതല്‍ പോള്‍ ആറാമന്‍ വരെയുള്ള മാര്‍പാപ്പാമാര്‍ കംമ്യുണിസത്തെ ശപിച്ചതും വിമര്‍ശിച്ചതുമായ പ്രബോധനഭാഗത്തിലേക്കുള്ള സൂചനയാണ് .കംമ്യുണിസത്തെ ശപിക്കുന്ന ഈ രേഖകള്‍ അടിക്കുറുപ്പില്‍ സൂചനയായി നല്‍കുകവഴി രണ്ടാം വത്തിക്കാന്‍ സൂനഹദോസും ഈ പ്രബോധനം ആവര്‍ത്തിക്കുകയാണ് എന്ന് വത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു . എങ്കിലും കംമ്മ്യുണിസത്തിനെതിരായ വിമര്‍ശനം പരോക്ഷമായ ഒരു അടിക്കുറുപ്പില്‍ ഒതുക്കിയത് എന്തുകൊണ്ട് എന്ന ചോദ്യം അവശേഷിക്കുന്നു .ഇതിനു പിന്നില്‍ രാക്ഷ്ട്രീയ നടപടികള്‍ കാണുന്നവരുണ്ട് .

ഫ്രഞ്ചുവാരികയായ Le Republican Lorrain 1963 ഫെബ്രുവരി 9 നു ബിഷപ്‌ പോള്‍ ജോസഫ്‌ ഷ്മിറ്റുമായി നടത്തിയ ഒരു സംഭാഷണത്തിന്‍റെ റിപ്പോര്‍ട്ട് പ്രസിദ്ധം ചെയ്തു .അതനുസരിച്ച് ഈ ബിഷപ്പിന്‍റെ രൂപതയിലാണ് കാര്‍ഡിനല്‍ ടിസറന്റും റഷ്യന്‍ ഓര്‍ത്തഡോക്‍സ്‌ സഭയുടെ വിദേശകാര്യവകുപ്പധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് നിക്കോദിമും തമ്മില്‍ രഹസ്യസംമ്മേളനം നടന്നത് .1936 മുതല്‍ 1959 വരെ പൌരസ്ത്യതിരുസംഘത്തിന്റെ അധ്യക്ഷനായിരുന്ന കാര്‍ഡിനല്‍ ടിസറന്റിനു റഷ്യന്‍ ഭാഷ സംസാരിക്കാന്‍ കഴിയുമായിരുന്നു .അദ്ദേഹത്തിനു ആര്‍ച്ച്ബിഷപ് നിക്കോദിമിനെ പരിചയവുമായിരുന്നു .ഫ്രാന്‍സിലെ മെറ്റ്സ് രൂപതയിലെ ഒരു ആശ്രമത്തില്‍ നടന്നു എന്ന് പറയപ്പെടുന്ന യോഗത്തിന്റെ ചര്‍ച്ചാവിഷയം സൂനഹദോസിലേക്ക് റഷ്യന്‍സഭയുടെ പ്രതിനിധികള്‍ പങ്കേടുക്കുന്നതായിരുന്നു .പ്രതിനിധികള്‍ പങ്കെടുക്കണമെങ്കില്‍ കൌണ്‍സില്‍ "രക്ഷ്ട്രീയവിമുക്ത "മായിരിക്കണമെന്നു ആര്‍ച്ച്ബിഷപ് കാര്‍ഡിനലിനോട് ആവശ്യപ്പെട്ടു എന്ന് ബിഷപ്‌ ഷ്മിറ്റ് പ്രസ്ഥാപിച്ചു .

ഫ്രാന്‍സിലെ France Nouvella എന്ന കംമ്യുണിസ്റ്റു വാരിക 1963 ജനുവരി 16-22 ന്‍റെ ലക്കത്തില്‍ എഴുതി :" പരുഷമായ കംമ്മ്യുണിസ്റ്റുവിരോധം സഭയ്ക്കിനി സ്വീകരിക്കാനാവില്ല . കംമ്മ്യുണിസ്റ്റുഭരണകൂടങ്ങളെ സൂനഹദോസില്‍ നേരിട്ട് കടന്നാക്രമിക്കില്ലെന്നു സഭതന്നെ റഷ്യന്‍ ഓര്‍ത്തഡോക്സ്‌ സഭയുമായുള്ള സംഭാഷണത്തില്‍ വാക്ക് കൊടുത്തിട്ടുണ്ട് ."ഇതിനു ഉപോത്ഭലമാണ് ഫ്രഞ്ച് മോണ്‍. ജോര്‍ജ്‌ റോഷെയുടെ നിഗമനങ്ങള്‍. കാര്‍ഡിനല്‍ ടിസറന്റിനെ അടുത്തറിഞ്ഞ ഇദ്ദേഹത്തിന്റെ വീക്ഷണത്തില്‍ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ നിരീക്ഷകരെ സൂനഹദോസിലേക്ക് ക്ഷണിക്കുക എന്ന തീരുമാനം ജോണ് 23 മന്‍ പാപ്പായുടെതായിരുന്നു . ഈ തീരുമാനത്തിനു കാര്‍ഡിനല്‍ മൊന്തീനിയുടെ (പോപ്‌ പോള്‍ ആറാമന്‍) പരസ്യപിന്തുണയുമുണ്ടായിരുന്നു . മോണ്‍. റോഷെ പറഞ്ഞതനുസരിച്ച് ജോണ് മാര്‍പാപ്പയുടെ നിര്‍ദ്ദേശപ്രകാരമാണ് കാര്‍ഡിനല്‍ ടിസറന്‍റ് പ്രവര്‍ത്തിച്ചത്. "ഫലമായി കംമ്മ്യുണിസത്തെക്കുറിച്ചു സംസാരിക്കാന്‍ ഏതെങ്കിലും മെത്രാന്‍ ശ്രമിച്ചപ്പോള്‍ (സൂനഹദോസില്‍) പ്രസിഡന്റിന്റെ കൌന്‍സിലില്‍നിന്നു കര്‍ദ്ദിനാള്‍ ഇടപെടുകയും ഈ പ്രശ്നത്തെക്കുറിച്ച് മാര്‍പാപ്പ ആഗ്രഹിച്ച നിശ്ശബ്ദത സൃഷ്ട്ടിക്കുകയും ചെയ്തു ."

കാര്‍ഡിനല്‍ ടിസറന്റും നിക്കൊദിം മെത്രാപ്പോലീത്തായും തമ്മിലുള്ള സംഭാഷണത്തിന്റെ ഫലമായി സൂനഹദോസ് സോവിയറ്റ്‌ വിരുദ്ധ പ്രസ്താവനയില്‍ നിന്ന് മാറിനില്‍ക്കാം എന്ന വാക്കുകൊടുത്തു എന്ന വാദത്തെ പൂര്‍ണ്ണമായി നിരാകരിക്കുന്ന ഒരു വ്യക്തിയുണ്ട് .ജര്‍മ്മന്‍ കാര്‍ഡിനല്‍ അഗസ്റ്റിന്‍ ബെയയുടെ ദീര്‍ഘകാല സെക്രട്ടറി ഈശോസഭക്കാരനായ ഫാ.സ്റ്റീഫന്‍ ശ്മിറ്റണ് അദ്ദേഹം .ജോണ് 23 മന്‍ പാപ്പായെക്കുറിച്ചു ആര്‍ച്ച്ബിഷപ് നിക്കോദിം എഴുതിയ ജീവചരിത്രത്തില്‍ അദ്ദേഹം കാര്‍ഡിനല്‍ ടിസറന്റുമായി നടത്തി എന്ന് പറയുന്ന മീറ്റിങ്ങിനെക്കുറിച്ചു യാതൊരു പരാമര്‍ശവുമില്ല .ശ്മിറ്റിന്റെ അഭിപ്രായത്തില്‍ ഈ പറയുന്ന മീറ്റിങ്ങിനു മുന്‍പുതന്നെ ഡച്ചുമെത്രാപ്പോലീത്തയായ വില്ലെബ്രാന്റ്സും റഷ്യന്‍ ഓര്‍ത്തോഡോക്സഭയില്‍ നിന്ന് സൂനഹദോസില്‍ പങ്കെടുത്ത വിത്തിലി ബോറോവോജയുമായി ബന്ധപ്പെട്ടിരുന്നു (സൂനഹദോസില്‍ പങ്കെടുത്ത രണ്ടുനിരീക്ഷകരില്‍ മറ്റേ അംഗം വ്ലാഡിമിര്‍ കൊത്തിയോറോവ്‌ ആയിരുന്നു). വത്തിക്കാനും മോസ്കോയും തമ്മില്‍ രണ്ടാം വത്തിക്കാന്‍ സൂനഹദോസിനെ സംബന്ധിച്ചു കരാറൊന്നുമുണ്ടാക്കിയില്ലെങ്കിലും ശാപത്തിന്റെ പരുഷമായ നയം വത്തിക്കാന്‍ സ്വീകരിക്കില്ല എന്ന സൂചന വത്തിക്കാന്‍ റഷ്യയ്ക്ക് നല്‍കി എന്ന് ഫാ.സ്മിത്തും സമ്മതിക്കുന്നു .1962 ജൂലൈ 17 നു കാര്‍ഡിനല്‍ വില്ലെബ്രാന്റ്സ് ബെറൊവോജക്കയച്ച കത്തില്‍ പറയുന്നു : "സൂനഹദോസ് ഒരു രാജ്യത്തിനെതിരായി പ്രസ്താവനയിറക്കില്ല -ഉദാഹരണമായി ബ്രിട്ടന്‍ ,ജര്‍മ്മന്‍ അല്ലെങ്കില്‍ റഷ്യ .പണ്ട് ലിബറലിസത്തിന്റെയും (ഫ്രാന്‍സ്‌ ) നാസ്സിസത്തിന്റെയും (ജര്‍മ്മനി ) തെറ്റുകള്‍ സഭ ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ ,സഭക്ക് ചില തെറ്റുകളെക്കുറിച്ചു വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്കാനുണ്ടെങ്കില്‍ അവള്‍ ഒരു രാജ്യത്തെയോ ജനത്തെയോ ശപിക്കില്ല .ആ തെറ്റുകളുടെ ഉടമകള്‍ ആ രാജ്യങ്ങളില്‍ വസിച്ചാലും ."

ഈ വിവാദത്തില്‍ ചരിത്രപരമായ വിശദാംശങ്ങളെക്കുറിച്ചു അന്തിമമായ തീരുമാനത്തിലെത്തിച്ചേരാനാവാത്ത സ്ഥിതിയുണ്ട് . രണ്ടു കാര്യങ്ങള്‍ ഇവിടെ ഏതാണ്ട് വ്യക്തമാണ് .ഒന്ന് ,രണ്ടാം വത്തിക്കാന്‍ സൂനഹദോസ് കംമ്മ്യുണിസത്തെ പരസ്യമായി ശപിക്കുമോ എന്ന ആശങ്ക റഷ്യക്കുണ്ടായിരുന്നു .ഈ ആശങ്കയ്ക്ക് ആക്കം കൂട്ടുന്നതായിരുന്നു 1961 ല്‍ കാര്‍ഡിനല്‍ ഒട്ടോവിയാനി സ്ഥാപിച്ച പീയൂസ് അഞ്ചാമന്റെ ഇന്‍സ്റ്റിട്ട്യൂട്ട് . കംമ്മ്യുണിസവുമായി കുരിശുയുദ്ധത്തിനിറങ്ങുന്ന നയമാണോ സൂനഹദോസ് സ്വീകരിക്കുന്നത് എന്നറിയാന്‍ അവര്‍ക്ക് താല്പര്യമുണ്ടായിരുന്നു .അതോടൊപ്പം ജോണ് മാര്‍പാപ്പ ശാപത്തിന്റെ പാത വെടിഞ്ഞു സംഭാഷണത്തിന്റെ മാര്‍ഗ്ഗം സ്വീകരിക്കണം എന്ന പക്ഷക്കാരനായിരുന്നു . കമ്മ്യുണിസവും നിരീശ്വര സിദ്ധാന്തവുമായുള്ള തുറന്ന മനസ്ഥിതിയുടെയും മറ്റു ക്രൈസ്തവസഭകലുമായുള്ള ഡയലോഗിന്റെയും പ്രതീകമായി റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാപ്രതിനിധികളെ സൂനഹഡോസിലേക്ക് ക്ഷണിക്കാന്‍ മാര്‍പാപ്പ ആഗ്രഹിച്ചു . മാര്‍പാപ്പയുടെ ഈ നയം റഷ്യന്‍ അധികാരികളെ അറിയിച്ചിട്ടുമുണ്ടാകാം .ഇതിന്‍റെയൊക്കെ ഫലമാണ് കമ്മ്യുണിസം ,പ്രത്യക്ഷത്തില്‍ സൂനഹദോസ് ഡിക്രികളില്‍നിന്നു അപ്രത്യക്ഷമായത് . ഇത് വ്യക്തമാക്കുന്നതാണ് ദൈവശാസ്ത്രജ്ഞനായ ബര്‍ണാര്‍ഡ് ഹെറിംഗ് അടുത്തകാലത്ത് നടത്തിയ ഈ പ്രശ്നത്തെക്കുറിച്ചുള്ള പരാമര്‍ശം ." സഭ ആധുനികലോകത്തില്‍ " എന്ന പ്രമാണരേഖയുടെ നക്കല്‍ എഴുതിയ കമ്മിറ്റിയുടെ സെക്രട്ടറിയും കോ-ഓര്‍ഡിനെറ്റുമായിരുന്നു ബര്‍ണാര്‍ഡ് ഹെറിംഗ്. പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹവുമായുള്ള നീണ്ട അഭിമുഖ സംഭാഷണത്തില്‍ ഫാ . ഹെറിംഗ് പറഞ്ഞു :" 200 മെത്രാന്മാര്‍ എഴുതി സമര്‍പ്പിച്ച ഒരു നിവേദനത്തിലൂടെ കംമ്മ്യുണിസത്തെ പരസ്യമായി ശപിക്കണമെന്നു ആവശ്യപ്പെട്ടപ്പോള്‍ കമ്മീഷന്റെ സെക്രട്ടറിയും വിപുലമായ മറ്റൊരു സമിതിയുടെ കോ സെക്രട്ടറിയുമായിരുന്ന മോണ്‍ ഗ്ലോറിയോയും ഞാനും ബലിയാടുകളായി . ഇങ്ങനെയൊരു ശാപം ഒഴിവാക്കുന്നതിനുവേണ്ടി എന്നാലാവുന്നതൊക്കെ ഞാന്‍ ചെയ്തു എന്നത് ഒളിച്ചുവെക്കുന്നില്ല, ശപിക്കുന്നതു ഒരു രാക്ഷ്ട്രീയ നടപടിയായിരിക്കുമല്ലോ ....എന്തെന്നാല്‍ ,സൂനഹദോസ് കംമ്മ്യുണിസത്തെ ശപിക്കില്ല എന്ന വാഗ്ദാനം മോസ്കോയിലെ ഗവന്‍മെന്റു അധികാരികള്‍ക്ക് ജോണ് മാര്‍പാപ്പ നല്‍കിയിരുന്നുവെന്നു എനിക്ക് വ്യക്തമായി അറിയാമായിരുന്നു .റഷ്യന്‍ ഓര്ത്തഡോക്സുസഭയിലെ നിരീക്ഷകര്‍ കൌണ്‍സിലില്‍ പങ്കെടുക്കാനാണ് ഈ വാഗ്ദാനം നല്‍കിയത് ."

വിശുദ്ധരും വിപ്ലവകാരികളും; പോള്‍ തേലക്കാട്ട്

Tuesday, May 17, 2011

ചില കത്തോലിക്ക സന്മാര്‍ഗ്ഗ ദൈവശാസ്ത്രജ്ഞന്മാരുടെ വീക്ഷണത്തില്‍ "ഉത്തരവാദിത്വമുള്ള മാതൃപിത്രുത്വം"

ഗര്‍ഭദാരണം ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തോടെ നിഷ്ഫലകാലത്ത് മാത്രം ദമ്പതികള്‍ലൈംഗികസംയോഗം നടത്തുന്നത് ധാര്‍മ്മികമായി അനുവദിനീയമാണെന്നു കത്തോലിക്ക പാരബര്യം അംഗീകരിക്കുന്നതായി ആദ്യ പോസ്റ്റുകളില്‍(1,2) വിശദീകരിച്ചു .ഗര്‍ഭധാരണം നിയന്ത്രിക്കുന്നതിന് റിഥം രീതിക്ക് പുറമേ മറ്റേതെങ്കിലും രീതി സ്വീകരിക്കുന്നത് ധാര്‍മ്മികമായി അനുവദനീയമാണോ എന്ന കാര്യവും ദൈവശാസ്ത്രജ്ഞന്മാര്‍ പഠനവിധേയമാക്കുന്നുണ്ട് . കത്തോലിക്കാ പാരമ്പര്യവും "മനുഷ്യജീവന്‍ " എന്നാ ചാക്രികലേഖനവും ഏതെങ്കിലും തരത്തിലുള്ള കൃത്രിമഗര്ഭനിരോധനമാര്ഗങ്ങള്‍ സ്വീകരിക്കുന്നതിനു അനുകൂലമല്ല .ഇതിനു കാരണം, കൃത്രിമോപാധികള്‍ ഉപയോഗിച്ചുകൊണ്ടുള്ള ലൈംഗികസംയോഗം ദൈവസ്ഥാപിതമായ സ്വാഭാവിക ക്രമത്തിന് എതിരാണെന്നുള്ളതാണ് . എന്നാല്‍ ചില കത്തോലിക്ക ധാര്‍മ്മികദൈവശാസ്ത്രജ്ഞന്മാരും സഭയുടെ ഔദ്യോഗിക നിലപാടില്‍നിന്നു വ്യത്യസ്തമായ സമീപനം സ്വീകരിക്കുന്നതായി തോന്നുന്നു .അതിനു അവര്‍ നല്‍കുന്ന കാരണങ്ങള്‍ ഇവയാണ് .

1. ദാമ്പത്യസംയോഗത്തിന്‍റെ രണ്ടുലക്ഷ്യങ്ങളും തമ്മില്‍ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന സഭയുടെ നിര്‍ബന്ധപൂര്‍വ്വമായ നിലപാടില്‍ ഗൌരവതരമായ പ്രശ്നങ്ങളുണ്ടെന്ന് അവരില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നു (B.Haring .The Inseparability of the Unitive - Procreative Functions of the marital Act). പ്രകൃതിതന്നെ സ്ത്രീയുടെ ആര്‍ത്തവ ചക്രത്തിലെ ഒരു കാലയളവില്‍ സന്താനോല്പാദനം നിയത്രിക്കുന്നുണ്ടെന്നുള്ളത് വ്യക്തമാണല്ലോ .ഈ കാലയളവിനാണ് നിഷ്ഫലകാലം (Infertile Period) എന്ന് പറയുന്നത് . ആ നിലയ്ക്ക് ഓരോ ലൈംഗിക സംയോഗവും സന്താനോല്പാദനത്തോട് തുറവിയുള്ളതായിരിക്കണം എന്ന് നിബന്ധിക്കുന്നത് യുക്തിരഹിതമാണെന്ന് അവര്‍ പറയുന്നു . അതുപോലെ തന്നെ വാര്‍ധക്യം ,ഗര്‍ഭാവസ്ഥ ,സ്വഭാവിക കുടുംബാസൂത്രണം മുതലായവയുടെ ഫലമായി സന്താനോല്പാദനക്ഷമമല്ലാത്ത ലൈഗികസംയോഗങ്ങള്‍ തീര്‍ച്ചയായും നടക്കുന്നുണ്ട് . ഈ സംയോഗങ്ങള്‍ സന്താനോല്പാദനത്തോട് തുറവിയുള്ളതാണെന്നും അതിനാല്‍ സ്വീകാര്യമാണെന്നും പറയുന്നതില്‍ യാതൊരര്‍ഥവുമില്ലന്ന് അവര്‍ വാദിക്കുന്നു .

പരമ്പരാഗതമായി ദമ്പതികളുടെ ഓരോ ലൈംഗികസംയോഗവും സന്താനോല്പാദത്തോട് തുറവിയുള്ളതായിരിക്കണമെന്നു സഭ നിര്‍ബന്ധിക്കാനുള്ള കാരണം വിവാഹലൈംഗികതയുടെ പ്രാഥമികലക്ഷ്യമായി പരിഗണിക്കപ്പെട്ടിരുന്നത് സന്താനോല്പാദനമായിരുന്നതുകൊണ്ടാണ് . അതേസമയം തന്നെ സഭ ഉത്തരവാദിത്വമുള്ള മാത്രുപിതൃത്വത്തിനു ദമ്പതികള്‍ കടപ്പെട്ടവരാണെന്നും പഠിപ്പിക്കുന്നു. അതിന്റെ അര്‍ത്ഥം കുട്ടികളുടെ എണ്ണം -ഉദാരവും ഉത്തരവാദിത്വപൂര്‍ണ്ണവുമായ മാതൃപിതൃത്വത്തിന്റെ ഉള്ളടക്കം - ഓരോ കുടുംബത്തിന്റെയും വസ്തുനിഷ്ടമായ സാധ്യതകളുടെ അടിസ്ഥാനത്തില്‍ നിര്‍ണ്ണയിക്കപ്പെടണമെന്നുള്ളതാണ് .ഓരോ ദാമ്പത്യധര്‍മാനുഷ്ടാനവും സന്തോനോല്പാദനത്തോട് തുറവിയുള്ളതല്ലെങ്കിലും ഉദാരവും ഉത്തരവാദിത്വപൂര്‍ണ്ണവുമായ മാതൃപിതൃത്വവും സാധ്യമാണെന്നു ചില ധാര്‍മ്മിക ദൈവശാത്രജ്ഞന്മാര്‍ വാദിക്കുന്നു .

ഈ ദൈവശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തില്‍ ,കത്തോലിക്ക പാരമ്പര്യം ദാമ്പത്യധര്‍മ്മനുഷ്ടാനത്തെ (ലൈംഗികസംയോഗത്തെ )സന്താനോല്പാദനത്തിനു വേണ്ടിയുള്ള ഒരു മാര്‍ഗ്ഗം മാത്രമായി കാണുകയും ,അതിന്റെ ഫലമായി കൃത്രിമഗര്ഭനിരോപാധികള്‍ ഉപയോഗിക്കുന്ന ഏത് ലൈംഗികസംയോഗത്തെയും അധാര്‍മ്മികമെന്നു അപലപിക്കുകയും ചെയ്തു . എന്നാല്‍ രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ മുതല്‍ ലൈംഗികസംയോഗത്തിനു സന്താനോല്പാദനത്തോട് തുല്യമായ പ്രാധാന്യമുള്ള മറ്റൊരു ലക്ഷ്യംകൂടി ഉണ്ടെന്ന കാര്യം വ്യക്തമായി അംഗീകരിക്കപ്പെട്ടു . ദാമ്പത്യപ്രേമവും ദാമ്പത്യവിശ്വസ്ഥതയുമാണ് ഈ ലക്‌ഷ്യം .

2. ദാമ്പത്യസ്നേഹം ഉത്തരവാദിത്വമുള്ള മാതൃപിതൃത്വത്തോടുള്ള തുറവി എന്നീ രണ്ടു മൂല്യങ്ങള്‍ തങ്ങളുടെ വിവാഹജീവിതത്തില്‍ സംരക്ഷിക്കപ്പെടണമെന്നുള്ളതാണ് ദമ്പതികള്‍ സ്വീകരിക്കേണ്ട , അവരെ നയിക്കേണ്ട ആദര്‍ശം . ചില സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ട് ദമ്പതികളുടെ ഈ രംഗത്തെ ഒരു പ്രവര്‍ത്തി മുകളില്‍ പറഞ്ഞ ആദര്‍ശം പൂര്‍ണ്ണമായും സാക്ഷാത്കരിക്കുന്നില്ലെങ്കിലും അതിനെ അധാര്‍മ്മികമെന്നു വിശേഷിപ്പിക്കാന്‍ സാധ്യമല്ലെന്ന് ചില സാന്മാര്‍ഗ്ഗിക ദൈവശാസ്ത്രജ്ഞന്മാര്‍ വാദിക്കുന്നു .വിവാഹത്തിന്റെ രണ്ടുമാനങ്ങളായ ദാമ്പത്യസ്നേഹം , സന്താനോല്പാദനം എന്നിവയുടെ അഭേദ്യതയെക്കുറിച്ചും ഇപ്പറഞ്ഞത്‌ ശരിയാണ് . അതുകൊണ്ടുതന്നെയാണ് തത്കാലത്തേക്കോ ശാശ്വതമായോ സന്താനോല്പാദനം നിര്ത്തിവയ്ക്കേണ്ട ആവശ്യവും കടമയും ദമ്പതികള്‍ക്ക് ഉണ്ടാകാമെന്ന് സഭ തന്നെ നിര്‍ദ്ദേശിക്കുന്നത് . ഈ കാരണങ്ങളാല്‍ ,ഉത്തരവാദിത്വത്തോദുകൂടി പ്രവര്‍ത്തിക്കുന്ന ദമ്പതികള്‍ ,സ്വാര്‍ഥതയാല്‍ നയിക്കപ്പെടാതെ കുടുംബത്തിന്റെ നന്മയ്ക്കുവേണ്ടി കൃത്രിമഗര്ഭനിരോധനമാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നെകില്‍ അത് ഏപ്പോഴും , എല്ലാവരുടെ കാര്യത്തിലും ധാര്‍മ്മുകമായി കുറ്റകരമാകണമെന്നില്ല എന്ന് പല കത്തോലിക്ക സന്മാര്ഗ്ഗദൈവശാസ്ത്രജ്ഞന്മാരും കരുതുന്നു .

3. ഉത്തരവാദിത്വപൂര്‍ണ്ണമായ മാതൃപിത്രുത്വത്തെ സമ്പന്ധിച്ച് "മനുഷ്യജീവന്‍" വിശ്വാസികളുടെ മനസാക്ഷിയെ ബാധിക്കുന്ന ഒരു കടമയും ആദര്‍ശവുമാന് നല്‍കിയിരിക്കുന്നത് .അതിനാല്‍ തങ്ങള്‍ക്കു കഴിയുന്നിടത്തോളം ആ ആദര്‍ശം നിറവേറ്റാന്‍ അവര്‍ ബാധ്യസ്ഥരാണ് .എന്നാല്‍ തങ്ങളുടെ നിയന്ത്രണത്തിനതീതമായ കാരണങ്ങളാല്‍ ഏതെങ്കിലും ദമ്പതികള്‍ തല്കാലത്തേക്കോ സ്ഥിരമായോ ഈ ആദര്‍ശം മാറ്റിവയ്ക്കുന്നെങ്കില്‍ ആ പ്രവൃത്തിയെ ഒരു ധാര്‍മ്മികതിന്മയെന്ന് വിശേഷിപ്പിക്കാനാവില്ല .

എന്നാല്‍ സന്താനോല്പാദനം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് ഗര്ഭധാരണവും കുട്ടികളുടെ ജനനവും മാത്രമല്ലെന്ന് ഓര്‍ത്തിരിക്കണം .അവരുടെ വിദ്യാഭ്യാസവും ശരിയായ വളര്‍ത്തലും തുല്യ പ്രാധാന്യമുള്ളതാണ് .തുടര്‍ന്നുള്ള സന്താനോല്പാദനത്തെ നിയന്ത്രിക്കാതെ ഇപ്പോഴുള്ള കുട്ടികള്‍ക്കുവേണ്ട വിദ്യാഭ്യാസം നല്‍കാനും അവരെ വേണ്ടപോലെ വളര്‍ത്താനും കഴിയാത്ത മാതാപിതാക്കലുണ്ട് . അവര്‍ സന്താനനിയന്ത്രണത്തിനുള്ള തീരുമാനം - താല്കാലികമോ ശ്വാശ്വതമോ ആകാം - എടുക്കുന്നെങ്കില്‍ അത് ധാര്‍മികമായി തെറ്റല്ല . ഉത്തരവാദിത്വമുള്ള മാതൃപിതൃത്വമെന്ന ആശയത്തിന്റെ വെളിച്ചത്തില്‍ അത് അവരുടെ കടമയുമാണ് .അതിനാല്‍ വിവാഹജീവിതത്തിന്റെയും കുടുംബജീവിതത്തിന്റെയും നിലനില്പിനും സുസ്ഥിതിക്കും ഓരോ ലൈഗികസംയോഗവും എത്രമാത്രം സഹായിക്കുന്നുവെന്ന മാനദന്ധം ഉപയോഗിച്ചുവേണം നാം ആ പ്രവൃത്തിയെപ്പറ്റി വിധി കല്‍പ്പിക്കാന്‍ ; അല്ലാതെ ഓരോ സംയോഗവും സന്താനോല്പാദനത്തോട് തുറവിയുള്ളതാണോ അല്ലയോ എന്നാ പരിഗണനയുടെ അടിസ്ഥാനത്തില്‍ മാത്രമാകരുത് (J.farelly, The Principle of the Family Good).

ഇനിയും ചില സാഹചര്യങ്ങളില്‍ കൃത്രിമഗര്ഭനിരോധന മാര്ഗ്ഗങ്ങളുടെ സാധ്യതയെക്കുറിച്ചു വാദിക്കുന്ന മുകളില്‍ പറഞ്ഞ കത്തോലിക്ക ദൈവശാസ്ത്രജ്ഞന്മാര്‍ ഏതു മാര്‍ഗവും എല്ലാ മാര്‍ഗവും വിവേജനമൊന്നുമില്ലാതെ സ്വീകരിക്കാമെന്ന് അഭിപ്രായപ്പെടുന്നില്ല എന്ന വസ്തുതയും ഓര്‍ത്തിരിക്കേണ്ടതാണ് . "മനുഷ്യജീവന്‍" എന്ന ചാക്രികലേഖനം നിര്‍ദേശിക്കുന്നതുപോലെ സ്വാഭാവികമായ റിഥം രീതിയാണ് (natural rythm methed ) ജനന നിയന്ത്രണത്തിനുള്ള ഏറ്റവും ഉത്തമമായ മാര്‍ഗ്ഗം (ideal method). മുകളില്‍ പറഞ്ഞ ദൈവശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നത് ഈ അദര്‍ശമാര്‍ഗ്ഗം ,തങ്ങളുടെ നിയന്ത്രണത്തിനതീതമായ കാരണങ്ങള്‍ക്കൊണ്ട് സ്വീകരിക്കാന്‍ കഴിയാതെ വരുന്ന ദമ്പതികള്‍ ജനനനിയന്ത്രണത്തിനായി ഒരു നിരോധനമാര്‍ഗ്ഗം (barrier method) സ്വീകരിക്കുന്നത് ധാര്‍മ്മിക തിന്മയാകണമെന്നില്ല എന്നാണു .ഇവിടെ വൈദ്യശാസ്ത്രപരമായും ധാര്‍മ്മികമായും വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാത്തവയാണ് .ചുരുക്കത്തില്‍ , ഈ ദൈവശാസ്ത്രജന്മാര്‍ വാദിക്കുന്നതു ഇതാണ് :കൃത്രിമഗര്ഭനിരോധനം ഇപ്പോഴും ഒരു ക്രമക്കേടുതന്നെയാണ് .എന്നാല്‍ എല്ലാവരുടെ കാര്യത്തിലും എപ്പോഴും അത് ശിക്ഷാര്‍ഹമായിരിക്കണമെന്നില്ല .


ഉപസംഹാരം

ഇവിടെ മുന്കരുതലിന്റെതായ ഒരു വാക്ക് .കൃത്രിമ ഗര്ഭനിരോധനമാര്‍ഗങ്ങളുടെ സാദ്യമായ ധാര്‍മ്മിക ന്യായീകരണം (possible moral liciteness) അംഗീകരിക്കുന്നതിന്റെ വിനാശകരമായ അനന്തരഫലങ്ങളെപ്പറ്റിയുള്ള ചിന്തയാവണം "മനുഷ്യജീവനില്‍" ഉത്തരവാദിത്വമുള്ള മാതൃപിതൃത്വത്തിനു വേണ്ടി സ്വീകരിക്കാവുന്ന മാര്ഗ്ഗങ്ങളെപ്പറ്റി പറയുമ്പോള്‍ ,സുരക്ഷിതമായൊരു നിലപാട് (safe position) സ്വീകരിക്കാന്‍ പോള്‍ ആറാമന്‍ മാര്‍പാപ്പായെ പ്രേരിപ്പിച്ചതെന്ന് തോന്നുന്നു .കൃത്രിമ ഗര്‍ഭ നിരോധനമാര്‍ഗമനോഭാവം വളരുമ്പോള്‍ ,ഭര്‍ത്താവിനു ഭാര്യയോടുള്ള ആദരവ് നഷ്ടപ്പെടാമെന്നും ,ഭാര്യയുടെ ശാരീരികവും മനശാസ്ത്രപരവുമായ സമതുലിതാവസ്ഥയില്‍ ശ്രദ്ധിക്കാതെ അവളെ വെറും സുഖഭോഗ വസ്തുവായി മാത്രം ഭര്‍ത്താവ് പരിഗണിക്കാനിടയുണ്ടെന്നും മാര്‍പാപ്പ വിചാരിക്കുന്നു .അത് ശരിയാണ് താനും. അതുപോലെ ജനസംഖ്യാ സമ്മര്‍ദ്ദം അനുഭവപ്പെടുന്ന രാജ്യങ്ങളിലെ ഗവണ്മെന്റുകള്‍ യാതൊരു ധാര്‍മ്മിക പരിഗണനയുമില്ലാതെ കൃത്രിമജനനനിയന്ത്രണം അടിച്ചേല്‍പ്പികാനിടയുണ്ടെന്നും മാര്‍പാപ്പ ഭയപ്പെട്ടിരിക്കണം . മാര്‍പാപ്പയുടെ ഈ ഉത്കണ്ട അവഗണിക്കപ്പെടാവുന്നതല്ല. ഗര്ഭനിരോദനോപാധികള്‍ വ്യാപകമായ വിധത്തില്‍ ലഭ്യമായതോടെ പലരാജ്യങ്ങളിലും വിവാഹപൂര്‍വ ലൈഗികവേഴ്ചകളും വിവാഹബാഹ്യ ലൈഗികബന്ധങ്ങളും (Premarital sex and Extra marital sex) ഭീമമായ തോതില്‍ വര്‍ദ്ധിച്ചുകൊണ്ടാണിരിക്കുന്നത് .ഇന്നത്തെ ലൈഗിക അരാജകത്വത്തിന് (sexual anarchy) ഒരു പരിധിവരെ കൃത്രിമഗര്‍ഭനിരോധനോപാധികളാണ് കാരണമെന്ന് പറയാം .

അതിനാല്‍ ഉത്തരവാദിത്വമുള്ള മാതൃപിതൃത്വത്തെപ്പറ്റി യാഥാര്‍ത്യത്തോടെ ചിന്തിക്കണമെന്ന് ആവശ്യപ്പെടുമ്പോഴും ദമ്പതികളുടെ ഇടയില്‍ വര്ദ്ധമാനമായിക്കൊണ്ടിരിക്കുന്ന ഗര്ഭനിരോധനമാനോഭാവത്തെയും അനിയന്ത്രിതമായ സുഖഭോഗതൃഷ്‌ണയെയും നാം ചെറുക്കണം . ജനനനിയന്ത്രണമെന്ന കപട ലേബലിലാണ് പലപ്പോഴും ഈ പ്രവണതകള്‍ പ്രത്യക്ഷപ്പെടുക . ഭൗതികമാത്രമായ ഗര്ഭനിരോധനമാനോഭാവം അധാര്‍മ്മികമാണ് എന്നുമാത്രമല്ല ,അത് ക്രിസ്തീയവീക്ഷണമനുസരിച്ചുള്ള ഉത്തരവാദിത്വമുള്ള മാതൃപിതൃത്വം എന്നാ ആശയത്തോടും ആദര്‍ശത്തോടും ഒത്തുപോകുന്നതുമല്ല .

കടപ്പാട്
പുസ്തകം - കുടുംബജീവിതവിജയത്തിന്
എഡിറ്റര്‍ -ജോസ്‌ തെക്കേപ്പുറത്ത്

(അവസാനിച്ചു)


Related Post

ഹ്യൂമാനേ വീറ്റേ-(Wiki)

Wednesday, May 4, 2011

ഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങളും സഭയും

ഉത്തരവാദിത്വമുള്ള മാതൃപിതൃത്വത്തെപ്പറ്റി കഴിഞ്ഞ പോസ്റ്റില്‍ (click) പ്രസ്താവിച്ച അടിസ്ഥാനപരിഗണകളുടെ വെളിച്ചത്തില്‍ മാത്രമേ ഗര്‍ഭധാരണനിയന്ത്രണമാര്‍ഗങ്ങളുടെ പ്രശ്നം കൈകാര്യം ചെയ്യാനാവൂ .ഈ മാര്‍ഗങ്ങളുടെ വസ്തുനിഷ്ഠമായ പരിഗണനകള്‍ക്ക് രണ്ടാം സ്ഥാനമേയൊള്ളൂ. കാരണം, ഈ മാര്‍ഗങ്ങള്‍ ദമ്പതികള്‍ നേടിയെടുക്കേണ്ട മൂല്യങ്ങള്‍ക് വിധേയമായിരിക്കണം .

ഗര്‍ഭധാരണനിയന്ത്രണമാര്‍ഗങ്ങളുടെ വിശദാംശങ്ങള്‍ നല്‍കുന്നതിനുപകരം ,ദാമ്പത്യപ്രേമവും ഉത്തരവാദിത്വമുള്ള സന്താനോല്പാദനവും തമ്മില്‍ പോരുത്തപ്പെടുന്നതിനു സ്വീകരിക്കുന്ന ഏതു മാര്‍ഗത്തെപ്പറ്റിയും വിധിപറയുന്നതിനു രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ വസ്തുനിഷ്ടമായ ഒരു മാനദണ്ഡം നിര്‍ദേശിക്കുകയാണ് ചെയ്തത് . മനുഷ്യവ്യക്തിയില്‍ അധിഷ്ടിതമായ വസ്തുനിഷ്ടമായ മാനദണ്ഡങ്ങള്‍ വേണം ഗര്‍ഭധാരണം നിയന്ത്രിക്കുന്നതിനുള്ള ഏതൊരു പ്രവര്‍ത്തനത്തിന്റെയും ധാര്‍മികവശം നിര്‍ണയിക്കാന്‍ (GS 51).ഈ പഠനത്തിന്റെ ഔദ്യോകിക വ്യാഖ്യാനമനുസരിച്ച് ഒരു പ്രവര്‍ത്തനം മനുഷ്യന് ചേര്‍ന്നതാണോ അല്ലയോ എന്ന് തീരുമാനിക്കുന്നതിനുള്ള മാനദണ്ഡം മനുഷ്യവ്യക്തിത്വത്തിന്റെ എല്ലാ പ്രധാന വശങ്ങളുടെയും സമുചിതമായ പരിഗണനയാണ് . അതിനാല്‍ വത്തിക്കാന്‍ കൌണ്‍സിലിന്റെ പഠനമനുസരിച്ച് , അന്തിമമായ അപഗ്രഥനത്തില്‍ ദമ്പതികളുടെ മനസാക്ഷി തന്നെയാണ് ,തങ്ങളുടെ സാഹചര്യത്തില്‍ , ദാമ്പത്യസ്നേഹത്തിന്റെയും സന്താനോല്പാദനത്തിന്റെയും മൌലികമൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് ഉപകരിക്കുന്ന ഏറ്റവും നല്ല മാര്‍ഗം ഏതെന്നു തീരുമാനിക്കേണ്ടത് . ഉത്തരവാദിത്വമുള്ള മാതൃപിതൃത്വത്തോട് ബന്ധമുള്ള ഏതു പ്രവര്‍ത്തനത്തിന്റെയും ധാര്‍മികമായ അപഗ്രഥനം ദമ്പതികളുടെ സമഗ്രജീവിതത്തെ സംബന്ധിക്കുന്നതായിരിക്കണം . എന്നുവെച്ചാല്‍ ഭര്‍ത്താവിന്റെയും ഭാര്യയുടെയും വ്യക്തിത്വങ്ങളെയും അവരുടെ പരസ്പരബണ്ഡത്തെയും പൂര്‍ണമായി പരിഗണിച്ചുകൊണ്ടുള്ളതായിരിക്കണം .

ഈ വിഷയത്തെ സംബന്ധിച്ച് വിശദമായ പഠനം നടത്തിയ പൊന്തിഫിക്കല്‍ കമ്മീഷന്റെ അവസാനത്തെ റിപ്പോര്‍ട്ട് ഇന്നത്തെ സാഹചര്യങ്ങളില്‍ ഉത്തരവാദിത്വപൂര്‍ണവും യുക്തിസഹവുമായ പിതൃത്വത്തിന്റെ ആവശ്യകത അംഗീകരിച്ചു .

പൊന്തിഫിക്കല്‍ കമ്മീഷന്‍ അതിന്റെ അവസാന റിപ്പോര്‍ട്ട് പോള്‍ ആറാമന് സമര്‍പ്പിച്ചതിനുശേഷം ഗര്‍ഭധാരണനിയന്ത്രണ മാര്‍ഗങ്ങളെപ്പറ്റി മാര്‍പാപ്പായില്‍ നിന്ന് ഒരു അവസാന വാക്ക് എല്ലാവരും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു . അവസാനം , ആധുനികപ്രശ്നങ്ങളുടെ മുബില്‍ ഉത്തരവാദിത്വമുള്ള മാതൃ പിതൃത്വത്തിന്റെ അവശ്യകത പൂര്‍ണമായി അഗീകരിച്ചുകൊണ്ട് മാര്‍പാപ്പ "മനുഷ്യജീവന്‍ "(Humanae Vitae) എന്ന ചാക്രിക ലേഖനം പ്രസിദ്ധപ്പെടുത്തി . ഉത്തരവാദിത്വമുള്ള മാതൃപിതൃത്വം പ്രാവര്‍ത്തികമാക്കുന്നതിനെപ്പറ്റി പറയുമ്പോള്‍ ഈ ചാക്രികലേഖനം ലൈംഗികസംയോഗത്തിന്റെ ലക്ഷ്യങ്ങളായ ദാമ്പത്യസ്നേഹം, സന്താനോല്പാദനം എന്നിവ തമ്മിലുള്ള അഭേദ്യമായ (Inseparability of ends) ബന്ധം ഉറപ്പിക്കയാണ് ചെയ്യുന്നത് (HV 12). ഈ രണ്ടു ലക്ഷ്യങ്ങളുടെ അഭേദ്യതയുടെ അടിസ്ഥാനത്തിലാണ് ഈ രേഖ ഗര്‍ഭധാരണനിയന്ത്രണമാര്‍ഗങ്ങളുടെ പ്രശ്നം ചര്‍ച്ച ചെയ്യുന്നതു. ഈ ലക്ഷ്യങ്ങള്‍ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ എല്ലാവരും സ്വാഭാവികനിയമം (Natural law) അനുശാസിക്കുന്ന നിയന്ത്രണങ്ങളെ ആദരിക്കേണ്ടതാണ് . ഇതിന്റെ അര്‍ഥം ഓരോ ലൈംഗികസംയോഗവും ജീവനോടു തുറവിയുള്ളതായിരിക്കണമെന്നാണ് . കൃത്രിമഗര്‍ഭനിരോധനമാര്‍ഗത്തിന്റെ ഉപയോഗം അധാര്‍മികമാണ് . അതിനാല്‍ സന്താനോല്പാദനത്തെ നേരിട്ട് തടസ്സപ്പെടുത്തിക്കൊണ്ട് നടത്തുന്ന ജനനനിയന്ത്രണം തെറ്റാണെന്ന് ഈ ചാക്രികലേഖനം ഉറപ്പിച്ചു പ്രസ്താവിക്കുന്നു .നേരിട്ടുള്ള ഗര്‍ഭഛിദ്രവും സ്ത്രീയുടെയോ പുരുഷന്റെയോ വന്ധ്യംകരണവും ലൈംഗികസംയോഗത്തിന്റെ സ്വഭാവിക ഫലത്തെ തടയുന്ന എല്ലാ പ്രവര്‍ത്തികളും -അവ സംയോഗത്തിനു മുബോ സംയോഗസമയത്തോ അതിനു ശേഷമോ ചെയ്യുന്നവയാകാം - തള്ളിക്കളയേണ്ടതാണെന്ന് "മനുഷ്യജീവന്‍ " തറപ്പിച്ചു പറയുന്നു (HV 14). ഇത്തരത്തിലുള്ള കൃത്രിമ ഗര്‍ഭനിരോധനങ്ങള്‍ ദാമ്പത്യ വിശ്വസ്തതക്ക് ഹാനീകരമാകുന്നതിനാലും, സ്ത്രീകളോടുള്ള ആദരവ് നക്ഷ്ടപ്പെടുത്തുന്നതുകൊണ്ടും, ജനങ്ങളുടെ ധാര്‍മ്മികബോധവും നിലവാരവും താഴ്ത്തുന്നതുകൊണ്ടുമാണ് അവയെ തള്ളിക്കളയണമെന്ന് ചാക്രികലേഖനം അനുശാസിക്കുന്നത് (HV 17).

അപ്പോള്‍ പിന്നെ ഉത്തരവാദിത്വമുള്ള മാതൃപിതൃത്വത്തിനു "മനുഷ്യജീവന്‍ " നിര്‍ദ്ദേശിക്കുന്ന പരിഹാരമെന്ത് ? "സ്വാഭാവികനിയമങ്ങളുടെയും നിഷ്ഫലകാലത്തിന്റെയും" ഉപയോഗമാണ് (use of "the natural laws and the rhythms of fertility") നിര്‍ദ്ദേശിക്കപ്പെടുന്ന പരിഹാരം .

"മനുഷ്യജീവന്‍" ഉത്തരവാദിത്വമുള്ള മാതൃപിതൃത്വപ്പപ്പറ്റി പറയുമ്പോള്‍ വത്തിക്കാന്‍ കൌണ്‍സില്‍ നിര്‍ദേശിച്ച മനുഷ്യവ്യക്തിത്വത്തെ സംബന്ധിക്കുന്ന മാനദണ്ഡം കണക്കിലെടുക്കുന്നില്ല. ഇത്തരത്തിലുള്ള ഒരു സമീപനത്തില്‍ ഒരു മാനുഷികപ്രവൃത്തിയെ വിലയിരുത്തുമ്പോള്‍ വ്യക്തിയുടെ ഉദ്ദേശം ,ബാഹ്യപ്രവൃത്തി ,പ്രവൃത്തിയുടെ സാഹചര്യങ്ങള്‍ എന്നിവ പരിഗണിക്കപ്പെടണം .ഇവ കണക്കിലെടുക്കാതെയുള്ള ധാര്‍മികമായ വിധിതീര്‍പ്പ് അപഹാസ്യമായ നിഗമനങ്ങളില്‍ നമ്മെ കൊണ്ട് ചെന്നെത്തിക്കാം .

സഭയുടെ പരമമായ പ്രബോധനാധികാരത്തെ അംഗീകരിച്ചുകൊണ്ട് അവര്‍ ഈ പ്രശ്നത്തെപ്പറ്റി ഇടയലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു ."മനുഷ്യജീവന്‍" എന്ന ചാക്രികലേഖനത്തിന്റെ പഠനങ്ങള്‍ എങ്ങനെയാണ് സ്വീകരിക്കേണ്ടതെന്നും പിന്തുടരേണ്ടതെന്നുമുള്ള കാര്യങ്ങളെക്കുറിച്ച് പ്രായോഗികവും അജപാലനപരവുമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നാം ഇവിടെ പരാമര്‍ശിക്കുന്നു . ഈ മാര്ഗ്ഗനിര്‍ദേശങ്ങളെ മൂന്നായി തിരിക്കാം .

1. ഓസ്ട്രിയ, ഇറ്റലി, ഇംഗ്ലണ്ട്, ബ്രസീല്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ബിഷപ്‌ കോണ്‍ഫറന്‍സുകള്‍ കൃത്രിമനിരോധനങ്ങളുടെ ഉപയോഗത്തെ "മനുഷ്യജീവന്‍ " എന്ന ചാക്രികലേഖനം ഗൌരവതരമായ ഒരു പാപമായി വിശേഷിപ്പിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടുന്നു.

2.കാനഡ ,ഫ്രാന്‍സ്‌ ,സ്വിറ്റ്സര്‍ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ ബിഷപ്സ് കോണ്‍ഫറന്‍സുകള്‍ ചൂണ്ടിക്കാട്ടിയത് ഇങ്ങനെയാണ് : ചാക്രികലേഖനത്തിലെ തത്വങ്ങള്‍ക്കനുസരിച്ചു ജീവിക്കാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുകയും എന്നാല്‍ അപ്രകാരം ചെയ്യാന്‍ കഴിവില്ലാതിരിക്കുകയും ചെയ്യുന്ന ദമ്പതിമാര്‍ ഉത്തരവാദിത്വമുള്ള മാതൃപിതൃത്വത്തിന്റെ ജീവിതം നയിക്കുന്നതിന് വേണ്ടി മറ്റെതെങ്കിലും മാര്‍ഗ്ഗം തിരഞെടുക്കുന്നെങ്കില്‍ തങ്ങള്‍ കര്‍ത്താവിനെ ദ്രോഹിച്ചിട്ടില്ലെന്നു ഉറപ്പായി വിശ്വസിക്കണം .

3.ബല്‍ജിയം, ജര്‍മ്മനി, ഇഗ്ലണ്ട്, ഓസ്ട്രിയ, സ്കാഡിനെവിയ തുടങ്ങിയ രാജ്യങ്ങളിലെ എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സുകള്‍ സഭയുടെ അദ്ധ്യാപനാധികാരത്തിന്റെ (Magisterium) പഠനങ്ങളെ ശ്രദ്ധാപൂര്‍വ്വം ശ്രവിച്ചുകൊണ്ട് , തങ്ങളുടെ മനസാക്ഷിയെ രൂപീകരിക്കാന്‍ വിശ്വാസികള്‍ക്ക് ഗൌരവതരമായ കടപ്പാടുണ്ടെന്ന കാര്യം അവരെ ഓര്‍മ്മിപ്പിച്ചു .

ഈ സാഹചര്യത്തില്‍, വൈദികര്‍ വിശ്വാസികളുടെ സൂക്ഷ്മമനസാക്ഷിയനുസരിച്ചുള്ള തീരുമാനത്തെ ആദരിക്കണം -പ്രത്യേകിച്ചും കൂദാശകളുടെ പരികര്‍മ്മത്തില്‍. തങ്ങളുടെ നിയന്ത്രണത്തിനു അതീതമായ സാഹചര്യങ്ങളില്‍ ചാക്രികലേഖനത്തിലെ നിര്‍ദേശങ്ങളോട് യോചിക്കാത്ത തീരുമാനമെടുക്കാന്‍ വിശ്വാസികള്‍ നിര്‍ബന്ധിതരായിത്തീരുന്ന ചില അവസരങ്ങളുണ്ടാകാമെന്ന കാര്യം മെത്രാന്മാര്‍ മുന്‍കൂട്ടി കാണുന്നു. ഇത്തരം സാഹചര്യങ്ങളില്‍ കുമ്പസാരിക്കേണ്ട അഥവാ വിശുദ്ധ കുര്‍ബാന സ്വീകരണം അസാധ്യമാക്കുന്ന പാപമൊന്നും അവര്‍ ചെയ്യുന്നില്ല .അതേസമയം ഈ ചാക്രികലേഖനം പോലെയുള്ള സഭയുടെ ആധികാരികമായ ഒരു പഠനത്തെ ഒരു വ്യക്തിക്കും അവഗണിക്കാവുന്നതുമല്ല .

(തുടരും...)