Wednesday, May 12, 2010

സകല നിര്‍വചനങ്ങള്‍ക്കും അതീതനായ ‌ യേശു - Part2


രാഷ്‌ട്രീയാധികാരികള്‍ക്കും അവനെ മനസിലാക്കാനായില്ല. ആട്ടക്കാരിയെ തൃപ്‌തിപ്പെടുത്താന്‍ പ്രവാചകന്റെ തലയരിഞ്ഞ ഭീരുവായ ഹേറോദേസ്‌ യേശുവിനെ കണ്ടത്‌ തന്നെ വേട്ടയാടുന്ന സ്‌നാപകന്റെ പ്രേതമായിട്ടാണ്‌ (മര്‍ക്കോ.616). നാടുവിട്ടില്ലെങ്കില്‍ തട്ടിക്കളയും എന്നു ഭീഷണി മുഴക്കിയ നാടുവാഴിയോട്‌ യേശുവിന്റെ മറുപടി വിധേയത്വമുള്ള ഒരു പ്രജയുടേതായിരുന്നില്ല. ``ആ കുറുക്കനോടു ചെന്നു പറയുവിന്‍...'' (ലൂക്കാ 13:31-33). റോമാ സിംഹാസനത്തിന്റെ മുമ്പിലും കൂസലില്ലാത്ത ഈ നിലപാടാണ്‌ യേശു സ്വീകരിച്ചത്‌. നികുതി പ്രശ്‌നവുമായി വന്ന നിയമജ്ഞര്‍ക്ക്‌ അവന്‍ കൊടുത്ത മറുപടി ആദ്യമേ ദൈവത്തിന്റെ കാര്യം അന്വേഷിക്കണം എന്നായിരുന്നു (മര്‍ക്കോ. 12:13-17). സീസറും ദൈവാധികാരത്തിന്‍ കീഴിലാണെന്ന്‌ റോമന്‍ ഗവര്‍ണറെയും അവന്‍ അനുസ്‌മരിപ്പിച്ചു: ``ഉന്നതത്തില്‍നിന്നു നല്‍കപ്പെട്ടില്ലായിരുന്നെങ്കില്‍ എന്റെമേല്‍ ഒരധികാരവും നിനക്കുണ്ടാകുമായിരുന്നില്ല'' (യോഹ.19:11). ഐഹികമല്ലാത്ത ഒരു രാജത്വം അവകാശപ്പെട്ട യേശുവിനെ കലാപകാരിയും സാമ്രാജ്യത്തിനു ഭീഷണിയുമായേ റോമന്‍ അധികാരിക്കു കാണാന്‍ കഴിഞ്ഞുള്ളൂ. ആ ബോധ്യമനുസരിച്ചുള്ള ശിക്ഷയും അയാള്‍ പ്രഖ്യാപിച്ചു. യഹൂദരുടെ രാജാവിനു കുരിശുമരണം. എന്നാലും തനിക്കജ്ഞാതമായ എന്തോ ഒന്നിന്റെ മുമ്പിലാണ്‌ താന്‍ നില്‍ക്കുന്നതെന്ന അവബോധം പീലാത്തോസിനുണ്ടായിരുന്നു ``എന്താണ്‌ സത്യം'' എന്ന ചോദ്യം നല്‍കുന്ന പ്രതീതിയാണത്‌.
യേശുവിനെ തിരിച്ചറിയണമെങ്കില്‍

പരസ്യജീവിതത്തിന്റെ ആരംഭം മുതലേ യേശുവിന്റെ കൂടെ ഉണ്ടായിരുന്നവരാണ്‌ അപ്പസ്‌തോലന്മാര്‍. ഗലീലി തടാകതീരത്തു തുടങ്ങിയ ആ സൗഹൃദവും സഹവാസവും അന്ത്യ അത്താഴംവരെ നീണ്ടു. മൂന്നു വര്‍ഷത്തോളം കൂടെ നടക്കുകയും യേശുവിനെ വളരെ അടുത്തു നിരീക്ഷിക്കുകയും ചെയ്‌ത ശിഷ്യന്മാര്‍ക്കും പിടികിട്ടാത്ത ഒരു വ്യക്തിത്വമായിരുന്നു അവന്റേത്‌. ``എന്നെ അനുഗമിക്കുവിന്‍'' എന്ന വിളികേട്ട്‌ എല്ലാം ഉപേക്ഷിച്ച്‌ ഇറങ്ങിത്തിരിക്കാന്‍ മാത്രം വശ്യമായിരുന്നു ആ വ്യക്തിത്വം; ശക്തമായിരുന്നു അവന്റെ ആകര്‍ഷണം. എന്നാല്‍ ആരാണ്‌ അവന്‍ എന്ന ചോദ്യത്തിനു മുമ്പില്‍ പലപ്പോഴും അവരും പകച്ചുനിന്നു. അവന്റെ ഒറ്റവാക്കില്‍ കാറ്റും കടലും അടങ്ങി നിന്നപ്പോള്‍ അത്ഭുതസ്‌തംബ്‌ധരായി അവര്‍ ചോദിച്ചുപോയി ``ഇവന്‍ ആര്‌'' (ലൂക്കാ 8:35). അവന്റെ അത്ഭുതകരമായ ആജ്ഞാശക്തിയും വിസ്‌മയാവഹമായ അധികാരപ്രയോഗവും അവരുടെ സുപരിചിതമായ ആശയതലങ്ങള്‍ക്ക്‌ അതീതമായിരുന്നു: ഞാന്‍ ആരെന്നാണ്‌ നിങ്ങള്‍ പറയുന്നത്‌ എന്ന ചോദ്യത്തിന്‌ അവര്‍ നല്‍കിയ ഉത്തരം ഒരു യഹൂദനു നല്‍കാന്‍ പറ്റുന്നതു മാത്രമായിരുന്നു. ``നീ ക്രിസ്‌തുവാണ്‌'' (മര്‍ക്കോ. 8:29). അപൂര്‍ണ്ണവും തെറ്റിദ്ധാരണയ്‌ക്കു വഴി നല്‍കുന്നതുമാകയാല്‍ അത്‌ ആരോടും പറയരുതെന്ന്‌ യേശുതന്നെ അവരെ വിലക്കുകയും ചെയതു (ഉത്ഥാനത്തിനുശേഷം ലഭിച്ച വിശ്വാസത്തിന്റെ വെളിച്ചത്തില്‍ രൂപപ്പെടുത്തിയ വിശ്വാസപ്രഖ്യാപനമാണ്‌ മത്തായി 16:16 രേഖപ്പെടുത്തുന്നത്‌).

വ്യത്യസ്‌തനായ ഗുരു

കൂടെ നടന്നവര്‍ ഭൗതിക സ്വപ്‌നങ്ങള്‍ മെനഞ്ഞിരുന്നു; അധികാരക്കസേരയിലായിരുന്നു അവരുടെ കണ്ണുകള്‍ (മര്‍ക്കോ.10:35-37; ലൂക്കാ 22:24). മരണത്തിനുശേഷവും യേശുവിനെക്കുറിച്ചുള്ള ഈ പ്രതീക്ഷകള്‍ അവര്‍ പൂര്‍ണമായും കൈവെടിഞ്ഞിരുന്നില്ല. ഇസ്രായേലിനെ മോചിപ്പിക്കാനിരുന്നവന്‍ അവനാണെന്നായിരുന്നു അവരുടെ പ്രതീക്ഷ (ലൂക്കാ 24:21). ഇസ്രായേലിന്‌ അവന്‍ രാജ്യം പുനഃസ്ഥാപിച്ചുകൊടുക്കും എന്ന്‌ അപ്പസ്‌തോലന്മാര്‍ ആത്മാര്‍ത്ഥമായും വിശ്വസിച്ചിരുന്നു (അപ്പ.1:6). ഒരു ഭാഗത്തുനിന്ന്‌ ദൈവം അയച്ച മിശിഹായാണ്‌ എന്ന്‌ ഏറ്റുപറയുമ്പോഴും മറുഭാഗത്തുനിന്നു നോക്കുമ്പോള്‍ അവന്റെ വ്യക്തിത്വം ശിഷ്യന്മാര്‍ക്ക്‌ അളക്കാനാവാത്ത ആഴമുള്ളതായിരുന്നു. മാതാവിനെയും പിതാവിനെയുംകാള്‍, എന്നല്ല സ്വന്തം ജീവനേക്കാള്‍ അധികമായി തന്നെ സ്‌നേഹിക്കാത്തവന്‍, തന്നെ അനുഗമിക്കാന്‍ വേണ്ടി ജീവന്‍ ത്യജിക്കാന്‍ സന്നദ്ധനാകാത്തവന്‍, തനിക്കു യോഗ്യനല്ല എന്ന യേശുവിന്റെ പ്രഖ്യാപനം അമ്പരപ്പുളവാക്കുന്നതായിരുന്നു. വിടവാങ്ങലിന്റെ ഭാഗമായി ആചരിച്ച അത്താഴവിരുന്നില്‍ അവന്‍ ചെയ്‌തതും പറഞ്ഞതും അവരുടെ ബുദ്ധിക്കും യുക്തിക്കും തികച്ചും അതീതമായിരുന്നു. ഗുരുശിഷ്യരുടെ മുമ്പില്‍ മുട്ടുകുത്തി പാദം കഴുകിയതും അപ്പം മുറിച്ച്‌ അതു തന്റെ ശരീരമാണെന്നു പറഞ്ഞ്‌ ഭക്ഷിക്കാന്‍ കൊടുത്തതും ഏതു കാഴ്‌ചപ്പാടിലൂടെയാണവര്‍ ഗ്രഹിക്കുക! ഇതിനെല്ലാം ശേഷം കുരിശില്‍ നിന്നുയര്‍ന്ന പരിത്യക്തന്റെ നിലവിളി വീണ്ടും ദുരൂഹതയുടെ ആഴങ്ങള്‍ വര്‍ദ്ധിപ്പിച്ചു. അവരുടെ മുന്നറിവിന്റെ സകല സീമകളെയും ലംഘിക്കുന്നതായിരുന്നു യേശുവിന്റെ വ്യക്തിത്വം.

പുതിയ വിശ്വാസത്തില്‍

പന്തക്കുസ്‌താ ദിവസമുണ്ടായ പുതിയ അനുഭവത്തിനുശേഷമാണ്‌ ആ വ്യക്തിത്വത്തിന്റെ ഉള്ളറകളിലേക്ക്‌ കുറച്ചൊരു വെളിച്ചം അവര്‍ക്കു ലഭിച്ചത്‌. ആ വെളിച്ചത്തില്‍ യേശുവിനെ അവര്‍ പുതുതായി കണ്ടു; ആ പുതിയ അറിവ്‌ വിശ്വാസസത്യമായി അവര്‍ പ്രഘോഷിച്ചു. യഹൂദരുടെ ദൈവസങ്കല്‍പത്തെ തിരുത്തി കുറിക്കുന്നതായിരുന്നു ആ പുതിയ അറിവും വിശ്വാസവും. യേശു എന്ന പേരിന്റെ അര്‍ത്ഥം കൂടുതല്‍ വ്യക്തമായി. ``യാഹ്‌വേ രക്ഷകന്‍'' എന്ന നാമം ധരിച്ചവന്‍ മാംസം ധരിച്ചു വന്ന ദൈവം തന്നെയാണ്‌ എന്ന്‌ അവര്‍ ഏറ്റുപറഞ്ഞു. രോഗവും മരണവും അവയ്‌ക്കെല്ലാം അടിസ്ഥാനകാരണമായി നില്‍ക്കുന്ന പാപവും മാറ്റി നിത്യജീവന്‍ നല്‍കുന്ന രക്ഷകനായി യേശുവിനെ അവര്‍ തിരിച്ചറിഞ്ഞു.
പുതിയ പുതിയ പേരുകള്‍ അതോടെ യേശുവിനു നല്‍കപ്പെട്ടു. ``ദൈവപുത്രന്‍'' എന്ന്‌ ഏറ്റുപറഞ്ഞപ്പോള്‍ ഇസ്രായേല്‍ ജനത്തിനു പൊതുവിലും രാജാവിനു പ്രത്യേകിച്ചും നല്‍കിയിരുന്നതില്‍നിന്നു തികച്ചും വ്യത്യസ്‌തമായ ഒരു അര്‍ത്ഥം ആ വിശ്വാസപ്രഖ്യാപനത്തിനുണ്ടായിരുന്നു. മോശയ്‌ക്കു വെളിപ്പെടുത്തിയ പേരാണ്‌ ``യാഹ്‌വേ.'' അതിന്റെ വിവര്‍ത്തനമാണ്‌ ``കര്‍ത്താവ്‌.'' ശിഷ്യന്മാര്‍ യേശുവിനെ ``കര്‍ ത്താവ്‌'' എന്നു വിളിക്കുമ്പോള്‍ ദൈവത്തോടുള്ള അ വിടുത്തെ തുല്യത, അഥവാ ദൈവത്വം ഏറ്റുപറയുകയാണ്‌. ഈ ഉത്ഥാനാനന്തര വിശ്വാസത്തിന്റെ വെളിച്ചത്തിലാണ്‌ പുതിയ നിയമ ഗ്രന്ഥങ്ങള്‍ എല്ലാം എഴുതപ്പെട്ടത്‌. അതിനാല്‍ സുവിശേഷങ്ങളില്‍ ജീവിതകാലത്ത്‌ യേശുവിന്റെ ദൈവത്വം ഏറ്റുപറയുന്ന ശിഷ്യന്മാരുടെ വാക്കുകളില്‍ ഈ വിശ്വാസത്തിന്റെ പ്രതിധ്വനി കേള്‍ക്കാം. ``എന്റെ കര്‍ത്താവേ, എന്റെ ദൈവമേ'' (യോഹ.20:28) എന്ന തോമാശ്ലീഹായുടെ നിലവിളി ശിഷ്യസമൂഹം രൂപപ്പെടുത്തിയ വിശ്വാസപ്രമാണത്തിന്റെ ഏറ്റം ഹ്രസ്വമായ രൂപമാണ്‌.

പൂര്‍ത്തീകരിക്കപ്പെട്ട വാഗ്‌ദാനം

വി. മത്തായിയും വി. ലൂക്കായും രചിച്ച ബാല്യകാല സുവിശേഷങ്ങളില്‍ ഈ വിശ്വാസം പ്രകടമാകുന്നുണ്ട്‌. ഇസ്രായേല്‍ജനം പ്രതീക്ഷിച്ചിരുന്ന, വാഗ്‌ദാനങ്ങളുടെ പൂര്‍ത്തീകരണമായ അബ്രാഹത്തിന്റെ പുത്രനും ദാവീദിന്റെ പുത്രനായ രാജാവുമാണ്‌ യേശു (മത്താ.1:1). ജനത്തെ പാപങ്ങളില്‍ നിന്നു മോചിപ്പിക്കുന്ന രക്ഷകന്‍ എന്നാണ്‌ പേരിന്റെ അര്‍ത്ഥം (മത്താ.1:21). യേശു മനുഷ്യരുടെ മധ്യേയുള്ള ദൈവികസാന്നിധ്യമാണ്‌. ദൈവം നമ്മോടുകൂടെ എന്ന്‌ അര്‍ത്ഥമുള്ള ``എമ്മാനുവേല്‍'' എന്ന്‌ അവന്‍ വിളിക്കപ്പെട്ടു (മത്താ. 1:23). കിഴക്കുനിന്നു വന്ന ജ്ഞാനികള്‍ അവനെ ദൈവമായി ആരാധിച്ചു (മത്താ. 2:11). യുഗാന്തംവരെ നമ്മോടൊത്തു വസിക്കുന്ന ദൈവമാണ്‌ യേശു എന്ന വിശ്വാസപ്രഖ്യാപനത്തോടെയാണ്‌ മത്തായി തന്റെ വിവരണം സമാപിക്കുന്നത്‌ (മത്താ. 28:20).
ലൂക്കായുടെ വിവരണങ്ങളും ഇതേ ശൈലി അവലംബിക്കുന്നു. പരിശുദ്ധാത്മാവിന്റെ പ്രത്യേക പ്രവര്‍ത്തനത്താല്‍ കന്യകയില്‍ നിന്നു ജനിച്ചവന്‍ അത്യുന്നതന്റെ പുത്രനായിരിക്കും (ലൂക്കാ 1:35). പരിശുദ്ധന്‍, (ലൂക്കാ 1:35), കര്‍ത്താവ്‌ (ലൂക്കാ 1:43; 1:76), രക്ഷകന്‍ (ലൂക്കാ 1:69; 2:11-31) മുതലായ, പഴയനിയമത്തില്‍ ദൈവത്തിനുമാത്രം ഉപയോഗിച്ചിരുന്ന വിശേഷങ്ങള്‍ യേശുവിന്‌ നല്‍കുന്നതിലൂടെ തന്റെയും ശിഷ്യസമൂഹം മുഴുവന്റെയും വിശ്വാസം ഏറ്റുപറയുകയാണ്‌ മൂന്നാം സുവിശേഷകന്‍ ചെയ്യുന്നത്‌.

യേശുവിന്റെ വ്യക്തിത്വം

എത്ര വിശേഷണങ്ങള്‍ നല്‍കിയാലും അതൊന്നും യേശുവിന്റെ വ്യക്തിത്വത്തെ പൂര്‍ണമായും ഉള്‍ക്കൊള്ളാനോ പ്രകാശിപ്പിക്കാനോ അപര്യാപ്‌തമാണ്‌. വി. യോഹന്നാന്‍ തന്റെ സുവിശേഷത്തില്‍ തികച്ചും പുതിയ പേരുകളും വിശേഷണങ്ങളും നല്‍കി ആ വ്യക്തിത്വത്തിന്റെ ആഴങ്ങള്‍ വെളിപ്പെടുത്താന്‍ ശ്രമിക്കുന്നു. ആദിയിലേ ദൈവത്തോടൊന്നിച്ചുണ്ടായിരുന്നവന്‍, ദൈവം തന്നെ ആയവന്‍, ദൈവത്തിന്റെ സ്വയം പ്രകാശനമായ വചനം, മാംസമായി മാറിയ വചനം (യോഹ.1:1-2.14) അന്ധകാരത്തിനു ഗ്രസിക്കാന്‍ കഴിയാത്ത പ്രകാശം (യോഹ.1:4), ദൈവത്തോടു ഗാഢബന്ധം പുലര്‍ത്തുന്ന ദൈവം തന്നെയായ ഏകജാതന്‍ (1:18) എന്നിങ്ങനെ സുവിശേഷത്തിന്റെ ആമുഖത്തില്‍ നല്‍കുന്ന വിശേഷണങ്ങളും സ്ഥാനപ്പേരുകളും ഉദാഹരണങ്ങളാണ്‌. ജീവന്റെ അപ്പം (യോഹ.6:35), ലോകത്തിന്റെ പ്രകാശം (8:12), ജീവനിലേക്കു തുറക്കുന്ന വാതില്‍ (10:9), നല്ല ഇടയന്‍ (10:14), വഴിയും സത്യവും ജീവനും (14:6) ജീവനും പുനരുത്ഥാനവും (11:25) എന്നിങ്ങനെ വ്യക്തിത്വത്തെ വെളിപ്പെടുത്തുന്ന പേരുകള്‍ നിരവധിയാണ്‌. ``ഞാനും പിതാവും ഒന്നാണ്‌'' (10:30) തുടങ്ങിയ പ്രസ്‌താവനകള്‍ ആ വ്യക്തിത്വത്തിന്റെ നിഗൂഢതലങ്ങളിലേക്കു വെളിച്ചം വീശുന്നു.
ദൈവികതയ്‌ക്ക്‌ ഊന്നല്‍ നല്‍കുമ്പോള്‍ മനുഷ്യത്വം മറക്കരുത്‌ എന്ന്‌ യേശുവിനു നിര്‍ബന്ധമുണ്ടായിരുന്നു. ശിഷ്യന്മാര്‍ അതു മനസിലാക്കുകയും ചെയ്‌തിരുന്നു. അതിനാലാണ്‌ യേശു സ്വയം വിശേഷിപ്പിക്കാന്‍ ``മനുഷ്യപുത്രന്‍'' എന്ന പേര്‌ സ്ഥിരമായി ഉപയോഗിച്ചിരുന്നത്‌. നാലു സുവിശേഷകന്മാരും ഇതു രേഖപ്പെടുത്തിയിട്ടുണ്ട്‌. യേശു മാത്രമേ ഈ പേര്‌ ഉപയോഗിക്കുന്നുള്ളൂ എന്നതും ശ്രദ്ധേയമത്രേ. അത്യുന്നതന്‍ താഴ്‌ന്നിറങ്ങി, അമര്‍ത്യന്‍ മര്‍ത്യനായി, ദൈവം മനുഷ്യനായി. ഒരേസമയം ദൈവവും മനുഷ്യനുമായവന്റെ വ്യക്തിത്വത്തെ ആര്‍ക്കു നിര്‍ണയിക്കാനാവും!

ശിഷ്യനായി മാറിയ പീഡകന്‍

ഇതേ അവബോധവും വിശ്വാസവുമാണ്‌ വി. പൗലോസ്‌ തന്റെ ലേഖനങ്ങളില്‍ ഉറക്കെ പ്രഖ്യാപിക്കുന്നത്‌. ഡമാസ്‌കസിലേക്കുള്ള വഴിയില്‍ വച്ചു കണ്ടുമുട്ടിയ നിമിഷം മുതല്‍ യേശു സാവൂളിന്റെ നാഥനായി; സാവൂള്‍ പൗലോസായി; പീഡകന്‍ ശിഷ്യനായി. വ്യക്തിബന്ധത്തിലൂടെയാണ്‌ പൗലോസ്‌ യേശുവിനെ അറിഞ്ഞത്‌. ഒരു വിളിയും മറുപടിയും ഉള്‍ക്കൊള്ളുന്നതായിരുന്നു ആ ബന്ധം- ഒരു ഗുരു ശിഷ്യബന്ധം. പൗലോസിന്റെ ജീവിതത്തെ സമൂലം തിരുത്തിക്കുറിച്ച ആ ബന്ധം യേശുവിനെ കൂടുതല്‍ അടുത്തും ആഴത്തിലും അറിയാന്‍ ഇട നല്‍കി. ``എനിക്കു ജീവിതം ക്രിസ്‌തുവും മരണം നേട്ടവുമാണ്‌'' (ഫിലി.1:21); ``ഇനിമേല്‍ ഞാനല്ല ജീവിക്കുന്നത്‌, ക്രിസ്‌തുവാണ്‌ എന്നില്‍ ജീവിക്കുന്നത്‌. എന്റെ ഇപ്പോഴത്തെ ഐഹികജീവിതം എന്നെ സ്‌നേഹിക്കുകയും എനിക്കുവേണ്ടി തന്നെത്തന്നെ ബലിയര്‍പ്പിക്കുകയും ചെയ്‌ത ദൈവപുത്രനില്‍ വിശ്വസിച്ചുകൊണ്ടുള്ള ജീവിതമാണ്‌'' (ഗലാ.2:20) തുടങ്ങിയ ആത്മപ്രകാശനങ്ങള്‍ ആ ആഴമേറിയ അറിവിന്റെ പ്രകടനങ്ങളാണ്‌.

യേശുവിന്റെ വ്യക്തിത്വത്തിന്റെ ഔന്നത്യത്തിലേക്കും അഗാധതലങ്ങളിലേക്കും കടക്കുമ്പോഴും (എഫേ.1:15-23; കൊളോ.1:15-20) ഈ വ്യക്തിബന്ധത്തിനും ഗാഢമായ സ്‌നേഹത്തിനും പൗലോസ്‌ ഊന്നല്‍ നല്‍കുന്നു. ആ സ്‌നേഹത്തില്‍നിന്ന്‌ ഒന്നിനും നമ്മെ വേര്‍പ്പെടുത്താനാവില്ല (റോമാ. 8:31-39); അതിന്റെ ആഴവും ഉയരവും വീതിയും നീളവും ഊഹാതീതമത്രെ (എഫേ.3:18). അവനുവേണ്ടിയാണ്‌ നാം ജീവിക്കുന്നത്‌, അവനിലേക്കാണ്‌ നാം മരിക്കുന്നത്‌ (റോമാ.14:8).
ജീവിതത്തിലുടനീളം കൈപിടിച്ചു നടത്തുകയും മരണത്തിനപ്പുറത്ത്‌ സ്വഭവനത്തിലേക്കു നമ്മെ സ്വീകരിക്കുകയും ചെയ്യുന്നവനാണ്‌ യേശു എന്ന്‌ ശിഷ്യസമൂഹം ഗ്രഹിച്ചു, വിശ്വസിച്ചു; (യോഹ.14:1-3; ലൂക്കാ 23:43; 2 കോറി.5:8-9). സ്വര്‍ഗാരോഹണത്തെക്കുറിച്ചു പ്രതിപാദിക്കുന്ന സുവിശേഷകന്മാര്‍ അവിടുത്തെ മഹത്വീകരണത്തിന്‌ ഊന്നല്‍ നല്‍കുമ്പോള്‍ അതു വിവരിക്കാത്ത മത്തായിയും യോഹന്നാനും എന്നും നമ്മുടെ മധ്യേയുള്ള യേശുവിന്റെ സാന്നിധ്യത്തെ എടുത്തുകാട്ടുന്നു. നമുക്കുവേണ്ടി മരിച്ച്‌ ഉയിര്‍ത്തവന്‍ എന്നും നമ്മോടൊന്നിച്ചു വസിക്കുന്നു എന്ന്‌ അവര്‍ ഏറ്റുപറയുകയാണ്‌.

യേശുവിന്റെ വ്യക്തിത്വത്തിന്റെ മഹത്വവും പ്രാഭവവും ഏറ്റം അധികം വ്യക്തമാക്കുന്ന ഗ്രന്ഥമാണ്‌ വെളിപാടു പുസ്‌തകം. ലോകരക്ഷയ്‌ക്കുവേണ്ടി സ്വയം യാഗമായിത്തീര്‍ന്നവന്‍ പാപത്തെയും മരണത്തെയും ജയിച്ച്‌ ഉയിര്‍ത്തെഴുന്നേറ്റു. കൊല്ലപ്പെട്ടതായി തോന്നുന്നതും ദൈവസിംഹാസനത്തിനു മുമ്പില്‍ നില്‍ക്കുന്നതുമായ കുഞ്ഞാട്‌ (വെളി.5:6) യേശുതന്നെയാണ്‌. പീഡിതയായ സഭയെ കൈകളില്‍ താങ്ങുകയും നിരന്തരം സഭാമധ്യേ വസിക്കുകയും ചെയ്യുന്ന മഹത്വീകൃതനായ മനുഷ്യപുത്രനാണ്‌ യേശു (വെളി.1:12-13). അവന്‍ രാജാവും പുരോഹിതനും അതേസമയം ദൈവവുമാണ്‌. പിതാവായ ദൈവത്തോടൊന്നിച്ച്‌ സിംഹാസനത്തില്‍ ഇരിക്കുകയും സകല സൃഷ്‌ടികളുടെയും ആരാധന സ്വീകരിക്കുകയും ചെയ്യുന്ന അവന്‍ (വെളി.5:11-14) ആദിയും അന്തവുമാണ്‌ (22:13). എല്ലാം അവനില്‍ തുടങ്ങുന്നു, എല്ലാം അവനില്‍ അടങ്ങുന്നു. രാജാക്കന്മാരുടെ രാജാവും നാഥന്മാരുടെ നാഥനും സര്‍വാധിപനും (വെളി.17:14; 19:16) ആയ അവനാണ്‌ ഈ ലോകത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്നത്‌, ചരിത്രത്തെ നയിക്കുന്നത്‌; തിന്മയെ ഉന്മൂലനം ചെയ്‌ത്‌ നന്മയെ പൂര്‍ണവിജയത്തിലെത്തിക്കുന്നത്‌.

പേരുകള്‍ക്കും വിശേഷണങ്ങള്‍ക്കും അതീതനാണ്‌ അവന്‍. ഒരു പേരും പൂര്‍ണമല്ല; ഒരു വിശേഷണവും പര്യാപ്‌തമല്ല. ഓരോ പേരും ഓരോ വിശേഷണവും ആ മഹാരഹസ്യത്തിന്റെ ഓരോ വശം വെളിപ്പെടുത്താന്‍ സഹായിക്കും എന്നു മാത്രം. ദൈവത്തിന്റെ നീതിയും കരുണയും സ്‌നേഹവും കരുതലും മൂര്‍ത്തരൂപം ധരിച്ചതാണ്‌ യേശു. നീതിക്കുവേണ്ടി ഗര്‍ജിക്കുന്ന പ്രവാചകനാണവന്‍; അധര്‍മ്മത്തില്‍ അടിയുറച്ച സിംഹാസനങ്ങളെയും സാമ്രാജ്യങ്ങളെയും തകിടം മറിക്കുന്ന വിപ്ലവകാരിയാണവന്‍. മനുഷ്യനെ അടിമയാക്കുന്ന സകല മാമൂലുകളെയും പിഴുതെറിയുന്ന നിഷേധിയുമാണ്‌ അവന്‍. മനുഷ്യമനസുകളില്‍ കുടിയിരിക്കുന്ന അജ്ഞതയുടെ അന്ധകാരമകറ്റുന്ന ജഗദ്‌ഗുരുവാണവന്‍; ലോകത്തിന്റെ പ്രകാശം. രോഗിക്കു സൗഖ്യം, പാപിക്കു മോചനം, ദുഃഖിതര്‍ക്ക്‌ ആശ്വാസം, അശരണര്‍ക്കു പ്രത്യാശ, പുറന്തള്ളപ്പെട്ടവര്‍ക്ക്‌ അഭയം, മരിച്ചവര്‍ക്ക്‌ ജീവന്‍. ആ ജീവന്‍ മരണത്തിനപ്പുറത്തേക്ക്‌, നിത്യതയിലേക്ക്‌ നീളുന്നു. സ്വയം എരിഞ്ഞ്‌ പ്രകാശമായവന്‍, സ്വയം മുറിഞ്ഞ്‌ ഭക്ഷണമായവന്‍, ലോകത്തിന്റെ മുഴുവന്‍ ദുഃഖവും പാപവും ഏറ്റുവാങ്ങി ബലിയായവന്‍; യേശു ജീവിക്കുന്നു. ഇന്നും എന്നും എന്നിലും നിന്നിലും സര്‍വോപരി എന്റെ സഹായം തേടിവരുന്ന സഹോദരനിലും; ദൈവമായി, ശക്തിയായി, സാന്ത്വനമായി, ആഹ്വാനമായി, വെല്ലുവിളിയായി, ദൗത്യമായി. വിളികേട്ട്‌ പിന്നാലെ പോകാന്‍ തയ്യാറാകുന്നവനേ അവനെ തിരിച്ചറിയാന്‍ കഴിയൂ. ശിഷ്യത്വത്തിലൂടെ മാത്രമേ യേശുവിനെ അറിയാനാകൂ!
``എന്നെ സ്‌നേഹിക്കുന്നവന്‍ എന്റെ വചനം പാലിക്കും- അപ്പോള്‍ എന്റെ പിതാവ്‌ അവനെ സ്‌നേഹിക്കുകയും ഞങ്ങള്‍ വന്ന്‌ അവനില്‍ വാസമുറപ്പിക്കുകയും ചെയ്യും'' (യോഹ.14:23).
(അവസാനിച്ചു)

Author: ഫാ. മൈക്കിള്‍ കാരിമറ്റം

No comments: