Wednesday, November 18, 2009

ദൈവത്തിന്റെ പുരോഹിതന്‍

പുരോഹിതനില്ലെങ്കില്‍ കുര്‍ബാനയില്ല; കുര്‍ബാന യില്ലെങ്കില്‍ സഭയില്ല. കുര്‍ബാനയുടെ ആദ്ധ്യാത്മികതയനുസരിച്ചു ദൈവജനത്തെ രൂപീകരിക്കാനും കുര്‍ബാനയര്‍പ്പണത്തിലൂടെ ദൈവജനത്തെ പവിത്രീകരിച്ചു നയിക്കാനുമുള്ള ശ്രേഷ്ഠമായ ധര്‍മമാണ് ക്രിസ്തീയ പുരോഹിതനില്‍ നിക്ഷിപ്തമായിരിക്കുത്. ക്രിസ്തുവിനെപ്പോലെ ദൈനംദിനജീവിതത്തില്‍ ദൈവജനത്തിനു വേണ്ടി ബലിയായിത്തീര്ന്ന‍ാലേ പുരോഹിതനു കുര്‍ബാനയില്‍ കേന്ദ്രീകൃതമായ ദൈവജനത്തെ രൂപപ്പെടുത്താനാവൂ. ഇതാണു പുരോഹിതന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

ക്രിസ്തീയ പൌരോഹിത്യത്തിന്റെ മഹത്ത്വവും ധര്‍മവും ധ്യാനവിഷയമാക്കുന്ന പുരോഹിതവര്‍ഷം സമസ്ത മാനവരാശിക്കും ബലിപരമായ സ്നേഹത്തിന്റെ മാധുര്യം പകര്‍ുകൊടുക്കുന്ന പവിത്രവത്സരമാണ്. പൌരോഹിത്യവും ബലിയും തമ്മിലുള്ള ബന്ധത്തിനു മാനവരാശിയോളം പഴക്കമുണ്ട്. ബലിയെപ്പറ്റി പരമ്പരാഗതമായി നിലവിലിരു കാഴ്ചപ്പാടുകള്‍ക്കു സമൂലം പരിവര്‍ത്തനം വരുത്തി, ബലിയുടെ കാതല്‍ ആത്മദാനപരമായ സ്നേഹമാണെന്നു വെളിപ്പെടുത്തിയതാണു ക്രിസ്തു, പൌരോഹിത്യചരിത്ര ത്തിനു നല്കിയ ഏറ്റവും വലിയ സംഭാവന. പുരോഹിതനെയും ബലിയെയും താദാത്മ്യപ്പെടുത്തിക്കൊണ്ടു പുരോഹിതന്‍ ആത്മാര്‍പ്പണപരമായ സ്നേഹത്തിന്റെ പാരമ്യമായി വിരാജിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു എന്നു ക്രിസ്തു മനുഷ്യകുലത്തെ പഠിപ്പിച്ചു. പുരോഹിതന്‍ ബലിവസ്തു വായിത്തീരുന്നിടത്തോളമെത്തുതാണു ക്രിസ്തുവിന്റെ പൌരോഹിത്യം. കാല്‍വരിയിലെ ആത്മയാഗത്തിലൂടെ ഈ സത്യം അവിടുന്നു പ്രായോഗികമാക്കി. അങ്ങനെ ബലിക്കും പൌരോഹിത്യത്തിനും നൂതനമായ അര്‍ത്ഥം നല്കിയ ക്രിസ്തുവിന്റെ പൌരോഹിത്യത്തിലുള്ള പങ്കുചേരലും അതിന്റെ തുടര്‍ച്ചയുമാണു തിരുസ്സഭയില്‍ നിലവിലിരിക്കുന്ന പൊതു പൌരോഹിത്യവും ശുശ്രൂഷാപൌരോഹിത്യവും. തിരുസ്സഭ ഒരു പുരോഹിതജനമാണ്. ഈ പുരോഹിതജനത്തിനു ശുശ്രൂഷ ചെയ്യാന്‍ നിയോഗിക്കപ്പെടുന്ന ക്രിസ്തുവിന്റെ ശുശ്രൂഷകരും (റോമ. 15:16) വിശ്വസ്തതയുടെയും കരുണയുടെയും കാര്യസ്ഥരുമാണ് (ഹെബ്രാ. 2:17; 1 കോറി. 4:1) ഇടയസ്ഥാനം വഹിക്കുന്ന ശുശ്രൂഷാപുരോഹിതര്‍. ഹെബ്രായര്‍ക്കുള്ള ലേഖനത്തിലാണു ക്രിസ്തീയപൌരോഹിത്യത്തിന്റെ ഈ പുതുമ സവിസ്തരം ചര്‍ച്ച ചെയ്യപ്പെടുത്. ഹെബ്രായര്‍ക്കുള്ള ലേഖനത്തെ അടിസ്ഥാനമാക്കി സഭയിലെ ശുശ്രൂഷാപൌരോഹിത്യത്തിന്റെ അര്‍ത്ഥമാനങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഈ ലേഖനത്തില്‍ ശ്രമിക്കുന്നത്.


ഹെബ്രായലേഖനത്തിന്റെ സവിശേഷതകള്‍

ഹെബ്രായലേഖനം വായിച്ചു പോകുവാന്‍ അത്ര എളുപ്പമുള്ള കൃതിയല്ല. ഈ ഗ്രന്ഥത്തിന്റെ സാഹിത്യ രൂപം നിര്‍ണയിക്കുകയാണ് ഏറ്റവും ദുഷ്കരം. ഇതു ലേഖനമാണോ പ്രസംഗമാണോ താര്‍ക്കികപ്രബന്ധ മാണോ വിവിധ സാഹിത്യ രൂപങ്ങള്‍ ചേര്‍ സമ്മിശ്ര രചനയാണോ എതിനെ പ്പറ്റി ബൈബിള്‍ വ്യാഖ്യാതാ ക്കളുടെയിടയില്‍ വ്യത്യ സ്ത അഭിപ്രായങ്ങളുണ്ട്. ദൈവശാസ്ത്രപ്രമേയവും അജപാലനോപദേശങ്ങളും മാറിമാറി ഇടകലര്‍ത്തി രചി ക്കപ്പെട്ടിരിക്കു അപൂര്‍വ കൃതികളില്‍ ഓണിത്. ഗ്രന്ഥകര്‍ത്താവ് ദൈവജന ത്തിന്റെ സുഖദുഃഖങ്ങളില്‍ പങ്കുചേരു നല്ല ഇടയനാ ണ്. തന്റെ ശുശ്രൂഷയ്ക്കു ഭര മേല്പിക്കപ്പെട്ടിരിക്കു ദൈവജനത്തെ സ്നേഹത്തോടെ ഉപദേശിക്കാനും ശാസിക്കാനും അപഭ്രംശങ്ങളില്‍നിന്നു രക്ഷിക്കാനും അത്യധികം ശ്രദ്ധിക്കുന്ന ഒരു ഉത്തമപുരോഹിതനെത്തയൊണ് ഈ ലേഖനത്തില്‍ നാം കണ്ടുമുട്ടുന്നത്. ദൈവികജ്ഞാനത്തോടെ ക്രിസ്തീയതയുടെ ശ്രേഷ്ഠപാഠങ്ങള്‍ തന്റെ ജനത്തെ പഠിപ്പിക്കുകയാണദ്ദേഹം. പീഡനങ്ങളിലൂടെ കടന്നുപോകുന്ന തന്റെ ജനത്തിനു സമാശ്വാസം നല്കുവാന്‍ അദ്ദേഹം ശ്രദ്ധിക്കുന്നു. ഒട്ടേറെ രചനാസങ്കേതങ്ങള്‍ അദ്ദേഹം കൃതിയില്‍ ഉപയോഗിക്കുന്നുണ്ട്. പഴയനിയമഗ്രന്ഥങ്ങളിലെ ദൈവശാസ്ത്രാഭിമുഖ്യങ്ങളെപ്പറ്റി ആഴമായ അവഗാഹം അദ്ദേഹത്തിനുണ്ട്. പഴയനിയമപാഠങ്ങളെല്ലാം ക്രിസ്തുവില്‍ പൂര്‍ത്തിയായി എതാണ് അദ്ദേഹത്തിന്റെ മുഖ്യപ്രമേയം. ഗ്രന്ഥകര്ത്താവു വലിയൊരു പണ്ഡിതനും ദൈവശാസ്ത്രജ്ഞനുമാണെതില്‍ തര്‍ക്കമില്ല.

വി. പൌലോസ് ശ്ളീഹയാണ് ഈ ലേഖനത്തിന്റെ കര്‍ത്താവ് എന്ന അഭിപ്രായം ഇന്നാരും സ്വീകരിക്കുന്നില്ല. ആദി മസഭയിലെ അപ്പസ്തോലികപാരമ്പര്യത്തില്‍ന്ന്നു ഉളവായ ഈ കൃതി അപ്പസ്തോലമാരുടെ ശിഷ്യരില്‍ ആരെങ്കിലുമോ ആദിമസഭയിലെ ഏതെങ്കിലും സുവിശേഷപ്രസം ഗകനോ അജപാലകനോ രചിച്ചതായിരിക്കാനാണു സാദ്ധ്യത എന്നു മിക്ക പണ്ഡിതനമാരും ഇന്ന് അംഗീകരിക്കുന്നു. യേശുക്രിസ്തു മഹത്ത്വപൂര്‍ണനായ പുത്രനും നിത്യനായ ശ്രേഷ്ഠപുരോഹിതനുമാണെതാണ് ഈ കൃതിയിലെ മുഖ്യപ്രമേയം. ഏഴു മുതല്‍ പത്തുവരെയുള്ള അദ്ധ്യായങ്ങളിലാണു പൌരോഹിത്യസംബന്ധിയായ പാഠങ്ങള്‍ പ്രധാനമായും പ്രതിപാദിക്കുത്.


മെല്‍ക്കിസദേക്കിന്റെ ക്രമമനുസരിച്ചുള്ള പൌരോഹിത്യവും

ഹെബ്രായലേഖനം ഏഴാമത്തെ അദ്ധ്യായം ഒരു മിദ്രാഷ് ആണ്. ബൈബിള്‍ പാഠങ്ങളെ അടിസ്ഥാനമാക്കി യഹൂദ റബ്ബിമാര്‍ നല്കുന്ന പ്രബോധനപരമായ വ്യാഖ്യാനമാണു മിദ്രാഷ്. ദാരാഷ് എന്ന ഹീബ്രു ക്രിയാപദത്തില്‍നിന്നാണു മിദ്രാഷ് എന്ന പദം ഉത്ഭവിക്കുന്നത്. ദാരാഷ് എന്ന പദത്തിന്റെ അര്‍ത്ഥം അന്വേഷിക്കുക, ചൂഴ്ന്നിറങ്ങി അനു ധ്യാനം ചെയ്തു കണ്ടത്തുക എന്നോക്കെയാണ്. പഴയ നിയമവാക്യങ്ങള്‍ക്കു സമകാലികമായ വ്യാഖ്യാനം നല്കാനുള്ള റബ്ബിമാരുടെ ശ്രമങ്ങളുടെ ക്രോഡീകരണമാണു മിദ്രാഷ്. ഹെബ്രായലേഖകന്‍ മെല്‍ക്കിസദേക്കിന്റെ ക്രമപ്രകാരം നീ എന്നേയ്ക്കും പുരോഹിതനാണ് എന്ന സങ്കീര്‍ത്തനവാക്യമാണു (സങ്കീ. 110:4) മിദ്രാഷ് എന്ന സങ്കേതമനുസരിച്ചു വ്യാഖ്യാനം ചെയ്യുന്നത്. ആരാണു മെല്‍ക്കിസദേക്ക്? ഉത്പത്തിപ്പുസ്തകം 14:17-20-ല്‍ ഈ കഥാ പാത്രം പ്രത്യക്ഷപ്പെടുന്നു. അബ്രാഹമിനെ അനുഗ്രഹിക്കാനെത്തു സാലെം രാജാവും അത്യുത ദൈവത്തിന്റെ പുരോഹിതനുമാണു മെല്‍ക്കിസദേക്ക്. സാലേം എന്ന പദത്തിനു സമാധാനം എന്നാണര്‍ത്ഥം. സെദക്ക് എന്ന പദത്തിനു ധാര്‍മ്മികത എന്നും. സമാധാനത്തിന്റെയും ധാര്‍മ്മികതയുടെയും രാജാവാണു (മല്‍ക്ക = രാജാവ്) മെല്‍ക്കിസദേക്ക്. ക്രിസ്തുവിന്റെ പഴയനിയമത്തിലെ പ്രതി രൂപമാണു മെല്‍ക്കിസദേക്ക്. മെല്‍ക്കിസദേക്ക് അബ്രാഹാമില്‍നിന്നു ദശാംശം സ്വീകരിച്ചു. മെല്‍ക്കിസദേക്ക് അബ്രാഹമിനെ അനുഗ്രഹിച്ചു. ഹെബ്രായലേഖകന്റെ ചിന്താധാരയനുസരിച്ചു അബ്രാഹമിന്റെ വംശപരമ്പരയില്‍പ്പെട്ട ലേവിയും ലേവിയുടെ വംശ പരമ്പരയില്‍പ്പെട്ട ലേവായപുരോഹിതരും അബ്രാഹത്തിലൂടെ മെല്‍ക്കിസദേക്കിനു ദശാംശം കൊടുക്കുകയായിരുന്നു. ദശാംശം സ്വീകരിക്കുവനാണു ദശാംശം കൊടുക്കുവനേക്കാള്‍ ശ്രേഷ്ഠന്‍. അനുഗ്രഹദാതാവാണു അനുഗ്രഹ സ്വീകര്‍ത്താവിനേക്കാള്‍ ശ്രേഷ്ഠന്‍. ഇക്കാരണത്താല്‍ മെല്‍ക്കിസദേക്കു ലേവായ പുരോഹിതന്മാരേ ക്കാള്‍ ശ്രേഷ്ഠനാന്നു ഹെബ്രായലേഖനകര്‍ത്താവു സ്ഥാപിക്കുന്നു. മെല്‍ക്കിസദേക്കിന്റെ ക്രമമനുസരിച്ചുള്ള പുതിയ പൌരോഹിത്യവും ലേവായ പൌരോഹിത്യത്തേക്കാള്‍ ശ്രേഷ്ഠമാനിന്നു വ്യക്തം. മെല്‍ക്കിസദേക്കിന്റെ പൂര്‍വചരിത്രമോ വംശാവലിയോ ഉത്പത്തിപ്പുസ്തകത്തില്‍ പരാമര്‍ശിക്കുന്നില്ല. നിയമഗ്രന്ഥത്തില്‍ പ്രതിപാദിക്കാത്തതോന്നും നിലനില്ക്കുന്നില്ല എന്ന റബ്ബികളുടെ വ്യാഖ്യാനതത്ത്വമനുസരിച്ചു മെല്‍ക്കിസദേക്കിന് ആരംഭമോ അവസാനമോ ഇല്ല. നിത്യനായ പുരോഹിതന്റെ പ്രതിരൂപമാണു മെല്‍ക്കിസദേക്ക്.

ലേവായപൌരോഹിത്യം അപര്യാപ്തമായതിനാലാണു പുതിയൊരു പൌരോഹിത്യം ആവശ്യമായി വന്നത്. പാപങ്ങള്‍ സമ്പൂര്‍ണ്ണമായി നീക്കിക്കളയാനോ, മനുഷ്യനെ ദൈവവുമായി പൂര്‍ണമായി രമ്യപ്പെടുത്താനോ ലേവായ പൌരോഹിത്യത്തിനു സാധിച്ചില്ല. ലേവായ പുരോഹിതന്മാരുടെ ബലി അപൂര്‍ണമായിരുന്നു. അവര്‍ സമര്‍പ്പിച്ചിരുന്ന മൃഗബലികള്‍ക്കു മനുഷ്യരുടെ പാപങ്ങള്‍ ഉനമൂലനം ചെയ്യുവാനുള്ള ശക്തിയുണ്ടായിരുന്നില്ല. തന്‍നിമിത്തം ഈ ബലികള്‍ അവര്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അവരുടെ പൌരോഹിത്യം നിത്യം നിലനി ല്ക്കുതായിരുന്നില്ല. പുരോഹിതന്റെ മരണത്തോടെ പൌരോഹിത്യവും അവസാനിക്കും. തന്‍നിമിത്തം വംശപരമ്പരയിലേക്കു പൌരോഹിത്യം കൈമാറിക്കൊടുക്കുവാന്‍ ലേവായ പുരോ ഹിതന്‍ നിര്‍ബന്ധിതനായിത്തീര്‍ു.

ലേവായപൌരോഹിത്യത്തിന്റെ അപര്യാപ്തതയ്ക്കു പരിഹാരമൊണമാണു പുതിയൊരു പൌരോഹിത്യം ശപഥത്തിലൂടെ ദൈവം വാഗ്ദാനം ചെയ്തത്. സങ്കീര്‍ത്തനം 110:4-ല്‍ ഈ വാഗ്ദാനമാണു നാം കാണുന്നത്. ഈ വാഗ്ദാനത്തിലൂടെ ലേവീഗോത്രത്തില്‍പ്പെട്ടവര്‍ക്കു മാത്രമേ പുരോഹിതരാകാന്‍ പാടുള്ളൂ എന്ന പഴയ ഉടമ്പടിയിലെ നിയമം ദൈവം റദ്ദാക്കി. യൂദാ ഗോത്രത്തില്‍നിന്നു ജനിച്ച യേശുക്രിസ്തുവിലാണു മെല്‍ക്കിസദേക്കിന്റെ ക്രമ പ്രകാരമുള്ള പുതിയ പൌരോഹിത്യത്തെപ്പറ്റിയുള്ള വാഗ്ദാനം നിറവേറ്റിയത്. മെല്‍ക്കിസദേക്കിന്റേതുപോലെ നിത്യം നിലനില്ക്കുതാണു ക്രിസ്തുവിന്റെ പൌരോഹിത്യം. മരണത്തെ ജയിച്ച് ഉയിര്‍ത്തെഴുറ്റേ ക്രിസ്തു എന്നും നിലനില്ക്കുന്നു. അവിടുത്തെ പൌരോഹിത്യത്തിന് അവസാനമില്ല. അതു ശാശ്വതമാണ്. തനിക്കു മരണമില്ലാത്തതിനാല്‍ തന്റെ പൌരോഹിത്യം സന്തതിപരമ്പരയിലേക്കു കൈമാറേണ്ടതുമില്ല. തന്റെ ഏകബലിയര്‍പ്പണത്തിലൂടെ മനുഷ്യകുലത്തിന്റെ പാപങ്ങള്‍ എന്നെയ്ക്കുമായി അവിടുന്നു നിര്‍മാര്‍ജ്ജനം ചെയ്തു. പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് എഴുള്ളിയിരുന്നുകൊണ്ടു പുരോഹിതശുശ്രൂഷ തുടരുന്ന യേശുവിലൂടെ ആത്മധൈര്യത്തോടെ ദൈവസിംഹാസനത്തെ സമീപിക്കാന്‍ മനുഷ്യര്‍ക്കു സാധിക്കും.

മെല്‍ക്കിസദേക്ക് ക്രിസ്തുവിനെ ചൂണ്ടിക്കാട്ടുന്ന ഒരു പ്രതിരൂപം മാത്രമാണ്. ഒരു കാര്യത്തില്‍ മാത്രമേ ക്രിസ്തുവും മെല്‍ക്കിസദേക്കും തമ്മില്‍ സാധര്‍മ്യമുള്ളൂ. മെല്‍ക്കിസദേക്കിന് ആരംഭമോ അവസാനമോ ഇല്ലാത്തതുപോലെ, ക്രിസ്തുവും ആദ്യന്തവിഹീനനാണ്; അവിടുത്തെ പൌരോ ഹിത്യം സനാതനമാണ്. അതിനപ്പുറത്തു ക്രിസ്തുവിന്റെ പൌരോഹിത്യവും മെല്‍ക്കിസദേക്കിന്റെ പൌരോഹിത്യവും തമ്മില്‍ സാധര്‍മ്യമില്ല. പൌരോഹിത്യ ധര്‍മാനുഷ്ഠാനത്തില്‍ ദൈവപുത്രനായ ക്രിസ്തു മെല്‍ക്കിസദേക്കിനേക്കാളും ലേവായ പുരോഹിതന്മാരേക്കാളും വ്യത്യസ്തനും ഉതനുമാണ്. കാരണം തന്നെത്തന്നെ ബലിയര്‍പ്പിച്ചുകൊണ്ടു ബലിയര്‍പ്പകനെയും ബലിവസ്തുവിനെയും താദാത്മ്യപ്പെടുത്താന്‍ ചരിത്രത്തില്‍ മറ്റൊരു പുരോഹിതനും കഴിഞ്ഞിട്ടില്ല.


ക്രിസ്തുവിന്റെ പൌരോഹിത്യവും സഭയിലെ പൌരോഹിത്യശുശ്രൂഷയും

പുരോഹിതന്‍ ബലിയര്‍പ്പിച്ചേ മതിയാവൂ. ക്രിസ്തു എന്ന പുരോഹിതന്‍ അര്‍പ്പിച്ച ബലിവസ്തു തന്റെത വ്യക്തിത്വമാണ്. ബലിയര്‍പ്പകനും ബലിവസ്തുവും ഓന്നായിത്തീര്‍ന്ന അത്യസാധാരണമായ സംഭവമാണു ക്രിസ്തുവിന്റെ പൌരോഹിത്യജീവിതത്തില്‍ നാം കാണുന്നത്. കാല്‍വരി യാഗം യേശുവിന്റെ പൌരോഹിത്യത്തിന്റെ പ്രകാശനമായ ഏക ബലിസമര്‍പ്പണമായിരുന്നു. എന്നേയ്ക്കുമുള്ള ഏക ബലിയാല്‍ അവിടുന്നു മനുഷ്യരക്ഷ സാധിച്ചുവന്നു ഹെബ്രായലേഖനകര്‍ത്താവു പല പ്രാവശ്യം ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നുണ്ട്. ആ ബലിയാകട്ടെ തന്നെത്തന്നെ ഒരിക്കല്‍ കാല്‍വരിയിലെ മരക്കുരിശില്‍ ഹോമബലിയായി സ മര്‍പ്പിച്ച ചരിത്രസംഭവമാണ്. ഈ ഒറ്റ ബലിയിലൂടെ മനുഷ്യരക്ഷ സാധിച്ചതിനാല്‍ ലേവായപുരോഹിതന്മാരെപ്പോലെ ഇനിയും ആവര്‍ത്തിച്ചു ബലിയര്‍പ്പിക്കേണ്ട കാര്യമില്ല.

യേശുവിന്റെ ബലി നിത്യബലിയാണ്; ഏക ബലിയാണ്; ആവര്‍ത്തിക്കാനാവാത്ത പൂര്‍ണബലിയാണ്. ഈ ബലിയുടെ പുനരവതരണവും പുനരാവിഷ്കാരവുമാണു വി. കുര്‍ബാന. ക്രിസ്തുവിന്റെ കുരിശിലെ യാഗത്തിന്റെ ആവര്‍ത്തനമല്ല, മറിച്ചു കൌദാശികപ്രതീകങ്ങളിലൂടെയുള്ള പുനരവതരണവും അനുസ്മരണവും അനുഷ്ഠാനവും ആഘോഷവുമാണത്. ഇതു നിങ്ങള്‍ എന്റെ ഓര്‍മയ്ക്കായി ചെയ്യുവിന്‍ എന്ന കര്‍ത്താവിന്റെ കല്പനയനുസരിച്ച് അവിടുത്തെ പെസഹാരഹസ്യങ്ങളായ പീഡാനുഭവവും മരണവും ഉത്ഥാനവും അള്‍ത്താരയില്‍ പുനരവതരിപ്പിക്കുകയും അതില്‍ വിശ്വാസികള്‍ പങ്കുചേരുകയുമാണു വി. കുര്‍ബാനയര്‍പ്പണത്തില്‍ സംഭവിക്കുന്നത്. അക്കാരണത്താല്‍ വി. കുര്‍ബാന യഥാര്‍ത്ഥ ബലിയാണ്. ഇത് അര്‍പ്പിക്കുതിനു നേതൃത്വം നല്കുക എന്നതാണു സഭയിലെ അഭിഷിക്തരായ പുരോഹിതരുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വം. പുരോഹിതനില്ലെങ്കില്‍ കുര്‍ബാനയില്ല; കുര്‍ബാനയില്ലെങ്കില്‍ സഭയില്ല. കുര്‍ബാനയുടെ ആദ്ധ്യാത്മികതയനുസരിച്ചു ദൈവജനത്തെ രൂപീകരിക്കാനും കുര്‍ബാനയര്‍പ്പണത്തിലൂടെ ദൈവജനത്തെ പവിത്രീകരിച്ചു ന യിക്കാനുമുള്ള ശ്രേഷ്ഠമായ ധര്‍മമാണ് ക്രിസ്തീയപുരോഹിതനില്‍ നിക്ഷിപ്തമായിരിക്കുന്നത്. ക്രിസ്തുവിനെപ്പോലെ ദൈനംദിന ജീവിതത്തില്‍ ദൈവജനത്തിനു വേണ്ടി ബലിയായിത്തീര്ന്ന‍ാലേ പുരോഹിതനു കുര്‍ബാനയില്‍ കേന്ദ്രീകൃതമായ ദൈവജനത്തെ രൂപപ്പെടുത്താനാവൂ. ഇതാണു പുരോഹിതന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

മഹാപുരോഹിതനായ ക്രിസ്തു സഹനത്തിലൂടെയാണു പരിപൂര്‍ണനായിത്തീര്ന്ന‍ത് എന്നു ഹെബ്രായ ലേഖനകര്‍ത്താവു സമര്‍ത്ഥിക്കുന്നു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ ക്രിസ്തു സഹനംവഴി പരിപൂര്‍ണനാക്കപ്പെട്ട രക്ഷകനാണ് (ഹെബ്രാ. 2:10; 5:8-9). നിയമത്തിനുശേഷം വന്ന ശപഥത്തിന്റെ വചനം പരിപൂര്‍ണനാക്കപ്പെട്ട പുത്രനെ പുരോഹിതനായി നിയമിച്ചിരിക്കുന്നു (ഹെബ്രാ. 7:28). തന്റെ ഏക ബലിസമര്‍പ്പണം വഴി മനുഷ്യരെ പരിപൂര്‍ണരാക്കാന്‍ അവിടുത്തേയ്ക്കു കഴിയും (ഹെബ്രാ. 10:14). പരിപൂര്‍ണനാക്ക പ്പെട്ടതുവഴി തന്ന അനുസരിക്കുവര്‍ക്കെല്ലാം അവന്‍ നിത്യരക്ഷയുടെ ഉറവിടമായി (ഹെബ്രാ. 5:9).

പരിപൂര്‍ണത എന്ന പദത്തിനു ലേഖനകര്‍ത്താവു വളരെയേറെ പ്രാധാന്യം കൊടുക്കുന്നു. തെലെയ്ഊന്‍ എതാണ് ലേഖകന്‍ ഉപോയോഗിക്കുന്ന ഗ്രീക്ക് ക്രിയാപദം. പൂര്‍ണനാകുക എര്‍ത്ഥം. ക്രിസ്തുവിന് എന്തെങ്കിലും കുറവുള്ളതുകൊണ്ടല്ല, അവിടുന്നു പൂര്‍ണനാക്കപ്പെട്ടത്. ഒരു ധര്‍മം നിറവേറ്റാന്‍ യോജിച്ച വിധത്തില്‍ ഒരാളെ പര്യാപ്തനാക്കുക എന്നാണിതിന്റെ അര്‍ത്ഥം. മനുഷ്യരക്ഷ നിറവേറ്റാന്‍ തക്കവിധം യേശു അനുയോജ്യമായ ഉപകരണമായിത്തീര്‍ന്നു. മനുഷ്യസ്വഭാവം സ്വീകരിക്കുകയും മനുഷ്യദുഃഖങ്ങളില്‍ സമ്പൂര്‍ണമായി ഭാഗഭാക്കാകുകയും ചെയ്തപ്പോഴാണു യേശു മനുഷ്യരക്ഷ നിറവേറ്റാന്‍ പര്യാപ്തനായ ഉപകരണമായിത്തീര്ന്ന‍ത്. മനുഷ്യന്റെ സഹനങ്ങളില്‍ ആഴമായി പങ്കുപറ്റിയതിലൂടെ സഹിക്കുന്ന മനുഷ്യരെ സാന്ത്വനപ്പെടുത്താന്‍ യേശുവിനു കഴിയും. മനുഷ്യദുഃഖങ്ങളുമായി താദാത്മ്യപ്പെട്ടതാണു യേശുവിന്റെ പൌരോഹിത്യത്തിന്റെ അനന്യത. അവന്‍ പീഡ സഹിക്കുകയും പരീക്ഷിക്കപ്പെടുകയും ചെയ്തതുകൊണ്ടു പരീക്ഷിക്കപ്പെട്ടവരെ സഹായിക്കാന്‍ അവനു കഴിയും (ഹെബ്രാ. 2:18). നമ്മുടെ ബലഹീനതകളില്‍ നമ്മോടൊത്തു സഹതപിക്കാന്‍ കഴിയാത്ത ഒരു പുരോഹിതനല്ല നമുക്കുള്ളത്. പിന്നെയോ, ഒരിക്കലും പാപം ചെയ്തിട്ടില്ലെങ്കിലും എല്ലാ ക്കാര്യങ്ങളിലും നമ്മെപ്പോലെ പരീക്ഷിക്കപ്പെട്ടവനാണ് അവന്‍ (ഹെബ്രാ. 4:15-16). അതിനാല്‍ അവനില്‍നിന്നു കരുണയും കൃപാവരവും നമുക്കു ലഭിക്കും.

കാരുണ്യത്തിന്റെ മൂര്‍ത്തീഭാവമായ യേശുവിന്റെ പൌരോഹിത്യത്തെയാണു ഗ്രന്ഥകാരന്‍ ഇവിടെ പ്രശംസിക്കു ത്. സഹിക്കു മനുഷ്യന്റെ സഹനത്തില്‍ പങ്കുചേരുന്നതാണു കാരുണ്യം. ക്രിസ്തുവിന്റെ ജീവിതത്തിലാണു കാരുണ്യം പരിപൂര്‍ണതയില്‍ പ്രകാശിതമായത്. ക്രിസ്തുവിന്റെ കരുണാര്‍ദ്രമായ മുഖം സമൂഹത്തില്‍ പ്രതിഫലിപ്പിക്കുക എതാണു ശുശ്രൂഷാപുരോഹിതന്റെ സര്‍വപ്രധാനമായ ധര്‍മം. ദരിദ്രരും രോഗികളും പീഡിതരും ചൂഷിതരുമായ പാവപ്പെട്ടവര്‍ക്കുവേണ്ടി ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്താലേ കരുണയുടെ പ്രതിബിംബമാകാന്‍ പുരോഹിതനു കഴിയൂ. മുറിപ്പെട്ട ആധുനികലോകത്തില്‍ കരുണയുടെ ഔഷധമായി ശുശ്രൂഷ ചെയ്യാനുള്ള സമര്‍പ്പണമാണു പുരോഹിതനില്‍നിന്നു ക്രിസ്തു പ്രതീക്ഷിക്കുന്നത്.

യേശു വിശ്വസ്തനായ പുരോഹിതനാണ്. ദൈവഹിതം പൂര്‍ണമായി നിറവേറ്റിയതിലൂടെയാണ് അവിടുന്നു വിശ്വസ്തനായ പുരോഹിതനായിത്തീര്‍ന്നത്. കുരിശുമരണത്തോളം അനുസരണമുള്ളവനായി ജീവിച്ച പുത്രന്‍ പിതാവിന്റെ ഹിതം സമ്പൂര്‍ണമായി നിറവേറ്റി. തന്റെ ശരീരം എന്നെയ്ക്കുമായി ഒരിക്കല്‍ സമര്‍പ്പിച്ചതിലൂടെ (ഹെബ്രാ. 10:10) ക്രിസ്തു പിതാവിന്റെ ഹിതത്തിനു സമ്പൂര്‍ണ സാക്ഷ്യം വഹിച്ചു. യേശുവിന്റെ ദര്‍ശനത്തില്‍ ദൈവഹിതത്തിനുള്ള സമ്പൂര്‍ണവിധേയത്വമാണു ബലി. സഹനത്തിലൂടെ അനുസരണം അഭ്യസിച്ച (ഹെബ്രാ. 5:8) ഈ പുത്രനാണു സഭയിലെ പുരോഹിതര്‍ക്കു മാതൃക. വിശ്വസ്തനായ ക്രിസ്തു വും വിശ്വസ്തരായ പുരോഹിതരും എന്ന ആപ്തവാക്യത്തിന്റെ പൊരുള്‍ ഇവിടെ വ്യക്തമാകുകയാണ്. ജീവിതത്തിന്റെ സകല സാഹചര്യങ്ങളിലും ദൈവഹിതത്തിനു വിധേയപ്പെട്ടു ജീവിക്കുക എളുപ്പമല്ല. പരാജയപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്യുമ്പോള്‍ ദൈവഹിതത്തിന് ആമേന്‍ പറയാന്‍ സാധിക്കുമോ? മേലധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ കയ്പേറിയതാണെങ്കിലും അവ സ്വീകരിച്ചുകൊണ്ടു ദൈവഹിതം സാക്ഷാത്കരിക്കാന്‍ കഴിയുമോ? എല്ലാ സാഹചര്യങ്ങളിലും ക്രിസ്തുവിനോടും സഭയോടും വിശ്വസ്തത പുലര്‍ത്തി ദൈവഹിതത്തിന്റെ ഉപാസകരാകാന്‍ സാധിക്കുമോ? ദൈനംദിനജീവിതത്തില്‍ വെളിപ്പെടു ദൈവഹിതത്തിനു വിധേയപ്പെട്ട് അനുസരണം പാലിക്കുക യഥാര്‍ത്ഥത്തില്‍ ബലിയര്‍പ്പണം തന്നെയാണ്

മഹാപുരോഹിതനായ യേശു പാപരഹിതമായ ജീവി തത്തിലൂടെയാണു പൌരോഹിത്യധര്‍മം നിറവേറ്റിയത്. പരിശുദ്ധനും ദോഷരഹിതനും നിഷ്കളങ്കനും പാപികളില്‍നിന്നു വേര്‍തിരിക്കപ്പെട്ടവനുമായ (ഹെബ്രാ. 7:26) പുരോഹിതനാണ് അവിട്ന്നു. ഒരിക്കലും പാപം ചെയ്തിട്ടില്ലാത്ത (ഹെബ്രാ. 4:15) മഹാപുരോഹിതനാണ് അവിട്ന്നു. പുതിയനിയമ പൌരോഹിത്യത്തിന്റെ പ്രധാന സവിശേഷതയാണ് ഈ പാപരാഹിത്യം. ക്രിസ്തുവിന്റെ ഏകപൌരോഹിത്യത്തില്‍ പങ്കുചേരുന്ന സഭയിലെ ശുശ്രൂഷാപുരോഹിതന്‍ വിശുദ്ധിയുടെ നിതാന്തസാക്ഷ്യമായി ജീവിച്ചേ മതിയാവൂ. വിശുദ്ധരഹസ്യങ്ങള്‍ അനുദിനം കൈകാര്യം ചെയ്യുന്ന പുരോഹിതന്റെ വിശുദ്ധിയാണ് ഏറ്റവും വലിയ സുവിശേഷപ്രഘോഷണം.

പിതാവായ ദൈവം ചെയ്ത ശപഥത്തിലൂടെയാണു ക്രിസ്തു പുരോഹിതനായി ഉയര്‍ത്തപ്പെട്ടത്; ലേവായ പുരോഹിതരെപ്പോലെ വംശപാരമ്പര്യമനുസരിച്ചുള്ള ജഡികജനനത്താലല്ല. ഇക്കാരണത്താല്‍ ക്രിസ്തീയപൌരോഹിത്യത്തെ ആത്മീയപൌരോഹിത്യമെന്നു വിളിക്കാം. ലേവായ പൌരോഹിത്യമാകട്ടെ ജഡികപൌരോഹിത്യവും. ക്രിസ്തീയദര്‍ശനത്തില്‍ പൌരോഹിത്യം ഒരു ഉദ്യോഗമല്ല, ഒരു വിളിയാണ്. ദൈവത്തിന്റെ പ്രത്യേക വിളി കിട്ടുന്നവര്‍ക്കേ പുരോഹിതനാകാനാവൂ. ഈ വിളിയാകട്ടെ ജഡികമായി ജീവിക്കാതെ ആത്മീയനായി ജീവിക്കാനുള്ള ഉത്തരവാദിത്വമാണു പുരോഹിതരെ നിരന്തരം ഓര്‍മപ്പെടുത്തുത്.


യേശുവിന്റെ പൌരോഹിത്യം നിത്യമാണ് എന്നു പ്രഖ്യാപിക്കുതാണു ഹെബ്രായലേഖനത്തിന്റെ പ്രധാന സന്ദേശം. ശാരീരികമായ ജനനക്രമമനുസരിച്ചല്ല, അക്ഷയമായ ജീവന്റെ ശക്തിയിലൂടെയാണു യേശു പുരോഹിതനായത് (ഹെബ്രാ. 7:16). അതിനാല്‍ ഈ പൌരോഹിത്യം ഒരിക്കലും ക്ഷയിക്കുകയോ നശിക്കുകയോ ഇല്ല. അതു ശാശ്വതമായി നിലകൊള്ളും. വിശ്വാസികളെ എപ്പോഴും രക്ഷിക്കാന്‍ ക്രിസ്തുവിനു സാധിക്കുന്നത് അവിടുന്നു നിത്യപുരോഹിത നായതുകൊണ്ടാണ്. അവിടുത്തേയ്ക്കു പിന്‍ഗാമിയോ സന്തതിപരമ്പരയോ ആവശ്യമില്ല. ക്രിസ്തുവിന്റെ ഈ ഏകവും ശാശ്വതവുമായ പൌരോഹിത്യത്തിലുള്ള പങ്കാളിത്തമാണു വിശ്വാസികളുടെയും ഇടയന്മാരുടെയും പൌരോഹിത്യം. തിരുപ്പട്ടസ്വീ കരണത്തിലൂടെ ശുശ്രൂഷാ പുരോഹിതരായിത്തീരുന്നവന്‍ ക്രിസ്തുവിന്റെ നിത്യ പൌരോഹിത്യത്തെ പ്രതിഫലിപ്പിക്കുവാനാണു ശ്രമിക്കേണ്ടത്. തന്നെതതന്നെ ഉ യര്‍ത്തിക്കാട്ടാനോ, പ്രശംസയും ഖ്യാതിയും പിടിച്ചു പറ്റാനോ ശ്രമിക്കുമ്പോള്‍ ക്രിസ്തുവിന്റെ ശാശ്വത പൌരോഹിത്യത്തിനെതിരായി നാം തെറ്റു ചെയ്യുന്നു. ക്രിസ്തു മാത്രമാണു പുരോഹി തന്‍. നാം അവിടുത്തോടു ചേര്‍ുനില്ക്കുന്ന ശുശ്രൂഷകര്‍ മാത്രം എന്നതാണു പുതിയനിയമ പൌരോഹിത്യത്തിന്റെ അന്തസ്സത്ത. അഹന്തയ്ക്കോ ആത്മപ്രശംസയ്ക്കോ നാട്യപ്രകടന ങ്ങള്‍ക്കോ ക്രിസ്തീയ പൌരോഹിത്യത്തില്‍ സ്ഥാനമി ല്ല. ഏറ്റവും എളിയ ജീവിതം നയിക്കാനാണു ക്രിസ്തീയ പുരോഹിതന്‍ ശ്രദ്ധിക്കുക. ശൂന്യവത്കരണമാണ് അദ്ദേഹത്തെ നയിക്കുന്ന ദര്‍ശനം.

ക്രിസ്തുവിന്റെ പൌരോഹിത്യത്തിലെ നിത്യത മറ്റൊന്നുകൂടി നമ്മെ ഓര്‍മപ്പെടുത്തുന്നുണ്ട്. ജീവിതത്തിന്റെ സകല സാഹചര്യങ്ങളിലും പുരോഹിതസത്ത വെളിപ്പെടുത്തി ജീവിക്കാനുള്ള ഉത്തരവാദിത്വമാണത്. പട്ടത്വത്തിലൂടെ ദൈവത്തിനും ദൈവജനത്തിനുമായി നീക്കിവയ്ക്കപ്പെടു ശുശ്രൂഷാപുരോഹിതന്റെ മുഴുജീവിതവും മുഴുസമയവും ബലിപരവും പുരോഹിതപരവുമായിരിക്കണമെന്നു ചുരുക്കം.
ഹെബ്രായലേഖകന്റെ ദൈവശാസ്ത്രമനുസരിച്ചു ക്രിസ്തു വിശ്വാസികളെ വാഗ്ദത്ത നാട്ടിലേക്ക്, അഥവാ സ്വര്‍ഗസൌഭാഗ്യമാകുന്ന നിത്യരക്ഷയിലേക്കു നയിക്കുകയാണ്. സ്വര്‍ഗത്തിലേക്കുള്ള തീര്‍ത്ഥാടനത്തിനു അവിടുന്നു നേതൃ ത്വം നല്കുന്നു. സ്വര്‍ഗീയ കൂടാരത്തില്‍ വിശ്വാസികള്‍ക്കു വേണ്ടി നിത്യപിതാവിന്റെ സിധിയില്‍ അവിടുന്നു മാദ്ധ്യസ്ഥം വഹിക്കുന്നു (ഹെബ്രാ. 7:25), തന്റെ ശരീരമാകു വിരിയിലൂടെ അവിടുന്നു നമുക്കു നവീനവും സനാതനവുമായ ഒരു പാത തുറന്നു തന്നിരിക്കുന്നു (ഹെബ്രാ. 10:20). അവന്‍ വേണ്ട സമയത്തു കരുണയും കൃപാവരവും നമ്മുടെ മേല്‍ വര്‍ഷിക്കും (ഹെബ്രാ 4:16). സ്വര്‍ഗോനമുഖമായ തീര്‍ത്ഥാടനത്തില്‍ വിശ്വാസികള്‍ക്കു നേതൃത്വം കൊടുക്കുന്ന നല്ല ഇടയന്റെ ധര്‍മംതന്നെയാണു ശുശ്രൂഷാപുരോഹിതന്‍ ഇന്നു നിര്‍വഹിക്കേണ്ടത്.

പൌരോഹിത്യത്തിന്റെ എല്ലാ നനമകളും തന്നില്‍ സാക്ഷാത്കരിച്ച നിത്യപുരോഹിതനായ ക്രിസ്തുവിന്റെ പ്രതിനിധികളും പ്രതിപുരുഷന്മാരും വിനീതദാസരുമായി വര്‍ത്തിക്കുകയാണു ശുശ്രൂഷാപുരോഹിതരുടെ ധര്‍മം. ഹെബ്രായലേഖനകര്‍ത്താവു പഠിപ്പിക്കുന്നതുപോലെ, ഇന്നലെയും ഇന്നും എന്നും അനന്യനായ (ഹെബ്രാ. 13:8) ക്രിസ്തുവിലേക്ക് ഉറ്റുനോക്കി പൌരോഹിത്യജീവിതം നിരന്തരം നവീകരിച്ചാലേ ക്രിസ്തീയപൌരോഹിത്യത്തിന് ആധുനികലോ കത്തില്‍ പ്രസക്തിയുണ്ടാകൂ.

സത്യദീപം

1 comment:

sahodaransijonettoor said...

പുതിയ നിയമസഭയിലെ ശുശ്രൂഷക്കായി നിയമിക്കപ്പെട്ടവരെ ഇന്നത്തെ രീതിയിലുള്ള പുരോഹിതന്‍മാരായി ഗണിച്ചിരുന്നില്ല. അവരാരും പൗരോഹിത്യ വസ്ത്രം ധരിച്ചിരുന്നതായി സൂചനയില്ല. അവര്‍ക്കാര്‍ക്കും പ്രത്യേക സ്ഥാനമോ, പദവികളോ ഉള്ളതായി കരുതിയിരുന്നില്ല. പുതിയ നിയമ ശുശ്രൂഷകന്മാര്‍ മേല്‍ക്കോയ്മ ഉള്ളതായി ചിന്തിച്ചിരുന്നില്ല. സഭയില്‍ സാഹോദര്യബന്ധം ആണ് അവര്‍ പുലര്‍ത്തി പോന്നിരുന്നത്.
സഭയിലെ ശുശ്രൂഷക്കായി ദൈവംതന്നെയാണ് ശുശ്രൂഷ വൃന്ദത്തെ നിയമിച്ചിരിക്കുന്നത്. “ദൈവം സഭയില്‍ ഒന്നാമത് അപ്പൊസ്തലന്മാര്‍, രണ്ടാമത് പ്രവാചകന്മാര്‍, മൂന്നാമത് ഉപദേഷ്ടാക്കന്മാര്‍ ഇങ്ങനെ ഓരോരുത്തരെ നിയമിക്കുകയും” 1കൊരി. 12:28.
“അവന്‍ ചിലരെ അപ്പൊസ്തലന്മാരായും, ചിലരെ പ്രവാചകന്മാരായും, ചിലരെ സുവിശേഷകന്മാരായും, ചിലരെ ഇടയന്‍മാരായും, ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു” എഫെ. 4:11.
ഈ വാക്യങ്ങളില്‍ പ്രസ്താവിക്കപ്പെട്ടവരാണ് ദൈവസഭയിലെ ശുശ്രൂഷകവൃന്ദം.