Tuesday, March 2, 2010

ഏലിക്കുട്ടി എന്ന വിചിത്രകഥാപാത്രം


ഏലിക്കുട്ടി എന്റെ വീട്ടില്‍ വരുമ്പോള്‍ അവര്‍ക്ക് ഏതാണ്ട് അന്‍പതു വയസ്സ് പ്രായം വരും. കറുത്ത്, കറുകറാ കറുത്ത് പൊക്കം കുറഞ്ഞ ഒരു മാംസപിണ്ഡം. ഇന്നത്തെ ചെറുപ്പക്കാര്‍ സങ്കല്പിക്കുന്നതുപോലുള്ള യാതൊരു 'ഷേയ്പു' മില്ലാത്ത അടിമുടി ഒരേ വണ്ണത്തിലുള്ള ഒരു നാലരയടി പൊക്കക്കാരിയാണ് ഏലിക്കുട്ടി. കോട്ടയം ജില്ലയുടെ ഏതോ ഭാഗത്ത് എന്നോ ജനിച്ച ഏലിക്കുട്ടിയെ തൃശൂര്‍ക്ക് ആദ്യമായി കൂട്ടിക്കൊണ്ടു വന്നതാരാണെന്നോ എന്നാണെന്നോ ഏലിക്കുട്ടിക്ക് ഓര്‍മ്മയില്ല.

ഏലിക്കുട്ടി സ്കൂളില്‍ പോയിട്ടില്ല. ഓര്‍മ്മ വച്ച നാള്‍ മുതല്‍ ഓരോ വീട്ടില്‍ ജോലിക്കു നില്‍ക്കുകയാണ്. അങ്ങനെയങ്ങനെ പല വീട്ടുകാരുടെയും സ്വന്തമായി ഏലിക്കുട്ടി വളര്‍ന്ന് വലുതായി. ജോലിക്കു നില്‍ക്കുന്ന വീട്ടില്‍ത്തന്നെ ഭക്ഷണവും താമസവും. ഭയങ്ങളില്ലാത്ത, സംശയങ്ങളില്ലാത്ത, എപ്പോഴും പൊട്ടിച്ചിരിക്കുന്ന സ്വഭാവമുള്ള ഏലിക്കുട്ടി ഞങ്ങള്‍ കാണുമ്പോള്‍ ഒരു നാട്ടിന്‍പുറം ഹോട്ടലിലെ കുശിനിക്കാരിയാണ്. ഹോട്ടല്‍ എന്നു പറഞ്ഞുകൂടാ; ചായക്കട. നാട്ടിന്‍പുറത്തെ ഒരു സാധാരണ ചായക്കടയില്‍ അന്ന് പണിയെടുത്താല്‍ കിട്ടുന്നത് 500 രൂപയാണ്. മാസം അഞ്ഞൂറു രൂപാ എന്നു കരുതേണ്ടതില്ല. വല്ലപ്പോഴും രണ്േടാ മൂന്നോ കൊല്ലം കൂടുമ്പോള്‍ കിട്ടുന്ന തുകയാണീ പറഞ്ഞത്. അന്ന് വീട്ടുവേലക്കാര്‍ക്ക് 50-60 രൂപയേ മാസശമ്പളമുള്ളൂ. ഇത് 1970 കളിലെ കഥ. ചെറിയ കടകളിലും ഏതാണ്ടിതൊക്കെത്തന്നെ കൂലി. പക്ഷേ, 'പണി' രാവിലെ ഏതാണ്ട് നാല് നാലരയ്ക്ക് തുടങ്ങും. അവസാനിക്കുന്നത് രാത്രി പത്തു പത്തരയ്ക്കും. ഇതില്‍ അന്നാര്‍ക്കും സങ്കടങ്ങളോ പ്രതിഷേധങ്ങളോ ഉണ്ടായിരുന്നില്ല. കാലം അങ്ങനെയായിരുന്നു. ഏലിക്കുട്ടിക്ക് ജോലിയാണ് പ്രധാനം. ശമ്പളം അവര്‍ക്ക് പ്രശ്നമേയല്ല.

ഞാനും എന്റെ ഭാര്യയും മതത്തിന്റെയും ജാതിയുടെയും മറ്റ് ആചാരാനുഷ്ഠാനകല്പനകളുടെയും മതിലുകള്‍ എന്നും ചാടിയിട്ടുള്ളവരാണ്. അതുകൊണ്ട് തന്നെ അമ്പലം പോലെ പള്ളിയും ഞങ്ങള്‍ക്ക് ദൈവാലയമാണ്. എന്നു മാത്രമല്ല പള്ളിയും പള്ളിക്കാരും അനവധി പേര്‍ സുഹൃത്തുക്കളായുമുണ്ട്. അന്നൊരിക്കല്‍ ശൈലജ പള്ളിമുറ്റത്തു നിന്ന് ഏതോ സുഹൃത്തുക്കളുമായി സംസാരിക്കവേയാണ് ഏലിക്കുട്ടി എന്ന ഈ സാധനത്തെ പരിചയപ്പെടുന്നത്.
ഹോട്ടല്‍ പണി വിട്ട് ഏതെങ്കിലും വീട്ടില്‍ നിന്നാല്‍ കൊള്ളാമെന്നുണ്ട് എന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഭാര്യ ഏലിക്കുട്ടിയെയും കൂട്ടി വീട്ടിലെത്തുന്നത്. അന്ന് എന്റെ ശൈലജയ്ക്ക് കൂട്ടായി വീട്ടില്‍ മറ്റൊരുത്തിയുണ്ട്. അതുകൊണ്ട് വേലക്കാരെ കിട്ടാനുള്ള ജാഗ്രതയിലല്ല ഏലിക്കുട്ടിയെ അവള്‍ സ്വാഗതം ചെയ്തത്.
ഭാര്യ ഗേറ്റ് തുറന്ന ശബ്ദത്തോടൊപ്പം ഒരു പൊട്ടിച്ചിരിയാണ് ഞാന്‍ അകത്തുനിന്നു കേട്ടത്. 'ങെ, ഇതാരാണപ്പാ, ഇത്ര വലിയ ചിരി' എന്നു ചിന്തിച്ച് പുറത്തേക്കു നോക്കിയപ്പോള്‍ ശൈലജയ്ക്കൊപ്പം വളരെ നാളത്തെ ഒരു സുഹൃത്തിനെപ്പോലെ ഏലിക്കുട്ടിയും ചിരിച്ചുല്ലസിച്ചു വരുന്നു. ഞങ്ങള്‍ തൃശൂര്‍ വന്നിട്ട് ഒരു കൊല്ലത്തിലേറെ സമയമായി. ഇതിനിടെ ആരെ എവിടെ വച്ചു പരിചയപ്പെട്ടാലും ഭാര്യ അത് വീട്ടില്‍ പറയാറുണ്ട്. അന്ന് അവള്‍ക്ക് 20 വയസ്സേ പ്രായമുള്ളൂ. ഏലിക്കുട്ടിക്ക് അന്‍പതും. 'ഇവള്‍ക്കെങ്ങനെ ഇതുപോലൊരു സുഹൃത്തിനെ കിട്ടി' എന്നാണ് ഞാന്‍ ചിന്തിച്ചത്. കറുത്ത ഏലിക്കുട്ടിയുടെ വെളുത്ത ചിരി, ഒരു ആഘോഷമാണ്. ബ്ളാക് ഔട്ട് ആയാലും ഒരു ചെറിയ പ്രകാശം ബാക്കി എന്നപോലെ.

'ഏലിക്കുട്ടി ഇരിക്ക്' എന്നു പറഞ്ഞ് ഭാര്യ നേരെ അടുക്കളയിലേക്കു പോയി. അതാണവളുടെ പതിവ്. ആരു വന്നാലും ആദ്യം ചായയോ മറ്റെന്തെങ്കിലുമോ കൊടുത്ത ശേഷമേ, പിന്നെ വര്‍ത്തമാനമുള്ളൂ. ഏലിക്കുട്ടി പക്ഷേ, അവിടെ പുറത്തിരുന്നില്ല. അവളോടൊപ്പം അകത്തേക്കു വന്നു. അകത്ത് ഞാന്‍ കുഞ്ഞിനെ കളിപ്പിച്ചിരുന്ന പായില്‍ യാതൊരു സങ്കോചവും കൂടാതെ വന്നിരുന്ന് പലതരം ശബ്ദത്തിലും ആംഗ്യത്തിലും എന്റെ ആറുമാസം പ്രായമായ കുഞ്ഞിനെ കളിപ്പിക്കാന്‍ തുടങ്ങി. ഏലിക്കുട്ടി പെട്ടെന്നു തന്നെ ഞങ്ങളുടെ സ്വന്തമായി മാറുകയായിരുന്നു. കുട്ടികളില്ലാത്ത അവര്‍ക്ക് എന്റെ കുഞ്ഞ് പെട്ടെന്നു തന്നെ സ്വന്തമായി. പള്ളിയില്‍ വച്ച്, ഇപ്പോള്‍ പരിചയപ്പെട്ടതാ. ശൈലജ അതു പറഞ്ഞപ്പോള്‍ എനിക്കു വിശ്വസിക്കാനായില്ല. ഏലിക്കുട്ടിക്ക് എന്റെ കുടുംബവുമായി ഒരു അന്‍പതു വര്‍ഷത്തെ പഴക്കവും ബന്ധവും ഉള്ളതുപോലെയാണ് വീട്ടിനകത്ത് അവര്‍ പെരുമാറിയത്. പത്തു വയസ്സുമുതല്‍ പല പല വീടുകളിലും കടകളിലും നിന്നു നിന്ന് ഏലിക്കുട്ടി തൃശൂര്‍കാരിയായി മാറിയിരുന്നു.
"കടയില്‍ രാത്രി പണി കഴിഞ്ഞ് എവിടെപ്പോകുമായിരുന്നു?'' എന്റെ ചോദ്യത്തിന് യാതൊരു കൂസലുമില്ലാതെ ഉടന്‍ മറുപടി വന്നു: "ഞാന്‍ എവിടെപ്പോകാന്‍? ഞാനവിടെത്തന്നെ ചുരുണ്ടു കൂടിക്കിടക്കും. വെളുപ്പാന്‍ കാലത്ത് ആശാന്‍ വിളിക്കും. എഴുന്നേറ്റ് പണീം തുടങ്ങും.''
"ആശാന്‍ ആരാ?''
"ആശാന്‍ എന്നാല്‍ ചായ മാഷ് ചായയടിക്കുന്നയാള്‍. അയാളും അവിടെത്തന്നെയാ കെടക്കണെ...'' "ഏലിക്കുട്ടിയുടെ ഭര്‍ത്താവ്?'' "അങ്ങേര് അവിടെ വീട്ടില്‍ കിടന്നോളും. അതൊരു പാവാ. ചാരായത്തിനുള്ള കാശ് കൊടുത്താല്‍ അതും വാങ്ങിക്കുടിച്ച് എവിടെങ്കിലും കിടന്നോളും.''
"ഏലിക്കുട്ടിക്ക് പരാതിയില്ലേ?'' ഏലിക്കുട്ടി വീണ്ടും പൊട്ടിച്ചിരിച്ചു. "എന്തിന് പരാതി. ഓരോരുത്തര്‍ക്ക് ഓരോന്നാ സുഖം. നമുക്ക് ശല്യോന്നുമില്ലല്ലോ.'' ഞാനും ചിരിച്ചുപോയി. ഭര്‍ത്താവിനെ അയാളുടെ സുഖത്തിന്, പൂര്‍ണ്ണ പിന്തുണയോടെ വിടുന്ന ലോകത്തിലെ ഏക ഭാര്യയായിരിക്കും ഏലിക്കുട്ടി. ഏലിക്കുട്ടി വീട്ടില്‍ കിടക്കാത്തതിനുള്ള കാരണം എന്റെ ഭാര്യയോട് രഹസ്യമായിപ്പറഞ്ഞു. "കള്ള് കുടിച്ചാല്‍ പിന്നെ അതിയാന് സ്നേഹക്കൂടുതലാണ്. പെരയ്ക്കകത്തു കിടക്കാന്‍ സമ്മതിക്കില്ല. പിടിച്ചുവലിച്ച് പുറത്തേക്കു കൊണ്ടുവരും. നാലു വശോം കാടാണേ''
വീണ്ടും ഒരു പൊട്ടിച്ചിരി. (അയാള്‍ ഒരു കവിയോ കലാകാരനോ ആയിരിക്കും എന്ന് എനിക്കു തോന്നി). ഏലിക്കുട്ടി, എന്റെ വീട്ടില്‍ സ്വന്തമായി എല്ലാ കാര്യങ്ങളും നോക്കും. ആര്‍ക്ക് എന്തു ചെയ്യണം ചെയ്യേണ്ട എന്ന് ഏലിക്കുട്ടി തീരുമാനിക്കും. ഇപ്പോള്‍ അവര്‍ക്ക് വയസ്സ് 80 കഴിയണം. ഞങ്ങള്‍ എന്നും ഏലിക്കുട്ടിയെക്കുറിച്ചു പറയും. ഒരിക്കല്‍ ഭര്‍ത്താവിനൊപ്പം പോയ ഏലിക്കുട്ടി പിന്നീട് വന്നിട്ടില്ല. പക്ഷേ, അവര്‍ ചിരിക്കുന്നത് എനിക്ക് ഇപ്പോഴും കേള്‍ക്കാം.

സി.പി. രാജശേഖരന്‍ - ദീപനാളം

2 comments:

anoopkothanalloor said...

ഈ ഏലിക്കുട്ടിയെപ്പോലെ എത്രയോ കഥാപാത്രങ്ങൾ നമ്മുടെ പല ഗ്രാമങ്ങളിലും ജീവിക്കുന്നു.ഞങ്ങളുടെ നാട്ടിൽ ഒരു വർഗ്ഗീസ് മാപ്പിള ഉണ്ടായിരുന്നു.

എറക്കാടൻ / Erakkadan said...

എന്റെ നാട്ടിൽ കോരമാമനായിരുന്നു