കോട്ടയം സിഎംഎസ് കോളജിലെ എസ്‌എഫ്‌ഐ അഴിഞ്ഞാട്ടം വ്യാപകപ്രതിഷേധത്തിനു വഴിവച്ചതോടെ സംഭവത്തില്‍നിന്നു ശ്രദ്ധതിരിക്കാനുള്ള തന്ത്രങ്ങളുമായി ഇടതുകേന്ദ്രങ്ങള്‍ രംഗത്ത്. താമരശേരി രൂപത ബിഷപ്പിണ്റ്റെ സര്‍ക്കുലര്‍ ദുര്‍വ്യാഖ്യാനം ചെയ്തു വിവാദമുണ്ടാക്കാനാണ് ശ്രമം. താമരശേരി രൂപതയുടെ ഒദ്യോഗിക ബുള്ളറ്റിനായ താമരമൊട്ടുകളില്‍ പ്രസിദ്ധീകരിച്ച സര്‍ക്കുലറാണ് ചില ചാനലുകളുടെ പിന്തുണയോടെ ഇടതുകേന്ദ്രങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തു വര്‍ഗീയ പരാമര്‍ശങ്ങളുണ്ടെന്നു പ്രചരിപ്പിക്കുന്നത്. എന്നാല്‍, സര്‍ക്കുലര്‍ ഒരുവട്ടമെങ്കിലും പൂര്‍ണമായി വായിച്ചിട്ടുള്ള ആര്‍ക്കും ഇതില്‍ അത്തരം യാതൊരു പരാമര്‍ശങ്ങളും കണ്ടെത്താനാവില്ല. ഏതാനും വര്‍ഷങ്ങളായി പാഠ്യപദ്ധതിയിലൂടെയും മറ്റും സര്‍ക്കാര്‍ നടത്തിവരുന്ന തലതിരിഞ്ഞ പരിഷ്കാരങ്ങളെ വിമര്‍ശിക്കുക, സ്കൂളുകളിലാകെ മതവിദ്വേഷവും നിരീശ്വരവാദവും പ്രചരിപ്പിക്കുന്നതിനെതിരേ കരുതിയിരിക്കുക തുടങ്ങിയ സന്ദേശങ്ങളാണ് സര്‍ക്കുലറിലൂടെ ബിഷപ് മുന്നോട്ടു വച്ചത്. മാതാപിതാക്കളേയും ഗുരുജനങ്ങളേയും ദൈവസ്ഥാനീയരായി ബഹുമാനിക്കുന്ന ആര്‍ഷഭാരതത്തിണ്റ്റെ സംസ്കാരത്തില്‍, ദൈവനിഷേധത്തിണ്റ്റേയും മതനിന്ദയുടേയും വക്താക്കളാകാനോ അത്തരം നിലപാടുകളെ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളില്‍ അംഗത്വം സ്വീകരിക്കാനോ ഒരു ഗുരുവിനു കഴിയുമോ എന്നു തുടങ്ങിയ ചോദ്യങ്ങളാണ് സര്‍ക്കലറിലൂടെ ഉന്നയിച്ചിരിക്കുന്നത്.
സര്‍ക്കലറിന്റെ പൂര്‍ണരൂപം ചുവടെ ....
വിദ്യാഭ്യാസം
മിശിഹായില്‍ പ്രിയ സഹോദരീ, സഹോദരന്മാരേ,
പുതിയൊരു സ്‌കൂള്‍വര്‍ഷംകൂടി സമാഗതമാകുകയാണല്ലോ. സമൂഹത്തിന്റെയും രാഷ്‌ട്രത്തിന്റെയും ഭാവി വളരുന്ന കുഞ്ഞുങ്ങള്‍ക്കു ലഭിക്കുന്ന പരിശീലനത്തിനനുസരിച്ചാണ് നിര്‍ണ്ണയിക്കപ്പെടുന്നത്. അതുകൊണ്ട് ഭാവിയെക്കുറിച്ച് ഉത്തരവാദിത്വബോധത്തോടെ ചിന്തിക്കുന്ന ആര്‍ക്കും വിദ്യാഭ്യാസത്തെ അവഗണിക്കാനാവില്ല. വിദ്യാഭ്യാസത്തിനുള്ള കുട്ടികളുടെ അവകാശം മാതാപിതാക്കള്‍ക്കോ രാഷ്‌ട്രത്തിനോ നിഷേധിക്കാനാവാത്ത മൗലിക അവകാശമാണെന്ന് പോള്‍ ആറാമന്‍ മാര്‍പാപ്പ അരനൂറ്റാണ്ടുമുമ്പേ പ്രസ്‌താവിച്ചിരുന്നു (GE,1)കത്തോലിക്കാസഭ വിദ്യാഭ്യാസമേഖലയില്‍ ഇടപെടുന്നതിന്റെ ലക്ഷ്യം എന്തെന്ന് വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള തിരുസംഘം പുറപ്പെടുവിച്ച പ്രമാണരേഖയില്‍ പ്രത്യേകം എടുത്തുപറയുന്നു : കുട്ടികളുടെ ബുദ്ധിപരവും, ധാര്‍മ്മികവും ഭൗതികവും ആത്മീയവുമായ മേഖലകളിലെ കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിച്ച് അവരെ ഉത്തരവാദിത്വബോധമുള്ള വരും, സ്വാതന്ത്ര്യം ശരിയായി വിനിയോഗിക്കാന്‍ പ്രാപ്‌തിയുള്ളവരും സമൂഹവുമായി ഫലപ്രദവും ക്രിയാത്മകവുമായി സംവദിക്കാന്‍ കഴിവുള്ളവരുമായി വളര്‍ത്തുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം (Letter on Catholic Education, 1).
ഈ ലക്ഷ്യം നിറവേറ്റുന്നതില്‍ കേരളത്തിലെ ക്രൈസ്‌തവസമൂഹം എന്നും പ്രതിജ്ഞാബദ്ധമായിരുന്നു. കേരളത്തിന്റെ നവോത്ഥാനത്തിന് നാഴികക്കല്ലുകളായി വര്‍ത്തിച്ചത് ക്രൈസ്‌തവമിഷനറിമാര്‍ ആരംഭിച്ച വിദ്യാഭ്യാസസ്ഥാപനങ്ങളാണ്. ദേവാലയത്തിലെ പൊന്‍കുരിശും പൊന്നരുളിക്കായുംവരെ വിറ്റ് പള്ളിക്കൂടങ്ങള്‍ തുടങ്ങാന്‍ ക്രൈസ്‌തവര്‍ തയ്യാറായി. ദൈവാരാധനയോളം പ്രാധാന്യമുള്ളതാണ് വിദ്യാഭ്യാസം അഥവാ വിദ്യാദാനം. അതു ദൈവാരാധന തന്നെയാണ് എന്നു തിരിച്ചറിഞ്ഞവരാണ് ക്രൈസ്‌തവര്‍.ലന്‍ മിഷനറി സൊസൈറ്റി (LMS) 1803-ല്‍ തിരുവിതാംകൂറില്‍ ആദ്യത്തെ ക്രിസ്‌ത്യന്‍ മിഷനറി സ്‌കൂള്‍ ആരംഭിച്ചു. വിദ്യാഭ്യാസമേഖലയില്‍ നാളിതുവരെ നിലനിന്നിരുന്ന സമ്പ്രദായങ്ങളെ തകിടം മറിക്കുന്ന യഥാര്‍ത്ഥ സാമൂഹിക വിപ്ലവമാണ് ക്രിസ്‌ത്യന്‍ വിദ്യാലയങ്ങളുടെ ആഗമനത്തോടെ കേരളത്തില്‍ സംഭവിച്ചത്. അതുവരെ വിദ്യാഭ്യാസമെന്നത് വേദങ്ങളും സൂക്തങ്ങളും പൂജാവിധികളും പഠിക്കുക എന്നതുമാത്രമായിരുന്നു. പൂജാകര്‍മ്മങ്ങള്‍ അനുഷ്‌ഠിക്കാന്‍ യോഗ്യതയുള്ള സവര്‍ണ്ണര്‍ക്കു മാത്രമേ വിദ്യ അഭ്യസിക്കുവാന്‍ അവകാശമുണ്ടായിരുന്നുള്ളൂ.
?ശൂദ്രാമക്ഷരസംയുക്തം ദൂരിത പരിവര്‍ജ്ജേയത്? (അക്ഷരം പഠിച്ച ശൂദ്രനെ ദൂരെയകറ്റണം) എന്നതായിരുന്നു നാട്ടുനടപ്പ്. വേദം കേട്ട ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കണമെന്ന് വ്യവസ്ഥ ചെയ്‌തിരുന്ന നാടായിരുന്നു കേരളം. ചാതുര്‍വര്‍ണ്ണ്യം അതിന്റെ കിരാതരൂപത്തില്‍ നിലനിന്ന കേരളത്തില്‍ ജാതിപരമായ ഉച്ചനീചത്വങ്ങളും അയിത്താചാരവുംമൂലം സമൂഹത്തിലെ ബഹുഭൂരിപക്ഷം വരുന്ന താഴ്‌ന്ന ജാതിക്കാര്‍ക്ക് വിദ്യാഭ്യാസം നിഷിദ്ധമായിരുന്നു. എന്നാല്‍, ക്രൈസ്‌തവമിഷനറിമാര്‍ ആരംഭിച്ച സ്‌കൂളുകളില്‍ ജാതിവ്യവസ്ഥ അംഗീകരിച്ചിരുന്നില്ല. സവര്‍ണ്ണന്റെയും അവര്‍ണ്ണന്റെയും കുട്ടികളെ ഒരേ ബെഞ്ചിലിരുത്തി മനുഷ്യസാഹോദര്യത്തിന്റെ ബാലപാഠങ്ങള്‍ ഈ നാട്ടില്‍ ആദ്യമായി പഠിപ്പിച്ച ക്രിസ്‌ത്യന്‍ പള്ളിക്കൂടങ്ങളാണ് കേരളത്തില്‍നിന്ന് ജാതിവ്യവസ്ഥിതിയെ തകര്‍ത്തെറിഞ്ഞ പ്രധാനശക്തി. മിഷനറിമാര്‍ തുടങ്ങിയ സ്‌കൂളുകളില്‍ ഇംഗ്ലീഷും കണക്കും തുന്നല്‍വിദ്യയും ആരോഗ്യപരിപാലനവും പാഠവിഷയങ്ങളായി. വിദ്യാഭ്യാസം എന്നത് സവര്‍ണ്ണരുടെ വേദാഭ്യാസം മാത്രമായി മനസ്സിലാക്കപ്പെട്ടിരുന്ന കാലത്താണ് ആധുനിക വിദ്യാഭ്യാസം മിഷനറിമാര്‍ കേരളത്തില്‍ നടപ്പാക്കിയത്. നിലവിലുണ്ടായിരുന്നതുപോലെ ഏതാനും വേദപാഠശാലകള്‍ തുടങ്ങാനല്ല തികച്ചും ആധുനികമായ വിദ്യാഭ്യാസ സമ്പ്രദായം ഇവിടെകൊണ്ടുവരാനാണ് മിഷനറിമാര്‍ ശ്രമിച്ചത്. വിദ്യാഭ്യാസത്തിനു നല്‍കിയ ഈ നൂതനദിശാബോധത്തിന്റെപേരില്‍ ഈ മിഷനറിമാര്‍ മലയാളികള്‍ക്ക് പ്രാതസ്‌മരണീയരാണ്.
1846 ല്‍ മാന്നാനത്ത് സംസ്‌കൃതസ്‌കൂളുകളും തുടര്‍ന്ന് മലയാളം സ്‌കൂളുകളും സ്ഥാപിച്ച വാഴ്‌ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചനാണ് കേരളത്തില്‍ വിദ്യാഭ്യാസത്തെ ജനകീയമാക്കിയത്. 1865 ല്‍ വരാപ്പുഴയുടെ വികാരിജനറലായ ചാവറയച്ചന്‍ കേരളത്തിലെ മുഴുവന്‍ കത്തോലിക്കാ പള്ളികളിലേക്കും അയച്ച സര്‍ക്കുലറില്‍ എല്ലാ പള്ളികളോടുമനുബന്ധിച്ച് പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കാന്‍ കല്‌പന നല്‍കി. കേരളത്തിലങ്ങോളമിങ്ങോളം നൂറുകണക്കിനു വിദ്യാലയങ്ങള്‍ ഉയര്‍ന്നുവന്നത് ഈ പശ്ചാത്തലത്തിലാണ്. സഭയുടെ പണംകൊണ്ടു പടുത്തുയര്‍ത്തിയ ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകര്‍ക്കു ശമ്പളം കൊടുത്തിരുന്നതും സഭയായിരുന്നു. കൂടാതെ കേരളത്തില്‍ ആദ്യമായി യൂണിഫോം, ഉച്ചഭക്ഷണം എന്നിവ സൗജന്യമായി സ്‌കൂളുകളില്‍ വിതരണം ചെയ്‌തു തുടങ്ങിയതും ചാവറയച്ചന്റെ കാലത്താണ്. ക്രൈസ്‌തവ സമുദായത്തിന്റെ നിരന്തര പരിശ്രമവും അദ്ധ്വാനവുംവഴി സമൂഹത്തിലെ മുഴുവന്‍ വിഭാഗം ജനങ്ങള്‍ക്കും വിദ്യാഭ്യാസം നല്‍കി കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തില്‍ മുഖ്യ പങ്കുവഹിച്ചത് ക്രൈസ്‌തവ മിഷനറിമാരായിരുന്നു. നാടിന്റെ സംസ്‌കാരത്തിനും മൂല്യബോധത്തിനും ദിശാബോധം നല്‍കുക എന്ന മഹനീയമായ പൈതൃകം ഈ കാലഘട്ടത്തില്‍ തുടരുക എന്നതാണ് നമ്മുടെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ലക്ഷ്യം.
ചരിത്രം അറിഞ്ഞുകൂടാത്തവര്‍ക്കും അറിഞ്ഞ ചരിത്രസത്യങ്ങളെ സ്വാര്‍ത്ഥതാല്‍പര്യങ്ങളുടെ പേരില്‍ നിഷേധിക്കുന്നവര്‍ക്കും മാത്രമേ വിദ്യാഭ്യാസമേഖലയില്‍ ക്രൈസ്‌തവസഭ നല്‍കിയ സംഭാവനകളെ നിരാകരിക്കാനും നിസ്സാരവത്‌കരിക്കാനും കഴിയൂ. ഇത്തരത്തിലുള്ള സംഘടിതമായ നീക്കങ്ങള്‍ ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്ന് ആവര്‍ത്തിക്കുന്നതിനെ ആശങ്കയോടെയാണ് സഭ വീക്ഷിക്കുന്നത്.കലുഷിതമായ അന്തരീക്ഷത്തിലാണ് പുതിയ സ്‌കൂള്‍ വര്‍ഷവും ആരംഭിക്കുന്നത്. വിദ്യാഭ്യാസ രംഗത്തെ സമ്പൂര്‍ണ്ണമായി രാഷ്‌ട്രീയവല്‍ക്കരിക്കാനും നിരീശ്വരവല്‍ക്കരിക്കാനുമുള്ള ശ്രമങ്ങള്‍ സംഘടിതമായി നടന്നുവരുന്നു എന്നത് ആശങ്കാജനകമാണ്. പാഠപുസ്‌തകനവീകരണവുമായി ബന്ധപ്പെട്ട വിവാദങ്ങളും അധ്യാപകപരിശീലനത്തിലെ രാഷ്‌ട്രീയാതിപ്രസരവും വിദ്യാഭ്യാസനയത്തിലെ മതവിശ്വാസവിരുദ്ധ നിലപാടുകളും ഈ ആശങ്കയെ വര്‍ദ്ധമാനമാക്കുന്നുണ്ട്. ഭാരതത്തിന്റെ ഭരണഘടനയും നീതിപീഠങ്ങളും ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യവും ന്യൂനപക്ഷ അവകാശങ്ങളും ആരുടെയും ഭീഷണിക്കുമുന്നില്‍ അടിയറ വയ്‌ക്കാന്‍ നാം ഒരുക്കമല്ല. വിദ്യാഭ്യാസ മേഖലയിലെ തലതിരിഞ്ഞ പരിഷ്‌കരണങ്ങള്‍ക്കെതിരെ സൈദ്ധാന്തികവും നയപരവുമായ എതിര്‍പ്പുകള്‍ സഭയുടെ ഭാഗത്തുനിന്നുണ്ടാകുന്നതിനെ കക്ഷിരാഷ്‌ട്രീയത്തിലുള്ള പക്ഷംചേരലായി ആരും കരുതേണ്ടതില്ല. സത്യവിശ്വാസത്തെ പ്രാണവായുവിനേക്കാള്‍ സ്‌നേഹിക്കുന്ന നമ്മെ സംബന്ധിച്ചിടത്തോളം ദൈവവിശ്വാസത്തെ നിരാകരിക്കുന്ന പാഠ്യനയങ്ങള്‍ ആത്മഹത്യാപരമാണ് എന്ന തിരിച്ചറിവ് സകല വിശ്വാസികള്‍ക്കും ഉണ്ടാവണം.
വിദ്യാര്‍ത്ഥികളുടെ സമഗ്ര വളര്‍ച്ചയ്‌ക്കായി അധ്യാപകര്‍ നല്‍കുന്ന നിസ്‌തുലമായ സംഭാവനകളെ ഈ അവസരത്തില്‍ ഞാന്‍ നന്ദിയോടെ ഓര്‍മ്മിക്കുന്നു. ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ഭരണഘടന അനുവദിച്ചു നല്‍കുന്ന പ്രത്യേക അവകാശങ്ങള്‍ മൂലമാണ് നമ്മുടെ സ്‌കൂളുകളില്‍ അധ്യാപക നിയമനം നടത്തുന്നത്. ഇപ്രകാരം നിയമിതരാകുന്ന അധ്യാപകര്‍ക്ക് ന്യൂനപക്ഷ സമൂഹത്തിന്റെ വിശ്വാസത്തെയും സംസ്‌കാരത്തെയും പരിരക്ഷിക്കാനുള്ള ഉത്തരവാദിത്തമുണ്ടെന്ന വസ്‌തുത അവര്‍ മറക്കരുത്. ന്യൂനപക്ഷ സമൂഹത്തിന്റെ ഭരണഘടനാദത്തമായ ആനുകൂല്യങ്ങള്‍ അനുഭവിക്കുന്ന അധ്യാപകര്‍ പ്രസ്‌തുത സമൂഹത്തിന്റെ വിശ്വാസത്തിനും സംസ്‌ക്കാരത്തിനും വിരുദ്ധമായ പ്രത്യയശാസ്‌ത്രങ്ങളില്‍ നിന്നും നിലപാടുകളില്‍ നിന്നും വിട്ടുനില്‍ക്കേണ്ടതാണ്.
മാതാപിതാക്കളെയും ഗുരുജനങ്ങളെയും ദൈവസ്ഥാനീയരായി ബഹുമാനിക്കുന്ന ആര്‍ഷഭാരതത്തിന്റെ സംസ്‌ക്കാരത്തില്‍ ദൈവനിഷേധത്തിന്റെയും മതനിന്ദയുടെയും വക്താക്കളാകാനോ അത്തരം നിലപാടുകളെ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളില്‍ അംഗത്വം സ്വീകരിക്കാനോ ഒരു ഗുരുവിനു കഴിയുമോ എന്ന് അവര്‍ ആലോചിക്കേണ്ടതാണ്.പുതിയ തലമുറയെ സനാതന മൂല്യങ്ങള്‍ അഭ്യസിപ്പിക്കുന്നതില്‍ പഴയതലമുറ പരാജയപ്പെടുന്നു എന്ന വസ്‌തുതയും വിസ്‌മരിക്കരുത്?. ഈ കുറവു പരിഹരിക്കാനായി മൂല്യബോധനം നമ്മുടെ പാഠ്യപദ്ധതിയുടെ അനിവാര്യഭാഗമാകണം.
വേദപാഠം, സന്മാര്‍ഗശാസ്‌ത്രം തുടങ്ങിയവയുടെ പഠനത്തിന് നമ്മുടെ സ്‌കൂളുകളില്‍ പ്രത്യേക ശ്രദ്ധ നല്‌കേണ്ടതാണ്. കണക്കും ശാസ്‌ത്രവും സാഹിത്യവും പഠിപ്പിച്ചതുകൊണ്ടു മാത്രം കുട്ടികളുടെ സമഗ്രവളര്‍ച്ച സാധ്യമാകുന്നില്ല. ബുദ്ധിയോടൊപ്പം മനസ്സും ആത്മാവും വളരുമ്പോള്‍ മാത്രമേ കുട്ടിയുടെ വളര്‍ച്ച സമഗ്രമാകുകയുള്ളൂ. രണ്ടാംവത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിച്ചതുപോലെ മൂല്യബോധമുള്ള തലമുറയെ വാര്‍ത്തെടുക്കുക എന്നത് നമ്മുടെ സ്‌കൂളുകളുടെ പ്രഥമ ലക്ഷ്യമാണ് (GS 7). ചരിത്രപരമായ ക്രിസ്‌ത്വാനുഭവത്തിന്റെ അറിവിലേക്ക് വിദ്യാര്‍ത്ഥികളെ ക്ഷണിച്ച് സുവിശേഷങ്ങളുടെ ഉള്‍പൊരുള്‍ ഗ്രഹിച്ച് ധാര്‍മ്മികതയും മൂല്യ ബോധവുമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാനും അതുവഴി പ്രാദേശിക സംസ്‌ക്കാരത്തിന്റെ ആദ്ധ്യാത്മിക ചക്രവാളത്തെ രൂപപ്പെടുത്തുവാനും മതബോധനത്തിനു സാധിക്കണം. മതബോധനം, സന്മാര്‍ഗശാസ്‌ത്രം എന്നിവയുടെ ക്ലാസുകള്‍ സ്‌കൂളുകളില്‍ യഥോചിതം നടത്തെപ്പെടുന്നു എന്ന് ഉറപ്പുവരുത്താന്‍ എല്ലാ പ്രധാനാധ്യാപകരോടും മാനേജര്‍മാരോടും ഞാന്‍ സ്‌നേഹപൂര്‍വ്വം ആവശ്യപ്പെടുകയാണ്. പരി. പിതാവ് ബനഡിക്‌ട് മാര്‍പാപ്പാ ഓര്‍മ്മിപ്പിക്കുന്നതുപോലെ പുതിയതലമുറയുടെ മൂല്യബോധമില്ലായ്‌മയെ പഴി പറയുന്നതില്‍ മാത്രം നമ്മുടെ ഉത്തരവാദിത്വം അവസാനിക്കുന്നില്ല.
ഇതോടൊപ്പം തന്നെ ഞായറാഴ്‌ച തോറും നാം നടത്തുന്ന മതബോധനത്തെപ്പറ്റിയും ഗൗരവപൂര്‍വ്വം നിങ്ങളെ ഓര്‍മ്മപ്പെടുത്തുവാന്‍ ഞാനാഗ്രഹിക്കുന്നു. വളര്‍ന്നു വരുന്ന തലമുറയ്‌ക്ക് ക്രിസ്‌തീയ വിശ്വാസ പരിശീലനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വേദിയാണ് ഞായറാഴ്‌ച മതബോധനം. നമ്മുടെ കുഞ്ഞുങ്ങളെ വിശ്വാസത്തിലും ദൈവ സ്‌നേഹത്തിലും അതില്‍ നിന്നുടലെടുക്കുന്ന മനുഷ്യ സ്‌നേഹത്തിലും അടിസ്ഥാനമിട്ടുറപ്പിക്കുന്നത്. മതബോധനക്ലാസ്സുകളിലാണ്. നല്ല സ്‌കൂളുകള്‍ തിരഞ്ഞെടുത്ത് കുട്ടികളെ അയയ്‌ക്കുവാനും പഠിപ്പിക്കുവാനും മാതാപിതാക്കള്‍ കാണിക്കുന്ന ജാഗ്രത, വിശ്വാസപരിശീലനത്തിനായി മതബോധന ക്ലാസ്സുകളില്‍ കുട്ടികളെ അയയ്‌ക്കുന്ന കാര്യത്തില്‍ നമുക്കെത്രമാത്രമുണ്ട്?. ഞായറാഴ്‌ച ദിവ്യബലിയും വേദപാഠവും മുടക്കി ട്യൂഷനും മറ്റു കോച്ചിംഗുകള്‍ക്കുമായി കുട്ടികളെ പറഞ്ഞയയ്‌ക്കുന്നരീതി വളരെ ഗൗരവപൂര്‍വ്വം നാം തിരുത്തേണ്ടതാണ്. യാതൊരു കാരണവശാലും അത്തരത്തിലുള്ള പ്രവര്‍ത്തന രീതകള്‍ ഉണ്ടാകാതിരിക്കാന്‍, മാതാപിതാക്കളും കുട്ടികളും അദ്ധ്യാപകരും ബഹു. വികാരിയച്ചന്മാരും നിതാന്ത ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
നമ്മുടെ സ്‌കൂളുകളിലെ പഠനനിലവാരം ഉയര്‍ത്താനുള്ള സംഘാതമായ പരിശ്രമം അധ്യാപകരുടെയും രക്ഷാകര്‍ത്താക്കളുടെയും ഭാഗത്തുനിന്നുണ്ടാകണം. സര്‍ക്കാര്‍ സ്‌കൂളുകളിലെയും എയ്‌ഡഡ് സ്‌കൂളുകളിലെയും വിദ്യാഭ്യാസനിലവാരത്തിലുള്ള വിശ്വാസക്കുറവുകൊണ്ടായിരിക്കാം തങ്ങളുടെ കുഞ്ഞുങ്ങളെ വര്‍ദ്ധിച്ച ഫീസുനല്‍കി ഇഗ്ലീഷ് മീഡിയം സ്‌കൂളുകളിലയയ്‌ക്കുന്ന പ്രവണത മാതാപിതാക്കളുടെ ഇടയില്‍ വര്‍ദ്ധിച്ചു വരുന്നുണ്ട്. ഇംഗ്ലീഷ്‌മീഡിയത്തിലെ വിദ്യാഭ്യാസം നല്ലതും പ്രോത്സാഹനാജനകവുമാണെന്നു സമ്മതിക്കുമ്പോള്‍ത്തന്നെ സാധാരണക്കാരന് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തേണ്ട നമ്മുടെ സ്‌കൂളുകള്‍ പഠനനിലവാരത്തില്‍ പിന്നിലാകരുത് എന്ന നിര്‍ബന്ധബുദ്ധി നമുക്കുകൂടിയേ കഴിയൂ. ഇതിനാവശ്യമായ കര്‍മ്മ പദ്ധതികള്‍ സ്‌കൂള്‍ മാനേജുമെന്റെും അധ്യാപകരും രക്ഷാകര്‍ത്താക്കളും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് കൂടിയാലോചനയിലൂടെ ആവിഷ്‌ക്കരിക്കേണ്ടതാണ്. അതോടൊപ്പം തന്നെ ഇംഗ്ലീഷ് വിദ്യാഭ്യാസം ആഗ്രഹിക്കുന്ന പാവപ്പെട്ടവന്റെ കുട്ടികള്‍ക്കും പ്രാപ്യമാകത്തക്കവിധത്തില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലെ പ്രവേശന പാഠ്യവേതന നിരക്കുകള്‍ ക്രമീകരിക്കുന്നതില്‍ ക്രൈസ്‌തവ സ്ഥാപനങ്ങള്‍ മാതൃകകാട്ടേണ്ടതാണ്. അര്‍ഹതയുള്ളവര്‍ക്ക് പണമില്ലാത്തതിന്റെ പേരില്‍ മാത്രം പ്രവേശനം നിഷേധിക്കുന്ന ഒരു സ്ഥാപനവും നമ്മുടെയിടയില്‍ ഉണ്ടാകരുത്. കാരണം, അത്തരം സ്ഥാപനങ്ങള്‍ സുവിശേഷത്തിന് വിപരീത സാക്ഷ്യം നല്‍കുന്നവയാണ്.
സുവിശേഷാധിഷ്‌ഠിത മൂല്യങ്ങളാല്‍ പ്രചോദിപ്പിക്കപ്പെട്ട പുതിയൊരു വിദ്യാഭ്യാസ സംസ്‌കാരത്തിനായി നമുക്കു പ്രാര്‍ത്ഥിക്കാം.
എല്ലാവര്‍ക്കും ഫലദായകമായ വിദ്യാലയവര്‍ഷം ആശംസിക്കുന്നു.
അനുഗ്രഹാശിസ്സുകളോടെ,
താമരശ്ശേരി മാര്‍ റെമീജിയോസ് ഇഞ്ചനാനി
23.05.2010 താമരശ്ശേരി രൂപതയുടെ മെത്രാന്‍
Thursday, June 24, 2010
മാര്‍ റെമീജിയോസിന്റെ "വിവാദ!!" സര്‍ക്കുലര്‍
Monday, June 14, 2010
കേരളത്തിനു പുറത്ത് നഴ്‌സിംഗ് പഠനത്തിനു പോകുന്നവരുടെ ശ്രദ്ധയ്‌ക്ക്
പ്ലസ്‌ടു ഫലം വന്നു. എന്തു കോഴ്‌സ് പഠിക്കണം എന്നതിനെ സംബന്ധിച്ചും എവിടെ പഠിക്കണം എന്നതിനെ ക്കുറിച്ചും ഗൗരവമായ അന്വേഷണങ്ങളും ചര്‍ച്ചകളും ചിന്തകളും എല്ലാം വ്യക്തികളുടെ ചിന്തയിലും ഭവനങ്ങളിലും പലര്‍ കൂടുന്നിടത്തുമെല്ലാം നടന്നുകൊണ്ടിരിക്കുകയാണ്. വൈവിധ്യമാര്‍ന്ന ധാരാളം കോഴ്‌സുകള്‍ ഇന്നത്തെ വിദ്യാ ര്‍ത്ഥികള്‍ക്ക് ലഭ്യമാണ്. കേരളത്തിലും കേരളത്തിനു പുറ ത്തും ധാരാളം സ്ഥാപനങ്ങളുമുണ്ട്. മിക്കവാറും സ്ഥാപനങ്ങള്‍ പത്രങ്ങളിലൂടെയും ടെലിവിഷനിലൂടെയും ഇന്റര്‍നെറ്റിലൂടെയും മറ്റും തങ്ങളുടെ സ്ഥാപനത്തെയും അവിടെയുള്ള കോഴ്‌സുകളെയും അവിടുത്തെ സൗകര്യങ്ങളെയും ജോലി സാധ്യതകളെയുമെല്ലാം പരിചയപ്പെടുത്തിക്കൊണ്ടിരിക്കുന്നു. പല സ്ഥാപനങ്ങളും പത്രത്തില്‍ അവരുടെ നോട്ടീസ് വച്ച് വീടുകളില്‍ എത്തിക്കുന്നു. ഇതിനു പുറമെ നിരവധി സ്ഥാപനങ്ങള്‍ ഏജന്റുമാരെ വിവിധ സ്ഥലങ്ങളില്‍ വിദ്യാര്‍ത്ഥികളെ ക്യാന്‍വാസ് ചെയ്യാന്‍ നിയോഗിച്ചിരിക്കുന്നു. ഇതിനും പുറമേ കരിയര്‍ ഗൈഡന്‍സ് ക്ലാസുകളും ലഭ്യമാണ്. അനേകം മാതാപിതാക്കള്‍ക്ക് വിവിധ കോഴ്‌സുകളെപ്പറ്റിയും ആ കോഴ്‌സുകള്‍ ലഭ്യമായ സ്ഥാപനങ്ങളെപ്പറ്റിയും അറിവുണ്ട്. അധ്യാപകരും വലിയൊരു പരിധിവരെ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഇതിനും പുറമെ, ഒട്ടനവധി വിദ്യാര്‍ത്ഥികള്‍ക്കും വിവിധ കോഴ്‌സുകളെപ്പറ്റിയും സ്ഥാപനങ്ങളെപ്പറ്റിയും സാമാന്യം നല്ല അറിവുണ്ട്.
ഇങ്ങനെയുള്ള കാരണങ്ങളാല്‍ ധാരാളം വിദ്യാര്‍ത്ഥികള്‍ അവരുടെ അഭിരുചിയും സാമ്പത്തികസ്ഥിതിയുമെല്ലാം അനുസരിച്ച് നല്ല കോഴ്‌സുകളും നല്ല സ്ഥാപനങ്ങളും തിരഞ്ഞെടുത്ത് പഠിച്ച് മിടുക്കരാകുന്നുണ്ട്.
കേരളത്തിലെ അനേകം യുവജനങ്ങള്‍ ജോലി കണ്ടെത്തുന്നതും അനേകം കുടുംബങ്ങള്‍ രക്ഷപെടുന്നതുമായ ഒരു തൊഴില്‍ മേഖലയാണ് നഴ്‌സിംഗ്. വലിയ ബുദ്ധിസാമര്‍ത്ഥ്യം ഇല്ലാത്തവര്‍ക്കും പഠിക്കാവുന്ന കോഴ്‌സ്. വലിയ പണച്ചെലവും ഇല്ല. പഠിച്ചു കഴിഞ്ഞ് ഇറങ്ങിയാലുടന്‍ ജോലി ഉറപ്പ്. ഇതര ഇന്ത്യന്‍ നഗരങ്ങളിലും വിദേശങ്ങളിലും ധാരാളം ജോ ലി സാധ്യത. വിദേശത്ത് ജോലി കിട്ടിയാല്‍ നല്ല ശമ്പളം. ഓവര്‍ടൈം ജോലി ചെയ്‌തുപോലും പണമുണ്ടാക്കാനുള്ള സാധ്യതകള്‍. ശനി, ഞായര്‍ ദിവസങ്ങളിലും മറ്റും ജോലി ചെയ്‌താല്‍ സാധാരണ ദിവസത്തെ വേതനത്തേക്കാള്‍ കൂ ടിയ വേതനം.
ഇങ്ങനെയൊക്കെയാണ് സാഹചര്യങ്ങള്‍. അതിനാല്‍ ധാരാളം വിദ്യാര്‍ത്ഥിനികളും കുറെ വിദ്യാര്‍ത്ഥികളും ആക ര്‍ഷിക്കപ്പെടുന്ന ഒരു മേഖലയാണ് നഴ്‌സിംഗ്. കുടുംബത്തി ലെ ബാധ്യതകള്‍ തീര്‍ക്കുവാനും കുടുംബത്തെ രക്ഷപെടുത്തുവാനും തനിക്കുതന്നെ ഒരു ജീവിതം കെട്ടിപ്പടുക്കുവാനുമെല്ലാം അനേകര്‍ക്ക് കാരണമായതും കാരണമായിക്കൊണ്ടിരിക്കുന്നതും നഴ്‌സിംഗ് പഠനമാണ്. എന്നാല്‍, നഴ്‌സിംഗ് പഠനത്തിന് വേണ്ടത്ര സ്ഥാപനങ്ങളോ സീറ്റുകളോ കേരളത്തില്‍ ഇല്ലായിരുന്നു. നഴ്‌സിംഗിന് വലിയ തിരക്കും ആയിരുന്നു. പ്രീഡിഗ്രി/പ്ലസ്‌ടുവിന് ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി എന്നീ ഗ്രൂപ്പുകള്‍ പഠിച്ചിട്ടുള്ളവര്‍ക്കും 45 ശതമാനമെങ്കിലും മാര്‍ക്ക് വാങ്ങിയവര്‍ക്കും മാത്രമേ നഴ്‌സിംഗ് പഠിക്കാന്‍ കേരളത്തില്‍ അനുവാദം ഉണ്ടായിരുന്നുള്ളൂ. ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി പഠിക്കാത്തവരും ഈ വിഷയങ്ങളില്‍ 45 ശതമാനത്തില്‍ കുറഞ്ഞ മാര്‍ക്ക് നേടിയവരും അതിനാല്‍ നഴ്‌സിംഗ് പഠനത്തിനായി കേരളത്തിനു പുറത്തേക്ക് ഒഴുകി. കേരളത്തിന്റെ അയല്‍സംസ്ഥാനങ്ങളില്‍, ഏത് വിഷയം പഠിച്ചവര്‍ക്കും നഴ്‌സിംഗിനു ചേരാം. മിനിമം മാര്‍ക്കും പ്രശ്‌നമല്ല. കേരളത്തില്‍ ആശുപത്രികളോട് ചേര്‍ന്ന് മാത്രമേ നഴ്‌സിംഗ് സ്‌കൂളുകള്‍ അനുവദിക്കൂ. കാരണം തിയറി മാത്രം പഠിച്ചു നല്ല നഴ്‌സ് ആകാന്‍ പറ്റില്ല. പ്രായോഗികപരിശീലനം കൂടി വേണം. അതിന് നഴ്‌സിംഗ് സ്‌കൂളിനോടനുബന്ധിച്ച് ആശുപത്രി വേണം. എന്നാല്‍, കേരളത്തിനു പുറത്ത് നഴ്‌സിംഗ് സ്‌കൂളിനോടനുബന്ധിച്ച് ആശുപത്രി വേണം എന്ന നിബന്ധന ഉണ്ടോ എന്നറിയില്ല. നിബന്ധന ഉണ്ടെങ്കിലും ഇല്ലെങ്കിലും ധാരാളം സ്‌കൂളുകളോടനുബന്ധിച്ച് ആശുപത്രി ഇല്ല. ആ പ്രദേശത്തുള്ള വലിയ ആശുപത്രികളുമായി പ്രായോഗിക പരിശീലനത്തിന് കരാര്‍ ഉണ്ട് എന്നാണ് ഇത്തരം സ്ഥാപനങ്ങളുടെ അധികാരികള്‍ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ബോധ്യപ്പെടുത്തുന്നത്. ബയോളജി ഗ്രൂപ്പ് പഠിക്കാത്തവര്‍ക്ക് കേരളത്തില്‍ നഴ്‌സിംഗ് പഠിക്കാന്‍ അനുവാദം ഇല്ലാത്തതുകൊണ്ടും നഴ്‌സിംഗ് സ്‌കൂളുകളുടെയും സീറ്റുകളുടെയും എണ്ണം കുറവായതിനാലും അഡ്‌മിഷന്‍ കിട്ടാനുള്ള പ്രയാസംകൊണ്ടും ധാരാളം വിദ്യാര്‍ത്ഥികള്‍ ബി.എസ്.സി/ജനറല്‍ നഴ്‌സിംഗ് പഠനത്തിന് കേരളത്തിന് പുറത്തുള്ള നഴ്‌സിംഗ് സ്‌കൂളുകളില്‍ പോകാന്‍ തുടങ്ങി. സ്ഥാപനത്തിന് അംഗീകാരമുണ്ടോ പ്രായോഗിക പരിശീലനത്തിന് സ്ഥാപനത്തോടനുബന്ധിച്ച് ആശുപത്രി ഉണ്ടോ വേണ്ടത്ര പഠന-താമസ സൗകര്യമുണ്ടോ എന്നൊന്നും നോക്കാതെ കിട്ടിയ സ്ഥാപനത്തില്‍ എത്രയോ പേര്‍ അഡ്‌മിഷന്‍ വാങ്ങി. ഒച്ചയും ബഹളവും ഉണ്ടാക്കിയാല്‍ അടി കിട്ടും അഥവാ സര്‍ട്ടിഫിക്കറ്റ് നല്‍കില്ല എന്നീ കാരണങ്ങളാലും, പിന്നെ കുറച്ച് ഉഴപ്പ് അനുവദിക്കുന്നു എന്നതുകൊണ്ടും പഠിപ്പിച്ചില്ലെങ്കിലും, പഠിച്ചില്ലെങ്കിലും പരീക്ഷ ജയിക്കും എന്നതുകൊണ്ടുമെല്ലാം വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പരാതിയും ഇല്ല. അന്യസംസ്ഥാനങ്ങളിലുള്ള എല്ലാ സംസ്ഥാനങ്ങളും മോശമാണ് എന്നല്ല. മികച്ച അധ്യയനവും നല്ല അച്ചടക്കവും ഉള്ള സ്ഥാപനങ്ങളും ഉണ്ട്. എന്നാല്‍ വിപരീത സ്ഥാപനങ്ങളും ഉണ്ട്. അവയില്‍ ചേര്‍ന്ന് ധാരാളം പേര്‍ക്ക് കളിപ്പ് പറ്റിയിട്ടുണ്ട്. ചില സ്ഥാപനങ്ങള്‍ ചെയ്യുന്നത് കേള്‍ക്കണോ? കോഴ്‌സ് കഴിഞ്ഞ് കുട്ടികള്‍ എവിടെയെങ്കിലും ആശുപത്രി കണ്ടുപിടിച്ച് ആറുമാസം അഥവാ ഒരു വര്‍ഷം പ്രായോഗിക പരിശീലനം നടത്തി, അതിന്റെ സര്‍ട്ടിഫിക്കറ്റ് പഠിച്ച സ്ഥാപനത്തില്‍ കൊണ്ടുപോയി കൊടുത്താലേ സര്‍ട്ടിഫിക്കറ്റ് കിട്ടൂ. അതിനുംപുറമേ, ഇക്കാലഘട്ടത്തിലേക്കും അവര്‍ പഠിച്ച സ്‌കൂളിന് ഫീസ് നല്‍കണം, പഠിപ്പിച്ച സ്ഥാപനം നല്‍കേണ്ട പ്രായോഗിക പരിശീലനം അവര്‍ നല്‍കുന്നില്ല. പക്ഷേ, ആ കാലഘട്ടത്തിലെ ഫീസ് അവ ര്‍ വാങ്ങുന്നു. പരിശീലനത്തിനുള്ള സ്ഥാപനം കണ്ടുപിടിച്ച് പരിശീലനം നേടി സര്‍ട്ടിഫിക്കറ്റ് കൊണ്ടുപോയി കാണിക്കേണ്ടത് വിദ്യാര്‍ത്ഥികളുടെ ബാധ്യത. എങ്ങനെയുണ്ട്? കേരളത്തില്‍ ഇങ്ങനെ വല്ലവരും ചെയ്‌താല്‍ വിദ്യാര്‍ത്ഥികളോ ര ക്ഷിതാക്കളോ സമ്മതിക്കുമോ? ഇങ്ങനെയുള്ള തട്ടിപ്പിനും ചൂഷണത്തിനും വരെ നമ്മുടെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വിധേയമാകുന്നു. പഠനം കഴിഞ്ഞ് പുറത്തുവരുന്ന ധാരാളം വിദ്യാര്‍ത്ഥികള്‍ക്ക് നഴ്‌സിംഗിന്റെ ബാലപാഠങ്ങ ള്‍പോലും അറിയില്ല. പിന്നെ കേരളത്തില്‍ വന്ന് ഏതെങ്കിലും ഹോസ്‌പിറ്റലില്‍ ട്രെയിനിയായി നിന്നാണ് അവര്‍ രോഗീപരിചരണം എങ്ങനെ എന്ന് പ്രായോഗിക പരിശീലനം നേടുന്നത്. അതേസമയം കേരളത്തിലെ സ്‌കൂളുകളില്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ ഉടന്‍തന്നെ ഇന്ത്യയിലെ പ്രശസ്‌ത ആശുപത്രികളില്‍ ജോലിയില്‍ കയറുന്നു. ഇതാണ് സാഹചര്യം. ഈ സാഹചര്യത്തില്‍ കേരള ഗവണ്‍മെന്റ് ഈ വര്‍ഷം ചെയ്‌തിരിക്കുന്ന ചില നല്ല കാര്യങ്ങള്‍ കേരളത്തിന് പുറത്ത് നഴ്‌സിംഗ് പഠനത്തിന് പോകാന്‍ ഒരുങ്ങുന്നവര്‍ ശ്രദ്ധിക്കണം. അവ കുറിക്കട്ടെ.
1. ഈ വര്‍ഷം മുതല്‍ പ്ലസ്‌ടുവിന് ഏത് ഗ്രൂപ്പ് പഠിച്ചവര്‍ക്കും കേരളത്തില്‍ ജനറല്‍ നഴ്‌സിംഗ് പഠിക്കാം. അതിനാല്‍ അയല്‍സംസ്ഥാനങ്ങളിലേക്ക് പോകേണ്ടതില്ല. ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി പഠിച്ച വേണ്ടത്ര വിദ്യാര്‍ത്ഥികളെ കിട്ടാനില്ലെങ്കില്‍, മറ്റ് ഏതു ഗ്രൂപ്പ് പഠിച്ചവരെയും അഡ്‌മിറ്റ് ചെയ്യാം.
2. മിനിമം മാര്‍ക്ക് 45 ശതമാനത്തില്‍നിന്നും 40 ശതമാനമാക്കി കുറച്ചിരിക്കുന്നു.
3. ഇത്രയും കാലം കേരളത്തില്‍ സ്ഥിരതാമസമാക്കിയവര്‍ക്ക് മാത്രമേ കേരളത്തിലെ നഴ്‌സിംഗ് സ്‌കൂളുകളില്‍ പ്രവേശനം ഉണ്ടായിരുന്നുള്ളൂ.
ഈ വര്‍ഷം മുതല്‍ ഇന്ത്യയുടെ ഏത് സംസ്ഥാനത്ത് സ്ഥിരമായി താമസിക്കു ന്ന ആള്‍ക്കും കേരളത്തില്‍ നഴസിംഗിന് പഠിക്കാം.
4. എസ്.സി, എസ്.ടി തുടങ്ങിയ പി ന്നോക്ക വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചുവര്‍ഷത്തെ ഇളവ് ഉണ്ട്.
5. എല്ലാ വിഭാഗക്കാരുടെയും ഉയര്‍ന്ന പ്രായപരിധിയില്‍ ഏതാനും മാസങ്ങളുടെ വര്‍ദ്ധനവ് ഉണ്ട്.
6. കന്യാസ്‌ത്രീകള്‍ക്ക് പലപ്പോഴും- സര്‍ ക്കാര്‍ നിശ്ചയിച്ച ഉയര്‍ന്ന പ്രായപരിധി, നഴ്‌സിംഗിന് ചേരാന്‍ തടസമായിരുന്നു. അവരുടെ ആസ്‌പിരന്‍സി, നൊവിഷ്യേറ്റ്, പഠനം എന്നിവയൊക്കെ കഴിയുമ്പോഴേക്കും ചിലപ്പോള്‍ നഴ്‌സിംഗ് പഠനത്തിനുള്ള പ്രായം കഴിഞ്ഞിരിക്കും. ഈ പ്രാ യോഗിക ബുദ്ധിമുട്ട് പരിഗണിച്ച്, അവരുടെ ഉയര്‍ന്ന പ്രായപരിധി 30 വയസ് ആ ക്കിയിട്ടുണ്ട്.
ഗവണ്‍മെന്റിന്റെ പുതിയ തീരുമാനങ്ങള്‍ തീര്‍ച്ചയായും നഴ്‌സിംഗ് പഠിക്കാനാഗ്രഹിക്കുന്ന അനേകം വിദ്യാര്‍ ത്ഥികള്‍ക്ക് വലിയ അനുഗ്രഹമാണ്. മിനി മം മാര്‍ക്കില്‍ വരുത്തിയ കുറവ്, ഏത് ഗ്രൂ പ്പും പ്ലസ്‌ടു പഠിച്ചവര്‍ക്ക് നഴ്‌സിംഗിനു ചേരാം എന്നുള്ള തീരുമാനം, പ്രായപരിധിയിലെ ഇളവ്, ഏത് സംസ്ഥാനത്തെ സ്ഥിരതാമസക്കാര്‍ക്കും കേരളത്തില്‍ നഴ് സിംഗ് പഠനത്തിന് ചേരാം എന്ന തീരുമാനം എന്നിവയെല്ലാം കേരളത്തിന് പുറത്തുപോയി നിലവാരമില്ലാത്ത, പ്രായോഗിക പരിശീലനത്തിന് ആശുപത്രിയില്ലാ ത്ത നഴ്‌സിംഗ് സ്‌കൂളുകളില്‍ പഠിക്കുന്ന രീതിക്ക് അന്ത്യം വരുത്താന്‍ പര്യാപ്‌തമാണ്. അതിനാല്‍, നഴ്‌സിംഗ് പഠനത്തിന് മക്കളെ വിടാന്‍ ആഗ്രഹിക്കുന്ന രക്ഷിതാക്കളും നഴ്‌സിംഗ് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളും ഇക്കാര്യങ്ങള്‍ അറിഞ്ഞ് തീരുമാനം എടുക്കണം.
മുന്‍ഗാമികള്‍ക്ക് പറ്റിയ അബദ്ധം ഇനി മറ്റുള്ളവര്‍ക്ക് പറ്റരുത്. കടവും ഉണ്ടാക്കി, ലോണും എടുത്ത് അന്യസംസ്ഥാനങ്ങളില്‍ പഠിപ്പിച്ചിട്ട്, ജോലി ചെയ്യാനറിയാതെ മക്കള്‍ തിരിച്ച് വന്ന് കേരളത്തിലെ ആശുപത്രികളില്‍ പ്രതിഫലം ഒന്നുമില്ലാതെ പ്രായോഗിക പരിശീലനത്തിന് നില്‍ക്കു ന്ന അവസ്ഥ ഇനി ഉണ്ടാകരുത്. കേരളത്തിന് പുറത്തു പഠിച്ചാല്‍ ഇംഗ്ലീഷ് നന്നാ കും എന്ന വാദഗതിയും ശരിയല്ല എന്നതിന് അവിടെ പഠിച്ചു വന്നവരുടെ ഇംഗ്ലീ ഷ് തന്നെ ഏറ്റവും വലിയ തെളിവ്.
കേരളത്തിലുണ്ടായ പുതിയ ക്രമീകരണം, അന്യസംസ്ഥാനങ്ങളിലെ ഗുണമേന്മയില്ലാത്ത സ്ഥാപനങ്ങളെ കുറച്ചെങ്കി ലും ബാധിക്കും എന്നുറപ്പ്. ഇതിനെ നേരിടാന്‍ എന്ത് കുതന്ത്രങ്ങള്‍ ആവും അവര്‍ ഉപയോഗിക്കുക എന്നറിയാന്‍ കാത്തിരിക്കേണ്ടിവരും. ഏതായാലും ഗവണ്‍മെന്റ് ഇത്രയും ഔദാര്യം കാണിച്ച സ്ഥിതിക്ക് നഴ്‌സിംഗ് പഠിക്കാനാഗ്രഹിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്കും, രക്ഷിതാക്കള്‍ ക്കും ഇനി അബദ്ധം പറ്റരുത്.
Author : ഫാ. ജോസഫ് വയലില്‍ CMI
വൈദികര്‍ ദൈവസ്‌നേഹം പ്രസംഗിക്കുന്ന കഴുതകള്‍
വൈദികരില്ലാത്ത ഒരു അല്‌മായ സ ഭയോ അല്‌മായരില്ലാത്ത ഒരു വൈദിക സഭയോ ഒരിക്കലും ഉണ്ടാവുകയില്ല. വൈ ദികരും അല്‌മായരും പരസ്‌പരം പൂരകങ്ങളായി പ്രവര്‍ത്തിക്കുമ്പോഴാണ് അത് യേശു സ്ഥാപിച്ച സഭയായിത്തീരുന്നത്. പൗരോഹിത്യത്തിന്റെ മാഹാത്മ്യത്തെ വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി പ്ര കീര്‍ത്തിക്കുന്നതിപ്രകാരമാണ്. ``എല്ലാ മാലാഖമാരുടെയും വിശുദ്ധന്മാരുടെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും ആരാധനാ സ്‌തുതികള്‍ ഒന്നിച്ചു ചേര്‍ന്നാലും ഒരു വൈദികന്‍ സമര്‍പ്പിക്കുന്ന ദിവ്യബലിക്കു തുല്യമാവുകയില്ല.'' ``ഒരു വൈദികനെയും മാലാഖയെയും ഒരുമിച്ചു ക ണ്ടാല്‍ വൈദികനെ അഭിവാദ്യം ചെയ്‌തതിനുശേഷമേ താന്‍ മാലാഖയെ അഭിവാദ്യം ചെയ്യുകയുളളു''വെന്ന വിശുദ്ധ ഫ്രാന്‍സീസ് അസീസിയുടെ വാക്കുകള്‍ പ്രസിദ്ധമാണല്ലോ. സഭയുടെയും സഭാംഗങ്ങളുടെയും ഉന്നതമായ ഈ കാഴ്‌ചപ്പാടുകള്‍ക്കും പ്രതീക്ഷകള്‍ക്കുമൊത്ത് പല വൈദികരും ഉയരാതെ പോകുമ്പോള്‍ ദുഃഖം തോന്നാറുണ്ട്. വൈദികരുടെയും സന്യസ്‌തരുടെയും പാളിച്ചകളെയും അപാകതകളെയും കുറിച്ച് ദിനംപ്രതിയെന്നോണം പത്രമാധ്യമങ്ങളില്‍ പൊടിപ്പും തൊങ്ങലും വെച്ച് പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ലജ്ജിച്ച് തലതാഴ്‌ത്തേണ്ടി വരുന്നു. വൈദികരുടെ തെറ്റുകള്‍ക്കു പിഴയൊടുക്കേണ്ടി വന്ന രൂപതകളെക്കുറിച്ചാണ് ചില വാര്‍ത്തകള്‍. തെറ്റു ചെയ്യുന്ന വൈദികരെ തക്കസമയത്ത് നിയന്ത്രിക്കുകയോ ശിക്ഷണ നടപടികള്‍ എടുക്കുകയോ ചെയ്‌തില്ല എന്നതിന്റെ പേരില്‍ പല വൈ ദിക മേലധ്യക്ഷന്മാര്‍ക്കും രാജി വയ്‌ക്കേണ്ടി വന്നിട്ടുണ്ട്. വൈദികരുടെ ഭാഗത്തുനിന്നുണ്ടായ തെറ്റുകളുടെ പേരില്‍ പല രാജ്യങ്ങളിലെയും ജനങ്ങളോട് മാര്‍പാപ്പ യ്‌ക്ക് സമാധാനം പറയേണ്ടതായും വന്നിട്ടുണ്ട്. സഭാ ശത്രുക്കള്‍ ഇവയെല്ലാം ശ രിക്കു മുതലെടുക്കുമ്പോള്‍ സഭാംഗങ്ങളുടെ വിശ്വാസത്തെ ഇവ ഒരു പരിധിവരെ പിടിച്ചു കുലുക്കുന്നുണ്ട്. ഒരിക്കലും കരകയറാന്‍ പറ്റാത്ത വിധത്തില്‍ വൈദിക ജീവിതാന്തസു തന്നെ ദുഷിച്ചു പോയെ ന്നു പലരും ചിന്തിച്ചു പോയേക്കാം. വൈ ദികരില്ലെങ്കില്‍ സഭയില്ല.
വിശുദ്ധ ജോണ്‍ മരിയ വിയാനി പഠിപ്പിക്കുന്നതിപ്രകാരമാണ്. തിരുപ്പട്ടം ഇല്ലായിരുന്നുവെങ്കില്‍ കര്‍ത്താവ് നമ്മോടു കൂടെ ഉണ്ടാകുമായിരുന്നില്ല. ഈ സക്രാരിയില്‍ കര്‍ത്താവിനെകൊണ്ടു വച്ചതാരാണ്? വൈദികന്‍. നിങ്ങളുടെ ആത്മാവ് ലോകത്തിലേക്ക് പ്രവേശിച്ചപ്പോള്‍ അതിനെ സ്വീ കരിച്ചതാരാണ്? വൈദികന്‍. അതിനെ പരിപോഷിപ്പിക്കുന്നതും തീര്‍ത്ഥയാത്രയില്‍ ബലപ്പെടുത്തുന്നതും വൈദികനാണ്. അവസാനം കര്‍ത്താവായ യേശുവി ന്റെ രക്തത്തില്‍ കഴുകി ദൈവതിരുമുമ്പിലെത്തുന്നതിനു അതിനെ തയ്യാറാക്കുന്നതും ആത്മാവ് മരിക്കുകയാണെങ്കില്‍ അതിനെ വീണ്ടും ഉയര്‍ ത്തി അതിനു ശക്തിയും സമാധാനവും നല്‍കുന്നതും വൈ ദികനാണ്. ഒരു വൈദികന്റെ രൂപം ഓര്‍മ്മയില്‍ വരാതെ ദൈവത്തിന്റെ ഏതെങ്കിലും അനുഗ്രഹം ലഭിച്ചതായി നിങ്ങള്‍ക്ക് ഓര്‍ക്കാനാവില്ല.
എക്കാലത്തേയുംപോലെ ഇന്നും പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഒന്നാണ് പൗരോഹിത്യം. അന്ത്യത്താഴ വേളയില്‍തന്നെ ആരംഭിച്ചതാണ് ഈ പ്രതിസന്ധി. അന്ന് 12 ശിഷ്യന്മാര്‍ക്കാണു യേശു പുരോഹിതന്മാരായിത്തീരുവാനുളള കൃപ നല്‍കിയത്. സ്‌നേഹത്തോടെ ക്രിസ്‌തുവിനെ ഉള്‍ക്കൊ ണ്ട് 11 പേരും ക്രിസ്‌തുവായി രൂപാന്തരപ്പെട്ടു. എന്നാല്‍ വെറുപ്പോടെ ക്രിസ്‌തുവിനെ ഉള്‍ക്കൊണ്ട യൂദാസ് സാത്താനായി രൂപാന്തരപ്പെട്ടുവെന്നാണ് സുവിശേഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
പൗരോഹിത്യത്തിനു കളങ്കം വരുത്തുന്നവരുടെ തെറ്റുകള്‍ നിസാരങ്ങളാണെന്നു പറഞ്ഞ് എഴുതിത്തളളാന്‍ ശ്രമിക്കുകയല്ല. ഇതിനിടയ്‌ക്കുളള ഒരു വലിയ ശതമാനം വൈദികരുടെ ജീവിത വിശുദ്ധിയെയും നിസ്വാര്‍ത്ഥമായ സേവനങ്ങളെയും നാം വിസ്‌മരിക്കുന്നില്ലേ? ബലഹീനതമൂലം തെറ്റിലുള്‍പ്പെടുന്നവരുണ്ട്. യൂദാസിനെപ്പോലെ ഹൃദയ കാഠിന്യം നിമിത്തം പൗരോഹിത്യത്തെ കളങ്കപ്പെടുത്തുന്നവരുമുണ്ട്. എന്നാല്‍ ഇതിന്റെ ഫലമായുണ്ടാകുന്ന അപമാനവും പീഡനവും സഹിക്കുന്നത് എപ്പോഴും ഭൂരിപക്ഷം വരുന്ന നല്ല വൈദികരാണ്.
അടിസ്ഥാന രഹിതങ്ങളായ ആരോപണങ്ങള്‍ക്കു വിധേയരായി മനംനൊന്തു കഴിയുന്ന നല്ല വൈദികരും ധാരാളമുണ്ട്. കുരിശുകള്‍ സഹിക്കാനുളള സന്നദ്ധതയോടു കൂടിതന്നെയാണ് ഞങ്ങള്‍ വൈദികരായത്. അതുകൊണ്ട് ഞങ്ങള്‍ ഒരിക്കലും പരാതിപറയാന്‍ പാടില്ല.
പലരും വൈദികര്‍ സ്‌നേഹിക്കുന്നതു കൊണ്ടാണ്, വെറുക്കുന്നതു കൊണ്ടല്ല അവരുടെ കുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. വൈദികാന്തസിനെക്കുറിച്ചും പൊതുവില്‍ ഇ വര്‍ക്കുളള സങ്കല്‌പങ്ങള്‍ വളരെ ഉന്നതങ്ങളാണ്. വൈദികരുടെ പ്രവര്‍ത്തന ശൈലിയും ജീവിതരീതിയും ഉന്നതമായ ഇവരുടെ പ്രവര്‍ത്തന സങ്കല്‍പ്പങ്ങളുമായി പൊരുത്തപ്പെടാതെ പോകുമ്പോഴുണ്ടാകുന്ന വേദനകൊണ്ടാണ് ഇക്കൂട്ടര്‍ പലപ്പോഴും വൈദികര്‍ക്കെതിരായി പ്രതികരിക്കുന്നത്.
ഒരു ചെറിയ ഭാഗം വൈദികരുടെ പാളിച്ചകളെ ചൊല്ലി വൈദി ക സമൂഹത്തെ മുഴുവനും അടച്ച് ആക്ഷേപിക്കുന്നതില്‍ ന്യായമില്ലെങ്കിലും അതും സാധാരണ ഗതിയില്‍ സ്വാഭാവികമെന്നേ ഞാന്‍ പറയുകയുളളൂ. ഒരു വലിയ വെളളക്കടലാസെടുത്ത് അതില്‍ ചെറിയ ഒരു കറുത്ത പുളളിയിട്ട് ഇതെന്താണെന്നു ചോദിച്ചാല്‍ കറുത്ത പുളളിയാണെന്നേ എല്ലാവരും പറയൂ. ആ കറുത്ത പുളളിക്ക് ചുറ്റുമുളള കടലാസിന്റെ വെണ്മയേറിയ ഭാഗങ്ങള്‍ ആരും കാണാതെ പോകുന്നു. ഇതുപോലെ ഭൂരിപക്ഷം വരുന്ന വൈദികരുടെ നിസ്വാര്‍ത്ഥവും നിസ്‌തുലവുമായ സേവനങ്ങളെക്കാളുപരി പലപ്പോഴും സമൂഹത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്നത് ഒരു ചെറിയകൂട്ടം വൈദികര്‍ നല്‍കുന്ന ഉതപ്പുകളും ദുര്‍മാതൃകകളുമാണ്.
ചുരുക്കം ചില വൈദികര്‍ വരുത്തി വയ്‌ക്കുന്ന വിക്രിയകള്‍ക്ക് ഞങ്ങളാരും ഉത്തരവാദികളല്ല എന്നു പറഞ്ഞ് വൈദികര്‍ക്കാര്‍ക്കും ഒഴിഞ്ഞു മാറുവാന്‍ സാധിക്കില്ല. കാരണം ഒരേ ഒരു പൗരോഹിത്യമേയുളളൂ. ക്രിസ്‌തുവിന്റെ നിത്യ പൗരോഹിത്യം. കുടുംബബന്ധങ്ങളേക്കാള്‍ ആഴമേറിയതാണ് ക്രിസ്‌തുവിന്റെ ഈ പൗരോഹിത്യത്തില്‍ പങ്കുചേരുന്ന വൈദികര്‍ തമ്മിലുളള ബന്ധം. അതുകൊണ്ട് കുടുംബത്തിലൊരാള്‍ വരുത്തി വയ്‌ക്കുന്ന അപമാനത്തിന്റെ ദുരന്ത ഫലങ്ങള്‍ കുടുംബാംഗങ്ങളെല്ലാം അനുഭവിക്കുന്നതുപോലെ ഏതാനും ചില വൈദികര്‍ വരുത്തിവയ്‌ക്കുന്ന അപമാനം എല്ലാ വൈദികരും സഹിച്ചേ മതിയാകൂ. വൈദികരായ ഞങ്ങളൊക്കെ ഒരു വിധത്തില്‍ പറഞ്ഞാല്‍ ദൈവത്തെക്കുറിച്ചും ദൈവസ്‌നേഹത്തെക്കുറിച്ചും പാപത്തെക്കുറിച്ചും മാനസാന്തരത്തെക്കുറിച്ചും പ്രസംഗിക്കുന്ന കഴുതകളാണ്.
ദൈവവിളി പ്രോത്സാഹിപ്പിക്കേണ്ടത് സഭാംഗങ്ങളുടെ മുഴുവന്‍ കൂട്ടുത്തരവാദിത്വമാണ്. വിശുദ്ധരായ വൈദികര്‍ വേണമെന്നു ശഠിക്കുന്ന നിങ്ങള്‍, നിങ്ങളുടെ കുടുംബത്തിലും സമൂഹത്തിലും നല്ല ദൈവവിളികള്‍ പ്രോത്സാഹിപ്പിക്കുവാനും പരിപോഷിപ്പിക്കുവാനും എന്തു ചെയ്യുന്നുവെന്ന് ചിന്തിക്കണം. പൗരോഹിത്യം ദൈവ സ്ഥാപിതമാണ്. ലോകാവസാനം വരെ പൗരോഹിത്യ ധര്‍മ്മം നിര്‍വ്വഹിക്കപ്പെടുക തന്നെ ചെയ്യും. വെറും സാധാരണ മീന്‍ പിടുത്തക്കാരും ചുങ്കക്കാരുമാണ് യേശുവിനെ അനുഗമിച്ചത്. സാധാരണക്കാരെ തിരഞ്ഞെടുക്കേണ്ടി വന്നതില്‍ യേശു ലജ്ജിക്കുകയല്ല നേരെ മറിച്ച് അഭിമാനിക്കുകയും ദൈവപിതാവിനെ സ്‌തുതിക്കുകയുമാണ് ചെയ്യുന്നത്. സ്വയം എന്തോ ആണെന്നു ഭാവിച്ചുകൊണ്ട് പൗരോഹിത്യ ധര്‍മ്മത്തെ വില കുറഞ്ഞ കഴുതപ്പണിയായി കണക്കാക്കുന്നവരെ പൗലോസ് അപ്പസ്‌തോലന്‍ ഇപ്രകാരം ഒരു ആത്മപരിശോധിനയ്‌ക്കായി ക്ഷണിക്കുന്നു. സഹോദരരേ, നിങ്ങള്‍ക്ക് ലഭിച്ച ദൈവവിളിയെപ്പറ്റി ചിന്തിക്കുവിന്‍. ലൗകിക മാനദണ്‌ഡങ്ങള്‍ അനുസരിച്ച് നിങ്ങളില്‍ ബുദ്ധിമാന്‍മാര്‍ അധികമില്ല. ശക്തരും കുലീനരും അധികമില്ല. എങ്കിലും വിജ്‌ഞാനികളെ ലജ്ജിപ്പിക്കുവാന്‍ ലോകദൃഷ്‌ടിയില്‍ ഭോഷന്മാരായവരെ ദൈവം തിരഞ്ഞെടുത്തു. ശക്തമായവയെ ലജ്ജിപ്പിക്കുവാന്‍ ലോകദൃഷ്‌ടിയില്‍ അശക്തമായവയെയും നിലവിലുള്ളവയെ നശിപ്പിക്കുവാന്‍ വേണ്ടി ലോകദൃഷ്‌ടിയില്‍ നിസാരങ്ങളായവയെയും അവഗണിക്കപ്പെട്ടവയെയും ഇല്ലായ്‌മയെ തന്നെയും ദൈവം തിരഞ്ഞെടുത്തുവെന്നുള്ളത് മറക്കാതിരിക്കുക.
(അഞ്ചുതെങ്ങ് ഫെറോന വൈദിക വര്‍ഷാചാരണത്തിനു പരിസമാപ്‌തി കുറിച്ചുകൊണ്ട്
Wednesday, June 2, 2010
സഭയും കേരളാ കോണ്‍ഗ്രസുകളും തമ്മിലെന്ത്?
മാണി കേരളയുടെയും ജോസഫ് കേരളയുടെയും ലയനത്തെ സംബന്ധിച്ചു മാധ്യമങ്ങളില്‍ വന്ന വ്യാഖ്യാനാത്മക വാര്‍ത്തകള്‍ ഈ ലയനത്തേക്കാള്‍ വലിയ തമാശയായിരുന്നു. തമാശയെ കാര്യമായി കരുതി, പിണറായിസ്റു നേതാക്കള്‍ നട ത്തിയ പ്രതികരണങ്ങളാണു സൂപ്പര്‍ തമാശ. ലയനത്തില്‍ കത്തോലിക്കാസഭ നടത്തിയ ഇടപെടലിനെക്കുറിച്ചു പിണറായി രോഷം കൊള്ളുന്നതു കാണുമ്പോള്‍ ചിലര്‍ക്കു പൊട്ടിപ്പൊട്ടി ചിരിക്കാതെ വയ്യ. "അയ്യേ, പറ്റിച്ചേ!'' എന്ന ഭാവത്തോടെയാണ് ആ ചിരി. സഭയാണ് ഇതിനെല്ലാം പിന്നില്‍ എന്നു പറഞ്ഞുണ്ടാക്കിയവര്‍ക്കും പറഞ്ഞു പരത്തിയവര്‍ക്കും ഇപ്പോള്‍ ചിരിക്കാവുന്നതാണ്. സംഗതി ഏറ്റല്ലോ.
മാണിയെയും ജോസഫിനെയും മാനസാന്തരപ്പെടുത്താനും മാത്രം പ്രാപ്തി കേരള കത്തോലിക്കാസഭയ്ക്കുണ്ടായിരുന്നെങ്കില്‍ മറ്റെന്തെല്ലാം നന്മകള്‍ ഇവിടെ സംഭവിക്കുമായിരുന്നില്ല! അത്രയ്ക്കൊന്നും ഈ സഭയോ ഇതിന്റെ നേതാക്കളോ ആയിട്ടില്ല എന്നുള്ളതാണു വാസ്തവം. ഏയ്, അതല്ല, ഈ സഭ ഒരു വലിയ സംഭവം തന്നെയാണ് എന്ന പൊങ്ങച്ചസഞ്ചി സഭയ്ക്കു മേല്‍ വച്ചുകെട്ടുകയാണ് പ്രഖ്യാപിത സഭാശത്രുക്കള്‍.
പിതാക്കന്മാര്‍ പറഞ്ഞിട്ടാണു ലയിക്കുന്നതെന്നു സദ യം വെളിപ്പെടുത്തിയതു ശ്രീമാന്‍ ജോസഫ് തന്നെയാണെന്നാണു എഴുത്തുകുത്ത്. ജോസഫ് അനൌദ്യോഗി കമായി പറഞ്ഞതാണത്രെ. ജോസഫിന്റെ ഈ വാക്കുകള്‍(മാത്രം) മാധ്യമപ്രവര്‍ത്തകര്‍ കണ്ണുമടച്ചു വിശ്വസിച്ചു. മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞതു പിണറായിസ്റുകളും വിശ്വസിച്ചു. ജോസഫിന്റെ വിശ്വാസ്യത വാഴ്ക, മാധ്യമങ്ങളുടെ വിശ്വാസ്യതയും വാഴ്ക. മറ്റ് അവസരങ്ങളില്‍ ജോസഫുമാര്‍ പറയുന്നതൊന്നും ഇക്കൂട്ടര്‍ ഇപ്രകാരം തൊണ്ട തൊടാതെ വിഴുങ്ങാറില്ല.
മാണിയും ജോസഫും ഇപ്പോള്‍ ലയിച്ചത് പിതാക്കന്മാര്‍ പറഞ്ഞിട്ടാണെങ്കില്‍ പണ്ടു പിളര്‍ന്നതും പിതാക്ക ന്മാര്‍ പറഞ്ഞതനുസരിച്ചായിരിക്കുമോ? ആ, ആര്‍ക്കറിയാം. ഇപ്പോള്‍ ജോസഫിനെ ഇടതുമുന്നണിയില്‍ നിന്നു കൊണ്ടു പോന്നപ്പോള്‍ അതില്‍ നിന്നൊരു ചെറുതോമസിനെ പിളര്‍ത്തി അവിടെ തന്നെ ഇട്ടിട്ടു പോന്ന തും പിതാക്കന്മാരുടെ കളിയാണെന്നത്രെ ഒരു ലേഖകന്‍ വിളമ്പിയിരിക്കുന്നത്. ഇനി ഇടതുമുന്നണി അധികാരത്തില്‍ വരുമ്പോള്‍ ഒരു കഴഞ്ച് തോമസ് അവിടെയുള്ള തു കാര്യസാദ്ധ്യത്തിനുപകരിക്കും എന്നു പിതാക്കന്മാര്‍ കരുതുന്നുവത്രെ. ഈ പിതാക്കന്മാരുടെ ഒരു കാര്യം!
പക്ഷേ പിതാക്കന്മാരുടെ ഈ കളി മനസ്സിലാക്കാതെ തോമസിന്റെ കഷണത്തെ മുന്നണിയില്‍ തന്നെ നിറുത്തുന്ന ഇടതുമുന്നണിയുടെ നടപടി ദുരൂഹമായിരിക്കുന്നു. കളി മനസ്സിലിരിക്കട്ടെ എന്നു പറഞ്ഞ് ആ 'തന്ത്രപരമായ കഷണ'ത്തെ കൂടി ചവിട്ടി പുറത്തിടുകയല്ലേ സഭയെ എതിര്‍ക്കുന്നവര്‍ ചെയ്യേണ്ടത്? പക്ഷേ അവിടെ പത്രലേഖകന്റെ വാക്കുകള്‍ക്കു പിണറായിസ്റുകള്‍ അത്ര വിശ്വാസ്യത കല്‍പിക്കുന്നില്ലെന്നു തോന്നുന്നു. "അത്രയ്ക്കു കാറ്റു വേണ്ട'' എന്നു ശ്രീനിവാസന്‍ വടക്കുനോക്കുയന്ത്രത്തില്‍ പറയുന്നതുപോലെ.
ഇതിനിടെ ലയനത്തിനായി തങ്ങള്‍ അരമനകളിലൊന്നും കയറിയിട്ടില്ലെന്നും പിതാക്കന്മാരുടെ അനുമതി ചോദിച്ചിട്ടില്ലെന്നും മാണി പരസ്യമായി പറയുകയുണ്ടായി. പക്ഷേ അതാരും വിശ്വസിച്ചതായി കാണുന്നില്ല. മാണി പറയുന്നതൊന്നും വിശ്വസിക്കാന്‍ കൊള്ളാത്തതുകൊണ്ടാണോ അത്? അല്ല. പിതാക്കന്മാര്‍ പറഞ്ഞിട്ടാണു തങ്ങള്‍ ലയിക്കുന്നത് എന്നാണു മാണി പറഞ്ഞതെന്നു കരുതുക. അപ്പോള്‍ ചിത്രം മാറും. ആ പറഞ്ഞതു പൂര്‍ണമായും വിശ്വസിക്കും. നമുക്കാവശ്യമുള്ളതു പറയുമ്പോള്‍ വിശ്വസിക്കുക, അല്ലാത്തത് അവിശ്വസിക്കുക. അപ്പോഴാണു നമ്മുടെ വിശ്വാസം നമ്മെ രക്ഷിക്കുക!
ലയനത്തില്‍ സഭയ്ക്കുള്ള പങ്കിനെ പറ്റി സഭ പ്രതികരിക്കണം, സഭ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് അപകടകരമാണ് എന്നിങ്ങനെയെല്ലാം പിണറായി കവലകള്‍ തോറും പറഞ്ഞുകൊണ്േടയിരിക്കുകയാണ്. വാസ്തവത്തില്‍ ആരോപണമുയര്‍ന്നപ്പോള്‍ തന്നെ സഭ ഔദ്യോഗികമായി പ്രതികരിച്ചിരുന്നു, സഭ ഇക്കാര്യത്തില്‍ ഇടപെട്ടിട്ടില്ലെന്ന്. സഭയ്ക്ക് ഇക്കാര്യത്തില്‍ പ്രത്യേക താത്പര്യമില്ലെന്നും. പക്ഷേ അതു കേള്‍ക്കാതെ, പിണറായി പിന്നെയും പ്രതികരണത്തിനായി ചോദിച്ചുകൊണ്േടയിരിക്കുകയാണ്. ഇനി എങ്ങിനെ പറഞ്ഞാലാണു പിണറായി കേള്‍ ക്കുക? പിണറായിയുടെ പ്രിയപ്പെട്ട അദ്ധ്യാപകനായിരുന്ന എം.എന്‍. വിജയന്‍മാസ്റര്‍ പറഞ്ഞതു പോലെ "കേള്‍ക്കുന്ന ഭാഷ''യില്‍ പറയണോ? അതായതു പാഠം ഭാഷ. പല തവണ പറഞ്ഞിട്ടും കേള്‍ക്കാതാകുമ്പോള്‍ പിടിച്ചു ചെകിട്ടത്തൊന്നു കൊടുത്തിട്ടു പറയുക, അപ്പോള്‍ കേള്‍ക്കും എന്നാണു വിജയന്‍ മാഷ് ഈ ഭാഷയെ നിര്‍വചിച്ചത്. പക്ഷേ, ആ ഭാഷ പറയാനുള്ള ആരോഗ്യം പ്രൊഫ. സുധീഷിനെ പോലെ സഭാവക്താവിനുണ്െടന്നു തോന്നുന്നില്ല.
മാധ്യമപ്രവര്‍ത്തകരെക്കുറിച്ച് ഈയിടെ മന്ത്രി പാലോളി മുഹമ്മദ് കുട്ടി പറഞ്ഞത് പിറവിയിലേ പിഴവു പറ്റിയവര്‍ എ ന്നാണ്. പാലോളി ഉദ്ദേശിച്ചതു ബാസ്റഡ്സ് എന്നാണെന്നു മാധ്യമപ്രവര്‍ത്തകര്‍ക്കു തിരിഞ്ഞിട്ടുണ്ട്. അത്രത്തോളം അനര്‍ ത്ഥം അര്‍ത്ഥമാക്കാതെ പറയട്ടെ, പിറവിയിലേ പിഴവു പറ്റിയ ഒരു പാര്‍ട്ടിയാണു കേരളാ കോണ്‍ഗ്രസ്. അതുകൊണ്ടാണ് അതു വളരുന്തോറും പിളരുകയും പിളരുന്തോറും തളരുക യും തളരുന്തോറും തകരുകയും ചെയ്യുന്നത്. അഴിമതി, സ്വജനപക്ഷഭേദം, കാലുവാരല്‍, കാലുമാറ്റം, കുതികാല്‍വെട്ട് തുടങ്ങിയ ചീഞ്ഞ കഥകളില്‍ കഥാപാത്രങ്ങളാകാത്ത നേതാക്കന്മാര്‍ ഈ പാര്‍ട്ടികളില്‍ ഏറെയില്ല. ഈ കക്ഷികളുടെ കര്‍മാകര്‍മങ്ങളുടെ പിതൃത്വം സഭാപിതാക്കന്മാരില്‍ ആരോപിക്കുന്നതു നല്ലതല്ല. അതിന്റെ പിതൃത്വമേറ്റവരെ പോലെ പെരുമാറുന്നതു പിതാക്കന്മാര്‍ക്കും ഗുണകരമായിരിക്കില്ല, അങ്ങി നെ പെരുമാറുന്നവരുണ്െടങ്കില്‍. സഭയ്ക്കു സഭയുടെ വഴി, കേരളാ കോണ്‍ഗ്രസുകള്‍ക്കു അവയുടെയും.
തന്റെ കുറുമ്പുകളുടെ ഉത്തരവാദിത്വം മാതാപിതാക്കളി ലും അദ്ധ്യാപകരിലും കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്ന വികൃതിപ്പയ്യന്മാരെ പോലെ, പിതാവു പറഞ്ഞിട്ടാണു ഞാനിതെല്ലാം ചെയ്തതെന്നു ഒരു രാഷ്ട്രീയക്കാരന്‍ പറയുമ്പോള്‍ മറ്റൊരു രാഷ്ട്രീയക്കാരന്‍ അതു വിശ്വസിക്കുന്നതായി നടിച്ചു പ്രസ്താവനകളുമായി ഇറങ്ങുന്നതു മനസ്സിലാക്കാം. രണ്ടും രാഷ്ട്രീയക്കാരാണല്ലോ. പക്ഷേ ഉത്തരവാദപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍, പഠിക്കാത്ത കുട്ടികള്‍ എഴുതുന്ന ഉപന്യാസത്തെ പോലെ, ഗ്യാസ് നിറഞ്ഞ ലയനോപന്യാസങ്ങള്‍ എഴുതി വിടുന്നതു പരിഹാസ്യമാണ്. വിവിധ വാരികകളില്‍ ഇത്തരം സൃഷ്ടികള്‍ ഇക്കഴിഞ്ഞയാഴ്ചകളില്‍ ധാരാളം കണ്ടു. സഭ യും പിതാക്കന്മാരും ഇടപെട്ടു എന്നല്ലാതെ ആര,് എവിടെ, എങ്ങിനെ, എപ്പോള്‍ ഇടപെട്ടു എന്നതിനെക്കുറിച്ചു തെളിവു നല്കുന്നതു പോയിട്ട് വെറും ഊഹാപോഹമായിട്ടെങ്കിലും എന്തെങ്കിലും പറയാന്‍ ഈ ലേഖകര്‍ക്കാര്‍ക്കും സാധിച്ചിട്ടില്ല. മറ്റവസരങ്ങളിലെല്ലാം മാധ്യമപ്രവര്‍ത്തകരുടെ പിതൃത്വം ചോദ്യം ചെയ്യാനും നില വിട്ടു പെരുമാറുമെന്നു ഭീഷണിപ്പെടുത്താനും തുനിയുന്ന നേതാക്കള്‍ ഇക്കാര്യത്തില്‍ മാത്രം അവരുടെ "സ്റോറികള്‍'' കണ്ണുമടച്ചു വിശ്വസിക്കുന്നതും പരിതാപകരമായിരിക്കുന്നു.
വിരാമതിലകം: ലയിച്ചുണ്ടാകുന്ന പുത്തന്‍ കേരളാ കോണ്‍ഗ്രസിനു ചെയര്‍മാന്‍, വര്‍ക്കിംഗ് ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, ഡെപ്യൂട്ടി ചെയര്‍മാന്‍, അമ്പതില്‍ പരം ജനറല്‍ സെക്രട്ടറിമാര്‍, കോഓര്‍ഡിനേറ്റര്‍മാര്‍ എന്നീ ഭാരവാഹികളും സഹസ്രാംഗ സംസ്ഥാനകമ്മിറ്റിയും ഉണ്ടായിരിക്കും. കേരളാ കോണ്‍ഗ്രസ് യോഗത്തില്‍ ഭാരവാഹികള്‍ ഓഡിറ്റോറിയത്തിലും അണികള്‍ സ്റേജിലും ഇരിക്കുന്ന പുതിയൊരു തരം രീതിയും ആലോചിക്കുന്നുണ്ട്. അദ്ധ്വാനവര്‍ഗസിദ്ധാന്തം പോലെ ആലോചനാമൃതം.
Author : ലേഖാറോസ്