രാഷ്ട്രീയത്തിലെ ധാര്‍മികതയെക്കുറിച്ചു പഠിപ്പിക്കുന്ന, ലോകത്തിലെ ഏറ്റവും വലിയ ഗുരുനാഥയാണു സഭ. സംസ്കാരം, സമ്പദ്ഘടന തുടങ്ങി സാമൂഹികജീവിതത്തിന്റെ മറ്റ് ഏതു മണ്ഡലത്തിലുമെന്നതുപോലെ രാഷ്ട്രീയരംഗത്തും പാലിക്കപ്പെടേണ്ട സദാചാരത്തെക്കുറിച്ച്, നീതിയെക്കുറിച്ച്, സഭ സ്വന്തം മക്കളെ പഠിപ്പിക്കുന്നു. ആ പ്രബോധനം സഭയ്ക്കു പുറത്തുള്ള നാനാമതസ്ഥരായ സഹോദരങ്ങള്‍ക്കും രാഷ്ട്രീയമാര്‍ഗ ദര്‍ശനമാകുന്നു – ‘രാഷ്ട്രീയം’ എന്ന പദത്തിന്റെ ശരിയായ അര്‍ത്ഥത്തില്‍. എന്താണ് ആ രാഷ്ട്രീയം?
മെയ് 21-ന് അല്‍മായര്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൌണ്‍സിലിന്റെ സമ്പൂര്‍ണ സമ്മേളനത്തെ അഭിസംബോധന ചെയ്ത് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പറഞ്ഞു: “ആദര്‍ശങ്ങളും താല്‍പര്യങ്ങളും തമ്മില്‍ സമതുലിതാവസ്ഥ വരുത്തുന്ന സങ്കീര്‍ണകലയാണു രാഷ്ട്രീയം.” വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ഗ്രൂപ്പുകള്‍ക്കും സമുദായങ്ങള്‍ക്കും തൊഴില്‍ വിഭാഗങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിവിധ താല്‍പര്യങ്ങളുണ്ട്. ഈ താല്‍പര്യങ്ങള്‍ പൊരുത്തപ്പെടുത്തണമെങ്കില്‍, അവയോരോന്നും ചില അടിസ്ഥാനാദര്‍ശങ്ങളുമായി രഞ്ജിപ്പിച്ചുകൊണ്ടുവരണം. ഈ ആദര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി സാമൂഹിക, സാമ്പത്തിക, സാംസ്കാരിക കാര്യങ്ങളിലെന്നപോലെ രാഷ്ട്രീയകാര്യങ്ങളിലും ധാര്‍മിക വിലയിരുത്തലും വിധിയെഴുത്തും നടത്തുകയാണ് സഭയുടെ സാമൂഹിക പ്രബോധനം ചെയ്യുന്നത്. അതിനെയും ‘രാഷ്ട്രീയ ഇടപെടല്‍’ എന്നാണ് ആരെങ്കിലും വിളിക്കുന്നതെങ്കില്‍ ആ വിളി കേട്ട് സഭ സ്വകര്‍ത്തവ്യത്തില്‍നിന്നു പിന്‍വാങ്ങുകയില്ല. രാഷ്ട്രീയത്തിലെ ധാര്‍മ്മികവിലയിരുത്തലിനും വിധിയെഴുത്തിനും സഭ ആധാരമാക്കുന്ന മുഖ്യ ആദര്‍ശങ്ങള്‍ ഏവയാണ്? ദൈവച്ഛായയില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യവ്യക്തിയുടെ അന്തസ്സ്, ജനങ്ങള്‍ക്കിടയിലും ജനതകള്‍ തമ്മിലുമുള്ള ഐക്യദാര്‍ഢ്യം, ചെറിയ ഘടകങ്ങള്‍ക്കു ചെയ്യാനാവുന്നത് അവയെത്തന്നെ ഏല്‍പിക്കുന്ന അധീശാധികാരവ്യവസ്ഥ എന്നിവയാണ് അവ. ഈ വിലയിരുത്തലും വിധിയെഴുത്തും എപ്പോഴാണ് സഭ നടത്തുക? രണ്ടാം വത്തിക്കാന്‍ സൂനഹദോസ് അതു പറയുന്നുണ്ട്: മനുഷ്യന്റെ മൌലികാവകാശങ്ങളോ ആത്മാക്കളുടെ രക്ഷയോ അതാവശ്യപ്പെടുമ്പോള്‍ (cf. സഭ ആധുനികലോകത്തില്‍, നമ്പര്‍ 76). ഇതിനു കൈക്കൊള്ളാവുന്ന മാര്‍ഗങ്ങളോ? അതേക്കുറിച്ചു സൂനഹദോസ് പറയുന്നത് “ഇതിനു സഭ സ്വീകരിക്കുന്ന മാര്‍ഗം – ഒരേയൊരു മാര്‍ഗം – സുവിശേഷത്തിനും സ്ഥലകാല സാഹചര്യങ്ങളുടെ വൈവിധ്യമനുസരിച്ചുള്ള പൊതുനന്‍മയ്ക്കും യോജിച്ചതായിരിക്കണം” എന്നാണ്. ഈ സൂനഹദോസ് പ്രബോധനത്തിന്റെ അന്തസ്സത്തയോടു പൂര്‍ണമായും ഇണങ്ങിയാണ് ഭൌതിക – നിരീശ്വര പ്രലോഭനങ്ങളെ അതിജീവിക്കുവാന്‍ ആഹ്വാനം ചെയ്തുകൊണ്ട് കേരളത്തിലെ കത്തോലിക്കാ മെത്രാന്‍മാര്‍ 2008 ജനുവരി 20-നു സംയുക്ത ഇടയലേഖനം പുറപ്പെടുവിച്ചത്.
അതിനുശേഷം ഇന്നോളം അഭിവന്ദ്യപിതാക്കന്‍മാര്‍ ഒറ്റയ്ക്കോ കൂട്ടായോ രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചു നടത്തിയിട്ടുള്ള വിലയിരുത്തലുകളും പരാമര്‍ശങ്ങളും ആ സന്ദേശത്തിന്റെ വിപുലീകരണങ്ങളോ സംഗ്രഹങ്ങളോ ആണ്. അതു സഭയുടെ പൊതുവായ സന്ദേശമാണ്. പൊതുജീവിതത്തിന്റെ ഏതെങ്കിലും മേഖലയില്‍ കത്തോലിക്കരുടെ മേധാവിത്വം സ്ഥാപിക്കുന്നതോ കത്തോലിക്കാ വ്യക്തികളുടെ സങ്കുചിതമായ ഏതെങ്കിലും താല്‍പര്യങ്ങള്‍ ഉറപ്പിക്കുന്നതോ കത്തോലിക്കാ സ്ഥാപനങ്ങള്‍ക്ക് അനര്‍ഹമായതെന്തെങ്കിലും നേടിയെടുക്കുന്നതോ മുന്‍നിറുത്തിയല്ല, കേരളീയ സമൂഹത്തിന്റെ പൊതുനന്‍മയും ആത്മാക്കളുടെ രക്ഷയും മുന്‍നിറുത്തിയാണ്, മറ്റേതു രംഗത്തുമെന്നപോലും രാഷ്ട്രീയത്തിലും സഭ ധാര്‍മിക മാര്‍ഗദര്‍ശനം നല്‍കുന്നതെന്ന് ആ ഇടയലേഖനത്തിലൂടെ ഒരാവര്‍ത്തിയെങ്കിലും കടന്നുപോകുന്ന ഏതു മലയാളിക്കും മനസ്സിലാകും. “വിശ്വാസജീവിതംപോലും അതിന്റെ സാമൂഹികമാനം മറന്നു വ്യക്തിഗതമാകുകയും സ്വകാര്യവത്കരിക്കപ്പെടുകയും” ചെയ്യുന്നതിലെ ഭൌതികതയ്ക്കെതിരെ ജാഗ്രതപാലിക്കാന്‍ പിതാക്കന്‍മാര്‍ ആവശ്യപ്പെടുന്നു; സീസറിന്റേതു സീസറിനും ദൈവത്തിന്റേതു ദൈവത്തിനും നല്‍കുക എന്നതിന്റെ തെറ്റായ വ്യാഖ്യാനങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട്, സഭയുടെയും രാഷ്ട്രീയത്തിന്റെയും അധികാരങ്ങള്‍ തമ്മിലുള്ള ശരിയായ ബന്ധം വരച്ചുകാട്ടുന്നു; മനുഷ്യന്‍ രൂപം കൊടുക്കുന്ന എല്ലാ സംവിധാനങ്ങളും നിയമങ്ങളും ആത്യന്തികമായി ദൈവികനിയമങ്ങള്‍ അനുസരിച്ചുള്ളവയാകണം എന്ന് ഓര്‍മിപ്പിക്കുന്നു; നമ്മുടെ നാട്ടില്‍ രാഷ്ട്രീയ പ്രത്യയശാസ്ത്രം നിരീശ്വരത്വം വളര്‍ത്താന്‍ ശ്രമിക്കുന്നതിന്റെ അപകടം മുന്നറിയിക്കുന്നു; സര്‍വാധിപത്യം ഉള്‍ക്കൊള്ളുന്ന വൈരുധ്യാത്മക ഭൌതികവാദം ജനാധിപത്യമൂല്യങ്ങളോടും ജനാധിപത്യസ്ഥാപനങ്ങളോടും കാട്ടുന്ന അസഹിഷ്ണുതയിലെ അപകടം ചൂണ്ടിക്കാട്ടുന്നു; ശാസ്ത്രസാങ്കേതിക അറിവിനൊപ്പം ഈശ്വരവിശ്വാസവും ധാര്‍മികമൂല്യങ്ങളും കുട്ടികള്‍ക്കു കരഗതമാകുന്നതിനു സഹായകമായ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മക്കളെ പഠിപ്പിക്കുന്നതിനു മാതാപിതാക്കള്‍ക്കു കടമയുണ്ടെന്ന് അനുസ്മരിപ്പിക്കുന്നു; സമുദായിക – മതവികാരങ്ങള്‍ ഉണര്‍ത്തി മറ്റുള്ളവരോട് അകല്‍ച്ചയും ശത്രുതയും ജനിപ്പിക്കുന്നതിലെ അപകടത്തിനെതിരെ വിരല്‍ചൂണ്ടുന്നു; മതമൌലികവാദം പ്രായോഗിക നിരീശ്വരവാദം തന്നെയാണെന്നു വിലയിരുത്തുന്നു.
കേരളീയസമൂഹം ഇന്നു പൊതുവില്‍ നേരിടുന്ന വെല്ലുവിളികളുടെ പശ്ചാത്തലമുണ്ട് ആ സംയുക്ത ഇടയലേഖനത്തിലെ ഓരോ ഖണ്ഡികയ്ക്കും. വിശ്വാസികളുടെ ജീവിതത്തിലെ ഭൌതികതയ്ക്കെതിരായ മുന്നറിയിപ്പില്‍ തുടങ്ങി അതിലെ ഓരോ ഖണ്ഡികയും തങ്ങളുടെ നേര്‍ക്കാണു വരുന്നതെന്ന് ‘സര്‍വാധിപത്യം ഉള്‍ക്കൊള്ളുന്ന വൈരുദ്ധ്യാത്മക ഭൌതികവാദ’ക്കാര്‍ ഭയക്കുന്നുവെങ്കില്‍ ആ ഭയപ്പാടു തീര്‍ക്കുവാന്‍ ആര്‍ക്കുമാവില്ല. അതു കേരളത്തിലെ പിതാക്കന്‍മാര്‍ രാഷ്ട്രീയം കളിക്കുന്നതുകൊണ്ടല്ല; കത്തോലിക്കാസഭ ലോകത്തെവിടെയും പഠിപ്പിക്കുന്ന രാഷ്ട്രീയ സദാചാരം ഇങ്ങനെയായതുകൊണ്ടാണ്. പൊതുസമൂഹത്തിലെ മറ്റു മതസ്ഥര്‍ക്ക് ഈ ‘രാഷ്ട്രീയം’ വിശദീകരിച്ചുകൊടുക്കുവാന്‍ കൂടുതല്‍ അല്‍മായര്‍ പരിശീലിപ്പിക്കപ്പെടേണ്ട നേരമാണിത്.
Author: ജോസ് ടി
Saturday, July 31, 2010
ഇടയലേഖനവും രാഷ്ട്രീയവും
Thursday, July 29, 2010
തദ്ദേശ സ്വയംഭരണം : കെ.സി.ബി.സി. ഇടയലേഖനം
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തിലെ വോട്ടര്‍മാര്‍ക്ക് കെ.സി.ബി.സി. നല്‌കുന്ന ആഹ്വാനം
പ്രിയ സഹോദരീ സഹോദരന്മാരേ,
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനു കേരളം ഒരുങ്ങുന്ന സമയമാണല്ലോ ഇത്. വരുംവര്‍ഷങ്ങളില്‍ നമ്മുടെ നാട്ടിലും നഗരങ്ങളിലും നടക്കേണ്ട ഭരണശൈലിയും നയങ്ങളും നിലപാടുകളും നിര്‍ണയിക്കപ്പെടുന്ന ഈ അവസരം ഏറെ പ്രധാനപ്പെട്ടതാണെന്നു പറയേണ്ടതില്ലല്ലോ. കേന്ദ്രസംസ്ഥാന ഭരണതലങ്ങളില്‍ അധികാരവും സമ്പത്തും ശക്തിയും കേന്ദ്രീകരിച്ചിരുന്ന അവസ്ഥയില്‍ നിന്ന,് വികേന്ദ്രീകരണം വഴി വന്‍തോതില്‍ അവ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. വികസനത്തിലും വളര്‍ച്ചയിലും സംസ്ഥാനത്തിന്റെ പൊതുസമ്പത്ത് വിനിമയം ചെയ്യുന്നതില്‍ ത്രിതലപഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും കോര്‍പറേഷനുകള്‍ക്കുമുള്ള പങ്ക് അങ്ങനെ വലുതായിരിക്കുന്നു. ഉത്തമരും പ്രാപ്‌തരും പൊതുനന്മയ്‌ക്കായി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവരും സേവനമനഃസ്ഥിതിയുള്ളവരും മൂല്യങ്ങള്‍ക്കു വിലകല്‌പിക്കുന്നവരും ദൈവവിശ്വാസമുള്ളവരും ഇന്‍ഡ്യയുടെ ജനാധിപത്യസംവിധാനവും ഭരണഘടനാസ്ഥാപനങ്ങളും അംഗീകരിക്കുന്നവരും ഭരണതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാലേ ഇക്കാര്യങ്ങളെല്ലാം ഫലപ്രദമായി നടക്കുകയുള്ളൂ.
കീഴ്‌ഘടക ശാക്തീകരണതത്ത്വം (Principle of Subsidiarity) സഭയുടെ സാമൂഹിക പ്രബോധനത്തിന്റെ അടിസ്ഥാന തത്ത്വങ്ങളില്‍ ഒന്നാണ്. സാമ്പത്തികമായും നിയമപരമായും സംവിധാനപരമായും ഉയര്‍ന്ന ശ്രേണിയിലുള്ളവര്‍ കീഴ്‌ഘടകങ്ങളെ സഹായിക്കുന്നതാണ് ഈ തത്ത്വം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. അങ്ങനെയേ വികസനം എല്ലായിടത്തും എത്തൂ (സത്യത്തില്‍ സ്‌നേഹം, 57). ഉന്നതതലത്തിലുള്ള സംവിധാനങ്ങള്‍ താഴേ തലങ്ങളിലുള്ള സംവിധാനങ്ങളുടെ ന്യായമായ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്ന രീതിയില്‍ ഇടപെടരുത്. മറിച്ച്, അവയുടെ സ്വയംപരമാധികാരവും സ്ഥാനവും അംഗീകരിക്കപ്പെടണം. സമൂഹത്തിന്റെ മറ്റു തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങളുമായി അവയെ കോര്‍ത്തിണക്കാന്‍ സഹായിക്കണം. എപ്പോഴും പൊതുനന്മ ലക്ഷ്യംവച്ചായിരിക്കണം അങ്ങനെ ചെയ്യുന്നത്. സഭ മുറുകെ പിടിക്കുന്ന ഈ തത്ത്വമനുസരിച്ചുള്ള പ്രവര്‍ത്തനമാണ് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുന്നതുവഴി സംഭവിക്കുന്നത്. അത് അഭികാമ്യമായ കാര്യമാണ്.
എന്നാല്‍, ഇക്കാര്യം നാം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കൈകാര്യംചെയ്യുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. പങ്കാളിത്ത ജനാധിപത്യം വിഭാവനം ചെയ്യുന്ന പഞ്ചായത്ത് രാജിന്റെ പ്രധാന പ്രവര്‍ത്തനമാണ് ഗ്രാമസഭകള്‍. ഒരു വാര്‍ഡിലെ മുഴുവന്‍ വോട്ടര്‍മാരും ഗ്രാമസഭയില്‍ അംഗങ്ങളാണ്. മൂന്നു മാസത്തിലൊരിക്കല്‍ കൂടേണ്ട ഈ യോഗത്തിലാണ് ആസൂത്രണം, പദ്ധതി നിര്‍വഹണം, വിലയിരുത്തല്‍ തുടങ്ങിയ കാര്യങ്ങള്‍ നടത്തപ്പെടുന്നത്. ഈ രംഗത്ത് ജനങ്ങള്‍ പൊതുവേ നിസ്സംഗത പുലര്‍ത്തുന്നതുകൊണ്ടും വേണ്ടത്ര പേര്‍ സന്നിഹിതരാകാത്തതുകൊണ്ടും അഴിമതി തുടരുകയും പദ്ധതികള്‍ പ്രാധാന്യമനുസരിച്ചും ആവശ്യമനുസരിച്ചും നടത്താന്‍ കഴിയാതെ വരുകയും ചെയ്യുന്നു. ഇതിനൊരു മാറ്റമുണ്ടാകണം. എല്ലാവരും സജീവമായും ഉത്തരവാദിത്വബോധത്തോടെയും പൊതുനന്മ ലക്ഷ്യവച്ചും ഗ്രാമസഭകളില്‍ പങ്കുചേരണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. അങ്ങനെ ജനാധിപത്യത്തിന്റെ അടിത്തറ ശക്തിപ്പെടാന്‍ ഇടയാകട്ടെ. എന്തെന്നാല്‍ ജനാധിപത്യം ഫലപ്രദമാകുന്നത് ജനങ്ങള്‍ ഭരണഘടനാധിഷ്‌ഠിതമായ സ്ഥാപനങ്ങളോട് സഹകരിക്കുന്നതിനെയും സംവിധാനങ്ങള്‍ അവയുടെ യഥാര്‍ത്ഥഘടന സംരക്ഷിക്കാന്‍ ജാഗ്രത പുലര്‍ത്തുന്നതിനെയും ആശ്രയിച്ചാണിരിക്കുന്നത്.
രാഷ്‌ട്രീയ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതു സംബന്ധിച്ച് കത്തോലിക്കാസഭയ്‌ക്ക് വ്യക്തമായ കാഴ്‌ചപ്പാടുണ്ട്. സഭയുടെ സാമൂഹികപ്രബോധനം നന്നായി ഉള്‍ക്കൊണ്ട് രാഷ്‌ട്രീയജീവിതത്തില്‍ സജീവമായി ഇടപെടുകയെന്നത് വിശ്വാസികളുടെ ഗൗരവപൂര്‍ണമായ കടമയാണെന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നു(cf അല്‌മായ പ്രേഷിതത്വം, 4; തിരുസഭ, 36). രാഷ്‌ട്രീയരംഗം അഴിമതിയും അധാര്‍മ്മികതയും നിറഞ്ഞതാണെന്നു പറഞ്ഞ് ക്രൈസ്‌തവന് അതില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ല. നിത്യനഗരം ഇവിടെയല്ല, സ്വര്‍ഗത്തിലാണെന്നു കരുതി (cf ഹെബ്രാ 11:13-16; ഫിലി 3:20) രാഷ്‌ട്രനിര്‍മ്മാണപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാതിരിക്കാനുമാവില്ല. സുവിശേഷമൂല്യങ്ങള്‍ക്കനുസരിച്ച് ഭൗതികക്രമം കെട്ടിപ്പടുക്കാന്‍ ക്രൈസ്‌തവര്‍ക്ക,് പ്രത്യേകിച്ച,് അല്‌മായവിശ്വാസികള്‍ക്ക്, ഉത്തരവാദിത്വമുണ്ടെന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലും ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ ?അല്‌മായവിശ്വാസികള്‍? എന്ന അപ്പസ്‌തോലികരേഖയും അടിവരയിടുന്നു (സഭ ആധുനികലോകത്തില്‍, 43: അല്‌മായവിശ്വാസികള്‍, 59). നല്ല ചിന്തയും ആദര്‍ശങ്ങളും പങ്കുവച്ചും ജനാധിപത്യത്തിന്റെ വ്യത്യസ്‌ത ഗ്രൂപ്പുകളില്‍പ്പെട്ടവരുമായി സംഭാഷണത്തിലും കൂട്ടായപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടും നീതിനിഷ്‌ഠമായ ഒരു സമൂഹം കെട്ടിപ്പടുക്കണം. മനുഷ്യജീവന്റെ മഹത്ത്വം, സ്വാതന്ത്ര്യം, കുടുംബത്തെ സംബന്ധിക്കുന്ന സത്യം, അതിന്റെ നന്മ, പൊതുനന്മയ്‌ക്കായുള്ള പരിശ്രമം, ആവശ്യത്തിലിരിക്കുന്നവരുമായുള്ള ഐക്യദാര്‍ഢ്യം എന്നിവ സമൂഹത്തില്‍ പരിപോഷിപ്പിക്കാനാണ് നാം പരിശ്രമിക്കേണ്ടത്. യഥാര്‍ത്ഥ മാനുഷിക നിര്‍മ്മിതിയുടെ ?മൂലക്കല്ല്? ?വഴിയും സത്യവും ജീവനുമായ? (യോഹ 14:6) ക്രിസ്‌തുവാണെന്ന ബോധ്യത്താല്‍ നിറഞ്ഞു വേണം ക്രൈസ്‌തവര്‍ തങ്ങളുടെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാനെന്ന് വിശ്വാസതിരുസംഘത്തിന്റെ രാഷ്‌ട്രീയജീവിതത്തില്‍ കത്തോലിക്കരുടെ ഇടപെടലിനെയും പെരുമാറ്റത്തെയും കുറിച്ചുള്ള ചില കുറിപ്പുകള്‍ എന്ന മാര്‍ഗരേഖയും വ്യക്തമാക്കുന്നു (ജനുവരി 12, 2003). സ്‌നേഹമാണ് രാഷ്‌ട്രസമര്‍പ്പണത്തിനും നീതിയിലും സത്യത്തിലും അധിഷ്‌ഠിതമായ സമൂഹം കെട്ടിപ്പടുക്കുന്നതിനും ക്രൈസ്‌തവരെ പ്രേരിപ്പിക്കേണ്ടത് (സത്യത്തില്‍ സ്‌നേഹം 7). തെറ്റായ സിദ്ധാന്തങ്ങള്‍ക്കപ്പുറം പോകുന്ന ശരിയായ രാഷ്‌ട്രീയ വിജ്ഞാനം നവമായി വീണ്ടെടുക്കുകയെന്നതും ഇന്നിന്റെ വലിയ ആവശ്യമാണ് (ബെനഡിക്‌ട് പതിനാറാമന്‍ മാര്‍പാപ്പാ പൊന്തിഫിക്കല്‍ അല്‌മായ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് നല്‌കിയ സന്ദേശം, 21 മെയ് 2010). വ്യക്തിയെ ദൈവത്തില്‍ നിന്നും രാഷ്‌ട്രീയത്തെ എല്ലാ ധാര്‍മ്മികതയിലും നിന്നും അകറ്റുന്നതല്ല ശരിയായ രാഷ്‌ട്രീയസേവനമെന്നും നാമറിയണം. ഓരോ വ്യക്തിയുടെയും എല്ലാ മനുഷ്യരുടെയും സമഗ്രനന്മയും പൊതുനന്മയും സമന്വയിപ്പിച്ചു കൊണ്ടുപോകാന്‍ സമര്‍പ്പണം നടത്തുന്നവരുടെ തലമുറ ഉണര്‍ന്നെണീക്കാന്‍ ഇടയാകണം.
ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളില്‍, കേരളത്തിലേതുപോലെ ഇടുങ്ങിയ കക്ഷിരാഷ്‌ട്രീയത്തിന്റെ കടന്നു കയറ്റം ത്രിതല പഞ്ചായത്തുകളുടെ വിവിധ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടെന്നു തോന്നുന്നില്ല. കക്ഷിരാഷ്‌ട്രീയത്തിന്റെ അതിപ്രസരം മൂലം യഥാര്‍ത്ഥ വികസനത്തിനും ദരിദ്രര്‍ക്കും അര്‍ഹിക്കുന്നവര്‍ക്കും വേണ്ട സഹായം ലഭിക്കുന്നതിനും തടസ്സമാകുന്ന അനുഭവങ്ങള്‍ ധാരാളമാണ്. ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ ഓരോ പൗരനും നിതാന്തജാഗ്രത പുലര്‍ത്തണം. സാമൂഹികനീതി, സാമൂഹികവളര്‍ച്ച, യഥാര്‍ത്ഥ ജനാധിപത്യം, ഭരണഘടനാനുസൃതമായ മതാത്മക മതേതരത്വം, അതിന്റെ തന്നെ ഭാഗമായ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ അവകാശം, സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‌ക്കുന്നവരുടെയും ആദിവാസികളുടെയും ദളിതരുടെയും പുരോഗതി എന്നിവ ഉറപ്പാക്കാന്‍ പ്രാദേശികസ്വയംഭരണസ്ഥാപനങ്ങള്‍ക്കാണ് കൂടുതല്‍ കഴിയുന്നത്. വര്‍ഗീയത, വര്‍ഗവിദ്വേഷം, വിദ്വേഷപ്രചാരണം, അക്രമം, നിരീശ്വരവാദം, ലക്ഷ്യം നേടാന്‍ ഏതു മാര്‍ഗവും ഉപയോഗിക്കല്‍ എന്നിവ വ്യക്തിജീവിതത്തിനും പൊതുജീവിതത്തിനും അപകടകരമാണെന്നതില്‍ സംശയമില്ല. സമാധാനവും വികസനവും ആഗ്രഹിക്കുന്നവര്‍ ഈ തിന്മകള്‍ക്കെതിരേ അണിചേരണം.
അതുപോലെതന്നെ പ്രധാനപ്പെട്ട കാര്യമാണ്, നമ്മുടെ നാട്ടില്‍ ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്ന മദ്യം, മയക്കുമരുന്ന് എന്നിവ ചെറുക്കാന്‍ കഴിയുന്നവരും സ്വയംഭരണ അധികാരസ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടണമെന്നത്. കാരണം, ഈ തിന്മകള്‍ക്കെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതും കഴിയേണ്ടതും പ്രാദേശിക ഭരണാധികാരികള്‍ക്കുതന്നെയാണ്.
തിരഞ്ഞെടുപ്പില്‍ പല തന്ത്രങ്ങളും രാഷ്‌ട്രീയ പാര്‍ട്ടികള്‍ ആവിഷ്‌കരിക്കാറുണ്ട്. എതിരാളിയുടെ പേരിനോടു സാദൃശ്യമുള്ള അപരന്മാരെ അവതരിപ്പിച്ച് വേണ്ടത്ര സൂക്ഷ്‌മതയില്ലാത്ത വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്നതുവഴി നല്ല സ്ഥാനാര്‍ത്ഥിക്കു കിട്ടാന്‍ സാധ്യതയുള്ള വോട്ടുകള്‍ കുറയ്‌ക്കുക, തങ്ങളുടെ പാര്‍ട്ടിക്ക് ജയസാധ്യത കുറഞ്ഞ മേഖലകളില്‍ വോട്ടുനേടാന്‍ പറ്റുന്ന വ്യക്തികളെ പിന്തുണച്ച് സ്വതന്ത്രന്മാരായി മത്സരിപ്പിച്ച് പരോക്ഷമായ വിജയം നേടുക എന്നിവ അത്തരത്തിലുള്ളവയാണ്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ ഇത്തരം സ്വതന്ത്രന്മാരെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ വ്യാപകമായി അവതരിപ്പിച്ചേക്കാം. സ്വതന്ത്രന്‍ എന്ന നിലയില്‍ മത്സരിപ്പിക്കുന്നത് പൊതുജനത്തെ സ്വാധീനിക്കാന്‍ കഴിയുന്ന നല്ല വ്യക്തികളെയായിരിക്കും. വിജയിച്ചുകഴിഞ്ഞാല്‍ ഇവര്‍ക്ക് സ്വതന്ത്രരായി പ്രവര്‍ത്തിക്കാന്‍ പറ്റുമോ എന്ന കാര്യം സംശയമാണ്. വ്യക്തിപരമായ മേന്മയും നന്മയും തത്ത്വദീക്ഷയുമൊക്കെ, പിന്താങ്ങിയ പാര്‍ട്ടിക്ക് അടിയറവയ്‌ക്കേണ്ടിവരുന്ന ഗതികേടാണ് പല സ്വതന്ത്രന്മാര്‍ക്കും നേരിടേണ്ടി വന്നിട്ടുള്ളത്. ദൈവവിശ്വാസികളും നല്ലവരുമായ പലരും നിരീശ്വരപ്രത്യയശാസ്‌ത്ര പാര്‍ട്ടികളുടെ പിന്തുണയോടെ സ്വതന്ത്രന്മാരായി മത്സരിച്ചു വിജയിച്ചെങ്കിലും പിന്നീട് അവര്‍ സ്വതന്ത്രരല്ലാതായിത്തീര്‍ന്ന അനുഭവം ഏറെയുണ്ടല്ലോ. അവരെ പാര്‍ട്ടിയംഗങ്ങളാക്കാനും അവര്‍ മുമ്പ് നിലകൊണ്ടിരുന്ന സനാതനമൂല്യങ്ങള്‍ക്ക് എതിരാക്കാനും വേണ്ടി ഒരുക്കിയ വിദഗ്‌ധമായ കെണിയാണ് സ്വതന്ത്രസ്ഥാനാര്‍ത്ഥിസ്ഥാനം. എല്ലാ പാര്‍ട്ടികളും വെറും രാഷ്‌ട്രീയ പാര്‍ട്ടികള്‍ മാത്രമല്ല എന്ന തിരിച്ചറിവ് ഇവിടെ ഏറെ പ്രധാനപ്പെട്ടതാണ്. കേവലകക്ഷിരാഷ്‌ട്രീയത്തിനുപരി, ദൈവവിശ്വാസത്തിനും അനുഷ്‌ഠാനത്തിനും ജനാധിപത്യ - സനാതനമൂല്യങ്ങള്‍ക്കും മതസൗഹാര്‍ദ്ദ
ത്തിനുമെതിരായ പ്രത്യയശാസ്‌ത്ര നിലപാടുകളുള്ളവരുടെ പിന്തുണയോടെ സ്വതന്ത്രസ്ഥാനാര്‍ത്ഥികളാകുന്നതും അത്തരം സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതും അപകടകരമായിരിക്കും. അത്തരം തിരഞ്ഞെടുപ്പിന് ഉത്തമരായ വ്യക്തികളെ തിരഞ്ഞെടുക്കുന്നതുവഴി സിദ്ധിക്കേണ്ട ഫലമുണ്ടാകുകയില്ല.
വോട്ടുചെയ്യുക എന്നത് പൗരത്വപരവും ക്രൈസ്‌തവവുമായ ദൗത്യമാണ്. അതില്‍ നിന്ന് ആരും അകന്നു നില്‌ക്കരുതെന്ന് പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നു.രാഷ്‌ട്രനിര്‍മ്മിതിയിലുള്ള പങ്കാളിത്തമാണ് അതുവഴി നിര്‍വഹിക്കുന്നതെന്ന കാര്യം ഗൗരവപൂര്‍വം ഓര്‍ക്കുകയും വേണം. മുന്നണികള്‍ ജനാധിപത്യമൂല്യങ്ങളോടും ഭരണഘടനയോടും ഭരണഘടനാധിഷ്‌ഠിതമായ ന്യൂനപക്ഷാവകാശങ്ങളോടും സാമുദായിക മതസൗഹാര്‍ദ്ദത്തോടും നാടിന്റെ വികസനത്തോടും പാവപ്പെട്ടവരുടെയും അവശവിഭാഗങ്ങളുടെയും ഉന്നമനത്തോടും എത്രമാത്രം പ്രതിജ്ഞാബദ്ധതയുള്ളവരാണെന്ന കാര്യം നാം ഗൗരവപൂര്‍വം പരിഗണിക്കണം. സാമൂഹിക നന്മ, വളര്‍ച്ച എന്നിവ കരുതി രാഷ്ര്‌ടീയത്തില്‍ ഇടപെടാന്‍ ക്രൈസ്‌തവര്‍ക്ക്, പ്രത്യേകിച്ച് അല്‌മായ വിശ്വാസികള്‍ക്ക്, കടമയുണ്ടെന്ന കാര്യം ഊന്നിപ്പറയട്ടെ. പ്രദേശത്തിന്റെ നന്മയ്‌ക്കുവേണ്ടി പ്രകൃതി സംരക്ഷണത്തിലും ശുചീകരണത്തിലും ആരോഗ്യസംരക്ഷണത്തിലും ഇടപെട്ട് അത് അവര്‍ക്കു നിര്‍വഹിക്കാം. കൂടാതെ സഹകരണസംഘങ്ങളില്‍ പങ്കാളികളായി, പ്രത്യേകിച്ച് സഹകരണബാങ്കുകള്‍, ഗ്രന്ഥശാലാസംഘങ്ങള്‍, കര്‍ഷകസഹകരണസംഘങ്ങള്‍, ക്ഷീരവികസന സഹകരണസംഘങ്ങള്‍ എന്നിവയില്‍ പങ്കാളികളായി, പൊതുനന്മയ്‌ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ക്രൈസ്‌തവര്‍ മുന്നോട്ടു വരണം.
സ്‌ത്രീകളുടെ ശക്തീകരണവും ഒരു സമൂഹത്തിന്റെ വികസനവും തമ്മില്‍ അടുത്ത ബന്ധമുണ്ട്. 50% വനിതകള്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്നതുവഴി, കൂടുതല്‍ മനുഷ്യോചിതവും ആര്‍ദ്രതയും സ്‌നേഹവും സേവനവും നിറഞ്ഞതുമായ ഒരു സമൂഹസൃഷ്‌ടി നടപ്പാകണം (cf. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍, വനിതകള്‍ക്കുള്ള സന്ദേശം). കഴിവും വിദ്യാഭ്യാസവും നേതൃത്വഗുണങ്ങളുമുള്ള വനിതകള്‍ ഈ രംഗത്തേക്ക് കടന്നുവരണം. അതിനുവേണ്ട പ്രോത്സാഹനവും സാഹചര്യവും ഒരുക്കേണ്ടത് കുടുംബങ്ങളും സമൂഹവുമാണ്. സ്‌ത്രീ പുരുഷ തുല്യപങ്കാളിത്തത്തിലും സമത്വത്തിലും നീതിയിലും അധിഷ്‌ഠിതമായ ഒരു സമൂഹം തീര്‍ച്ചയായും അനുഗ്രഹപ്രദമാണ്; പ്രത്യാശാപൂര്‍ണമാണ്.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പൗരത്വപരമായ ഉത്തരവാദിത്വങ്ങള്‍ ജാഗ്രതയോടെ നിര്‍വഹിക്കാന്‍ എല്ലാ വിശ്വാസികളെയും സ്‌നേഹപൂര്‍വം ആഹ്വാനം ചെയ്‌തുകൊണ്ടും എല്ലാം നന്മയും ദൈവാനുഗ്രഹവും പ്രാര്‍ത്ഥിച്ചുകൊണ്ടും,
കേരള കത്തോലിക്കാമെത്രാന്‍ സമിതിക്കുവേണ്ടി
1. അത്യുന്നത കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ (മേജര്‍ ആര്‍ച്ച്ബിഷപ് സിറോ മലബാര്‍ സഭ )
2. മോറാന്‍ മോര്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കബാവ (മേജര്‍ ആര്‍ച്ച്ബിഷപ് മലങ്കര കത്തോലിക്ക സഭ )
3. ആര്‍ച്ച്ബിഷപ് മോസ്റ്റ് റെവ. ഡോ. സൂസ്യൈപക്യം(അധ്യക്ഷന്‍,ലത്തീന്‍ സഭ )
4. ബിഷപ് ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് (കെ.സി.ബി.സി.പ്രസിഡന്റെ)
5. ആര്‍ച്ച്ബിഷപ് ആണ്ട്രൂസ് താഴത്ത് (കെ.സി.ബി.സി. സെക്രട്ടറി ജനറല്‍)
Tuesday, July 27, 2010
സെന്റ് തോമസിന്റെ ആഗമനം ചരിത്രസത്യം
വിശുദ്ധ തോമസ് അപ്പസ്തോലന്‍ കേരളത്തില്‍ വന്നിട്ടില്ലെന്നു ചില ചരിത്രകാരന്മാര്‍ ആവര്‍ത്തിച്ചു വാദിക്കുന്നു. വന്നിട്ടില്ലെന്നതിനു തെളിവുകളുണ്ടെന്നല്ല, മറിച്ച് വന്നിട്ടുണ്ടെന്നതിനു തെളിവുകളില്ല എന്നാണവരുടെ വാദം. ചരിത്രം രേഖപ്പെടുത്തി വയ്ക്കുന്ന സ്വഭാവമില്ലാതിരുന്ന ഒരു ജനത അവരുടെ ജീവിതം എങ്ങനെയാണു ഭാവിതലമുറയ്ക്കുവേണ്ടി അടയാളപ്പെടുത്തുക? ഇന്നത്തേതുപോലെ വര്‍ഷമാസദിവസങ്ങള്‍ അനുക്രമം കുറിച്ചിടുന്ന വ്യവസ്ഥാപിതരീതിയിലല്ല, ആളുകളില്‍നിന്ന് ആളുകളിലേക്കും ദേശങ്ങളില്‍നിന്ന് ദേശങ്ങളിലേക്കും വാമൊഴിയായി പകര്‍ന്നുപോകുന്ന ഐതിഹ്യങ്ങളിലും കഥകളിലുമാണവ ഇടംകണ്ടെത്തുന്നത്.
തോമ്മാശ്ളീഹായുടെ വരവും പ്രവര്‍ത്തനങ്ങളുമെല്ലാം അങ്ങനെയാണു നൂറ്റാണ്ടുകള്‍ പിന്നിട്ടു നമ്മുടെ ജീവിതത്തിലേക്കു കടന്നുവന്നിരിക്കുന്നത്. ചരിത്രം നമുക്കു തരുന്ന അറിവിന്റെ ശകലങ്ങള്‍ കൂട്ടിയിണക്കി നമ്മള്‍ ഒരു ചിത്രം മെനഞ്ഞെടുക്കുക മാത്രമാണു ചെയ്യുക. നമ്മുടെ നാടിനു പൌരസ്ത്യദേശങ്ങളുമായി സോളമന്‍ ചക്രവര്‍ത്തിയുടെ കാലം മുതലേ വാണിജ്യബന്ധങ്ങളുണ്ടായിരുന്നു. വ്യാപാരികള്‍ യഹൂദരായിരുന്നു. അവര്‍ക്കുവേണ്ടതു മലബാര്‍ തീരത്ത് സമൃദ്ധമായുണ്ടായിരുന്ന സുഗന്ധവിളകളായിരുന്നു. ഏലം, കുരുമുളക്, കറുവ, ചന്ദനം, തുടങ്ങിയവ. എ.ഡി. നാലാം നൂറ്റാണ്ടായപ്പോഴേക്കും റോമാസാമ്രാജ്യം ദുര്‍ബലമായി. രണ്ടു നൂറ്റാണ്ടുകള്‍ കൂടി കഴിഞ്ഞപ്പോള്‍ പേര്‍ഷ്യന്‍ സാമ്രാജ്യവും തകര്‍ന്നു. ഇതിനിടയില്‍ യഹൂദരുടെ വാണിജ്യമേല്‍ക്കോയ്മ തകരുകയും അറബികള്‍ അതു കൈവശപ്പെടുത്തുകയും ചെയ്യുന്നു. അതില്‍പിന്നെ പതിനഞ്ചാം ശതകത്തിന്റെ അന്ത്യവര്‍ഷങ്ങളില്‍ പോര്‍ട്ടുഗീസുകാര്‍ ഇവിടെയെത്തുന്നതുവരെ അറബികളുടെ വ്യാപാരക്കുത്തക നിര്‍ബാധം നിലനിന്നു.
ഈ ചരിത്രപശ്ചാത്തലം പരാമര്‍ശിച്ചത് ക്രിസ്തുവര്‍ഷം ഒന്നാംനൂറ്റാണ്ടില്‍ ഒരു യഹൂദനായ തോമ്മാശ്ളീഹായ്ക്ക് പലസ്തീനായില്‍നിന്ന് ഇവിടെയെത്തുവാന്‍ അനുകൂലമായ യാത്രാസാഹചര്യമുണ്ടായിരുന്നു എന്നു സൂചിപ്പിക്കാനാണ്. പായ്ക്കപ്പലുകളിലും പത്തേമാരികളിലും കാലവര്‍ഷക്കാറ്റിന്റെ അനുകൂലകാലഘട്ടം പ്രയോജനപ്പെടുത്തിയാണു യഹൂദവ്യാപാരികള്‍ ഇവിടെയെത്തിയിരുന്നത്. അത്തരമൊരു ജലവാഹനത്തില്‍ സെന്റ് തോമസ് ഇവിടെയെത്തിച്ചേരാനുള്ള സാധ്യത ആര്‍ക്കും നിഷേധിക്കാവുന്നതല്ല.
മത്തായിയുടെ സുവിശേഷം പത്താം അധ്യായത്തില്‍ യേശു തന്റെ ശിഷ്യന്മാര്‍ക്ക്, സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്ന സദ്വാര്‍ത്ത അറിയിക്കുവാന്‍ പറഞ്ഞയയ്ക്കുമ്പോള്‍, ഒരു പ്രത്യേകനിര്‍ദ്ദേശം നല്കുന്നുണ്ട്: "ഇസ്രായേല്‍വംശത്തിലെ നഷ്ടപ്പെട്ടുപോയ ആടുകളുടെ അടുത്തേക്കു പോകുവിന്‍.'' സമരിയാക്കാരിയോടു സംസാരിക്കുമ്പോള്‍ യേശു അവളോടു പറയുന്ന ഒരു കാര്യം കൂടി ഇതോടു ചേര്‍ത്തു വായിക്കേണ്ടതാണ്: "രക്ഷ യഹൂദരില്‍നിന്നാണ്.''
ആയിരത്താണ്ടുകളായി രക്ഷകനെ പ്രതീക്ഷിച്ചു കഴിയുന്ന ഒരു ജനതയാണ് യഹൂദര്‍ അഥവാ ഇസ്രായേല്‍ക്കാര്‍. രക്ഷകന്‍ എന്ന സങ്കല്പം അവര്‍ക്കു സ്വന്തമാണ്. അതു മറ്റാര്‍ക്കും മനസ്സിലാവില്ല. അതുകൊണ്ടാണ് വിജാതീയരുടെ അടുത്തേക്കു നിങ്ങള്‍ പോകേണ്ട എന്നു യേശു ശിഷ്യരെ വിലക്കുകയും കൂടി ചെയ്തത്. ഇവിടെയാണു നമ്മള്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത്. അപ്പസ്തോലന്മാര്‍ സുവിശേഷം പ്രസംഗിക്കാന്‍ പോയത് പൌരസ്ത്യദേശങ്ങളിലുണ്ടായിരുന്ന യഹൂദജനതയുടെ സമീപത്തേയ്ക്കാണ്. പല ഘട്ടങ്ങളിലുണ്ടായ വിദേശാക്രമണങ്ങളുടെ ഫലമായി ചിതറിക്കപ്പെട്ടുപോയ ജനസമൂഹമായിരുന്നു അന്നത്തെ ഇസ്രായേല്‍ക്കാര്‍.
ദാവീദുരാജാവിന്റെയും പുത്രന്‍ സോളമന്റെയും കാലത്ത് സൈനികശക്തി കൊണ്ടും സമ്പദ്സമൃദ്ധികൊണ്ടും പ്രതാപപൂര്‍ണ്ണമായിരുന്ന ഇസ്രായേലിന്റെ അനന്തരകാലം തകര്‍ച്ചയുടെയും പീഡനങ്ങളുടേതുമായിരുന്നു. ബി.സി. 587 ല്‍ ബാബിലോണ്‍ രാജാവ് നെബുക്കദ്നാസറും ബി.സി. 168 ല്‍ സിറിയന്‍ രാജാവ് അന്തിയോക്കസ് എലിഫാനസും രാജ്യം ആക്രമിച്ചു കീഴടക്കുകയും യഹൂദരെ അടിമകളാക്കി പിടിച്ചുകൊണ്ടു പോകുകയും ചെയ്തു. അന്യദേശങ്ങളിലേക്ക് ഓടി രക്ഷപ്പെട്ടവര്‍ ധാരാളം. എ.ഡി. 70-ല്‍ റോമന്‍ ചക്രവര്‍ത്തി വെസ്പാസ്യന്റെ പുത്രന്‍ ടൈറ്റസിന്റെ നേതൃത്വത്തിലെത്തിയ സൈന്യം ജറൂസലേം ദൈവാലയം കല്ലിന്മേല്‍ കല്ലുശേഷിക്കാതെ ഇടിച്ചു നിരത്തുകയും നഗരം തകര്‍ത്തുകളയുകയും ചെയ്തു. ഇത്തരം ആക്രമണങ്ങള്‍ നടക്കുന്ന ഓരോ ഘട്ടത്തിലും ഇസ്രായേല്‍ക്കാര്‍ കൂട്ടംകൂട്ടമായി പലായനം ചെയ്യുക പതിവായിരുന്നു. അങ്ങനെയാണു ലോകത്തിന്റെ പല ഭാഗങ്ങളില്‍ യഹൂദകോളനികള്‍ രൂപംകൊണ്ടത്.
വ്യാപാരബന്ധമുണ്ടായിരുന്നതുകൊണ്ട് ഇസ്രായേല്‍ജനതയ്ക്ക് ഒട്ടൊക്കെ പരിചയമുള്ള ഭൂഭാഗമായിരുന്നു മലബാര്‍. ഓരോ തവണ വിദേശാധിനിവേശം ഉണ്ടാകുമ്പോഴും മറ്റു സ്ഥലങ്ങളിലേക്കെന്നതുപോലെ മലബാറിലേക്കും ഒരു വിഭാഗം യഹൂദര്‍ രക്ഷപ്പെട്ടുപോരുമായിരുന്നു. അങ്ങനെയാണു സെന്റ് തോമസിന്റെ കാലമാകുമ്പോഴേക്കും കോഴിക്കോടു മുതല്‍ കൊല്ലം വരെയുള്ള തീരപ്രദേശങ്ങളില്‍ നിരവധി യഹൂദകോളനികള്‍ സ്ഥാപിതമായത്. ഇസ്രായേലില്‍ നിന്നും കൂട്ടം തെറ്റിപ്പോയ ഈ ആടുകളുടെ അടുത്തേക്കാണ് തോമസ് അപ്പസ്തോലന്‍ രക്ഷയുടെ സന്ദേശവുമായി കടന്നുവന്നത്. അത്തരമൊരു സമൂഹം ഇവിടെയുണ്ടായിരുന്നില്ലെങ്കില്‍ അപ്പോസ്തലന്‍ ഇവിടേക്കു വരുമായിരുന്നില്ല. സെന്റ് തോമസിന്റെ ആഗമനവുമായി ബന്ധപ്പെടുത്തി പറയുന്ന ഗുണ്ടഫര്‍ രാജാവിന്റെയും കൊട്ടാരം പണിയുടെയും കഥകള്‍ നമ്മള്‍ ചരിത്രയാഥാര്‍ത്ഥ്യങ്ങളായി അംഗീകരിക്കേണ്ടതില്ല. ഐതിഹ്യങ്ങളും പാരമ്പര്യങ്ങളും കെട്ടുപിണഞ്ഞു രൂപംകൊള്ളുന്ന അത്തരം കഥകള്‍ സാധാരണ ജനങ്ങളുടെ വിശ്വാസസ്ഥിരതയ്ക്കു പ്രയോജനപ്പെടുത്താവുന്ന ഗുണപാഠങ്ങള്‍ മാത്രമാണ്. അവയ്ക്കു നമ്മള്‍ ഏറെ പ്രാധാന്യം കൊടുക്കാന്‍ പാടില്ല. അതുപോലെ തന്നെ, തള്ളിക്കളയേണ്ട ചരിത്രപരമായ അബദ്ധമാണു ശ്ളീഹാ ബ്രാഹ്മണരെ ജ്ഞാനസ്നാനം ചെയ്യിച്ചു എന്ന എന്ന കഥയും.
കേരളക്രൈസ്തവര്‍ക്കു പൊതുവെ ഈ ബ്രാഹ്മണപൂര്‍വ്വികതയോടാഭിമുഖ്യമുണ്െടന്നു തോന്നുന്നു. അതിന്റെ പിന്നിലുള്ളതു ജാതിപരമായ അപകര്‍ഷഭീതി മാത്രമാണ്. തങ്ങള്‍ ഉയര്‍ന്ന ജാതിയില്‍പെട്ടവരാണെന്നു വരുന്നത് അഭിമാനകരമായ ഒരു കാര്യമാണല്ലൊ പലര്‍ക്കും. പക്ഷേ, ചരിത്രം ഇതു സമ്മതിച്ചു തരുന്നില്ല. സെന്റ് തോമസ് വരുന്ന കാലത്ത് ഇന്നു കേരളമെന്നറിയപ്പെടുന്ന ഭൂഭാഗത്തേക്കു ബ്രാഹ്മണര്‍ എത്തിയിരുന്നില്ല. ദക്ഷിണേന്ത്യയിലേക്കു വ്യാപിച്ചുകൊണ്ടിരുന്ന ബ്രാഹ്മണാധിനിനിവേശം അക്കാലത്തു പശ്ചിമഘട്ടത്തിനപ്പുറം വരെയേ എത്തിയിരുന്നുള്ളൂ. പിന്നെയും മൂന്നു നൂറ്റാണ്ടുകള്‍ക്കു ശേഷമാണു കേരളത്തിലേക്കു ബ്രാഹ്മണര്‍ കൂട്ടത്തോടെ കടന്നുവരുന്നത്.മതസഹിഷ്ണുത ബ്രാഹ്മണര്‍ക്കു തീരെയില്ലെന്നു കൂടി ഓര്‍ക്കുക. കേരളത്തിലെ യഹൂദകേന്ദ്രങ്ങളിലെത്തിയ സെന്റ് തോമസിനെ തദ്ദേശവാസികള്‍ അവരുടെ അയല്ക്കാരുടെ അതിഥിയായിട്ടാണു പരിഗണിച്ചത്. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ നാട്ടുകാര്‍ക്കു മനസ്സിലാകുന്നവയായിരുന്നുമില്ല. ദൈവം മനുഷ്യനായി പിറക്കുക, മനുഷ്യസമൂഹത്തെ പാപത്തിന്റെയും മരണത്തിന്റെയും പിടിയില്‍ നിന്നു മോചിപ്പിക്കുക എന്നൊക്കെ പറഞ്ഞാല്‍ നാട്ടുകാര്‍ക്കൊന്നും എളുപ്പത്തില്‍ കാര്യം മനസ്സിലാവില്ല. പക്ഷേ, യഹൂദര്‍ അങ്ങനെയല്ലല്ലൊ. അവരുടെ ചിരപ്രതീക്ഷിതനായ രക്ഷകന്‍ ജറൂസലേമില്‍ അവതരിച്ചു എന്ന അറിവു സസന്തോഷം അംഗീകരിക്കാന്‍ അവര്‍ക്കു കഴിയുമായിരുന്നു. പ്രത്യേകിച്ചു മതവിശ്വാസമോ ആരാധനാരീതിയോ ഏകദൈവവിശ്വാസമോ ഇല്ലാതിരുന്ന തദ്ദേശവാസികള്‍ക്ക് ഒരു പുതിയ മതം ഇവിടേക്കു കടന്നുവരുന്നതില്‍ ഉത്കണ്ഠയോ ആകുലതയോ ഉണ്ടാവേണ്ട കാര്യവും ഇല്ലായിരുന്നു. അതുകൊണ്ട് അപ്പോസ്തലന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ സുരക്ഷിതമായിരുന്നു.
പക്ഷേ, ബ്രാഹ്മണര്‍ ഉണ്ടായിരുന്ന തമിഴകത്തേക്കു കടന്നപ്പോള്‍ അനുഭവം വ്യത്യസ്തമായി. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ജാതിക്കാരും വിശ്വാസികളും തങ്ങളാണെന്ന് അഭിമാനം കൊണ്ടിരുന്ന ബ്രാഹ്മണര്‍ക്ക് ദൈവപുത്രന്‍, മനുഷ്യരക്ഷകന്‍, മനുഷ്യാവതാരം, യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്പ്, ജ്ഞാനസ്നാനം തുടങ്ങിയ നൂതനാശയങ്ങള്‍ സ്വീകാര്യമായിരുന്നില്ല. മാത്രവുമല്ല, ബ്രാഹ്മണരെക്കാള്‍ ഉയര്‍ന്നവരായി മറ്റാരുമില്ലെന്നു വിശ്വസിച്ചിരുന്ന അവര്‍ക്കു അപ്പേസ്തലന്റെ സുവിശേഷപ്രഘോഷണം അരോചകമായി. അങ്ങനെ ശ്ളീഹായ്ക്കു രക്തസാക്ഷിത്വം വരിക്കേണ്ടി വരികയും ചെയ്തു. കേരളത്തില്‍ ബ്രാഹ്മണരുണ്ടായിരുന്നെങ്കില്‍ അതു കേരളത്തില്‍ത്തന്നെ സംഭവിച്ചേക്കാമായിരുന്നുതാനും.
പാലയൂരിലെ യൂദാക്കുളത്തില്‍ അപ്പോസ്തലന്‍ പ്രവര്‍ത്തിച്ചു എന്നു പറയുന്ന അത്ഭുതത്തിന്റെ കഥയും യുക്തിസഹമല്ല. കുളത്തില്‍ കുളിച്ചുകൊണ്ടിരുന്ന ബ്രാഹ്മണര്‍ ആകാശത്തിലേക്കു വെള്ളം ഉയര്‍ത്തിയെറിഞ്ഞു സൂര്യനമസ്കാരം ചെയ്തിരുന്നതിനെ ശ്ളീഹാ പരിഹസിച്ചുവെന്നും വെള്ളത്തുള്ളികള്‍ അന്തരീക്ഷത്തില്‍ നില്ക്കാതെ താഴേക്കു പോരുന്നത് അവരുടെ ദേവന്‍ ദൈവമല്ലെന്നതിനു തെളിവാണെന്നു വാദിച്ചുവെന്നുമാണല്ലൊ ഐതിഹ്യം. ശ്ളീഹാ കൈക്കുടന്നയില്‍ വെള്ളമെടുത്ത് അന്തരീക്ഷത്തിലേക്കെറിഞ്ഞപ്പോള്‍ അവ താഴെ വീഴാതെ തങ്ങി നിന്നത്രെ. അതുകണ്ട് അവരില്‍ പലരും യേശുവില്‍ വിശ്വാസിക്കുകയും ജ്ഞാനസ്നാനം സ്വീകരിക്കുകയും ചെയ്തെന്നു കഥാന്ത്യം. മറ്റൊന്നുകൂടിയുണ്ട്. ബ്രാഹ്മണര്‍ സൂര്യനമസ്കാരം ചെയ്യുന്നതു വെള്ളം മുകളിലേക്കെറിഞ്ഞില്ല. കൈക്കുടന്നയില്‍ നിന്നു സാവകാശം താഴേക്കൊഴുക്കിയിട്ടാണ്.
പാലയൂര്‍ ഒരു യഹൂദജനവാസകേന്ദ്രമായിരുന്നു. കുളത്തിനു യൂദാക്കുളമെന്നു പേര്. സമീപപ്രദേശത്തെ കുഞ്ഞിന് ഇന്നും യൂദക്കുന്നെന്നാണു പേര്. ജലസ്നാനം യഹൂദര്‍ക്കും പതിവുള്ളതു തന്നെ. ജറൂസലേം ദേവാലയം കിഴക്കായതുകൊണ്ട് ലോകത്തിലെവിടെയും യഹൂദര്‍ കിഴക്കോട്ടു തിരിഞ്ഞു നിന്നാണ് യാമപ്രാര്‍ത്ഥനകള്‍ നടത്തിയിരുന്നത്. പാപത്തെക്കുറിച്ചു പശ്ചാത്തപിക്കുന്നവര്‍ ജലം കൊണ്ടാണല്ലൊ മാമ്മോദീസാ സ്വീകരിച്ചിരുന്നത്. ധാരാളം ജലമുള്ളിടത്താണ് ഇത്തരത്തില്‍ ജ്ഞാനസ്നാനം നല്കിയിരുന്നത്. 'സാലിമിനടുത്തുള്ള ഏനോനില്‍ വെള്ളം ധാരാളമുണ്ടായിരുന്നതുകൊണ്ട് അവിടെ യോഹന്നാനും സ്നാനം നല്കിയിരുന്നു' എന്നു യോഹന്നാന്‍ സുവിശേഷകന്‍ (3/23) രേഖപ്പെടുത്തുന്നു. അങ്ങനെ സദ്വാര്‍ത്ത കേട്ടു പശ്ചാത്താപ വിവശരായ പാലയൂരിലെ യഹൂദര്‍ തന്നെയല്ലേ കുളത്തിലിറങ്ങി ജലത്താലും പരിശുദ്ധാത്മാവിനാലും പുതിയ ജ്ഞാനസ്നാനം ശ്ളീഹായില്‍ നിന്നു സ്വീകരിച്ചത്?
യഹൂദര്‍ പൊതുവെ രണ്ടു വിഭാഗമുണ്ട്. വെളുത്തവരും കറുത്തവരും. വെളുത്തവര്‍ക്ക് ഉന്നതജാതി ചിന്തയും ഉത്കര്‍ഷബോധവും അധികമായിരുന്നതുകൊണ്ട് അവര്‍ തദ്ദേശവാസികളുമായി ഇടകലരാതെ വംശശുദ്ധി നിലനിര്‍ത്തിയതിന്റെ ഫലമായി കാലക്രമത്തില്‍ ന്യൂനപക്ഷമായിത്തീര്‍ന്നു. അവരില്‍ ബാക്കിവന്നവരാണ് 1948 ല്‍ ഇസ്രായേലുണ്ടായപ്പോള്‍ ഇവിടെ നിന്നു മടങ്ങിപ്പോയതും. കറുത്തവിഭാഗമാകട്ടെ നാട്ടുകാരുമായി ഇടകലര്‍ന്നു പുതിയൊരു ജനവിഭാഗമായി. അവരില്‍ നല്ലൊരു ഭാഗം പേര്‍ ക്രിസ്തുമതാനുയായികളുമായി. അങ്ങനെയാണു സെന്റ് തോമസിന്റെ പ്രേഷിതദൌത്യം കേരളത്തില്‍ കനത്ത മേനി വിളവുണ്ടാക്കിയത്.
സെന്റ് തോമസിനെ സ്വന്തം ആളെന്ന നിലയില്‍ സ്വാഗതം ചെയ്യാന്‍ ഇവിടത്തെ യഹൂദസമൂഹത്തിനു ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ഭാഷയും സംസ്കാരവും ഒന്നുതന്നെ. രണ്ടുകൂട്ടര്‍ക്കും പരസ്പരം മനസ്സിലാക്കുക എളുപ്പം. അവരില്‍ നിന്നു കിട്ടിയ സഹായികളോടൊപ്പം തദ്ദേശജനതയുമായും വിശുദ്ധന്‍ സംവദിച്ചു. ഏകസഞ്ചാരമാര്‍ഗ്ഗം ജലവാഹനങ്ങളായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം ജ്ഞാനസ്നാനം നല്കിയ പുതിയ സമൂഹങ്ങളെല്ലാം കടല്‍ത്തീരങ്ങളിലും നദീതീരങ്ങളിലുമായിരുന്നത്. കാടുനിറഞ്ഞ ഉള്‍പ്രദേശങ്ങളിലേക്കു കടക്കുക എളുപ്പമായിരുന്നില്ല. പുതിയ അറിവിന്റെയും വിശ്വാസത്തിന്റയും രക്ഷാകരമായ പ്രതീക്ഷയുടെയും വിത്തുകളാണദ്ദേഹം വിതച്ചത്. ഇവിടത്തെ പ്രാദേശിക സംസ്കൃതിയുടെ കൂട്ടായ്മയില്‍തന്നെയാണവ മുളച്ചു വളര്‍ന്നതും. അതുകൊണ്ടാണ് ഐതിഹ്യങ്ങള്‍ക്കപ്പുറത്തു ചരിത്രപരമായ അടയാളങ്ങള്‍ അവശേഷിപ്പിക്കാന്‍ അതിനു കഴിയാതെ പോയത്.
1700-ല്‍ ഇവിടെയെത്തിയ ജര്‍മ്മന്‍ മിഷനറിയും കവിയുമായ അര്‍ണോസ്പാതിരി, 1715 ആഗസ്റ് മൂന്നിന് പാരീസിലെ ഈശോസഭാആസ്ഥാനത്തേക്കെഴുതിയ ഒരു കത്തില്‍ ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നതു ശ്രദ്ധിക്കുക: "മാര്‍ത്തോമ്മാശ്ളീഹായുടെ കഥകള്‍ പാടുന്ന ചില നാടോടിപ്പാട്ടുകളല്ലാതെ അദ്ദേഹത്തെപ്പറ്റിയുള്ള മറ്റു സ്മാരകങ്ങളൊന്നും ഇവിടെയില്ല. നാട്ടുകാര്‍ ഒന്നടങ്കം അവയെല്ലാം പരമസത്യമെന്നു വിശ്വസിക്കുന്നുണ്െടങ്കിലും അവ സംശയത്തിനതീതമാണ് എന്നുറപ്പിച്ചു പറയാന്‍ എനിക്കു കഴിയുന്നില്ല.'' ആ വര്‍ഷം തന്നെ ജനുവരി 17-ന് എഴുതിയ ഒരു കത്തില്‍, മലയാറ്റൂര്‍ മലമുകളിലെ തോമ്മാശ്ളീഹായുടെ പാദമുദ്ര സംബന്ധിച്ച അന്വേഷണത്തിന് ഇങ്ങനെ മറുപടി നല്കിയിരിക്കുന്നു: "മലബാറിലെവിടെയോ ഒരു കല്ലില്‍ വിശുദ്ധ തോമ്മാശ്ളീഹായുടെ പാദമുദ്രകള്‍ പതിഞ്ഞതായി പറയപ്പെടുന്ന കാര്യം. പറയുന്നവര്‍ക്ക് അത് വിശുദ്ധന്‍ പതിപ്പിച്ച പാവനമായ കാല്പാടുകള്‍ തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല.''
ഇതാണു പ്രധാനം. നൂറ്റാണ്ടുകളുടെ ഇരുണ്ട മാര്‍ഗ്ഗങ്ങളിലൂടെ തപ്പിത്തടഞ്ഞു മുന്നോട്ടു നീങ്ങുമ്പോഴും, കാലത്തിന്റെ സംഹാരാത്മകമായ പ്രക്രിയകള്‍ക്കിരയാവാതെ, ഒരു ജനത നിലനിര്‍ത്തിപ്പോന്ന ഈ ബോധ്യം ഏതു ചരിത്രരേഖയെക്കാളും വിലപ്പെട്ടതും വിശ്വാസ്യവുമാണ്. നാട്ടുകാര്‍ ഒന്നടങ്കം അവയെല്ലാം പരമസത്യമെന്നു വിശ്വസിക്കുന്നു, പറയുന്നവര്‍ക്ക് അതില്‍ സംശയമില്ല, എന്ന പാതിരിയുടെ സാക്ഷ്യങ്ങള്‍ കേരളസഭയുടെ മാര്‍ത്തോമ്മാ പാരമ്പര്യത്തിനു ചരിത്രം കോറിയിട്ട അടിവരകളാണ്.
കേരളത്തിലെ ഒരു ക്രൈസ്തവസഭാവിഭാഗവും ഈ പാരമ്പര്യം കുടഞ്ഞുകളയാന്‍ ഇഷ്ടപ്പെടുന്നില്ല. പകരം അതു തങ്ങളോടാണു കൂടുതല്‍ ഇഴചേര്‍ന്നു നില്ക്കുന്നത് എന്നു സ്ഥാപിക്കാന്‍ മത്സരിക്കുക തന്നെയാണ്. ഇല്ലാത്ത പൂച്ചയെ ഇരുട്ടില്‍ തപ്പുന്ന ചരിത്രഗവേഷണങ്ങളെ അവഗണിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന ഘടകവും മറ്റൊന്നല്ല. 'സംശയിക്കുന്ന തോമ്മാ' എന്നൊരു പര്യായം ചരിത്രം പതിച്ചുകൊടുത്തിട്ടുണ്െടങ്കിലും, നമുക്കും ഗുരുവിനോടൊപ്പം പോയി മരിക്കാം എന്നു പറയാനുള്ള ധീരത ആ പര്യായദൌര്‍ബല്യത്തെ നിഷ്പ്രഭമാക്കിക്കൊണ്ടു നിലനില്ക്കുന്നുണ്ടല്ലൊ. അതേ ധീരത, വാച്യാര്‍ത്ഥത്തിലല്ലെങ്കിലും, ഇന്നു കേരളക്രൈസ്തവസമൂഹത്തോടു വര്‍ത്തമാനകാല സാഹചര്യം ആവശ്യപ്പെടുന്നുണ്േടാ എന്നു മാത്രമേ നമ്മള്‍ കാതോര്‍ക്കേണ്ടതുള്ളൂ.
ഇതിനെല്ലാമപ്പുറം സാംസ്കാരികമായ പരിപ്രേക്ഷ്യത്തില്‍ വിലയിരുത്തുമ്പോള്‍ സെന്റ് തോമസിന്റെ ആഗമനത്തിനു മറ്റൊരു മാനം കൂടിയുണ്ട്. മൂന്നു സംസ്കാരങ്ങളുടെ മഹാസംഗമം കൂടിയാണ് ആ സംഭവം. ഭാരതീയ സംസ്കൃതിയിലേക്കു യഹൂദക്രൈസ്തവസംസ്കൃതികളുടെ ഒഴുകിച്ചേരല്‍. പാലില്‍ പഞ്ചസാര പോലെയും മാവില്‍ പുളിമാവു പോലെയും അതു ഭാരതീയ ജനജീവിതത്തെ കൂടുതല്‍ ഉന്മിഷത്തും ചൈതന്യവത്തുമാക്കി മാറ്റി. അതിന്റെ ദൂരവ്യാപകമായ ഫലസമൃദ്ധി വിലയിരുത്തുക അത്രയെളുപ്പമല്ല താനും.
Author :ഡോ.കുര്യാസ് കുമ്പളക്കുഴി
Monday, July 19, 2010
മതസൗഹാര്‍ദ്ദം തകര്‍ക്കരുതേ!
ഒരു യഥാര്‍ത്ഥ ദൈവവിശ്വാസിക്ക് മറ്റൊരാളുടെ നേരെ ആയുധമെടുക്കാനോ അവന്റെ ജീവനെടുക്കാനോ മുറിവേല്‍പ്പിക്കാനോ കഴിയുമോ? തീര്‍ച്ചയായും ഇല്ല. തങ്ങളുടെ മതത്തെ വ്രണപ്പെടുത്തുന്ന വിധത്തില്‍ പെരുമാറിയതിന്റെ പേരില്‍, അതു ചെയ്‌ത വ്യക്തിയുടെ ജീവനെടുത്ത് പകരംവീട്ടാന്‍ ശ്രമിക്കുമ്പോള്‍, ആദ്യത്തെ ആള്‍ പെരുമാറിയതിലും മോശമായ പ്രവൃത്തിയാണ് രണ്ടാമത്തേത്. കാരണം, എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് പരസ്‌പരം സ്‌നേഹിക്കാനും ആദരിക്കാനുമൊക്കെയാണ്. തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായ ടി. ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിയെറിയുകയും അദ്ദേഹത്തെ മാരകമായി വെട്ടി മുറിവേല്‍പ്പിക്കുകയും ചെയ്‌ത സംഭവം കേരളം ഞെട്ടലോടെയാണ് ശ്രവിച്ചത്. ഇങ്ങനെയൊരു സംഭവം ഒരുപക്ഷേ കേരളത്തില്‍ ആദ്യമായിട്ടായിരിക്കും. ആ നീചകൃത്യം ചെയ്‌തവരുടെ ഉദ്ദേശ്യലക്ഷ്യം ദൈവസ്‌നേഹമോ മതസ്‌നേഹമോ ഒന്നുമല്ലെന്നത് നിശ്ചയമാണ്. പേരുകൊണ്ട് ഒരു മതത്തെ പ്രതിനിധീകരിക്കുന്നുണ്ടെങ്കിലും അവര്‍ യഥാര്‍ത്ഥ വിശ്വാസികളോ മനുഷ്യസ്‌നേഹികളോ അല്ല.
കോളജില്‍ ഉണ്ടായ ചോദ്യപേപ്പര്‍ വിവാദം മുസ്ലീങ്ങളായ അനേകരുടെ മനസുകളില്‍ മുറിവുണ്ടാക്കിയിരുന്നു. സംഭവത്തില്‍ കോളജ് മാനേജ്‌മെന്റിനും രൂപതയ്‌ക്കും നേരിട്ട് ബന്ധമില്ലെങ്കില്‍ക്കൂടി, മുസ്ലീം സമൂഹത്തോട് മാപ്പു ചോദിക്കുകയും അധ്യാപകനെ സസ്‌പെന്റ് ചെയ്യുകയും ചെയ്‌തിരുന്നു. അ തിന്റെ പേരിലുള്ള നിയമനടപടികള്‍ അദ്ദേഹം നേരിട്ടുകൊണ്ടിരിക്കുകയുമാണ്. തെറ്റു ചെയ്‌താല്‍ അവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാനല്ലാതെ മറ്റൊന്നിനും കഴിയില്ലല്ലോ. ഈ സംഭവത്തില്‍ കാലതാമസം വരുത്താതെ നിയമം അതിന്റെ വഴിക്കുതന്നെ നീങ്ങുകയും ചെയ്‌തിരുന്നു. അധ്യാപകന്റെ പ്രവൃത്തിയെ പിന്തുണച്ചുകൊണ്ട് ഏതെങ്കിലും വിഭാഗമോ വ്യക്തികളോ രംഗത്തു വന്നില്ലെന്നത് ശ്രദ്ധിക്കേണ്ട കാര്യംതന്നെയാണ്. കേരളീയ സമൂഹം ഉയര്‍ത്തിപ്പിടിക്കുന്ന മതസൗഹാര്‍ദ്ദത്തിന്റെയും ഉയര്‍ന്ന നീതിബോധത്തിന്റെയും ഭാഗമായിട്ടു വേണം അതിനെ കാണാന്‍. എന്നിട്ടും നിയമത്തെയും നീതിയെയുമൊന്നും അംഗീകരിക്കാതെ പ്രാകൃതമായ രീതിയില്‍ ശിക്ഷ നടപ്പാക്കാന്‍ ശ്രമിക്കുന്നവരുടെ ഉദ്ദേശ്യമെന്താണെന്ന് ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. സംഭവം കഴിഞ്ഞ് മാസങ്ങള്‍ക്കുശേഷം നീണ്ട പ്ലാനിംഗോടെ ചെയ്യുമ്പോള്‍ അതിന്റെ ഗൗരവം വര്‍ധിക്കുകയാണ്. ജനങ്ങളുടെ മനസില്‍ ഒരിക്കലും മുറിവുണങ്ങരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഈ കൃത്യത്തിന്റെ പിന്നില്ലെന്നതിന് സംശയമില്ല.
അക്രമിക്കപ്പെട്ട വ്യക്തിയും അതിലെ പ്രതികളും രണ്ടു മതവിഭാഗത്തില്‍ പെട്ടവരായതുകൊണ്ട് തെറ്റിദ്ധാരണകള്‍ സൃഷ്‌ടിക്കപ്പെടുന്നതിന് സാധ്യതയുണ്ട്. അക്രമം നടത്തിയവര്‍ ലക്ഷ്യംവയ്‌ക്കുന്നതും അതുതന്നെയാണ്. ജനങ്ങളുടെ മനസുകളില്‍ സംശയവും വെറുപ്പും ഉളവാക്കി അതിലൂടെ വര്‍ഗീയ കലാപങ്ങള്‍ സൃഷ്‌ടിച്ച് രാജ്യത്തെത്തന്നെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന ശക്തികളുടെ സ്വാധീനത്തില്‍, അവരുടെ ലക്ഷ്യങ്ങള്‍ പൂര്‍ണമായി തിരിച്ചറിയാന്‍ തന്നെ കഴിയാതെ പോയവരായിരിക്കാം ഈ അക്രമണത്തില്‍ പങ്കുചേര്‍ന്നവര്‍ പോലും. വിശ്വാസത്തെ ചൂഷണം ചെയ്‌ത് അവരെ മസ്‌തിഷ്‌കപ്രക്ഷാളനം ചെയ്യുന്നതില്‍ ആരെക്കെയോ വിജയിച്ചു എന്നുവേണം കരുതാന്‍. ഇങ്ങനെയുള്ള സംഭവങ്ങളെ ഒരു മതവുമായി ബന്ധപ്പെടുത്തി കാണുകയോ വിലയിരുത്തുകയോ ചെയ്യരുത്. കാരണം, കാടത്തം നിറഞ്ഞ ഈ പ്രവൃത്തി ചെയ്‌തവര്‍ പേരുകൊണ്ട് ഒരു മതത്തിന്റെ ഭാഗമാണെങ്കിലും, അവര്‍ യഥാര്‍ത്ഥ വിശ്വാസികളല്ലെന്നത് വ്യക്തമാണ്. മുസ്ലീം സമുദായം ഒരിക്കലും ഈ പ്രവൃത്തിയെ അംഗീകരിക്കുന്നവരല്ല. ഇതിനെതിരെ പ്രതിഷേധിക്കാന്‍ അവരും മുന്നിലുണ്ടായിരുന്നു. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് മറ്റെന്തൊക്കെയോ താല്‌പര്യങ്ങള്‍ ഉണ്ടായിരുന്നെന്ന് വ്യക്തമാണ്. ജനങ്ങളുടെ മനസില്‍ സംശയത്തിന്റെയും തെറ്റിദ്ധാരണയുടെയും വിത്തുകള്‍ വിതയ്‌ക്കുന്നതോടൊപ്പം അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു മതത്തിന്റെ പരിവേഷം കൃത്രിമമായി സൃഷ്‌ടിക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണിത്.
കഴിഞ്ഞ കാലങ്ങളില്‍ ലോകത്തുണ്ടായ ചില സംഭവങ്ങളുടെ പേരില്‍ ഏറെ തെറ്റിദ്ധാരണയ്‌ക്ക് വിധേയരായ വിഭാഗമാണ് മുസ്ലീം സമുദായം. സ്‌ഫോടനങ്ങളിലും അക്രമപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ട പലരും പേരുകൊണ്ട് മുസ്ലീങ്ങള്‍ ആയതുകൊണ്ട് അതൊരു സമൂഹത്തിന്റെമേല്‍ ചാര്‍ത്താനുള്ള ശ്രമങ്ങള്‍ പല ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍പ്പോലും, അങ്ങനെ അവകാശപ്പെട്ടാലും അവര്‍ ആ വിഭാഗത്തെ പ്രതിനിധീകരിക്കുന്നവരല്ല എന്നുള്ള ബോധ്യം സമൂഹത്തിന് ഉണ്ടാവണം. പ്രവര്‍ത്തനങ്ങള്‍ക്ക് മതത്തിന്റെ ആവരണം സൃഷ്‌ടിച്ചാല്‍ ലക്ഷ്യംവയ്‌ക്കുന്ന ഭിന്നിപ്പ് സമൂഹത്തില്‍ ഉണ്ടാക്കാന്‍ എളുപ്പമാണെന്നുള്ള തിരിച്ചറിവാണ് മതത്തെ കൂട്ടുപിടിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത്. ഈ ഭീകരവാദികളുടെ തെറ്റായ പ്രചാരണങ്ങളില്‍പ്പെട്ട് ആരെങ്കിലും അതിലുള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ തിരിച്ചു കൊണ്ടുവരേണ്ടത് സമൂഹത്തിന്റെ മുഴുവന്‍ ആവശ്യമാണ്.
രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ ഉണ്ടായ സ്‌ഫോടനങ്ങളില്‍ മരിച്ചവരും നഷ്‌ടങ്ങള്‍ സംഭവിച്ചവരും ഏതെങ്കിലും പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവര്‍ മാത്രമല്ലല്ലോ. മുംബൈയില്‍ ഭീകരാക്രമണം ഉണ്ടായപ്പോള്‍, റെയില്‍വേ സ്റ്റേഷനിലും ഹോട്ടലിലുമൊക്കെ മരിച്ചുവീണവര്‍ പ്രത്യേക മതത്തില്‍പ്പെട്ടവരായിരുന്നില്ല. വെടിവച്ചവരാരും ആരുടെയും ജാതിയോ മതമോ നോക്കിയിട്ടല്ലല്ലോ അങ്ങ നെ ചെയ്‌തത്? അവര്‍ കണ്ണില്‍ കണ്ടവരുടെ നേരെ എല്ലാം വെടി ഉതിര്‍ക്കുകയായിരുന്നു. ബാംഗ്ലൂരിന്റെ പല ഭാഗങ്ങളില്‍ സ്‌ഫോടനം നടത്താന്‍ പ്ലാന്‍ ചെയ്‌ത പദ്ധതി പാളിപ്പോയതിനെക്കുറിച്ചൊക്കെ അടുത്ത നാളില്‍ തടിയന്റവിട നസീറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. അങ്ങനെ വല്ലതും സംഭവിച്ചിരുന്നെങ്കില്‍ ഏതെങ്കിലും മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് പ്രത്യേക സംരക്ഷണം ലഭിക്കുമായിരുന്നോ? അപ്പോള്‍ ഇങ്ങനെയുള്ളവര്‍ എങ്ങനെയാണ് ഒരു മതത്തിന്റെ പ്രതിനിധികളാകുന്നത്‌്?
ഇന്ത്യയ്‌ക്ക് എതിരെ ഉപയോഗിക്കുന്നതിനായി ഭീകരരെ വളര്‍ത്തിയതിന് വില കൊടുക്കേണ്ടി വന്ന രാജ്യമാണ് പാക്കിസ്ഥാന്‍. അവിടുത്തെ ഭരണംതന്നെ പിടിച്ചെടുക്കാന്‍ മാത്രം ശക്തിയുള്ളവരായി താലിബാന്‍ അവിടെ വളര്‍ന്നു കഴിഞ്ഞു. പാക്കിസ്ഥാനിലെ പല പ്രദേശങ്ങളും ഇപ്പോള്‍ അവരുടെ നിയന്ത്രണത്തിലാണ്. ഭരണകര്‍ത്താക്കള്‍ താല്‌ക്കാലിക ലാഭത്തിനുവേണ്ടി, ദീര്‍ഘവീക്ഷണമില്ലാതെ ചെയ്‌ത പ്രവൃത്തിക്ക്, രാജ്യത്തെ ജനങ്ങള്‍ മുഴുവന്‍ വില കൊടുക്കേണ്ടി വന്നിരിക്കുകയാണ്. ആ രാജ്യത്തിന്റെ മുഴുവന്‍ ഊര്‍ജ്ജവും ഭീകരര്‍ക്ക് എതിരെയായതുകൊണ്ട് വളര്‍ച്ചതന്നെ തടയപ്പെട്ടിരിക്കുന്നു. അതിലുപരി, അണുവായുധശക്തിയായ പാക്കിസ്ഥാന്റെ നിയന്ത്രണം ഭീകരരുടെ കൈകളില്‍ എത്തിയാല്‍ അതു ലോകത്തു വിതയ്‌ക്കാന്‍ പോകുന്ന വിപത്ത് എത്ര വലുതായിരിക്കും?
രാജ്യത്തിന്റെ വളര്‍ച്ചയ്‌ക്ക് തടസം സൃഷ്‌ടിക്കുന്നതിനും സമൂഹത്തിന്റെ സൈ്വര്യജീവിതം തകര്‍ക്കുന്നതിനും ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തേണ്ടത് എല്ലാ മനുഷ്യസ്‌നേഹികളുടെയും കടമയാണ്. അതിന്റെ പേരില്‍ ഏതെങ്കിലും വിഭാഗത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനും പാടില്ല. അങ്ങനെ സംഭവിച്ചാല്‍ ഭീകരവാദികള്‍ക്ക് വളരാനുള്ള സാഹചര്യമാണ് സൃഷ്‌ടിക്കപ്പെടുന്നത് എന്ന തിരിച്ചറിവും ഉണ്ടാകണം.
Author: ശ്രീ ബെന്നി പുന്നത്തറ
Sunday, July 18, 2010
നിരീശ്വരവാദം പ്രോത്സാഹിപ്പിക്കലല്ല സഭയുടെ ദൌത്യം
ലോകത്തിലെ ഒരു മതത്തിനും നിരീശ്വരവാദം പ്രോത്സാഹിപ്പിക്കാന്‍ സാധ്യമല്ല. മതവിശ്വാസവും നിരീശ്വരവാദവും അങ്ങേയറ്റം വിരുദ്ധമാണ്. ദൈവാഭിമുഖ്യമുള്ള വ്യക്തികളെയും സമൂഹത്തെയും രൂപപ്പെടുത്തുക എന്നതാണ് മതത്തിന്റെ അന്തസത്ത. ഈശ്വരവിശ്വാസം വളര്‍ത്തുകയാണ് മതങ്ങളുടെ ലക്ഷ്യം. അതുകൊണ്ട് ക്രിസ്തുമതവും നിരീശ്വരത്വത്തിനെതിരാണ്.
ദൈവജനത്തെ വിശ്വാസത്തില്‍ ആഴപ്പെടുത്തുകയും വിശ്വാസത്തില്‍ നിലനിറുത്തുകയുമാണ് സഭയുടെ അടിസ്ഥാനപരമായ ദൌത്യമെന്ന് സാര്‍വത്രികസഭയുടെ എല്ലാ പ്രബോധനരേഖകളും അര്‍ത്ഥശങ്കയ്ക്ക് ഇടിമില്ലാത്തവിധം വ്യക്തമാക്കിയിട്ടുണ്ട്. ക്രിസ്തുമതം ഇന്ന് സമൂഹത്തില്‍ നിര്‍വ്വഹിക്കുന്ന എല്ലാ ശുശ്രൂഷകളുടെയും ലക്ഷ്യം ദൈവവിശ്വാസം വളര്‍ത്തുക എന്നതാണ്. ഈ ഒരു ലക്ഷ്യത്തില്‍ നിന്ന് പിന്നോട്ട് പോകുവാനോ ഇതില്‍ വെള്ളം ചേര്‍ക്കാനോ ക്രിസ്തുമതത്തിന് ഒരിക്കലും സാധിക്കുകയില്ല. ദൈവത്തെ നിഷേധിക്കുകയും സഭയെ തള്ളിപ്പറയുകയും ചെയ്യുന്നവരെ ഒരിക്കലും പ്രോത്സാഹിപ്പിക്കുവാന്‍ സഭയ്ക്ക് സാധ്യമല്ല. നിരീശ്വരവാദ പ്രസ്ഥാനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നവരെ അതില്‍ നിന്ന് തടയാനും നിരീശ്വരവാദപ്രവര്‍ത്തനങ്ങളില്‍ അകപ്പെട്ടുപോയ ക്രിസ്തുമതവിശ്വാസികളെ അതില്‍നിന്ന് തിരികെ കൊണ്ടുവരാനും സഭയ്ക്ക് സാധിക്കണം. അത് സഭയുടെ ഈ കാലഘട്ടത്തിലെ ദൌത്യമാണ്.
ദൈവവിശ്വാസവും നിരീശ്വരവാദവും ഒരിക്കലും ഒരുമിച്ച് പോവുകയില്ല. നിരീശ്വരവാദപ്രസ്ഥാനങ്ങള്‍, ദൈവനിഷേധം പ്രോത്സാഹിപ്പിക്കാനും ദൈവനിഷേധത്തെ പ്രോത്സാഹിപ്പിക്കുന്നവരുടെ തലമുറയെ വാര്‍ത്തെടുക്കുവാനുമാണ് പരിശ്രമിക്കുക. അത് അവരുടെ അസ്തിത്വത്തിന്റെ ഭാഗവും ലക്ഷ്യവുമാണ്. യഥാര്‍ത്ഥ കമ്യൂണിസ്റ് നിരീശ്വരവാദിയാണെന്ന കേരളത്തിലെ കമ്യൂണിസ്റ് നേതാക്കളുടെ വെളിപ്പെടുത്തലുകള്‍ കേരളത്തിലെയും കമ്യൂണിസ്റ് പ്രസ്ഥാനം നിരീശ്വരവാദപ്രസ്ഥാനമാണെന്ന് തുറന്നു കാണിച്ചിരിക്കുകയാണ്.
ആഗോള കമ്യൂണിസം അടിസ്ഥാനപരമായി ഭൌതികവാദം, നിരീശ്വരവാദം, വര്‍ഗസമരം എന്നീ മൂന്ന് തത്ത്വങ്ങളില്‍ വിശ്വസിക്കുന്നു. ജോര്‍ജ് വില്യം ഫ്രീഡ്രിക് ഹേഗലിന്റെ വൈരുദ്ധ്യാത്മകചിന്ത കടമെടുത്ത് ഭൌതികവാദത്തെ വൈരുദ്ധ്യാത്മക ഭൌതികവാദമെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. ഈ കാണുന്ന പ്രപഞ്ചത്തിനും വസ്തുക്കള്‍ക്കും അപ്പുറം ഒന്നും തന്നെയില്ല. ഭൌതികം മാത്രമാണ് സത്യം. പ്രപഞ്ചത്തില്‍ ഉള്ളതുമാത്രമാണ് സത്യം. കണ്ണുകൊണ്ട് കാണാന്‍ സാധിക്കുന്നതും സ്പര്‍ശിച്ച് അറിയാന്‍ സാധിക്കുന്നതും മാത്രമേ അംഗീകരിക്കാന്‍ സാധിക്കൂ എന്ന് ഭൌതികവാദികള്‍ പറയുന്നു. പ്രപഞ്ചത്തിന് അതീതമായ ദൈവത്തില്‍ അവര്‍ വിശ്വസിക്കുന്നില്ല. ദൈവവിശ്വാസത്തിനും മതത്തിനും കമ്യൂണിസത്തില്‍ സ്ഥാനമില്ല. യഥാര്‍ത്ഥ കമ്യൂണിസ്റിന് മതാചാരമനുസരിച്ച് ജീവിക്കാന്‍ സാധ്യമല്ല. അതുകൊണ്ടാണ് ദൈവവിശ്വാസിയായ വ്യക്തി പാര്‍ട്ടി ടിക്കറ്റില്‍ ജയിച്ചുവന്നാല്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ പാടില്ലെന്ന് കമ്യൂണിസ്റ് പാര്‍ട്ടി നിഷ്കര്‍ഷിച്ചിരിക്കുന്നത്.
ഭൌതികവാദവും നിരീശ്വരവാദവും എന്നപോലെ കമ്യൂണിസത്തിന്റെ അടിത്തറയാണ് വര്‍ഗസമരം. സമൂഹത്തെ അവര്‍ രണ്ടായി തിരിക്കുന്നു. ബൂര്‍ഷ്വയും തൊഴിലാളിയുമാണ് സമൂഹത്തിലെ രണ്ടു വര്‍ഗക്കാര്‍. പണമുള്ളവനായ ബൂര്‍ഷ തൊഴിലാളിയെ ചൂഷണം ചെയ്യുന്ന ബൂര്‍ഷ്വകളെ വകവരുത്തണം. സമൂഹത്തില്‍ ബൂര്‍ഷ്വ ഉള്ളടത്തോളം കാലം വര്‍ഗസമരത്തിന് പ്രാധാന്യമുണ്ട്. കമ്യൂണിസം സഭയെപ്പോലും ബൂര്‍ഷയായി വ്യാഖ്യാനിക്കുന്നു. ഭൌതികവാദത്തെയും നിരീശ്വരവാദത്തെയും പോലെ വര്‍ഗസമരത്തെയും സഭയ്ക്ക് അംഗീകരിക്കാനാവില്ല.
കേരളകത്തോലിക്കാസഭ നടത്തിയ ചില പഠനങ്ങളുടെ വെളിച്ചത്തില്‍ നിരീശ്വരവാദികളുടെ വ്യാപകമായ തിരുകിക്കയറ്റലുകള്‍ ഇടവകസമിതികളിലും അല്മായ സംഘടനകളിലും മതബോധന വിഭാഗങ്ങളിലും അടുത്തകാലത്ത് ഉണ്ടായിട്ടുണ്ട്. സഭയെ തകര്‍ക്കാന്‍ സഭാമക്കളെ തന്നെ ഉപയോഗിക്കുന്ന ഗൂഢഅജണ്ടയുടെ ഭാഗമാണിത്.
സഭ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തുന്നത് ദൈവവിശ്വാസവും ധാര്‍മ്മികബോധവും മൂല്യബോധവുമുള്ള തലമുറയെ വാര്‍ത്തെടുക്കാനാണ്. ദൈവവിശ്വാസമുള്ള തലമുറ വളര്‍ന്നുവന്നാല്‍ അത് കമ്യൂണിസത്തെ പ്രതികൂലമായി ബാധിക്കും. നമ്മുടെ സ്ഥാപനങ്ങളിലൂടെ നമ്മുടെ കുട്ടികളെ നിരീശ്വരവാദവും കമ്യൂണിസവും പഠപ്പിക്കാനുള്ള ബൃഹത്തായ പദ്ധതി നിരീശ്വരവാദികള്‍ക്കുണ്ട്.
സഭയുടെ ദൌത്യം ദൈവവിശ്വാസം പ്രോത്സാഹിപ്പിക്കലാണ്; നീരീശ്വരവാദം വളര്‍ത്തലല്ല.
ഭൌതികവാദത്തിന്റെയും നിരീശ്വരവാദത്തിന്റെയും വ്യാപനത്തെക്കുറിച്ച് ശാസ്ത്രീയമായ പഠനങ്ങള്‍ നടത്തി അവയെക്കുറിച്ച് ബോധവാ•ാരാകണം. നഷ്ടപ്പെട്ടുപോയ ആടുകളെ തിരികെ കൊണ്ടുവരാനാണ് ദൈവപുത്രന്‍ പരിശ്രമിച്ചത്. നിരീശ്വരവാദപ്രസ്ഥാനങ്ങളില്‍ അകപ്പെട്ടുപോവരെ തിരികെ കൊണ്ടുവരാന്‍ കഴിയണം. കേവലം ഒരു പഞ്ചായത്ത് മെമ്പര്‍ സ്ഥാനത്തിനുവേണ്ടിയോ എം.എല്‍.എ. സ്ഥാനത്തിനു വേണ്ടിയോ നിരീശ്വരവാദപ്രവര്‍ത്തകരുടെ വക്താക്കളാകുന്ന സഭാമക്കളെ തിരികെ കൊണ്ടുവരാന്‍ സഭയ്ക്ക് സാധിക്കണം.
നിരീശ്വരവാദപ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ മാതൃകാവ്യക്തികളാക്കരുത്. അവരുടെ സ്ഥാനത്തെ മഹത്വപ്പെടുത്തരുത്. നിരീശ്വരവാദപ്രസ്ഥാനത്തിന്റെ ടിക്കറ്റില്‍ ജയിച്ച പഞ്ചായത്ത് പ്രസിഡണ്ടിനെയോ എം.എല്‍.എ. യോ ഇടവക മതബോധന അല്മായപ്രസ്ഥാനങ്ങളുടെ യോഗങ്ങളില്‍ പങ്കെടുപ്പിക്കുന്നതും പ്രസംഗിപ്പിക്കുന്നതും നിരീശ്വരവാദത്തിന് നാം നല്‍കുന്ന അംഗീകാരമാകാം. ഇത്തരം വ്യക്തികളെ സഭാപ്രവര്‍ത്തനങ്ങളില്‍ ഒഴിവാക്കാന്‍ സാധിക്കുന്ന ധീരമായ നടപടിയെ പ്രോത്സാഹിപ്പിക്കാന്‍ സഭയ്ക്ക് സാധിക്കണം.
ക്രൈസ്തവമനസാക്ഷിയുടെ രൂപീകരണം സഭാമക്കളില്‍ നടക്കണം. പാപം ചെയ്യാന്‍ നിന്റെ മനസാക്ഷി നിന്നോട് പറയുന്നുണ്െടങ്കില്‍ അതു നീ ചെയ്തോ എന്ന് പറയാനല്ല സഭയ്ക്ക് സാധിക്കേണ്ടത്. പാപം ചെയ്യുന്നത് തെറ്റാണെന്ന് ബോധ്യപ്പെടുത്തുന്ന ക്രൈസ്തവമനസാക്ഷി അനുസരിച്ച് നിരീശ്വരപ്രസ്ഥാനങ്ങള്‍ക്ക്ല വോട്ട് ചെയ്യാന്‍ പറയാന്‍ സഭയ്ക്കാവില്ല. ഏതു കാലഘട്ടത്തിലും ഭൌതികവാദത്തെയും നിരീശ്വരവാദത്തെയും വര്‍ഗസമരത്തെയും തള്ളിപ്പറയാന്‍ സാധിക്കണം.
മാര്‍ഗവും ലക്ഷ്യവും ശുദ്ധമായിരിക്കണം എന്നതാണ് ഏതു മതത്തിന്റെയും അടിസ്ഥാനതത്വം. ക്രിസ്തുമതവും അതില്‍ അടിയുറച്ച് വിശ്വസിക്കുന്നു. നിരാലംബരെയും പാവപ്പെട്ടവരെയും ഏറ്റവും കൂടുതല്‍ സഹായിക്കുന്നത് കേരളത്തിലെ മതസ്ഥാപനങ്ങളാണ്. കേരളത്തിലെ കമ്യൂണിസ്റ് പാര്‍ട്ടിക്ക് അനാഥാലയങ്ങളോ മന്ദബുദ്ധികളെയും എയ്ഡ്സ് രോഗികളെയും പോലുള്ളവരെ സംരക്ഷിക്കുന്ന അഗതിമന്ദിരങ്ങളോ ഇല്ല. ഗവണ്‍മെന്റ് പോലും ഇത്തരം മേഖലയിലേക്ക് വിരളമായേ കടന്നുവന്നിട്ടുള്ളൂ. മതസ്ഥാപനങ്ങള്‍ ഇത്തരം കാരുണ്യത്തിന്റെ പ്രവൃത്തികള്‍ രഹസ്യമായിട്ടാണ് ചെയ്യുന്നത്. ഇവയൊക്കെ ജനങ്ങള്‍ക്ക് ബോധ്യമാകുന്നതിനും മറ്റുള്ളവര്‍ക്ക് മാതൃക നല്കുന്നതിനും വേണ്ടി പൊതുജനമദ്ധ്യേ അവതരിപ്പിക്കുന്നതും പ്രസിദ്ധം ചെയ്യുന്നതും ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്