Monday, July 19, 2010

മതസൗഹാര്‍ദ്ദം തകര്‍ക്കരുതേ!

ഒരു യഥാര്‍ത്ഥ ദൈവവിശ്വാസിക്ക്‌ മറ്റൊരാളുടെ നേരെ ആയുധമെടുക്കാനോ അവന്റെ ജീവനെടുക്കാനോ മുറിവേല്‍പ്പിക്കാനോ കഴിയുമോ? തീര്‍ച്ചയായും ഇല്ല. തങ്ങളുടെ മതത്തെ വ്രണപ്പെടുത്തുന്ന വിധത്തില്‍ പെരുമാറിയതിന്റെ പേരില്‍, അതു ചെയ്‌ത വ്യക്തിയുടെ ജീവനെടുത്ത്‌ പകരംവീട്ടാന്‍ ശ്രമിക്കുമ്പോള്‍, ആദ്യത്തെ ആള്‍ പെരുമാറിയതിലും മോശമായ പ്രവൃത്തിയാണ്‌ രണ്ടാമത്തേത്‌. കാരണം, എല്ലാ മതങ്ങളും പഠിപ്പിക്കുന്നത്‌ പരസ്‌പരം സ്‌നേഹിക്കാനും ആദരിക്കാനുമൊക്കെയാണ്‌. തൊടുപുഴ ന്യൂമാന്‍ കോളജ്‌ അധ്യാപകനായ ടി. ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിയെറിയുകയും അദ്ദേഹത്തെ മാരകമായി വെട്ടി മുറിവേല്‍പ്പിക്കുകയും ചെയ്‌ത സംഭവം കേരളം ഞെട്ടലോടെയാണ്‌ ശ്രവിച്ചത്‌. ഇങ്ങനെയൊരു സംഭവം ഒരുപക്ഷേ കേരളത്തില്‍ ആദ്യമായിട്ടായിരിക്കും. ആ നീചകൃത്യം ചെയ്‌തവരുടെ ഉദ്ദേശ്യലക്ഷ്യം ദൈവസ്‌നേഹമോ മതസ്‌നേഹമോ ഒന്നുമല്ലെന്നത്‌ നിശ്ചയമാണ്‌. പേരുകൊണ്ട്‌ ഒരു മതത്തെ പ്രതിനിധീകരിക്കുന്നുണ്ടെങ്കിലും അവര്‍ യഥാര്‍ത്ഥ വിശ്വാസികളോ മനുഷ്യസ്‌നേഹികളോ അല്ല.

കോളജില്‍ ഉണ്ടായ ചോദ്യപേപ്പര്‍ വിവാദം മുസ്ലീങ്ങളായ അനേകരുടെ മനസുകളില്‍ മുറിവുണ്ടാക്കിയിരുന്നു. സംഭവത്തില്‍ കോളജ്‌ മാനേജ്‌മെന്റിനും രൂപതയ്‌ക്കും നേരിട്ട്‌ ബന്ധമില്ലെങ്കില്‍ക്കൂടി, മുസ്ലീം സമൂഹത്തോട്‌ മാപ്പു ചോദിക്കുകയും അധ്യാപകനെ സസ്‌പെന്റ്‌ ചെയ്യുകയും ചെയ്‌തിരുന്നു. അ തിന്റെ പേരിലുള്ള നിയമനടപടികള്‍ അദ്ദേഹം നേരിട്ടുകൊണ്ടിരിക്കുകയുമാണ്‌. തെറ്റു ചെയ്‌താല്‍ അവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാനല്ലാതെ മറ്റൊന്നിനും കഴിയില്ലല്ലോ. ഈ സംഭവത്തില്‍ കാലതാമസം വരുത്താതെ നിയമം അതിന്റെ വഴിക്കുതന്നെ നീങ്ങുകയും ചെയ്‌തിരുന്നു. അധ്യാപകന്റെ പ്രവൃത്തിയെ പിന്തുണച്ചുകൊണ്ട്‌ ഏതെങ്കിലും വിഭാഗമോ വ്യക്തികളോ രംഗത്തു വന്നില്ലെന്നത്‌ ശ്രദ്ധിക്കേണ്ട കാര്യംതന്നെയാണ്‌. കേരളീയ സമൂഹം ഉയര്‍ത്തിപ്പിടിക്കുന്ന മതസൗഹാര്‍ദ്ദത്തിന്റെയും ഉയര്‍ന്ന നീതിബോധത്തിന്റെയും ഭാഗമായിട്ടു വേണം അതിനെ കാണാന്‍. എന്നിട്ടും നിയമത്തെയും നീതിയെയുമൊന്നും അംഗീകരിക്കാതെ പ്രാകൃതമായ രീതിയില്‍ ശിക്ഷ നടപ്പാക്കാന്‍ ശ്രമിക്കുന്നവരുടെ ഉദ്ദേശ്യമെന്താണെന്ന്‌ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. സംഭവം കഴിഞ്ഞ്‌ മാസങ്ങള്‍ക്കുശേഷം നീണ്ട പ്ലാനിംഗോടെ ചെയ്യുമ്പോള്‍ അതിന്റെ ഗൗരവം വര്‍ധിക്കുകയാണ്‌. ജനങ്ങളുടെ മനസില്‍ ഒരിക്കലും മുറിവുണങ്ങരുതെന്ന്‌ ആഗ്രഹിക്കുന്നവരാണ്‌ ഈ കൃത്യത്തിന്റെ പിന്നില്ലെന്നതിന്‌ സംശയമില്ല.

അക്രമിക്കപ്പെട്ട വ്യക്തിയും അതിലെ പ്രതികളും രണ്ടു മതവിഭാഗത്തില്‍ പെട്ടവരായതുകൊണ്ട്‌ തെറ്റിദ്ധാരണകള്‍ സൃഷ്‌ടിക്കപ്പെടുന്നതിന്‌ സാധ്യതയുണ്ട്‌. അക്രമം നടത്തിയവര്‍ ലക്ഷ്യംവയ്‌ക്കുന്നതും അതുതന്നെയാണ്‌. ജനങ്ങളുടെ മനസുകളില്‍ സംശയവും വെറുപ്പും ഉളവാക്കി അതിലൂടെ വര്‍ഗീയ കലാപങ്ങള്‍ സൃഷ്‌ടിച്ച്‌ രാജ്യത്തെത്തന്നെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന ശക്തികളുടെ സ്വാധീനത്തില്‍, അവരുടെ ലക്ഷ്യങ്ങള്‍ പൂര്‍ണമായി തിരിച്ചറിയാന്‍ തന്നെ കഴിയാതെ പോയവരായിരിക്കാം ഈ അക്രമണത്തില്‍ പങ്കുചേര്‍ന്നവര്‍ പോലും. വിശ്വാസത്തെ ചൂഷണം ചെയ്‌ത്‌ അവരെ മസ്‌തിഷ്‌കപ്രക്ഷാളനം ചെയ്യുന്നതില്‍ ആരെക്കെയോ വിജയിച്ചു എന്നുവേണം കരുതാന്‍. ഇങ്ങനെയുള്ള സംഭവങ്ങളെ ഒരു മതവുമായി ബന്ധപ്പെടുത്തി കാണുകയോ വിലയിരുത്തുകയോ ചെയ്യരുത്‌. കാരണം, കാടത്തം നിറഞ്ഞ ഈ പ്രവൃത്തി ചെയ്‌തവര്‍ പേരുകൊണ്ട്‌ ഒരു മതത്തിന്റെ ഭാഗമാണെങ്കിലും, അവര്‍ യഥാര്‍ത്ഥ വിശ്വാസികളല്ലെന്നത്‌ വ്യക്തമാണ്‌. മുസ്ലീം സമുദായം ഒരിക്കലും ഈ പ്രവൃത്തിയെ അംഗീകരിക്കുന്നവരല്ല. ഇതിനെതിരെ പ്രതിഷേധിക്കാന്‍ അവരും മുന്നിലുണ്ടായിരുന്നു. സംഭവത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക്‌ മറ്റെന്തൊക്കെയോ താല്‌പര്യങ്ങള്‍ ഉണ്ടായിരുന്നെന്ന്‌ വ്യക്തമാണ്‌. ജനങ്ങളുടെ മനസില്‍ സംശയത്തിന്റെയും തെറ്റിദ്ധാരണയുടെയും വിത്തുകള്‍ വിതയ്‌ക്കുന്നതോടൊപ്പം അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഒരു മതത്തിന്റെ പരിവേഷം കൃത്രിമമായി സൃഷ്‌ടിക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണിത്‌.

കഴിഞ്ഞ കാലങ്ങളില്‍ ലോകത്തുണ്ടായ ചില സംഭവങ്ങളുടെ പേരില്‍ ഏറെ തെറ്റിദ്ധാരണയ്‌ക്ക്‌ വിധേയരായ വിഭാഗമാണ്‌ മുസ്ലീം സമുദായം. സ്‌ഫോടനങ്ങളിലും അക്രമപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ട പലരും പേരുകൊണ്ട്‌ മുസ്ലീങ്ങള്‍ ആയതുകൊണ്ട്‌ അതൊരു സമൂഹത്തിന്റെമേല്‍ ചാര്‍ത്താനുള്ള ശ്രമങ്ങള്‍ പല ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്‌. അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍പ്പോലും, അങ്ങനെ അവകാശപ്പെട്ടാലും അവര്‍ ആ വിഭാഗത്തെ പ്രതിനിധീകരിക്കുന്നവരല്ല എന്നുള്ള ബോധ്യം സമൂഹത്തിന്‌ ഉണ്ടാവണം. പ്രവര്‍ത്തനങ്ങള്‍ക്ക്‌ മതത്തിന്റെ ആവരണം സൃഷ്‌ടിച്ചാല്‍ ലക്ഷ്യംവയ്‌ക്കുന്ന ഭിന്നിപ്പ്‌ സമൂഹത്തില്‍ ഉണ്ടാക്കാന്‍ എളുപ്പമാണെന്നുള്ള തിരിച്ചറിവാണ്‌ മതത്തെ കൂട്ടുപിടിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത്‌. ഈ ഭീകരവാദികളുടെ തെറ്റായ പ്രചാരണങ്ങളില്‍പ്പെട്ട്‌ ആരെങ്കിലും അതിലുള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ തിരിച്ചു കൊണ്ടുവരേണ്ടത്‌ സമൂഹത്തിന്റെ മുഴുവന്‍ ആവശ്യമാണ്‌.

രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ ഉണ്ടായ സ്‌ഫോടനങ്ങളില്‍ മരിച്ചവരും നഷ്‌ടങ്ങള്‍ സംഭവിച്ചവരും ഏതെങ്കിലും പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവര്‍ മാത്രമല്ലല്ലോ. മുംബൈയില്‍ ഭീകരാക്രമണം ഉണ്ടായപ്പോള്‍, റെയില്‍വേ സ്റ്റേഷനിലും ഹോട്ടലിലുമൊക്കെ മരിച്ചുവീണവര്‍ പ്രത്യേക മതത്തില്‍പ്പെട്ടവരായിരുന്നില്ല. വെടിവച്ചവരാരും ആരുടെയും ജാതിയോ മതമോ നോക്കിയിട്ടല്ലല്ലോ അങ്ങ നെ ചെയ്‌തത്‌? അവര്‍ കണ്ണില്‍ കണ്ടവരുടെ നേരെ എല്ലാം വെടി ഉതിര്‍ക്കുകയായിരുന്നു. ബാംഗ്ലൂരിന്റെ പല ഭാഗങ്ങളില്‍ സ്‌ഫോടനം നടത്താന്‍ പ്ലാന്‍ ചെയ്‌ത പദ്ധതി പാളിപ്പോയതിനെക്കുറിച്ചൊക്കെ അടുത്ത നാളില്‍ തടിയന്റവിട നസീറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട്‌ പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. അങ്ങനെ വല്ലതും സംഭവിച്ചിരുന്നെങ്കില്‍ ഏതെങ്കിലും മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക്‌ പ്രത്യേക സംരക്ഷണം ലഭിക്കുമായിരുന്നോ? അപ്പോള്‍ ഇങ്ങനെയുള്ളവര്‍ എങ്ങനെയാണ്‌ ഒരു മതത്തിന്റെ പ്രതിനിധികളാകുന്നത്‌്‌?

ഇന്ത്യയ്‌ക്ക്‌ എതിരെ ഉപയോഗിക്കുന്നതിനായി ഭീകരരെ വളര്‍ത്തിയതിന്‌ വില കൊടുക്കേണ്ടി വന്ന രാജ്യമാണ്‌ പാക്കിസ്ഥാന്‍. അവിടുത്തെ ഭരണംതന്നെ പിടിച്ചെടുക്കാന്‍ മാത്രം ശക്തിയുള്ളവരായി താലിബാന്‍ അവിടെ വളര്‍ന്നു കഴിഞ്ഞു. പാക്കിസ്ഥാനിലെ പല പ്രദേശങ്ങളും ഇപ്പോള്‍ അവരുടെ നിയന്ത്രണത്തിലാണ്‌. ഭരണകര്‍ത്താക്കള്‍ താല്‌ക്കാലിക ലാഭത്തിനുവേണ്ടി, ദീര്‍ഘവീക്ഷണമില്ലാതെ ചെയ്‌ത പ്രവൃത്തിക്ക്‌, രാജ്യത്തെ ജനങ്ങള്‍ മുഴുവന്‍ വില കൊടുക്കേണ്ടി വന്നിരിക്കുകയാണ്‌. ആ രാജ്യത്തിന്റെ മുഴുവന്‍ ഊര്‍ജ്ജവും ഭീകരര്‍ക്ക്‌ എതിരെയായതുകൊണ്ട്‌ വളര്‍ച്ചതന്നെ തടയപ്പെട്ടിരിക്കുന്നു. അതിലുപരി, അണുവായുധശക്തിയായ പാക്കിസ്ഥാന്റെ നിയന്ത്രണം ഭീകരരുടെ കൈകളില്‍ എത്തിയാല്‍ അതു ലോകത്തു വിതയ്‌ക്കാന്‍ പോകുന്ന വിപത്ത്‌ എത്ര വലുതായിരിക്കും?

രാജ്യത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ തടസം സൃഷ്‌ടിക്കുന്നതിനും സമൂഹത്തിന്റെ സൈ്വര്യജീവിതം തകര്‍ക്കുന്നതിനും ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തേണ്ടത്‌ എല്ലാ മനുഷ്യസ്‌നേഹികളുടെയും കടമയാണ്‌. അതിന്റെ പേരില്‍ ഏതെങ്കിലും വിഭാഗത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനും പാടില്ല. അങ്ങനെ സംഭവിച്ചാല്‍ ഭീകരവാദികള്‍ക്ക്‌ വളരാനുള്ള സാഹചര്യമാണ്‌ സൃഷ്‌ടിക്കപ്പെടുന്നത്‌ എന്ന തിരിച്ചറിവും ഉണ്ടാകണം.

Author: ശ്രീ ബെന്നി പുന്നത്തറ

2 comments:

മുകിൽ said...

നല്ല പോസ്റ്റ്.

Noushad Vadakkel said...

പക്വതയാര്‍ന്ന ഇത്തരം കുറിപ്പുകള്‍ ഏവരും എഴുതട്ടെ .വായിക്കട്ടെ .
കേരളത്തിലെ മഹാ ഭൂരിപക്ഷത്തിന്റെയും മനസ്സ് ഈ ചിന്തകള്‍ക്കൊപ്പമുണ്ട് . കൈ വെട്ടിയ കാടന്മാര്‍ ഒറ്റപ്പെടുകയും കടുത്ത ശിക്ഷകള്‍ ഏറ്റുവാങ്ങുകയും ചെയ്യുമെന്നതില്‍ യാതൊരു സംശയവുമില്ല . നമ്മുടെ നിയമ സംവിധാനങ്ങള്‍ അതിനു പര്യാപ്തമാണ് . മുതലെടുപ്പുകാരെ സമൂഹ മധ്യത്തില്‍ തുറന്നു കാട്ടി ഒറ്റപ്പെടുതുവാന്‍ എല്ലാ പിന്തുണയും . ഈ പ്രതിഷേധങ്ങള്‍ കൂടി വായിക്കുമല്ലോ നന്മകള്‍ നേരുന്നു ....