Thursday, July 29, 2010

തദ്ദേശ സ്വയംഭരണം : കെ.സി.ബി.സി. ഇടയലേഖനം



തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ കേരളത്തിലെ വോട്ടര്‍മാര്‍ക്ക്‌ കെ.സി.ബി.സി. നല്‌കുന്ന ആഹ്വാനം




പ്രിയ സഹോദരീ സഹോദരന്മാരേ,



തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനു കേരളം ഒരുങ്ങുന്ന സമയമാണല്ലോ ഇത്‌. വരുംവര്‍ഷങ്ങളില്‍ നമ്മുടെ നാട്ടിലും നഗരങ്ങളിലും നടക്കേണ്ട ഭരണശൈലിയും നയങ്ങളും നിലപാടുകളും നിര്‍ണയിക്കപ്പെടുന്ന ഈ അവസരം ഏറെ പ്രധാനപ്പെട്ടതാണെന്നു പറയേണ്ടതില്ലല്ലോ. കേന്ദ്രസംസ്ഥാന ഭരണതലങ്ങളില്‍ അധികാരവും സമ്പത്തും ശക്തിയും കേന്ദ്രീകരിച്ചിരുന്ന അവസ്ഥയില്‍ നിന്ന,്‌ വികേന്ദ്രീകരണം വഴി വന്‍തോതില്‍ അവ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്ക്‌ കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്ന അവസ്ഥയാണ്‌ ഇന്നുള്ളത്‌. വികസനത്തിലും വളര്‍ച്ചയിലും സംസ്ഥാനത്തിന്റെ പൊതുസമ്പത്ത്‌ വിനിമയം ചെയ്യുന്നതില്‍ ത്രിതലപഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും കോര്‍പറേഷനുകള്‍ക്കുമുള്ള പങ്ക്‌ അങ്ങനെ വലുതായിരിക്കുന്നു. ഉത്തമരും പ്രാപ്‌തരും പൊതുനന്മയ്‌ക്കായി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവരും സേവനമനഃസ്ഥിതിയുള്ളവരും മൂല്യങ്ങള്‍ക്കു വിലകല്‌പിക്കുന്നവരും ദൈവവിശ്വാസമുള്ളവരും ഇന്‍ഡ്യയുടെ ജനാധിപത്യസംവിധാനവും ഭരണഘടനാസ്ഥാപനങ്ങളും അംഗീകരിക്കുന്നവരും ഭരണതലത്തിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടാലേ ഇക്കാര്യങ്ങളെല്ലാം ഫലപ്രദമായി നടക്കുകയുള്ളൂ.

കീഴ്‌ഘടക ശാക്തീകരണതത്ത്വം (Principle of Subsidiarity) സഭയുടെ സാമൂഹിക പ്രബോധനത്തിന്റെ അടിസ്ഥാന തത്ത്വങ്ങളില്‍ ഒന്നാണ്‌. സാമ്പത്തികമായും നിയമപരമായും സംവിധാനപരമായും ഉയര്‍ന്ന ശ്രേണിയിലുള്ളവര്‍ കീഴ്‌ഘടകങ്ങളെ സഹായിക്കുന്നതാണ്‌ ഈ തത്ത്വം കൊണ്ട്‌ ഉദ്ദേശിക്കപ്പെടുന്നത്‌. അങ്ങനെയേ വികസനം എല്ലായിടത്തും എത്തൂ (സത്യത്തില്‍ സ്‌നേഹം, 57). ഉന്നതതലത്തിലുള്ള സംവിധാനങ്ങള്‍ താഴേ തലങ്ങളിലുള്ള സംവിധാനങ്ങളുടെ ന്യായമായ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്ന രീതിയില്‍ ഇടപെടരുത്‌. മറിച്ച്‌, അവയുടെ സ്വയംപരമാധികാരവും സ്ഥാനവും അംഗീകരിക്കപ്പെടണം. സമൂഹത്തിന്റെ മറ്റു തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങളുമായി അവയെ കോര്‍ത്തിണക്കാന്‍ സഹായിക്കണം. എപ്പോഴും പൊതുനന്മ ലക്ഷ്യംവച്ചായിരിക്കണം അങ്ങനെ ചെയ്യുന്നത്‌. സഭ മുറുകെ പിടിക്കുന്ന ഈ തത്ത്വമനുസരിച്ചുള്ള പ്രവര്‍ത്തനമാണ്‌ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുന്നതുവഴി സംഭവിക്കുന്നത്‌. അത്‌ അഭികാമ്യമായ കാര്യമാണ്‌.

എന്നാല്‍, ഇക്കാര്യം നാം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കൈകാര്യംചെയ്യുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്‌. പങ്കാളിത്ത ജനാധിപത്യം വിഭാവനം ചെയ്യുന്ന പഞ്ചായത്ത്‌ രാജിന്റെ പ്രധാന പ്രവര്‍ത്തനമാണ്‌ ഗ്രാമസഭകള്‍. ഒരു വാര്‍ഡിലെ മുഴുവന്‍ വോട്ടര്‍മാരും ഗ്രാമസഭയില്‍ അംഗങ്ങളാണ്‌. മൂന്നു മാസത്തിലൊരിക്കല്‍ കൂടേണ്ട ഈ യോഗത്തിലാണ്‌ ആസൂത്രണം, പദ്ധതി നിര്‍വഹണം, വിലയിരുത്തല്‍ തുടങ്ങിയ കാര്യങ്ങള്‍ നടത്തപ്പെടുന്നത്‌. ഈ രംഗത്ത്‌ ജനങ്ങള്‍ പൊതുവേ നിസ്സംഗത പുലര്‍ത്തുന്നതുകൊണ്ടും വേണ്ടത്ര പേര്‍ സന്നിഹിതരാകാത്തതുകൊണ്ടും അഴിമതി തുടരുകയും പദ്ധതികള്‍ പ്രാധാന്യമനുസരിച്ചും ആവശ്യമനുസരിച്ചും നടത്താന്‍ കഴിയാതെ വരുകയും ചെയ്യുന്നു. ഇതിനൊരു മാറ്റമുണ്ടാകണം. എല്ലാവരും സജീവമായും ഉത്തരവാദിത്വബോധത്തോടെയും പൊതുനന്മ ലക്ഷ്യവച്ചും ഗ്രാമസഭകളില്‍ പങ്കുചേരണമെന്ന്‌ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. അങ്ങനെ ജനാധിപത്യത്തിന്റെ അടിത്തറ ശക്തിപ്പെടാന്‍ ഇടയാകട്ടെ. എന്തെന്നാല്‍ ജനാധിപത്യം ഫലപ്രദമാകുന്നത്‌ ജനങ്ങള്‍ ഭരണഘടനാധിഷ്‌ഠിതമായ സ്ഥാപനങ്ങളോട്‌ സഹകരിക്കുന്നതിനെയും സംവിധാനങ്ങള്‍ അവയുടെ യഥാര്‍ത്ഥഘടന സംരക്ഷിക്കാന്‍ ജാഗ്രത പുലര്‍ത്തുന്നതിനെയും ആശ്രയിച്ചാണിരിക്കുന്നത്‌.

രാഷ്‌ട്രീയ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതു സംബന്ധിച്ച്‌ കത്തോലിക്കാസഭയ്‌ക്ക്‌ വ്യക്തമായ കാഴ്‌ചപ്പാടുണ്ട്‌. സഭയുടെ സാമൂഹികപ്രബോധനം നന്നായി ഉള്‍ക്കൊണ്ട്‌ രാഷ്‌ട്രീയജീവിതത്തില്‍ സജീവമായി ഇടപെടുകയെന്നത്‌ വിശ്വാസികളുടെ ഗൗരവപൂര്‍ണമായ കടമയാണെന്ന്‌ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നു(cf അല്‌മായ പ്രേഷിതത്വം, 4; തിരുസഭ, 36). രാഷ്‌ട്രീയരംഗം അഴിമതിയും അധാര്‍മ്മികതയും നിറഞ്ഞതാണെന്നു പറഞ്ഞ്‌ ക്രൈസ്‌തവന്‌ അതില്‍ നിന്ന്‌ ഒഴിഞ്ഞുമാറാനാവില്ല. നിത്യനഗരം ഇവിടെയല്ല, സ്വര്‍ഗത്തിലാണെന്നു കരുതി (cf ഹെബ്രാ 11:13-16; ഫിലി 3:20) രാഷ്‌ട്രനിര്‍മ്മാണപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാതിരിക്കാനുമാവില്ല. സുവിശേഷമൂല്യങ്ങള്‍ക്കനുസരിച്ച്‌ ഭൗതികക്രമം കെട്ടിപ്പടുക്കാന്‍ ക്രൈസ്‌തവര്‍ക്ക,്‌ പ്രത്യേകിച്ച,്‌ അല്‌മായവിശ്വാസികള്‍ക്ക്‌, ഉത്തരവാദിത്വമുണ്ടെന്ന്‌ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലും ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ ?അല്‌മായവിശ്വാസികള്‍? എന്ന അപ്പസ്‌തോലികരേഖയും അടിവരയിടുന്നു (സഭ ആധുനികലോകത്തില്‍, 43: അല്‌മായവിശ്വാസികള്‍, 59). നല്ല ചിന്തയും ആദര്‍ശങ്ങളും പങ്കുവച്ചും ജനാധിപത്യത്തിന്റെ വ്യത്യസ്‌ത ഗ്രൂപ്പുകളില്‍പ്പെട്ടവരുമായി സംഭാഷണത്തിലും കൂട്ടായപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടും നീതിനിഷ്‌ഠമായ ഒരു സമൂഹം കെട്ടിപ്പടുക്കണം. മനുഷ്യജീവന്റെ മഹത്ത്വം, സ്വാതന്ത്ര്യം, കുടുംബത്തെ സംബന്ധിക്കുന്ന സത്യം, അതിന്റെ നന്മ, പൊതുനന്മയ്‌ക്കായുള്ള പരിശ്രമം, ആവശ്യത്തിലിരിക്കുന്നവരുമായുള്ള ഐക്യദാര്‍ഢ്യം എന്നിവ സമൂഹത്തില്‍ പരിപോഷിപ്പിക്കാനാണ്‌ നാം പരിശ്രമിക്കേണ്ടത്‌. യഥാര്‍ത്ഥ മാനുഷിക നിര്‍മ്മിതിയുടെ ?മൂലക്കല്ല്‌? ?വഴിയും സത്യവും ജീവനുമായ? (യോഹ 14:6) ക്രിസ്‌തുവാണെന്ന ബോധ്യത്താല്‍ നിറഞ്ഞു വേണം ക്രൈസ്‌തവര്‍ തങ്ങളുടെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാനെന്ന്‌ വിശ്വാസതിരുസംഘത്തിന്റെ രാഷ്‌ട്രീയജീവിതത്തില്‍ കത്തോലിക്കരുടെ ഇടപെടലിനെയും പെരുമാറ്റത്തെയും കുറിച്ചുള്ള ചില കുറിപ്പുകള്‍ എന്ന മാര്‍ഗരേഖയും വ്യക്തമാക്കുന്നു (ജനുവരി 12, 2003). സ്‌നേഹമാണ്‌ രാഷ്‌ട്രസമര്‍പ്പണത്തിനും നീതിയിലും സത്യത്തിലും അധിഷ്‌ഠിതമായ സമൂഹം കെട്ടിപ്പടുക്കുന്നതിനും ക്രൈസ്‌തവരെ പ്രേരിപ്പിക്കേണ്ടത്‌ (സത്യത്തില്‍ സ്‌നേഹം 7). തെറ്റായ സിദ്ധാന്തങ്ങള്‍ക്കപ്പുറം പോകുന്ന ശരിയായ രാഷ്‌ട്രീയ വിജ്ഞാനം നവമായി വീണ്ടെടുക്കുകയെന്നതും ഇന്നിന്റെ വലിയ ആവശ്യമാണ്‌ (ബെനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പാപ്പാ പൊന്തിഫിക്കല്‍ അല്‌മായ കൗണ്‍സില്‍ അംഗങ്ങള്‍ക്ക്‌ നല്‌കിയ സന്ദേശം, 21 മെയ്‌ 2010). വ്യക്തിയെ ദൈവത്തില്‍ നിന്നും രാഷ്‌ട്രീയത്തെ എല്ലാ ധാര്‍മ്മികതയിലും നിന്നും അകറ്റുന്നതല്ല ശരിയായ രാഷ്‌ട്രീയസേവനമെന്നും നാമറിയണം. ഓരോ വ്യക്തിയുടെയും എല്ലാ മനുഷ്യരുടെയും സമഗ്രനന്മയും പൊതുനന്മയും സമന്വയിപ്പിച്ചു കൊണ്ടുപോകാന്‍ സമര്‍പ്പണം നടത്തുന്നവരുടെ തലമുറ ഉണര്‍ന്നെണീക്കാന്‍ ഇടയാകണം.

ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളില്‍, കേരളത്തിലേതുപോലെ ഇടുങ്ങിയ കക്ഷിരാഷ്‌ട്രീയത്തിന്റെ കടന്നു കയറ്റം ത്രിതല പഞ്ചായത്തുകളുടെ വിവിധ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടെന്നു തോന്നുന്നില്ല. കക്ഷിരാഷ്‌ട്രീയത്തിന്റെ അതിപ്രസരം മൂലം യഥാര്‍ത്ഥ വികസനത്തിനും ദരിദ്രര്‍ക്കും അര്‍ഹിക്കുന്നവര്‍ക്കും വേണ്ട സഹായം ലഭിക്കുന്നതിനും തടസ്സമാകുന്ന അനുഭവങ്ങള്‍ ധാരാളമാണ്‌. ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ ഓരോ പൗരനും നിതാന്തജാഗ്രത പുലര്‍ത്തണം. സാമൂഹികനീതി, സാമൂഹികവളര്‍ച്ച, യഥാര്‍ത്ഥ ജനാധിപത്യം, ഭരണഘടനാനുസൃതമായ മതാത്മക മതേതരത്വം, അതിന്റെ തന്നെ ഭാഗമായ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ അവകാശം, സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‌ക്കുന്നവരുടെയും ആദിവാസികളുടെയും ദളിതരുടെയും പുരോഗതി എന്നിവ ഉറപ്പാക്കാന്‍ പ്രാദേശികസ്വയംഭരണസ്ഥാപനങ്ങള്‍ക്കാണ്‌ കൂടുതല്‍ കഴിയുന്നത്‌. വര്‍ഗീയത, വര്‍ഗവിദ്വേഷം, വിദ്വേഷപ്രചാരണം, അക്രമം, നിരീശ്വരവാദം, ലക്ഷ്യം നേടാന്‍ ഏതു മാര്‍ഗവും ഉപയോഗിക്കല്‍ എന്നിവ വ്യക്തിജീവിതത്തിനും പൊതുജീവിതത്തിനും അപകടകരമാണെന്നതില്‍ സംശയമില്ല. സമാധാനവും വികസനവും ആഗ്രഹിക്കുന്നവര്‍ ഈ തിന്മകള്‍ക്കെതിരേ അണിചേരണം.
അതുപോലെതന്നെ പ്രധാനപ്പെട്ട കാര്യമാണ്‌, നമ്മുടെ നാട്ടില്‍ ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്ന മദ്യം, മയക്കുമരുന്ന്‌ എന്നിവ ചെറുക്കാന്‍ കഴിയുന്നവരും സ്വയംഭരണ അധികാരസ്ഥാപനങ്ങളിലേക്ക്‌ തിരഞ്ഞെടുക്കപ്പെടണമെന്നത്‌. കാരണം, ഈ തിന്മകള്‍ക്കെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതും കഴിയേണ്ടതും പ്രാദേശിക ഭരണാധികാരികള്‍ക്കുതന്നെയാണ്‌.

തിരഞ്ഞെടുപ്പില്‍ പല തന്ത്രങ്ങളും രാഷ്‌ട്രീയ പാര്‍ട്ടികള്‍ ആവിഷ്‌കരിക്കാറുണ്ട്‌. എതിരാളിയുടെ പേരിനോടു സാദൃശ്യമുള്ള അപരന്മാരെ അവതരിപ്പിച്ച്‌ വേണ്ടത്ര സൂക്ഷ്‌മതയില്ലാത്ത വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്നതുവഴി നല്ല സ്ഥാനാര്‍ത്ഥിക്കു കിട്ടാന്‍ സാധ്യതയുള്ള വോട്ടുകള്‍ കുറയ്‌ക്കുക, തങ്ങളുടെ പാര്‍ട്ടിക്ക്‌ ജയസാധ്യത കുറഞ്ഞ മേഖലകളില്‍ വോട്ടുനേടാന്‍ പറ്റുന്ന വ്യക്തികളെ പിന്തുണച്ച്‌ സ്വതന്ത്രന്മാരായി മത്സരിപ്പിച്ച്‌ പരോക്ഷമായ വിജയം നേടുക എന്നിവ അത്തരത്തിലുള്ളവയാണ്‌. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ ഇത്തരം സ്വതന്ത്രന്മാരെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ വ്യാപകമായി അവതരിപ്പിച്ചേക്കാം. സ്വതന്ത്രന്‍ എന്ന നിലയില്‍ മത്സരിപ്പിക്കുന്നത്‌ പൊതുജനത്തെ സ്വാധീനിക്കാന്‍ കഴിയുന്ന നല്ല വ്യക്തികളെയായിരിക്കും. വിജയിച്ചുകഴിഞ്ഞാല്‍ ഇവര്‍ക്ക്‌ സ്വതന്ത്രരായി പ്രവര്‍ത്തിക്കാന്‍ പറ്റുമോ എന്ന കാര്യം സംശയമാണ്‌. വ്യക്തിപരമായ മേന്മയും നന്മയും തത്ത്വദീക്ഷയുമൊക്കെ, പിന്താങ്ങിയ പാര്‍ട്ടിക്ക്‌ അടിയറവയ്‌ക്കേണ്ടിവരുന്ന ഗതികേടാണ്‌ പല സ്വതന്ത്രന്മാര്‍ക്കും നേരിടേണ്ടി വന്നിട്ടുള്ളത്‌. ദൈവവിശ്വാസികളും നല്ലവരുമായ പലരും നിരീശ്വരപ്രത്യയശാസ്‌ത്ര പാര്‍ട്ടികളുടെ പിന്തുണയോടെ സ്വതന്ത്രന്മാരായി മത്സരിച്ചു വിജയിച്ചെങ്കിലും പിന്നീട്‌ അവര്‍ സ്വതന്ത്രരല്ലാതായിത്തീര്‍ന്ന അനുഭവം ഏറെയുണ്ടല്ലോ. അവരെ പാര്‍ട്ടിയംഗങ്ങളാക്കാനും അവര്‍ മുമ്പ്‌ നിലകൊണ്ടിരുന്ന സനാതനമൂല്യങ്ങള്‍ക്ക്‌ എതിരാക്കാനും വേണ്ടി ഒരുക്കിയ വിദഗ്‌ധമായ കെണിയാണ്‌ സ്വതന്ത്രസ്ഥാനാര്‍ത്ഥിസ്ഥാനം. എല്ലാ പാര്‍ട്ടികളും വെറും രാഷ്‌ട്രീയ പാര്‍ട്ടികള്‍ മാത്രമല്ല എന്ന തിരിച്ചറിവ്‌ ഇവിടെ ഏറെ പ്രധാനപ്പെട്ടതാണ്‌. കേവലകക്ഷിരാഷ്‌ട്രീയത്തിനുപരി, ദൈവവിശ്വാസത്തിനും അനുഷ്‌ഠാനത്തിനും ജനാധിപത്യ - സനാതനമൂല്യങ്ങള്‍ക്കും മതസൗഹാര്‍ദ്ദ
ത്തിനുമെതിരായ പ്രത്യയശാസ്‌ത്ര നിലപാടുകളുള്ളവരുടെ പിന്തുണയോടെ സ്വതന്ത്രസ്ഥാനാര്‍ത്ഥികളാകുന്നതും അത്തരം സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതും അപകടകരമായിരിക്കും. അത്തരം തിരഞ്ഞെടുപ്പിന്‌ ഉത്തമരായ വ്യക്തികളെ തിരഞ്ഞെടുക്കുന്നതുവഴി സിദ്ധിക്കേണ്ട ഫലമുണ്ടാകുകയില്ല.

വോട്ടുചെയ്യുക എന്നത്‌ പൗരത്വപരവും ക്രൈസ്‌തവവുമായ ദൗത്യമാണ്‌. അതില്‍ നിന്ന്‌ ആരും അകന്നു നില്‌ക്കരുതെന്ന്‌ പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നു.രാഷ്‌ട്രനിര്‍മ്മിതിയിലുള്ള പങ്കാളിത്തമാണ്‌ അതുവഴി നിര്‍വഹിക്കുന്നതെന്ന കാര്യം ഗൗരവപൂര്‍വം ഓര്‍ക്കുകയും വേണം. മുന്നണികള്‍ ജനാധിപത്യമൂല്യങ്ങളോടും ഭരണഘടനയോടും ഭരണഘടനാധിഷ്‌ഠിതമായ ന്യൂനപക്ഷാവകാശങ്ങളോടും സാമുദായിക മതസൗഹാര്‍ദ്ദത്തോടും നാടിന്റെ വികസനത്തോടും പാവപ്പെട്ടവരുടെയും അവശവിഭാഗങ്ങളുടെയും ഉന്നമനത്തോടും എത്രമാത്രം പ്രതിജ്ഞാബദ്ധതയുള്ളവരാണെന്ന കാര്യം നാം ഗൗരവപൂര്‍വം പരിഗണിക്കണം. സാമൂഹിക നന്മ, വളര്‍ച്ച എന്നിവ കരുതി രാഷ്ര്‌ടീയത്തില്‍ ഇടപെടാന്‍ ക്രൈസ്‌തവര്‍ക്ക്‌, പ്രത്യേകിച്ച്‌ അല്‌മായ വിശ്വാസികള്‍ക്ക്‌, കടമയുണ്ടെന്ന കാര്യം ഊന്നിപ്പറയട്ടെ. പ്രദേശത്തിന്റെ നന്മയ്‌ക്കുവേണ്ടി പ്രകൃതി സംരക്ഷണത്തിലും ശുചീകരണത്തിലും ആരോഗ്യസംരക്ഷണത്തിലും ഇടപെട്ട്‌ അത്‌ അവര്‍ക്കു നിര്‍വഹിക്കാം. കൂടാതെ സഹകരണസംഘങ്ങളില്‍ പങ്കാളികളായി, പ്രത്യേകിച്ച്‌ സഹകരണബാങ്കുകള്‍, ഗ്രന്ഥശാലാസംഘങ്ങള്‍, കര്‍ഷകസഹകരണസംഘങ്ങള്‍, ക്ഷീരവികസന സഹകരണസംഘങ്ങള്‍ എന്നിവയില്‍ പങ്കാളികളായി, പൊതുനന്മയ്‌ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ക്രൈസ്‌തവര്‍ മുന്നോട്ടു വരണം.

സ്‌ത്രീകളുടെ ശക്തീകരണവും ഒരു സമൂഹത്തിന്റെ വികസനവും തമ്മില്‍ അടുത്ത ബന്ധമുണ്ട്‌. 50% വനിതകള്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്ക്‌ പ്രവേശിക്കുന്നതുവഴി, കൂടുതല്‍ മനുഷ്യോചിതവും ആര്‍ദ്രതയും സ്‌നേഹവും സേവനവും നിറഞ്ഞതുമായ ഒരു സമൂഹസൃഷ്‌ടി നടപ്പാകണം (cf. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍, വനിതകള്‍ക്കുള്ള സന്ദേശം). കഴിവും വിദ്യാഭ്യാസവും നേതൃത്വഗുണങ്ങളുമുള്ള വനിതകള്‍ ഈ രംഗത്തേക്ക്‌ കടന്നുവരണം. അതിനുവേണ്ട പ്രോത്സാഹനവും സാഹചര്യവും ഒരുക്കേണ്ടത്‌ കുടുംബങ്ങളും സമൂഹവുമാണ്‌. സ്‌ത്രീ പുരുഷ തുല്യപങ്കാളിത്തത്തിലും സമത്വത്തിലും നീതിയിലും അധിഷ്‌ഠിതമായ ഒരു സമൂഹം തീര്‍ച്ചയായും അനുഗ്രഹപ്രദമാണ്‌; പ്രത്യാശാപൂര്‍ണമാണ്‌.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പൗരത്വപരമായ ഉത്തരവാദിത്വങ്ങള്‍ ജാഗ്രതയോടെ നിര്‍വഹിക്കാന്‍ എല്ലാ വിശ്വാസികളെയും സ്‌നേഹപൂര്‍വം ആഹ്വാനം ചെയ്‌തുകൊണ്ടും എല്ലാം നന്മയും ദൈവാനുഗ്രഹവും പ്രാര്‍ത്ഥിച്ചുകൊണ്ടും,

കേരള കത്തോലിക്കാമെത്രാന്‍ സമിതിക്കുവേണ്ടി

1. അത്യുന്നത കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ (മേജര്‍ ആര്‍ച്ച്ബിഷപ് സിറോ മലബാര്‍ സഭ )
2. മോറാന്‍ മോര്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കബാവ (മേജര്‍ ആര്‍ച്ച്ബിഷപ് മലങ്കര കത്തോലിക്ക സഭ )
3. ആര്‍ച്ച്ബിഷപ് മോസ്റ്റ്‌ റെവ. ഡോ. സൂസ്യൈപക്യം(അധ്യക്ഷന്‍,ലത്തീന്‍ സഭ )
4. ബിഷപ്‌ ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് (കെ.സി.ബി.സി.പ്രസിഡന്റെ)
5. ആര്‍ച്ച്ബിഷപ് ആണ്ട്രൂസ് താഴത്ത് (കെ.സി.ബി.സി. സെക്രട്ടറി ജനറല്‍)

1 comment:

Johny said...

യഥാര്‍ത്ഥ മാനുഷിക നിര്‍മ്മിതിയുടെ ?മൂലക്കല്ല്‌? ?വഴിയും സത്യവും ജീവനുമായ? (യോഹ 14:6) ക്രിസ്‌തുവാണെന്ന ബോധ്യത്താല്‍ നിറഞ്ഞു വേണം ക്രൈസ്‌തവര്‍ തങ്ങളുടെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാനെന്ന്‌ വിശ്വാസതിരുസംഘത്തിന്റെ രാഷ്‌ട്രീയജീവിതത്തില്‍ കത്തോലിക്കരുടെ ഇടപെടലിനെയും പെരുമാറ്റത്തെയും കുറിച്ചുള്ള ചില കുറിപ്പുകള്‍ എന്ന മാര്‍ഗരേഖയും വ്യക്തമാക്കുന്നു (ജനുവരി 12, 2003). സ്‌നേഹമാണ്‌ രാഷ്‌ട്രസമര്‍പ്പണത്തിനും നീതിയിലും സത്യത്തിലും അധിഷ്‌ഠിതമായ സമൂഹം കെട്ടിപ്പടുക്കുന്നതിനും ക്രൈസ്‌തവരെ പ്രേരിപ്പിക്കേണ്ടത്‌ (സത്യത്തില്‍ സ്‌നേഹം 7). തെറ്റായ സിദ്ധാന്തങ്ങള്‍ക്കപ്പുറം പോകുന്ന ശരിയായ രാഷ്‌ട്രീയ വിജ്ഞാനം നവമായി വീണ്ടെടുക്കുകയെന്നതും ഇന്നിന്റെ വലിയ ആവശ്യമാണ്‌ (ബെനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പാപ്പാ പൊന്തിഫിക്കല്‍ അല്‌മായ കൗണ്‍സില്‍ അംഗങ്ങള്‍ക്ക്‌ നല്‌കിയ സന്ദേശം, 21 മെയ്‌ 2010). വ്യക്തിയെ ദൈവത്തില്‍ നിന്നും രാഷ്‌ട്രീയത്തെ എല്ലാ ധാര്‍മ്മികതയിലും നിന്നും അകറ്റുന്നതല്ല ശരിയായ രാഷ്‌ട്രീയസേവനമെന്നും നാമറിയണം. ഓരോ വ്യക്തിയുടെയും എല്ലാ മനുഷ്യരുടെയും സമഗ്രനന്മയും പൊതുനന്മയും സമന്വയിപ്പിച്ചു കൊണ്ടുപോകാന്‍ സമര്‍പ്പണം നടത്തുന്നവരുടെ തലമുറ ഉണര്‍ന്നെണീക്കാന്‍ ഇടയാകണം.