Wednesday, August 4, 2010

അബ്രാഹത്തിന്റെ മക്കളും ലോകസമാധാനവും

ലോകജനസംഖ്യയുടെ പകുതിയിലേറെ വരും ക്രൈസ്തവരുടെയും മുസ്ളിങ്ങളുടെയും എണ്ണം. അതിനാല്‍ ലോകത്തില്‍ ഈ രണ്ടു വിഭാഗക്കാരുടെയും സഹവര്‍ത്തിത്വവും സഹകരണവും സമാധാനത്തിനും ലോകത്തിന്റെ നിലനില്പിനും അനിവാര്യമാണ്. ക്രൈസ്തവ സഭാനേതൃത്വവും ഇസ്ളാമിക നേതൃത്വവും പണ്ഡിതമന്യരും ഈ സത്യം തിരിച്ചറിഞ്ഞിട്ടുള്ളവരാണ്. 1997 ജൂണ്‍ മാസം 5-ാം തീയതി അന്നത്തെ വത്തിക്കാനിലെ മതാന്തരസംഭാഷണ കാര്യാലയത്തിന്റെ ആദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ അരിനെന്‍സെ വാഷിംഗ്ടണ്‍ ഡി.സി.യിലെ ജോര്‍ജ് ടൌണ്‍ സര്‍വകലാശാലയില്‍ ക്രൈ സ്തവ-ഇസ്ളാം സംഭാഷണത്തിനായുള്ള കേന്ദ്രം നടത്തിയ മതാന്തരസംഭാഷണത്തില്‍ '21-ാം നൂറ്റാണ്ടിലെ ക്രൈസ്തവ-ഇസ്ളാം ബന്ധങ്ങള്‍' എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ പറഞ്ഞു, 'പരസ്പര സഹകരണത്തോടെ ഈ രണ്ടു മതവിഭാഗങ്ങളും ജീവിക്കണമെങ്കില്‍; അവര്‍ അപരനെ കൂടുതല്‍ മനസ്സിലാക്കുകയും, പരസ്പരം സംഭാഷണങ്ങളില്‍ ഇടപെടുകയും, പൊതുവായ മൂല്യങ്ങള്‍ക്കു സാക്ഷ്യം വഹിക്കുകയും, സമാധാനത്തിനായുള്ള സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും വേണം'.

തന്റെ മതത്തിന്റെ സത്യവും മൂല്യങ്ങളും യഥാര്‍ത്ഥത്തില്‍ മനസ്സിലാക്കി ആ വിശ്വാസത്തിനു വേണ്ടി പ്രതിജ്ഞാബദ്ധരായവര്‍ക്കു മാത്രമാണ് മറ്റുള്ളവരെ ആദരിക്കാനും അവരോട് അര്‍ത്ഥപൂര്‍ണമായ സംഭാഷണത്തില്‍ ഏര്‍പ്പെടാനും കഴിയൂ. ഇന്ന് ക്രൈസ്തവ സംഭാഷത്തിനു ഭീഷണി മുഴക്കുന്നത് അജ്ഞരായ മതതീവ്രവാദികളും മതത്തെ വോട്ടു നേടാനുള്ള ഉപകരണങ്ങളായി ചുരുക്കുന്ന കക്ഷിരാഷ്ട്രീയവുമാണ്. അതിന്റെ ദുരന്തങ്ങളാണ് ലോകമെങ്ങും പ്രത്യേകിച്ച് നമ്മുടെ കേരളത്തിലും നാം ഇന്നു കാണുന്നത്.

കത്തോലിക്കാസഭയുടെ പ്രമാണരേഖയായ രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ ഡിക്രി ഇസ്ളാം മതത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: 'മുഹമ്മദീയരെ ബഹൂമാനപുരസ്സരമാണ് തിരുസഭ വീക്ഷിക്കുന്നത്. അവരും ഏക ദൈവാരാധകരാണ്. സ്വയംസ്ഥിതനും, കരുണാര്‍ദ്രനും, സര്‍വശക്തനും, ഭൂസ്വര്‍ഗസ്രഷ്ടാവും, മനുഷ്യനോടു സംഭാഷിക്കുന്നവനുമായ ജീവനുള്ള ദൈവത്തെയാണ് അവര്‍ ആരാധിക്കുന്നത്' (അക്രൈസ്തവ മതങ്ങള്‍). ചരിത്രത്തില്‍ പലപ്പോഴും ക്രൈസ്തവരും മുസ്ളിങ്ങളും ഏറ്റുമുട്ടിയിട്ടുണ്െടങ്കിലും അതെല്ലാം മറന്ന് ലോകത്തില്‍ സമാധാനത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാന്‍ അബ്രാഹത്തിന്റെ മക്കളെന്ന നിലയില്‍ ക്രൈസ്തവരും മുസ്ളിങ്ങളും ശ്രമിക്കണമെന്നും രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ ശക്തമായി ആഹ്വാനം ചെയ്തു. അതിന്റെ ചുവടുപിടിച്ച് വത്തിക്കാന്റെ മതാന്തരസംഭാഷണത്തിനായുള്ള കാര്യാലയം കാലാകാലങ്ങളില്‍ സര്‍വമതസമ്മേളനങ്ങള്‍ക്കും ക്രൈസ്തവ-ഇസ്ളാം സംഭാഷണങ്ങള്‍ക്കും മുന്‍കൈ എടുത്തിട്ടുണ്ട്. മതാന്തര സംഭാഷണങ്ങളുടെ ചാമ്പ്യനായിരുന്ന ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പറഞ്ഞത്ഇങ്ങനെയാണ്: "മതവും സമാധാനവും ഒന്നിച്ചുപോകുന്നു. മതത്തിന്റെ പേരിലുള്ള യുദ്ധങ്ങള്‍ക്ക് അര്‍ത്ഥമില്ല. മതത്തിന്റെ പേരില്‍ സഹോദരനെ കൊല്ലുന്നവര്‍ക്ക് പരമകാരുണികനായ ദൈവത്തില്‍ വിശ്വാസമുണ്െടന്നു കരുതുന്നില്ല.''

2007-ല്‍ ലോകത്തിലെ 138 വിവിധ മുസ്ളിം വിഭാഗങ്ങളുടെ നേതാ ക്കളും ഇസ്ളാമിക പണ്ഡിതരും ചേര്‍ന്നു മാര്‍പാപ്പയ്ക്കും ക്രൈസ്തവര്‍ക്കും വേണ്ടി എഴുതിയ കത്തിന്റെ തലക്കെട്ടു തന്നെ ഖുറാനില്‍ നിന്നും എടുത്തതായിരുന്നു. "നിങ്ങള്‍ക്കും ഞങ്ങള്‍ക്കും ഇടയിലുള്ള പൊതുവായ പദം'' എന്നത് ഇമ്രാന്‍ കുടുംബത്തിന്റെ സൂറ (3:64)യില്‍ നിന്ന് എടുത്തിട്ടുള്ളതാണ്. ഒരേ ദൈവത്തിലുള്ള വിശ്വാസം തുടങ്ങി രണ്ടുകൂട്ടരെയും ഒന്നിപ്പിക്കുന്ന ഘടകങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നതിലൂടെയേ പരസ്പര സഹവര്‍ ത്തിത്വവും സഹകരണവും വര്‍ദ്ധിപ്പിക്കാനാവുകയുള്ളു എന്നാണ് കത്തിന്റെ സാരം.

2010 ഒക്ടോബര്‍ 19-24 തീയതികളില്‍ റോമില്‍ വച്ച് നടത്തപ്പെടുന്ന 'മിഡില്‍ ഈസ്റ് സിനഡ്' ഇതരമതസ്ഥരുമായി പ്രത്യേകിച്ച് ഇസ്ളാം മതവിശ്വാസികളുമായി നല്ല ബന്ധങ്ങള്‍ സ്ഥാപിക്കാനും പ്രോത്സാഹിപ്പിക്കാനും വളര്‍ത്താനുമുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കുള്ളതാണ്. മാനവിക മൂല്യങ്ങളെയും മനുഷ്യാന്തസ്സിനെയും മുറിപ്പെടുത്തുകയും ഇല്ലാതാക്കുകയും ചെയ്യുന്ന എല്ലാ വിധ്വംസക പ്രവൃത്തികളെയും തിരസ്കരിക്കാനും പരസ്പരം ആദരവും ബഹുമാനവും വളര്‍ത്തുന്നതിന് മദ്ധ്യപൂര്‍വേഷ്യയിലെ ജനങ്ങളെ സഹായിക്കുന്നതിനും ഇത്തരം സിനഡ് ഏറെ ഉപകരിക്കുമെന്നു പ്രതീക്ഷിക്കാം. ഒറ്റപ്പട്ട തീവ്രവാദത്തിന്റെ പേരില്‍ കേരളത്തിലെ ക്രൈസ്തവരും മുസ്ളിങ്ങളും തമ്മിലുള്ള പരസ്പര ധാരണയും സഹകരണമനോഭാവവും യാതൊരു കാരണവശാലും ഇല്ലാതാകാന്‍ ഇടവരാതിരിക്കട്ടെ.



Author : ഫാ:കുര്യാക്കോസ് മുണ്ടാടന്‍

1 comment:

Salim PM said...

"ഒറ്റപ്പട്ട തീവ്രവാദത്തിന്റെ പേരില്‍ കേരളത്തിലെ ക്രൈസ്തവരും മുസ്ളിങ്ങളും തമ്മിലുള്ള പരസ്പര ധാരണയും സഹകരണമനോഭാവവും യാതൊരു കാരണവശാലും ഇല്ലാതാകാന്‍ ഇടവരാതിരിക്കട്ടെ."