Friday, October 22, 2010

കനിവൂറും പാട്ടുകളുടെ പാണനൊരു ജ്ഞാനപീഠം

'അമ്മതന്‍ നേത്രങ്ങളര്‍ച്ചനാഗീതികള്‍
പൊള്ളിപനിച്ചുകിടക്കുമെന്‍ നെറ്റിയില്‍
മെല്ലെത്തലോടിപ്പുതപ്പിച്ചുറക്കീട്ട്
കുപ്പിവിളക്കിന്‍ തിരി താഴ്ത്തിവച്ചതിന്‍
അല്പപ്രകാശത്തിലെന്നരികില്‍തന്നെ
രാവിലുറങ്ങാതിരിക്കുമെന്നമ്മതന്‍
നോവുറ്റ കണ്ണുകള്‍ പ്രാര്‍ത്ഥനാഗീതികള്‍''


മലയാളമണ്ണിന്റെ പ്രിയ കവി ഒ.എന്‍.വി. കുറുപ്പിനു ജ്ഞാ നപീഠം നല്‍കി രാജ്യം ആദരിക്കുന്നു എന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഞാന്‍ എന്റെ പ്രിയപ്പെട്ട അമ്മയുടെ കണ്ണോപ്പറേഷനുമായി ബന്ധപ്പെട്ട ആകുലതകളിലായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ 'കണ്ണുകള്‍' എന്ന കവിതയിലെ വരികള്‍ ഞാന്‍ ഓര്‍ത്തുപോയത്. മനുഷ്യബന്ധങ്ങളിലെ ചോരയും നീരും ഊറുന്ന വാക്കുകള്‍കൊണ്ട് താളവും ലയവും സൃഷ്ടിക്കുന്ന ഒയെന്‍വി കവിതകള്‍ ജീവിതത്തിലെ ഏതൊരു നൊമ്പരത്തിലും ആശ്വാസത്തിന്റെ സ്നേഹാമൃതപുഴയായ് മനസ്സില്‍ ഒഴുകിയെത്തും. ആ കവിതകള്‍ എന്റെയും ഒട്ടേറെ വായനക്കാരുടെയും ജീവിതത്തിലെ പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍ ഒപ്പിയെടുത്തവയാണ്. വെയിലത്തും മഴയത്തും ഇരുളിലും വെളിച്ചത്തിലും സന്തോഷത്തിലും സന്താപത്തിലും ഒയെന്‍വിയുടെ വരികള്‍ മനസ്സില്‍ പതഞ്ഞുപൊന്തും. ഈശ്വരനില്ലെന്നു പറയുന്ന സിദ്ധാന്തക്കാര്‍ ഒയെന്‍വിയെ തങ്ങളുടെ സ്വന്തമെന്നു വിശേഷിപ്പിക്കുമ്പോഴും കവി പ്രകൃതിയിലും വിഹായസ്സിലും ദൈവത്തിന്റെ സാന്നിദ്ധ്യവും ഇടപെടലും അറിയുന്നവനാണെന്നതിനു വരികള്‍ തന്നെയാണു സാക്ഷ്യം നല്‍കുന്നത്. ദൈവത്തിന്റെ സ്നേഹത്തില്‍നി ന്നു സകലസൃഷ്ടികളുടെയും മകുടമായി ദൈവം സൃഷ്ടിച്ച മനുഷ്യന്റെ ദുഷ്കര്‍മം സ്രഷ്ടാവിന്റെ ദുഃഖമായി മാറുകയായിരുന്നു. ആദിമാതാപിതാക്കളായ ആദത്തിന്റെയും ഹവ്വയുടെയും സീമ ന്തപുത്രന്‍ കായേന്‍ അനുജനെ കൊന്നപ്പോള്‍ ദൈവം ദുഃഖിച്ചു. കവി പാടുന്നു,



"എന്നാലവരുടെയാദ്യപുത്രന്‍ തന്റെ
പൊന്നനുജാതനെ കൊന്നനാള്‍, "എങ്ങുനിന്‍
സോദരന്‍?'' എന്നു ഞാന്‍ ചോദിക്കേ, "ഞാനെന്റെ
സോദരന്‍തന്‍ കാവലാളോ?'' എന്നാ മറു-
ചോദ്യമവനെന്റെ നേര്‍ക്കു തൊടുത്ത നാള്‍
ആദ്യമായ് ഹേ, മര്‍ത്ത്യ! നീയെന്റെ ദുഃഖമായ്!



ആദ്യ കുടുംബത്തില്‍നിന്നും മനുഷ്യരുടെ പക തുടങ്ങി. ആ പകയുടെ ഭ്രാന്ത് ഇന്നും മനുഷ്യനെയും മനുഷ്യസമൂഹത്തെയും വേട്ടയാടുകയാണ്. 'സൂര്യഗീത'ത്തില്‍ ഈ മണ്ണില്‍ തന്റെ പൊന്നനുജനെ കേവലം കുഞ്ഞാടിനെപ്പോലെ കുരുതി കൊടുത്തപ്പോള്‍ അതിനു സാക്ഷിനിന്ന സൂര്യനില്‍ ഒരു വിള്ളലുണ്ടായെന്ന കവിഭാവന എത്രയോ ശ്രേഷ്ഠമാണ്. ഇവിടെ മതതീവ്രവാദവും വര്‍ണ-വര്‍ഗ-ജാതിയുടെ പേരിലുള്ള അക്രമങ്ങളും എല്ലാം കവിയെ വേദനിപ്പിക്കുന്നു. ഏകോദരസഹോദരങ്ങള്‍ തമ്മില്‍ത്തമ്മില്‍ അടിപിടികൂടുമ്പോള്‍ വിരിയുന്ന ശവംനാറിപ്പൂക്കളുടെ ദുര്‍ഗന്ധം തലയ്ക്കടിക്കുമ്പോള്‍ നല്ലൊരു നാളയേ സ്വപ്നം കാണുന്നതു തന്നെ തന്റെ 'രോഗ'മായി കാണുകയാണ് കവി:




മതിലുകളെല്ലാമിടിഞ്ഞു മനസ്സിന്റെ-
യതിരുകളാകാശമാകുമെന്നും...
വെറുതെ ഞാനോരോരോ സ്വപ്നങ്ങള്‍ കാണുന്നു!
പറയാം സുഹൃത്തേ, ഇതാണെന്‍ രോഗം.



ഈ രോഗം വെറുതെ ഉണ്ടാകുന്നതല്ല. ഇന്നത്തെ സമൂഹത്തിലെ മനഷ്യരുടെ കഠിനഹൃദയവും കിരാതത്വവും കാണുമ്പോള്‍ കവിയുലുണ്ടാകുന്ന മുറിവുകളാണ്. ചിലപ്പോള്‍ സ്വന്തം നാടിനെ സ്നേഹിക്കുന്ന കവി ചോരയൂറുന്ന വാക്കുകളില്‍ കുറിക്കുകയാണ്,



വെട്ടുക, മുറിക്കുക
പങ്കുവയ്ക്കുക ഗ്രാമം
പത്തനം, ജനപദ-
മൊക്കെയും! കൊന്നുംതിന്നും
വാഴുക പുലികളായ്
സിംഹങ്ങളായും, മര്‍ത്ത്യ-
രാവുക മാത്രം വയ്യ!
ജന്തുത ജയിക്കുന്നു! (അശാന്തി പര്‍വം)



വി. മത്തായിയുടെ സുവിശേഷത്തില്‍ ദൈവത്തിന്റെ അന്തിമ വിധിയെക്കുറിച്ചു പറയുമ്പോള്‍ ദൈവം മനുഷ്യരോടു ചോദിക്കുന്നത് പ്രാര്‍ത്ഥനകള്‍ ചൊല്ലിയതി ന്റെ കണക്കുകളല്ല. മറിച്ച് സ്വന്തം സഹോദരന്റെ ദുഃഖത്തില്‍ നാം പങ്കുപറ്റിയ അവസരങ്ങളുടെ ആകെത്തുകയാണ്. മാനവികതയുടെ നറുതേനായി മാറുന്ന ഒയെന്‍വി കവിതകളും സഹജരില്‍ ദൈവത്തെ കാണുന്ന ആര്‍ദ്രതയുടെ ഭാവം നിറയുന്നവയാണ്. "ദൈവത്തിന്റെ മരണം'' എന്ന കവിതയില്‍ കവി പാടുന്നു,



'ഇന്നലെ വീട്ടു-
പടിക്കല്‍ വന്നിത്തിരി
കഞ്ഞി ചോദിച്ചവന്‍,
നഗ്നനായ് വന്നുടു-
മുണ്ട് ചോദിച്ചവന്‍
-ഞാനാട്ടിയോടിച്ചു!
ഇന്നൊരനാഥ-
ജഡമായവന്‍ വഴി-
യമ്പലത്തിണ്ണയില്‍
വീണുകിടക്കുന്നു!
ഒന്നറിഞ്ഞേന്‍; എന്റെ
ദൈവം മരിച്ചുപോയ്.



തൊട്ടടുത്തു നില്‍ക്കുന്ന സഹോദരനെ സ്നേഹിക്കാത്തവന് അദൃശ്യനായ ദൈവത്തെ സ്നേഹിക്കാനാകുമോ എന്ന ചോദ്യം ഇവിടെ ആവര്‍ത്തിക്കപ്പെടുന്നു. രാമായണത്തില്‍ നിന്നും ബൈബിളില്‍നിന്നും ധാരാളം ബിംബങ്ങളും പ്രതീകങ്ങളും ഉപയോഗിക്കുന്ന ഒയെന്‍വി കവിതകള്‍ മാനവികമൂല്യങ്ങളിലൂടെ നമ്മെ ദൈവത്തിലേയ്ക്കടുപ്പിക്കുന്നവ തന്നെയാണ്. മിക്ക കവിതകളിലും തെളിഞ്ഞു നില്‍ക്കുന്നത് ആത്മീയ മാനവികതാദര്‍ശനമാണ്. അതേ സമയം ദൈവവും മനുഷ്യനുമായുള്ള ബന്ധത്തെ കാപട്യത്തില്‍ പൊതിയുന്ന മതങ്ങളുടെ ആചാരങ്ങളെ കവി നിശിതമായി വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. 'കൃഷ്ണപക്ഷത്തിലെ പാട്ടി'ല്‍ കവിയുടെ ശബ്ദം ദൈവത്തിനുവേ ണ്ടി കോടികള്‍ മുടക്കുന്ന കപടഭക്തരെ ആവുംവിധം തിരസ്കരിക്കുന്നവയാണ്. ദൈവത്തിന്റെ ശബ്ദവും സംഗീതവും ഈ പ്രപഞ്ചത്തിന്റെ തന്നെ ഭാവമാകുമ്പോള്‍ ഇന്ന് ദൈവത്തിനു വേണ്ടി അമ്പലങ്ങളിലും പള്ളികളിലും നടത്തുന്ന ധൂര്‍ത്തുകള്‍ കണ്ടില്ലെന്നു നടിക്കാന്‍ കവിക്കാവില്ല. അദ്ദേഹം പാടുന്നു,



'ഞങ്ങളുടെയിടയെനെയു മപഹരിച്ചു നിങ്ങള്‍!
ഞങ്ങളുടെ സര്‍വസ്വവും മപഹരിച്ചു!
എന്നിട്ടു നിങ്ങള്‍ മണിഹര്‍മ്യങ്ങള്‍ തീര്‍ത്തു,
മദരമ്യങ്ങളാം കനക-
മഞ്ചങ്ങള്‍ തീര്‍ത്തവിടെ
ഞങ്ങളുടെയിടയനിളവേല്ക്കാന്‍

(ഇട്ടിരിക്കാന്‍ പൊന്‍തടുക്ക്!
ഇരുന്നുണ്ണാന്‍ പൊന്‍ തളിക)
ചുണ്േടാണച്ച പുല്‍തണ്ടിനു പകരമൊരു
പൊന്നിന്റെ കുഴല്‍തന്നെ തീര്‍ത്തു!



കേവലം വൈകാരികതയല്ല ഒയെന്‍വി കവിതകള്‍, അവയ്ക്കു ഒരു ഭൌമപരതയുമുണ്ട്. അതുകൊണ്ടാണ് ഓടക്കുഴല്‍ പിടിച്ച കൈ കളില്‍ സ്വര്‍ണത്തില്‍ത്തീര്‍ത്ത കുഴല്‍ നല്‍കിയപ്പോള്‍ കവി ദുഃഖിതനാവുകയും പ്രകൃതിയെ പിഴപ്പിക്കുന്ന ആത്യാധുനികരോട് അ മര്‍ഷത്തിന്റെ ഭാഷയില്‍ സംവദിക്കുന്നതും. പരിസ്ഥിതിയുടെ ബോധധാര ഉയര്‍ത്തുന്നതാണ് ഒയെന്‍ വിയുടെ ഏറ്റവും പ്രസിദ്ധമായ 'ഭൂമിക്കൊരു ചരമഗീതം'. അമ്മയായ ഭൂമിയോട് യാതൊരു കാരുണ്യവും കാണിക്കാത്ത മക്കളുടെ ദുഷ്ടതയെയും ധാര്‍ഷ്ട്യത്തെയും കവി വാക്കുകള്‍കൊണ്ട് തച്ചുടയ്ക്കുന്നു. അമ്മിഞ്ഞ നല്കി വളര്‍ത്തിയ അമ്മയുടെ മാറിടത്തില്‍ നിന്നും ചോരയൂറ്റിക്കുടിക്കുന്ന നന്ദിയില്ലാത്ത മക്കളുടെ പരമ്പരയാണ് ആഗോളവത്കരണത്തിന്റയും സാങ്കേതികവിദ്യയു ടെയും കൂട്ടിക്കുറയ്ക്കലുകളില്‍ നമ്മുടെ ഗ്രാമങ്ങളെയും നഗരങ്ങളെയും ഭ്രാന്തവത്കരിക്കുന്നത്. ഇവിടെ പുഴകള്‍ മരിക്കുന്നു. തൊടിയിലും പാടത്തും വളരുന്ന ധാന്യമണികള്‍ പോലും വിഷമുള്ളവയായി മാറിക്കഴിഞ്ഞു. ഭൂമിക്കൊരു ചരമഗീതം കുറിക്കുന്ന കവി മനുഷ്യന്‍ സ്വന്തം ശവക്കുഴി പണിയുന്നതിനെയാണ് സൂചിപ്പിക്കുന്നത്. ചങ്കിലെ ചോര മറ്റുള്ളവര്‍ക്കായി പകര്‍ന്നു കൊടുത്തവന്റെ പുണ്യമായ ഓര്‍മ മനസ്സില്‍ വച്ചുകൊണ്ടായിരിക്കണം കവി ഭൂമിയുടെ നെഞ്ചുപിളര്‍ക്കുന്ന മനുഷ്യനു നേരെ അക്ഷരവാളോങ്ങുന്നത്:


ഹരിതമൃദുകഞ്ചുകം തെല്ലൊന്നു നീക്കി നീ-
യരുളിയ മുലപ്പാല്‍ കുടിച്ചു തെഴുത്തവര്‍-
ക്കൊരു ദാഹമുണ്ടായ്: (ഒടുക്കത്തെ ദാഹം)
തിരുഹൃദയരക്തം കുടിക്കാന്‍.



മരങ്ങളും ചെടികളും പാടങ്ങളും കേരളത്തിന്റെ തനിമയായ പച്ചപ്പും ആര്‍ത്തിയുടെ ആധുനിക ലോകത്തില്‍ അന്യംനിന്നു പോകുമ്പോള്‍ ആഗോളതാപനം പോലുള്ള ഭീഷണികള്‍ നമ്മുടെ ഉറക്കം കെടുത്തുന്നു. പരിസ്ഥിതിയെ മാനിക്കാത്ത വികസനമാണ് ഇവിടെ എല്ലാ രാഷ്ട്രീയക്കാരും ആഗോളകുത്തകക്കമ്പനികളും കൊണ്ടുവരുന്നത്. ഇവിടെ മഴ കുടിയൊഴിഞ്ഞുപോകുമ്പോള്‍ കവി 'മലങ്കുറത്തി'യില്‍ തന്റെ ആശങ്കകള്‍ പങ്കുവയ്ക്കുന്നു.



മരിച്ചുവോ? മേലേ കിഴക്കന്‍ മാമല
യിറങ്ങിവന്നെത്തും മലങ്കുറത്തി നീ
മരിച്ചുവോ? - എങ്കില്‍, ഇവിടെ നീയൊത്തു
മരിക്കുവാന്‍ സ്വയം തപിക്കുന്നു ഞങ്ങള്‍.



പരിസ്ഥിതിയുടെ ആത്മീയത തന്നെ ഒയെന്‍വികുറുപ്പിന്റെ കവി തകളില്‍ നിന്നും കാച്ചിക്കുറുക്കിയെടുക്കാം. പ്രകൃതിയുടെ അള്‍ത്താരയില്‍ ജീവന്‍ ഹോമിച്ചും ഇവിടത്തെ മണ്ണിനെയും, പുഴകളെയും, പൂക്കളെയും, പുഴുക്കളെയും, ചെടികളെയും, മത്സ്യങ്ങളെയും ജീവജാലങ്ങളെയും നിലനിര്‍ത്തുന്നതിലേയ്ക്കാണ് കവിയുടെ ചിന്തകള്‍. ജീവന്‍ ഹോമിച്ചും പ്രകൃതിയെ നിലനിര്‍ത്തുന്ന ആത്മീയ വിചാരമാണിത്.

ഒയെന്‍വി മനുഷ്യാവകാശങ്ങള്‍ക്കായും പ്രത്യേകിച്ച് സ്ത്രീ യുടെ മൌലികാവകാശങ്ങള്‍ക്കായും വാക്കുകളിലൂടെ വിപ്ളവം സൃ ഷ്ടിക്കുന്നുണ്ട്. സ്ത്രീയുടെ അപമാനവും അധഃപതനവും ഒരു സംസ്കാരത്തിന്റെ അധഃപതന മായിതന്നെയാണ് കവി വിലയിരു ത്തുന്നത്. സ്ത്രീ അമ്മയായും പത്നിയായും ദേവിയായും മകളായും മരുമകളായും നല്ല സുഹൃത്തായും ഒക്കെ അവള്‍ സംസ്കാ രത്തിന്റെ നന്മയ്ക്കും മനുഷ്യവര്‍ഗത്തിന്റെ സമാധാനത്തിനും സംഭാവന ചെയ്യുന്നവളാണ്. സമൂഹത്തിന്റെ അടിത്തറയായ കുടും ബത്തിന്റെ വേരുകള്‍ അറക്കുന്ന അരാജകത്വത്തിന്റെയും അരക്ഷി താവസ്ഥയുടെയും ലോകത്താണ് മുത്തശ്ശിയും ചേച്ചിയും കുഞ്ഞേട ത്തിയുമൊക്കെയായി ഉണ്ണികള്‍ക്ക് നേരും നെറിവും സമ്മാനിക്കുന്ന സ്ത്രീത്വത്തെ കവി അവതരിപ്പിക്കുന്നത്. പിഴച്ചുപെറ്റതിനു സ്ത്രിയെ കുറ്റപ്പെടുത്തുന്ന പുരുഷമേധാവിത്വത്തിന്റെ സംസ്കാരത്തില്‍ അവളെ പിണ്ഡംവച്ച് പുറത്താക്കുന്നതിന്റെ അനീതിയുണ്ട്. പക്ഷേ അവളെ അത്തരമൊരു അവസ്ഥയില്‍ എത്തിക്കുന്ന സമൂഹത്തെ പുച്ഛിക്കുന്ന കവി 'കുഞ്ഞേടത്തി'യിലെ ഉണ്ണിയുടെ മനോഭാവമാണ് വച്ചു പുലര്‍ത്തുന്നത്.



ഉണ്ണിക്കെന്നാലും പിണക്കമില്ല-


കുഞ്ഞേടത്തി വെറും പാവം' എന്നാണ് കവി പാടുന്നത്. വടക്കേ ഇന്ത്യയിലെ ഒരു ഗോതമ്പു പാടത്തു കണ്ട തന്റെ യൌവ്വനം മറയ്ക്കുവാന്‍ കീറിത്തുടങ്ങിയ ചേല യുള്ള യുവതിയുടെ പേരറിയില്ലെങ്കിലും കവി അവള്‍ക്ക് ഗൌരിയുടെയും ലക്ഷ്മിയുടെയും രാധയു ടെയും സീതയുടെയും പേരുകള്‍ വച്ചു കൊടുക്കുന്നതിലൂടെ സ്ത്രീയെ ദേവീതുല്യയായി കരുതുക യാണ്. കവി 'കോതമ്പുമണി'കളില്‍ പാടുന്നു:



ആരെയോ പ്രാകി മടയ്ക്കുമൊരമ്മയ്ക്കു
കൂരയില്‍ നീയൊരു കൂട്ടാണ്
ആരാന്റെ കല്ലിന്മേല്‍ രാകിയഴിയുന്നൊ-
രച്ഛന്റെ ആശതന്‍ കൂടാണ്
താഴെയുള്ളിത്തിരിപ്പോന്ന കിടാങ്ങള്‍ക്ക്
താങ്ങാണ് താരാട്ടുപാട്ടാണ്.



ഒരു സ്ത്രീയുടെ സാന്നിദ്ധ്യം കുടുംബത്തിലും സമൂഹത്തിലും നല്‍കുന്ന ആശ്വാസം ഏറെ വലുതാണ്. ആധുനിക സാഹിത്യം പെണ്‍എഴുത്തിലും ഫെമിനിസത്തിലും വിപ്ളവം പ്രഖ്യാപിക്കുമ്പോള്‍ സ്ത്രീയുടെ സഹജമായ സ്നേഹവും ക്ഷമയുമൊക്കെ ഒരു കുടുംബത്തിലുണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചാണ് ഒയെന്‍വി കുറിക്കുന്നത്. മുത്തശ്ശനെയും മുത്തശ്ശിയെയും ആട്ടിപ്പായിക്കുന്ന ഇന്നിന്റെ കണ്ണില്‍ച്ചോരയില്ലാത്ത മക്കളുടെയും മരുമക്കളുടെയും കൊച്ചുമക്കളുടെയും മുമ്പിലേയ്ക്കാണ് ഒയെന്‍വി 'വിശപ്പ്'എന്ന കവിത ഇട്ടുകൊടുക്കുന്നത്. മരത്തില്‍ നിന്നും വീണു മരിച്ചത് തന്റെ പേരക്കുട്ടിയാണെന്നുപോലും അറിയാതെ കണ്ണിനു കാഴ്ചയും കാതിനു കേള്‍വിയും നഷ്ടപ്പെട്ട മുത്തശ്ശി അടുത്ത വീട്ടില്‍നിന്നും കൊണ്ടു വന്ന ചോറു കഴിച്ചിട്ടു പറയുകയാണ്:



"ഒത്തിരിച്ചോറും കറിയുമെന്റെ
കുട്ടനെങ്ങൂന്നോ കൊടുത്തയച്ചു.
നീയിന്നു വല്ലോം കഴിച്ചോ മോനെ...!''
ക്ഷീണിച്ചൊരാ സ്വരം നേര്‍ത്തു മാഞ്ഞു.



പെറ്റമ്മയോടുള്ള സ്നേഹം ഒരിക്കലും വാക്കുകളിലൊതുങ്ങുന്നതല്ല. ഒയെന്‍വി കവിതകള്‍ പലപ്പോഴും അമ്മയുടെ സ്നേഹത്തെയും അവളുടെ ത്യാഗത്തെയും

അന്യാദൃശമായി ചിത്രീകരിച്ചിട്ടുണ്ട്. അതിനു ഏറ്റവും നല്ല ഉദാഹരണമാണ് 'അമ്മ' എന്ന കവിത. മാസിഡോണയില്‍വച്ചു നടന്ന പോയട്രി ഫെസ്റിവലില്‍ കേട്ട ഒരു നാടന്‍ കവിതയില്‍ നിന്നുമാണ് മലയാണ്‍മയുടെ മാധുര്യമുള്ള ഈ പാട്ടുകാവ്യം ഉണര്‍ന്നത്. പാതി നഗ്നമായ വക്ഷസ്സും നീട്ടിയ പാണിയുമായി നില്‍ക്കുന്ന ഒരു സ്ത്രീരൂപത്തെ കുറിക്കുന്ന ഇതി വൃത്തത്തെ സുന്ദരമായ സ്നേഹത്തിന്റെ കഥയും കവിതയുമായി ഒയെന്‍വി മാറ്റിയെടുത്തു. ഒരമ്മ പെറ്റ ഒമ്പതു മക്കള്‍ അവര്‍ വിവാഹം കഴിച്ചു ഒരുമിച്ചു താമസിക്കുന്നു. അവര്‍ ഒമ്പതു പേരും കല്‍പ്പണിക്കാര്‍. മനോഹരമായ മതിലുകളും വീടുകളും മറ്റും നിര്‍മിച്ച ഇവരെ നഗരഗോപുരം പണിയാന്‍ ഏല്പിച്ചു. എത്രപണിതിട്ടും ഗോപുരഭിത്തി ഉറയ്ക്കുന്നില്ല. അപ്പോഴാണ് അശരീരിയെന്നപോലെ ആ വാക്കുകള്‍ അവര്‍ കേട്ടത്. ഒമ്പതു നാരിമാരില്‍ ഒരാളെ മതിലോടു ചേര്‍ത്തുവച്ച് പണിതാല്‍ ഗോപുരം ഉറയ്ക്കും. അവസാനം അങ്ങനെ അവര്‍ തീരുമാനിച്ചു. പക്ഷേ ആരുടെ പത്നിയെ ബലിയിടും. മൂത്തയാള്‍ ഉടന്‍ പറഞ്ഞു; ആ ദിവസം ഉച്ചഭക്ഷണവുമായി വരുന്നവള്‍ ആരോ അവളെ ഭിത്തിയോടു ചേര്‍ത്തു പണിയാം. അന്നു ഉച്ചയായി ഒമ്പതു പേരും ദുഃഖത്തിലായി. അവര്‍ അവരുടെ ഭാര്യമാരുടെ ഛായയാണ് മുമ്പില്‍ കണ്ടത്. വിധിയുടെ ഉച്ചയായി. അന്നു മൂത്തയാളുടെ ഭാര്യയുടെ ഊഴമായിരുന്നു. ഒമ്പതു പേര്‍ക്കും കഞ്ഞിയും കറിയും വിളമ്പിവച്ചു തന്റെ കു ഞ്ഞിനെ തോളില്‍ കിടത്തി തന്റെ പ്രിയതമനെ ചോറുട്ടി. ഏറെ നൊമ്പരത്തോടെ അവളോട് അയാള്‍ കാര്യം പറഞ്ഞു. അവള്‍ വിസമ്മ തിച്ചില്ല. പക്ഷേ, അവളുടെ അന്ത്യാഭിലാഷം ഇങ്ങനെയായിരുന്നു:



ചെത്തിയ കല്ലിന്നിടയ്ക്കു നിര്‍ത്തി
കെട്ടിപ്പടുക്കുവിന്‍! ഒന്നെനിക്കു-
ണ്െടാറ്റയൊരാഗ്രഹം! കേട്ടുകൊള്‍വിന്‍!
കെട്ടിമറയ്ക്കെല്ലെന്‍ പാതി നെഞ്ചം!
കെട്ടിമറയ്ക്കാല്ലേയെന്റെ കൈയും!
എന്റെ പൊന്നോമന കേണിടുമ്പോള്‍,
എന്റെയടുത്തേയ്ക്കു കൊണ്ടുപോരൂ!
ഈ കൈയാല്‍ കുഞ്ഞിനെയേറ്റുവാങ്ങി
ഈ മുലയൂട്ടാനനുവദിക്കൂ!



ഒരമ്മയുടെ സ്നേഹത്തിനു ഇതിലും വലിയൊരു ബിംബമുണ്േടാ. മാതൃത്വത്തിന്റെ മാധുര്യം കിനിയുന്ന ഒയെന്‍വി കവിതകള്‍ പെറ്റമ്മമാര്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്കു വിഷം കൊടുത്തും അവരെ വാഷിംഗ് മെഷിനിലിട്ടും കൊല്ലുന്ന നമ്മുടെ കാലഘട്ടത്തിനു നഷ്ടപ്പെടുന്ന ആര്‍ദ്രത തുന്നിച്ചേര്‍ക്കുന്നവയാണ്.
നിസ്വവര്‍ഗത്തോടുള്ള ഏകീഭാവം ഒയെന്‍വിക്കു മാര്‍ക്സിയന്‍ ചിന്തകളില്‍ നിന്നും ലഭിച്ചിട്ടുള്ളതാകാം. എങ്കിലും പണക്കൊഴുപ്പില്‍ സ്വന്തം സഹോദരങ്ങളെക്കുറിച്ച് ചിന്തിക്കാത്തവരുടെ ലോകത്തിന്റെ മൃഗീയതയ്ക്കെതിരെ കവിയുടെ വാക്കുകള്‍ പൊട്ടിത്തെറിക്കുന്നുണ്ട്. പാവപ്പെട്ടവര്‍ക്കു ഓണം വന്നാലും വിഷുവന്നാലും ഉഴവുകാളകളെപ്പോലെ ജീവിത ഭാരവണ്ടി വലിക്കാനാണു വിധിയെന്ന് എഴുതുമ്പോള്‍ ആഗോളീകരണത്തിന്റെ ധാരാളിത്തത്തില്‍ പാര്‍ശ്വവത്കരിക്കപ്പെടുന്നവരുടെ വേപഥുകള്‍ കവി ഒപ്പിയെടുക്കു ന്നു. 'ഓണപ്പാട്ടുകളി'ല്‍ കവിയുടെ വാക്കുകള്‍ അച്ചട്ടാണ്:



ഒരു ദിവസം തിന്നു കുടി-
ച്ചാട്ടമാടി വീണ്ടും
പെരുവഴിയാം പാമ്പിന്‍ വായി-
ലിരകളായ് വീഴുന്നു.



വാക്കുകള്‍ വിശപ്പും ദാഹവും വര്‍ദ്ധിപ്പിക്കുമോ എന്നു ചോദിച്ചാല്‍ ഉത്തരം ഒയെന്‍വി കവിതകളാണ്. വായിക്കുന്തോറും ആ ക വിതകള്‍ മനസ്സിന്റെ താളമായി മാറും. അക്ഷരങ്ങള്‍ കെട്ടുകൂടി വൃത്തങ്ങളാകുന്നതല്ല ഒയെന്‍വി കവിതകള്‍, അതില്‍ സംഗീതത്തിന്റെ പെരുമഴയും കല്ലോലിനിയുടെ താളമേളങ്ങളും തേനും വയമ്പും മഞ്ഞുതുള്ളിയുടെ തിളക്കവും സൂര്യന്റെ തേജസ്സും ഉണ്ട്. വിപ്ളവത്തില്‍ നിന്നും മലയാളികളുടെ വീടിനുള്ളിലേയ്ക്കും മനസ്സുകളിലേയ്ക്കും ഒയെന്‍വി കവിതകള്‍ ആത്മീയതയുടെ ബോധധാരയായി ഒഴുകിയെത്തുന്നു. കവിതകളില്‍ നിന്നും മധുനുകരുന്നവര്‍ക്ക് പാട്ടിന്റെ പാലാഴി കടഞ്ഞെടുത്ത അമൃതേത്താണ് ഒയെന്‍വി നല്‍കുന്നത്. 21-ാം നൂറ്റാണ്ടില്‍ മലയാള കവിതയെ ഭാരതസാഹിത്യത്തിന്റെ നെറുകയിലെത്തിച്ച് ജ്ഞാനപീഠം പുരസ്കാരം നേടിയ എന്റെ പ്രിയപ്പെട്ട കവിക്കു അ ക്ഷരപ്രണാമം.



Author:ഫാ: കുര്യാക്കോസ് മുണ്ടാടന്‍

Monday, October 11, 2010

ദൈവത്തെ കൂടാതെ പ്രപഞ്ചോല്‍പ്പത്തി വ്യാഖ്യാനിക്കാനാവില്ല:


``വിഡ്‌ഢിത്തം, അത്‌ ലോകപ്രശസ്‌ത ശാസ്‌ത്രജ്ഞന്‍ പറഞ്ഞാലും വിഡ്‌ഢിത്തം തന്നെയാണ്‌.'' `ദ ഗ്രാന്റ്‌ ഡിസൈന്‍' എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയുള്ള അഭിമുഖത്തില്‍ ഓക്‌സ്‌ഫോഡ്‌ സര്‍വകലാശാല സീനിയര്‍ പ്രഫസറും ഗ്രന്ഥകര്‍ത്താവമായ ജോണ്‍ സി. ലെനോക്‌സ്‌ തുറന്നടിച്ചു. സര്‍വകലാശാലയിലെ അറിയപ്പെടുന്ന കണക്കധ്യാപകനും ഫിലോസഫി ഓഫ്‌ സയന്‍സ്‌ പ്രഫസറുമാ അദ്ദേഹം‌. `ഗോഡ്‌സ്‌ അണ്ടര്‍ റൈറ്റര്‍: ഹാസ്‌ സയന്‍സ്‌ ബെറീഡ്‌ ഗോഡ്‌' എന്ന പ്രഫ. ലെനോക്‌സിന്റെ പുസ്‌തകത്തില്‍ സമകാലികലോകത്തെ ശാസ്‌ത്ര-മത സംവാദങ്ങളെ വിലയിരുത്തുന്നുണ്ട്‌.

സ്റ്റീഫന്‍ ഹോക്കിങിന്റെ പ്രപഞ്ചസൃഷ്‌ടിയെക്കുറിച്ചുള്ള വ്യാ ഖ്യാനം ശരിയല്ല എന്ന പക്ഷക്കാരനാണ്‌ ഇദ്ദേഹം. അദ്ദേഹത്തിന്റെ വാദപ്രതിവാദങ്ങളിങ്ങനെ: ഭൗതികശാസ്‌ത്രനിയമങ്ങളെ അംഗീകരിക്കുക അല്ലെങ്കില്‍ ദൈവത്തെ അംഗീകരിക്കുക. ഏതെങ്കിലും ഒന്ന്‌ എന്ന പക്ഷമാണ്‌ ഹോക്കിങിന്റേത്‌. പക്ഷേ ഇതു സാധ്യമല്ലെന്നു ലെനോക്‌സ്‌. ഒരേ ചരടില്‍ കോര്‍ത്തിണക്കാവുന്നതും തുല്യപ്രാധാന്യമുള്ള രണ്ടു കാര്യങ്ങളല്ല ഇവ. ഒന്ന്‌ സൃഷ്‌ടിയുടെ ശില്‌പിയിലേക്കു വിരല്‍ചൂണ്ടുമ്പോള്‍, മറ്റൊന്ന്‌ ഭൗതികനിയമങ്ങളെക്കുറിച്ചാണ്‌ പറയുന്നത്‌. ഭൗതികനിയമങ്ങള്‍ക്ക്‌ അതില്‍ തന്നെ നിലനില്‍പ്പില്ല. ഭൗതികനിയമങ്ങള്‍ നിലകൊള്ളുന്നത്‌ ഭൗതികവസ്‌തുക്കളുടെ പശ്ചാത്തലത്തിലാണ്‌. അതിന്റെ ഉത്ഭവം ആരിലേക്കെന്ന ചോദ്യം വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു. ന്യൂട്ടന്റെ ഗുരുത്വാകര്‍ഷണ സിദ്ധാന്തത്തിന്‌ അതില്‍ത്തന്നെ വ്യാഖ്യാനം നല്‍കാനാകുന്നതെങ്ങനെ? ഗുരുത്വാകര്‍ഷണം ഏതൊരു പദാര്‍ത്ഥവുമായി ബന്ധപ്പെട്ടാണെന്ന്‌ നാം പറയണം. അപ്പോഴും, പദാര്‍ത്ഥത്തിന്റെ ഉത്ഭവത്തിനായി വഴിതുറന്നേ മതിയാകൂ. നിയമത്തെയും നിയമകര്‍ത്താവിനെയും കൂട്ടിക്കുഴക്കുകയാണ്‌ ഹോക്കിങ്‌. ഭൗതികനിയമത്തിന്‌ ഒന്നുംതന്നെ സൃഷ്‌ടിക്കാനാവില്ല, ഭൗതികനിയമകര്‍ത്താവിന്റെ അഭാവത്തില്‍. ഉദാഹരണത്തിന്‌, ഒരു ജെറ്റ്‌ എഞ്ചിന്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നു ഭൗതികശാസ്‌ത്രത്തിനു പറയാം; പക്ഷേ, അതിനുമുമ്പ്‌ അതു രൂപപ്പെടുത്തണം. അതിന്‌ ഒരു വലിയ ബുദ്ധിശാലിയുടെ കാര്യക്ഷമത ആവശ്യമുണ്ട്‌. ഇതുപോലെതന്നെ, ഒരു ബുദ്ധിശാലിയുടെ കൗ ശല്യം കൂടാതെ പ്രപഞ്ചം ഉടലെടുക്കുന്നതെങ്ങനെ? ഹോക്കിങിന്റെ വീക്ഷണത്തില്‍ ഗുരുത്വാകര്‍ഷകതത്വത്തിനാണ്‌ പ്രാമുഖ്യം. അത്തരം ഒരു തത്വം രൂപപ്പെടുത്തുന്നതിന്റെ കാരണത്തിലേക്കല്ലേ ആദ്യം നോക്കേണ്ടതെന്ന പക്ഷമാണ്‌ എതിര്‍വാദം. ഹോക്കിങിന്റെ വാദം തീര്‍ത്തും ശരിയല്ലെന്ന്‌ പ്രഫ. ലെനോക്‌സ്‌ പറയുന്നു. മാത്രമല്ല, ഒരു വിശ്വാസിയും അതേസമയം ഭൗതികശാസ്‌ത്രജ്ഞനുമെന്ന നിലയില്‍, ശാസ്‌ത്രതത്വങ്ങളുടെ മനോഹാരിത അതു രൂപപ്പെടുത്തിയ അതുല്യബുദ്ധിയെ ആദരിക്കാനുള്ള അവസരമാകുന്നു. നിയമസ്രഷ്‌ടാവ്‌ ദൈവമാണെന്ന വിശ്വാസം ലെനോക്‌സിന്റെ വിശ്വാസജീവിതത്തെ ബലപ്പെടുത്തുന്നു എന്നദ്ദേഹം പറയുന്നു.

ക്രൈസ്‌തവവിശ്വാസത്തിന്റെ പ്രധാന വിഷയങ്ങളിലൊന്നാണ്‌ അതുല്യജ്ഞാനിയായ ദൈവം ഈ പ്രപഞ്ചത്തെ ഇല്ലായ്‌മയില്‍ നിന്നും രൂപപ്പെടുത്തി എന്നത്‌. കാലാകാലങ്ങളില്‍ ശാസ്‌ത്രീയരംഗത്തുണ്ടാകുന്ന മാറ്റങ്ങളും നൂതനമായ കണ്ടുപിടുത്തങ്ങളും ക്രിസ്‌തീയവിശ്വാസം കൂടുതല്‍ ബലപ്പെടുത്തുകയാണ്‌ ചെയ്‌തിട്ടുള്ളത്‌. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ജോസഫ്‌ നീതാം എന്ന ഒരു ശാസ്‌ത്രജ്ഞന്‍ ചൈനയുടെ സാങ്കേതികവിദ്യയിലെ വളര്‍ച്ചയെക്കുറിച്ച്‌ പഠനം നടത്തി. ചൈന എന്തുകൊണ്ട്‌ യൂറോപ്യന്‍ സയന്‍സിനെക്കാള്‍ പിറകിലായി എന്നതിനുള്ള അദ്ദേഹത്തിന്റെ ഉത്തരം ശ്രദ്ധേയമാണ്‌: യൂറോപ്യന്‍ സയന്‍സില്‍ യുക്തിക്കധിഷ്‌ഠിതമായ ഒരു ശക്തിയെ അഥവാ ദൈവത്തെ വിശ്വസിച്ചതിനാല്‍ മറ്റു ശാസ്‌ത്രീയ നിയമങ്ങള്‍ മനസിലാക്കുക ഏറെ എളുപ്പമായി. സ്റ്റീഫന്‍ ഹോക്കിങ്‌ വിശ്വാസത്തെയും ശാസ്‌ത്രത്തെയും പരസ്‌പരം അനുനയിപ്പിക്കാന്‍ സാധിക്കാത്ത രണ്ടു തലങ്ങളിലായിട്ടാണ്‌ `ദ ഗ്രാന്റ്‌ ഡിസൈനി'ല്‍ അവതരിപ്പിച്ചിരിക്കുന്നത്‌.
ഹോക്കിങിന്റെ ദൈവസങ്കല്‌പംതന്നെ കുഴപ്പം പിടിച്ചതാണ്‌ എന്ന അഭിപ്രായമാണ്‌ എനിക്കുള്ളത്‌. സമയത്തിനും കാലത്തിനും അതീതനായ ഒരു ദൈവസങ്കല്‌പമല്ല അദ്ദേഹത്തിന്റേത്‌. കാലത്തില്‍ പ്രത്യേക സ്ഥലം ആവശ്യമുള്ള ഒരു ദൈവം. അതായത്‌, എനിക്ക്‌ വ്യാഖ്യാനിക്കാനാവില്ല, അതുകൊണ്ട്‌ അത്തരമൊരു ദൈവമില്ല. റിച്ചാര്‍ഡ്‌ ഡോക്കിന്‍സ്‌ ജീവശാസ്‌ത്രത്തില്‍നിന്നും തള്ളിക്കളഞ്ഞ ദൈവത്തെ, ഇപ്പോള്‍ സ്റ്റീഫന്‍ ഹോക്കിങ്‌ ഭൗതികശാസ്‌ത്രത്തില്‍നിന്നും തള്ളിക്കളയുന്നു. എന്നാല്‍, ഏകദൈവത്തില്‍ വിശ്വസിക്കുന്ന എല്ലാ മതങ്ങളും ഏറ്റുപറയുന്നത്‌ ഇത്തരമൊരു ദൈ വത്തെയല്ല. അതായത്‌ the god of gaps അല്ല. മറിച്ച്‌, സര്‍വതിന്റെയും അധിപനാണ്‌. സൃഷ്‌ടി മാത്രമല്ല സ്ഥിതിയും അവനിലൂടെയാണ്‌. പ്രപഞ്ചം സ്ഥിതി ചെയ്യുന്നതുകൊണ്ടാണ്‌ ഹോക്കിങിനെപ്പോലുള്ള ഭൗതികശാസ്‌ത്രജ്ഞര്‍ക്ക്‌ ഇതു പഠനവിഷയമാക്കാന്‍ കഴിയുന്നത്‌.

ഗുരുത്വാകര്‍ഷണതത്വം നിലവിലുള്ളതുകൊണ്ട്‌, പ്രപഞ്ചത്തിന്‌ ഇല്ലായ്‌മയില്‍നിന്നും തന്നെത്തന്നെ സൃഷ്‌ടിക്കാനാവും എന്ന ഹോക്കിങിന്റെ പ്രസ്‌താവന അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്‌. ഉദാഹരണത്തിന്‌ `എക്‌സ്‌ വൈ നിര്‍മ്മിച്ച്‌' എന്നു പറയുമ്പോള്‍ത്തന്നെ `എക്‌സ്‌' എന്നതിന്റെ നിലനില്‍പ്പ്‌ നമു ക്കു നിരാകരിക്കാനാവില്ല. ഇനി എക്‌സ്‌ എക്‌സിനെ നിര്‍മ്മിച്ചു എന്നു പറയുകയാണെന്നിരിക്കട്ടെ. അപ്പോഴും എക്‌സിന്റെ നിലനില്‍പ്പിനെ തള്ളിക്കളയാന്‍ പറ്റില്ല. മാത്രമല്ല, ഇത്‌ യുക്തിപരമായ വൈരുദ്ധ്യം നിറഞ്ഞ പ്രസ്‌താവനയാണ്‌. ഹോക്കിങിന്റെ വീക്ഷണത്തില്‍ ഗ്രാവിറ്റിയുടെ തത്വം മുമ്പേ ഉണ്ട്‌. അതാണ്‌ സൃഷ്‌ടി നടത്തുന്നത്‌. ഇല്ലായ്‌മയില്‍നിന്നും ഗുരുത്വാകര്‍ഷണതത്വപ്രകാരം തനിയെ സൃഷ്‌ടി നടന്നു എന്നു പറയുമ്പോള്‍, ഭൗതികശാസ്‌ത്രജ്ഞര്‍ക്ക്‌ `ഇല്ലായ്‌മ' എന്ന പദം വെറും ശൂന്യത അല്ലെന്ന കാര്യം നാമറിയണം.

നമ്മുടേതുപോലുള്ള പല വ്യത്യസ്‌തമാര്‍ന്ന പ്രപഞ്ചങ്ങള്‍ ഉണ്ട്‌ എന്നതാണ്‌ ഹോക്കിങിന്റെ അടുത്ത വാദം. ദൈവത്തിന്‌ ഇതുപോലുള്ള നിരവധി പ്രപഞ്ചങ്ങളെ സൃഷ്‌ടിക്കാനാവും എന്ന കാര്യത്തില്‍ ദാര്‍ശനികര്‍ക്കും തടസങ്ങളില്ല. അതേസമയംതന്നെ, വ്യത്യസ്‌തമാര്‍ന്ന പ്രപഞ്ചസങ്കല്‌പങ്ങള്‍ തമസ്‌കരിക്കുന്ന നിരവധി ഭൗതികശാസ്‌ത്രജ്ഞര്‍ ഉണ്ടുതാനും. അതിഭൗതികതലത്തില്‍ വ്യത്യസ്‌തമായ നിരവധി പ്രപഞ്ചങ്ങളെ വിഭാവന ചെയ്യുന്ന ഹോക്കിങിന്‌, ഈശ്വരസങ്കല്‌പം നിഷേധിക്കാന്‍ ഇതൊരു മതിയായ കാരണമാകുന്നതെങ്ങനെ? ദാര്‍ശനികതയുടെ മരണം കൊണ്ടാടുന്ന ഒരു ശാസ്‌ത്രജ്ഞന്‌ ഇത്തരമൊന്നു കഴിയുമോ?