Monday, October 11, 2010

ദൈവത്തെ കൂടാതെ പ്രപഞ്ചോല്‍പ്പത്തി വ്യാഖ്യാനിക്കാനാവില്ല:


``വിഡ്‌ഢിത്തം, അത്‌ ലോകപ്രശസ്‌ത ശാസ്‌ത്രജ്ഞന്‍ പറഞ്ഞാലും വിഡ്‌ഢിത്തം തന്നെയാണ്‌.'' `ദ ഗ്രാന്റ്‌ ഡിസൈന്‍' എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയുള്ള അഭിമുഖത്തില്‍ ഓക്‌സ്‌ഫോഡ്‌ സര്‍വകലാശാല സീനിയര്‍ പ്രഫസറും ഗ്രന്ഥകര്‍ത്താവമായ ജോണ്‍ സി. ലെനോക്‌സ്‌ തുറന്നടിച്ചു. സര്‍വകലാശാലയിലെ അറിയപ്പെടുന്ന കണക്കധ്യാപകനും ഫിലോസഫി ഓഫ്‌ സയന്‍സ്‌ പ്രഫസറുമാ അദ്ദേഹം‌. `ഗോഡ്‌സ്‌ അണ്ടര്‍ റൈറ്റര്‍: ഹാസ്‌ സയന്‍സ്‌ ബെറീഡ്‌ ഗോഡ്‌' എന്ന പ്രഫ. ലെനോക്‌സിന്റെ പുസ്‌തകത്തില്‍ സമകാലികലോകത്തെ ശാസ്‌ത്ര-മത സംവാദങ്ങളെ വിലയിരുത്തുന്നുണ്ട്‌.

സ്റ്റീഫന്‍ ഹോക്കിങിന്റെ പ്രപഞ്ചസൃഷ്‌ടിയെക്കുറിച്ചുള്ള വ്യാ ഖ്യാനം ശരിയല്ല എന്ന പക്ഷക്കാരനാണ്‌ ഇദ്ദേഹം. അദ്ദേഹത്തിന്റെ വാദപ്രതിവാദങ്ങളിങ്ങനെ: ഭൗതികശാസ്‌ത്രനിയമങ്ങളെ അംഗീകരിക്കുക അല്ലെങ്കില്‍ ദൈവത്തെ അംഗീകരിക്കുക. ഏതെങ്കിലും ഒന്ന്‌ എന്ന പക്ഷമാണ്‌ ഹോക്കിങിന്റേത്‌. പക്ഷേ ഇതു സാധ്യമല്ലെന്നു ലെനോക്‌സ്‌. ഒരേ ചരടില്‍ കോര്‍ത്തിണക്കാവുന്നതും തുല്യപ്രാധാന്യമുള്ള രണ്ടു കാര്യങ്ങളല്ല ഇവ. ഒന്ന്‌ സൃഷ്‌ടിയുടെ ശില്‌പിയിലേക്കു വിരല്‍ചൂണ്ടുമ്പോള്‍, മറ്റൊന്ന്‌ ഭൗതികനിയമങ്ങളെക്കുറിച്ചാണ്‌ പറയുന്നത്‌. ഭൗതികനിയമങ്ങള്‍ക്ക്‌ അതില്‍ തന്നെ നിലനില്‍പ്പില്ല. ഭൗതികനിയമങ്ങള്‍ നിലകൊള്ളുന്നത്‌ ഭൗതികവസ്‌തുക്കളുടെ പശ്ചാത്തലത്തിലാണ്‌. അതിന്റെ ഉത്ഭവം ആരിലേക്കെന്ന ചോദ്യം വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു. ന്യൂട്ടന്റെ ഗുരുത്വാകര്‍ഷണ സിദ്ധാന്തത്തിന്‌ അതില്‍ത്തന്നെ വ്യാഖ്യാനം നല്‍കാനാകുന്നതെങ്ങനെ? ഗുരുത്വാകര്‍ഷണം ഏതൊരു പദാര്‍ത്ഥവുമായി ബന്ധപ്പെട്ടാണെന്ന്‌ നാം പറയണം. അപ്പോഴും, പദാര്‍ത്ഥത്തിന്റെ ഉത്ഭവത്തിനായി വഴിതുറന്നേ മതിയാകൂ. നിയമത്തെയും നിയമകര്‍ത്താവിനെയും കൂട്ടിക്കുഴക്കുകയാണ്‌ ഹോക്കിങ്‌. ഭൗതികനിയമത്തിന്‌ ഒന്നുംതന്നെ സൃഷ്‌ടിക്കാനാവില്ല, ഭൗതികനിയമകര്‍ത്താവിന്റെ അഭാവത്തില്‍. ഉദാഹരണത്തിന്‌, ഒരു ജെറ്റ്‌ എഞ്ചിന്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നു ഭൗതികശാസ്‌ത്രത്തിനു പറയാം; പക്ഷേ, അതിനുമുമ്പ്‌ അതു രൂപപ്പെടുത്തണം. അതിന്‌ ഒരു വലിയ ബുദ്ധിശാലിയുടെ കാര്യക്ഷമത ആവശ്യമുണ്ട്‌. ഇതുപോലെതന്നെ, ഒരു ബുദ്ധിശാലിയുടെ കൗ ശല്യം കൂടാതെ പ്രപഞ്ചം ഉടലെടുക്കുന്നതെങ്ങനെ? ഹോക്കിങിന്റെ വീക്ഷണത്തില്‍ ഗുരുത്വാകര്‍ഷകതത്വത്തിനാണ്‌ പ്രാമുഖ്യം. അത്തരം ഒരു തത്വം രൂപപ്പെടുത്തുന്നതിന്റെ കാരണത്തിലേക്കല്ലേ ആദ്യം നോക്കേണ്ടതെന്ന പക്ഷമാണ്‌ എതിര്‍വാദം. ഹോക്കിങിന്റെ വാദം തീര്‍ത്തും ശരിയല്ലെന്ന്‌ പ്രഫ. ലെനോക്‌സ്‌ പറയുന്നു. മാത്രമല്ല, ഒരു വിശ്വാസിയും അതേസമയം ഭൗതികശാസ്‌ത്രജ്ഞനുമെന്ന നിലയില്‍, ശാസ്‌ത്രതത്വങ്ങളുടെ മനോഹാരിത അതു രൂപപ്പെടുത്തിയ അതുല്യബുദ്ധിയെ ആദരിക്കാനുള്ള അവസരമാകുന്നു. നിയമസ്രഷ്‌ടാവ്‌ ദൈവമാണെന്ന വിശ്വാസം ലെനോക്‌സിന്റെ വിശ്വാസജീവിതത്തെ ബലപ്പെടുത്തുന്നു എന്നദ്ദേഹം പറയുന്നു.

ക്രൈസ്‌തവവിശ്വാസത്തിന്റെ പ്രധാന വിഷയങ്ങളിലൊന്നാണ്‌ അതുല്യജ്ഞാനിയായ ദൈവം ഈ പ്രപഞ്ചത്തെ ഇല്ലായ്‌മയില്‍ നിന്നും രൂപപ്പെടുത്തി എന്നത്‌. കാലാകാലങ്ങളില്‍ ശാസ്‌ത്രീയരംഗത്തുണ്ടാകുന്ന മാറ്റങ്ങളും നൂതനമായ കണ്ടുപിടുത്തങ്ങളും ക്രിസ്‌തീയവിശ്വാസം കൂടുതല്‍ ബലപ്പെടുത്തുകയാണ്‌ ചെയ്‌തിട്ടുള്ളത്‌. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ജോസഫ്‌ നീതാം എന്ന ഒരു ശാസ്‌ത്രജ്ഞന്‍ ചൈനയുടെ സാങ്കേതികവിദ്യയിലെ വളര്‍ച്ചയെക്കുറിച്ച്‌ പഠനം നടത്തി. ചൈന എന്തുകൊണ്ട്‌ യൂറോപ്യന്‍ സയന്‍സിനെക്കാള്‍ പിറകിലായി എന്നതിനുള്ള അദ്ദേഹത്തിന്റെ ഉത്തരം ശ്രദ്ധേയമാണ്‌: യൂറോപ്യന്‍ സയന്‍സില്‍ യുക്തിക്കധിഷ്‌ഠിതമായ ഒരു ശക്തിയെ അഥവാ ദൈവത്തെ വിശ്വസിച്ചതിനാല്‍ മറ്റു ശാസ്‌ത്രീയ നിയമങ്ങള്‍ മനസിലാക്കുക ഏറെ എളുപ്പമായി. സ്റ്റീഫന്‍ ഹോക്കിങ്‌ വിശ്വാസത്തെയും ശാസ്‌ത്രത്തെയും പരസ്‌പരം അനുനയിപ്പിക്കാന്‍ സാധിക്കാത്ത രണ്ടു തലങ്ങളിലായിട്ടാണ്‌ `ദ ഗ്രാന്റ്‌ ഡിസൈനി'ല്‍ അവതരിപ്പിച്ചിരിക്കുന്നത്‌.
ഹോക്കിങിന്റെ ദൈവസങ്കല്‌പംതന്നെ കുഴപ്പം പിടിച്ചതാണ്‌ എന്ന അഭിപ്രായമാണ്‌ എനിക്കുള്ളത്‌. സമയത്തിനും കാലത്തിനും അതീതനായ ഒരു ദൈവസങ്കല്‌പമല്ല അദ്ദേഹത്തിന്റേത്‌. കാലത്തില്‍ പ്രത്യേക സ്ഥലം ആവശ്യമുള്ള ഒരു ദൈവം. അതായത്‌, എനിക്ക്‌ വ്യാഖ്യാനിക്കാനാവില്ല, അതുകൊണ്ട്‌ അത്തരമൊരു ദൈവമില്ല. റിച്ചാര്‍ഡ്‌ ഡോക്കിന്‍സ്‌ ജീവശാസ്‌ത്രത്തില്‍നിന്നും തള്ളിക്കളഞ്ഞ ദൈവത്തെ, ഇപ്പോള്‍ സ്റ്റീഫന്‍ ഹോക്കിങ്‌ ഭൗതികശാസ്‌ത്രത്തില്‍നിന്നും തള്ളിക്കളയുന്നു. എന്നാല്‍, ഏകദൈവത്തില്‍ വിശ്വസിക്കുന്ന എല്ലാ മതങ്ങളും ഏറ്റുപറയുന്നത്‌ ഇത്തരമൊരു ദൈ വത്തെയല്ല. അതായത്‌ the god of gaps അല്ല. മറിച്ച്‌, സര്‍വതിന്റെയും അധിപനാണ്‌. സൃഷ്‌ടി മാത്രമല്ല സ്ഥിതിയും അവനിലൂടെയാണ്‌. പ്രപഞ്ചം സ്ഥിതി ചെയ്യുന്നതുകൊണ്ടാണ്‌ ഹോക്കിങിനെപ്പോലുള്ള ഭൗതികശാസ്‌ത്രജ്ഞര്‍ക്ക്‌ ഇതു പഠനവിഷയമാക്കാന്‍ കഴിയുന്നത്‌.

ഗുരുത്വാകര്‍ഷണതത്വം നിലവിലുള്ളതുകൊണ്ട്‌, പ്രപഞ്ചത്തിന്‌ ഇല്ലായ്‌മയില്‍നിന്നും തന്നെത്തന്നെ സൃഷ്‌ടിക്കാനാവും എന്ന ഹോക്കിങിന്റെ പ്രസ്‌താവന അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്‌. ഉദാഹരണത്തിന്‌ `എക്‌സ്‌ വൈ നിര്‍മ്മിച്ച്‌' എന്നു പറയുമ്പോള്‍ത്തന്നെ `എക്‌സ്‌' എന്നതിന്റെ നിലനില്‍പ്പ്‌ നമു ക്കു നിരാകരിക്കാനാവില്ല. ഇനി എക്‌സ്‌ എക്‌സിനെ നിര്‍മ്മിച്ചു എന്നു പറയുകയാണെന്നിരിക്കട്ടെ. അപ്പോഴും എക്‌സിന്റെ നിലനില്‍പ്പിനെ തള്ളിക്കളയാന്‍ പറ്റില്ല. മാത്രമല്ല, ഇത്‌ യുക്തിപരമായ വൈരുദ്ധ്യം നിറഞ്ഞ പ്രസ്‌താവനയാണ്‌. ഹോക്കിങിന്റെ വീക്ഷണത്തില്‍ ഗ്രാവിറ്റിയുടെ തത്വം മുമ്പേ ഉണ്ട്‌. അതാണ്‌ സൃഷ്‌ടി നടത്തുന്നത്‌. ഇല്ലായ്‌മയില്‍നിന്നും ഗുരുത്വാകര്‍ഷണതത്വപ്രകാരം തനിയെ സൃഷ്‌ടി നടന്നു എന്നു പറയുമ്പോള്‍, ഭൗതികശാസ്‌ത്രജ്ഞര്‍ക്ക്‌ `ഇല്ലായ്‌മ' എന്ന പദം വെറും ശൂന്യത അല്ലെന്ന കാര്യം നാമറിയണം.

നമ്മുടേതുപോലുള്ള പല വ്യത്യസ്‌തമാര്‍ന്ന പ്രപഞ്ചങ്ങള്‍ ഉണ്ട്‌ എന്നതാണ്‌ ഹോക്കിങിന്റെ അടുത്ത വാദം. ദൈവത്തിന്‌ ഇതുപോലുള്ള നിരവധി പ്രപഞ്ചങ്ങളെ സൃഷ്‌ടിക്കാനാവും എന്ന കാര്യത്തില്‍ ദാര്‍ശനികര്‍ക്കും തടസങ്ങളില്ല. അതേസമയംതന്നെ, വ്യത്യസ്‌തമാര്‍ന്ന പ്രപഞ്ചസങ്കല്‌പങ്ങള്‍ തമസ്‌കരിക്കുന്ന നിരവധി ഭൗതികശാസ്‌ത്രജ്ഞര്‍ ഉണ്ടുതാനും. അതിഭൗതികതലത്തില്‍ വ്യത്യസ്‌തമായ നിരവധി പ്രപഞ്ചങ്ങളെ വിഭാവന ചെയ്യുന്ന ഹോക്കിങിന്‌, ഈശ്വരസങ്കല്‌പം നിഷേധിക്കാന്‍ ഇതൊരു മതിയായ കാരണമാകുന്നതെങ്ങനെ? ദാര്‍ശനികതയുടെ മരണം കൊണ്ടാടുന്ന ഒരു ശാസ്‌ത്രജ്ഞന്‌ ഇത്തരമൊന്നു കഴിയുമോ?