Monday, April 5, 2010

ആത്മീയതയെ കച്ചവടമാക്കുമ്പോള്‍

ആഗോളീകരണം ജീവിതത്തിന്റെ എല്ലാ മേഖലകളെയും വിപണിയുടെ സ്വാധീനവലയത്തിലാക്കുന്നു. ലാഭവും നഷ്ടവും കണക്കുകൂട്ടി നോക്കി എല്ലാത്തിനും വിലപറയുന്ന കമ്പോളത്തിന്റെ ശൈലി മനുഷ്യബന്ധങ്ങളുടെ തലത്തിലേക്കുപോലും വ്യാപിക്കുന്നുണ്ട്. എക്കാലത്തും നിലനിന്നിരുന്നതും പരിപാവനവും സമൂ ഹത്തിന്റെ അടിസ്ഥാനവുമായ കുടും ബം ഇന്നു തകര്‍ച്ചയുടെ വക്കത്താണ്. ആത്മീയതലങ്ങളിലും വിപണിയുടെ കടന്നുകയറ്റമുണ്ടാകുന്നു. വിപണിയുടെ ശ്രദ്ധ മുഴുവനും ബാഹ്യമോടിയിലും ആര്‍ഭാടത്തിലുമാണ്. ആന്തരികതയ്ക്കും മതമൂല്യങ്ങള്‍ ക്കും മാര്‍ക്കറ്റില്ലാത്ത അവസ്ഥയില്‍ അവ വിറ്റഴിയപ്പെടണമെങ്കില്‍ ആത്മീയ മേഖലയിലും വിപണിയുടെ തന്ത്രങ്ങള്‍ ഒരളവുവരെ ഉപയോഗിക്കേണ്ടതായി വരുന്നു. പക്ഷേ, വിപണിയുടെ ശൈലി അതേപടി സ്വീകരിക്കുന്നത് വലിയ അപകടങ്ങള്‍ വരുത്തിവയ്ക്കും.

വിപണിയുടെ വലിയ തന്ത്രങ്ങളിലൊന്നു പരസ്യമാണ്. പരസ്യകല ഇന്നു വലിയൊരു വ്യവസായമായി മാറിക്കഴിഞ്ഞു. നല്ല മാര്‍ക്കറ്റിംഗിന് നല്ല പരസ്യം വേണം എന്നത് വിപണനകലയിലെ ശാസ്ത്രമാണ്. ഏതെങ്കിലുമൊരു വില്പന വസ്തു മാര്‍ക്കറ്റിലെത്തുമ്പോള്‍ അതിനു നല്കേണ്ട വിലയുടെ വലിയൊരു ശതമാനംതന്നെ അതിന്റെ വിപണനം ത്വരിതപ്പെടുത്താന്‍ നല്കിയ പരസ്യത്തിന്റെ വിലയാണ്.പരസ്യക്കമ്പനികള്‍ സൃഷ്ടിക്കുന്ന മായാലോകം മനുഷ്യനെ വെറും ഉപഭോക്താവായി മാറ്റുന്നു. ഉല്പാദകരുടെ അടിമയായി മനുഷ്യന്‍ മാറുന്നുവെന്നതാണു സത്യം. വ്യക്തികളുടെ ആരോഗ്യത്തിനും പ്രപഞ്ചത്തിന്റെ സുസ്ഥിതിക്കും തികച്ചും അപകടകരമായ വസ്തുക്കള്‍പോലും മനുഷ്യന്‍ വലിയ ആവേശത്തോടെ വാങ്ങിക്കൂട്ടുന്നു. ആത്യന്തികമായി ഉളള് പൊളളയായ ഒരു സംസ്കാരമാണു നമ്മുടെ കണ്‍മുമ്പില്‍ വളരുന്നത്.

ആഗോളവത്കരണം സൃഷ്ടിക്കുന്ന വിപണിയുടെ സംസ്കാരം മതങ്ങളുടെ സുരക്ഷിതവലയങ്ങളെ തകര്‍ത്ത് ആത്മീയ അനുഷ്ഠാനങ്ങളെയും മറ്റും കച്ചവടത്തിന്റെ വരുതിയിലാക്കുന്ന പ്രവണത ഇന്നു ശക്തമാണ്. മതാചാരങ്ങളെ സംബന്ധിച്ച പരസ്യങ്ങള്‍ കച്ചവടത്തിന്റെ സ്വഭാവം കാണിക്കുന്നില്ലേയെന്ന സംശയം ഇന്നു പൊതുവേയുണ്ട്. തിരുനാളുകള്‍ക്കും നൊവേനകള്‍ക്കും ധ്യാനങ്ങള്‍ക്കും മറ്റും നല്കപ്പെടുന്ന പരസ്യങ്ങളാണ് ഈ സംശയത്തിനു കാരണം.
കാസര്‍ഗോഡുള്ള ഒരു ദേവാലയത്തിലെ തിരുനാളിന്റെ പരസ്യം അങ്ങു തിരുവനന്തപു രംവരെയുള്ള റോഡുകളിലും മതിലുകളിലും കാണാന്‍ കഴിയും. ഓരോ ഇടവകദേവാലയവും അവിടെയുള്ള വിശ്വാസ സമൂഹവും ഒരുമിച്ചു ചേര്‍ന്നു നടത്തേണ്ട ആരാധനയും തിരുനാളുകളും നേര്‍ച്ചപ്പണം കൂടുതല്‍ ലഭിക്കാനും പേരും പെരുമയും വര്‍ദ്ധിപ്പിക്കാനുമുള്ള വ്യഗ്രതയില്‍ അപഹാസ്യമായിത്തീരുന്ന അവസ്ഥയാണുള്ളത്. ഏതു മുക്കിലും മൂലയിലും വിശുദ്ധരുടെ ചിത്രങ്ങള്‍ പതിച്ചിട്ടുള്ള ബാനറുകളും ഫ്ളെക്സുകളും സിനിമാപോസ്ററുകളോടൊപ്പം നിറയുന്നു. ആക്ഷന്‍ഫിലിമുകളുടെ കട്ടൌട്ടറുകള്‍ക്കൊപ്പം ചില വിശുദ്ധ രുടെ ചിത്രങ്ങള്‍ കാണുമ്പോള്‍ എന്തോ ഒരരുതായ്ക ചിന്തിക്കു ന്നവര്‍ക്ക് അനുഭവപ്പെടുന്നു. മാര്‍ക്കറ്റെന്നോ മതിലെന്നോ വീട്ടുമുറ്റമെന്നോ ഔചിത്യബോധമില്ലാതെ തിരുനാള്‍ പോസ്ററുകള്‍ പതിപ്പിക്കുന്നതിന് ഇന്ന് യാതൊരു മടിയും കാണുന്നില്ല. പണം ലഭിക്കുമെന്ന് ഉറപ്പുണ്െടങ്കില്‍ യാതൊരു തത്ത്വദീക്ഷയുമില്ലാതെ പരസ്യ ഏജന്‍സിയോടു കൂട്ടുചേര്‍ന്ന് ഏതു വിശുദ്ധന്റെയും വിശുദ്ധയുടെയും ചിത്രം അച്ചടിക്കുകയും പരസ്യക്കാരന്റെ വിപണനതന്ത്രം അതിനോടു ചേര്‍ത്ത് വലിയ അക്ഷരത്തില്‍ എഴുതിവച്ചുകൊണ്ട് വിശുദ്ധരോടുള്ള ഭക്തിയും നേര്‍ച്ചവരവിനുള്ള വഴികളും വിപണനം നടത്തും.

കേരള ക്രൈസ്തവസമൂഹത്തില്‍ ഈ അടുത്ത കാലങ്ങളില്‍ ഉയര്‍ന്നുവന്ന ഒരു ഭക്തിയും ആചാരവുമാണ് ഊട്ടുനേര്‍ച്ച. യൌസേപ്പിതാവിന്റെ മദ്ധ്യസ്ഥതയില്‍ ഉദ്ദിഷ്ടകാര്യസാദ്ധ്യം ഉണ്ടായി എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ഒരിടവക സമൂഹം ആരംഭിച്ച ചരിത്രപരമായ ഒരാചാരമായിരുന്നു ഇത്. തുടര്‍ന്ന് ഈ അടുത്ത കാലത്ത് മിക്ക ദേവാലയങ്ങളിലും യൌസേപ്പിതാവിന്റെ ഓര്‍മതിരുനാളിന് യൌസേപ്പിതാവിന്റെ ചാത്തം എന്ന ഓമനപ്പേരില്‍ തുടര്‍ന്നു പോരുന്നതുമാണ് ഊട്ടുനേര്‍ച്ചയുടെ ഈ ശൈലി. എന്നാല്‍, ഇപ്പോള്‍ ദേവാലയങ്ങളില്‍ നൊവേന കഴിയുമ്പോള്‍ ഊണ്, കഞ്ഞിയും പയറും നേര്‍ച്ചകള്‍, സദ്യ കള്‍ എന്നിങ്ങനെ ജനത്തെ കൂട്ടാനും ഇതുവഴി ഏതോ ദിവ്യത്വമോ അനുഗ്രഹമോ ലഭ്യമാകുമെന്ന് വരുത്തിതീര്‍ക്കാനുമുള്ള വ്യഗ്രതകള്‍ കാണാം. വിശുദ്ധ കുര്‍ബാനയേക്കാള്‍ ഇപ്രകാരമുള്ള ഭക്തിയാണ് വിശ്വാസത്തിനടിസ്ഥാനമന്നു ദ്യോതിപ്പിക്കുന്ന തരത്തിലാണ് ഇതിനു നല്കുന്ന പരസ്യങ്ങള്‍. വിശുദ്ധ കുര്‍ബാന സ്വീകരിച്ചില്ലെങ്കിലും നേര്‍ച്ചസദ്യയിലോ നേര്‍ച്ചകഞ്ഞിയിലോ പങ്കുചേര്‍ന്നില്ലെങ്കില്‍ വിശുദ്ധ യൂദാതദേവൂസും വിശുദ്ധ അന്തോണീസും യൌസേപ്പിതാവും കോപിക്കും എന്നു തോന്നുന്ന വിധം ജനങ്ങളെ വിശ്വസിപ്പിക്കുകയോ ജനങ്ങള്‍ വിശ്വസിക്കുകയോ ചെയ്യുന്നു.

ചിലയവസരങ്ങളില്‍ മേല്പറ ഞ്ഞവയ്ക്ക് വിശുദ്ധ ഗ്രന്ഥാടി സ്ഥാനവും ക്രൈസ്തവ സമൂഹകൂട്ടായ്മയുടെ ചിന്തയും കാരണമായി ചൂണ്ടിക്കാണിക്കാറുണ്ട്. സോളമന്‍ രാജാവ് ദേവാലയനിര്‍മാണത്തിനുശേഷം ജനങ്ങള്‍ക്ക് ഏഴു ദിവസം ഉത്സവമാഘോഷിക്കാന്‍ അവസരം കൊടുത്തു (1 രാജാ. 8:65). അവിടെ അവര്‍ തി ന്നുകയും കുടിക്കുകയും ചെയ്തു. എല്ലാ ജനതകള്‍ക്കുംവേണ്ടി ദൈവം സീയോനില്‍ വിരുന്നൊരുക്കുന്നതായി ഏശയ്യ പറയുന്നുണ്ട് (ഏശയ്യ 25:6-8). ഇസ്രായേലിന്റെ പെസഹാഭക്ഷണവും (പുറ. 12:1-28) യേശുവിന്റെ അന്ത്യഅത്താഴവും (മത്താ. 26:26-30) യേശു പങ്കെടുത്ത വിരുന്നുകളും ആദിമസഭയുടെ അപ്പംമുറിക്കല്‍ ശുശ്രൂഷയും (നടപടി 2:46) ഇതിനടിസ്ഥാനമായി കാണുന്നത് ഇടവകകൂട്ടായ്മ വര്‍ദ്ധിപ്പിക്കാന്‍ ഉപകാരപ്പെടും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതു പരിപോഷിപ്പിക്കപ്പെടേണ്ടതുമാണ്. പക്ഷേ, എന്തിന ണ് ഈ കൂട്ടായ്മവിരുന്നിന്റെ കാര്യം അന്യനാടുകളിലും വഴിയോരങ്ങളിലും പരസ്യപ്പെടുത്തുന്നത്. ഇടവകകൂട്ടായ്മ ഇടവകയുടെ കാര്യം മാത്രമല്ലേ?

ക്രിസ്തീയ ആചാരാനുഷ്ഠാ നങ്ങളില്‍ റോമന്‍ സംസ്കാരത്തില്‍നിന്നും മദ്ധ്യപൂര്‍വദേശ സംസ്കാരങ്ങളില്‍നിന്നും ധാരാളം അനുരൂപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. സഭാഭരണക്രമത്തിലും ഇതു ദൃശ്യമാണ്. ഇതുപോലെ കേരള ക്രൈസ്തവരുടെ ഇടയിലും ആചാരാനുഷ്ഠാനങ്ങളില്‍ ഈ നാടിന്റെ സാംസ്കാരിക പൈതൃകം കാര്യ മായ സ്വാധീനം ചെലുത്തിയിട്ടു ണ്ട്. വാദ്യമേളങ്ങള്‍, ദീപക്കാഴ്ച, നിറപ്പകിട്ടാര്‍ന്ന നാടുചുറ്റിയുള്ള പ്രദക്ഷിണങ്ങള്‍ തുടങ്ങിയവ ഇതിന്റെ ഭാഗമാണ്. എന്നാല്‍ ഇക്കാലഘട്ടത്തില്‍ കണ്ടുവരുന്ന മറ്റൊരു പ്രതിഭാസമാണ് ഏതെങ്കിലും വിശുദ്ധനോടു ബന്ധപ്പെടുത്തിയോ ചിലപ്പോള്‍ ബന്ധമില്ലാതെയോ തുടങ്ങിവയ്ക്കുന്ന ചില ആചാരാനുഷ്ഠാനങ്ങള്‍. തുലാഭാരം കേരളത്തില്‍ കാണുന്ന ഒരു ക്ഷേത്രാനുഷ്ഠാനമാണ്. ഇതില്‍ സ്വയം ദാനത്തിന്റെ ചിന്ത അന്തര്‍ലീനമായിട്ടുണ്ട്. ദൈവപ്രീതിക്കായും നന്ദിസൂചകമായും തന്നെത്തന്നെ സമര്‍പ്പിക്കുന്നതിനു പകരം നടത്തുന്ന ഒരാചാരം. തീര്‍ത്തും വ്യക്തിപരമായ ഒരു നേര്‍ച്ചയായി ഇതിനെ കാണാവുന്നതാണ്. എന്നാല്‍ ചില വിശുദ്ധരുടെ തിരുനാളിനോടനുബന്ധിച്ച് അവരുമായി ഒരു ബന്ധവുമില്ലാത്ത ഇത്തരം ആചാരങ്ങള്‍ക്ക് എന്തടിസ്ഥാനമാ ണുള്ളത് എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. എന്തിനാണ് പത്രങ്ങള്‍ വഴിയും ഫ്ളെക്സില്‍ ചിത്രങ്ങള്‍ സഹിതം അച്ചടിച്ചും ഇതിനു പരസ്യം നല്കുന്നത്? ഈ ആചാര ത്തിന്റെ മാര്‍ക്കറ്റിംഗ് അല്ലാതെ മറ്റെന്താണ് ഇതുവഴി അര്‍ത്ഥമാക്കുന്നത്.

ഈയിടെ കണ്ടുതുടങ്ങിയ മ റ്റൊരാചാരമാണ് കൊന്ത എഴുന്നള്ളിക്കല്‍. കൊന്തനമസ്കാരം കേരളകത്തോലിക്കരുടെ ഇടയില്‍ ആഴമായി വേരൂന്നിയിരിക്കുന്ന ഭക്തിയാണ്. കൊന്ത എന്ന പ്രാര്‍ത്ഥനോപകരണം എല്ലാ ഭവനങ്ങളിലും എല്ലാ വ്യക്തികളുടെയും കരങ്ങളിലും സ്വാഭാവികമായും ഉണ്ടാകും. പിന്നെന്തിനാണ് തിരുനാളിനോടനുബന്ധിച്ചോ, ഒക്ടോബര്‍ മാസത്തിലെ കൊന്തനമ സ്കാരഭക്തിയോടനുബന്ധിച്ചോ നിരക്കുവച്ച് കൊന്തയെഴുന്നള്ളിപ്പ് നേര്‍ച്ച നടത്തുന്നത്? വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനോ അതോ അന്ധവിശ്വാസം പരത്തുന്നതിനോ ഇത് ഉപകാരപ്പെടുക? പ്രാരംഭ ത്തില്‍ ആകര്‍ഷകമായി തോന്നുമെങ്കിലും ചിന്തിക്കുന്നവര്‍ക്കു വിശ്വാസ ജീവിതത്തില്‍ സംഘര്‍ഷത്തിനും വികാരപരമായി മാത്രം വസ്തുതകളെ വീക്ഷിക്കുന്നവര്‍ക്ക് മാനസികാടിമത്തത്തിനും മേല്‍പറഞ്ഞ തരം പ്രവണതകള്‍ കാരണമാകും.

രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിനുശേഷം 1970-കളില്‍ നവീ കരണപ്രസ്ഥാനമെന്ന (കരിസ്മാറ്റിക്) പേരില്‍ കത്തോലിക്കാസഭയില്‍ കടന്നുവന്ന ആത്മീയ നവീകരണം വിശുദ്ധഗ്രന്ഥപഠനം, പ്രാര്‍ത്ഥനാജീവിതം, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍, ക്രൈസ്തവ കൂട്ടായ്മ, അല്മായനേതൃത്വം തുടങ്ങിയവയ്ക്ക് ശ്ളാഘനീയ സംഭാവനകള്‍ നല്കിയിട്ടുണ്ട്. ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ ഇതിന്റെ നിഷേധാത്മകശൈലികള്‍ സമൂഹ ശിഥിലീകരണത്തിനും വിശുദ്ധഗ്രന്ഥ അപപഠനങ്ങള്‍ക്കും തെറ്റായ അല്മായ നേതൃത്വചിന്തകള്‍ക്കും കാരണമായിട്ടുണ്ട്. എന്നാല്‍ ഇക്കാലഘട്ടത്തില്‍ മേല്‍പറഞ്ഞ കാര്യങ്ങള്‍ ശരിയായ ദിശ യിലേക്കു തിരിച്ചുവിടാനും നിഷേധാത്മക ശൈലികളേക്കാള്‍ പ്രസാദാത്മകശൈലികള്‍ വളര്‍ത്തിയെടുക്കാനും ശ്രമങ്ങള്‍ ഏറെ നടക്കുന്നുണ്ട്. അവ ഫലം കണ്െടത്തിയിട്ടുമുണ്ട്.

ചില പ്രത്യേക ധ്യാനകേന്ദ്ര ങ്ങള്‍ സന്ദര്‍ശിച്ച് അവിടെ നടക്കുന്ന ശുശ്രൂഷകളില്‍ പങ്കെടുത്താല്‍ വ്യക്തിക്കും കുടുംബത്തിനും ഐശ്വര്യം സുനിശ്ചിതം എന്നും ഒരു പ്രത്യേക ദേവാലയത്തില്‍ പോയി പ്രാര്‍ത്ഥിക്കുകയും, നില വിളക്കോ കല്‍വിളക്കോ കത്തിക്കുകയും ചെയ്താല്‍, ഉദ്ദിഷ്ടകാര്യസാദ്ധ്യം ഉറപ്പ് എന്നും ഒരു പ്ര ത്യേക ദേവാലയത്തിലോ സ്ഥലത്തോ പോയി പുസ്തക പൂജ നട ത്തിയാല്‍ വിദ്യാഭ്യാസ വിജയം നിഷ്പ്രയാസമെന്നും ചില പ്രത്യേ ക വ്യക്തികളെ കണ്ടു കാര്യങ്ങള്‍ അവതരിപ്പിച്ചാല്‍ ഫലസിദ്ധി സുനിശ്ചിതമെന്നും ചില പ്രത്യേക സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തിയാല്‍ ജോലിയും വിവാഹവും അനായാസം സാദ്ധ്യമാകുമെന്നും പരസ്യപ്പെടുത്തുന്ന ഏജന്റുമാരെവച്ച് ആളുകളെ കൂട്ടാന്‍ ശ്രമം നടക്കുന്നുവെന്ന ആക്ഷേപമുണ്ട്.

ക്രൈസ്തവ വിശ്വാസം കുടും ബ പശ്ചാത്തലങ്ങളിലാണ് മുള യെടുത്ത് വളരുന്നതെങ്കിലും അ തിനു വ്യക്തമായൊരു സാമൂഹിക വശമുണ്ട്. അതിനാല്‍ത്തന്നെ തല മുറകള്‍ നീണ്ടുനില്ക്കുന്ന അടി സ്ഥാന ഘടകങ്ങള്‍ ഇതിനുണ്ട്. മേല്‍പറഞ്ഞ ഭക്താനുഷ്ഠാനങ്ങളും അവയുടെ വാണിജ്യതന്ത്രങ്ങളും ഈ അടിസ്ഥാന ഘടക ങ്ങള്‍ക്ക് ക്ഷതമേല്പിക്കുകയും സാവധാനം സമൂഹം വിശ്വാസ ജീവിതത്തില്‍നിന്ന് അകന്നുപോവുകയും ചെയ്യും. അതിനാല്‍ മ ല്പറഞ്ഞ പ്രവണതകളെ പ്രോ ത്സാഹിപ്പിച്ചാല്‍ വിശ്വാസജീവിതം ആഴപ്പെടാതെ പോകും. അതു വിശ്വാസജീവിതത്തില്‍ പുതിയ പ്രതിസന്ധികള്‍ സൃഷ്ടിക്കും.
പ്രചരണത്തിന്റെ വേറൊരു വിഷയം അത്ഭുതങ്ങളാണ്. തിരുസ്വരൂപങ്ങളില്‍നിന്ന് തേന്‍, രക്തം, കണ്ണുനീര്‍, എണ്ണ എന്നിവ ഒഴുകുന്നതായി പലേടത്തും പ്രചരണങ്ങള്‍ നടക്കുന്നു. വളരെ വേഗത്തിലാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ദൈവത്തിന്റെ പ്രത്യേക ഇടപെടലാണതെന്നു യാതോരുവിധ പഠനവും അന്വേഷണവും കൂടാതെതന്നെ അവ വിശേഷിപ്പിക്കപ്പെടുന്ന അവസ്ഥയുണ്ട്. സഭയുടെ തീരുമാനത്തിനൊന്നും കാത്തുനില്ക്കാനുളള സാവകാശം ഉത്തരവാദിത്വപ്പെട്ടവര്‍ പലപ്പോഴും കാണിക്കാറില്ല. കൂടുതല്‍ ഭക്തരെ ആകര്‍ഷിക്കുന്നതിലാണ് ശ്രദ്ധ. ഇത് യഥാര്‍ത്ഥ വിശ്വാസത്തില്‍നിന്നും അകലുന്നതിനും സാവധാനം കൂദാശകളുടെ സ്വീകരണം അപ്രധാനമാകുന്നതിനും ഇടയാക്കും.
അത്ഭുതങ്ങളും അടയാളങ്ങളും വിശ്വാസജീവിതത്തിലേക്ക് വ്യക്തിയെയോ സമൂഹത്തെയോ ആനയിക്കാനുള്ളതാണ്. അക്കാര്യം മറന്നുകൊണ്ട് എവിടെയെങ്കി ലും ഉണ്ടായ സംഭവത്തിന് അത്ഭുതത്തിന്റെ പരിവേഷം നല്കി ഇന്നു ലഭ്യമാകുന്ന വാര്‍ത്താവിനിമയ മാധ്യമ സൌകര്യങ്ങളുപയോഗിച്ച് ജനങ്ങളെ ആകര്‍ഷിക്കാനു ള്ള മാര്‍ഗമാക്കുന്നത് സുവിശേഷാധിഷ്ഠിതമോ സഭാപാരമ്പര്യത്തിനു ചേര്‍ന്നതോ അല്ല. അതിനുള്ളില്‍ വിശ്വാസതീക്ഷ്ണതയേക്കാള്‍ വാണിജ്യ മനസ്സോ വിശ്വാസജീവിതത്തെക്കുറിച്ചുള്ള അജ്ഞതയോ ആണ് നിലനില്ക്കുന്നത്.

അതിനാല്‍ മേല്പറഞ്ഞ കാര്യ ങ്ങളെ സംബന്ധിച്ച് ശരിയായ പഠനങ്ങള്‍ നടത്തേണ്ടതാവശ്യമാണ്. മാത്രമല്ല വിശ്വാസികള്‍ യഥാര്‍ത്ഥ വിശ്വാസത്തിന്റെയും ഭക്തിയുടെയും പൊരുള്‍ അറിയേണ്ടിയിരിക്കുന്നു. ദൈവത്തെ ആര ധിക്കുന്നവര്‍ ഈ മലയിലോ ജറുസലേം ദേവാലയത്തിലോ അല്ല ദൈവത്തെ ആരാധിക്കേണ്ടത് അരൂപിയിലും സത്യത്തിലുമാണ് (യോഹ 4: 21-26). യോഹന്നാന്‍ സുവിശേഷകന്‍ ഇക്കാര്യം അഞ്ചുവാക്യങ്ങള്‍ക്കിടെ രണ്ടു പ്രാവശ്യം എടുത്തുപറയുന്നതായി കാണാം. ദേവാലയങ്ങളും അനുഷ്ഠാനങ്ങളും അടയാളങ്ങള്‍ മാത്രമാണ്. അവ ആത്മാവിലും സത്യത്തിലുമുള്ള ആരാധനയിലേക്ക് വ്യക്തികളെ നയിക്കാന്‍ ഉതകുന്നതാകണം. അല്ലാതെ മാര്‍ക്കറ്റിംഗ് ലക്ഷ്യങ്ങളുടെ പേരില്‍ പ്രോത്സാഹിപ്പിക്കപ്പെടുമ്പോള്‍ അത് എന്റെ കര്‍ത്താവിന്റെ ആലയം കച്ചവടക്കാരുടെ ഗുഹയാക്കരുത് എന്ന യേശുവിന്റെ സ്വരം കേള്‍ക്കാന്‍ ഇടയാക്കുകയായിരിക്കും ചെയ്യുന്നത്.

യേശു ശിഷ്യന്മാരെ പ്രാര്‍ത്ഥനയുടെ കാര്യം പറഞ്ഞുപഠിപ്പിക്കുന്നത് മത്തായി സുവിശേഷകന്‍ വ്യക്തമാക്കുന്നുണ്ട്. പരസ്യ മായി കാഹളം മുഴക്കിയും സിന ഗോഗുകളുടെയും തെരുവീഥികളുടെയും കോണുകളില്‍നിന്നും പ്രാര്‍ത്ഥിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു കൂട്ടരെക്കുറിച്ച് പറയുന്നുണ്ട്. പ്രാര്‍ത്ഥനയില്‍ അതിഭാഷണം പാടില്ലായെന്നും നീ പ്രാര്‍ത്ഥിക്കുമ്പോള്‍ നിന്റെ മുറിയില്‍ കടന്ന് കതകടച്ച് രഹസ്യമായി നിന്റെ പിതാവിനോടു പ്രാര്‍ത്ഥിക്കുക എന്നുമാണ് ഉപദേശിക്കുന്നത് (മ ത്താ. 6:5-8). മേല്പറഞ്ഞ കാര്യങ്ങള്‍ നാം വിശകലനം ചെയ്ത വിഷയവുമായി നേരിട്ടു ബന്ധമൊന്നുമില്ലെന്നു തോന്നിയാലും ഭക്തിക്കും പ്രാര്‍ത്ഥനയ്ക്കും ആചാരാ നുഷ്ഠാനങ്ങള്‍ക്കും കാണിക്കുന്ന അമിത താത്പര്യത്തിന്റെ മുന്നില്‍ ചോദ്യചിഹ്നമായി ഈ വചനങ്ങള്‍ നിലകൊള്ളുന്നു. പരസ്യ ങ്ങള്‍ ഭക്തിജനിപ്പിക്കുകയോ ക്ര മാനുഗതമായി ഭക്തി വളര്‍ത്തുകയോ ചെയ്യുന്നില്ല. അതു വെറും പരസ്യവും ആഗ്രഹം ജനിപ്പിക്കാന്‍ ഉതകുന്നതും മാത്രമാണ്. പരസ്യം നല്കുന്നവരുടെ ഭൌതിക ലക്ഷ്യങ്ങള്‍ അതിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ ചിന്താശക്തിയുള്ള സമൂഹത്തിലെ ഒരു ഭാഗം ജനങ്ങള്‍ ഭക്തിയുടെയും അതിന്റെ വക്താക്കളുടെയും വച നങ്ങളെ വിശ്വസിക്കാതാവുകയും ചെയ്യും. ഇത്തരം അപകടങ്ങളില്‍ ചെന്നുപതിക്കാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ അജപാലകരും ഇടവക സമൂഹത്തിന്റെ നായകരായി നില്ക്കുന്ന അല്മായരും ശ്രദ്ധിക്കേണ്ടതാണ്. കമ്പോള വ്യവസ്ഥിതിയുടെ ഇരകളാകാന്‍ ഇടയാകുന്ന ഇത്തരം പ്രലോഭനങ്ങളെ യഥാര്‍ത്ഥ ആത്മീയജീവിതംകൊണ്ട് ചെറുത്തു നില്ക്കാന്‍ ഇടയാകണം.

Author : മാര്‍ തോമസ്‌ ചക്യത്ത്