Tuesday, January 4, 2011

ബൈബിള്‍ ഉത്ഭവം

ആദിയില്‍ വചനമുണ്ടായിരുന്നു, വചനം ദൈവത്തോടു കൂടെയായിരുന്നു, വചനം ദൈവമായിരുന്നു (യോഹ 1:1. ആരംഭങ്ങള്‍ക്ക് മുന്‍പ് വചനമുണ്ടായിരുന്നു. കാലങ്ങള്‍ക്കും സമയത്തിനും മുന്‍പ് വചനമുണ്ടായിരുന്നു. ദൈവമാകുന്ന വചനത്തിലൂടെയാണ് സര്‍വതും സൃഷ്ട്ടിക്കപ്പെട്ടത്‌ . ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു (ഉല്‍പ 1:1). സമസ്തവും അവനിലൂടെ ഉണ്ടായി, ഒന്നും അവനെ കൂടാതെ ഉണ്ടായിട്ടില്ല (യോഹ 1:3).അവന്‍ മുഖേന പ്രപഞ്ചത്തെ സൃഷ്ടിക്കുകയും ചെയ്തു (ഹെബ്രാ 1:2).

മനുഷ്യരൂപം സ്വീകരിച്ച വചനം

വചനത്തിന്റെ മനുഷ്യരൂപമാണ്‌ ക്രിസ്തു .വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു (യോഹ 1:14). ആ മാംസമായ വചനമായിരുന്നു യേശു . യേശു ദൈവം തന്നെയായിരുന്നു ,ദൈവമായ വചനത്തിന്റെ മനുഷ്യരൂപമായിരുന്നു.

യേശു ദൈവപുത്രനാണ്

പരിശുദ്ധാത്മാവ് നിന്റെമേല്‍ വരും ;അത്യുന്നതന്റെ ശക്തി നിന്‍റെ മേല്‍ ആവസിക്കും . ആകയാല്‍, ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്‍,ദൈവപുത്രന്‍ എന്ന് വിളിക്കപ്പെടും (ലൂക്ക 1:35). പാപം മൂലം ദൈവികചായ നഷ്ടപ്പെട്ട സൃഷ്ട് പ്രപഞ്ചത്തെ ദൈവിക ജീവനില്‍ പുനസ്ഥാപിക്കുകയായിരുന്നു മനുഷ്യനായി പിറന്ന ദൈവപുത്രന്റെ ദൌത്യം . അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നും മോചിപ്പിക്കും (മത്താ 1:21). പ്രപഞ്ചത്തിന്റെ രക്ഷാകര ദൌത്യം യേശുവിന്റെ പീഡാസഹനത്തിലൂടെയും കുരിശുമരണത്തിലൂടെയും ഉത്ഥാനത്തിലൂടെയുമാണ് പൂര്ത്തിയാകെണ്ടിയിരുന്നത് . ദൈവത്തിന്റെ രക്ഷാകരപദ്ധതി പൂര്‍ത്തിയാക്കുകയായിരുന്നു ദൈവമായ വചനത്തിന്റെ ,മനുഷ്യരൂപമായ യേശുവിന്റെ ദൌത്യം.യേശുവിന്റെ ഉത്ഥാനത്തിനുശേഷം ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപ്പെട്ട് അവന്‍ അവരോടു പറഞ്ഞു :മോശയുടെ നിയമത്തിലും പ്രവാചകന്മാരിലും സങ്കീര്ത്തനങ്ങളിലും എന്നെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നതെല്ലാം പൂര്ത്തിയാകെണ്ടിയിരിക്കുന്നു എന്ന് ഞാന്‍ നിങ്ങളോടുകൂടെ ആയിരുന്നപ്പോള്‍ പറഞ്ഞിട്ടുണ്ടല്ലോ (ലൂക്ക 24:44).

വിശുദ്ധ പൌലോസ് കൊളോസോസുകാര്‍ക്ക് എഴുതിയ ലേഖനത്തില്‍ പറയുന്നു : "അവന്‍ അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്ട്ടികള്‍ക്കും മുന്‍പുള്ള ആദ്യജാതനുമാണ് . കാരണം അവനില്‍ സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്തുക്കളും സൃഷ്ട്ടിക്കപ്പെട്ടു" (1:15-16)

വചനമായ യേശു ദൈവത്തിന്റെ പ്രതിരൂപമായിരുന്നു . ദൈവത്തെ അവനിലൂടെ വെളിപ്പെടുത്തപ്പെട്ടു .അവനാണ് എല്ലാറ്റിനും മുന്പുള്ളവന്‍ . അവനില്‍ സമസ്തവും സ്ഥിതി ചെയ്യുന്നു (കൊളോ 1:17) സര്‍വ്വവും സൃഷ്ടിക്കപ്പെട്ടതും, ആകാശത്തിലും ഭൂമിയിലും പ്രപഞ്ചം മുഴുവനിലും ഉള്ളതെല്ലാം സ്ഥിതിചെയ്യുന്നതും ,വചനമായ യേശുവിലാണ്. അന്ധകാരത്തിന്റെ ആധിപത്യത്തില്‍ നിന്ന് അവിടുന്ന് നമ്മെ മോചിപ്പിച്ചു (കൊളോ 1:13). യേശുവിലൂടെയാണ് ദൈവത്തിന്റെ രക്ഷാകരപദ്ധതി പൂര്‍ത്തീകരിച്ചത് . അവനിലാനല്ലോ നമുക്ക് രക്ഷയും പാപമോചനവും ലഭിച്ചിരിക്കുന്നത് (കൊളോ 1:14).

അവിടുന്ന് അയച്ചവനെ നിങ്ങള്‍ വിശ്വസിക്കാത്തതുകൊണ്ട് അവിടുത്തെ വചനം നിങ്ങളില്‍ വസിക്കുന്നില്ല (യോഹ 5:38). പിതാവായ ദൈവത്തിന്റെ വചനമാണ് യേശു . വിശുദ്ധലിഖിതങ്ങള്‍ യേശുവിനെക്കുറിച്ച് സാക്ഷ്യപ്പെടുത്തുന്നു (യോഹ 5:39). ദൈവത്തിന്റെ ശിക്ഷാവിധികള്‍ നടപ്പിലാക്കുന്നത് വചനമാണ് (ജ്ഞാനം 18:16). അപ്പസ്തോലന്മാര്‍ പ്രസംഗിച്ചത് യേശുവാകുന്ന നവജീവന്റെ വചനമാണ് (അപ്പ 5:20). ദൈവവചനം മനുഷ്യന്‍റെ ഭാഷയില്‍ വെളിപ്പെടുത്തിയതാണ് വചനത്തിന്റെ ശരീരരൂപമായ യേശു.

എഴുതപ്പെട്ട വചനം

വചനത്തിന്റെ ലിഖിതരൂപമാണ് ബൈബിള്‍ . യേശുവിന് മുന്‍പ്‌ തന്നെ ദൈവവചനം ലിഖിതരൂപം പ്രാപിച്ചിരുന്നു . ലിഖിതരൂപത്തിലായിരുന്ന ബൈബിളിന്റെ പൂര്ത്തീകരണമായിട്ടാണ് യേശു വന്നത് . "നിയമത്തെയോ പ്രവാചകന്‍മാരെയോ അസാധുവാക്കനല്ല പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്" (മത്താ 5:17).
യേശുവിലൂടെയാണ് ലിഖിതരൂപത്തിലുള്ള ദൈവവചനത്തിന്റെ പൂര്‍ണത ലഭിക്കുന്നത്.

ദൈവവചനം മനുഷ്യന്റെ ഭാഷയില്‍

ദൈവ വചനം മനുഷ്യന്റെ ഭാഷയില്‍ എഴുതപ്പെട്ട ഗ്രന്ഥമാണ് ബൈബിള്‍ . ദൈവം മനുഷ്യന് തോന്നിക്കുന്ന കാര്യങ്ങള്‍ അപ്പോള്‍ തന്നെ എഴുതിവെച്ചതല്ല ബൈബിള്‍. ദൈവം തിരഞ്ഞെടുത്ത വ്യക്തികള്‍ക്ക് നല്‍കിയ വചനങ്ങള്‍ (ദൈവാനുഭവം) അവര്‍ സമൂഹത്തില്‍ പങ്കുവയ്ക്കുന്നു. ആ സമൂഹത്തിനു ലഭിക്കുന്ന വിശ്വാസാധിഷ്ടിതമായ ദൈവാനുഭവം അവരുടെതന്നെ വാക്കുകളില്‍ , ആ കാലഘട്ടത്തിലെ മതപരവും രാക്ഷ്ട്രീയവും സാമൂഹ്യവുമായ പശ്ചാത്തലത്തില്‍ എഴുതിയതാണ് ബൈബിള്‍. പ്രപഞ്ചരക്ഷയുടെ (മനുഷ്യരക്ഷയുടെ ) അനുഭവം നിറഞ്ഞ ദൈവവചനം കാലത്തിന് അതീതമാണ്. ഏത് കാലഘട്ടത്തില്‍ എഴുതിയതാണെങ്കിലും ബൈബിള്‍ നല്‍കുന്ന രക്ഷാസന്ദേശം സ്ഥല-കാല-വര്‍ഗ്ഗ പരിമിതികളെ മറികടന്ന് സാര്‍വത്രികവും സനാതനവുമായി നിലകൊള്ളുന്നു.

ബൈബിള്‍ കുറെയധികം ആളുകള്‍ ഒരുമിച്ചു ചേര്‍ന്ന് ആലോചിച്ച് എഴുതിയതല്ല. വിവിധ കാലങ്ങളില്‍ ,വിവിധ സ്ഥലങ്ങളില്‍ ,പല ഘട്ടങ്ങളിലായി പലര്‍ എഴുതി തുടങ്ങുകയും വേറെ ചിലര്‍ അവയെല്ലാം ഒരുമിച്ചു ചേര്‍ക്കുകയും ചെയ്തതാണ് . ദൈവത്തിന്റെ രക്ഷാകര പദ്ധതി തിരഞ്ഞെടുക്കപ്പെട്ട വ്യക്തികള്‍ക്ക് വെളിപ്പെടുത്തിക്കൊടുക്കുന്നു ഈ വെളിപ്പെടുത്തലുകള്‍ അവര്‍ സമൂഹത്തില്‍ പങ്കുവയ്ക്കുന്നു. ആ വെളിപ്പെടുത്തലുകള്‍ അനുഭവങ്ങളിലൂടെ ദൈവവചനം വാമൊഴിയായി കൈമാറി സൂക്ഷിച്ചു . ഈജിപ്തിലെ അടിമത്തത്തില്‍ നിന്നും ചെങ്കടല്‍ കടന്ന് മരുഭൂമിയിലൂടെ വാഗ്ദാനദേശത്തെത്തിയ ഇസ്രായേല്‍ ജനത്തിനു സ്വന്തം രജ്യം ലഭിച്ചപ്പോള്‍ , രാജഭരണത്തിന്റെ തണലില്‍ സ്വസ്ഥത ലഭിച്ചപ്പോള്‍ വാമൊഴിയായി തലമുറകളോളം കൈമാറി കൊണ്ടുവന്ന ദൈവാനുഭവം (ദൈവവചനം ) ലിഖിതരൂപത്തിലാക്കുവാന്‍ ശ്രമങ്ങളാരംഭിച്ചു. ഒരു സഹസ്രാബ്ദത്തോളം ഈ പ്രക്രിയ തുടര്‍ന്നു. യേശുവില്‍ ഇത് പൂര്ത്തിയാക്കപ്പെടുന്നു .

ബൈബിള്‍ ദൈവത്തിന്റെ നിര്‍ദേശപ്രകാരം എഴുതപ്പെട്ടതാണ്. തിരഞ്ഞെടുക്കപെട്ട വ്യക്തികള്‍ക്കാണ് ദൈവം നിര്‍ദ്ദേശം നല്‍കിയത്. ദൈവം വെറുതെ വിശുദ്ധ ഗ്രന്ഥ രചനയില്‍ മനുഷ്യരെ ഉള്‍പ്പെടുത്തുകയായിരുന്നില്ല. യഥാര്‍ത്ഥ യോഗ്യതയും കഴിവുമുള്ള വ്യക്തികളെ തിരഞ്ഞെടുക്കുകയായിരുന്നു. ബൈബിള്‍ ഗ്രന്ഥകാരന്മാരില്‍ അഗാധപന്ധിതന്മാര്‍ മുതല്‍ നിരക്ഷരരായ ഗലീലിയിലെ മീന്‍പിടുത്തക്കാര്‍ വരെയുണ്ട് .ദൈവത്തിന്റെ വെളിപ്പെടുത്തലുകള്‍ തിരഞ്ഞെടുക്കപ്പെട്ട ഈ വ്യക്തികളിലൂടെയാണ് ലിഖിതരൂപത്തില്‍ വിശുദ്ധഗ്രന്ഥമായി രൂപാന്തരപ്പെട്ടത്.

1 comment:

Johny said...

വചനത്തിന്റെ മനുഷ്യരൂപമാണ്‌ ക്രിസ്തു .വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു (യോഹ 1:14). ആ മാംസമായ വചനമായിരുന്നു യേശു . യേശു ദൈവം തന്നെയായിരുന്നു ,ദൈവമായ വചനത്തിന്റെ മനുഷ്യരൂപമായിരുന്നു.