Thursday, January 6, 2011

ബൈബിള്‍ : ഉല്പത്തിപ്പുസ്തകം

ബൈബിളിലെ ആദ്യ പുസ്തകമാണ് ഉല്പത്തി. സൃഷ്ടിയുടെ പുസ്തകമെന്നും ഇത് അറിയപെടുന്നു. പ്രപഞ്ചോല്പത്തിയെപറ്റിയുള്ള പരാമര്‍ശത്തോടെ തുടങ്ങുന്നതിനാലാണ് ഇ പുസ്തകത്തിന് ഇപ്രകാരം പേര് ലഭിച്ചത് .ബൈബിളിലെ ചരിത്ര പുസ്തകങ്ങളിലെ പട്ടികയില്‍ ആദ്യത്തേത് ഉല്‍പത്തി പുസ്തകമാണ്. എങ്കിലും ഉല്പത്തി പുസ്തകം മുഴുവന്‍ ചരിത്രമല്ല. പുസ്തകത്തിന്റെ ആദ്യത്തെ 11 അധ്യായങ്ങള്‍ ചരിത്രത്തിനു മുന്‍പുള്ള കാലത്തിന്റെ വിവരണമാണ്. അഥവാ ചരിത്രത്തിലേക്ക് നയിക്കുന്ന വിവിധ പടികളാണ്. പ്രപഞ്ചസ്രിഷ്ടി, ആദവും ഹവ്വയും, കായേനും ആബേലും, നോഹയും പ്രളയവും, ബാബേല്‍ ഗോപുരം തുടങ്ങിയവയെല്ലാം ഈ ഭാഗത്തെ വിവരങ്ങളാണ്. കാര്യങ്ങളെ കാര്യകാരണബന്ധത്തോടെ കാലാനുസൃതം രേഖപ്പെടുത്തുന്നതാണ് ചരിത്രമെന്നിരിക്കെ
ഉല്‍പത്തി പുസ്തകത്തിന്റെ ആദ്യ 11 അധ്യായങ്ങള്‍ അവതരിപ്പിക്കുന്ന കാര്യകാരണ ബന്ധം പ്രത്യേക തരത്തിലുള്ളതാണ്. നിലവിലുള്ള യാഥാര്ത്യങ്ങളെ ഗ്രന്ഥകാരന്‍ തിരഞ്ഞെടുത്തിട്ടുള്ളതും ഗ്രന്ഥകാരനും വായനക്കാര്‍ക്കും പ്രത്യേകം താല്പര്യമുള്ളതുമായ സങ്കേതങ്ങള്‍ ഉപയോഗിച്ച് അവതരിപ്പിക്കുകയാണിവിടെ
ഇവയുടെ ചരിത്രപരത, ചരിത്രസ്വഭാവം ഗ്രന്ഥകാരന്റെയും വായനക്കാരുടെയും ഈ നിലപാടിന്റെ അടിസ്ഥാനത്തില്‍ വേണം വിലയിരുത്താന്‍. പ്രപഞ്ചത്തിലുള്ളവയുടെയെല്ലാം ഉത്ഭവം ദൈവത്തില്‍ നിന്നാണെന്നും ദൈവം സര്‍വ്വത്തിന്റെയും അധിനാഥനും നിയന്താവുമാണെന്നും അവിടുത്തെ പ്രവര്ത്തനങ്ങള്‍ യാതൊരു സൃഷ്ടിക്കും നിയന്ത്രിക്കാനാവാത്തതാണെന്നും ഉല്‍പത്തി പുസ്തകത്തിലെ വിവരണം വ്യക്തമാക്കുന്നു. സാബത്ത് ആചരിക്കണം ,ഇതര ജനതകളുടെ ദൈവാരാധനയില്‍ പങ്കെടുക്കരുത് , ദൈവത്തിന്റെ സര്‍വ്വാധിശത്തെ വെല്ലുവിളിക്കരുത് തുടങ്ങിയ മതനിയമങ്ങളും സഹോദരസ്നേഹം, നീതി തുടങ്ങിയ ധാര്‍മിക വിഷയങ്ങളും ചരിത്രാഖ്യാന മാധ്യമത്തിലൂടെ ഗ്രന്ഥകാരന്‍ അവതരിപ്പിക്കുന്നു.

പഴയനിയമമെന്നു കേള്‍ക്കുമ്പോള്‍ ചിലരുടെയെങ്കിലും മനസ്സില്‍ ഓടിയെത്തുക ഉല്‍പത്തി പുസ്തകത്തിലെ വിവരങ്ങളാണ് .ദൈവം ആറു ദിവസം കൊണ്ട് എല്ലാം സൃഷ്ടിച്ചു. മണ്ണുകൊണ്ട് മനുഷ്യനെയും, മനുഷ്യന്റെ വാരിയെല്ലില്‍ നിന്ന് സ്ത്രീയെയും ഉണ്ടാക്കി.ജലപ്രളയം വന്ന് ലോകം മുഴുവന്‍ നശിച്ചു, തുടങ്ങിയ വിവരങ്ങള്‍
കെട്ടുകഥകളാണെന്നും ശാസ്ത്രസത്യങ്ങള്‍ക്ക് നിരക്കാത്തതാണെന്നും എടുത്തുചാടി പറയാന്‍ ചിലര്‍ ശ്രമിക്കാറുണ്ട്. ഇത്തരം കഥകള്‍ നിറഞ്ഞ ഒരു പുസ്തകമാണ് ബൈബിള്‍ എന്നും അക്കാരണത്താല്‍ ബൈബിളിനെ തള്ളിപ്പറയുക യുക്തിയുള്ളവരുടെ കടമയാണെന്നും ഇവര്‍ കരുതുന്നു .

ബൈബിളിലെ ആദ്യപുസ്തകത്തിലെ വിവരങ്ങളുടെ അര്‍ത്ഥവും പ്രസക്തിയും എന്തെന്നറിഞ്ഞാല്‍ മാത്രമേ ഇത്തരം അബദ്ധപഠനങ്ങളെ ഒഴിവാക്കാന്‍ സാധിക്കുകയുള്ളൂ. ബൈബിളിലെ ഈ പുസ്തകത്തിന്‍റെ അര്‍ത്ഥവും പ്രസക്തിയും പ്രത്യേകം പഠിക്കേണ്ടതുണ്ട്.ഈ ലോകവും അതിലേ എല്ലാ പ്രത്യേകതകളും എവിടെനിന്ന് വന്നുവെന്ന ചോദ്യം ചരിത്രാതീത കാലം മുതലുള്ളതാണ്. പല ചോദ്യങ്ങള്‍ക്കും ഈ ആധുനിക യുഗത്തിലും ഉത്തരമില്ല. ചോദ്യങ്ങള്‍ ചോദ്യങ്ങളായിത്തന്നെ അവശേഷിക്കുന്നു. ചരിത്രാതീത കാലത്തെ പരാമര്‍ശിക്കുന്ന കാര്യങ്ങള്‍ പഠിപ്പിക്കുന്ന പ്രധാനകാര്യം ഇവയാണ്. ദൈവത്തിന്റെ കരവേലയാണ് ഈ ലോകവും അതിലെ സകല വസ്തുക്കളും. ദൈവത്തിന്‍റെ കരവേല എന്നും കൃത്യമായ ഒരു പദ്ധതിയോടെയാണ്. ആ പദ്ധതി പൂര്‍ത്തിയാക്കാന്‍ വേണ്ടതെല്ലാം ദൈവം പ്രപഞ്ചത്തില്‍ സന്നിവേഷിപ്പിചിരിക്കുന്നു. ദൈവിക പദ്ധതിയെ മുടക്കിക്കൊണ്ട് മനുഷ്യന്‍ സ്വാതന്ത്രം ദുരുപയോഗം ചെയ്തു. തത്ഫലമായി ലോകത്തില്‍ തിന്മകള്‍ പെരുകി. പാപവും നിന്മയും ചെയ്ത മനുഷ്യനെ ദൈവം കാരുന്യത്തോടെ മാത്രമേ സമീപിച്ചുള്ളൂ . പാപവും നിന്മയും പെരുകിയ ലോകത്തെ ദൈവം സ്നേഹിച്ചു. ലോകത്തിന്റെ വിശേഷഗുണങ്ങള്‍ കണ്ടല്ല , മറിച്ച് ദൈവം കരുണ കാണിക്കുന്നത് കൊണ്ട് മാത്രമാണ്. തിന്മ നിറഞ്ഞ ലോകം രക്ഷക്കും രക്ഷകനും വേണ്ടി എന്നും കാത്തിരുന്നു. രക്ഷയായി, രക്ഷകനായി, മനുഷ്യചരിത്രത്തിലേക്ക് ഇറങ്ങിവരുന്ന ദൈവത്തിന്‍റെ ചിത്രം അവതരിപ്പിക്കാനാണ് ചരിത്രാതീതകാലത്തിന്റെ ഈ വിശദീകരണം.

ആദ്യ അധ്യായങ്ങളിലെ ഏതാനും വിഷയങ്ങള്‍ ഉദാഹരണമായെടുക്കാം. മനുഷ്യന്റെ വിവിധങ്ങളായ ചോദ്യങ്ങളുടെ ഉത്തരങ്ങളാണ് ഈ അധ്യായങ്ങളില്‍ വിവരിക്കുന്നത് ചോദ്യങ്ങള്‍ വിവിധ മേഖലകളെ സ്പര്ശിക്കുന്നവയാണ്. അതിനാല്‍ ഉത്തരങ്ങളും അതുപോലെ വ്യത്യസ്തങ്ങളാണ്. ആറുദിവസം കൊണ്ട് ദൈവം സര്‍വ്വവും സൃഷ്ടിച്ചതായ വിവരണം പ്രധാനമായും ലകഷ്യമാക്കുന്നത് ഏഴാം ദിവസത്തിന്റെ പ്രത്യേകതയിലാണ്. ഏഴാം ദിവസം സാബത്താണ്. അന്ന് എല്ലാവരും വിശ്രമിക്കണമെന്നുള്ള യഹൂദനിയമത്തിനു ദൈവികമായ ഒരു അടിസ്ഥാനമിടാനുള്ള പരിശ്രമം ഇവിടെ കാണാം. ഏഴാം ദിവസം ദൈവം വിശ്രമിച്ചു. ദൈവം ആ ദിവസത്തെ അങ്ങനെ വിശുദ്ധീകരിച്ചു. ദൈവം വിശ്രമിച്ച ദിവസം മനുഷ്യനും വിശ്രമിക്കണം .ആ ദിവസത്തെ അവനും വിശുദ്ധീകരിക്കണം.

സൃഷ്ടിയുടെ രണ്ടു വിവരങ്ങള്‍ ആദ്യ അധ്യായങ്ങളില്‍ കാണുന്നുണ്ട്. രണ്ടു വ്യത്യസ്ത പാരബര്യങ്ങളായിരിക്കാം ഈ ഇരട്ട വിവരണങ്ങള്‍ക്ക് പിന്നില്‍. രണ്ടിലും പ്രത്യേക ലകഷ്യങ്ങളുള്ളതുകൊണ്ട് ഈ രണ്ടു വിവരണങ്ങളും പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നു. ദൈവം രണ്ടു തവണ സ്രിഷ്ടികര്‍മം നടത്തിയോ എന്നാ ചോദ്യം ഇവിടെ പ്രസക്തമല്ല. എന്ത് എന്ന ചോദ്യത്തെക്കാള്‍ എന്തുകൊണ്ട്, എങ്ങനെ എന്നീ ചോദ്യങ്ങള്‍ക്കാണ് ഇവിടെ പ്രാധാന്യം. രണ്ടാം സ്രിഷ്ടിവിവരണത്തില്‍ സാബത്താചരണം വിഷയമേ അല്ല. മനുഷ്യന്റെ നിസ്സാരതയും മനുഷ്യസ്രിഷ്ടിയില്‍ ദൈവം ചെലുത്തിയ അതിസൂക്ഷ്മമായ ശ്രദ്ധയുമാണ് ഇവിടെ മുന്നിട്ടുനില്‍ക്കുന്ന ആശയം.

മനുഷ്യന്‍ ഉത്തരം അന്വേഷിക്കുന്ന അനവധി ചോദ്യങ്ങള്‍ക്ക് ഇവിടെ ഉത്തരം നല്‍കുന്നതായി കാണാം .മനുഷ്യന്‍ എന്തുകൊണ്ട് ജോലി ചെയ്തു ജീവിക്കണം ? ഭൂമിയില്‍ മുള്‍ച്ചെടികള്‍ വളരുന്നത് എന്തുകൊണ്ട്. സ്ത്രീ പുരുഷന്മാര്‍ തമ്മില്‍ ആകര്‍ഷണം തോന്നുന്നത് എന്തുകൊണ്ട്. എന്തുകൊണ്ട് സ്ത്രീക്ക് പ്രസവവേദന അനുഭവപ്പെടുന്നു? എന്തുകൊണ്ട് സ്ത്രീക്ക് പ്രസവവേദന അനുഭവപ്പെടുന്നു ? എന്തുകൊണ്ട് അധ്വാനിക്കുമ്പോള്‍ നെറ്റിത്തടം വിയര്‍ക്കുന്നു ? എന്തുകൊണ്ട് പാമ്പ് ഇഴഞ്ഞു നടക്കുന്നു ? എന്തുകൊണ്ട് ലോകത്തില്‍ വിവിധ ഭാഷകളുണ്ടായി? എന്തുകൊണ്ട് മഴവില്ല് കാണപ്പെടുന്നത് ? ഈ വിധത്തിലുള്ള അനേകം ചോദ്യങ്ങള്‍ക്ക് മനുഷ്യന്‍ ഉത്തരം അന്ന്വേഷിക്കുകയാണ് .യഹൂദരുടെ മത പശ്ചാത്തലം ഇത്തരം ചോദ്യങ്ങള്‍ക്ക് നല്‍കിയ ഉത്തരങ്ങളാണ് ചരിത്രാതീത കഥകളുടെ കാരണം. മനുഷ്യന്‍ ലോഹങ്ങള്‍ ഉപയോഗിച്ച് തുടങ്ങിയത് സംബന്ധിച്ച പാരാമര്ശം ശിലായുഗത്തില്‍ നിന്ന് ലോഹയുഗത്തിലെക്കുള്ള വളര്‍ച്ചയെ സൂചിപ്പിക്കുന്നതാണ്. വിവിധ ഭാഷകള്‍ എങ്ങനെയുണ്ടായി എന്ന ചോദ്യത്തിന് അതിമനോഹരമായ ഒരു കഥയിലൂടെയാണ്(ഉല്‍പ 11:1-9) ഉത്തരം നല്‍കുന്നത്. ഭാഷകളുടെ വിഭജനം, ജനതകളുടെ കുടിയേറ്റം, തിന്മയുടെ പ്രസരണം, ദൈവനിക്ഷേദമെന്ന അടിസ്ഥാന തിന്മ എന്നിവയെല്ലാം ആ വിവരണത്തില്‍ ഉള്‍ചേര്‍ന്നിട്ടുണ്ട്.

ദൈവത്തെ മനുഷ്യന്‍റെ സാദൃശ്യത്തില്‍ അവതരിപ്പിക്കുന്ന യാഹ്വിസ്റ്റ്‌ പാരബര്യ രീതിയാണ് ഗ്രന്ഥകര്ത്താവ് ഉപയോഗിച്ചിരിക്കുന്നത്.ദൈവം തോട്ടത്തില്‍ ഉലാത്തുന്നു (ഉല്‍പ 3:8), കര്‍ത്താവ് പേടകത്തിന്റെ വാതിലടക്കുന്നു(ഉല്‍പ 7:16),തോലുകൊണ്ട് ഉടയാട ഉണ്ടാക്കി കൊടുക്കുന്നു (ഉല്‍പ 3:21),കായേനെ
കൊല്ലാതിരിക്കാന്‍ കര്‍ത്താവ് അവന്റെമേല്‍ അടയാളം പതിക്കുന്നു (ഉല്‍പ 4:15) തുടങ്ങിയവ.

ബൈബിളില്‍ നിയതാര്‍ത്ഥത്തിലുള്ള ചരിത്രം ആരംഭിക്കുന്നത് അബ്രാഹത്തോടുകൂടിയാണ്. അബ്രാഹമെന്ന വ്യക്തിയെ ദൈവം തന്റെ പദ്ധതിപ്രകാരം തിരഞ്ഞെടുത്തു നിയൊഗിക്കുന്നതാന് ഈ ചരിത്രരചനയിലെ ആദ്യ സംഭവം. അബ്രാഹത്തിന് മുന്‍പ് നടന്ന കാര്യങ്ങളെല്ലാം ഈ ചരിത്രത്തിന് വഴിയോരുക്കുവാനുള്ള ദൈവശാസ്ത്രപരമായ പരിശ്രമമാണ്.

2 comments:

Johny said...

പാപവും നിന്മയും പെരുകിയ ലോകത്തെ ദൈവം സ്നേഹിച്ചു. ലോകത്തിന്റെ വിശേഷഗുണങ്ങള്‍ കണ്ടല്ല , മറിച്ച് ദൈവം കരുണ കാണിക്കുന്നത് കൊണ്ട് മാത്രമാണ്. തിന്മ നിറഞ്ഞ ലോകം രക്ഷക്കും രക്ഷകനും വേണ്ടി എന്നും കാത്തിരുന്നു. രക്ഷയായി, രക്ഷകനായി, മനുഷ്യചരിത്രത്തിലേക്ക് ഇറങ്ങിവരുന്ന ദൈവത്തിന്‍റെ ചിത്രം അവതരിപ്പിക്കാനാണ് ചരിത്രാതീതകാലത്തിന്റെ ഈ വിശദീകരണം.

sajan jcb said...

"മനുഷ്യചരിത്രത്തിലേക്ക് ഇറങ്ങിവരുന്ന ദൈവത്തിന്‍റെ ചിത്രം അവതരിപ്പിക്കാനാണ് ചരിത്രാതീതകാലത്തിന്റെ ഈ വിശദീകരണം. "

നല്ല ഒരു സംഗ്രഹം