Sunday, January 9, 2011

ബൈബിള്‍: ഇമ്മാനുവേല്‍ പ്രവചനം

ബൈബിളിലെ 29-ആം പുസ്തകവും പ്രവാചകന്ഥവുമായ ഏശയ്യയുടെ പുസ്തകത്തിലാണ് ഇമ്മാനുവേല്‍ പ്രവചനം അടങ്ങിയിരിക്കുന്നത്. 'ദൈവമാണ് രക്ഷ' എന്നാ അര്‍ഥം ലഭിക്കുന്ന 'യിഷയാഹു' എന്നാണു ഹീബ്രുവില്‍ ഏശയ്യ പ്രവാചകന്റെ പേര് .ആമോസിന്റെ പുത്രനായിരുന്നു ഏശയ്യ (1:1;13:1).ജറുസലേമില്‍ ബി.സി. 762 നു അടുത്ത് ജനിച്ചതായി കരുതുന്നു. യൂദയാ രാജാക്കന്മാരായ ഉസിയാ ,യോഥാം,ആഹാസ്, ഹെസക്കിയ എന്നീ നാല് രാജാക്കന്മാരുടെ കാലഘട്ടത്തിലാണ് പ്രവാചകന്‍ പ്രവാചക ശുശ്രൂഷ നടത്തിയിരുന്നത് (1:1). ഉസിയാ രാജാവ് മരിച്ച വര്‍ഷമാണ് (6:1) പ്രവാചക വിളി ലഭിച്ചതെന്ന് കരുതപ്പെടുന്നു(ബി.സി.742).

പ്രവാചകന്‍ ബി.സി.740 മുതല്‍ 700 വരെ 40 വര്‍ഷമായിരുന്നു പ്രവാചക ദൌത്യം നിര്‍വ്വഹിച്ചിരുന്നത് .ഏശയ്യ വിവാഹിതനും രണ്ടു മക്കളുടെ പിതാവുമായിരുന്നു . അവര്‍ക്ക് പ്രതീകാതമകമായ പേരുകളാണ് നല്‍കിയിരുന്നത്. ഷെയാര്‍യാഷുബു (7:3),മാഹെര്‍ഷലാല്‍ഹഷബാസ് (8:3) എന്നായിരുന്നു പേരുകള്‍ .
ഏശയ്യായുടെ പ്രവാചക കാലഘട്ടം അസ്സീറിയയുടെ സാമ്രാജ്യത്വ മോഹത്തിന്റെ മൂര്ത്തീമത് ഭാവത്തിലായിരുന്നു (8:7). അന്നത്തെ ഏറ്റവും പ്രബലമായ രാഷ്ട്രീയ ശക്തിയായിരുന്നു അസ്സിറിയ. ഉസിയാ രാജാവ് മരിച്ച വര്ഷം പ്രവാചകന് ദൈവാലയത്തില്‍ വച്ച് ദൈവത്തിന്റെ വിളിയുണ്ടായി (6:8). സാമൂഹ്യ അനീതിക്കെതിരായിട്ടാണ് ആദ്യകാലഘട്ടത്തില്‍ ശബ്ദമുയര്‍ത്തിയത് (6:9-10). രാക്ഷ്ട്രീയ സഘര്‍ഷഭരിതമായ ആഹാസിന്റെയും (ബി.സി. 735-715)ഹെസക്കിയായുടെയും (ബി.സി.715-687) കാലഘട്ടത്തിലായിരുന്നു അവ.

കാനോനികമായി അംഗീകരിച്ച ഏശയ്യായുടെ പുസ്തകത്തില്‍ 66 അധ്യായങ്ങള്‍ ഉണ്ട്. ഏശയ്യായുടെ പുസ്തകം വ്യത്യസ്ത കാലഘട്ടത്തില്‍ വിവിധ വ്യക്തികളാല്‍ രചിക്കപ്പെട്ടതാണ്. എങ്കിലും ഇന്നത്തെ രീതിയില്‍ പുസ്തകം രൂപപ്പെടുത്തിയത് ഒരു വ്യക്തി തന്നെയാകാം എന്ന് ബൈബിള്‍ പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്.

ഇമ്മാനുവേല്‍ പ്രവചനം.

പഴയ നിയമ പ്രവചനങ്ങളുടെ പൂര്ത്തീകരണമാണ് യേശുവിലൂടെ നിറവേരുന്നത് എന്ന് പുതിയ നിയമ രചയിതാക്കള്‍ പലപ്പോഴും അവര്ത്തിചു പ്രഖ്യാപിക്കുന്നുണ്ട്. മത്തായിയുടെ സുവിശേഷത്തില്‍ തന്നെ ഏശയ്യായുടെ പ്രവചനത്തില്‍ നിന്ന് ഇത്തരത്തില്‍ നാല്പതിലേറെ പ്രകടമായ ഉദ്ധരണികാളോ,പരാമര്‍ശങ്ങളോ കാണാവുന്നതാണ്.
വാഗദാനങ്ങളുടെയും പ്രവചനങ്ങളുടെയും പൂര്ത്തീകരണമാണ് നസ്രത്തിലെ തച്ചന്റെ മകന്‍ യേശുവിലൂടെ പൂര്‍ത്തിയാക്കിയത് എന്ന് തന്റെ കേള്‍വിക്കാരെ (വായനക്കാരെ ),പഠിപ്പിക്കുകയാണ് സുവിശേഷകന്റെ ലക്‌ഷ്യം . പഴയനിയമത്തിലെ ഗ്രീക്ക് വിവര്ത്തനങ്ങളില്‍ നിന്നാണ് ഉദ്ധരണികള്‍ അധികവും എടുത്തിട്ടുള്ളത് .ആദ്യത്തെ പന്ത്രണ്ടു അധ്യായങ്ങല്‍ അഹാസ്‌ രാജാവിന്റെ കാലത്ത് ഏശയ്യ നടത്തിയ പ്രവചനങ്ങളാണ്.ഇത് യൂദയായേം ജരുസലേമിനേയും കുറിച്ചാണ് .6-12 അധ്യായങ്ങള്‍ മിശിഹായെക്കുറിച്ചുള്ള സൂചനകള്‍ അടങ്ങിയ 'ഇമ്മാനുവേല്‍ പുസ്തകം ' എന്നറിയപ്പെടുന്നു. അതില്‍ പ്രധാനമാണ് ഏശയ്യ 7:14 ല്‍ പരാമര്‍ശിക്കുന്ന ഇമ്മാനുവേല്‍ പ്രവചനം. യൂദയാ രാജാവായ ആഹാസിനു നല്‍കപ്പെട്ട അടയാളമാണ് പ്രവചനം.

സിറിയാ രാജാവായ റസീനും, ഇസ്രായേല് രാജാവായ പെക്കായും ജറുസലെമിനെതിരേയുദ്ധത്തിനു വരുന്നതാണ് ചരിത്ര പശ്ചാത്തലം ......സിറിയാ, എഫ്രായിമിനോടു(ഇസ്രയേല്) സഖ്യം ചെയ്തിരിക്കുന്നു എന്ന് ദാവീദുഭവനം(യൂദാ) അറിയുന്നു ...ഈ സമയം കര്ത്താവ് ഏശയ്യായോട് ആഹാസിനെ കാണാന് പറയുന്നു ...

ഏശയ്യ 7

1 യൂദാരാജാവായിരുന്ന ഉസിയായുടെ പുത്രനായ യോഥാമിന്റെ പുത്രന് ആഹാസിന്റെ കാലത്ത് സിറിയാരാജാവായ റസീനും, ഇസ്രായേല്‍ രാജാവും റമാലിയായുടെ പുത്രനുമായ പെക്കായും ജറുസലെമിനെതിരേയുദ്ധത്തിനു വന്നു. എന്നാല് അവര്ക്കതിനെ കീഴടക്കാന് കഴിഞ്ഞില്ല.
2 സിറിയാ, എഫ്രായിമിനോടു സഖ്യം ചെയ്തിരിക്കുന്നു എന്ന് ദാവീദുഭവനം അറിഞ്ഞപ്പോള്, കൊടുങ്കാറ്റില് വനത്തിലെ വൃക്ഷങ്ങള് ഇളകുന്നതുപോലെ, അവന്റെയും ജനത്തിന്റെയും ഹൃദയം വിറച്ചു.
3 കര്ത്താവ് ഏശയ്യായോട് അരുളിച്ചെയ്തു: നീ പുത്രനായ ഷെയാര്യാഷുബുമൊത്തു ചെന്ന് അലക്കുകാരന്റെ വയലിലേക്കുള്ള രാജവീഥിയുടെ അരികെയുള്ള മേല്ക്കളത്തിലെ നീര്ച്ചാലിന്റെ അറ്റത്തുവച്ച് ആഹാസിനെക്കണ്ട്
4 ഇപ്രകാരം പറയുക: ശ്രദ്ധിക്കുക, സമാധാനമായിരിക്കുക, ഭയപ്പെടേണ്ട, പുകഞ്ഞുകൊണ്ടിരിക്കുന്ന ഈ രണ്ടു തീക്കൊള്ളി നിമിത്തം, റസീന്റെയും സിറിയായുടെയും റമാലിയായുടെ പുത്രന്റെയും ഉഗ്രകോപം നിമിത്തം, നീ ഭയപ്പെടരുത്.
5 നമുക്ക് യൂദായ്ക്കെതിരേ ചെന്ന്
6 അതിനെ ഭയപ്പെടുത്തുകയും കീഴടക്കി തബേലിന്റെ പുത്രനെ അതിന്റെ രാജാവായി വാഴിക്കുകയും ചെയ്യാമെന്നു പറഞ്ഞുകൊണ്ട് സിറിയായും എഫ്രായിമും റമാലിയായുടെ പുത്രനും നിനക്കെതിരേ ഗൂഢാലോചന നടത്തി.
7 ആകയാല് ദൈവമായ കര്ത്താവ് അരുളിച്ചെയ്യുന്നു: അതു സംഭവിക്കുകയില്ല, ഒരിക്കലും സംഭവിക്കുകയില്ല.
8 സിറിയായുടെ തലസ്ഥാനം ദമാസ്ക്കസും, ദമാസ്ക്കസിന്റെ തലവന് റസീനും ആണ്. അറുപത്തഞ്ചു വര്ഷത്തിനുള്ളില് എഫ്രായിം ഛിന്നഭിന്നമാക്കപ്പെടും. മേലില് അത് ഒരു ജനതയായിരിക്കുകയില്ല.
9 എഫ്രായിമിന്റെ തലസ്ഥാനം സമരിയായും അധിപന് റമാലിയായുടെ പുത്രനും ആണ്. വിശ്വസിക്കുന്നില്ലെങ്കില് നിനക്കു സുസ്ഥിതി ലഭിക്കുകയില്ല.
10 കര്ത്താവ് വീണ്ടും ആഹാസിനോട് അരുളിച്ചെയ്തു:
11 നിന്റെ ദൈവമായ കര്ത്താവില് നിന്ന് ഒരടയാളം ആവശ്യപ്പെടുക; അതു പാതാളംപോലെ അഗാധമോ ആകാശംപോലെ ഉന്നതമോ ആയിരിക്കട്ടെ.
12 ആ ഹാസ് പ്രതിവചിച്ചു: ഞാന് അത് ആവശ്യപ്പെടുകയോ കര്ത്താവിനെ പരീക്ഷിക്കുകയോ ഇല്ല.
13 അപ്പോള് ഏശയ്യാ പറഞ്ഞു: ദാവീദിന്റെ ഭവനമേ, ശ്രദ്ധിക്കുക, മനുഷ്യരെ അസഹ്യപ്പെടുത്തുന്നതു പോരാഞ്ഞിട്ടാണോ എന്റെ ദൈവത്തിന്റെ ക്ഷമ പരീക്ഷിക്കുന്നത്?
14 അതിനാല്, കര്ത്താവുതന്നെ നിനക്ക് അടയാളം തരും.യുവതി ഗര്ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന് ഇമ്മാനുവേല് എന്നു വിളിക്കപ്പെടും.
15 തിന്മ ത്യജിക്കാനും നന്മസ്വീകരിക്കാനും പ്രായമാകുമ്പോള് ബാലന് തൈരും തേനും ഭക്ഷിക്കും.
16 നന്മതിന്മകള് തിരിച്ചറിയാന് ആ ബാലനു പ്രായമാകുന്നതിനുമുന്പ് നിങ്ങള് ഭയപ്പെടുന്ന രണ്ടു രാജാക്കന്മാരുടെയും രാജ്യങ്ങള് നിര്ജനമാകും.


ദൈവത്തിന്റെ വാഗ്ദാനം 'ദാവീദിന്റെ ഭവനം' മുഴുവനുമായിട്ടാണ് നല്‍കുന്നത് .'ദൈവം നമ്മോടുകൂടെ' എന്നാണു ഇമ്മാനുവേല്‍ എന്നാ വാക്കിന്റെ അര്‍ഥം. ദൈവം നമ്മോടുകൂടെ വസിച്ചു മനുഷ്യകുലത്തെ രക്ഷിക്കുന്നു .ശിശു ജനിക്കുന്ന സമയമോ കാലമോ യെശയ്യ 7 :14 ല് പറയുന്നില്ല. പകരം രണ്ടു രാജ്യങ്ങളുടെ തകര്‍ച്ച ഒരു സൂചനയായി അവതരിപ്പിക്കുന്നു. പ്രവചനം നടന്നു 65 വര്ഷത്തിനകം ബിസി 721 ല്‍ എഫ്രയീം ചരിത്രത്തില്‍ നിന്നും തുടച്ചു നീക്കപ്പ്ട്ടു . യൂദാരാജ്യം ആദ്യം ബിസി 586 ലും ...

യേശുവിലാണ് ഈ പ്രവചനം പൂര്ത്തീകരിക്കപ്പെട്ടത്‌ എന്ന് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു .രക്ഷ്കനിലൂടെ സമാധാനത്തിന്‍റെ ഒരു പുതുയുഗം സംജാതമാക്കപ്പെടും (9:1-6,11:1-5) എന്ന് ഏശയ്യ തുടര്‍ന്ന് വരുന്ന അധ്യായങ്ങളില്‍ വിശദമാക്കുന്നു. ഏശയ്യ 7 :14 ല് പറയുന്ന ഇമ്മാനുവേലിന്റെ വ്യക്തിത്വം 9 :6-7 ല്‍ ഇപ്രകാരം വ്യക്തമാക്കുന്നു..

"എന്തെന്നാല്, നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രന് നല്കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിലായിരിക്കും; വിസ്മയനീയനായ ഉപദേഷ്ടാവ്, ശക്തനായ ദൈവം, നിത്യനായ പിതാവ്, സമാധാനത്തിന്റെ രാജാവ് എന്ന് അവന് വിളിക്കപ്പെടും. ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജ്യത്തിലും അവന്റെ ആധിപത്യം നിസ്സീമമാണ്; അവന്റെ സമാധാനം അനന്തവും. നീതിയിലും ധര്മത്തിലും എന്നേക്കും അതു സ്ഥാപിച്ചു പരിപാലിക്കാന്‍ തന്നെ. "

പ്രസ്തുത അദ്ധ്യായം ആരംഭിക്കുന്നത് ഇപ്രകാരമാണ് ..

"ആദ്യകാലങ്ങളില് സെബുലൂണിന്റെയും നഫ്താലിയുടെയും ദേശങ്ങളെ അവിടുന്ന് നിന്ദനത്തിന് ഇരയാക്കി. എന്നാല്, അവസാനനാളുകളില് സമുദ്രത്തിലേക്കുള്ള പാതയെ, ജോര്ദാനക്കരെയുള്ള ദേശത്തെ, ജനതകളുടെ ഗലീലിയെ അവിടുന്ന് മഹത്വപൂര്ണമാക്കും.അന്ധകാരത്തില് കഴിഞ്ഞജനം മഹത്തായ ഒരു പ്രകാശം കണ്ടു; കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെമേല് പ്രകാശം ഉദിച്ചു."

ഇതിനെക്കുറിച്ച് സുവിശേഷകനായ മത്തായി ഇപ്രകാരം വ്യക്തമാക്കുന്നു ...

മത്തായി 4 :12 -17

12 യോഹന്നാന് ബന്ധനസ്ഥനായെന്നുകേട്ടപ്പോള് യേശു ഗലീലിയിലേക്കു പിന്വാങ്ങി.
13 അവന് നസറത്തുവിട്ടു സെബുലൂണിന്റെയും നഫ്ത്താലിയുടെയും അതിര്ത്തിയില്, സമുദ്രതീരത്തുള്ള കഫര്ണാമില്ചെന്നു പാര്ത്തു.
14 ഇത് ഏശയ്യാപ്രവാചകന് വഴി അരുളിച്ചെയ്യപ്പെട്ടത് നിവൃത്തിയാകാന് വേണ്ടിയാണ്:
15 സമുദ്രത്തിലേക്കുള്ള വഴിയില്, ജോര്ദാന്റെ മറുകരയില്, സെബുലൂണ്, നഫ്ത്താലി പ്രദേശങ്ങള് - വിജാതീയരുടെ ഗലീലി!
16 അന്ധകാരത്തില് സ്ഥിതിചെയ്തിരുന്ന ജനങ്ങള് വലിയ പ്രകാശം കണ്ടു. മരണത്തിന്റെ മേഖലയിലും നിഴലിലും വസിച്ചിരുന്നവര്ക്കായി ഒരു ദീപ്തി ഉദയം ചെയ്തു.
17 അപ്പോള് മുതല് യേശു പ്രസംഗിക്കാന് തുടങ്ങി: മാനസാന്തരപ്പെടുവിന്; സ്വര്ഗരാജ്യം സമീപിച്ചിരിക്കുന്നു.

തുടര്ന്ന് ഏശയ്യ മിശിഹായുടെ വരവോടെയുണ്ടാകുന്ന അനുഗ്രഹങ്ങലെക്കുരിച്ചു 11-ആം അദ്ധ്യായത്തില് തന്റെ പ്രവചനത്തിനു അടിവരയിടുന്നു ..തകര്‍ന്നുപോയ ഇസ്രായേലില്‍ നിന്ന് പുതിയ ശാഖ പോട്ടിപ്പുറപ്പെടുമെന്നു ഏശയ്യ പ്രവാചകന്‍ മുന്നറിയിപ്പ് നല്‍കുന്നു. ജസ്സയില്‍ നിന്ന് പുറപ്പെടുന്ന ഈ പുതിയ ശാഖ രക്ഷകന്റെ പ്രതീകമാണ് (11:1). വരാനിരിക്കുന്ന മിശിഹ, ജനതകള്‍ക്ക് അഭയ ശിലയായിരിക്കുമെന്നു ഏശയ്യ പഠിപ്പിക്കുന്നു(32:1-2). അഭിഷിക്തന്റെ വരവോടെ യഥാര്‍ത്ഥ വെളിച്ചം വരുമെന്ന് ഏശയ്യ അനുസ്മരിക്കുന്നു (9:1-7).പ്രകാശമായ ദൈവം നീതി നടപ്പാക്കും (10:17).ക്രമേണ അന്ധകാരത്തെ പ്രകാശമായി മാറ്റും. ഈ വെളിച്ചം സീയോനില്‍ പ്രകാശിക്കുകയും എല്ലാ ജനതകളെയും ആകര്‍ഷിക്കുകയും ചെയ്യും. രോഗങ്ങള്‍ സുഖപ്പെടുത്തുകയും ആശുദ്ധാല്മാക്കളെ ബഹിഷ്ക്കരിക്കുകയും ചെയ്യുന്ന യേശു ഇരുട്ടില്‍ കഴിഞ്ഞിരുന്ന ജനതയ്ക്ക് വെളിച്ചം പകരുകയായിരുന്നു (9:1). കര്‍ത്താവിനു വഴിയോരുക്കുവിന്‍ എന്ന് ഏശയ്യായുടെ ആഹ്വാനം (40:3-5) സ്നാപക യോഹന്നനിലൂടെ വീണ്ടും കേള്‍ക്കുന്ന ജനത ആസന്നമായിക്കൊണ്ടിരിക്കുന്ന പുതുയുഗത്ത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. യേശുവിന്റെ പ്രബോധനങ്ങളും പ്രവര്‍ത്തങ്ങളും ഏശയ്യ പ്രവാചകന്റെ വരാനിരിക്കുന്ന രക്ഷകനെക്കുറിച്ചുള്ള പ്രവചനങ്ങളുടെ പ്രകാശനവും പൂര്ത്തീകരണവുമാണ്.

almah എന്ന ഹീബ്രു പദമാണ് ഏശയ്യ 7:14 ല്‍ 'യുവതി' എന്ന് തര്‍ജ്ജമ ചെയ്തിരിക്കുന്നത് .യഹൂദര്‍ ഉന്നയിക്കുന്ന ഒരു വാദം almah 'യുവതി' എന്നോ 'വിവാഹം കഴിക്കാത്ത സ്ത്രീ' എന്നോ മാത്രമേ തര്‍ജ്ജമ ചെയ്യാന്‍ കഴിയു എന്നും ഇവിടെ പരാമര്‍ശിക്കുന്ന 'യുവതി 'കന്യക ആയിരിക്കെണ്ടാ നിര്‍ബന്ദ്ധവുമില്ല
എന്നുമാണു, അതുകൊണ്ട് മത്തായി 1:22-23 ല്‍ ഏശയ്യ പ്രവചനം പരാമര്‍ശിച്ചു പറയുന്ന കന്യക തെറ്റാണു എന്നും ആരോപിക്കുന്നു . ചരിത്രവും കാലവും പരിഗണിക്കാതെയുള്ള തര്‍ജ്ജമ പൂര്‍ണമായും ശരിയല്ല .ഇവിടെ ഹീബ്രു ബൈബിള്‍ പരാമര്‍ശിക്കുന്ന 'യുവതി', കന്യക എന്നാ അര്‍ത്ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് തന്നെ കരുതാം . ബൈബിളിലെ തന്നെ മറ്റൊരു ഉദാഹരണം ഇത് വ്യക്തമാക്കുന്നുണ്ട് ; ഉല്പത്തി 24:43 , "ഇതാ, ഞാന്‍ ഈ കിണറ്റിന്‍കരെ നില്‍ക്കും. വെള്ളം കോരാന്‍ വരുന്ന പെണ്‍കുട്ടിയോട്(almah), ദയവായി നിന്റെ കുടത്തില്‍നിന്ന് എനിക്കല്‍പം വെള്ളം കുടിക്കാന്‍ തരിക എന്നു ഞാന്‍ പറയും". ഇവടെ 'പെണ്‍കുട്ടി',almah എന്നതിന്റെ തര്‍ജ്ജമയാണ് ,അവള്‍ ജേക്കബിനു വേണ്ടി കണ്ടെത്തുന്ന വധുവിനെ കുറിക്കുന്നു . almah കന്യക എന്ന് അര്‍ത്ഥത്തിലാണ് ഇവിടെ ഉപയോഗിക്കുന്നത് .അതെ അര്‍ഥം തന്നെയാണ് ഏശയ്യ
7:14 ല്‍ പറയുന്ന യുവതിയും .പതാനുപദം തര്‍ജ്ജം ചെയ്തില്ല എന്ന് മാത്രം .കാരണം ഇന്ന് ഈ വാക്ക് കന്യകയെ മാത്രം കുറിക്കുന്നില്ല.

ഈജിപ്തിലെ അലക്സാണ്ട്രിയയില്‍ കുടിയേറിപാര്‍തവരും ഗ്രീക്ക് ഭാഷയും സംസ്കാരവുമായി ഇടകലര്‍ന്നു ജീവിച്ചവരുമായ യാഹൂദര്‍ക്കുവേണ്ടി (ബി സി 285-246).എഴുപതു യഹൂദ പണ്ഡിതന്മാര്‍ അലക്സാണ്ട്രിയയില്‍ വെച്ച് നടത്തിയ ഹീബ്രു ബൈബിളിന്റെ ഗ്രീക്ക് തര്‍ജ്ജമയാണ് സപ്തതി. Septuaginta
എന്നാ ലാറ്റിന്‍ പേരാണ് വ്യാപകമായി ഉപയോഗിക്കുന്നതു. ഈജിപ്തിലെ ടോളമി രണ്ടാമന്റെ ഭരണകാലത്താണ് ഈ തര്‍ജ്ജമ നടന്നത്.പ്രസ്തുത തര്‍ജ്ജമയില്‍ almah എന്നതിന് പതാനുപദയ വാക്ക് ഉപയോഗിച്ചിരിക്കുന്നത് കന്യക എന്ന അര്‍ത്ഥമുള്ള parthenos ആണ് .ഗ്രീക്ക് തര്‍ജ്ജമയില്‍ യുവതിക്ക് പകരം എഴുതേണ്ടിയിരുന്ന neanis എന്നാ പദം ഉപയോഗിക്കാതെയാണ് പണ്ഡിതന്മാര്‍ parthenos എന്ന് ഉപയോഗിച്ച്ചിരിക്കുനത് . ഗ്രീക്കില്‍ എഴുതപ്പെട്ട മത്തായിയുടെ സുവിശേഷം അതെ വാക്ക് തന്നെ ഉപയോഗിച്ചിരിക്കുന്നു എന്ന് ഇതില്‍ നിന്നും
മനസ്സിലാക്കാം .

പഴയ നിയമത്തില്‍ ഏഴു തവണയാണ് almah എന്ന പദം ഉപയോഗിച്ചിരിക്കുന്നത് ഉല്‍പത്തി 24:43 പുറപ്പാട് 2:8 സുഭാഷിതങ്ങള്‍ 30:19 സങ്കിര്ത്തനം 68:26 ഉത്തമഗീതം 1:3,6:8, ഏശയ്യ 7:14. ഗ്രീക്ക്‌ സെപതജിത് തര്‍ജ്ജമയില്‍ ഉല്‍പ 24:43 ഉം ഏശയ്യ 7:14 ഉം മാത്രമേ കന്യക എന്നര്‍ത്ഥമുള്ള parthenos എന്നാ പദം
ഉപയോഗിച്ചിട്ടോള്ളൂ . അതുകൊണ്ട് ഏശയ്യാ 7:14 ല്‍ പരാമര്‍ശിക്കുന്ന almah കന്യകയാണ് എന്ന് നിസംശയം പറയാം.


ചരിത്രം

സോളമന്റെ മരണശേഷം ബി.സി. 931 ല്‍ ഇസ്രായേല്‍ രാജ്യം രണ്ടായി വിഭജിക്കപ്പെട്ടു വടക്കുള്ള പത്ത് ഗോത്രങ്ങള്‍ ചേര്‍ന്ന് ഇസ്രായേല്‍ രാജ്യവും രണ്ടു ഗോത്രങ്ങള്‍ ചേര്‍ന്ന് യൂദാ രാജ്യവും ഉടലെടുത്തു (1 രാജാ 12). ഇസ്രായേല്‍ രാജ്യത്തിന്റെ തലസ്ഥാനം സമരിയായും ,യൂദാരാജ്യത്തിന്റെ തലസ്ഥാനം ജറുസലേമും ആയിരുന്നു .
ബി.സി. 722 ല്‍ അസ്സീറിയന്‍ സൈന്യം ഇസ്രായേലിനെ കീഴടക്കി .ഇസ്രായെല്‍ക്കാരെ അടിമകളാക്കി അസ്സിറിയായിലേക്ക് കൊണ്ട് പോയി. ബാബിലോണില്‍ നിന്ന് ആളുകളെ കൊണ്ടുവന്നു ഇസ്രായേല്‍ ജനത്തിനു പകരം സമരിയ നഗരങ്ങളില്‍ പാര്‍പ്പിച്ചു. ഈ പറിച്ചു നടല്‍ മൂലം ചരിത്രപരമായി പിതുടര്‍ച്ച അവകാശപ്പെടാവുന്ന യഹൂദര്‍ ,പത്ത് ഗോത്രങ്ങള്‍ ഉള്‍പ്പെടുന്ന ഇസ്രായേല്‍ പ്രദേശത്ത്‌ പിന്നീട് ഉണ്ടായിട്ടില്ല. യൂദാ ഗോത്രം മാത്രമാണ് ഇസ്രായേല്‍ ജനതകളില്‍ അവശേഷിച്ചത്.

ബി.സി. 598 ല്‍ ബാബിലോണിയന്‍ രാജാവായ നബുക്കദ്നെസ്സര്‍ ജറുസലേം പിടിച്ചടക്കി .യൂദയായിലെ രാജാവായിരുന്ന യഹോയാക്കിനെയും ബന്ധുക്കളെയും തടവുകാരാക്കി കൊണ്ടുപോയി. യാഹോയാക്കിന്റെ പിത്രുസഹോദരനായിരുന്ന മത്താനിയായെ പകരം രാജാവാക്കി. ബിസി 587 ല്‍ ജറുസലേം പൂര്‍ണമായി
നബുക്കദ്നെസ്സര്‍ നശിപ്പിക്കുകയും ബാബിലോണ്‍ പ്രവാസം ആരംഭിക്കുകയും ചെയ്തു. ബിസി 539 ല്‍ പേര്‍ഷ്യന്‍ രാജാവായ സൈറസ്‌ ബാബിലോണ്‍ കീഴടക്കി അധികാരം പിടിച്ചെടുത്തു .സൈറസിന്റെ കാലത്താണ് ബാബിലോണ്‍ പ്രവാസം അവസാനിച്ചത്. സൈറസ്‌ രാജാവ് ,ബിസി 538 ല്‍ ഇറക്കിയ കല്പ്പനപ്രകാരം ജറുസലേം ദൈവാലയം പുനര്നിര്‍മ്മിക്കുവാന്‍ അനുവാദം നല്‍കി . പുനര്നിര്‍മ്മാണത്തിനു
ആവശ്യമായ പണവും മറ്റു സഹായങ്ങളും യഹൂദര്‍ക്ക് നല്‍കി.ദാരിയൂസിന്റെ ഭരണകാലത്ത് ദൈവാലയ നിര്‍മ്മാണം തടസ്സപ്പെട്ടു. പിന്നീട് ബി.സി. 515 ല്‍ ദൈവാലയ നിര്‍മ്മാണം പൂര്‍ത്തിയായി.ബ.സി. 458 ല്‍ എസ്രായുടെ നേതൃത്വത്തില്‍ പ്രവാസികളുടെ ഒരു ഗണം ഇസ്രായെലില്‍ എത്തിച്ചേര്‍ന്നു.

ബിസി 333 ല്‍ അലക്സാണ്ടര്‍ ചക്രവര്‍ത്തി ഇസിയൂസ്‌ യുദ്ധത്തില്‍ പേര്‍ഷ്യന്‍ സൈന്യത്തെ കീഴടക്കിയതോടെ യൂദായില്‍ വീണ്ടും ഗ്രീക്ക് ഭരണം ആരംഭിച്ചു. അലക്സാണ്ടരുടെ മരണശേഷം പലസ്തീനായുടെ ഭരണം ഈജിപ്ത് രാജാക്കന്മാരായ ടോളമി വംശത്തിന്റെ കീഴിലായി . ബിസി 198 ല്‍ സെലൂഷ്യന്‍ രാജാവായ അന്തിയോക്കസ്‌ മൂന്നാമന്‍, ടോളമി അഞ്ചാമന്റെ സൈന്യത്തെ കീഴടക്കി പലസ്തീന പിടിച്ചടക്കി.പിന്നീട് ബിസി 175-135 വരെ മക്കബായ വിപ്ലവം .ബിസി 63 ല്‍ റോമന്‍ സൈന്യാധിപനായ പോംപെ ജറുസലേം പിടിച്ചടക്കി.പോംപെയുടെ വിജയത്തെ തുടര്‍ന്ന് യൂദാ റോമിന്റെ പ്രോവിന്സായ സിറിയയുടെ ഭാഗമായി. ഹിര്‍ക്കാനൂസിനു പ്രധാന പുരോഹിതന്റെയും ചെറിയൊരു ദേശത്തിന്റെ ഭാരനാധിപന്റെയും സ്ഥാനം ലഭിച്ചു. ബിസി 63 മുതല്‍ 40 വരെ അദ്ദേഹം ആസ്ഥാനത്ത് തുടര്‍ന്ന് .ഇക്കാലത്ത് യൂദായുടെ ഭരണച്ചുമതല വഹിച്ചിരുന്നത് അന്തിപാത്തരാണ് . പ്രഗല്‍ഭനായ അദ്ദേഹത്തെ ബിസി 47 ല്‍ ജൂലിയസ് സീസര്‍ യൂദായുടെ പ്രോക്ക്യുരെട്ടറായി നിയമിച്ചു .ഇദ്ദേഹത്തിന്റെ മകനായ ഹേറോദേസ്‌ ബിസി 37 മുതല്‍ നാലുവരെ യൂദാ ഭരിച്ചു . ഇക്കാലത്ത് ഗലീലി,സമറിയ,യൂദാ എന്നിങ്ങനെ മൂന്നായി പലസ്തീന വിഭജിക്കപ്പെട്ടിരുന്നു.

ഹേറോദേസിന്റെ ഭരണത്തിന്റെ അവസാന വര്‍ഷങ്ങളിലാണ് യൂദായിലെ ബത്ലഹേമില്‍, കാലിത്തൊഴുത്തില്‍ രാജാധിരാജനായ യേശു പിറന്നത്. അതോടെ ഇമ്മാനുവേല്‍ പ്രവചനം പൂര്‍ത്തിയായി.

ലൂക്കാ 1

26 ആറാംമാസം ഗബ്രിയേല് ദൂതന് ഗലീലിയില് നസറത്ത് എന്ന പട്ടണത്തില്,
27 ദാവീദിന്റെ വംശത്തില്പ്പെട്ട ജോസഫ് എന്നുപേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താല് അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു.
28 ദൂതന് അവളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്ത്താവ് നിന്നോടുകൂടെ!
29 ഈ വചനം കേട്ട് അവള് വളരെ അസ്വസ്ഥയായി; എന്താണ് ഈ അഭിവാദനത്തിന്റെ അര്ഥം എന്ന് അവള് ചിന്തിച്ചു.
30 ദൂതന് അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില് നീ കൃപ കണ്ടെത്തിയിരിക്കുന്നു.
31 നീ ഗര്ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം.
32 അവന് വലിയ വനായിരിക്കും; അത്യുന്നതന്റെ പുത്രന് എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കര്ത്താവ് അവനു കൊടുക്കും.
33 യാക്കോബിന്റെ ഭവനത്തിന്മേല് അവന് എന്നേക്കും ഭരണം നടത്തും. അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല.
34 മറിയം ദൂതനോടു പറഞ്ഞു: ഇതെങ്ങനെ സംഭവിക്കും? ഞാന് പുരുഷനെ അറിയുന്നില്ലല്ലോ.
35 ദൂതന് മറുപടി പറഞ്ഞു: പരിശുദ്ധാത്മാവ് നിന്റെ മേല് വരും; അത്യുന്നതന്റെ ശക്തി നിന്റെ മേല് ആവസിക്കും. ആകയാല്, ജനിക്കാന് പോകുന്ന ശിശു പരിശുദ്ധന്, ദൈവപുത്രന് എന്നു വിളിക്കപ്പെടും.

2 comments:

Johny said...

യേശു താന്‍ വളര്‍ന്ന സ്ഥലമായ നസറത്തില്‍ വന്നു. പതിവുപോലെ ഒരു സാബത്തുദിവസം അവന്‍ അവരുടെ സിനഗോഗില്‍ പ്രവേശിച്ച് വായിക്കാന്‍ എഴുന്നേറ്റുനിന്നു.ഏശയ്യാ പ്രവാചകന്റെ പുസ്തകം അവനു നല്‍കപ്പെട്ടു. പുസ്തകം തുറന്നപ്പോള്‍ ഇപ്രകാരം എഴുതിയിരിക്കുന്നത് അവന്‍ കണ്ടു:കര്‍ത്താവിന്റെ ആത്മാവ് എന്റെ മേല്‍ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്രവും കര്‍ത്താവിനു സ്വീകാര്യമായ വത്സരവുംപ്രഖ്യാപിക്കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു.പുസ്തകം അടച്ചു ശുശ്രൂഷകനെ ഏല്‍പിച്ചതിനുശേഷം അവന്‍ ഇരുന്നു. സിനഗോഗില്‍ ഉണ്ടായിരുന്ന എല്ലാവരും അവനെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. അവന്‍ അവരോടു പറയാന്‍ തുടങ്ങി. നിങ്ങള്‍ കേട്ടിരിക്കെത്തന്നെ ഇന്ന് ഈ തിരുവെഴുത്തു നിറവേറിയിരിക്കുന്നു.(ലൂക്കാ 6 -21)

sajan jcb said...

വിവരണങ്ങള്‍ക്ക് നന്ദി, ജോണി