Monday, January 24, 2011

യേശുവിന്റെ കുരിശുമരണം

വി.ലൂക്ക 3:1 അനുസരിച്ച് ,യേശുവിന്റെ പരസ്യജീവിതം തുടങ്ങിയത് തിബെരിയസ്‌ സീസറിന്‍റെ പതിനഞ്ചാം വര്‍ഷമാണ് (AD 27-28). വി.യോഹന്നാന്റെ സുവിശേഷം രണ്ടാമദ്ധ്യായത്തില്‍ യേശുവിന്റെ പരസ്യജീവിതത്തിലെ ആദ്യത്തെ പെസഹാത്തിരുനാളിനോട് അനുബന്ധിച്ച് അവിടന്ന് ജെറുസലേമില്‍ വന്നു ദേവാലയത്തില്‍ നിന്ന് കച്ചവടക്കാരെ പുറത്താക്കുകയും ദേവാലയം ശുദ്ധികരിക്കുകയും ചെയ്തെന്നു നാം വായിക്കുന്നു. ആ അവസരത്തില്‍ യഹൂദര്‍ യേശുവിനോടു പറഞ്ഞ വാക്കുകളനുസരിച്ച് , ജെറുസലേം ദേവാലയം 46 കൊല്ലമായി പണിയിലായിരുന്നു.ഹേറോദേസ്‌ ജെറുസലേം ദേവാലയത്തിന്‍റെ പണി തുടങ്ങിയത് BC 20-19 ല്‍ ആണ്. പണി അവസാനിച്ചത് AD 66 ലും .യേശുവിന്റെ പരസ്യജീവിതത്തിലെ ആദ്യത്തെ പെസഹ AD 28 ല്‍ ആയിരിക്കണമെന്ന നിഗമനത്തിന് ഇത് ശക്തി കൂട്ടുന്നു.യേശുവിന്റെ പരസ്യജീവിതം രണ്ടു വര്‍ഷവും കുറെ മാസങ്ങളും ദീര്‍ഘിച്ചുവെന്നാണ് മിക്ക ബൈബിള്‍ പണ്ഡിതന്മാരും പറയുന്നത്. ഏല്ലാ കണക്കുകളുടെയെല്ലാം വെളിച്ചത്തില്‍ ,യേശു മരിച്ചത് AD 30 ല്‍ ആണെന്ന് ബൈബിള്‍ പണ്ഡിതന്മാര്‍ മിക്കവാറും ഇന്ന് എകാഭിപ്രായത്തിലെത്തിയിരിക്കയാണ്.

യഹൂദരുടെ കലണ്ടര്‍ തുടങ്ങുന്ന നിസാന്‍ മാസത്തിന്റെ പതിനാലാം തിയതിയാണ് വി.യോഹന്നാന്റെ സുവിശേഷമനുസരിച്ചു യേശുവിന്റെ മരണദിവസം. എന്നാല്‍ സമാന്തര സുവിശേഷങ്ങള്‍(മത്തായി,മാര്‍ക്കോസ്, ലൂക്ക) നല്കുന സൂചനകള്‍ വെച്ചുനോക്കിയാല്‍,അത് നിസാന്‍ മാസത്തിന്റെ പതിനഞ്ചാം തിയതിയായിരുന്നു.
ചരിത്രപരമായി ഇതില്‍ ഏതാണ് കൂടുതല്‍ ശരിയെന്നത് ബൈബിള്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഇന്നും തര്‍ക്കവിഷയമാണ്. എങ്കിലും,വി.യോഹന്നാന്റെ കണക്കിനാണ് അവര്‍ മുന്‍തൂക്കം നല്‍കുന്നത് .യേശു മരിച്ചത് ഒരു വെള്ളിയാഴ്ച ദിവസമായിരുന്നുവേന്നത് സഭയിലെ പൊതുവായ ധാരണയാണ്. മിക്ക ബൈബിള്‍ പണ്ഡിതന്മാരും അത് അംഗീകരിക്കുകയും ചെയ്യുന്നു .ശരിയായി കണക്കുകൂട്ടി നോക്കിയാല്‍ AD 30 ല്‍ വരുന്ന നിസാന്‍ മാസത്തിന്റെ പതിനാലാം തിയതി ഒരി വെള്ളിയാഴ്ചയായിരുന്നു. എന്നാല്‍,പൌര്‍ണമിയേയും കറുത്തവാവിനെയുമൊക്കെ ആസ്പദമാക്കിയുള്ള അന്നത്തെ കണക്കുകൂട്ടല്‍ ഇപ്പോഴും അത്ര ശരിയായിരുന്നുവെന്ന് പറഞ്ഞുകൂടാ .ഏതായാലും പ്രമുഖരായ ബൈബിള്‍ പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ , യേശുവിന്റെ മരണദിവസം AD 30 ലെ ഏപ്രില്‍ മാസം ഏഴാം തിയതി വെള്ളിയാഴ്ച ആയിരിക്കാനാണ് ഏറ്റവും കൂടുതല്‍ സാദ്ധ്യത.

ക്രൂരമായ കുരിശു മരണത്തില്‍ കലാശിച്ച യേശുവിന്റെ ജീവിതം പുറമേ നിന്ന് നോക്കുബോള്‍ തികഞ്ഞ പരാജയമായെ കാണാന്‍ കഴിയൂ . യുദ്ധങ്ങള്‍ നയിക്കുകയും സാമ്രാജ്യങ്ങള്‍ പിടിച്ചടക്കുകയും ചെയ്യുന്ന ധിരന്മാരും പരാക്രമശാലികളുമായ ലോകനേതാക്കന്മാരുടെ നിരയില്‍ അവനു സ്ഥാനമില്ല. മാനുഷികമായ മാനദന്ധങ്ങള്‍ വച്ച് നോക്കുമ്പോള്‍ പരാജിതനായ ഒരു മനുഷ്യന്‍ മാത്രമായിരുന്നു യേശു എന്ന് തോന്നും.ഈ പരാജിതനില്‍ വിശ്വസിക്കുകയും അവനെ നായകനായി സ്വീകരിക്കുകയും ലോകരക്ഷകനായി പ്രഖ്യാപിക്കുകയും ചെയ്യുക ശിഷ്യന്മാര്‍ക്ക് എളുപ്പമായിരുന്നില്ല. ഇന്നും എളുപ്പമല്ല. യേശുവില്‍ വിശ്വസിക്കാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നവര്‍ക്കുപോലും അവന്റെ മരണം മറികടക്കാനാകാത്ത ഒരു പ്രതിബന്ധമായി നില്‍ക്കുന്നു .

കുരിശില്‍ മരിച്ച യേശുവിനെ ദൈവശാപമേറ്റവനായിട്ടാണ് യഹൂദര്‍ ചിത്രികരിച്ചത് .കാരണം "മരത്തില്‍ തൂക്കപ്പെട്ടവന്‍ ദൈവത്താല്‍ ശപിക്കപ്പെട്ടവനാണ്" എന്ന് ബൈബിളില്ത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട് (നിയ 21:23)അതിനാല്‍ യഹൂദര്‍ക്ക് യേശുവിന്റെ കുരിശുമരണം ഇടര്ച്ചക്ക് കാരണമായി, അഥവാ അവനില്‍
വിശ്വസിക്കുന്നതിനു പ്രതിബന്ധമായിത്തീര്‍ന്നു .നിസഹായനും സര്‍വ്വരാലും പരിതിക്തനുമായി,പരിഹാസങ്ങളുടെ മദ്ധ്യേ കുരിശില്‍ മരിച്ചവനെ രക്ഷകാനായി അവതരിപ്പിക്കുന്നത്‌ തികഞ്ഞ ഭോഷത്തമായെ യാഹൂദരല്ലാത്തവര്‍ക്ക് കാണാന്‍ കഴിയൂ. സുവിശേഷ പ്രഘോഷണത്തില്‍ ആദ്യ ശിഷ്യന്മാര്‍ നേരിട്ട വലിയൊരു പ്രതിസന്ധിയായിരുന്നു ഇത്.വി.പൌലോസ് ഈ സത്യം തുറന്നു പറയുന്നുണ്ട്: "യഹൂദര്‍ അടയാളങ്ങള്‍ ആവശ്യപ്പെടുന്നു. ഗ്രീക്കുകാര്‍ വിജ്ഞാനം അന്വേഷിക്കുന്നു. ഞങ്ങളാകട്ടെ,യഹൂദര്‍ക്ക് ഇടര്‍ച്ചയും വിജാതിയര്‍ക്കു ഭോഷത്തവുമായ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു"(1 കോറി 1:22-23).

യേശുവിന്റെ മരണം അപ്രതിക്ഷിതമായി സംഭവിച്ച ഒരത്യാഹിതമല്ല .ചരിത്രപരമായ അനേക വിശദീകാരങ്ങള്‍ അതിനു കണ്ടെത്താമെങ്കിലും ആത്യന്തികമായി അത് ദൈവിക പദ്ധതിയുടെതന്നെ ഭാഗമായിരുന്നു.എഴുതപ്പെട്ട ദൈവ വചനമായ ബൈബിള്‍ യേശുവിന്റെ മരണത്തെക്കുറിച്ച് നല്‍കുന്ന പഠനം ഇങ്ങനെ സമാഹരിക്കാം . മനുഷ്യവര്‍ഗ്ഗത്തെ പാപത്തില്‍ നിന്നും രക്ഷിച്ചു ദൈവത്തോടും പരസ്പരവും രമ്യതപ്പെടുത്തി ,ദൈവികജീവന്‍
പ്രധാനം ചെയ്തു ,ദൈവമാക്കളാക്കി മാറ്റുന്നതിനുവേണ്ടി ,ദൈവികപദ്ധതിയനുസരിച്ചു മനുഷ്യനായി അവതരിച്ച ദൈവപുത്രന്‍, സ്വമനസ്സാ അര്‍പ്പിച്ച സ്നേഹബലിയാണ് കുരിശുമരണം. യേശുവിന്റെ മരണത്തെക്കുറിച്ച് പ്രവചനമോ വിവരണമോ വ്യാഖ്യാനമോ ആയി പ്രതിപാതിക്കുന്ന ബൈബിള്‍ ഭാഗങ്ങളിലെല്ലാം തന്നെ വെളിപ്പെടുന്ന ഒരു സത്യമാണ് ആ മരണം മനുഷ്യകുലത്തിന്‍റെ മുഴുവന്‍ പാപത്തിനു പരിഹാരമായി അര്‍പ്പിക്കപ്പെട്ട ബലി ആണെന്നത്. ഈ പ്രസ്താവനയുടെ അര്‍ഥം ഗ്രഹിക്കാന്‍ പാപത്തെയും ബലിയും കുറിച്ചുള്ള ബൈബിളിന്‍റെ കാഴ്ചപ്പാട് ചുരുക്കമായെങ്കിലും അറിഞ്ഞിരിക്കുക ആവശ്യമാണ്.

പാപം

ചരിത്രപരമായ വിവരണങ്ങളിലൂടെയും പ്രബോധനമാര്ഗങ്ങളിലൂടെയും പാപത്തിന്‍റെ വ്യക്തമായ ചിത്രം ബൈബിള്‍ അവതരിപ്പിക്കുന്നുണ്ട്. അതിന്റെ ഒരു സംക്ഷിപ്ത നിര്‍വ്വചനം വി. യോഹന്നാന്‍ നല്‍കുന്നത് ഇപ്രകാരമാണ് :"പാപം ചെയ്യുന്നവന്‍ നിയമം ലംഘിക്കുന്നു പാപം നിയമലംഘനമാണ്" (1 യോഹ 3:4).സ്രഷ്ടാവായ ദൈവം തന്റെ സൃഷ്ട്ടിയായ മനുഷ്യന് നിശ്ചയിച്ച ലക്ഷ്യത്തില്‍ എത്തുന്നതിനു ആവശ്യമായ നിയമങ്ങളും നല്‍കിയിട്ടുണ്ട്. അത് പ്രകൃതി നിയമങ്ങളായും വെളിപ്പെടുത്തപ്പെട്ട നിയമങ്ങളായും നല്കപ്പെട്ടിരിക്കുന്നു.ആ നിയമങ്ങള്‍ ലംഘിക്കുന്നതിനെ പാപം എന്ന് വിളിക്കുന്നു.

പാപം ലോകത്തിലേക്ക് കടന്നു വന്നതിന്‍റെ വിവരണം ഉല്പത്തിപ്പുസ്തകം 3-4 അധ്യായങ്ങളില്‍ കാണാം. ആദിമാതാപിതാക്കള്‍ ദൈവകല്പ്പന ലംഘിച്ച് "വിലക്കപ്പെട്ട കനി ഭക്ഷിച്ചു " എന്ന് ആലംഗാരിക ഭാഷയില്‍ പറയുന്നതിന്‍റെ കാതല്‍ അവര്‍ തങ്ങള്‍ക്കു വെളിപ്പെടുത്തപ്പെട്ട ദൈവഹിതത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നത്രേ, അതുവഴി മനുഷ്യനും ദൈവവും തമ്മിലുള്ള രമ്യതക്ക് കോട്ടം സംഭവിച്ചു . "ഒരു മനുഷ്യന്മൂലം പാപവും പാപം മൂലം മരണവും ലോകത്തില്‍ പ്രവേശിച്ചു"(റോമ 5:12) എന്ന് വി.പൌലോസ് ഇതിനെക്കുറിച്ചാണ് പറയുന്നത്. മുറിവേറ്റു വികലമായ ഒരു മനുഷ്യപ്രക്രുതിയാണ് ആദിമാതാപിതാക്കളില്‍ നിന്ന് മനുഷ്യവര്‍ഗ്ഗത്തിന് മുഴുവന്‍ ലഭിക്കുന്നത്. ഓരോ വ്യക്തിയും ഓരോ തലമുറയും തങ്ങളുടേതായ പാപം ഈ ആദ്യപാപത്തോട് ചേര്‍ക്കുന്നു .അങ്ങനെ ലോകത്തില്‍ പാപം പെരുകുന്നു "പാപമില്ലാത്ത ഒരുവനുമില്ല" എന്ന് സങ്കിര്‍ത്തകനും (സങ്കി 14:3)"നമ്മില്‍ പാപമില്ല എന്ന് പറഞ്ഞാല്‍ അത് അത്മവഞ്ചനയാകും" എന്ന് യോഹനാനും (1 യോഹ 1:8) പറയുമ്പോള്‍ ഈ സത്യത്തിലെക്കാണ് ശ്രദ്ധ തിരിക്കുന്നത് .

നിയമലംഘനമാണ് പാപം എന്ന് നിര്‍വചിക്കുമ്പോഴും ദൈവവുമായുള്ള ബന്ധത്തില്‍ ഏല്‍പ്പിക്കുന്ന മുറിവിന്‍റെ പശ്ചാത്തലത്തിലെ പാപത്തിന്‍റെ തനിരൂപം വ്യക്തമാകൂ "അവര്‍ കര്‍ത്താവിനെ പരിത്യജിക്കുകയും ഇസ്രായേലിന്‍റെ പരിശുദ്ധനെ നിന്ദിക്കുകയും ചെയ്തു .അവര്‍ എന്നില്‍നിന്നും തീര്‍ത്തും അകന്നുപോയി" (ഏശ 1:4)എന്ന പ്രവാചക വചനത്തില്‍ പാപത്തിന്‍റെ സ്വഭാവം പ്രത്യക്ഷമാക്കുന്നു.ദൈവത്തെ ഉപേക്ഷിക്കലും അവിടുത്തെ സ്നേഹം തിരസ്ക്കരിക്കലും ദൈവത്തെ നിന്ദിക്കലുമാണ് പാപം.എനിക്കിഷ്ടമുള്ളത് "നന്മ", എനിക്കിഷ്ട്ടമില്ലാത്തത് തിന്മ എന്ന തീരുമാനത്തില്‍ മനുഷ്യന്‍ എത്തിച്ചേരുന്നു .ദൈവകല്പ്പന ലംഘിച്ചു പറുദീസായില്‍ നിന്ന് പുറത്തുകടന്ന ആദാമിന്‍റെ സന്തതികള്‍ അക്രമത്തില്‍ അടിയുറച്ച ഒരു സംസ്കാരത്തിന് രൂപം നല്‍കി.ആദാമിന്‍റെ മക്കളായിരുന്നു കായേനും ആബേലും . മൂത്ത സഹോദരനായ കായേന്‍ അനുജനായ ആബേലിനെ വെറുത്തു .അസൂയയും വിദ്വേഷവും മനസ്സില്‍ നിറഞ്ഞ ജ്യേഷ്ടന്‍ അനുജനെ വധിച്ചു. മനുഷ്യരക്തം വീണു ഭൂമി കുതിര്‍ന്നു .അക്രമാസക്തമായ വിധത്തില്‍ ,പാപത്തിന്റെ ഫലമായി ,മരണം ലോകത്തിലേക്ക് പ്രവേശിച്ചു."നിന്‍റെ സഹോദരനെവിടെ"എന്ന ദൈവത്തിന്‍റെ ചോദ്യത്തിന് ഉത്തരമായി "എന്‍റെ സഹോദരന്‍റെ കാവല്ക്കാരനാണോ ഞാന്‍" എന്ന മറുചോദ്യമാണ് കായേന്‍ നല്‍കുന്നത് .

"ദുര്‍മോഹം ഗര്‍ഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു .പാപം പൂര്‍ണവളര്ച്ചയെത്തുമ്പോള്‍ മരണത്തെ ജനിപ്പിക്കുന്നു"(യാക്കോ 1:15). ഏഴിരട്ടി പ്രതികാരം ആവശ്യപ്പെടുന്ന കായേനും എഴുപത്തെഴിരട്ടി പ്രതികാരം ആവശ്യപ്പെടുന്ന ലാമേക്കും (ഉല്‍പ്പത്തി 4:25) മനുഷ്യസമൂഹത്തില്‍ പടര്‍ന്നു പന്തലിക്കുന്ന പാപത്തിന്‍റെ പ്രതീകങ്ങളത്രേ ."മനുഷ്യന്‍റെ ദുഷ്ട്ടത വര്‍ദ്ധിച്ചിരിക്കുന്നെന്നും അവന്‍റെ ഹൃദയത്തിലെ ചിന്തയും ഭാവനയും ഇപ്പോഴും ദുഷിച്ചതുമാത്രമാനെന്നും കര്‍ത്താവ് കണ്ടു "(ഉല്പ 6:5)എന്ന വി.ഗ്രന്ഥത്തിന്‍റെ വിലയിരുത്തല്‍ പാപത്തിന്‍റെ യഥാര്‍ഥ രൂപം വ്യക്തമാക്കുന്നു . "ഇവിടെ വിശ്വസ്തതയോ സ്നേഹമോ ഇല്ല. ദൈവവിചാരം ദേശത്ത് അറ്റുപോയിരിക്കുന്നു.ആണയിടലും വഞ്ചനയും കൊലപാതകവും മോഷണവും വ്യഭിചാരവും സീമാതീതമായിരിക്കുന്നു "(ഹോസി 4:1-2)എന്ന പ്രവാചക വചനം പാപത്തിന്‍റെ രണ്ടുവശങ്ങളിലേക്കും ശ്രദ്ധ ക്ഷണിക്കുന്നു. ദൈവത്തോടും സഹോദരങ്ങളോടുമുള്ള ബന്ധം വിഛേദിക്കലാണ് പാപം എന്ന് വീണ്ടും വ്യക്തമാക്കുന്നു.

മനുഷ്യസ്വഭാവത്തെത്തന്നെ വികലമാക്കിയ പാപത്തിന്റെ സ്വാദീനം സകല മനുഷ്യരിലും പ്രകടമാക്കുന്നതിനെക്കുറിച്ചു വി.പൌലോസ് വിശദമായി പ്രതിപാദിക്കുന്നുണ്ട്. "ഇഛിക്കുന്ന നന്മയല്ല ഇഛിക്കാത്ത തിന്മയാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. ഇഛിക്കാത്തത് ഞാന്‍ ചെയ്യുന്നെങ്കില്‍ അത് ചെയ്യുന്നത് ഒരിക്കലും ഞാനല്ല ,എന്നില്‍ വസിക്കുന്ന പാപമാണ്"(റോമ 7:19-20). പാപം മനുഷ്യപ്രകൃതിയെ ബാലഹീനമാക്കുക മാത്രമല്ല ,ശിക്ഷക്ക് അര്‍ഹമാക്കുകയും ചെയ്തു .ആദ്യമനുഷ്യനു നല്‍കപ്പെട്ട നിയമവും, ശിക്ഷയുമായി ബന്ധപ്പെട്ടിരിക്കുന്നു: "നന്മ തിന്മയെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷത്തിലെ ഫലം നീ തിന്നരുത്.തിന്നുന്ന ദിവസം നീ മരിക്കും"(ഉല്പ 2:17).ഇസ്രായേല്‍ ജനത്തെ സ്വന്തം ജനമായി തിരഞ്ഞെടുത്തു ,അവരുമായി ഉടബടി ചെയ്തപ്പോഴും നല്‍കിയ നിയമങ്ങള്‍ ശിക്ഷയുമായി ബന്ധപ്പെട്ടിരിക്കുന്നു :"ഇതാ ,ഇന്ന് ഞാന്‍ നിന്‍റെ മുന്‍പില്‍ ജീവനും നന്മയും മരണവും തിന്മയും വച്ചിരിക്കുന്നു"(നിയ 30:15).ദൈവം നല്‍കിയ പ്രമാണങ്ങള്‍ ലംഘിക്കുന്നത് അവിടുന്നുമായുള്ള ബന്ധം വിഛേദിക്കുന്നതിനു തുല്യമാണ്.അതുവഴി മനുഷ്യന്‍ ആത്മീയ ജീവന്‍ നഷ്ട്ടപ്പെടുത്തുന്നു.അതിന്റെ ഫലവും
ദൃശ്യമായ അടയാളമാണ് ശാരീരികമായ മരണം .

ബലി

പാപം പരിഹരിക്കാനും ദൈവവുമായുള്ള ബന്ധം പുനസ്ഥാപിക്കാനും വേണ്ടി മനുഷ്യന്‍ എന്നും യത്നിച്ചുകൊണ്ടിരുന്നു. അതിനുവേണ്ടി ഉപയോഗിക്കുന്ന മാര്‍ഗ്ഗമാണ് ബലിയര്‍പ്പണം. ദൈവത്തെ പ്രീതിപ്പെടുത്താനും അവിടുത്തെ സ്നേഹത്തിന് അര്‍ഹമാകാനും വേണ്ടി ബലിയര്‍പ്പിക്കുക മിക്കവാറും എല്ലാ മതങ്ങളും പതിവാണ്. എല്ലാം ദൈവത്തിന്‍റെ ദാനമാണ് എന്ന് അംഗീകരിക്കുന്നതിന്‍റെ അടയാളമായി തനിക്കുള്ളതില്‍ നിന്ന് ഒരു ഭാഗം മനുഷ്യന്‍ ദൈവത്തിനു കാഴ്ച വയ്ക്കുന്നു .മൃഗത്തിന്റെ കഴുത്തറത്ത് ,രക്തം ബലിപീഠത്തില്‍ ഒഴിച്ചും മാംസം ബലിപീഠത്തില്‍ വച്ച് ദഹിപ്പിച്ചുകൊണ്ട് അര്‍പ്പിക്കുന്നത് കൂടുതല്‍ സ്വീകാര്യമായ ബലിയായി പരിഗണിക്കപ്പെട്ടിരുന്നു.

പാപിയായ മനുഷ്യന്‍ തന്‍റെ പ്രതിനിധിയും പ്രതീകവുമായിട്ടാണ് മൃഗത്തെ ബലിയര്‍പ്പിക്കുക .എന്നാല്‍ ഈ പ്രതീകങ്ങള്‍ക്ക് മനുഷ്യനെ പാപത്തില്‍ നിന്ന് മോചിപ്പിക്കാനോ ദൈവവുമായി രമ്യതപ്പെടുത്താനോ കഴിയുകയില്ല എന്ന അവബോധവും പല മതങ്ങളിലും കാണാം.അതിനാല്‍ ദൈവം തന്നെ മനുഷ്യനായി അവതരിച്ചു പാപപരിഹാര ബലിയായി സ്വയം അര്‍പ്പിക്കും എന്ന പ്രതീക്ഷ ചില പുരാതന മതങ്ങളില്‍ നിലവിലിരുന്നു .
പ്രജാപതി യാഗത്തെക്കുറിച്ചുള്ള ഭാരതീയ സങ്കല്‍പ്പത്തില്‍ ഈ പ്രതീക്ഷയുടെ പ്രതിഫലനം ദ്രിശ്യമാണ് .മനുഷ്യന്റെ പാപം ഏറ്റെടുത്തു പരിഹരിക്കാനായി വരുന്ന ദൈവത്തെക്കുറിച്ചുള്ള വിശ്വാസം ഗ്രീക്ക് നാടകകൃത്തായ എസ്ക്കിലസ് രചിച്ച "ബന്ദിതനായ പ്രോമോത്തേവൂസ് " എന്ന ദുരന്ത നാടകത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

ഇതിനെക്കാളെല്ലാം വളരെ വ്യക്തവും വിശദവുമായ സൂചകള്‍ പഴയനിയമത്തില്‍ കാണാം. സങ്കീ 40:6-8 ഏശയ്യ 53 തുടങ്ങിയ ബൈബിള്‍ ഭാഗങ്ങള്‍ പ്രത്യേകം ശ്രദ്ധെയമാണ് .മനുഷ്യവര്‍ഗ്ഗത്തിന്‍റെ മുഴുവന്‍ പാപങ്ങള്‍ ഏറ്റെടുക്കുകയും അവയ്ക്ക് പരിഹാരബലിയായി സ്വയം സമര്‍പ്പിക്കുകയും ചെയ്യുന്ന ദാസനെക്കുറിച്ചാണ് ഏശയ്യ പ്രവചിച്ചത് "നമ്മുടെ വേദനകളാണ് അവന്‍ വഹിച്ചത് ...നമ്മുടെ അതിക്രമങ്ങള്‍ക്കുവേണ്ടി അവന്‍ മുറിവേല്‍പ്പിക്കപ്പെട്ടു . നമ്മുടെ അകൃത്യങ്ങള്‍ കര്‍ത്താവ് അവന്‍റെമേല്‍ ചുമത്തി ...പരിഹാരബലിയായി തന്നെത്തന്നെ അര്‍പ്പിക്കുമ്പോള്‍ അവന്‍ തന്റെ സന്തത പരബരയെ കാണും ...അനേകരുടെ പാപഭാരം അവന്‍ പേറി ;അതിക്രമങ്ങള്‍ക്കുവേണ്ടി മധ്യസ്ഥം വഹിച്ചു"(ഏശ 53:12-14) എന്ന സുദീര്‍ഘമായ പ്രവചനം യേശുവില്‍ പൂര്‍ത്തിയായ ബലിയുടെ വ്യക്തമായ ചിത്രീകരണവും വിശദീകരണവുമാണ്.

യേശുവിന്റെ ബലി

ആദ്യമനുഷ്യനായ ആദത്തിലൂടെ കടന്നു വന്നു ആധിപത്യം സ്ഥാപിച്ച പാപത്തില്‍ നിന്ന് പുതിയ ആദമായ യേശു തന്‍റെ അത്മബലിയിലൂടെ മനുഷ്യവര്‍ഗത്തിന് മുഴുവന്‍ മോചനം നല്‍കിയെന്നത് പുതിയ നിയമത്തില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രബോധനമാണ് .ആദം മനുഷ്യവര്‍ഗ്ഗത്തിന്‍റെ മുഴുവന്‍ പാപത്തിനു തുടക്കം കുറിക്കുകയും പാപത്തിനതീതമായ മനുഷ്യപ്രകൃതിയെ പിന്‍തലമുറകള്‍ക്ക് കൈമാറുകയും ചെയ്തു .അങ്ങനെ ആദാമിന് ഒരു
പ്രാതിനിധ്യ സ്വഭാവമുണ്ട് .അതുപോലെ പുതിയ ആദമായ ക്രിസ്തു തന്‍റെ മരണത്തിലൂടെ മനുഷ്യവര്‍ഗ്ഗത്തിന് മുഴുവന്‍ ആ പാപത്തില്‍ നിന്ന് മോചനം നല്‍കി (റോമ 5:12-21).മനുഷ്യവര്‍ഗ്ഗത്തിന്‍റെ മുഴുവന്‍ പ്രതിനിധിയും രക്ഷിക്കപ്പെട്ട മനുഷ്യപ്രകൃതിയുടെ ഉറവിടവുമാണ് യേശുക്രിസ്തു . മനുഷ്യകുലത്തിന്‍റെ പാപം ഏറ്റെടുത്തു കുരിശില്‍ സ്വയം ബാലിയര്‍പ്പിച്ചുകൊണ്ടാണ് പാപത്തില്‍ നിന്നുള്ള രക്ഷ സാധ്യമാക്കിയത് .ഇതിനെക്കുറിച്ച്‌ യേശുതന്നെ
വാക്കും പ്രവര്‍ത്തിയും വഴി വ്യക്തമായ സൂചനകള്‍ നല്‍കിയിട്ടുണ്ട് .അപ്പസ്തോലന്മാര്‍ ഇതുവിശദമായി വ്യാഖ്യാനിക്കുന്നുണ്ട് .

"മനുഷ്യപുത്രന്‍ വന്നിരിക്കുന്നത് ...സ്വന്തം ജീവന്‍ അനേകര്‍ക്ക് വേണ്ടി മോചനദ്രവ്യമായി നല്‍കാനും വേണ്ടിയാണ് "(മര്‍ക്കോ 10:45) എന്ന പ്രഖ്യാപനത്തിലൂടെ തന്റെ അത്മബലിയിലേക്ക് യേശു വിരല്‍ ചൂണ്ടുന്നു ."അനേകര്‍ക്കുവേണ്ടി" എന്നത് യേശുവിന്‍റെ സംസാരഭാഷയായ അറമായഭാഷയിലെ ഒരു പ്രത്യക പദപ്രയോഗമാണ് ."എല്ലാവക്കുംവേണ്ടി" എന്നാണു അതിന്റെ അര്‍ഥം ."മോചനദ്രവ്യം " എന്നത് ബലിയര്‍പ്പണത്തെ സൂചിപ്പിക്കുന്നു . തന്റെ ജീവന്‍ ബലിയായി കൊടുത്തുകൊണ്ടാണ്‌ അവന്‍ നമ്മെ പാപത്തില്‍ നിന്ന് മോചിപ്പിച്ചത് എന്ന് ഇത് അര്‍ത്ഥമാക്കുന്നുണ്ട് . വില ആര്‍ക്കുകൊടുത്ത് എന്ന ചോദ്യത്തിന് പ്രസക്തിയില്ല
. അവന്‍റെ അത്മബലിയിലൂടെ നാം പാപവിമുക്തരായി എന്ന് മാത്രമാണ് ഈ പദപ്രയോഗത്തിന്‍റെ അര്‍ഥം ."പിതാക്കന്മാരില്‍നിന്നു നിങ്ങള്‍ക്ക് ലഭിച്ച വ്യര്‍ഥമായ ജീവിതരീതിയില്‍നിന്നു നിങ്ങള്‍ വീണ്ടെടുക്കപ്പെട്ടത്‌ നശ്വരമായ വെള്ളിയോ സ്വര്‍ണമോ കൊണ്ടല്ല എന്ന് നിങ്ങള്‍ അറിയുന്നുവല്ലോ . കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാടിന്‍റെതുപോലുള്ള ക്രിസ്തുവിന്‍റെ അമൂല്യരക്തം കൊണ്ടത്രേ (1 പത്രോ 1:18-19) എന്ന് വി.പത്രോസ് യേശുവിന്‍റെ ബലിയര്‍പ്പണത്തെ വിശദീകരിക്കുന്നു.

അന്ത്യ അത്താഴവേളയില്‍ അപ്പവും വീഞ്ഞും സ്വന്തം ശരീരരക്തങ്ങളായി ശിഷ്യന്മാര്‍ക്ക് പങ്കുവെച്ചു നല്‍കിയപ്പോള്‍ യേശു പ്രതീകങ്ങളിലൂടെ സ്വയം ബലിയായി അര്‍പ്പിക്കുകയായിരുന്നു . ലംഘിക്കപ്പെട്ട സീനായി ഉടബടിക്ക് പകരം ശാശ്വതവും അലംഘനീയവുമായ ,യേശു സ്ഥാപിച്ച ഉടബടിയാണത് .കാളക്കിടാങ്ങളുടെ രക്തത്താല്‍ ഉറപ്പിക്കപ്പെട്ട സീനായി ഉടബടി ഇസ്രായേല്‍ ജനത്തെ ദൈവജനമാക്കിത്തീര്‍ത്തു (പുര 24:59).യേശുവിന്‍റെ രക്തത്താല്‍ ഉറപ്പിക്കപ്പെട്ട പുതിയ ഉടബടിയാകട്ടെ ,പുതിയ ദൈവജനത്തിനു തുടക്കം കുറിക്കുന്നു . ഗസ്തമനിലെ പ്രാര്‍ഥനയില്‍ യേശു പര്യാകുലനും അത്യന്തം ദുഃഖിതനുമായി. കഴിയുമെങ്കില്‍ ഈ പാനപാത്രം മാറ്റിത്തരണമേ എന്ന് പിതാവിനോട് മുട്ടിപ്പായി പ്രാര്‍ഥിച്ചു .രക്തം വിയര്‍ക്കാന്‍ മാത്രം കഠിനമായ്‌ ദുഃഖത്തില്‍ യേശുവിനെ ആഴ്തിയത് ഏറ്റെടുക്കേണ്ടി വരുന്ന ശാരീരിക പീഡകള്‍ മാത്രമായിരുന്നില്ല മനുഷ്യവര്ഗ്ഗത്തിന്‍റെ മുഴുവന്‍ പാപഭാരം ഏറ്റെടുത്തതാണ് അതിമാനുഷികമായ ആ ദുഃഖത്തിനു കാരണം ."അവനില്‍ നാമെല്ലാവരും ദൈവത്തിനു നീതിയാകേണ്ടതിനു , പാപം അറിയാത്തവനെ ദൈവം നമ്മുക്കുവേണ്ടി പാപമാക്കി "(2 കൊറി 5:21) എന്ന് വി.പൌലോസ് പറയുന്നത് ഈ യാഥാര്ത്യത്തെക്കുറിച്ചാണ് .

ദൈവത്തെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിക്കുന്നതനുസരിച്ചാണ് പാപത്തെക്കുറിച്ചുള്ള അവബോധവും വര്‍ദ്ധിക്കുക . ദൈവത്തില്‍ നിന്ന് വിഛേദിക്കപ്പെടുകയാണ് പാപത്തിന്‍റെ ഫലം .പിതാവുമായി നിരന്തരം ഗാഡമായ ഹൃദയ ഐക്യത്തില്‍ കഴിയുന്ന പുത്രന്‍ ഇവിടെ മനുഷ്യകുലത്തിന്‍റെ പാപം മുഴുവന്‍ മനുഷ്യപ്രകൃതിയില്‍ ഏറ്റെടുത്തു ,ദൈവത്തില്‍ നിന്നുതന്നെ വിഛേദിക്കപ്പെട്ടവനായി പ്രത്യക്ഷപ്പെടുന്നു .ഈ അവബോധമാണ് "എന്‍റെ ദൈവമേ,എന്‍റെ ദൈവമേ,എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു ?"(മത്താ 27:46)എന്ന് കുരിശില്‍ കിടന്നു നിലവിളിക്കാന്‍ പ്രേരിപ്പിച്ചത്‌ .ഈ ദുഃഖതിന്‍റെയും നിലവിളിയുടെയും മധ്യത്തിലും പ്രത്യാശ കൈവെടിയാതെ പിതാവിന്‍റെ ഹിതത്തിന് യേശു സ്വയം സമര്‍പ്പിച്ചു "എങ്കിലും എന്‍റെ ഹിതം പോലെയല്ല,അവിടെത്തെ ഹിതം
പോലെയാകട്ടെ "(മത്താ 26:39) അങ്ങനെ "തിന്മ നിറഞ്ഞ ഈ യുഗത്തില്‍ നിന്ന് നമ്മെ മോചിപ്പിക്കേണ്ടത്തിനു നമ്മുടെ പിതാവായ ദൈവത്തിന്‍റെ അഭീഷ്ടമനുസരിച്ചു നമ്മുടെ പാപങ്ങല്‍ക്കുവേണ്ടി അവന്‍ തന്നെത്തന്നെ ബലിയര്‍പ്പിച്ചു"(ഗലാ 1:4).

എന്തുകൊണ്ടാണ് ഈ ബലിയര്‍പ്പണം ആവശ്യമായി വന്നത് എന്ന ചോദ്യം ന്യായമായും ഉന്നയിക്കപ്പെടാം ."രക്തം ചിന്താതെ പാപമോചനമില്ല "(ഹെബ്രാ 9:22) എന്ന തിരുവചനം ഈ ചോദ്യത്തിനുത്തരം നല്‍കുന്നു .ഇവിടെ ബലിയര്‍പ്പകനും ബലിവസ്തുവും ഒരാള്‍തന്നെ .നമ്മെ രക്ഷിക്കാന്‍ യേശു സ്വയം ബലിയായി അര്‍പ്പിച്ചുവെന്നു വി പൌലോസിന്‍റെ ലേഖനങ്ങളില്‍ അനേകം തവണ ആവര്‍ത്തിക്കുന്നുണ്ട് ."അവന്‍ എല്ലാവര്‍ക്കുംവേണ്ടി മോചനമൂല്യമായി തന്നെത്തന്നെ നല്‍കി "(1 തിമോ 2:6)."യേശുക്രിസ്തു എല്ലാ തിന്മകളില്‍നിന്നും നമ്മെ മോചിപ്പിക്കുന്നതിനും സല്പ്രവര്തികള്‍ ചെയ്യുന്നതില്‍ തീഷ്ണതയുള്ള ജനതയെ തനിക്കുവേണ്ടി ശുദ്ധീകരിക്കുന്നതിനുമായി നമ്മെപ്രതി തന്നെത്തന്നെ ബലിയര്‍പ്പിച്ചു "(തീത്തോ 2:14).ദൈവേഷ്ടത്തിനുപരി സ്വന്തം ഇഷ്ടം അനുസരിക്കുകയും അങ്ങനെ ദൈവത്തിന്റെ സ്ഥാനത്ത് സ്വയം പ്രതിഷ്ഠിക്കുകയും ചെയ്താണ് ആദിമനുഷ്യന്‍റെ പാപം .സകലപാപങ്ങലുടെയും കാതല്‍ ഇതുതന്നെ -ദൈവനിക്ഷേധം. അത് പരിഹരിക്കപ്പെടണമെങ്കില്‍ ദൈവത്തെ വീണ്ടും നാഥനായി ഏറ്റുപറയണം .മൃഗങ്ങളുടെ രക്തം ചിന്തലിലൂടെ ഇതാണ് മനുഷ്യന്‍ ചെയ്യാന്‍ വൃഥാ ശ്രമിച്ചത് .പാപാവസ്ഥയിലിരിക്കുന്ന മനുഷ്യപ്രകൃതിക്ക് സംപൂര്‍ണമായ ഈ ആത്മസമര്‍പ്പണം അസാധ്യമാണ് . അതിനാലത്രേ ദൈവം തന്നെ മനുഷ്യനായി അവതരിക്കുകയും സ്വന്തം ശരീരം ബലിയായി അര്‍പ്പിക്കുകയും ചെയ്തത് .

അവലംബം : കുരിശിലെ സുവിശേഷം

1 comment:

Johny said...

മനുഷ്യവര്‍ഗ്ഗത്തിന്‍റെ മുഴുവന്‍ പ്രതിനിധിയും രക്ഷിക്കപ്പെട്ട മനുഷ്യപ്രകൃതിയുടെ ഉറവിടവുമാണ് യേശുക്രിസ്തു