Friday, February 4, 2011

യേശുവിന്റെ ജനന തിയതി ?

പൌരാണിക ജനതകളുടെയിടയില്‍ത്തന്നെ വര്‍ഷങ്ങള്‍ എണ്ണുന്നതിനു നൂറിലധികം രീതികലുണ്ടായിരുന്നു. അവയില്‍ ഏറ്റവുമധികം അറിയപ്പെട്ടിരുന്നത് റോമന്‍ വര്‍ഷമാണെന്ന് പറയാം. റോമാനഗരത്തിന്റെ സ്ഥാപനത്തോടെയാണ് ഈ വര്ഷം ആരംഭിക്കുന്നത് .അതിനാല്‍ റോമന്‍ വര്‍ഷത്തെ കുറിച്ചിരുന്നത് a.u.c (ab urbe condita = നഗരത്തിന്റെ സ്ഥാപനത്തില്‍ നിന്നും) എന്ന അക്ഷരങ്ങള്‍ കൊണ്ടാണ് .അദിമ നൂറ്റാണ്ടുകളില്‍ ക്രൈസ്തവര്‍ ഉപയോച്ചിരുന്നതും റോമന്‍ വര്ഷം തന്നെയായിരുന്നു.

ആറാം നൂറ്റാണ്ടില്‍ റോമില്‍ ജീവിച്ചിരുന്ന ഡയനേഷ്യസ് എക്സിഗൂവുസ്‌ (Dionysius Exiguus +556) എന്നാ അബട്ടാണ് യേശുവിന്റെ ജനനം മുതല്‍ വര്‍ഷങ്ങള്‍ എണ്ണുന്ന രീതിക്ക് തുടക്കം കുറിച്ചത്. ഈ രീതിക്കാണ് ക്രിസ്തുവര്‍ശം എന്ന് പറയുക. AD (anno domini = കര്‍ത്താവിന്റെ വര്‍ഷത്തില്‍ ), BC (before christ) എന്ന ചുരുക്കെഴുത്ത് ഉപയോഗിക്കുന്നു.റോമ നഗരത്തിന്റെ സ്ഥാപനത്തിനു ശേഷം എത്രാമത്തെ വര്‍ഷത്തിലാണ് യേശു ജനിച്ചതെന്ന് കൃത്യമായി കണ്ടുപിടിക്കാന്‍ അന്നത്തെ മാര്‍പ്പാപ്പ ഡയനേഷ്യസിനോട് ആവശ്യപ്പെട്ടു.തന്റെ കണക്ക് കൂട്ടലിനു ഡയനേഷ്യസ് സ്വീകരിച്ചത് ,വി.ലൂക്കായുടെ സുവിശേഷം മൂന്നാമദ്ധ്യായത്തിലെ ഒന്നും രണ്ടും വാക്യങ്ങളാണ്. അവിടെ പറഞ്ഞിരിക്കുന്നതനുസരിച്ചു, സ്നാപകയോഹന്നാനു മരിഭൂമിയില്‍ വെച്ച് അരുളപ്പാടുണ്ടാകുകയും മാനസാന്തരത്തിന്റെ ജ്ഞാനസ്നാനം പ്രസംഗിച്ചുകൊണ്ട് അദ്ദേഹം ജോര്‍ദ്ധാന്റെ സമീപപ്രദേശങ്ങളിലേക്ക് വരുകയും ചെയ്തത് തിബേരിയസ്‌ സീസറിന്റെ മരണത്തിന്റെ 15 ആം വര്‍ഷമാണ്.യേശു യോഹന്നാനില്‍നിന്നു ജ്ഞാനസ്നാനം സ്വീകരിക്കാന്‍ വന്നതും തന്റെ പരസ്യജീവിതം ആരംഭിച്ചതും യോഹന്നാന്‍റെ വരവോടനുബന്ധിച്ചാണല്ലോ . അഗസ്റ്റസ് ചക്രവര്‍ത്തി മരിച്ചത് a.u.c 767 ആഗസ്റ്റു മാസം 19 ആം തിയതിയാണ് . അക്കൊല്ലം തന്നെ തിബേരിയസ്‌ സീസര്‍ ഭരണം തുടങ്ങിയതായി ഡയനേഷ്യസ് കണക്കുകൂട്ടി .അതനുസരിച്ച് ,യോഹന്നാന്റെ രംഗപ്രവേശം a.u.c 782(767+15)ല്‍ ആയിരികണമല്ലോ. യേശു പരസ്യജീവിതം ആരംഭിച്ചത് യോഹന്നാന്റെ രംഗപ്രേവേശനത്തിനു ശേഷമായതിനാല്‍ അത് a.u.c 783 ല്‍ ആയിരിക്കണമെന്ന നിഗമനമാണ് ഡയനേഷ്യസ് സ്വീകരിച്ചത്.

"പരസ്യജീവിതം ആരംഭിക്കുമ്പോള്‍ യേശുവിനു ഏകദേശം മുപ്പതു വയസ്സ് പ്രായമായിരുന്നു" ലൂക്ക 3:23 ല്‍ പറയുന്നുണ്ടല്ലോ ."ഏകദേശം" എന്ന് പറയുന്നതുകൊണ്ട്,മുപ്പതിനോട് അടുത്ത പ്രായമായിരിക്കണമെന്നു ഡയനേഷ്യസ് ഊഹിച്ചു .അത് 29 ആയി അദ്ദേഹം കണക്കുകൂട്ടി.a.u.c 783 ല്‍ പരസ്യജീവിതം ആരംഭിച്ചപ്പോള്‍ യേശുവിനു 29 വയസായിരുന്നെങ്കില്‍, അവിടുന്ന് ജനിച്ചത്‌ a.u.c.754 ല്‍ ആണല്ലോ .അങ്ങനെ യേശു ജനിച്ച വര്‍ഷമെന്ന് കരുതപെട്ട a.u.c 754 ക്രിസ്തുവര്‍ഷത്തിന്റെ തുടക്കമായി കരുതപ്പെടുകയും അതില്‍ നിന്ന് മുന്പോട്ടും പിന്പോട്ടും വര്ഷം എണ്ണുന്ന പതിവ് കാലക്രമേണ നടപ്പില്‍ വരുകയും ചെയ്തു.

കണക്കിലെ തെറ്റുകള്‍

എന്നാല്‍ ഡയനേഷ്യസിന്റെ കണക്ക് കൂട്ടലില്‍ ചില തെറ്റുകള്‍ പറ്റുകയുണ്ടായി

1. അഗസ്റ്റസ് ചക്രവര്‍ത്തി മരിച്ചത് a.u.c. 767 ല്‍ ആണെങ്കിലും തിബേരിയൂസ്‌ a.u.c.765 ല്‍ തന്നെ ചക്രവര്‍ത്തി (collega imperii)ആയി സ്ഥാനമേറ്റിരുന്നു .

2. യേശുവിന്റെ പരസ്യജീവിതം ആരംഭിച്ചത് സ്നാപകയോഹന്നാന്റെ രംഗപ്രേവേശം കഴിഞ്ഞ് അധികം താമസിയാതെയാണ് .അതിനാല്‍ ഇവ രണ്ടും ഒരേ വര്‍ഷത്തില്‍ സംഭവിക്കാനാണ് കൂടുതല്‍ സാധ്യത. ഡയനേഷ്യസ് കരുതിയതുപോലെ ഒരു വര്ഷം കഴിഞായിരിക്കില്ല .

3.പരസ്യജീവിതം ആരംഭിച്ചപോള്‍ യേശുവിനു 'ഏകദേശം' മുപ്പതു വയസ്സായിരുന്നു എന്ന് ലൂക്കാ സുവിശേഷകന്‍ പറയുന്നതുകൊണ്ട് ,അന്ന് യേശുവിന്റെ പ്രായം 30 ല്‍ കുറവായിരുന്നെന്നും അത് 29 ആണെന്നുമുള്ള ഡയനേഷ്യസിന്‍റെ നിഗമനവും അത്ര ശരിയല്ല . പരസ്യമായി പഠിപ്പിക്കുന്നതിനു ഒരു റാബിക്ക് 30 വയസ്സെങ്കിലും പ്രായമുണ്ടായിരിക്കണമെന്ന യാഹൂദനിയമത്തെ അനുസരിച്ചുകൊണ്ട് ,യേശുവിനു പരസ്യമായി പഠിപ്പിക്കുന്നതിനും , പ്രവര്ത്തിക്കുന്നതിനുമുള്ള പ്രായം തികഞ്ഞിരുന്നു എന്ന് സൂചിപ്പിക്കുക മാത്രമാണ് വി .ലൂക്ക ചെയ്യുന്നത് .

4.അന്ത്യോക്യക്കാരനായ ലൂക്ക റോമന്‍ രീതിയിലല്ല ,സിറിയന്‍ രീതിയിലാണ് തിബേരിയസ്‌ സീസറിന്റെ ഭരണത്തിന്റെ 15 ആം വര്ഷം കണക്ക് കൂട്ടിയിരിക്കാന്‍ സാധ്യത .അങ്ങനെയെങ്കില്‍ ,അത് ഡയനേഷ്യസ് കരുതുന്നതുപോലെ AD 28-29 അല്ല,AD 27-28 ആണ്.

വി. മത്തായിയുടെയും (2:1)വി .ലൂക്കായുടേയും (1:5)സുവിശേഷമനുസരിച്ച് ,യേശുവിന്റെ ജനനം പാലസ്തീനായില്‍ രാജാവായി ഭരിച്ചിരുന്ന ഹേറോദേസ്‌ ഒന്നാമന്റെ (Herod the Great) കാലത്തായിരുന്നു . ഹേറോദേസ്‌ ഒന്നാമന്‍ B.C. 4 ല്‍ മരിച്ചുവെന്നത് റോമന്‍ ചരിത്രരേഖകളിലും ഫ്ലാവിയൂസ്‌ ജോസഫൂസ്‌ എന്ന യഹൂദ ചരിത്രകാരന്റെ രേഖകളിലുംനിന്ന് വ്യക്തമാണ് .

ഈ പരിഗണനകള്‍ എല്ലാം വെച്ചുകൊണ്ട് പല ബൈബിള്‍ പന്ധിതന്മാരും അഭിപ്രായപ്പെടുന്നത് യേശു ജനിച്ചത്‌ B.C. 7 നും 4 നും ഇടയ്ക്ക് ആയിരിക്കണമെന്നാണ് . കൃത്യം ഏതു വര്‍ഷമെന്ന് തീര്‍ത്ത് പറയുവാന്‍ സാധ്യമല്ല. എങ്കിലും ,പ്രമുഖരായ പല ബൈബിള്‍ പന്ധിതന്മാരും ഇന്ന് മുന്‍തൂക്കം കൊടുക്കുന്നത് B.C.4 നാണ് .

യേശു ജനിച്ച മാസത്തെപ്പറ്റിയോ തിയതിയെപ്പറ്റിയോ ഒരറിവും ലഭ്യമല്ല .അവിടുത്തെ മരണത്തിനും ഉയിര്‍പ്പിനുമാണ് ആദിമസഭ ഊന്നല്‍ കൊടുത്തിരുന്നത് . ജനനത്തെപ്പട്ടിയുള്ള വിശദാംശങ്ങള്‍ക്ക് അവര്‍ അത്ര പ്രാധാന്യം കൊടുത്തില്ല .അവിടുത്തെ ജനനത്തിരുന്നാല്‍ അവര്‍ ആഘോഷിച്ചിരുന്നുമില്ല

ക്രിസ്മസാചരണം

ജര്‍മ്മന്‍ വംശജരുടെ ഇടയിലാണ് ആദ്യമായി യേശുവിന്റെ ജനമദിനം അഥവാ ക്രിസ്മസ് ആരംഭിച്ചുതുടങ്ങിയതെന്നു പറയാം .ക്രൈസ്തവരായിത്തീര്‍ന്നവരും അല്ലാത്തവരുമായ ജര്‍മ്മന്‍ വംശജര്‍ ഒരുപോലെ ആഘോഷിചിരുന്ന ഒന്നാണ് "പ്രകാശത്തിന്റെ പെരുന്നാള്‍ "(Lichfest).ഗ്രെഗോറിയന്‍ പഞ്ചാംഗം നവീകരണത്തിനുമുന്പു ദക്ഷിണായനാവസാനമായി (Winter solstice)കണക്കാക്കിയിരുന്ന ഡിസംബര്‍ 25 ആം തിയതിയാണ് ഈ പെരുന്നാള്‍ അവര്‍ ആചരിച്ചിരുന്നത് .ലോകത്തിന്റെ യഥാര്‍ത്ഥ പ്രകാശം യേശുവായതുകൊണ്ട് 'പ്രകാശത്തിന്റെ പെരുന്നാള്‍' ആയ ഡിസംബര്‍ 25 ആം തിയതിതന്നെ യേശുവിന്റെ ജന്മദിനമായി ആഘോഷിക്കാനും ,അങ്ങനെ ജര്‍മന്‍ വംശജരെ അന്ധവിശ്വാസത്തില്‍ നിന്ന് അകറ്റാനും വിശ്വാസത്തില്‍ ഉറപ്പിക്കാനും റോം തീരുമാനിച്ചു . അതിന്റെ ഫലമായി ആരംഭിച്ച ക്രിസ്മസ് ഇന്ന് ആ ദിവസം തന്നെ ആഘോഷിക്കപ്പെടുന്നു

Authore: ഡോ: സിപ്രിയന്‍ ഇല്ലിക്കമുറി

3 comments:

Johny said...

ആറാം നൂറ്റാണ്ടില്‍ റോമില്‍ ജീവിച്ചിരുന്ന ഡയനേഷ്യസ് എക്സിഗൂവുസ്‌ (Dionysius Exiguus +556 ) എന്ന അബട്ടാണ് യേശുവിന്റെ ജനനം മുതല്‍ വര്‍ഷങ്ങള്‍ എണ്ണുന്ന രീതിക്ക് തുടക്കം കുറിച്ചത്.

Luttu said...

thank you

sajan jcb said...

thank you for sharing this information