അള്‍ത്താരയെ ഉപേക്ഷിച്ച ഒരു ട്രാപ്പിസ്റ്റ് സന്യാസിയുടെ നൊബരക്കുറുപ്പിലൂടെ കടന്നുപോവുകയാണ് ഞാന്‍ . നഗരവിളുബിലെ ദേവാലയ സക്രാരിയാണ് അയാള്‍ .ഒരു രാത്രിയില്‍ മടങ്ങിയെത്തുബോള്‍ സഹസന്യാസികള്‍ അവരുടെ സെല്ലിലേക്ക് മടങ്ങിയിട്ടുണ്ട് .ഊട്ടുമേശയില്‍ അയാളുടെ വീതം അത്താഴം വിളബിയിട്ടുണ്ട്. കൈതൊട്ടപ്പോള്‍ ആലിപ്പഴംപോലെ തണുത്തിരിക്കുന്നു അത് .ഒന്ന് ചൂടാക്കിയെടുക്കാന്‍ ,അടുപ്പിലെ കനല്‍ കേട്ടിരിക്കുന്നു .തണുത്ത ഒരു കോപ്പസൂപ്പിനു മുബില്‍ അയാള്‍ ധ്യാനിക്കുന്നത് ഒരു കപ്പു ചായക്കുവേണ്ടിയാണ് .. ആരും കാത്തുനില്കാനില്ലാത്ത ഹൃദയ ശൈത്യംപോലെ തണുത്ത അത്താഴങ്ങളിലേക്ക് എന്തിനാണൊരാള്‍ മടങ്ങിയെത്തേണ്ടത് ...പ്രഭാതമായപ്പോള്‍ ആശ്രമം ഉപേക്ഷിച്ചു .എല്ലാം ഒരു കപ്പു ചായയ്ക്കുവേണ്ടിയായിരുന്നു. ചങ്ങാതി !
ഇയാള്‍ നിങ്ങള്‍ക്ക് ആരാണ് ? റോമന്‍ ചരിത്രത്തിന്റെ ആര്‍ക്കൈവ്സുകളെ ഓര്‍മ്മിപ്പിക്കുന്ന വിചിത്ര അങ്കികളുമായി നിങ്ങള്‍ക്ക് മുബില്‍ തളികയും ചഷകവും ആകാശങ്ങളിലേക്ക് ഉയര്‍ത്തുന്ന ഇയാള്‍ .. ഇതെന്റെ രക്തമാണ് മാംസമാണെന്നു ഉച്ചരിക്കുമ്പോള്‍ അയാളുടെ ശബ്ദം ഇടറുന്നതെന്തുകൊണ്ട് ,വീഞ്ഞില്‍ ചേര്‍ക്കുന്ന ഒരു തുള്ളി വെള്ളത്തില്‍ മിഴിനീരുപ്പു അലിയുന്നതെന്തുകൊണ്ട് ..പല നേരങ്ങളിലും സ്നേഹിക്കപ്പെടാതെ പോകുന്ന ഒരാള്‍, ഒരിക്കല്‍പോലും മനസ്സിലാക്കപ്പെടാതെ പോകുന്ന ഒരാള്‍. പലപ്പോഴും ബലിക്കും പ്രണയത്തിനും മധ്യെവിഭജിക്കപ്പെടുന്ന ഒരാള്‍ -പ്രണയത്തെ അയാള്‍ ബലിചെയ്തു .ബലിയോടയാള്‍ പ്രണയത്തിലകുന്നുമില്ല.
ഗുരുതുല്യനായ ഒരാള്‍ ഓര്‍മ്മപ്പെടുത്തുന്നു ,വാഗ്ദാത്തപേടകം വഹിച്ച പഴയനിയമത്തിലെ പുരോഹിത്ന്മാരെക്കുറിച്ച് .. നദിമുറിക്കുബോള്‍ അവര്‍ ആദ്യം ഇറങ്ങും ,കയരുബോഴാകട്ടെ ഏറ്റവും ഒടുവിലും ...(ജോഷ്വ 3:1-4) എല്ലാ അപകടങ്ങളിലെക്കും അയാള്‍ മുന്നേ ഇറങ്ങണം .ഒടുവിലത്തെ ആളും രക്ഷപെട്ടാല്‍ മാത്രമേ അയാള്‍ക്ക് രക്ഷപെടാന്‍ അവകാശമുള്ളൂ ..അന്തിയില്‍ സ്വന്തം കൂടാരങ്ങളുടെ വിശ്രമങ്ങളിലേക്ക് എത്തിയ അവരാരും അയാളെ ഓര്‍മ്മിക്കുന്നുണ്ടാവില്ല . പുഴ വീണ്ടും ഒഴുകുബോള്‍ അയാള്‍ക്കെന്തെങ്കിലും സംഭവിചിട്ടുണ്ടാകുമോ എന്ന കുഞ്ഞുമകളുടെ ചോദ്യത്തെ കുരിശുവരച്ചവഗണിച്ച് അത്താഴ വിരുന്നുകള്‍ ആരംഭിക്കുകയും ചെയ്യും ...പുഴ വരുബോള്‍ അയാള്‍ എന്ത് ചെയ്യും ?
ഒരു പുരോഹിതനെപ്പോലെ സ്വത്വ പ്രതിസന്ധി അനുഭവിക്കുന്ന ആരുണ്ട് ? ഞാനാരുടെ സ്വപനമാണെന്നുള്ള ഒരു വലിയ സമസ്യ അയാളെ നിരന്തരം പേടിപ്പിക്കുന്നു . ചില നേരങ്ങളില്‍ താനെവിടെയാണെന്നു തന്നെ അയാള്‍ മറന്നുപോകുന്നു .ദേവാലയത്തിലെ ബലിപീടത്തിനു താഴെ അന്തിയുറങ്ങിയ സാമുവേല്‍ എന്ന കുട്ടി ആ വിളിക്ക് കാരണം പുറത്ത് കൂടാരത്തില്‍ വസിക്കുന്ന ഏലിയോട് ചോദിക്കുന്നതുപോലെ , അയാള്‍ പലതിന്റെയും പൊരുള്‍ മദ്ബഹക്ക് പുറത്ത് തിരയുകയാണ് .
ഇടയനെന്ന പരികല്‍പ്പനയാണ് സെമിനാരിയില്‍ പരിശീലിപ്പിക്കപ്പെടുന്നത് .പുറത്ത് കാട്ടിക്കൊടുക്കുവാന്‍ സമൃദ്ധമായ പുല്‍മേടുകളും ,സ്വച്ഛമായ തടാകങ്ങളുമില്ലാത്ത ഈ കാലത്ത് അയാള്‍ ആരുടെ ഇടയനാകാനാണ് ... തിരുപ്പട്ടത്തിന്റെ തലേനാള്‍ ഒരു സുഹൃത്തിന്റെ സന്ദേശം കിട്ടി . ബലിയര്‍പ്പിക്കുന്നവനില്‍ നിന്ന് ബലിയിലേക്കുള്ള നിന്റെ ദൂരം കണ്ടെത്തുക .ക്രിസ്തു ആ ദൂരം കണ്ടെത്തി .തിരുവത്താഴത്തില്‍ ബലിയര്‍പ്പിച്ചയാള്‍ ഇരുപത്തിനാല് മണിക്കൂറുകള്‍ക്കുള്ളില്‍ ബലിയാടായി . ഈ ദൂരം കണ്ടെത്താത്തിടത്തോളം കാലം ഞാന്‍ അര്‍പ്പിക്കുന്ന കുര്ബാനകളൊക്കെ ക്രിസ്തുവിന്റെ ബലിയുടെ വികൃതമായ അനുകരണമായി മാത്രം അവശേഷിക്കുന്നു . പഴയനിയമത്തിലെ ഇസഹാക്കിനെപ്പോലെയാണ് ഞാന്‍ അള്‍ത്താരയിലേക്ക് എത്തുന്നത് .വിറകും തീയും കരുതിയിട്ടുണ്ട് .പക്ഷെ ,അപ്പാ ,ബലിക്കുള്ള കുഞ്ഞാട് എവിടെ ?...നീ തന്നെ ബലിവസ്തുവെന്നു എന്നോട് ആര് പറഞ്ഞുതരും .നിന്റെ ഏകാന്തത ,തണുത്ത അത്താഴം ,ഒറ്റപ്പെടല്‍ ,തിരസ്കരണം ,തെറ്റിദ്ധാരണയുടെ കനല്‍ ,പണിയാത്ത വീട് ,അവശേഷിപ്പിക്കാത്ത ജനിതക മുദ്രകള്‍ ഒക്കെ ബലിവഴികളിലെ അനിവാര്യതയാണെന്ന് അപ്പോള്‍ മാത്രമേ എനിക്ക് വെളിപ്പെട്ടു കിട്ടു .
കൌതുകകരമായ ഒരു നിരീക്ഷണം ഇതാണ് .ഭാരതീയ ചാതുര്‍വര്‍ണ്യത്തിന്റെ പാടങ്ങള്‍ ഉപയോഗിച്ചാല്‍ ക്രിസ്തുവിന്റെതു ഏതു വര്‍ണം ? പിറവികൊണ്ടു ക്ഷത്രിയന്‍ -ദാവിദിന്റെ വംശത്തില്‍ ജനിച്ചവന്‍ .തൊഴിലുകൊണ്ട് വൈശ്യന്‍ .സംസര്‍ഗം കൊണ്ട് ശൂദ്രന്‍ - വിജാതിയരുടെയും ചുങ്കക്കാരുടെയും ചങ്ങാതി .ധ്യാനം കൊണ്ടും ബലികൊണ്ടും പുരോഹിതന്‍ . ഒരേ സമയം നിന്നിലുണ്ടാകണം ഈ ചതുര്മാനങ്ങള്‍ .തോല്‍ക്കുന്ന യുദ്ധങ്ങളില്‍ ഏര്‍പ്പെടുന്ന പോരാളി ,വിയര്‍പ്പുകൊണ്ട് മാത്രം അപ്പം ഭക്ഷിക്കുന്ന പണിയാളന്‍ ,ഭ്രഷ്ട് അനുഭവിക്കുന്നവരുടെയും , വിളുബില്‍ വസിക്കുന്നവരുടെയും ചങ്ങാതി . പിന്നെ ധ്യാനത്തിന്റെ സാന്ദ്രതയും ബലിയുടെ ചെന്തീയും .
ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം .പെസഹാ പോലെത്ത ജീവിതം .വന്ന വഴികളോട് ക്രിതജ്ജതാപൂര്‍വ്വം നില്‍ക്കാനാകുക .ഒപ്പം എത്തേണ്ട ഇടങ്ങളോട് പൂര്‍ണ അവബോധവും . പലപ്പോഴും ചെറിയ ചെറിയ പായസക്കോപ്പകളില്‍ നമ്മുടെ ജീവിതം കുരുങ്ങുന്നു . എന്നിട്ട് എസാവിനെപ്പോലെ ശിഷ്ടകാലം
അത്മനിന്ദയില്‍ കലഹിച്ചു കൂട്ടുന്നു . കുറച്ചുകൂടി ആത്മ സംയമനങ്ങള്‍ കുറേക്കൂടി നല്ലൊരു പുരോഹിതന്‍ തീര്‍ത്തേനെ .പാനപാത്രമാണ് നിന്റെ നിയോഗം .ആദ്യത്തേത് ,മറവിയാണ് -രണ്ടാമത്തേത് പൊള്ളുന്ന ആചരണവും .
എന്നിട്ടും,
I love a man uncertain of his ends
Like a fruit tree in April
ഒടുവില്‍ എന്താകുമെന്ന് വ്യക്തതയില്ലാതെ നില്‍ക്കുന്ന ഏപ്രില്‍ മാസത്തിലെ പാഴ്മരങ്ങല്‍പ്പോലൊരാള്‍ .അയാളെ സത്യമായിട്ടും ഞാന്‍ സ്നേഹിക്കുന്നു .ആകാശക്കിളികള്‍ അത് കൊത്തിയെടുത്തെക്കാം .അതിന്റെ വിത്തുകള്‍ അവര്‍ ഒരു പക്ഷെ ഭദ്രമായി ഏതോ മണ്ണില്‍ പാകിയെക്കാം . ആരും കാണാതെ ഈ ഫലം അടര്‍ന്നു വീണേക്കാം. ഒരു പഥികന് പാഥേയമായേക്കാം ...അല്ലെങ്കില്‍ കൊടും വേനലില്‍ കരിഞ്ഞുപോയെക്കാം .
Author: ബോബി ജോസ് കട്ടികാട്
Wednesday, February 9, 2011
ദൈവത്തിന്റെ കുഞ്ഞാട്
Subscribe to:
Post Comments (Atom)
2 comments:
തിരുപ്പട്ടത്തിന്റെ തലേനാള്‍ ഒരു സുഹൃത്തിന്റെ സന്ദേശം കിട്ടി . ബലിയര്‍പ്പിക്കുന്നവനില്‍ നിന്ന് ബലിയിലേക്കുള്ള നിന്റെ ദൂരം കണ്ടെത്തുക.
കൌതുകകരമായ ഒരു നിരീക്ഷണം ഇതാണ് .ഭാരതീയ ചാതുര്‍വര്‍ണ്യത്തിന്റെ പാടങ്ങള്‍ ഉപയോഗിച്ചാല്‍ ക്രിസ്തുവിന്റെതു ഏതു വര്‍ണം ? പിറവികൊണ്ടു ക്ഷത്രിയന്‍ -ദാവിദിന്റെ വംശത്തില്‍ ജനിച്ചവന്‍ .തൊഴിലുകൊണ്ട് വൈശ്യന്‍ .സംസര്‍ഗം കൊണ്ട് ശൂദ്രന്‍ - വിജാതിയരുടെയും ചുങ്കക്കാരുടെയും ചങ്ങാതി .ധ്യാനം കൊണ്ടും ബലികൊണ്ടും പുരോഹിതന്‍ . ഒരേ സമയം നിന്നിലുണ്ടാകണം ഈ ചതുര്മാനങ്ങള്‍ .തോല്‍ക്കുന്ന യുദ്ധങ്ങളില്‍ ഏര്‍പ്പെടുന്ന പോരാളി ,വിയര്‍പ്പുകൊണ്ട് മാത്രം അപ്പം ഭക്ഷിക്കുന്ന പണിയാളന്‍ ,ഭ്രഷ്ട് അനുഭവിക്കുന്നവരുടെയും , വിളുബില്‍ വസിക്കുന്നവരുടെയും ചങ്ങാതി . പിന്നെ ധ്യാനത്തിന്റെ സാന്ദ്രതയും ബലിയുടെ ചെന്തീയും .
---
അത് കൌതുകകരമായി . നന്ദി.
Post a Comment