Thursday, March 24, 2011

ബ്രഹ്മചര്യം

"അവന്‍ പറഞ്ഞു : കൃപ ലഭിച്ചവരല്ലാതെ മറ്റാരും ഈ ഉപദേശം ഗ്രഹിക്കുന്നില്ല . എന്തെന്നാല്‍ ,ഷന്ധരായി ജനിക്കുന്നവരുണ്ട് ; മനുഷ്യരാല്‍ ഷന്ധരാക്കപ്പെടുന്നവരുണ്ട് ; സ്വര്‍ഗരാജ്യത്തെപ്രതി തങ്ങളെത്തന്നെ ഷന്ധരാക്കുന്നവരുണ്ട് .ഗ്രഹിക്കാന്‍ കഴിവുള്ളവര്‍ ഗ്രഹിക്കട്ടെ" (മത്തായി 19:11-12) ദൈവകൃപയാല്‍ ,ദൈവസ്നേഹത്താല്‍ ജ്വലിച്ച് ദൈവഹിതം നിറവേറ്റി ജീവിക്കുന്നതിനു കര്‍തൃകരങ്ങളിലേക്ക് എല്ലാമുപേക്ഷിച്ചുകൊണ്ടുള്ള ഒരു വിശ്വാസിയുടെ സ്വയം സമര്‍പ്പണമാണ് ബ്രഹ്മചര്യം . ബ്രഹ്മചര്യജീവിതം ഒരു ജീവിത സാക്ഷൃവും ഈ ലോകത്തിന്റെ നശ്വരതയെ ഓര്‍മ്മപ്പെടുത്തുന്ന പ്രവാചകജീവിതവുമാണ് .ക്രൈസ്തവഭാഷയില്‍ പറഞ്ഞാല്‍ ഇത് കൃപ ലഭിച്ചവര്‍ നടത്തുന്ന സ്വയം സമര്‍പ്പണമാണ് .

യേശു അപ്പസ്തോലന്മാരെ വിളിച്ചു വേര്‍തിരിച്ചു കൂടെ വസിപ്പിച്ചു അവര്‍ക്ക് സ്വര്‍ഗരാജ്യത്തിന്റെ നിധികള്‍ കൈമാറി .യഥാര്‍ഥ നിധി കണ്ടെത്തിയവര്‍ എല്ലാം വിറ്റ് , എല്ലാം ഉപേക്ഷിച്ച് ജീവന്റെ നിധിയായ ക്രിസ്തുവിനെ സ്വന്തമാക്കി . സ്വാര്‍ഥതലങ്ങള്‍ക്കപ്പുറം ദൈവസ്നേഹത്തിന്റെയും സഹോദരസ്നേഹത്തിന്റെയും ആഴങ്ങള്‍ അനുഭവിച്ചു . ദൈവസ്നേഹമാകുന്ന സാഗരത്തില്‍ മുങ്ങിയവര്‍ ദൈവസ്നേഹാഗ്നിയാല്‍ ജ്വലിച്ചു അവര്‍ ക്രിസ്തുവിനോടുള്ള സ്നേഹത്താല്‍ ഉജ്ജ്വലിച്ച് തങ്ങളുടെ മനസ്സിനെയും ആത്മാവിനെയും സമ്പൂര്‍ണമായി കര്‍ത്താവിനു വിട്ടുകൊടുത്തു . കര്‍ത്താവിന്റെ മഹത്വത്തിനും സ്വര്‍ഗരാജ്യത്തിനുമായി ജീവിച്ചുതുടങ്ങിയവര്‍ വിവാഹജീവിതത്തെക്കുറിച്ചു ചിന്തിക്കാതെയായി .ക്രിസ്തുവിന്റെ സ്നേഹം ആത്മാവിലും മനസ്സിലും ശരീരത്തിലും നിറഞ്ഞുകവിയുമ്പോള്‍ പക്വതയാര്‍ന്ന സ്നേഹം മൂലം ക്രിസ്തുവില്‍ ,ക്രിസ്തുവിനോടൊപ്പം ,ക്രിസ്തുവിനുവേണ്ടി മാത്രം ജീവിക്കുന്നു .അപ്പോള്‍ ,ഈ നശ്വരലോകത്തിലെ എല്ലാ പ്രേമങ്ങളും അഗണൃമായി കരുതി വലിച്ചെറിഞ്ഞു ക്രിസ്തുവുമായി ഒന്നായിതീര്‍ന്നു ക്രിസ്തുവിന്റെ ജീവിക്കുന്ന സാക്ഷൃമായി രൂപാന്തരപ്പെടുന്നു . "എന്നാല്‍ ,എനിക്ക് ലാഭാമായിരുന്ന ഇവയെല്ലാം ക്രിസ്തുവിനെപ്രതി നഷ്ടമായി ഞാന്‍ കണക്കാക്കി . ഇവമാത്രമല്ല,എന്റെ കര്‍ത്താവായ യേശുക്രിസ്തുവിനെപ്പറ്റിയുള്ള ജ്ഞാനം കൂടുതല്‍ വിലയുള്ളതാകയാല്‍ സര്‍വ്വവും നഷ്ടമായിത്തന്നെ ഞാന്‍ പരിഗണിക്കുന്നു . അവനെപ്രതി ഞാന്‍ സകലതും നഷ്ടപ്പെടുത്തുകയും ഉച്ചിഷ്ടം പോലെ കരുതുകയുമാണ് . ഇത് ക്രിസ്തുവിനെ നേടുന്നതിനും അവനോടുകൂടെ ഒന്നായി കാണപ്പെടുന്നതിനും വേണ്ടിയത്രെ "(ഫിലി 3:7-9).ക്രിസ്തു ഭരമേല്പിച്ച രക്ഷാദൌത്യം എല്ലാ സുഖസൌകര്യങ്ങളും തൃജിച്ചു നിറവേറ്റുന്നു . ഇതാണ് യഥാര്‍ത്ഥ ബ്രഹ്മചര്യം .

തന്റെ ഏകജാതനെ നല്കത്തക്കവിധം ലോകത്തെ അത്രമാത്രം സ്നേഹിച്ച പിതാവിന്റെ സ്നേഹം ,മനുഷ്യനായ ദൈവപുത്രന്റെ പീഡാനുഭവത്തിലൂടെയും മരണത്തിലൂടെയും വെളിവാക്കപ്പെട്ട സ്നേഹം ,പരിശുദ്ധാത്മ ആവാസത്തിലൂടെ ചോരിയപ്പെടുന്ന അനന്ത സ്നേഹം ഇവയെല്ലാം ഗ്രഹിക്കുമ്പോള്‍ ക്രിസ്തു ശിഷ്യര്‍ക്കു തങ്ങളെത്തന്നെ ദൈവത്തിനു വിട്ടുകൊടുക്കാതിരിക്കാനാവുമോ ?."യേശു അവരോടു പറഞ്ഞു : ഈ യുഗത്തിന്റെ സന്താനങ്ങള്‍ വിവാഹം ചെയ്യുകയും ചെയ്തുകൊടുക്കുകയും ചെയ്യുന്നു . എന്നാല്‍ ,വരാനിരിക്കുന്ന യുഗത്തെ പ്രാപിക്കുന്നതിനും മരിച്ചവരില്‍നിന്നു ഉയിര്‍ക്കുന്നതിനും യോഗ്യരായവര്‍ വിവാഹം ചെയ്യുകയോ ചെയ്തുകൊടുക്കുകയോ ഇല്ല .പുനരുഥാനത്തിന്റെ മക്കള്‍ എന്ന നിലയില്‍ അവര്‍ ദൈവദൂതന്മാര്‍ക്കു തുല്യരും ദൈവമക്കളുമാണ് "(ലൂക്ക 20:34-36).വിവാഹത്തിനും വൈവാഹിക ജീവിതത്തിനും ലോകത്തില്‍ മാത്രമേ പ്രസക്തിയൊള്ളൂ .വരാനിരിക്കുന്ന ലോകത്തില്‍ ഇത് അപ്രസക്തമാണ് .അതുകൊണ്ട് , ലോകത്തില്‍ ജീവിക്കുമ്പോഴും വരാനിരിക്കുന്ന ലോകത്തിന്റെതായി ജീവിക്കുന്നവരാണ് ബ്രഹ്മചാരികള്‍ .അതുപോലെ വരാനിരിക്കുന്ന നിത്യജീവിതത്തിന്റെ ലോകത്തിലെ പതിപ്പും മുന്നാസ്വാദനവും സാക്ഷൃവുമാണ് ബ്രഹ്മചര്യ ജീവിതം ."..അവിവാഹിതന്‍ കര്‍ത്താവിനെ എങ്ങനെ സംപ്രീതനാക്കാം എന്നു ചിന്തിച്ചു കര്‍ത്താവിന്റെ കാര്യങ്ങളില്‍ തല്പരനാകുന്നു .വിവാഹിതന്‍ സ്വഭാര്യയെ എങ്ങനെ പ്രീതിപ്പെടുത്താമെന്നു ചിന്തിച്ചു ലൌകികകാര്യങ്ങളില്‍ തല്പരനാകുന്നു .അവന്റെ താല്പര്യങ്ങള്‍ വിഭജിക്കപ്പെട്ടിരിക്കുന്നു ."(1കോറി 32). ബ്രഹ്മചര്യ ജീവിതത്തിന്റെ ആകുലതകള്‍ മുഴുവന്‍ ക്രിസ്തുവിനെ എങ്ങനെ പ്രീതിപ്പെടുത്താമെന്നാണ് .ക്രിസ്തുവില്‍ നിന്നകന്നാല്‍ ബ്രഹ്മചര്യ ജീവിതത്തിന്റെ മാധുര്യവും ലഹരിയും നഷടമാകും ജീവിതം പരാജയമടയും .പലര്‍ക്കും സംഭവിച്ചു പോകുന്നതിതാണ് .

വൈദിക ബ്രഹ്മചര്യത്തിലൂടെ ദൈവകൃപയെ നിര്‍ബന്ധമാക്കിയെന്നു വാദിക്കുന്നവരുണ്ട് . ദൈവത്താല്‍ വിളിക്കപ്പെട്ടവരും ദൈവകൃപലഭിച്ചവരുമായ മനുഷ്യരുടെ സമൂഹമാണ് സഭ . സഭ ബ്രഹ്മചര്യമെന്ന കൃപ വൈദികര്‍ക്ക് നിര്‍ബന്ധമാക്കിയെന്നു പറയുന്നതിനേക്കാള്‍ കൂടുതല്‍ ശരി ബ്രഹ്മചര്യമെന്ന ദൈവകൃപ പ്രാപിക്കുന്ന്വര്‍ക്ക് മാത്രമേ പൌരോഹിത്യം നല്കുന്നൊള്ളൂ എന്ന് പറയുന്നതാണ് .യേശുക്രിസ്തുവിന്റെ പൌരോഹിത്യത്തില്‍ പങ്കാളികളാകുന്നവര്‍ തന്റെ മാത്രമായിരിക്കണമെന്നു ആഗ്രഹിക്കാന്‍ ക്രിസ്തുവിനു അവകാശമില്ലേ?

അപ്പസ്തോലനായ പൌലോസ് ബ്രഹ്മചാരിയായിരുന്നു "എല്ലാവരും എന്നെപ്പോലെയായിരുന്നെകില്‍ എന്ന് ഞാന്‍ ആശിക്കുന്നു . എന്നാല്‍ ,ദൈവത്തില്‍ നിന്ന് ഓരോരുത്തര്‍ക്കും പ്രത്യക ദാനങ്ങളാണല്ലോ ലഭിക്കുന്നത് "(1കൊറി7:7) ഉള്ളും ഉള്ളതും ,ആത്മാവും ശരീരവും മുഴുവനുമായി ദൈവത്തിനു കാഴ്ചയായി അര്‍പ്പിച്ചു ദൈവത്തെയും മനുഷ്യരെയും ശുശ്രൂഷിച്ചു ജീവിക്കുന്നതിനു ആത്മസംയമനം ആവശ്യമാണ് .സംയമനം പാലിക്കാന്‍ കഴിയാത്തവര്‍ എന്ത് ചെയ്യണമെന്നു പൌലോസ് ശ്ലീഹ ഓര്‍മിപ്പിക്കുന്നു "എന്നാല്‍ സംയമനം സാധ്യമല്ലാത്തവര്‍ വിവാഹം ചെയ്യട്ടെ .വികാരം കൊണ്ട് ദഹിക്കുന്നതിനേക്കാള്‍ വിവാഹം ചെയ്യുന്നതാണ് നല്ലത് " (1കൊറി 7:9).ഒറ്റപ്പെട്ട വ്യക്തിളുടെ ജീവിത പരാജയങ്ങളെ പ്രര്‍വ്വതീകരിച്ചു കാണിച്ചു ബ്രഹ്മചര്യത്തിന്റെ അന്തസത്തയും ദൈവിക ചൈതന്യത്തെയും നിഷേധിക്കെണ്ടതില്ല . ക്രിസ്തുവിനോടുള്ള സ്നേഹതീഷ്ണതയില്‍ ജീവിച്ചാല്‍ ബ്രഹ്മചര്യം വഹിക്കാനെളുപ്പമുള്ള നുകമാണ് . ക്രിസ്തു സ്നേഹത്തില്‍ നിന്നകന്നാല്‍ ബ്രഹ്മചര്യം വിവാഹം കഴിക്കാതിരിക്കുന്ന അവസ്ഥയിലേക്ക് തരാം താഴുകയോ അസാധ്യമായി തീരുകയോ ചെയ്യും .ബ്രഹ്മചാരിയായി ദൈവരാജ്യത്തിന്റെ ദൌത്യത്തിനുവേണ്ടി ജീവിക്കാന്‍ യേശു സ്വതന്ത്രമായ തീരുമാനമെടുത്തത് ലൈംഗികതയെ തിന്മയായിക്കരുതി വെറുത്തുകൊണ്ടല്ല , ദൈവരാജ്യത്തെ പരമനന്മയായിക്കരുതി കൂടുതല്‍ സ്നേഹിച്ചതുകൊണ്ടാണ് . ഇഷ്ടമില്ലാത്ത ഒരു കാര്യമല്ല ദൈവരാജ്യത്തിനുവേണ്ടി അവിടുന്ന് തൃജിച്ചത് ,പിന്നെയോ ഇഷ്ടവും താല്പര്യവും ഉള്ള കാര്യം തന്നെയാണ് .യേശുവിനെ അനുഗമിച്ച് ഇന്ന് ബ്രഹ്മചര്യം തിരഞെടുക്കുന്ന യുവതീയുവാക്കളും ലൈംഗികതയെ ഇഷ്ടപെടാതെയല്ല ,യേശുവിനെ കൂടുതല്‍ ഇഷ്ടപെടുന്നതുകൊണ്ടാണ് ഈ തീരുമാനം എടുക്കുന്നത് .

യേശുവും ബ്രഹ്മചര്യവും

യേശു പൂര്‍ണ്ണ മനുഷ്യനും പൂര്‍ണ്ണദൈവവുമാണെന്ന് നാം വിശ്വസിക്കുന്നു. എങ്കിലും പ്രായോഗികമായി അവിടുത്തെ പൂര്‍ണ്ണമനുഷ്യത്വത്തെ അംഗീകരിക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടുള്ളതായിട്ടാണ് കാണുന്നത്.നാടകത്തില്‍ ഒരു നടന്‍ ഒരു കഥാപാത്രത്തിന്റെ വേഷമണിയുന്നതുപോലെ ,മനുഷ്യാവതാരത്തില്‍ ദൈവം മനുഷ്യന്റെ ശരീരം ധരിച്ചു മനുഷ്യനെപ്പോലെ കാണപ്പെടുക മാത്രമാണ് ചെയ്തത് എന്ന് പലരും കരുതുന്നു. ഇത് "ഡോസറ്റിസം" എന്ന് പറയുന്ന പാഷണ്ടതാസിദ്ധാന്തമാണ് . ക്രൈസ്തവ വിശ്വാസം പഠിപ്പിക്കുന്നത്‌ ദൈവം പൂര്‍ണ്ണ മനുഷ്യന്‍ ആയി എന്നാണു . ഒരു പൂര്‍ണ്ണ മനുഷ്യന്റെതായ ശരീരവും മനസ്സും ബുദ്ധിയും ഹൃദയവും വിചാരങ്ങളും വികാരങ്ങളും സ്വാതന്ത്രവും അത്മാവബോധവുമെല്ലാം യേശുവിനും ഉണ്ടായിരുന്നു .

സന്മാര്‍ഗത്തിന്റെയും സദാചാരത്തിന്റെയും തലത്തില്‍ വിശിഷ്യ ലൈംഗികമന്ധലത്തില്‍ , യേശുവിനു പ്രലോഭനം അനുഭവപ്പെട്ടിരിക്കുമോ ?.സുവിശേഷം അതെപ്പറ്റി ഒന്നും പറയുന്നില്ല. അതിനാല്‍ ,യേശുവിന്റെ പ്രലോഭനത്തിനുള്ള സാധ്യതയെപ്പറ്റി മാത്രമേ പറയാന്‍ കഴിയൂ . എങ്കിലും പൊതുവേ പറഞ്ഞാല്‍ ,അനുവദനീയമല്ലെന്നു മനസ്സാക്ഷി പറയുന്നെങ്കിലും അഭികാമ്യമെന്നു മനസില്‍ തോന്നുന്ന ഒരു കാര്യം തിരഞെടുക്കാനുള്ള പ്രേരണയും അത് വ്യക്തിയില്‍ സംജാതമാക്കുന്ന ആന്തരിക സഘട്ടനമാണെന്നു പറയാം ,സന്മാര്‍ഗത്തിന്റെയും സദാചാരത്തിന്റെയും തലത്തിലുള്ള പ്രലോഭനം. തിന്മയിലെക്കുള്ള ബാഹ്യമായ പ്രേരണയോടു ആന്തരികമായ ഇച്ഛയും ഒന്ന് ചേര്‍ന്ന് രക്ഷയ്ക്ക് അപകടകരമായിത്തീരുന്നു ഇങ്ങനെയുള്ള പ്രലോഭനങ്ങള്‍ .ഇവ പല ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത് .നന്മയിലേക്കുള്ള മൌലികമായ ചായ്‌വ്, ജീവിതമൂല്യങ്ങലോടുള്ള ആദരവ് , പൊതുവെയുള്ള ആത്മനിയന്ത്രണം, സ്വാര്‍തയോടുള്ള നിഷ്കര്‍ഷമായ നിലപാട് ഇവയൊക്കെ പ്രലോഭനങ്ങളെ ലഘൂകരിക്കുകയും തിന്മയെ തിരസ്കരിക്കാനും നന്മയെ തിരഞെടുക്കുവാനും സഹായിക്കുകയും ചെയ്യും . മറിച്ചു തിന്മയിലെക്കുള്ള മൌലികമായ ചായ്‌വ്, ഗതകാല പാപങ്ങള്‍ ,പാപത്തിനുള്ള തഴക്കം ,പാപത്തിലനുഭവിച്ച സുഖത്തെപ്പട്ടിയുള്ള ഓര്‍മ്മയും അതിനോടുള്ള വൈകാരിക മമതയും ,ഭോഗാസക്തി ,ക്രമവും ചിട്ടയുമില്ലാത്ത ജീവിതരീതി ,അത്മസംയമനമില്ലായ്മ ഇവയൊക്കെ പ്രലോഭനങ്ങളെ രൂക്ഷമാക്കുകയും നന്മയുടെ തിരഞെടുപ്പ് കൂടുതല്‍ ദുഷ്കരമാക്കുകയും ചെയ്യും .

ഉദാഹരണമായി മദ്യപാനത്തിനുള്ള പ്രലോഭാനമെടുക്കാം .ദൈവത്തെയും സഹോദരനെയും സ്നേഹിക്കുകയും മൌലികമായി നന്മയിലേക്ക് ചാഞ്ഞിരിക്കുകയും ജീവിതമൂല്യങ്ങളെ ആദരിക്കുകയും സുഖഭോഗാതികളുടെ കാര്യത്തില്‍ മിതത്വവും അത്മസംയമനവും പാലിക്കുകയും ചെയ്യുന്ന ഒരു വ്യക്തിക്ക് അപൂര്‍വ്വമായേ മദ്യപാനത്തിനുള്ള പ്രലോഭനം ഉണ്ടാവുകയൊള്ളൂ .ഉണ്ടായാലും അത് നിസാരമായ ഒന്നായിരിക്കും .അതുപോലെ തന്നെ ,മദ്യം നാളിതുവരെ കഴിച്ചിട്ടില്ലാത്ത ഒരാള്‍ക്ക്‌ മദ്യപാനത്തിനുള്ള പ്രലോഭനം തീര്‍ത്തും ലഘുവായിരിക്കും .എളുപ്പത്തില്‍ ജയിച്ചടക്കാനും കഴിയും .എന്നാല്‍ ചിലപ്പോഴൊക്കെ മദ്യപിച്ചിട്ടുള്ള ഒരാള്‍ക്ക്‌ മദ്യത്തോട്‌ കൂടുതല്‍ താല്പര്യം തോന്നും .മുമ്പ് മദ്യപിച്ചിട്ടുള്ള ഓര്‍മ്മയും അന്നൊക്കെ ലഭിച്ച സുഖാനുഭൂതിയുമെല്ലാം അയാളുടെ ഭാവനയെ ഉജ്ജീവിപ്പിക്കുകയും മദ്യത്തോടുള്ള ആകര്‍ഷകത്വം വര്‍ദ്ധിപ്പിക്കുകയും ചെയ്തു പ്രലോഭനത്തെ ഗുരുതരമാക്കും .മദ്യപാനം തഴക്കമായിത്തീര്‍ന്ന ആള്‍ക്കോ പ്രലോഭനം തീവ്രമായിരിക്കും .കാരണം അയാളുടെ മനസ്സും ഭാവനയും വികാരങ്ങളുമെല്ലാം മദ്യത്തിന്റെ മായിക ശക്തിക്ക് അടിമപ്പെട് മദ്യാസക്തിയെ ഊതിയൂതി ഉജ്ജീവിപ്പിച്ചുകൊണ്ടാണിരിക്കുന്നത് .നീണ്ടതും ഉഗ്രവുമായ ഒരു സമരം തന്നെ അയാള്‍ ചെയ്യേണ്ടി വരും ,പ്രലോഭനത്തെ പരാജയപ്പെടുത്തുവാന്‍ .ലൈംഗികതയുടെ കാര്യത്തിലും ഇത് തന്നയാണ് സംഭവിക്കുന്നത് .ഈ യാഥാര്‍ത്ഥ്യം മനസ്സില്‍ വച്ചുകൊണ്ടുവേണം യേശുവിനു ലൈംഗികമായ പ്രലോഭനം ഉണ്ടായിരുന്നിരിക്കുമോ എന്ന് വിചിന്തനം ചെയ്യുവാന്‍ .

ദൈവഹിതത്തിനെതിരായി ലൈംഗിക താല്പര്യത്തെ തൃപ്തിപ്പെടുത്താനുള്ള എന്തെങ്കിലു പ്രലോഭനം യേശുവിനുണ്ടാകാന്‍ സാധ്യതയുണ്ടായിരുന്നോ എന്ന ചോദ്യത്തിനു താത്വികമായി ഉണ്ടായിരുന്നു എന്ന് തന്നെ പറയേണ്ടിവരും . നമ്മുടെ പാപങ്ങളുടെ ശിക്ഷ ഏറ്റുവാങ്ങി നമ്മെ രക്ഷിക്കാന്‍ മനുഷ്യനായ ദൈവകുമാരന്‍ , പാപമൊഴിച്ച് എല്ലാക്കാര്യങ്ങളിലും നമുക്ക് തുല്യനാകാന്‍ വേണ്ടി സൃഷ്ടിയുടെ ആരംഭം മുതലുള്ള മനുഷ്യകുലത്തിന്റെ പാപം (ഉത്ഭാവപാപം )ബലഹീനമാക്കിയ ആ മനുഷ്യപ്രകൃതിതന്നെ സ്വീകരിക്കുകയും അങ്ങനെ ആന്തരികമായ പ്രലോഭനം ഉണ്ടാകാനുള്ള സാധ്യതപോലും സ്വമനസ്സാ ഏറ്റെടുക്കുകയും ചെയ്തെങ്കില്‍ ,അത് അവിടുത്തേക്ക് അനുചിതമായിപ്പോയി എന്ന് വിധിക്കാന്‍ നമ്മുക്കവകാശമില്ല .യേശുവിനു ഉത്ഭവപാപമില്ലായിരുന്നു, അതിനാല്‍ ഉത്ഭവപാപതിന്റെ ഫലമായി മനുഷ്യപ്രകൃതിക്ക് നേരിട്ട ബലഹീനതകളില്‍ നിന്നെല്ലാം അവിടുന്ന് മോചിതനായിരുന്നു എന്ന് വാദിക്കുന്നവരുണ്ട് .ഉത്ഭവപാപതിന്റെ ഫലമായി കരുതപ്പെടുന്ന വേദനയും മരണവുമെല്ലാം അവിടുന്ന് സ്വമനസ്സാ സ്വീകരിച്ചെങ്കില്‍ ആന്തരികപ്രലോഭനത്തിനു വിധേയമായ ദുര്‍ബല മനുഷ്യപ്രകൃതിയും അവിടുന്ന് സ്വീകരിച്ചു എന്ന് വിചാരിക്കുന്നതില്‍ അപാകതയൊന്നുമില്ല .ഈ ദുര്‍ബലമനുഷ്യപ്രകൃതിയിലും നമുക്ക് തുല്യനായി ,ആന്തരിക പ്രലോഭനങ്ങളെയും നേരിട്ട് ,ദൈവഹിതം സര്‍വ്വോപരി മുറുകെപ്പിടിച്ചുകൊണ്ട് ഈ പ്രലോഭനങ്ങളെയെല്ലം അവിടുന്ന് ജയിച്ചടക്കിയെങ്കില്‍ ,അത് അവിടുത്തെ മഹത്വത്തിനു ഒരു കോട്ടവും വരുത്തുന്നില്ല .

മനസ്സും ഹൃദയവും വികാരങ്ങളും പഞ്ചേന്ത്രിയങ്ങളും ശരീരവും അത്മാവുമെല്ലാം സമ്യക്കായി ഒത്തിണങ്ങി പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിയായാണ് സുവിശേഷങ്ങള്‍ യേശുവിനെ സാക്ഷയപ്പെടുത്തുന്നത് .കൂടാതെ പിതാവിന്റെ ഇഷടതിനു പൂര്‍ണമായി സമര്‍പ്പിക്കപ്പെട്ട ഒന്നായിരുന്നു യേശുവിന്റെ ജീവിതം .അങ്ങനെ ദൈവത്തിന്റെ തിരുമനസ്സുമായി സദാ ഐക്യപ്പെട്ടിരുന്ന ,ശാരീരിക മന്ധലങ്ങളുടെമേല്‍ പൂര്‍ണ്ണമായ അത്മനിയന്ത്രണം പാലിച്ചിരുന്ന ,പാപത്തിന്റെ നിഴലല്പംപോലും ഏശാത്ത ,പരിശുദ്ധാരൂപിയാല്‍ സദാ ആനീതനായിരുന്ന യേശുവിന്റെ ജീവിതത്തില്‍ ,ആന്തരിക പ്രലോഭനത്തിനുള്ള സാധ്യത താത്വികമായി അംഗീകരിക്കുമ്പോള്‍ ത്തന്നെ ,ആ പ്രലോഭനം സാധാരണ മനുഷ്യര്‍ക്കുണ്ടാകുന്ന പ്രലോഭനങ്ങളില്‍ നിന്ന് തുലോം വ്യത്യസ്ഥമാണെന്നു പറയേണ്ടിയിരിക്കുന്നു .



Related Post

ലൈംഗികതയും ബ്രഹ്മചര്യവും

Monday, March 14, 2011

മുസ്ളീമിനെ തിരിച്ചറിയുക!

നിങ്ങളോട് ആരാണു പറഞ്ഞത് മുസ്ളീം, തീവ്രവാദിയാണെന്ന്? ക്രൂരനും വിധ്വംസകനും രാജ്യത്തോടു കൂറില്ലാത്തവനും സര്‍വ്വോപരി അതിക്രൂരനും ആണെന്ന്. അയാള്‍ മനുഷ്യനാണ്. മറ്റാരെയും പോലെ ശാന്തനും മനുഷ്യസ്നേഹിയും ദീനദയാലുവും സഹായിയും കാരുണ്യവാനും സഹോദരതുല്യം എല്ലാവരെയും സ്നേഹിക്കുന്നവനുമാണ്.
അഞ്ചുനേരം നിസ്കരിക്കുകയും അള്ളാഹുവിനോടു ഹൃദയം തുറന്നു പ്രാര്‍ത്ഥിക്കുകയും, ചെയ്ത തെറ്റുകള്‍ക്ക് ാപ്പപേക്ഷിക്കുകയും ചെയ്യുന്നവനാണ്. പിറന്ന മണ്ണിനോടു കൂറും ഹിന്ദുസഹോദരന്മാരോടും ക്രിസ്ത്യന്‍ സഹോദരങ്ങളോടും സ്നേഹവും വച്ചു പുലര്‍ത്തുകയും ഗ്രാമീണജനതയുടെയും നാഗരികജനതയുടെയും സഹയാത്രികനായി സമൂഹത്തിന്റെ അവിഭാജ്യഘടകമായി ജീവിക്കുകയും ചെയ്യുന്നവനാണ്. ഇത്രയുമൊക്കെ എനിക്കു തോന്നുകയും എന്റെ മുന്‍ ധാരണകള്‍ തിരുത്തിക്കുറിക്കുകയും ചെയ്തത് അടുത്തൊരു ദിവസം സാദിക് അഹമ്മദ് സംവിധാനം ചെയ്ത 'ആദാമിന്റെ മകന്‍ അബു' എന്ന സിനിമ കണ്ടപ്പോഴാണ്; ശീര്‍ഷകത്തിലെ അബു എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സലിം കുമാറിനെ തിരിച്ചറിഞ്ഞപ്പോളാണ്. നിങ്ങളുടെ മുന്നില്‍ പൊട്ടിച്ചിരിയുടെ മത്താപ്പൂ വിതറുന്ന സലിം കുമാര്‍ അബു എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ അത് എന്റെ മനസ്സില്‍ സൃഷ്ടിച്ച അനുരണനം ഒട്ടും ചെറുതല്ല.

ഒരു തനിഗ്രാമീണനാണ് അബു. ശുദ്ധനായ നാട്ടിന്‍പുറത്തുകാരന്‍. പറക്കമുറ്റിയപ്പോള്‍ മകന്‍ കല്യാണം കഴിച്ച് വേറെവിടെയോ പോയി താമസമാക്കി. അയാള്‍ പ്രായമായ ഉപ്പയെയും ഉമ്മയെയും അന്വേഷിക്കാത്തതില്‍ ഒട്ടും പരിഭവമില്ല അബുവിന്. അതിന്റെ പേരില്‍ മനസ്സിലൊരു അസ്വസ്ഥതയും പേറാന്‍ അയാള്‍ ഒരുക്കമല്ല. 'അവനായി അവന്റെ പാടായി' എന്ന ചിന്തയാണ് അയാള്‍ക്ക്. അത്തറു വില്പനയ്ക്കായി നാടു ചുറ്റി നടക്കുന്ന അബുവിന് കുടുംബം പോറ്റാന്‍ അതുമതി. പോരാത്തതിന് ബീടര്‍ക്ക പശുവും ആടും കോഴിയും വളര്‍ത്തലുണ്ട്. പാലും മുട്ടയും വിറ്റ് വീടുപുലര്‍ത്താന്‍ അബുവിന്റെ ബീടര്‍ക്ക് അറിയാം. അയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷം ഹജ്ജിനുപോയി സുബര്‍ക്കത്തിലെത്തണമെന്നാണ്. ഹജ്ജിനു താന്‍ മാത്രമല്ല, ഭാര്യ അയിശുമ്മയും കൂടെ പോരണമെന്നാണ് അയാളുടെ ആഗ്രഹം. അതിനുവേണ്ടി കുറച്ചുപണം അയാള്‍ കരുതിവച്ചിട്ടുണ്ട്. ഭാര്യഅവരുടെ സമ്പാദ്യക്കുടക്കയും പൊട്ടിച്ച് എണ്ണി. അബു ടൌണില്‍ പോയി പാസ്പോര്‍ട്ടിന് അപേക്ഷ കൊടുത്തു. രണ്ടാള്‍ക്കും പാസ്പോര്‍ട്ടും കിട്ടി. ഹജ്ജിന്റെ ക്ളാസില്‍പോയി എല്ലാം മനസ്സിലാക്കി. അറക്കമില്ലു നടത്തുന്ന മാപ്പിളയ്ക്ക് മുറ്റത്തു നിന്ന പ്ളാവുകൊടുത്ത് 50000 രൂപ വാങ്ങി. കിട്ടിയപണം ട്രാവല്‍ ഏജന്‍സിയെ ഏല്പിച്ചു.
അങ്ങനെ എല്ലാ ഒരുക്കവും പൂര്‍ത്തിയാക്കി.

ഹജ്ജിന് പുറപ്പെടാന്‍ അബുവും സഹധര്‍മ്മിണിയും സജ്ജമായി. അവര്‍ രണ്ടാളും ചേര്‍ന്ന് അയല്‍പക്കങ്ങളില്‍ ചെന്ന് തങ്ങളുടെ ഭാഗത്തുനിന്നും എന്തെങ്കിലും തെറ്റുകളോ കുറ്റങ്ങളോ ഉണ്ടായിട്ടുണ്െടങ്കില്‍ ക്ഷമിക്കണമെന്നു പറഞ്ഞ് ക്ഷമ ചോദിക്കുകയും ചെയ്തു. അള്ളാഹുവിന്റെ അടുത്തു ചെല്ലുമ്പോള്‍ ഒരു കടവും ബാക്കി വയ്ക്കരുതെന്നാണ് അബുവിന്റെ ആഗ്രഹം. അയല്‍ക്കാര്‍ അമ്പരന്നു. അവരുടെ ജീവിതത്തിലെ ആദ്യത്തെ അനുഭവമാണ്. ഹജ്ജിനുപോകുന്ന ഒരാള്‍ എന്തിനാണ് മാപ്പപേക്ഷയുമായി വരുന്നതെന്ന സന്ദേഹം അവരുടെ മുഖത്തു നിഴലിച്ചു. അവര്‍ അബുവിനെയും കുടുംബത്തെയും ആശ്ളേഷിച്ച് യാത്രയാക്കി. ഓരോരുത്തരോടും യാത്ര പറയുമ്പോള്‍ അബുവിന്റെ കണ്ണുനിറഞ്ഞു. ശബ്ദം ഇടറി. ഗദ്ഗദകണ്ഠനായി അബു ഓരോ വീട്ടില്‍ നിന്നും പടിയിറങ്ങി. അപ്പോഴാണ് ഓര്‍ത്തത്, പണ്െടാരിക്കല്‍ അയല്‍പക്കത്തു താമസിച്ചിരുന്ന ദിവാകകരനുമായി അല്പം രസക്കേടുണ്ടായി. അതിര്‍ത്തിത്തര്‍ക്കത്തിന്റെ പേരില്‍ അല്ലറ ചില്ലറ 'കശപിശ' യുമുണ്ടായി. ഇപ്പോള്‍ അയാള്‍ കുറച്ചു ദൂരെയെവിടെയോ ആണു താമസം. അയാളെക്കൂടി കണ്െടത്തി മാപ്പപേക്ഷിച്ചില്ലെങ്കില്‍ അള്ളാഹു മാപ്പാക്കില്ല. അബുവും ഭാര്യയും അയാളെ തേടിപ്പോയി. വീടുകണ്ടുപിടിച്ചു മാപ്പിരക്കാന്‍ ചെന്ന അബു കണ്ടത് തളര്‍വാതം പിടിപെട്ടു കിടക്കുന്ന ദിവാകരനെയാണ്. രണ്ടാളും പരസ്പരം കണ്ടു. മാപ്പു പറഞ്ഞു കരഞ്ഞു.

അബുവിന് ഇനിയാരോടും ക്ഷമചോദിക്കാനില്ല. ഹജ് തീര്‍ത്ഥാടനത്തിനൊടുവില്‍ മക്കയുടെ മണ്ണില്‍ കബറടങ്ങിയാല്‍ കൂടുതല്‍ സന്തോഷമായി. അള്ളാഹുവിന്റെ മനസ്സ് ആര്‍ക്കറിയാം? അവര്‍ രണ്ടാളും ബസ് കയറി നാട്ടിലെത്തി. അപ്പോഴാണ് അറിയുന്നത് വീടിനു മുന്നിലെ പ്ളാവുമുറിച്ചു. അകംപൊള്ളയായിരുന്നു. അന്‍പതിനായിരം രൂപ വില പറഞ്ഞ മാപ്പിളയ്ക്ക് ഒന്നും കിട്ടില്ല. എന്നുമാത്രമല്ല, നഷ്ടം വരികയും ചെയ്യും. അബുവിന്റെ മനസ്സ് അതിനു കൂട്ടുനില്ക്കാനൊരുക്കമല്ല. അയാള്‍ വാങ്ങിയ പൈസ മാപ്പിളയ്ക്കു തിരികെക്കൊടുത്തു. അയാളതു വാങ്ങാന്‍ മടിച്ചപ്പോള്‍ നിര്‍ബന്ധിച്ചു വാങ്ങിപ്പിച്ചു. "കച്ചവടത്തില്‍ നഷ്ടവും ലാഭവും വരും. അതു സാരമില്ല.'' എന്ന മാപ്പിളയുടെ നീതിസാരത്തെ അയാള്‍ വകവയ്ക്കുന്നില്ല. ഒരു യഥാര്‍ത്ഥ മുസല്‍മാനാകാനാണ് അബുവിന്റെ ശ്രമം. ഹജ്ജിനു പോവുന്നതു മുടങ്ങിയാലും ജീവിതത്തില്‍ കടങ്ങള്‍ ബാക്കി വയ്ക്കരുതെന്നാണ് അബുവിന്റെ നീതിശാസ്ത്രം. അയല്‍പക്കത്തെ നാരായണമോനോന്‍ അയാള്‍ക്ക് താന്‍ സൂക്ഷിച്ചുവച്ചിരുന്ന പണപ്പൊതി നീട്ടി. പണമില്ലാത്തതുകൊണ്ട് ഹജ്ജിനുള്ള യാത്ര മുടക്കേണ്ട എന്നാണ് അയാളുടെ പക്ഷം. അബുവിന് ഇഷ്ടമുള്ളപ്പോള്‍ തിരികെക്കൊടുത്താല്‍ മതി. യാത്ര നടക്കട്ടെ എന്നയാള്‍ പറഞ്ഞു. അബു നബിവചനങ്ങള്‍ ഓര്‍ത്തു. അന്യരില്‍നിന്നു പണം വാങ്ങി ഹജ് തീര്‍ത്ഥാടനം നടത്തിയാല്‍ അതിനു ഫലപ്രാപ്തി ഉണ്ടാവുകയില്ല. അതു വേണ്ട മോനോനേ, എന്നു പറഞ്ഞ് അബു പണം നിരസിച്ചു. അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ! എന്നു പ്രാര്‍ത്ഥിക്കാനും അയാള്‍ മറന്നില്ല. അബു കണ്ണുകള്‍ തുറന്ന് ഹൃദയം വിങ്ങി. അവിടെ നിന്നിറങ്ങുമ്പോള്‍ നമ്മുടെ മനസ്സും ഒരുനിമിഷം വിങ്ങും. കണ്ണുകള്‍ ഈറനണിയും. ട്രാവല്‍ ഏജന്‍സി ഉടമയും ദയാലുവായി യാത്രയ്ക്കുള്ള പണം കൊടുത്താല്‍ മതി, രണ്ടാളും ഇപ്പോള്‍ ഹജ്ജ് യാത്ര മുടക്കേണ്ട എന്നു പറഞ്ഞു. അതിനും വഴങ്ങിയില്ല, അബു. അവിടെയും നബി വചനങ്ങള്‍ അയാള്‍ക്കു തുണയായി.

എല്ലാം വിഷമതകളും വേദനകളും ഉള്ളിലൊതുക്കി, ഹജ്ജ് യാത്ര തരപ്പെടാനാവാതെ ഉടഞ്ഞ മനസ്സുമായി ആടിയാടി നീങ്ങുന്ന അബുവിന്റെ ചിത്രം നിങ്ങളെ അലോസരപ്പെടുത്തും, അബു നിങ്ങളുടെ സഹോദരനാണെന്നു തോന്നും. അബുവിന്റെ മനസ്സിന്റെ വിങ്ങല്‍ നിങ്ങളുടെ മനസ്സിന്റെ വിങ്ങലായി മാറും. അബുവിനെ സഹായിക്കാന്‍ നിങ്ങളുടെ മനസ്സും സന്നദ്ധമാകും. ആരാണ് പറഞ്ഞത് അബു എന്ന മുസ്ളീം നിങ്ങളുടെ സഹോദരനല്ല എന്ന്?



author: തേക്കിന്‍കാട് ജോസഫ്