Monday, March 14, 2011

മുസ്ളീമിനെ തിരിച്ചറിയുക!

നിങ്ങളോട് ആരാണു പറഞ്ഞത് മുസ്ളീം, തീവ്രവാദിയാണെന്ന്? ക്രൂരനും വിധ്വംസകനും രാജ്യത്തോടു കൂറില്ലാത്തവനും സര്‍വ്വോപരി അതിക്രൂരനും ആണെന്ന്. അയാള്‍ മനുഷ്യനാണ്. മറ്റാരെയും പോലെ ശാന്തനും മനുഷ്യസ്നേഹിയും ദീനദയാലുവും സഹായിയും കാരുണ്യവാനും സഹോദരതുല്യം എല്ലാവരെയും സ്നേഹിക്കുന്നവനുമാണ്.
അഞ്ചുനേരം നിസ്കരിക്കുകയും അള്ളാഹുവിനോടു ഹൃദയം തുറന്നു പ്രാര്‍ത്ഥിക്കുകയും, ചെയ്ത തെറ്റുകള്‍ക്ക് ാപ്പപേക്ഷിക്കുകയും ചെയ്യുന്നവനാണ്. പിറന്ന മണ്ണിനോടു കൂറും ഹിന്ദുസഹോദരന്മാരോടും ക്രിസ്ത്യന്‍ സഹോദരങ്ങളോടും സ്നേഹവും വച്ചു പുലര്‍ത്തുകയും ഗ്രാമീണജനതയുടെയും നാഗരികജനതയുടെയും സഹയാത്രികനായി സമൂഹത്തിന്റെ അവിഭാജ്യഘടകമായി ജീവിക്കുകയും ചെയ്യുന്നവനാണ്. ഇത്രയുമൊക്കെ എനിക്കു തോന്നുകയും എന്റെ മുന്‍ ധാരണകള്‍ തിരുത്തിക്കുറിക്കുകയും ചെയ്തത് അടുത്തൊരു ദിവസം സാദിക് അഹമ്മദ് സംവിധാനം ചെയ്ത 'ആദാമിന്റെ മകന്‍ അബു' എന്ന സിനിമ കണ്ടപ്പോഴാണ്; ശീര്‍ഷകത്തിലെ അബു എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സലിം കുമാറിനെ തിരിച്ചറിഞ്ഞപ്പോളാണ്. നിങ്ങളുടെ മുന്നില്‍ പൊട്ടിച്ചിരിയുടെ മത്താപ്പൂ വിതറുന്ന സലിം കുമാര്‍ അബു എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ അത് എന്റെ മനസ്സില്‍ സൃഷ്ടിച്ച അനുരണനം ഒട്ടും ചെറുതല്ല.

ഒരു തനിഗ്രാമീണനാണ് അബു. ശുദ്ധനായ നാട്ടിന്‍പുറത്തുകാരന്‍. പറക്കമുറ്റിയപ്പോള്‍ മകന്‍ കല്യാണം കഴിച്ച് വേറെവിടെയോ പോയി താമസമാക്കി. അയാള്‍ പ്രായമായ ഉപ്പയെയും ഉമ്മയെയും അന്വേഷിക്കാത്തതില്‍ ഒട്ടും പരിഭവമില്ല അബുവിന്. അതിന്റെ പേരില്‍ മനസ്സിലൊരു അസ്വസ്ഥതയും പേറാന്‍ അയാള്‍ ഒരുക്കമല്ല. 'അവനായി അവന്റെ പാടായി' എന്ന ചിന്തയാണ് അയാള്‍ക്ക്. അത്തറു വില്പനയ്ക്കായി നാടു ചുറ്റി നടക്കുന്ന അബുവിന് കുടുംബം പോറ്റാന്‍ അതുമതി. പോരാത്തതിന് ബീടര്‍ക്ക പശുവും ആടും കോഴിയും വളര്‍ത്തലുണ്ട്. പാലും മുട്ടയും വിറ്റ് വീടുപുലര്‍ത്താന്‍ അബുവിന്റെ ബീടര്‍ക്ക് അറിയാം. അയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷം ഹജ്ജിനുപോയി സുബര്‍ക്കത്തിലെത്തണമെന്നാണ്. ഹജ്ജിനു താന്‍ മാത്രമല്ല, ഭാര്യ അയിശുമ്മയും കൂടെ പോരണമെന്നാണ് അയാളുടെ ആഗ്രഹം. അതിനുവേണ്ടി കുറച്ചുപണം അയാള്‍ കരുതിവച്ചിട്ടുണ്ട്. ഭാര്യഅവരുടെ സമ്പാദ്യക്കുടക്കയും പൊട്ടിച്ച് എണ്ണി. അബു ടൌണില്‍ പോയി പാസ്പോര്‍ട്ടിന് അപേക്ഷ കൊടുത്തു. രണ്ടാള്‍ക്കും പാസ്പോര്‍ട്ടും കിട്ടി. ഹജ്ജിന്റെ ക്ളാസില്‍പോയി എല്ലാം മനസ്സിലാക്കി. അറക്കമില്ലു നടത്തുന്ന മാപ്പിളയ്ക്ക് മുറ്റത്തു നിന്ന പ്ളാവുകൊടുത്ത് 50000 രൂപ വാങ്ങി. കിട്ടിയപണം ട്രാവല്‍ ഏജന്‍സിയെ ഏല്പിച്ചു.
അങ്ങനെ എല്ലാ ഒരുക്കവും പൂര്‍ത്തിയാക്കി.

ഹജ്ജിന് പുറപ്പെടാന്‍ അബുവും സഹധര്‍മ്മിണിയും സജ്ജമായി. അവര്‍ രണ്ടാളും ചേര്‍ന്ന് അയല്‍പക്കങ്ങളില്‍ ചെന്ന് തങ്ങളുടെ ഭാഗത്തുനിന്നും എന്തെങ്കിലും തെറ്റുകളോ കുറ്റങ്ങളോ ഉണ്ടായിട്ടുണ്െടങ്കില്‍ ക്ഷമിക്കണമെന്നു പറഞ്ഞ് ക്ഷമ ചോദിക്കുകയും ചെയ്തു. അള്ളാഹുവിന്റെ അടുത്തു ചെല്ലുമ്പോള്‍ ഒരു കടവും ബാക്കി വയ്ക്കരുതെന്നാണ് അബുവിന്റെ ആഗ്രഹം. അയല്‍ക്കാര്‍ അമ്പരന്നു. അവരുടെ ജീവിതത്തിലെ ആദ്യത്തെ അനുഭവമാണ്. ഹജ്ജിനുപോകുന്ന ഒരാള്‍ എന്തിനാണ് മാപ്പപേക്ഷയുമായി വരുന്നതെന്ന സന്ദേഹം അവരുടെ മുഖത്തു നിഴലിച്ചു. അവര്‍ അബുവിനെയും കുടുംബത്തെയും ആശ്ളേഷിച്ച് യാത്രയാക്കി. ഓരോരുത്തരോടും യാത്ര പറയുമ്പോള്‍ അബുവിന്റെ കണ്ണുനിറഞ്ഞു. ശബ്ദം ഇടറി. ഗദ്ഗദകണ്ഠനായി അബു ഓരോ വീട്ടില്‍ നിന്നും പടിയിറങ്ങി. അപ്പോഴാണ് ഓര്‍ത്തത്, പണ്െടാരിക്കല്‍ അയല്‍പക്കത്തു താമസിച്ചിരുന്ന ദിവാകകരനുമായി അല്പം രസക്കേടുണ്ടായി. അതിര്‍ത്തിത്തര്‍ക്കത്തിന്റെ പേരില്‍ അല്ലറ ചില്ലറ 'കശപിശ' യുമുണ്ടായി. ഇപ്പോള്‍ അയാള്‍ കുറച്ചു ദൂരെയെവിടെയോ ആണു താമസം. അയാളെക്കൂടി കണ്െടത്തി മാപ്പപേക്ഷിച്ചില്ലെങ്കില്‍ അള്ളാഹു മാപ്പാക്കില്ല. അബുവും ഭാര്യയും അയാളെ തേടിപ്പോയി. വീടുകണ്ടുപിടിച്ചു മാപ്പിരക്കാന്‍ ചെന്ന അബു കണ്ടത് തളര്‍വാതം പിടിപെട്ടു കിടക്കുന്ന ദിവാകരനെയാണ്. രണ്ടാളും പരസ്പരം കണ്ടു. മാപ്പു പറഞ്ഞു കരഞ്ഞു.

അബുവിന് ഇനിയാരോടും ക്ഷമചോദിക്കാനില്ല. ഹജ് തീര്‍ത്ഥാടനത്തിനൊടുവില്‍ മക്കയുടെ മണ്ണില്‍ കബറടങ്ങിയാല്‍ കൂടുതല്‍ സന്തോഷമായി. അള്ളാഹുവിന്റെ മനസ്സ് ആര്‍ക്കറിയാം? അവര്‍ രണ്ടാളും ബസ് കയറി നാട്ടിലെത്തി. അപ്പോഴാണ് അറിയുന്നത് വീടിനു മുന്നിലെ പ്ളാവുമുറിച്ചു. അകംപൊള്ളയായിരുന്നു. അന്‍പതിനായിരം രൂപ വില പറഞ്ഞ മാപ്പിളയ്ക്ക് ഒന്നും കിട്ടില്ല. എന്നുമാത്രമല്ല, നഷ്ടം വരികയും ചെയ്യും. അബുവിന്റെ മനസ്സ് അതിനു കൂട്ടുനില്ക്കാനൊരുക്കമല്ല. അയാള്‍ വാങ്ങിയ പൈസ മാപ്പിളയ്ക്കു തിരികെക്കൊടുത്തു. അയാളതു വാങ്ങാന്‍ മടിച്ചപ്പോള്‍ നിര്‍ബന്ധിച്ചു വാങ്ങിപ്പിച്ചു. "കച്ചവടത്തില്‍ നഷ്ടവും ലാഭവും വരും. അതു സാരമില്ല.'' എന്ന മാപ്പിളയുടെ നീതിസാരത്തെ അയാള്‍ വകവയ്ക്കുന്നില്ല. ഒരു യഥാര്‍ത്ഥ മുസല്‍മാനാകാനാണ് അബുവിന്റെ ശ്രമം. ഹജ്ജിനു പോവുന്നതു മുടങ്ങിയാലും ജീവിതത്തില്‍ കടങ്ങള്‍ ബാക്കി വയ്ക്കരുതെന്നാണ് അബുവിന്റെ നീതിശാസ്ത്രം. അയല്‍പക്കത്തെ നാരായണമോനോന്‍ അയാള്‍ക്ക് താന്‍ സൂക്ഷിച്ചുവച്ചിരുന്ന പണപ്പൊതി നീട്ടി. പണമില്ലാത്തതുകൊണ്ട് ഹജ്ജിനുള്ള യാത്ര മുടക്കേണ്ട എന്നാണ് അയാളുടെ പക്ഷം. അബുവിന് ഇഷ്ടമുള്ളപ്പോള്‍ തിരികെക്കൊടുത്താല്‍ മതി. യാത്ര നടക്കട്ടെ എന്നയാള്‍ പറഞ്ഞു. അബു നബിവചനങ്ങള്‍ ഓര്‍ത്തു. അന്യരില്‍നിന്നു പണം വാങ്ങി ഹജ് തീര്‍ത്ഥാടനം നടത്തിയാല്‍ അതിനു ഫലപ്രാപ്തി ഉണ്ടാവുകയില്ല. അതു വേണ്ട മോനോനേ, എന്നു പറഞ്ഞ് അബു പണം നിരസിച്ചു. അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ! എന്നു പ്രാര്‍ത്ഥിക്കാനും അയാള്‍ മറന്നില്ല. അബു കണ്ണുകള്‍ തുറന്ന് ഹൃദയം വിങ്ങി. അവിടെ നിന്നിറങ്ങുമ്പോള്‍ നമ്മുടെ മനസ്സും ഒരുനിമിഷം വിങ്ങും. കണ്ണുകള്‍ ഈറനണിയും. ട്രാവല്‍ ഏജന്‍സി ഉടമയും ദയാലുവായി യാത്രയ്ക്കുള്ള പണം കൊടുത്താല്‍ മതി, രണ്ടാളും ഇപ്പോള്‍ ഹജ്ജ് യാത്ര മുടക്കേണ്ട എന്നു പറഞ്ഞു. അതിനും വഴങ്ങിയില്ല, അബു. അവിടെയും നബി വചനങ്ങള്‍ അയാള്‍ക്കു തുണയായി.

എല്ലാം വിഷമതകളും വേദനകളും ഉള്ളിലൊതുക്കി, ഹജ്ജ് യാത്ര തരപ്പെടാനാവാതെ ഉടഞ്ഞ മനസ്സുമായി ആടിയാടി നീങ്ങുന്ന അബുവിന്റെ ചിത്രം നിങ്ങളെ അലോസരപ്പെടുത്തും, അബു നിങ്ങളുടെ സഹോദരനാണെന്നു തോന്നും. അബുവിന്റെ മനസ്സിന്റെ വിങ്ങല്‍ നിങ്ങളുടെ മനസ്സിന്റെ വിങ്ങലായി മാറും. അബുവിനെ സഹായിക്കാന്‍ നിങ്ങളുടെ മനസ്സും സന്നദ്ധമാകും. ആരാണ് പറഞ്ഞത് അബു എന്ന മുസ്ളീം നിങ്ങളുടെ സഹോദരനല്ല എന്ന്?



author: തേക്കിന്‍കാട് ജോസഫ്

4 comments:

Johny said...

അബുവിന് ഇനിയാരോടും ക്ഷമചോദിക്കാനില്ല.

ഷാഹുല്‍ കടവത്ത്‌ said...

muslimayalum hindhuvayalum cristianayalum mattullavarude vedhanayil pankukollumbol manusyanayitheerunnu

abinshafy said...

Dayvabayavum Sunnattum Murakae Pidicha Abduvinae Polae..Sneham Panamaayi Tharaan Aagrahicha Menonmaarum, Kachavadathil Neethipularthunna Satyasandaraaya Maapilamaarum Ee Bhoomiyil Undaayal... Ee Bhoomi Thannae Yadaartha Swargam...

Online shoping said...
This comment has been removed by the author.