നവംബര്‍ 26,1965 രണ്ടാം വത്തിക്കാന്‍ സൂനഹദോസ് അവസാനിക്കാന്‍ 12 ദിവസങ്ങള്‍ മാത്രം . പോള്‍ ആറാമന്‍ പാപ്പ തന്റെ സ്വകാര്യ ലൈബ്രറിയില്‍ അടിയന്തിരമായി ഒരു യോഗം വിളിച്ചു .വത്തിക്കാന്റെ ഉന്നതാധികാരികളും കൌണ്‍സിലിന്റെ പ്രധാന ഉദ്യോഗസ്ഥന്മാരും ഹാജരായിട്ടുണ്ട് -പ്രത്യേകിച്ച് "സഭ ആധുനികലോകത്തില്‍ " എന്ന പ്രമാണരേഖയുമായി ബന്ധപ്പെട്ടവര്‍ .
ഗൌരവമേറിയ ഒരു പരാതിയെക്കുറിച്ചു അടിയന്തിരചര്‍ച്ച നടത്താനാണ് മാര്‍പാപ്പ യോഗം വിളിച്ചത് .കൌന്‍സിലില്‍ പങ്കെടുത്ത ഇരുന്നൂറിലധികം മെത്രാന്മാര് ഒപ്പിട്ടു സമര്‍പിച്ച ഒരു നിവേദനം കാണാതായിരിക്കുന്നു .തത്ഭലമായി അത് ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല . തുടര്‍ന്ന് പരാതികളും . ഈ മെമ്മോറാണ്ടത്തിന്റെ ഉള്ളടക്കമാണ് ഏറെ ശ്രദ്ധേയം . കംമ്മ്യുണിസത്തെക്കുറിച്ചു പരസ്യമായി സൂനഹദോസ് ചര്‍ച്ച ചെയ്യണം എന്നതായിരുന്നു നിവേദനം .കംമ്യുനിസത്തെ സൂനഹദോസ് ശപിക്കണമെന്ന ചിന്താഗതിക്കാരാണ് ഈ മെമ്മോറാണ്ടത്തില്‍ ഒപ്പിട്ടവര്‍ .
"സഭ ആധുനികലോകത്തില്‍" എന്ന പ്രമാണരേഖയാണല്ലോ ലോകത്തിലെ സാമ്പത്തിക സാമൂഹിക രാക്ഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെക്കുറിച്ചും പ്രശ്നങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നത്.എന്നാല്‍ തികച്ചും ആശ്ചര്യം തോന്നുമാറ് ഈ പ്രാമാണരേഖയില്‍ കംമ്മ്യുണിസത്തെ സംബന്ധിച്ചു പ്രത്യക്ഷമായി ഒന്നും പറയുന്നില്ല .നിരീശ്വരചിന്തയെക്കുറിച്ച് പ്രമാണരേഖ പ്രതിപാതിക്കുന്നുണ്ട് -മാത്രമല്ല ,കമ്മ്യുണിസം എന്ന പദംപോലും രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ പ്രമാണരേഖകളിലില്ല .ഈ നിശബ്ദതയുടെ രഹസ്യം അന്വേഷിക്കുന്നവരുണ്ട് .ഈ പശ്ചാത്തലത്തില്‍ മെത്രാന്മാര് കുറേപേര്‍ സമര്‍പിച്ച നിവേദനത്തിന്റെ തിരോധാനം വിവാദപരമാകുമല്ലോ .
പോള്‍ ആറാമന്‍ പാപ്പാ വിളിച്ചുകൂട്ടിയ യോഗത്തില്‍ വിവാദപുരുഷനായത് കൌണ്‍സിലിന്റെ കമ്മീഷന് സെക്രട്ടറി മോണ്‍. അക്കില്ലേ ഗ്ലോറിയോ ആയിരുന്നു .ഫ്രഞ്ചകാരനായ ഇദ്ദേഹം ഇന്ന് മെത്രാനാണ് .മാര്‍പാപ്പയുടെ മുമ്പില്‍ മോണ്‍ : ഗ്ലോറിയോ കുറ്റസമ്മതം നടത്തി.അമിതാദ്ധ്വാനവും ക്ഷീണവും മൂലമുണ്ടായ അശ്രദ്ധയുടെ ഫലമായി ആ നിവേദനം നഷ്ടപെട്ടുപോയി എന്നായിരുന്നു ആദ്ദേഹത്തിന്റെ വിശദീകരണം .ചര്‍ച്ചയ്ക്കും വിവാദത്തിനും അന്ത്യംകുറിച്ചുകൊണ്ട് മാര്‍പാപ്പ പറഞ്ഞു :" ഈ ഭൂമിയില്‍ കാപട്യം സംശയിക്കാവുന്ന അവസാന വ്യക്തിയാണ് മോണ്‍: ഗ്ലോറിയോ എന്നതിനാല്‍ ഈ പ്രശ്നം ഇവിടെ അവസാനിക്കുന്നു ."
മാര്‍പാപ്പയുടെ പ്രസ്താവന മെമ്മോറാണ്ടം നഷ്ടപ്പെട്ടതിനു വിശദീകരണം നല്കി .എങ്കിലും കംമ്യുണിസത്തെക്കുറിച്ചു പരസ്യമായ പരാമര്‍ശം സൂനഹദോസ് രേഖയില്‍ ചേര്‍ക്കണമെന്ന നിര്‍ദേശം എങ്ങനെ കൈകാര്യം ചെയ്യണം ? വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടന്നു . അവസാനം ഈ പ്രശ്നം ഒരു അടിക്കുറിപ്പിന്റെ വിശ്ദീകരണത്തില്‍ അവസാനിച്ചു ."സഭ ആധുനികലോകത്തില്‍" എന്ന പ്രമാണരെഖയുടെ 21 ആം നമ്പരില്‍ നാം ഇങ്ങനെ വായിക്കുന്നു : "ദൈവത്തോടും മനുഷ്യനോടും വിശ്വസ്തയായ സഭയ്ക്ക് മനുഷ്യന്റെ ബുദ്ധിക്കും സാധാരണ അനുഭവങ്ങള്‍ക്ക് വിരുദ്ധവും മനുഷ്യനെ അവന്റെ നൈസര്‍ഗ്ഗിക ശ്രേഷ്ടതയില് നിന്ന് തള്ളിയിറക്കുന്നതുമായ ഇത്തരം വിഷലിപ്ത സിദ്ധാന്തങ്ങളെയും പ്രവര്‍ത്തന പരിപാടികളെയും ദുഖത്തോടെയെങ്കിലും കഴിയുന്നത്ര ശക്തിയോടെ നിരാകരിക്കുന്നതില്‍ നിന്ന് വിരമിക്കാന്‍ സാധ്യമല്ല ." നിരീശ്വരത്വക്കുറിച്ചുള്ള ഈ പ്രസ്താവനയ്ക്ക് ഒരു അടിക്കുറിപ്പുണ്ട് .
16 ആം നമ്പര്‍ ഈ അടിക്കുറിപ്പ് പതിനൊന്നാം പീയൂസ് മുതല്‍ പോള്‍ ആറാമന്‍ വരെയുള്ള മാര്‍പാപ്പാമാര്‍ കംമ്യുണിസത്തെ ശപിച്ചതും വിമര്‍ശിച്ചതുമായ പ്രബോധനഭാഗത്തിലേക്കുള്ള സൂചനയാണ് .കംമ്യുണിസത്തെ ശപിക്കുന്ന ഈ രേഖകള്‍ അടിക്കുറുപ്പില്‍ സൂചനയായി നല്കുകവഴി രണ്ടാം വത്തിക്കാന്‍ സൂനഹദോസും ഈ പ്രബോധനം ആവര്‍ത്തിക്കുകയാണ് എന്ന് വത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു . എങ്കിലും കംമ്മ്യുണിസത്തിനെതിരായ വിമര്‍ശനം പരോക്ഷമായ ഒരു അടിക്കുറുപ്പില്‍ ഒതുക്കിയത് എന്തുകൊണ്ട് എന്ന ചോദ്യം അവശേഷിക്കുന്നു .ഇതിനു പിന്നില്‍ രാക്ഷ്ട്രീയ നടപടികള്‍ കാണുന്നവരുണ്ട് .
ഫ്രഞ്ചുവാരികയായ Le Republican Lorrain 1963 ഫെബ്രുവരി 9 നു ബിഷപ് പോള്‍ ജോസഫ് ഷ്മിറ്റുമായി നടത്തിയ ഒരു സംഭാഷണത്തിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധം ചെയ്തു .അതനുസരിച്ച് ഈ ബിഷപ്പിന്റെ രൂപതയിലാണ് കാര്‍ഡിനല്‍ ടിസറന്റും റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ വിദേശകാര്യവകുപ്പധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് നിക്കോദിമും തമ്മില്‍ രഹസ്യസംമ്മേളനം നടന്നത് .1936 മുതല്‍ 1959 വരെ പൌരസ്ത്യതിരുസംഘത്തിന്റെ അധ്യക്ഷനായിരുന്ന കാര്‍ഡിനല്‍ ടിസറന്റിനു റഷ്യന്‍ ഭാഷ സംസാരിക്കാന്‍ കഴിയുമായിരുന്നു .അദ്ദേഹത്തിനു ആര്‍ച്ച്ബിഷപ് നിക്കോദിമിനെ പരിചയവുമായിരുന്നു .ഫ്രാന്‍സിലെ മെറ്റ്സ് രൂപതയിലെ ഒരു ആശ്രമത്തില്‍ നടന്നു എന്ന് പറയപ്പെടുന്ന യോഗത്തിന്റെ ചര്‍ച്ചാവിഷയം സൂനഹദോസിലേക്ക് റഷ്യന്‍സഭയുടെ പ്രതിനിധികള്‍ പങ്കേടുക്കുന്നതായിരുന്നു .പ്രതിനിധികള്‍ പങ്കെടുക്കണമെങ്കില്‍ കൌണ്‍സില്‍ "രക്ഷ്ട്രീയവിമുക്ത "മായിരിക്കണമെന്നു ആര്‍ച്ച്ബിഷപ് കാര്‍ഡിനലിനോട് ആവശ്യപ്പെട്ടു എന്ന് ബിഷപ് ഷ്മിറ്റ് പ്രസ്ഥാപിച്ചു .
ഫ്രാന്‍സിലെ France Nouvella എന്ന കംമ്യുണിസ്റ്റു വാരിക 1963 ജനുവരി 16-22 ന്റെ ലക്കത്തില്‍ എഴുതി :" പരുഷമായ കംമ്മ്യുണിസ്റ്റുവിരോധം സഭയ്ക്കിനി സ്വീകരിക്കാനാവില്ല . കംമ്മ്യുണിസ്റ്റുഭരണകൂടങ്ങളെ സൂനഹദോസില്‍ നേരിട്ട് കടന്നാക്രമിക്കില്ലെന്നു സഭതന്നെ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുമായുള്ള സംഭാഷണത്തില്‍ വാക്ക് കൊടുത്തിട്ടുണ്ട് ."ഇതിനു ഉപോത്ഭലമാണ് ഫ്രഞ്ച് മോണ്‍. ജോര്‍ജ് റോഷെയുടെ നിഗമനങ്ങള്‍. കാര്‍ഡിനല്‍ ടിസറന്റിനെ അടുത്തറിഞ്ഞ ഇദ്ദേഹത്തിന്റെ വീക്ഷണത്തില്‍ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ നിരീക്ഷകരെ സൂനഹദോസിലേക്ക് ക്ഷണിക്കുക എന്ന തീരുമാനം ജോണ്‍ 23 മന് പാപ്പായുടെതായിരുന്നു . ഈ തീരുമാനത്തിനു കാര്‍ഡിനല്‍ മൊന്തീനിയുടെ (പോപ് പോള്‍ ആറാമന്‍) പരസ്യപിന്തുണയുമുണ്ടായിരുന്നു . മോണ്‍. റോഷെ പറഞ്ഞതനുസരിച്ച് ജോണ്‍ മാര്‍പാപ്പയുടെ നിര്‍ദ്ദേശപ്രകാരമാണ് കാര്‍ഡിനല്‍ ടിസറന്റ് പ്രവര്‍ത്തിച്ചത്. "ഫലമായി കംമ്മ്യുണിസത്തെക്കുറിച്ചു സംസാരിക്കാന്‍ ഏതെങ്കിലും മെത്രാന് ശ്രമിച്ചപ്പോള്‍ (സൂനഹദോസില്‍) പ്രസിഡന്റിന്റെ കൌന്‍സിലില്‍നിന്നു കര്‍ദ്ദിനാള്‍ ഇടപെടുകയും ഈ പ്രശ്നത്തെക്കുറിച്ച് മാര്‍പാപ്പ ആഗ്രഹിച്ച നിശ്ശബ്ദത സൃഷ്ട്ടിക്കുകയും ചെയ്തു ."
കാര്‍ഡിനല്‍ ടിസറന്റും നിക്കൊദിം മെത്രാപ്പോലീത്തായും തമ്മിലുള്ള സംഭാഷണത്തിന്റെ ഫലമായി സൂനഹദോസ് സോവിയറ്റ് വിരുദ്ധ പ്രസ്താവനയില്‍ നിന്ന് മാറിനില്‍ക്കാം എന്ന വാക്കുകൊടുത്തു എന്ന വാദത്തെ പൂര്‍ണ്ണമായി നിരാകരിക്കുന്ന ഒരു വ്യക്തിയുണ്ട് .ജര്‍മ്മന്‍ കാര്‍ഡിനല്‍ അഗസ്റ്റിന് ബെയയുടെ ദീര്‍ഘകാല സെക്രട്ടറി ഈശോസഭക്കാരനായ ഫാ.സ്റ്റീഫന്‍ ശ്മിറ്റണ് അദ്ദേഹം .ജോണ്‍ 23 മന് പാപ്പായെക്കുറിച്ചു ആര്‍ച്ച്ബിഷപ് നിക്കോദിം എഴുതിയ ജീവചരിത്രത്തില്‍ അദ്ദേഹം കാര്‍ഡിനല്‍ ടിസറന്റുമായി നടത്തി എന്ന് പറയുന്ന മീറ്റിങ്ങിനെക്കുറിച്ചു യാതൊരു പരാമര്‍ശവുമില്ല .ശ്മിറ്റിന്റെ അഭിപ്രായത്തില്‍ ഈ പറയുന്ന മീറ്റിങ്ങിനു മുന്‍പുതന്നെ ഡച്ചുമെത്രാപ്പോലീത്തയായ വില്ലെബ്രാന്റ്സും റഷ്യന്‍ ഓര്‍ത്തോഡോക്സഭയില്‍ നിന്ന് സൂനഹദോസില്‍ പങ്കെടുത്ത വിത്തിലി ബോറോവോജയുമായി ബന്ധപ്പെട്ടിരുന്നു (സൂനഹദോസില്‍ പങ്കെടുത്ത രണ്ടുനിരീക്ഷകരില്‍ മറ്റേ അംഗം വ്ലാഡിമിര്‍ കൊത്തിയോറോവ് ആയിരുന്നു). വത്തിക്കാനും മോസ്കോയും തമ്മില്‍ രണ്ടാം വത്തിക്കാന്‍ സൂനഹദോസിനെ സംബന്ധിച്ചു കരാറൊന്നുമുണ്ടാക്കിയില്ലെങ്കിലും ശാപത്തിന്റെ പരുഷമായ നയം വത്തിക്കാന്‍ സ്വീകരിക്കില്ല എന്ന സൂചന വത്തിക്കാന്‍ റഷ്യയ്ക്ക് നല്കി എന്ന് ഫാ.സ്മിത്തും സമ്മതിക്കുന്നു .1962 ജൂലൈ 17 നു കാര്‍ഡിനല്‍ വില്ലെബ്രാന്റ്സ് ബെറൊവോജക്കയച്ച കത്തില്‍ പറയുന്നു : "സൂനഹദോസ് ഒരു രാജ്യത്തിനെതിരായി പ്രസ്താവനയിറക്കില്ല -ഉദാഹരണമായി ബ്രിട്ടന് ,ജര്‍മ്മന്‍ അല്ലെങ്കില്‍ റഷ്യ .പണ്ട് ലിബറലിസത്തിന്റെയും (ഫ്രാന്‍സ് ) നാസ്സിസത്തിന്റെയും (ജര്‍മ്മനി ) തെറ്റുകള്‍ സഭ ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ ,സഭക്ക് ചില തെറ്റുകളെക്കുറിച്ചു വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്കാനുണ്ടെങ്കില് അവള് ഒരു രാജ്യത്തെയോ ജനത്തെയോ ശപിക്കില്ല .ആ തെറ്റുകളുടെ ഉടമകള്‍ ആ രാജ്യങ്ങളില്‍ വസിച്ചാലും ."
ഈ വിവാദത്തില്‍ ചരിത്രപരമായ വിശദാംശങ്ങളെക്കുറിച്ചു അന്തിമമായ തീരുമാനത്തിലെത്തിച്ചേരാനാവാത്ത സ്ഥിതിയുണ്ട് . രണ്ടു കാര്യങ്ങള്‍ ഇവിടെ ഏതാണ്ട് വ്യക്തമാണ് .ഒന്ന് ,രണ്ടാം വത്തിക്കാന്‍ സൂനഹദോസ് കംമ്മ്യുണിസത്തെ പരസ്യമായി ശപിക്കുമോ എന്ന ആശങ്ക റഷ്യക്കുണ്ടായിരുന്നു .ഈ ആശങ്കയ്ക്ക് ആക്കം കൂട്ടുന്നതായിരുന്നു 1961 ല്‍ കാര്‍ഡിനല്‍ ഒട്ടോവിയാനി സ്ഥാപിച്ച പീയൂസ് അഞ്ചാമന്റെ ഇന്‍സ്റ്റിട്ട്യൂട്ട് . കംമ്മ്യുണിസവുമായി കുരിശുയുദ്ധത്തിനിറങ്ങുന്ന നയമാണോ സൂനഹദോസ് സ്വീകരിക്കുന്നത് എന്നറിയാന്‍ അവര്‍ക്ക് താല്പര്യമുണ്ടായിരുന്നു .അതോടൊപ്പം ജോണ്‍ മാര്‍പാപ്പ ശാപത്തിന്റെ പാത വെടിഞ്ഞു സംഭാഷണത്തിന്റെ മാര്‍ഗ്ഗം സ്വീകരിക്കണം എന്ന പക്ഷക്കാരനായിരുന്നു . കമ്മ്യുണിസവും നിരീശ്വര സിദ്ധാന്തവുമായുള്ള തുറന്ന മനസ്ഥിതിയുടെയും മറ്റു ക്രൈസ്തവസഭകലുമായുള്ള ഡയലോഗിന്റെയും പ്രതീകമായി റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാപ്രതിനിധികളെ സൂനഹഡോസിലേക്ക് ക്ഷണിക്കാന്‍ മാര്‍പാപ്പ ആഗ്രഹിച്ചു . മാര്‍പാപ്പയുടെ ഈ നയം റഷ്യന്‍ അധികാരികളെ അറിയിച്ചിട്ടുമുണ്ടാകാം .ഇതിന്റെയൊക്കെ ഫലമാണ് കമ്മ്യുണിസം ,പ്രത്യക്ഷത്തില്‍ സൂനഹദോസ് ഡിക്രികളില്‍നിന്നു അപ്രത്യക്ഷമായത് . ഇത് വ്യക്തമാക്കുന്നതാണ് ദൈവശാസ്ത്രജ്ഞനായ ബര്‍ണാര്‍ഡ് ഹെറിംഗ് അടുത്തകാലത്ത് നടത്തിയ ഈ പ്രശ്നത്തെക്കുറിച്ചുള്ള പരാമര്‍ശം ." സഭ ആധുനികലോകത്തില്‍ " എന്ന പ്രമാണരേഖയുടെ നക്കല്‍ എഴുതിയ കമ്മിറ്റിയുടെ സെക്രട്ടറിയും കോ-ഓര്‍ഡിനെറ്റുമായിരുന്നു ബര്‍ണാര്‍ഡ് ഹെറിംഗ്. പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹവുമായുള്ള നീണ്ട അഭിമുഖ സംഭാഷണത്തില്‍ ഫാ . ഹെറിംഗ് പറഞ്ഞു :" 200 മെത്രാന്മാര് എഴുതി സമര്‍പ്പിച്ച ഒരു നിവേദനത്തിലൂടെ കംമ്മ്യുണിസത്തെ പരസ്യമായി ശപിക്കണമെന്നു ആവശ്യപ്പെട്ടപ്പോള്‍ കമ്മീഷന്റെ സെക്രട്ടറിയും വിപുലമായ മറ്റൊരു സമിതിയുടെ കോ സെക്രട്ടറിയുമായിരുന്ന മോണ്‍ ഗ്ലോറിയോയും ഞാനും ബലിയാടുകളായി . ഇങ്ങനെയൊരു ശാപം ഒഴിവാക്കുന്നതിനുവേണ്ടി എന്നാലാവുന്നതൊക്കെ ഞാന്‍ ചെയ്തു എന്നത് ഒളിച്ചുവെക്കുന്നില്ല, ശപിക്കുന്നതു ഒരു രാക്ഷ്ട്രീയ നടപടിയായിരിക്കുമല്ലോ ....എന്തെന്നാല്‍ ,സൂനഹദോസ് കംമ്മ്യുണിസത്തെ ശപിക്കില്ല എന്ന വാഗ്ദാനം മോസ്കോയിലെ ഗവന്മെന്റു അധികാരികള്‍ക്ക് ജോണ്‍ മാര്‍പാപ്പ നല്കിയിരുന്നുവെന്നു എനിക്ക് വ്യക്തമായി അറിയാമായിരുന്നു .റഷ്യന്‍ ഓര്ത്തഡോക്സുസഭയിലെ നിരീക്ഷകര്‍ കൌണ്സിലില് പങ്കെടുക്കാനാണ് ഈ വാഗ്ദാനം നല്‍കിയത് ."
വിശുദ്ധരും വിപ്ലവകാരികളും; പോള്‍ തേലക്കാട്ട്
Sunday, May 29, 2011
കംമ്മ്യുണിസവും രണ്ടാം വത്തിക്കാന്‍ കൌണ്‍സിലും
Subscribe to:
Post Comments (Atom)
2 comments:
പോള്‍ ആറാമന്‍ പാപ്പാ വിളിച്ചുകൂട്ടിയ യോഗത്തില്‍ വിവാദപുരുഷനായത് കൌണ്‍സിലിന്റെ കമ്മീഷന് സെക്രട്ടറി മോണ്‍. അക്കില്ലേ ഗ്ലോറിയോ ആയിരുന്നു . മാര്‍പാപ്പയുടെ മുമ്പില്‍ മോണ്‍ : ഗ്ലോറിയോ കുറ്റസമ്മതം നടത്തി.അമിതാദ്ധ്വാനവും ക്ഷീണവും മൂലമുണ്ടായ അശ്രദ്ധയുടെ ഫലമായി ആ നിവേദനം നഷ്ടപെട്ടുപോയി എന്നായിരുന്നു ആദ്ദേഹത്തിന്റെ വിശദീകരണം . ചര്‍ച്ചയ്ക്കും വിവാദത്തിനും അന്ത്യംകുറിച്ചുകൊണ്ട് മാര്‍പാപ്പ പറഞ്ഞു :" ഈ ഭൂമിയില്‍ കാപട്യം സംശയിക്കാവുന്ന അവസാന വ്യക്തിയാണ് മോണ്‍: ഗ്ലോറിയോ എന്നതിനാല്‍ ഈ പ്രശ്നം ഇവിടെ അവസാനിക്കുന്നു ."
പാഠപുസ്തകം നിശ്ചയിക്കേണ്ടത് കത്തോലിക്കാ സഭയല്ല. പ്രതിഷേധ മാർച്ചും സെക്രട്ടേറിയേറ്റ് ധർണ്ണയും
Post a Comment