കഴിഞ്ഞപോസ്റ്റില്‍ പരിണാമസിദ്ധാന്തത്തെ ക്കുറിച്ചു പറഞ്ഞ വസ്‌തുതകളുടെ തുടര്‍ച്ചയായാണ് ഈ വിശദീകരണം . ഉല്‍പത്തി 1:1-2:25 ലെ രണ്ടു സൃഷ്‌ടിവിവരണങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കണമെന്ന് സഭ ആവശ്യപ്പെടുന്നില്ല. 1909 ജൂണ്‍ 30ന് പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ കമ്മീഷന്‍ പുറപ്പെടുവിച്ച പ്രബോധന രേഖയില്‍ ബൈബിളിലെ സൃഷ്‌ടിവിവരണങ്ങളുടെ വ്യാഖ്യാനത്തില്‍ നിര്‍ബന്ധമായും അംഗീകരിക്കപ്പെടേണ്ട നാലു സത്യങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്:
1. സമയത്തിന്റെ ആരംഭത്തില്‍ ദൈവത്തിന്റെ ഇടപെടലിലൂടെയാണ് പ്രപഞ്ചവും അതിലുള്ളവയും സൃഷ്‌ടിക്കപ്പെട്ടത്.
2. സൃഷ്‌ടിയുടെ മകുടമായ മനുഷ്യന് പ്രപഞ്ചത്തില്‍ പ്രത്യേക സ്ഥാനമുണ്ട്.
3. ആദി സ്‌ത്രീയുടെ ഉത്ഭവം ആദിപുരുഷനില്‍ നിന്നായതിനാല്‍ സ്‌ത്രീ-പുരുഷ പാരസ്‌പര്യം സുപ്രധാനമാണ്.
4. ഏകദൈവത്തിന്റെ സൃഷ്‌ടികളാകയാല്‍ സകലമനുഷ്യരും സാഹോദര്യത്തിലും ഐക്യത്തിലും കഴിയേണ്ടവരാണ്.
ഈ അടിസ്ഥാനസത്യങ്ങള്‍ക്ക് ഭംഗംവരാതെ ബൈബിളിലെ സൃഷ്‌ടിവിവരണത്തെ വ്യാഖ്യാനിക്കാനുള്ള സ്വാതന്ത്ര്യത്തെ സഭ അംഗീകരിക്കുന്നു.
പരിണാമ സിദ്ധാന്തവും ബൈബിള്‍ ദര്‍ശനവും സംഘര്‍ഷാത്മകമാണെന്ന നിലപാട് ശക്തിപ്പെട്ടതോടെ അവയുടെ അനുരഞ്‌ജനത്തിനായി പല സിദ്ധാന്തങ്ങളും രൂപം കൊണ്ടുതുടങ്ങി. അവയില്‍ പ്രധാനമായവ ചുവടെ പരാമര്‍ശിക്കുന്നു.
പരിണാമത്തിലൂടെയാണ് പ്രപഞ്ചം രൂപംകൊണ്ടത്. എന്നാല്‍ പരിണാമത്തിന്റെ ഓരോ ഘട്ടത്തിലും ദൈവം നിര്‍ണ്ണായകമായി ഇടപെട്ടിരുന്നു. തന്മൂലം ദൈവസൃഷ്‌ടിയും പരിണാമവും ഭിന്നയാഥാര്‍ത്ഥ്യങ്ങളല്ല എന്ന നിഗമനത്തെ (Theistic evolution) ചാള്‍സ് ബാബേജ്, റൊനാള്‍ഡ് ഫിഷര്‍ എന്നിവര്‍ പിന്തുണച്ചു.ദൈവം പ്രപഞ്ച സൃഷ്‌ടി നടത്തി പ്രകൃതിനിയമങ്ങള്‍ നല്‍കി പിന്‍വാങ്ങിയെന്നും പിന്നീടു പ്രപഞ്ചത്തില്‍ സംഭവിക്കുന്ന പരിണാമങ്ങളിലും സംഭവങ്ങളിലുമൊന്നും ദൈവം ഇടപെടുന്നില്ല എന്ന വാദവും (Deism) മതത്തെയും ശാസ്‌ത്രത്തെയും അനുരഞ്‌ജിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു.ബൈബിളിലെ ഏഴു ദിവസത്തെ സൃഷ്‌ടിവിവരങ്ങളെ ഏഴു യുഗങ്ങളായി കരുതി വിശദീകരിക്കുന്ന ശൈലിയും (Progressive Creationism) ഇക്കാലത്തു നിലവില്‍ വന്നതാണ്. ഏഴുയുഗങ്ങളിലായി പ്രപഞ്ചം പരിണാമവിധേയമായി എന്നവാദമാണ് ഇക്കൂട്ടര്‍ നിരത്തിയത്.സൃഷ്‌ടികര്‍മ്മം പൂര്‍ത്തിയാക്കാന്‍ ദൈവം ഉപയോഗിച്ച മാര്‍ഗ്ഗമാണ് പരിണാമം എന്നതാണ് മറ്റൊരു വാദം (Evolutionary Creationism). തെയ്യാര്‍ദ് ഷാര്‍ദാന്‍ ഈ വാദത്തിന്റെ വക്താവാണ്.എന്നാല്‍ പരിണാമസിദ്ധാന്തത്തെയും വിശ്വാസത്തെയും ബന്ധിപ്പിക്കാനുള്ള ഈ ശ്രമങ്ങളൊന്നും തന്നെ കാര്യമായി വിജയിച്ചില്ല. മതവും ശാസ്‌ത്രവും വിരുദ്ധചേരിയിലാണെന്ന തെറ്റായ ചിന്താഗതിയും പരിണാമസിദ്ധാന്തം ബൈബിളിനെയും വിശ്വാസത്തെയും തകര്‍ക്കുമെന്ന ഭയവും ഇതിനുകാരണമായി. തന്നെയുമല്ല പരിണാമസിദ്ധാന്തത്തെ ഗഹനമായി പഠിക്കാന്‍ പലരും തയ്യാറായതുമില്ല. പരിണാമം അംഗീകരിക്കുന്നത് മനുഷ്യമഹത്വത്തിന് ഹാനികരവും മനുഷ്യനെ മൃഗതലത്തിലേക്ക് താഴ്‌ത്തുന്നതുമാണെന്നും വിലയിരുത്തപ്പെട്ടു. സകലതും പരിണാമവിധേയമായ പ്രപഞ്ചക്രമത്തില്‍ ധാര്‍മ്മികതയുടെ സനാതനതത്വങ്ങള്‍ അപ്രസക്തമാകുമെന്നും പണ്‌ഡിതന്മാര്‍ വിലയിരുത്തി. എന്നാല്‍ കത്തോലിക്കാസഭയുടെ ഔദ്യോഗിക നിലപാട് കൂടുതല്‍ ഭാവാത്മകമായിരുന്നു. പരിണാമ സിദ്ധാന്തത്തെക്കുറിച്ചുള്ള കത്തോലിക്കാസഭയുടെ വിലയിരുത്തലുകള്‍ ചുവടെ ചേര്‍ക്കുന്നു.
1. ഡാര്‍വിന്‍ പരിണാമസിദ്ധാന്തം അവതരിപ്പിച്ചതിന് ശേഷം ഒരു ദശകം കഴിഞ്ഞുചേര്‍ന്ന ഒന്നാം വത്തിക്കാന്‍ കൗണ്‍സില്‍ പരിണാമസിദ്ധാന്തത്തെയോ ഡാര്‍വിനെയോ പേരെടുത്തു പരാമര്‍ശിച്ചില്ല. എന്നാല്‍ സഭയുടെ വിശ്വാസസത്യങ്ങള്‍ക്കു വിരുദ്ധമായ ശാസ്‌ത്രതത്വങ്ങള്‍ നിരാകരിക്കണമെന്ന് കൗണ്‍സില്‍ നിര്‍ദ്ദേശിച്ചു (ND 133-135). ശരിയായ ശാസ്‌ത്രതത്വങ്ങളും വിശ്വാസസത്യങ്ങളും തമ്മില്‍ വൈരുധ്യം ഉണ്ടാകില്ലെന്നും കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.
2. 1893 നവംബര്‍ 18നു പ്രസിദ്ധീകരിച്ച `പ്രൊവിദെന്തീസിമൂസ് ദേവൂസ്' എന്ന പ്രമാണരേഖയില്‍ ലെയോ പതിമൂന്നാമന്‍ മാര്‍പാപ്പ, ബൈബിളിനു വിരുദ്ധമായി പ്രചരിക്കുന്ന ശാസ്‌ത്രസിദ്ധാന്തങ്ങളുടെ അസ്ഥിരതയെയും അടിസ്ഥാനരാഹിത്യത്തെയും കുറിച്ചു സൂചിപ്പിച്ചെങ്കിലും പരിണാമസിദ്ധാന്തത്തെ നേരിട്ട് പരാമര്‍ശിച്ചില്ല.
3. പന്ത്രണ്ടാം പീയൂസ്‌പാപ്പായുടെ `ഹുമാനി ജെനേരിസ്' എന്ന ചാക്രിക ലേഖനമാണ് പരിണാമസിദ്ധാന്തത്തെക്കുറിച്ച് പഠനം നടത്തുന്ന ആദ്യ സഭാപ്രബോധനം. ദൈവിക വെളിപാടിനെ വിശദീകരിക്കാനുള്ള സഭയുടെ അധികാരത്തെ മാനിച്ചുകൊണ്ട് കത്തോലിക്കര്‍ക്ക് മനുഷ്യോല്‍പത്തിയെക്കുറിച്ച് പരിണാമസിദ്ധാന്തം പറയുന്ന കാര്യങ്ങളെ സ്വീകരിക്കാനോ തിരസ്‌കരിക്കാനോ അവകാശമുണ്ടെന്ന് മാര്‍പാപ്പാ വിലയിരുത്തി. എന്നാല്‍ മനുഷ്യാത്മാവ് ദൈവത്താല്‍ നേരിട്ട് സൃഷ്‌ടിക്കപ്പെട്ടതാണെന്നും എല്ലാ മനുഷ്യരും ആദത്തില്‍നിന്നുത്ഭവിച്ചവരാണെന്നും വിശ്വസിക്കണമെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ചുരുക്കത്തില്‍, മനുഷ്യോല്‌പത്തിക്കുമുമ്പുണ്ടായിരുന്നവയില്‍ നിന്നാണ് മനുഷ്യ ശരീരം ഉത്ഭവിച്ചത് എന്നു കരുതുന്നത് വിശ്വാസവിരുദ്ധമല്ലെന്ന് മാര്‍പാപ്പ അംഗീകരിച്ചു.
4. 1996 ഒക്‌ടോബര്‍ 22 ന് ശാസ്‌ത്രകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ അക്കാദമിയില്‍ നടത്തിയ പ്രഭാഷണത്തില്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഒരുപടികൂടി കടന്ന് പരിണാമസിദ്ധാന്തം ആധുനിക ശാസ്‌ത്രമേഖലയില്‍ വരുത്തിയ ഭാവാത്മക ചലനങ്ങളെ ശ്ലാഘിച്ചു. ആധുനിക ഗവേഷണങ്ങള്‍ പരിണാമസിദ്ധാന്തത്തിന്റെ പല നിഗമനങ്ങളും ശരിവയ്‌ക്കുന്നതായി മാര്‍പാപ്പ ചൂണ്ടിക്കാട്ടി. എന്നാല്‍ ദൈവസൃഷ്‌ടിയായ മനുഷ്യാത്മാ വ് പരിണാമത്തിലൂടെ രൂപംകൊണ്ടതാണെന്ന വാ ദത്തെ മാര്‍പാപ്പ അസന്ദിഗ്‌ദ്ധമായി നിഷേധിച്ചു.
5. പരിണാമ സിദ്ധാന്തത്തിന്റെ 150-ാം വാര്‍ഷികം പ്രമാണിച്ച് ബനഡിക്‌ട് 16-ാമന്‍ മാര്‍പാപ്പ 2009 മാര്‍ച്ചുമാസത്തില്‍ അഞ്ചു ദിവസങ്ങള്‍ നീണ്ട ഒരു ശാസ്‌ത്ര സമ്മേളനം വിളിച്ചുകൂട്ടി. കത്തോലിക്കാ ദൈവശാസ്‌ത്രവും പരിണാമസിദ്ധാന്തവും തമ്മിലുള്ള യോജിപ്പിന്റെയും വിയോജിപ്പിന്റെയും മേഖലകളെ ഈ സമ്മേളനം സമ്യക്കായി വിലയിരുത്തി. പ്രപഞ്ചത്തില്‍ ജീവന്‍ ഉത്ഭവിച്ചതും വളര്‍ന്നതും ക്രമാനുഗതമായാണ് (gradual) എന്ന ശാസ്‌ത്രനിഗമനത്തെ സഭ അംഗീകരിച്ചു. എന്നാല്‍ ഭൂമിയുടെ പഴക്കത്തെക്കുറിച്ചുള്ള ശാസ്‌ത്രനിഗമനങ്ങളും ഫോസിലുകളുടെ വെളിച്ചത്തില്‍ നടത്തുന്ന അപൂര്‍ണ്ണമായ നിഗമനങ്ങളെയും കൂടുതല്‍ പഠനം ആവശ്യമുള്ളതിനാല്‍ അംഗീകരിക്കാന്‍ സഭ തയ്യാറായില്ല. ബനഡിക്‌ട് പതിനാറാമന്‍ പാപ്പാ രചിച്ച ഉല്‌പത്തിഗ്രന്ഥത്തിന്റെ വ്യാഖ്യാനത്തില്‍ (In the Beginning) സൃഷ്‌ടിയും പരിണാമവും വിശ്വാസവും യുക്തിയും തമ്മിലുള്ള ആന്തരിക ഐക്യത്തെക്കുറിച്ച് ഊന്നിപ്പറയുന്നുണ്ട്. 2006 സെപ്‌തംബര്‍ 3ന് പാപ്പായുടെ വേനല്‍ക്കാല വസതിയില്‍ ചേര്‍ന്ന സമ്മേളനത്തിന്റെ വിഷയം `സൃഷ്‌ടിയും പരിണാമവും' എന്നതായിരുന്നു. പ്രസ്‌തുത സമ്മേളനത്തില്‍ പാപ്പ നടത്തിയ പ്രസംഗം ഇത്തരുണത്തില്‍ ഏറെ ശ്രദ്ധേയമാണ്. ശാസ്‌ത്ര നിഗമനങ്ങളെ സമ്പൂര്‍ണ്ണമായും നിരസിക്കുന്ന തീവ്രനിലപാടായ സൃഷ്‌ടിവാദം (Creationism) ഒരുവശത്തും തെളിവുകളുടെ അപര്യാപ്‌തതകളെ സൗകര്യപൂര്‍വ്വം വിസ്‌മരിക്കുകയും ശാസ്‌ത്രതത്വങ്ങള്‍ക്കു വെളിയിലുള്ള സത്യങ്ങളെ നിരാകരിക്കുകയും ചെയ്യുന്ന പരിണാമസിദ്ധാന്തം മറുവശത്തും നിലകൊള്ളുന്ന വൈരുധ്യാത്മകതയായി മത-ശാസ്‌ത്ര നിഗമനങ്ങളെ വിലയിരുത്തുന്നത് ശരിയല്ല (Shopfung and Evolution). പരിണാമസിദ്ധാന്തത്തില്‍ ശാസ്‌ത്രത്തിനു വെളിയിലുള്ള പലതാത്വിക നിഗമനങ്ങളും വിശ്വാസസംഹിതകളും ഉള്‍ക്കൊള്ളുന്നതായും മാര്‍പാപ്പാ ചൂണ്ടിക്കാട്ടി.
മേല്‍ പ്രസ്‌താവിച്ച വസ്‌തുതകളില്‍ നിന്ന് ചില അടിസ്ഥാന നിഗമനങ്ങളില്‍ എത്തിച്ചേരാം.
പരിണാമസിദ്ധാന്തം സംശയാതീതമായി തെളിയിക്കപ്പെട്ട ഒരു ശാസ്‌ത്ര സത്യമല്ല. ശാസ്‌ത്രീയ തെളിവുകളേക്കാള്‍ താത്വികവും കാല്‌പനികവുമായ നിഗമനങ്ങളെയാണ് പരിണാമസിദ്ധാന്തം അവലംബമാക്കുന്നത്. മനുഷ്യശരീരം പരിണാമവിധേയമായിട്ടുണ്ട് എന്ന നിഗമനം വിശ്വാസവിരുദ്ധമല്ല. എന്നാല്‍ മനുഷ്യാത്മാവ് ദൈവത്താല്‍ നേരിട്ടു സൃഷ്‌ടിക്കപ്പെട്ടതാണ്. ഉല്‌പത്തി പുസ്‌തകത്തിലെ സൃഷ്‌ടിവിവരണം അക്ഷരാര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കേണ്ടതില്ല. സകലത്തിന്റെയും സ്രഷ്‌ടാവ് ദൈവമാണെന്നും മനുഷ്യന് സൃഷ്‌ടിയില്‍ സമുന്നതസ്ഥാനമുണ്ടെന്നും ആദിമാതാപിതാക്കളുമായി സകല മനുഷ്യര്‍ക്കും ജനിതകബന്ധമുണ്ടെന്നുമുള്ള അടിസ്ഥാന സത്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് ഈ വചനഭാഗങ്ങളെ വ്യാഖ്യാനിക്കുന്നതാണ്. മതവും ശാസ്‌ത്രവും വിശ്വാസവും യുക്തിയും തമ്മില്‍ വൈരുധ്യമുണ്ടെന്നുള്ള നിലപാട് തിരുത്തണം.
Author : റവ.ഡോ. ജോസഫ് പാംപ്ലാനി
Wednesday, August 17, 2011
പരിണാമസിദ്ധാന്തം വിശ്വാസവിരുദ്ധമാണോ?
Monday, August 15, 2011
ക്രൈസ്‌തവര്‍ക്ക് പരിണാമസിദ്ധാന്തം സ്വീകരിക്കാമോ?
സൃഷ്‌ടിയും പരിണാമവും തമ്മിലുള്ള വൈരുധ്യത്തെക്കുറിച്ചുള്ള വാഗ്വാദം 1859-ല്‍ ചാള്‍സ് ഡാര്‍വിന്‍ Origin of Species (വര്‍ഗ്ഗങ്ങളുടെ ഉത്ഭവം) എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചകാലം മുതല്‍ ആരംഭിച്ചതാണ്. ഭൗതികശാസ്‌ത്രജ്ഞരും ദൈവശാസ്‌ത്രജ്ഞരും തമ്മിലുള്ള വിവാദങ്ങളുടെ കേന്ദ്രബിന്ദു അന്നുമുതല്‍ പരിണാമ സിദ്ധാന്തമായിരുന്നു. ബൈബിളിലെ സൃഷ്‌ടിവിവരണം തെറ്റാണ് എന്ന് ഡാര്‍ വിന്റെ സിദ്ധാന്തം തെളിയിച്ചു എന്ന വിധത്തിലായി തുടര്‍ന്നുള്ള പ്രചരണങ്ങള്‍. എന്നാല്‍ ഡാര്‍വിന്‍ ബൈബിള്‍ വിവരണത്തെയോ ദൈവവിശ്വാസത്തെയോ തെറ്റാണെന്നു സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടില്ല. ജീവനെക്കുറിച്ചുള്ള ശാസ്‌ത്രത്തിന്റെ നാളിതുവരെയുള്ള നിഗമനം; ജീവജാലങ്ങളുടെ വര്‍ഗ്ഗീകരണത്തിന് സ്ഥായീഭാവമുണ്ട് എന്ന നിഗമനം; തെറ്റാണെന്ന് തെളിയിക്കാനാണ് ഡാര്‍വിന്‍ ശ്രമിച്ചത്. മനുഷ്യ ന് ഒരേ സമയം നല്ല വിശ്വാസിയും പരിണാമവാദിയും ആയിരിക്കാനാകുമെന്ന് ഡാര്‍വിന്‍ വിശ്വസിച്ചിരുന്നു. പരിണാമസിദ്ധാന്തത്തിന്റെ ദൈവശാസ്‌ത്രവസ്‌തുതകള്‍ പരിശോധിക്കും മുമ്പേ എന്താണ് ഡാര്‍വിന്‍ പരിണാമസിദ്ധാന്തത്തിലൂടെ ലക്ഷ്യമാക്കിയത് എന്ന് ഗ്രഹിക്കേണ്ടതുണ്ട്.
പരിണാമസിദ്ധാന്തങ്ങള്‍ ഡാര്‍വിനുമുമ്പും രൂപമെടുത്തിട്ടുണ്ട്. ബി.സി. 6-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അനക്‌സിമാണ്ടര്‍ എന്ന തത്വചിന്തകന്‍ കടല്‍ മത്സ്യങ്ങളില്‍നിന്ന് സൂര്യതാപത്തില്‍ ഉയരുന്ന നീരാവിയിലൂടെയാണ് കരയിലെ മനുഷ്യരും മൃഗങ്ങളും രൂപം കൊണ്ടത് എന്നു പഠിപ്പിച്ചിരുന്നു. അന്നുമുതല്‍ ജൈവപരിണാമം എന്ന ആശയം വിവിധകാലഘട്ടങ്ങളില്‍ വിവിധരൂപങ്ങളി
ല്‍ നിലനിന്നിരുന്നു. 19-ാം നൂറ്റാണ്ടില്‍ മനുഷ്യന്റെ ഉല്‍പത്തിയെക്കുറിച്ച് നിരവധി ഗവേഷണങ്ങള്‍ നടന്നിരുന്നു. 1829-ല്‍ ഫിലിപ്പ് ചാള്‍സ് ഷ്‌മെര്‍ലിംഗ് എന്ന ശാസ്‌ത്രജ്ഞന്‍ ബെല്‍ജിയത്തെ എന്‍ഗിസില്‍ നിന്നു കണ്ടെടുത്ത മൂന്നു പുരാതന തലയോടുകളില്‍ നടത്തിയ നിരീക്ഷണങ്ങളാണ് മനുഷ്യന്റെ മുന്‍ഗാമികളെക്കുറിച്ചുള്ള നിഗമനത്തിലേക്ക് ആദ്യമായി വെളിച്ചം വീശിയത്. 1856-ല്‍ ജര്‍മനിയിലെ നെയാന്തര്‍താളില്‍നിന്നു കണ്ടെടുത്ത മനുഷ്യഫോസിലുകളില്‍ നടത്തിയ നിരീക്ഷണത്തിലൂടെ ഹെര്‍മന്‍ ഷാഫ്‌ഹൗസന്‍ എന്ന ശാസ്‌ത്രജ്ഞന്‍ മനുഷ്യന് മുന്‍ഗാമികളായി ആള്‍ക്കുരങ്ങുകളോടു സാദൃശ്യമുള്ള ജീവികള്‍ ജീവിച്ചിരുന്നതായി സാക്ഷ്യപ്പെടുത്തി. സദൃശമായ നിരവധി പരീക്ഷണ നിരീക്ഷണങ്ങളുടെ നിഗമനങ്ങളെ ക്രോഡീകരിച്ചുകൊണ്ടാണ് ഡാര്‍വിന്‍ തന്റെ പരിണാമസിദ്ധാന്തം അവതരിപ്പിക്കുന്നത്. ഈ സിദ്ധാന്തത്തിന്റെ അടിസ്ഥാനനിഗമനങ്ങള്‍ താഴെപ്പറയുന്നവയാണ്.
1) മൂന്നര ബില്യന്‍ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഏകകോശജീവിയായാണ് ഭൂമിയില്‍ ജീവന്‍ ആരംഭിക്കുന്നത്. ഇന്നു ഭൂമിയിലുള്ള 20 ദശലക്ഷം ജൈവവര്‍ഗ്ഗങ്ങളും ഈ ഏകകോശജീവിയുടെ പരിണാമഫലമായി രൂപം കൊണ്ടതാണ്.
2) പരിണാമത്തിനു കാരണമാകുന്ന ആദ്യഘടകം ജീവികളുടെ പരമ്പരാഗത ജീനുകളില്‍ വരുന്ന മാറ്റമാണ് (mutation). ഈ ജനിതക മാറ്റംമൂലം പ്രസ്‌തുത ജീവിയുടെ തൊലിയുടെ നിറവും ശരീരഘടനയും സാവകാശത്തില്‍ രൂപാന്തരപ്പെടുന്നു. ഇത്തരം ജനിതകമാറ്റം പ്രകൃതിയില്‍ അവിചാരിതമായി എന്നാല്‍ സ്വാഭാവികമായി സംഭവിക്കുന്നതാണ്.
3) ജൈവലോകത്തെ നിലനില്‌പിനു വേണ്ടിയുള്ള സമരത്തില്‍ വിജയിക്കുന്നത് ഏറ്റവും കരുത്തറ്റവയാണ് (natural selection). ഉദാഹരണമായി വരണ്ട ഭൂമിയില്‍ നില്‌ക്കുന്ന വൃക്ഷങ്ങളില്‍ കരുത്തു ള്ളവ വേര് ആഴത്തിലിറക്കി ജലം വലിച്ചെടുക്കുകയും ആഴത്തില്‍ വേരിറക്കാന്‍ കഴിവുള്ള മരങ്ങളുടെ വിത്ത് ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നു. കാലാന്തരത്തില്‍ മറ്റുമരങ്ങള്‍ നശിക്കുകയും ഇത്തരം വൃക്ഷം ഭൂമിയില്‍ നിറയുകയും ചെയ്യും.
4) ഒരു ജൈവവിഭാഗത്തിലെ ഏതാനും അംഗങ്ങള്‍ പലവര്‍ഷങ്ങളായി തങ്ങളുടെ മുഖ്യ വിഭാഗവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ടു കഴിഞ്ഞാല്‍ അവ വ്യത്യസ്‌തങ്ങളായ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താലും ജനിതകമാറ്റം മൂലവും തികച്ചും ഭിന്നമായ ജൈവവിഭാഗമായി രൂപപ്പെടാം (Isolation of species).
5) മനുഷ്യന്‍ വലിയ കുരങ്ങുകളുടെ വര്‍ഗ്ഗത്തില്‍ (ഗറില്ല, ചിമ്പാന്‍സി, ഒറാങ്ങൂട്ടാന്‍) പെടുന്നു. ഈ വിഭാഗത്തില്‍ നിന്ന് 16 മില്യണ്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ഒറാങ്ങൂട്ടാന്‍ വിഭാഗം ഒറ്റപ്പെട്ടുപോയി.
10 മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗറില്ലകളും ഈ വിഭാഗത്തില്‍നിന്ന് ഒറ്റപ്പെട്ടുപോയി. ശേഷിച്ച ചിമ്പാന്‍സി വിഭാഗത്തിനും മനുഷ്യര്‍ക്കും ഒരേ പൂര്‍വ്വികരാണുണ്ടായിരുന്നത്. ചിമ്പാന്‍സിയില്‍ നിന്നും അസ്‌ട്രലോപിതേക്കസ് എന്ന വിഭാഗം കുരങ്ങുകള്‍ രൂപം കൊണ്ടെന്നും ഇവയ്‌ക്കു മനുഷ്യനോടു സദൃശ്യമായ ശരീരഘടനയും ബുദ്ധി വികാസവുമുണ്ടായിരുന്നത്രേ. ഇവയില്‍ നിന്ന് കൈകുത്തി നടക്കുന്ന നാല്‍ക്കാലി മനുഷ്യനും (homohabilis), നിവര്‍ന്നു നടക്കുന്ന മനുഷ്യനും (Homo erectus), ചിന്തിക്കാന്‍ കഴിവുള്ള ആധുനിക മനുഷ്യനും (homo sapiens) പരിണമിച്ചുവന്നു. ചിന്താശേഷിയുള്ള മനുഷ്യന്റെ ഉത്ഭവം എഴുപത്തായ്യായിരം വര്‍ഷങ്ങള്‍ക്കു മുമ്പാണ് സംഭവിച്ചത്. ഇവയുടെ ഫോസിലുകളാണത്രേ ജര്‍മ്മനിയിലെ നെയാന്തര്‍താള്‍ താഴ്‌വരയില്‍ കണ്ടെത്തിയത്. ആധുനിക മനുഷ്യന്‍ ഉത്ഭവിച്ചത് കേവലം 40000 വര്‍ഷങ്ങള്‍ക്കു മുന്‍പുമാത്രമാണത്രേ.
ഡാര്‍വിന്റെ സിദ്ധാന്തത്തിന് തെളിവായി അനേകം ഫോസില്‍ പഠനങ്ങള്‍ (paleo anthropology) അവതരിപ്പിക്കുകയുണ്ടായി. DNA യുടെ ഘടന പരിശോധിച്ചാല്‍ സകല ജീവജാലങ്ങളുടെയും DNA നിര്‍മ്മിതമായിരിക്കുന്ന ഘടകങ്ങള്‍ ഒന്നുതന്നെയാണെന്ന് വ്യക്തമാകും [A (അഡേനിന്‍), G (ഗ്വാനൈന്‍), C (സിറ്റോഡിന്‍), T (തൈമൈന്‍)] മനുഷ്യന് ചിമ്പാന്‍സിയുമായി 98.4%വും എലികളുമായി 75% വും DNA പൊരുത്തമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ശാസ്‌ത്ര ദൃഷ്‌ടിയിലെ വിലയിരുത്തല്‍ പരിണാമസിദ്ധാന്തത്തെ ശാസ്‌ത്രലോകമൊന്നാകെ സര്‍വ്വാത്മനാ സ്വാഗതം ചെയ്‌തു എന്നു കരുതരുത്. പരിണാമസിദ്ധാന്തം ശാസ്‌ത്രീയ അടിസ്ഥാനങ്ങളേക്കാള്‍ സാങ്കല്‌പിക നിഗമനങ്ങളെയാണ് ആധാരമാക്കുന്നത് എന്ന കാരണത്താലാണ് ശാസ്‌ത്രലോകം പരിണാമസിദ്ധാന്തത്തെ സംശയദൃഷ്‌ടിയോടെ വീക്ഷിക്കുന്നത്.
(1) ജീവികളിലെ പരിണാമത്തിനു കാരണമാകുന്ന ജനിതകമാറ്റം എങ്ങനെ, എപ്പോള്‍ സംഭവിക്കുന്നു എന്നു ശാസ്‌ത്രീയമായി വിശദീകരിക്കാന്‍ പരിണാമസിദ്ധാന്തത്തിനു കഴിയുന്നില്ല.
(2) മൂന്നര ബില്യന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവന്‍ എപ്രകാരം ഉത്ഭവിച്ചു എന്നതും പരിണാമസിദ്ധാന്തത്തിന് വിശദീകരിക്കാന്‍ കഴിഞ്ഞില്ല.
(3) പരിണാമസിദ്ധാന്തത്തിന്റെ ഏറ്റവും വലിയ തെളിവായി പറയപ്പെടുന്ന ഫോസിലുകള്‍ വളരെ പരിമിതമായതിനാല്‍ പരിണാമത്തിന്റെ വിവിധ ഘട്ടങ്ങള്‍ക്ക് ഫോസലുകളിലൂടെ തെളിവു നല്‍കാന്‍ ഡാര്‍വിനു കഴിഞ്ഞില്ല.
(4) മനുഷ്യകുലത്തിന്റെ ഉത്ഭവം 40000 വര്‍ഷങ്ങള്‍ മാത്രം മുന്‍പാണെന്ന നിഗമനം പൂര്‍ണ്ണമായും തെറ്റാണ്. കാരണം അനേക ലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പേ മനുഷ്യന്‍ ഭൂമിയില്‍ വസിച്ചിരുന്നതായി ശാസ്‌ത്രം കണ്ടെത്തിയിട്ടുണ്ട്.
(5) 1987-ല്‍ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി നടത്തിയ ജനിതക പഠനത്തിന്റെ വെളിച്ചത്തില്‍ മനുഷ്യകുലം ഉത്ഭവിച്ചത് 200,000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ആഫ്രിക്കയില്‍ ജീവിച്ചിരുന്ന ഏകമാതാവില്‍നിന്നാണ്. 2002-ല്‍ y ക്രോമസോമുകളുടെ DNA യില്‍ നടത്തിയ പരീക്ഷണങ്ങളിലൂടെ സ്‌പെന്‍സര്‍ വെല്‍സ് എന്ന ശാസ്‌ത്രജ്ഞന്‍ മനുഷ്യോല്‌പത്തി ആഫ്രിക്കന്‍ പിതാവില്‍ നിന്നാണെന്നു കണ്ടെത്തുകയുണ്ടായി. ഈ രണ്ടു ഗവേഷണങ്ങളും മനുഷ്യനു പൂര്‍വ്വികരായി വര്‍ത്തിച്ചത് കുരങ്ങാണ് എന്ന നിഗമനത്തെ നിരാകരിക്കുകയാണു ചെയ്‌തത്. അതായത് ശാസ്‌ത്രീയ ഗവേഷണങ്ങള്‍ പരിണാമസിദ്ധാന്തത്തെ സാധൂകരിക്കുന്നില്ല എന്നു വ്യക്തമാണ്.
(6) ചിമ്പാന്‍സികള്‍ക്ക് മനുഷ്യനെപ്പോലെ ഭാഷ മനസ്സിലാക്കാനും പ്രതികരിക്കാനുമുള്ള ബുദ്ധിശക്തിയുണ്ടെന്ന് പരിണാമവാദികള്‍ വാദിച്ചിരുന്നു. എന്നാല്‍ ഈ അവകാശവാദം അസ്ഥാനത്താണെന്ന് ഇന്നു ശാസ്‌ത്രം തെളിയിച്ചിട്ടുണ്ട്.
(7) പുരാതന ഫോസിലുകളില്‍ നിന്നു ലഭിക്കുന്ന വിവരണങ്ങളെ പരിണാമവാദികളായ ഗവേഷകര്‍ തങ്ങളുടെ വ്യക്തി താല്‌പര്യങ്ങള്‍ക്കനുസൃതമായി വളച്ചൊടിക്കുകയും തെറ്റായ നിഗമനങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്‌തിട്ടുണ്ടെന്ന് എല്‍. തോംപ്‌സണും മൈക്കിള്‍ ക്രാമോയും ചേര്‍ന്നുനടത്തിയ ഫോസില്‍ പഠനങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. (Forbidden Archacology).
ശാസ്‌ത്രം തന്നെ അംഗീകരിക്കാത്ത ഈ സിദ്ധാന്തത്തിന് ഇത്രമേല്‍ പ്രചാരം കിട്ടാന്‍ കാരണം 19-ാം നൂറ്റാണ്ടില്‍ വളര്‍ ന്നുവന്ന മതവിരുദ്ധചിന്താധാരയാണ്. സാമ്പത്തികരംഗത്ത് മാര്‍ക്‌സും മനശാസ്‌ത്രമേഖലയില്‍ ഫ്രോയിഡും താത്വികമേഖലയില്‍ സാര്‍ത്രും നീഷേയും ഒക്കെ ദൈവനിഷേധം പ്രചരിപ്പിച്ചിരുന്ന കാലത്താണ് പരിണാമസിദ്ധാന്തവും രംഗപ്രവേശം ചെയ്‌തത്. ക്രിസ്‌തുമതത്തെ ആ ക്രമിക്കാനുള്ള വടി എന്ന നിലയിലാണ് പലരും പരിണാമസിദ്ധാന്തത്തെ പ്രചരിപ്പിച്ചത്. തത്‌ഫലമായി അതിന്റെ ശാസ് ത്രീയമായ അടിസ്ഥാനരാഹിത്യവും തെളിവുകളുടെ അഭാവവും വിസ്‌മരിച്ച് പരിണാമസിദ്ധാന്തത്തിന് പ്രചുരപ്രചാരം നല്‍കാന്‍ പലരും മത്സരിക്കുകയായിരുന്നു.
പരിണാമസിദ്ധാന്തത്തിന്റെ ദൈവശാസ്‌ത്രപരമായ വിലയിരുത്തലും കത്തോലിക്കാസഭയുടെ നിലപാടുകളും അടുത്ത പോസ്റ്റില്‍ വായിക്കാം.
Author : റവ.ഡോ. ജോസഫ് പാംപ്ലാനി