സുവിശേഷങ്ങളിലെ ഉപമകള്‍ മനസ്സിലാക്കുക പൊതുവെ അയത്ന ലളിതമാണ്. വിവരണ ഭംഗിയില്‍ മുന്നില്‍ നില് ക്കുന്ന ലൂക്കാസുവിശേഷത്തിലെ ഉപമകള്‍ വിശേഷിച്ചും. എന്നാല്‍ ലൂക്കാ16:1-13 ലെ ഉപമയുടെ വിശദീകരണം ദുഷ്കരമാണ്. അവിശ്വസ്തനായ കാര്യസ്ഥന്റെ പ്രവൃത്തിയെ ക്രിസ്തു ന്യായീകരിക്കുന്നതായുള്ള ധ്വനി (16:8-9) യാണ് ഉപമയുടെ വിശദീകരണത്തെ സങ്കീര്‍ണ്ണമാക്കുന്നത്. ഈ ഉപമയുടെ അര്‍ത്ഥം പടിപടിയായി വിശദീകരിക്കാന്‍ പരിശ്രമിക്കാം.
ഉപമയുടെ സ്ഥാനംലൂക്കാ സുവിശേഷകന് മാത്രം രേഖപ്പെടുത്തുന്ന ഉപമയാണിത്. തന്മൂലം ലൂക്കായുടെ തനതു ദൈവശാസ്ത്രചിന്തയെ വിശദീകരിക്കുന്ന ഉപമയാണിത് എന്ന് അനുമാനിക്കാം. ലൂക്കാ ഈ ഉപമ രേഖപ്പെടുത്തിയിരിക്കുന്ന പതിനാറാം അധ്യായത്തില്‍ രണ്ട് ഉപമകളാണ് ആകെയുള്ളത്. 16:1-13-ല്‍ ദുഷ്ടനായ കാര്യസ്ഥന്റെ ഉപമയും 16:19-31-ല്‍ ധനവാന്റെയും ലാസറിന്റെയും ഉപമയും. ഇതിനിടയിലുള്ള ഭാഗമാകട്ടെ (16:14-18) പണക്കൊതിയന്മാരായ ഫരിസേയരും യേശുവും തമ്മിലുള്ള വാ ഗ്വാദവുമാണ്. ചുരുക്കത്തില്‍ പതിനാറാം അധ്യായത്തിന്റെ ഇതിവൃത്തം സമ്പത്തുമായി ബന്ധപ്പെട്ടതാണ് എന്ന് വ്യക്തമാകുന്നു. സമ്പത്തിന്റെ ദുരുപയോഗം സ്വര്‍ഗ്ഗം നഷ്ടപ്പെടുത്തുമെന്ന് ധനവാന്റെയും ലാസറിന്റെയും ഉപമ വ്യക്തമാക്കുന്നുണ്ട്. നിസ്വരും ദരിദ്രരുമായവരോട് ലൂക്കായുടെ സുവിശേഷം പ്രത്യേകം പ്രതിപത്തി കാട്ടുന്നതായി സുവിശേഷത്തിലുടനീളം സൂചനകളുണ്ട് (3:8,11-13; 4:18-19; 6:20-26; 9:3-6; 10:1-12; 11:3-41; 12:13-15,28-34; 14:12-24). സുവിശേഷത്തില്‍ പ്രകടമാകുന്ന ദരിദ്രരോടുള്ള പ്രത്യേക ആഭിമുഖ്യത്തിന്റെയും സമ്പത്തിന്റെയും ദുര്‍വിനിയോഗത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകളുടെയും പശ്ചാത്തലത്തില്‍ മാത്രമേ അവിശ്വസ്തനായ കാര്യസ്ഥന്റെ ഉപമയെ വ്യാഖ്യാനിക്കാനാകുകയുള്ളൂ.
അവിശ്വസ്തനായ കാര്യസ്ഥന്യൂദയായിലെ സമ്പന്നര്‍ ഗലീലിയില്‍ തോട്ടങ്ങള്‍ നട്ടുപിടിപ്പിച്ച് അവയുടെ മേല്‍നോട്ടം കാര്യസ്ഥരെ ഭരമേല്പിക്കുന്നത് പലസ്തീനായിലെ പതിവുരീതിയായിരുന്നു. യജമാനന്മാര് കാര്യസ്ഥന്മാര്ക്ക് ശമ്പളം നല്കുന്ന പതിവില്ലായിരുന്നു. യജമാനന്റെ ഭൂമി പാട്ടത്തിനുകൊടുക്കാ നും സമ്പത്തു പലിശയ്ക്കു കൊടുക്കാനും കാര്യസ്ഥന് അവകാശമുണ്ടായിരുന്നതിനാല്‍ പ്രസ്തുത വഴികളിലൂടെയുള്ള വരുമാനത്തിന്റെ നല്ല പങ്കും കാര്യസ്ഥന് അവകാശപ്പെട്ടതായിരുന്നു. യഹൂദര്‍ പണം കടം കൊടുത്താല്‍ പലിശ ഈടാക്കാന്‍ പാടില്ല എന്ന നിയമം നിലവിലുണ്ടായിരുന്നു (നിയ 15:7-8; 23:20; പുറ 22:25; ലേവ്യ 25:36-37). തന്മൂലം ദൈവഭക്തരായ യഹൂദ യജമാനന്മാര് പലിശ വാങ്ങിച്ചിരുന്നില്ല. എന്നാല്‍ ഈ അവസരം മുതലാക്കി കാര്യസ്ഥന്മാര് അന്യായമായ പലിശവാങ്ങി കീശവീര്‍പ്പിച്ചിരുന്നു (സുഭാ 28:8; എസെ 18:13; ലൂക്കാ 19:23).
ഉപമയിലെ കാര്യസ്ഥന് ദ്രവ്യാഗ്രഹിയും സ്വത്ത് ദുര്‍വ്യയം ചെയ്യുന്നവനുമാണ് (16:1). 15-ാം അധ്യായത്തിലെ ധൂര്‍ത്ത പുത്രനെതിരെയുള്ള ആരോപണവും ഇതുതന്നെയായിരുന്നു(15:13,30). കാര്യസ്ഥന്റെ അഴിമതിയും ദുര്‍വ്യയവും നാട്ടില്‍ പാട്ടായതിനാലാകാം അത് യജമാനന്റെ ചെവിയിലുമെത്തിയത്. കാര്യസ്ഥനെ പിരിച്ചുവിടാന്‍ മാത്രം ഗൗരവമുള്ള അഴിമതിയാണ് അയാള്‍ ചെയ്തത്. കാര്യസ്ഥജോലി നഷ്ടമാകുന്നവനെ മറ്റ് യജമാനന്മാര് കാര്യസ്ഥന്മാരായി സ്വീകരിച്ചിരുന്നില്ല. തന്മൂലം ജോലി നഷ്ടപ്പെടുന്ന കാര്യസ്ഥന് സ്വന്തമായി അധ്വാനിക്കു കയോ (അടിമപ്പണി ചെയ്യുകയോ) ഭിക്ഷ യാചിക്കുകയോ മാത്രമായിരുന്നു മുന്നിലുള്ള മാര്‍ഗ്ഗം. ഈ രണ്ടുമാര്‍ഗ്ഗങ്ങളും ഉപമയിലെ കാര്യസ്ഥന് സ്വീകാര്യമായിരുന്നില്ല. അയാള്‍ കൗശലപൂര്‍വ്വം പ്രവര്‍ത്തിക്കാനാണ് തീരുമാനിച്ചത്.
കാര്യസ്ഥന്റെ കൗശലങ്ങള്കാര്യസ്ഥ സ്ഥാനം നഷ്ടപ്പെടാന്‍ പോകുന്നു എന്നറിഞ്ഞ കാര്യസ്ഥന് കടക്കാര് ഓരോരുത്തരെയായി വിളിച്ച് കടബാധ്യതകള്‍ ഇളച്ചുനല്കാന് തുടങ്ങി. നൂറുബത്ത് എണ്ണ (4500 ലിറ്റര്‍) കടപ്പെട്ടിരുന്നവന് അത് അമ്പത് ബത്ത് (2250 ലിറ്റര്‍) ആയി ഇളവുചെയ്തുകൊടുത്തു. നൂറുകോര്‍ (4500 ടണ്‍) ഗോതമ്പു കടപ്പെട്ടിരുന്നവന് എണ്‍പതുകോര്‍ (3600 ടണ്‍) ആയി ഇളച്ചുകൊടുത്തു. അക്കാലഘട്ടങ്ങളില്‍ എണ്ണയ്ക്കും ധാന്യങ്ങള്‍ക്കും ചുമത്തിയിരുന്ന പലിശനിരക്കുമായി ഇളവുനല്‍കിയ അളവുകള്‍ക്ക് ബന്ധമുണ്ട്. തന്മൂലം യജമാനന്റെ മുതല്‍ അല്ല, തനി ക്ക് അവകാശമായിരുന്ന പലിശയാണ് കാ ര്യസ്ഥന്‍ ഇളവുചെയ്തുകൊടുക്കുന്നത് എന്ന് അനുമാനിക്കാവുന്നതാണ്. ഈ വ്യാഖ്യാനമനുസരിച്ച്, ധൂര്‍ത്ത പുത്രന്റെ ജീവിതത്തിലെന്നതുപോലെ അവിശ്വസ്തനായ കാര്യസ്ഥന്റെ ജീവിതത്തിലും, തിരിച്ചടികളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട്, മാനസാന്തരം സംഭവിക്കുകയായിരുന്നു. ഒരുപക്ഷേ അയാള്‍ സ്വന്തം കയ്യില്‍ നിന്നു പണമെടുത്ത് യജമാനനു നല്‍കുകയും കടക്കാര്‍ക്ക് ഇളവു നല്‍കുകയും ചെയ്തിരിക്കാം. നാളിതുവരെ താന്‍ സമ്പാദിച്ച അധാര്‍മ്മിക സമ്പത്തുകൊണ്ട് അയാള്‍ സ്നേഹിതരെ സമ്പാദിച്ചു എന്ന പരാമര്‍ശം ഈ പശ്ചാത്തലത്തില്‍ കൂടുതല്‍ വ്യക്തമാകുന്നു (16:9).
ലൂക്കായുടെ സുവിശേഷത്തില്‍ `കടക്കാര്' എന്നത് ദരിദ്രരുടെ പര്യായമാണ്. അവിശ്വസ്തനായ കാര്യസ്ഥന് തന്റെ അധാര്‍മ്മിക സമ്പത്ത് ദരിദ്രരുടെ നന്മക്കുവേണ്ടി വിനിയോഗിക്കുന്നതിലൂടെ തന്റെ പാപത്തിന് ഒരളവുവരെ പരിഹാരം ചെയ്യുകയായിരുന്നു. തന്മൂലം അവന്റെ പ്രവൃത്തി ന്യായീകരിക്കത്തക്കതായിരുന്നു. ദരിദ്രനോടുള്ള പരിഗണന നിത്യകൂടാരങ്ങളില്‍ (സ്വര്‍ഗ്ഗത്തില്‍) സ്ഥാനമുറപ്പിക്കാന്‍ സഹായകമാണെന്ന വിലയിരുത്തല്‍ (16:9) ഈ പശ്ചാത്തലത്തില്‍ അര്‍ത്ഥവത്താണ്. 16:19-31-ല്‍ വിവരിക്കുന്ന ധനവാന്റെയും ലാസറിന്റെയും ഉപമയില്‍ തന്റെ സമ്പത്ത് ദരിദ്രനുവേണ്ടി വിനിയോഗിക്കാതിരിക്കുക വഴി സ്വര്‍ഗ്ഗഭാഗ്യം നഷ്ടപ്പെടുത്തുന്ന ധനികനുമായി താരതമ്യം ചെയ്യുമ്പോള്‍ അവിശ്വസ്തനായ കാര്യസ്ഥന്റെ പ്രവൃത്തിയുടെ അര്‍ത്ഥതലം കൂടുതല്‍ വ്യക്തമാകുന്നുണ്ട്. ഈ വ്യാഖ്യാനമനുസരിച്ച് കാര്യസ്ഥന്റെ അവിശ്വസ്തതയെയോ കൗശലത്തെയൊ അല്ല ഇവിടെ ദൃഷ്ടാന്തവല്‍കരിക്കുന്നത്; മറിച്ച് കാര്യസ്ഥന് ദരിദ്രരായ കടക്കാരോട് കാണിച്ച ഔദാര്യ മനോഭാവത്തെയാണ് യേശു ശ്ലാഘിക്കുന്നത്. ജീവിതത്തിന്റെ നാള്‍വഴികളില്‍ വ്യക്തികളിലും കുടുംബങ്ങളിലുമൊക്കെ ഒരുപാടു സമ്പത്ത് അന്യായമായും അധാര്‍മ്മികമായും വന്നുചേരാറുണ്ട്. പ്രസ്തുത സമ്പത്തിനെ സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ക്കു വേണ്ടിമാത്രമോ (ഭോഷനായ ധനികന്) ആഡംബരത്തിനും സുഖാസ്വാദനത്തിനുമായോ (ധനവാന്റെയും ലാസറിന്റെയും ഉപമയിലെ ധനവാന്) ഉപയോഗിക്കാതെ പ്രസ്തുത സമ്പത്തിന്റെ യഥാര് ത്ഥ ഉടമകളായ ദരിദ്രര്‍ക്കു പങ്കുവച്ചു നല്‍കുക എന്ന സാമൂഹിക വിപ്ലവ മാര്‍ഗ്ഗമാണ് സുവിശേഷകന് ഇവിടെ വിവക്ഷിക്കുന്നത്. ധനവാന്റെ മാനസാന്തരം യഥാര് ത്ഥമാകണമെങ്കില്‍ അയാള്‍ തനിക്കുള്ളതു ദരിദ്രനുമായി പങ്കുവയ്ക്കണമെന്ന് സക്കേവൂസിന്റെ കഥയിലും (ലൂക്കാ 19:1-11) സുവിശേഷകന് വ്യക്തമാക്കുന്നുണ്ടല്ലോ.
ഈ ഉപമയ്ക്ക് മറ്റൊരു വ്യാഖ്യാനവും സാധ്യമാണ്. അവിശ്വസ്തനായ കാര്യസ്ഥന് കടക്കാര്‍ക്ക് ഇളച്ചു നല്‍കിയത് തനിക്ക് അവകാശപ്പെട്ടിരുന്ന പലിശയല്ല യജമാനന്റെ മുതലു തന്നെയായിരുന്നു എന്നതാണ് ഈ വ്യാഖ്യാനത്തിന്റെ അടിസ്ഥാനം. തന്മൂലം അവിശ്വസ്തനായ കാര്യസ്ഥന് താന്‍ പിടിക്കപ്പെട്ട ശേഷവും തന്റെ അവിശ്വസ്തത നിര്‍ബാധം തുടരുകയായിരുന്നു എന്നു കരുതണം. ഈ വ്യാഖ്യാനമനുസരിച്ച് 16:9-ല്‍ കാര്യസ്ഥനു ലഭിക്കുന്ന പ്രശംസയെ വിപരീതാര്‍ത്ഥത്തിലുള്ള വിരുദ്ധോക്തിയായി മനസ്സിലാക്കാം. ബ്രൂട്ടസ് മാന്യനാണ്......... എന്ന മാര്‍ക്ക് ആന്റെണിയുടെ പ്രസംഗത്തിലെ വിരുദ്ധോക്തിപോലെ യജമാനനും തുടര്‍ ന്ന് യേശുവും കാര്യസ്ഥന്റെ കൗശലത്തെ വ്യംഗ്യമായി ആക്ഷേപിക്കുകയായിരുന്നു എന്ന് അനുമാനിക്കാം. തന്മൂലം ലൗകികമായ ശിക്ഷാവിധിയെ പ്രതിരോധിക്കാന്‍ ലൗകികരായ മനുഷ്യര്‍ എത്രയോ കൗശലപൂര്‍വ്വം പെരുമാറുന്നു! അങ്ങനെയെങ്കില്‍ നിത്യശിക്ഷ ഒഴിവാക്കി സ്വര്‍ഗ്ഗം നേടാന്‍ വിശ്വാസികള്‍ എത്രമാത്രം ജാഗ്രതയോടെ പ്രവര്‍ത്തിക്കണം എന്നു സൂചിപ്പിക്കുന്ന ഉപമയായി ലൂക്കാ 16:1-13 നെ വ്യാഖ്യാനിക്കാം.
മേല്‍പ്പറഞ്ഞ രണ്ടു വ്യാഖ്യാനങ്ങളില്‍ ലൂക്കാ സുവിശേഷത്തിന്റെ ദൈവശാസ്ത്രത്തോടും ഉപമയുടെ സന്ദര്‍ഭത്തോ ടും കൂടുതല്‍ വിശ്വസ്തത പുലര്‍ത്തുന്നത് ആദ്യ വ്യാഖ്യാനമാണെന്ന് കരുതാം.
Written by റവ.ഡോ. ജോസഫ് പാംപ്ലാനി