Wednesday, September 8, 2010

ന്യൂമാന്‍ കോളജ് ചോദ്യപേപ്പര്‍ വിവാദം - ഒരു വിശദീകരണം

മോണ്‍. തോമസ് മലേക്കുടി (മാനേജര്‍, ന്യൂമാന്‍ കോളജ്, തൊടുപുഴ)

കോതമംഗലം രൂപത കോര്‍പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സിയുടെ കീഴിലുള്ള തൊടുപുഴ ന്യൂമാന്‍ കോളജിലെ ഇന്റേണല്‍ പരീക്ഷയ്ക്ക് മതസൌഹാര്‍ദത്തിനു ഭംഗം വരത്തക്കവിധം ചോദ്യപേപ്പര്‍ തയാറാക്കിയ അധ്യാപകന്‍ ടി.ജെ. ജോസഫിനെ സര്‍വീസില്‍ നിന്നും നീക്കം ചെയ്ത നടപടി വ്യാപകമായ ചര്‍ച്ചയ്ക്കു വിധേയമായിരിക്കുകയാണല്ലോ. വിഷയത്തിന്റെ വൈകാരികമായതലം മാത്രം കണ്ടുകൊണ്ട് ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറവല്ല. പക്ഷേ, ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളില്‍ ഇരുന്നുകൊണ്ട് തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമ്പോള്‍ വികാരത്തേക്കാള്‍ ഉപരി വിവേകമാണ് നമ്മെ നയിക്കേണ്ടത് എന്ന ബോധ്യമാണ് മാനേജ്മെന്റിനുള്ളത്.

കോതമംഗലം രൂപതയും ന്യൂമാന്‍ കോളജും ഇപ്പോള്‍ വളരെ കടുത്ത പരീക്ഷണങ്ങളെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. പരീക്ഷണഘട്ടങ്ങളില്‍ എടുക്കേണ്ടിവരുന്ന തീരുമാനങ്ങളും വിഷമകരമായേക്കാം. അനേകവര്‍ഷങ്ങളിലൂടെ അനേകായിരങ്ങളുടെ ത്യാഗത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായി പടുത്തുയര്‍ത്തപ്പെട്ടിട്ടുള്ളതാണ് മതേതര സ്വഭാവം പുലര്‍ത്തുന്ന കേരളത്തിലെ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ഏതെങ്കിലും മതവിഭാഗത്തില്‍പ്പെടുന്നവരോടു വിവേചനം പുലര്‍ത്തുന്ന സമീപനം ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചരിത്രത്തില്‍ നാളിതുവരെയുണ്ടായിട്ടില്ല. അതിനു ഭംഗംവരുത്താന്‍ നമ്മുടെ ഒരു സ്ഥാപനം കാരണമായി എന്നതു വളരെ വേദനയോടെയാണ് മാനേജ്മെന്റ് കാണുന്നത്. അതുകൊണ്ടുതന്നെ കടുത്ത തീരുമാനങ്ങള്‍ എടുത്ത് നഷ്ടപ്പെട്ട വിശ്വാസ്യത വീണ്െടടുക്കുന്നതിനു മാനേജ്മെന്റ് നിര്‍ബന്ധിതമായി.

വിവാദ ചോദ്യപേപ്പര്‍ തയാറാക്ക പ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ നമ്മുടെ നാട്ടിലെ വ്യത്യസ്ത ജനവിഭാഗങ്ങളുടെ ഇടയില്‍ ഉണ്ടാക്കിയ അകല്‍ച്ചയുടെ ആഴവും പരപ്പും നിസാരവത്ക്കരിക്കാന്‍ ആവില്ല. ന്യൂമാന്‍ കോളജിനെ സംബന്ധിച്ചിടത്തോളം 60 ശതമാനം വിദ്യാര്‍ഥികളും ക്രൈസ്തവേതര വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. അവര്‍ക്കും അവരുടെ രക്ഷകര്‍ത്താക്കള്‍ക്കും സുരക്ഷിതത്വബോധവും ആത്മാഭിമാനവും പകര്‍ന്നു നല്‍കേണ്ടത് കോളജ് മാനേജ്മെന്റിന്റെ ഉത്തരവാദിത്വമാണ്. അതിനുതകുന്ന നടപടിയാണ് ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളത്.

ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചോദ്യപേപ്പര്‍ തയാറാക്കിയതില്‍ മാനേജ്മെന്റിന് പങ്കുണ്െടന്ന് വരുത്തിത്തീര്‍ക്കാന്‍ ബോധപൂര്‍വമായ ചിലശ്രമങ്ങള്‍ നടന്നു. ഇതിന്റെ ഫലമായി യൂണിവേഴ്സിറ്റി അധികൃതര്‍ ഒരു വിശദീകരണംപോലും ചോദിക്കാതെ പ്രിന്‍സിപ്പലിനെതിരേ നടപടി സ്വീകരിച്ചു. യൂണിവേഴ്സിറ്റിയുടെ ഈ തീരുമാനം ശരിയെന്നു വിശ്വസിച്ച ഏറെ ആളുകള്‍ ഈ നാട്ടിലുണ്ട്. അതിന്റെ തെളിവാണ് പ്രിന്‍സിപ്പലിനും മാനേജ്മെന്റിനും എതിരെ തൊടുപുഴ പ്രദേശത്ത് വ്യാപകമായി പ്രത്യക്ഷപ്പെട്ട പോസ്ററുകള്‍. പ്രിന്‍സിപ്പലിന്റെ ജീവനുനേരെ തുടരെത്തുടരെ ഭീഷണികള്‍ ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ ഇപ്പോഴും പ്രിന്‍സിപ്പലും കോളജും പോലീസ് സംരക്ഷണയിലാണ്. കോളജിലെ അധ്യാപകരും വിദ്യാര്‍ഥികളും ഈയൊരു സംഭവത്തിന്റെ പേരില്‍ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു. ഇതിനൊക്കെ അന്ത്യമുണ്ടാകേണ്ടത് ആവശ്യമാണ്.

വിവാദചോദ്യം അധ്യാപകന്‍ ബോധപൂര്‍വം ഉള്‍പ്പെടുത്തിയതാണ് എന്നു വ്യക്തമാക്കുന്ന തെളിവുകളാണ് മാനേജ്മെന്റിനു ലഭിച്ചിട്ടുള്ളത്. കുട്ടികളുടെ പാഠ്യഭാഗമല്ലാത്ത

പി.ടി. കുഞ്ഞുമുഹമ്മദിന്റെ ലേഖനത്തിലെ ഭ്രാന്തനും ദൈവവുമായുള്ള സംഭാഷണശകലം അതേപടി കൊടുത്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. എന്തിനു വേണ്ടിയാണ് അദ്ദേഹം ഭ്രാന്തനു പകരം മുഹമ്മദ് എന്ന് പേരുകൊടുത്തത്? പ്രസ്തുത ചോദ്യത്തിലെ അനൌചിത്യം ഡിടിപി ഓപ്പറേറ്റര്‍ അധ്യാപകന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അവഗണിച്ചതെന്തിനാണ്? ഉത്തരം എഴുതിയ ഒരു പെണ്‍കുട്ടി തന്റെ പ്രതിഷേധം ഉത്തരക്കടലാസില്‍ രേഖപ്പെടുത്തുകയും അതു വാക്കാല്‍ അധ്യാപകന്റെയടുത്ത് പ്രകടിപ്പിക്കുകപോലും ചെയ്തിട്ടും അപകടസാധ്യത തിരിച്ചറിയാതിരുന്നത് എന്തുകൊണ്ട് ?

ഒരുപറ്റം സാമൂഹികവിരുദ്ധര്‍ നിയമം കൈയിലെടുത്ത് അധ്യാപകന്റെ കൈവെട്ടി മാറ്റിയതുകൊണ്ട് ആദ്യത്തെ തെറ്റ് ഇല്ലാതാകുമോ? അങ്ങനെ ചെയ്താല്‍ സാമൂഹികവിരുദ്ധരുടെ ക്രൂരകൃത്യം അംഗീകരിക്കലാവില്ലേ ഫലം? ഒരു തെറ്റിനു രണ്ടുശിക്ഷ എന്ന വാദത്തിലെ പൊള്ളത്തരം ഇവിടെയാണ് നാം മനസിലാക്കേണ്ടത്. ശിക്ഷ നടപ്പാക്കേണ്ടത് അതിനു ചുമതലപ്പെട്ടവരും നിയമാനു സൃതവുമായിരിക്കണം. അതിനു പകരം ആരെങ്കിലും ശിക്ഷ നടപ്പാക്കിയാല്‍ മതി എന്നു ശഠിക്കുന്നത് പരിഷ്കൃതസമൂഹത്തിനു സ്വീകാര്യമല്ല.

അധ്യാപകന്‍ ഹീനമായി ആക്രമിക്കപ്പെട്ടു എന്ന ഒറ്റക്കാരണത്താല്‍ തെറ്റായ ചോദ്യം തയാറാക്കിയ അധ്യാപകന്റെ പേരിലുള്ള കുറ്റം ഒഴിവാക്കപ്പെടാവുന്നതല്ല. തെറ്റായ ചോദ്യം തയാറാക്കപ്പെട്ടതിന്റെ പേരില്‍ സ്ഥാപനത്തിനു മേല്‍ ചുമത്തപ്പെട്ട ആരോപണങ്ങള്‍ നിലനില്‍ക്കുകതന്നെചെയ്യും. അതുകൊണ്ടാണ് അധ്യാപകന്റെ മേല്‍ ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതമായത്.

അധ്യാപകന്‍ ചെയ്തത് അരുതാത്തത് ആയിരുന്നു എന്നത് സാംസ്കാരിക കേരളം ഇതിനോടകം വിലയിരുത്തിയിട്ടുള്ളതാണ്. വിദ്യാഭ്യാസ മന്ത്രി പോലും ഇദ്ദേഹത്തെ മഠയനായ അധ്യാപകന്‍ എന്ന് വിളിക്കുകയുണ്ടായി. ഇതിനുപുറമെ, ഇതു തന്റെ ആവിഷ്കാരസ്വാതന്ത്യ്രത്തിന്റെ ഭാഗമാണെന്നു പറഞ്ഞ് അധ്യാപകന്‍ സ്വയം ന്യായീകരിക്കുന്നതും നാം കണ്ടതാണ്.

ഒരുതരത്തിലും തന്റെ തെറ്റ് സമ്മതിക്കില്ല എന്ന അദ്ദേഹത്തിന്റെ നിലപാട് മാനേജ്മെന്റിനെ സമ്മര്‍ദത്തിലാക്കുകയാണ് ചെയ്തത്. തന്നെയുമല്ല, ചോദ്യപേപ്പര്‍ വിവാദമായ ദിവസം പ്രിന്‍സിപ്പല്‍ സമൂഹത്തോടു ക്ഷമപറഞ്ഞതാണ് സമൂഹമധ്യത്തില്‍ തന്നെ തെറ്റുകാരനാക്കിയത് എന്ന അദ്ദേഹത്തിന്റെ പരാമര്‍ശം കൂടി വന്നതോടെ സംഭവപരമ്പരയുടെ മുഴുവന്‍ ഉത്തരവാദിത്വവും മാനേജ്മെന്റിന്റെ തലയില്‍ വന്നുചേരുന്ന സാഹചര്യവും ഉണ്ടായി.

ആക്രമണത്തിനു വിധേയനായ അധ്യാപകനോട് മാനേജ്മെന്റ് അനുകമ്പ കാണിച്ചില്ല എന്ന ആരോപണം ശരിയല്ല. സംഭവത്തെ കടുത്ത ഭാഷയില്‍ അപലപിക്കുകയും മാനേജ്മെന്റിന്റെ നിര്‍ദേശപ്രകാരം രണ്ടു കോളജുകളില്‍നിന്നായി ആറു ലക്ഷത്തോളം രൂപ പിരിവെടുത്ത് ചികിത്സാ സഹായം അധ്യാപകനു നല്‍കുകയും ചെയ്തു. അഭിവന്ദ്യ രൂപതാധ്യക്ഷന്‍ തന്നെ അധ്യാപകനെ ആശുപത്രിയില്‍ സന്ദര്‍ശിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തു. രൂപതയിലെ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കുകയും ഉണ്ടായി. ഈ ആക്രമണത്തെ രൂപത അപലപിച്ചു എന്നു കരുതി അധ്യാപകന്‍ ചെയ്ത തെറ്റിനെ ന്യായീകരിക്കാനാവില്ല.

ഒരു വ്യക്തി തെറ്റ് ചെയ്താല്‍ ആ തെറ്റിനോടു മറ്റൊരു വ്യക്തി സ്വീകരിക്കുന്ന നിലപാടും ഒരു സ്ഥാപനം സ്വീകരിക്കുന്ന നിലപാടും വ്യത്യസ്തമായ വിധത്തിലായിരിക്കും. വ്യക്തിപരമായ തെറ്റുകള്‍ പരസ്പരം ക്ഷമിക്കുന്നതുപോലെയല്ല സ്ഥാപനത്തിനോ സമൂഹത്തിനോ എതിരായ തെറ്റുകളോടുള്ള സമീപനം. ചെയ്തകുറ്റം സമ്മതിക്കുക യോ ക്ഷമ ചോദിക്കുകയോ ചെയ്തിരുന്നെങ്കില്‍ നടപടി ലഘൂകരിക്കുന്നതിനു മാനേജ്മെന്റ് തയാറായിരുന്നു. പല അവസരങ്ങള്‍ ഇതിനായി നല്‍കിയതുമാണ്. എന്നാല്‍ അതു വിനിയോഗിക്കാനുള്ള വിവേകം അധ്യാപകനുണ്ടായില്ല. അന്വേഷണക്കമ്മീഷന്റെ കണ്െടത്തലുകളില്‍ പുറത്താക്കല്‍ നടപടിക്ക് അധ്യാപകന്‍ അര്‍ഹനായിരുന്നു. അത് ഒഴിവാക്കുന്നതിന് കാരണമെന്തെങ്കിലും ഉണ്െടങ്കില്‍ 15 ദിവസത്തിനകം ബോധിപ്പിക്കണമെന്നു പറഞ്ഞ് അധ്യാപകന് നോട്ടീസ് കൊടുത്തിരുന്നു. ചെയ്ത തെറ്റ് ഏറ്റുപറയുകയും ശിക്ഷ ഇളവുചെയ്തു തരണമെന്ന് അദ്ദേഹം അപേക്ഷിക്കുമെന്നുമായിരുന്നു മാനേജ്മെന്റ് കരുതിയത്. പക്ഷേ, കുറ്റം സമ്മതിക്കാന്‍ അദ്ദേഹം തയാറായില്ല.

കുറ്റം ചെയ്തു എന്ന് സമൂഹം വിലയിരുത്തുകയും അന്വേഷണ കമ്മീഷന്‍ അത് ശരിവയ്ക്കുകയും, എന്നാല്‍ ഒരു തെറ്റും താന്‍ ചെയ്തിട്ടില്ല എന്ന് അധ്യാപകന്‍ ആവര്‍ത്തിക്കുകയും ചെയ്ത സാഹചര്യത്തില്‍, നോട്ടീസില്‍ പറഞ്ഞിരുന്ന ശിക്ഷ ഇളവു ചെയ്യുന്നതിനുള്ള അവസരം മാനേജ്മെന്റിന് നഷ്ടമായി.

മാത്രമല്ല കുറ്റവിമുക്തനാക്കപ്പെട്ട രീതിയില്‍ ലഘുവായി കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ മുന്‍കാല പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നതു പോലെ, നടന്ന സംഭവപരമ്പരയ്ക്ക് മുഴുവന്‍ ഉത്തരവാദിത്വവും മാനേജ്മെന്റ് ഏറ്റെടുക്കേണ്ടിവരുമായിരുന്നു.

മാനേജ്മെന്റിന്റെ തീരുമാനം കോടതിയില്‍ ചോദ്യംചെയ്യുന്നതിനുള്ള സ്വാതന്ത്യ്രവും അവകാശവും അധ്യാപകനും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ക്കുമുണ്ടല്ലോ. ശിക്ഷാനടപടികൂടിപ്പോയെങ്കില്‍ അതു കുറവുചെയ്യുന്നതിനോ അധ്യാപകനെ വീണ്ടും ജോലിയില്‍ പ്രവേശിപ്പിക്കുന്നതിനോ പെന്‍ഷന്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനോ കോടതി നിര്‍ദേശിക്കുന്നപക്ഷം മാനേജ്മെന്റ് തയാറാണ്.

സ്ഥാപനത്തിന്റെ സത്കീര്‍ത്തിയും നിലനില്‍പ്പും പ്രധാനപ്പെട്ട കാര്യങ്ങളാണ്. വ്രണിത ഹൃദയരായ ഒരു ജനവിഭാഗത്തെ അവഗണിച്ചുകൊണ്ട് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും മുന്നോട്ടു പോകാന്‍ സാധ്യമല്ല. നാട്ടില്‍ അസമാധാനത്തിന്റെയും സാമുദായിക വൈരത്തിന്റെയും ഹേതുവായി നമ്മുടെ സ്ഥാപനങ്ങള്‍ നിലനില്‍ക്കാന്‍ ഇടവരരുത്.

നാക് അക്രഡിറ്റേഷനില്‍ ഉന്നതമായ ഗ്രേഡിംഗ് ലഭിച്ചിട്ടുള്ള കോളജിന്റെ സത്കീര്‍ത്തി നിലനിര്‍ത്തേണ്ടത് ആവശ്യമാണ്. കേരളം പരമ്പരാഗതമായി മതസഹിഷ്ണതയുടെയും സാമുദായിക മൈത്രിയുടെയും നാടാണ്. അതിനു ഭംഗം വരരുത് എന്നു മാത്രമേ ആഗ്രഹിച്ചിട്ടുള്ളു.

5 comments:

shaji.k said...

""തീര്‍ച്ചയായും, ക്ഷമാപൂര്‍വം പിടിച്ചു നില്‍ക്കാന്‍തക്ക കഴിവു നിനക്കുണ്ട്......."""

ആ മനുഷ്യന് ഈ പീഡനങ്ങള്‍ എല്ലാം അതിജീവിക്കാന്‍ കഴിയട്ടെ എന്ന് ആശിക്കുന്നു.

anu anakkara said...

പ്രവാചകനെ സ്വന്തം ശരീരത്തേക്കാള്‍ സ്നേഹിക്കുന്നവരാണ് മുസ്ലിംകള്‍‍ . സാര്‍ വളരെ നിഷ്പക്ഷമായി സത്യം മാത്രം എഴുതുന്നു. വളരെ ഇഷ്ടമായി.

sathyadarsanam said...

സ്വന്തം ശരീരത്തേക്കാള്‍ സ്നേഹിക്കാന്‍ മാത്രം ആ ചെങ്ങാതി എന്താണ് മുസ്ലീങ്ങള്‍ക്ക് കൊടുത്തിട്ടുള്ളത്? ആറു വയസ്സുള്ള ആയിഷയെ അമ്പത്തിരണ്ടാം വയസ്സില്‍ വിവാഹം കഴിച്ചതിലൂടെ കാണിച്ചു കൊടുത്ത മാതൃകയോ? ആ മാതൃക പിന്‍പറ്റി ഇന്നും ലോകമെമ്പാടും ഇസ്ലാമിക രാജ്യങ്ങളില്‍ പതിനായിരക്കണക്കിനു പെണ്‍കുരുന്നുകള്‍ ഏഴും എട്ടും വയസ്സുള്ളപ്പോള്‍ വിവാഹപ്പന്തലിലേക്ക് പോകേണ്ടി വരുന്നതോ?

അതോ സ്വന്തം ശരീരത്തില്‍ ബോംബ്‌ വെച്ച് കെട്ടി നിരപരാധികളായ മനുഷ്യര്‍ കൂട്ടം കൂടി നില്‍ക്കുന്നിടത്ത് ചെന്ന് സ്വയം പൊട്ടിത്തെറിച്ച് കഴിയുന്നിടത്തോളം നിരപരാധികളെ കൊന്നാല്‍, മദ്യത്തിന്‍റെ അരുവികള്‍ ഒഴുകുന്ന അല്ലാഹുവിന്‍റെ സ്വര്‍ഗ്ഗത്തില്‍ കാമാശമനത്തിനു അള്ളാഹു 70 ഹൂറികളെ തന്നുകൊള്ളും എന്ന് പറഞ്ഞു ചിന്താശേഷിയില്ലാത്ത മുസ്ലീങ്ങളെ പറ്റിച്ചതോ?

ഈ കാരണങ്ങള്‍ കൊണ്ടാണോ മുസ്ലീങ്ങള്‍ സ്വന്തം ശരീരത്തേക്കാള്‍ ഉപരി മുഹമ്മദിനെ സ്നേഹിക്കുന്നത്?


"ഇസ്ലാമിന്‍റെ ഒന്നാമത്തെ ഇര മുസ്ലീങ്ങള്‍ ആണ്" എന്ന് ഏണസ്റ്റ് റെനാന്‍ പണ്ടേ പറഞ്ഞിട്ടുണ്ട്.

sathyadarsanam said...

എന്തായാലും ന്യൂമാന്‍ കോളേജ്‌ മാനേജ്മെന്‍റ് ആ അധ്യാപകനോട് ചെയ്ത നടപടിയെ ഭീരുത്വം എന്ന ഒറ്റവാക്കില്‍ മാത്രമേ വിളിക്കാന്‍ കഴിയൂ...

Philip said...

ഭീരു.. സമുദായത്തെയും, തീവ്രവാദികളെയും പേടിച്ച് ജീവിക്കുന്ന ഒരു ഭീരുവാണ് ഇതെഴുതിയത്..