Wednesday, April 6, 2011

സ്‌നേഹസമ്പന്നനായ മാര്‍ വര്‍ക്കി വിതയത്തില്‍

മേജര്‍ ആര്‍ച്ച് ബിഷപ്പ് വര്‍ക്കി വിതയത്തിലിന്റെ ആത്മകഥയുടെ തലക്കെട്ട് ‘Straight from th-e heart എന്നാണ്. ഹൃദയത്തില്‍നിന്നും നേരിട്ട് മനുഷ്യരിലേക്കെല്ലാം പരന്നൊഴുകിയ സ്‌നേഹത്തിന്റെ മഹാപ്രവാഹത്തിന്റെ കഥയാണ് അതില്‍ അദ്ദേഹം പറഞ്ഞത്. കത്തോലിക്കാസഭയുടെ ഉന്നതപീഠങ്ങളൊന്നില്‍ ഇരിക്കുന്ന വൈദിക മേധാവിയുടെ ഭാഷയിലല്ല ആ ഹൃദയം സംസാരിച്ചത്. മാനവികതയുടെയും എളിമയുടെയും കരുത്ത് എന്താണെന്ന് ആ വാക്കുകള്‍ എല്ലാവരെയും അറിയിച്ചു. സീറോ മലബാര്‍ സഭയുടെ പരമാധ്യക്ഷനും കാത്തലിക്ക് ബിഷപ്പ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ തലയെടുപ്പുള്ള നേതാവുമായിരുന്നു ആര്‍ച്ച് ബിഷപ്പ് മാര്‍ വര്‍ക്കി വിതയത്തില്‍. ക്രിസ്തു തന്റെ ജീവിതം ആര്‍ക്കുവേണ്ടി സമര്‍പ്പിച്ചുവോ ആ നിന്ദിതരുടെയും നിരാശ്രയരുടെയും നന്മയ്ക്കുവേണ്ടിയാണ് വിതയത്തില്‍ പിതാവിന്റെ ഹൃദയം എന്നും സ്പന്ദിച്ചത്. ക്രിസ്തുവിന്റെ വഴി സ്‌നേഹത്തിന്റെ വഴിയാണെന്നും അതിന്റെ പക്ഷപാതിത്വം കഷ്ടപ്പെടുന്നവരോട് ആയിരിക്കണമെന്നും വിട്ടുവീഴ്ച കൂടാതെ വിശ്വസിച്ച ആ ഹൃദയത്തിന്റെ സ്പന്ദനങ്ങളാണ് എന്നെന്നേക്കുമായി നിലച്ചിരിക്കുന്നത്. ഈ വിയോഗത്തിന്റെ നിമിഷം ലക്ഷക്കണക്കായ സഭാ വിശ്വാസികളെപോലെ തന്നെ എന്നെയും ദുഃഖത്തിലാക്കുന്നു.

വിതയത്തില്‍ പിതാവിന്റെ അരമനയില്‍ എനിക്കപ്പോഴും പ്രവേശനമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുറിയില്‍ മണിക്കൂറുകളോളമിരുന്ന് ഞങ്ങള്‍ മനസ്സില്‍ തോന്നിയതെല്ലാം ചര്‍ച്ച ചെയ്തിട്ടുണ്ട്. ആത്മീയവാദവും ഭൗതികവാദവും തമ്മിലുള്ള സംവാദത്തില്‍ വീക്ഷണപൊരുത്തം അസാധ്യമാണെന്നറിഞ്ഞുകൊണ്ടു തന്നെ ഞങ്ങള്‍ അതിനെപ്പറ്റിയും സംസാരിച്ചിട്ടുണ്ട്. സമൂഹത്തിലെ വിവിധ വിഷയങ്ങള്‍ രാഷ്ട്രീയവും വിദ്യാഭ്യാസവും സാമ്പത്തിക നയവും എല്ലാം ചര്‍ച്ചകളില്‍ കടന്നുവന്നിട്ടുണ്ട്. അത്തരം ചര്‍ച്ചാവേളയില്‍ യോജിച്ചതിനെക്കാള്‍ ഏറെ തമ്മില്‍ വിയോജിച്ചിരിക്കാനാണ് സാധ്യത. പക്ഷേ പരിശുദ്ധമായ സ്‌നേഹവാത്സല്യത്തിന്റെ തലോടലുമായാണ് അദ്ദേഹം എന്നെ എന്നും യാത്രയാക്കിയിട്ടുള്ളത്. പറഞ്ഞറിയിക്കാന്‍ കഴിയാത്ത സ്വച്ഛശാന്തമായ മനസ്സുമായാണ് എന്നും അദ്ദേഹത്തിന്റെ ചാരത്തുനിന്നും ഞാന്‍ മടങ്ങിയിട്ടുള്ളത്.

വിതയത്തില്‍ പിതാവിന്റെ ആത്മകഥയില്‍ ഈശ്വരവിശ്വാസത്തെപ്പറ്റി പ്രതിപാദിക്കുന്ന ഒരു ഭാഗമുണ്ട്. അതില്‍ ഈശ്വരസങ്കല്‍പത്തെപ്പറ്റിയുള്ള കമ്മ്യൂണിസ്റ്റ് സമീപനത്തെ അദ്ദേഹം ചോദ്യം ചെയ്യുന്നുണ്ട്. ഒരു കമ്മ്യൂണിസ്റ്റ് സുഹൃത്തുമായുള്ള സംവാദത്തെപ്പറ്റി ഉള്ള അതിലെ പ്രതിപാദ്യം എന്നെക്കുറിച്ചാണോ എന്ന് അദ്ദേഹത്തോട് ഞാന്‍ ചോദിച്ചിട്ടുണ്ട്. ''പിന്നെ ആരെക്കുറിച്ചാവാന്‍'' എന്ന മറുചോദ്യമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സഭയുടെയും വിശ്വാസികളുടെയും മുന്നില്‍ പുതിയ കാലഘട്ടം ഉന്നയിക്കുന്ന വെല്ലുവിളികളെക്കുറിച്ച് തികച്ചും ബോധവാനായിരുന്നു ആര്‍ച്ച് ബിഷപ്പ് മാര്‍ വര്‍ക്കി വിതയത്തില്‍. പണം പുതിയ ദൈവമായി മാറുന്ന ആഗോളവത്ക്കരണ കാലഘട്ടത്തിലെ ധര്‍മസങ്കടങ്ങള്‍ ലോകത്തെമ്പാടുമുള്ള സുമനസ്സുകളെ വേട്ടയാടുകയാണ്. വിശ്വാസങ്ങളും പ്രത്യയശാസ്ത്രങ്ങളും പ്രബോധനങ്ങളും മുന്‍വെയ്ക്കുന്ന ധര്‍മ്മാധര്‍മ്മ സങ്കല്‍പങ്ങള്‍ എല്ലാം ഇന്ന് ശീര്‍ഷാസത്തിലാണ്. നീതിബോധമുള്ള മനുഷ്യര്‍ ഹൃദയത്തോടു ചേര്‍ത്തുപിടിച്ച മൂല്യങ്ങള്‍ക്കെല്ലാം അതിന്റെ ഫലമായി മുറിവേല്‍ക്കുന്നു. ഈ സ്ഥിതിവിശേഷത്തിനുമുമ്പില്‍ സഭ നിസ്സംഗമായിരുന്നുകൂടാ എന്നാണ് വിതയത്തില്‍ പിതാവ് വിശ്വസിച്ചത്. ''എന്റെ പിതാവിന്റെ ആലയത്തെ അശുദ്ധമാക്കുന്ന പരീശന്‍മാരെയും ശാസ്ത്രിമാരെയും ചാട്ടവാറിനാല്‍ അടിച്ചു പുറത്താക്കണ''മെന്ന് രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് യേശുക്രിസ്തു വിളിച്ചുപറയുകയുണ്ടായി. ആ ആലയങ്ങളുടെ പരിശുദ്ധിക്കുമേല്‍ പുത്തന്‍ ധനാധിപത്യം നടത്തുന്ന കടന്നാക്രമണങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ ക്രിസ്തുവിന്റെ അനുയായികള്‍ക്ക് സാധ്യമല്ല. ഇതുമായി ബന്ധപ്പെട്ട ആശയസംവാദം ക്രിസ്തീയ സഭകളില്‍ ഇന്നു ലോകമെമ്പാടും നടക്കുന്നുണ്ട്. സഭയുടെ പക്ഷപാതിത്വം തന്നെയാണ് ഈ സംവാദത്തിലെ കേന്ദ്രപ്രശ്‌നം. ദര്‍ശനവും പ്രായോഗിക പ്രവര്‍ത്തനവും കെട്ടുപിണഞ്ഞുകിടക്കുന്ന ഇത്തരം വിഷയങ്ങളില്‍ പാവങ്ങളുടെ പക്ഷം ചേര്‍ന്നു നിന്ന വലിയ ഇടയനാണ് വിതയത്തില്‍ പിതാവ്.

മതവിശ്വാസികളും ഇടതുപക്ഷവും തമ്മിലുള്ള ബന്ധം കേരളത്തില്‍ എപ്പോഴും ചര്‍ച്ചാവിഷയമാണ്. ഇടതുപക്ഷ നേതാക്കള്‍ ബിഷപ്പുമാരെ കണ്ടാല്‍ അതില്‍ രാഷ്ട്രീയ തന്ത്രം ആരോപിക്കുന്നവരും വിരളമല്ല. എന്നാല്‍ ഇത്തരം കൂടിക്കാഴ്ചകള്‍ക്കുവേണ്ടി തന്റെ അരമനയുടെയും ഹൃദയത്തിന്റെയും കവാടങ്ങള്‍ വിതയത്തില്‍ പിതാവ് എന്നും തുറന്നുവെച്ചു. ദൈവത്തെച്ചൊല്ലി വിയോജിച്ചാലും മനുഷ്യനുവേണ്ടി വിശ്വാസികള്‍ക്കും ഇടതുപക്ഷക്കാര്‍ക്കും തമ്മില്‍ യോജിക്കാന്‍ കഴിയുമെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. സഭയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ അഭിമാനംകൊണ്ട അദ്ദേഹം അവിടെ വാണിജ്യതാല്‍പര്യങ്ങള്‍ പിടിമുറുക്കിക്കൂടാ എന്നുവാദിച്ചു. ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ 'ചാക്രികലേഖനമായ സത്യത്തില്‍ സ്‌നേഹ'ത്തെക്കുറിച്ച് ഒരു വൈകുന്നേരം ഞങ്ങള്‍ ദീര്‍ഘമായി സംസാരിച്ചു. ഇടതുപക്ഷവും വിശ്വാസികളും തമ്മില്‍ നടക്കേണ്ട പരസ്പര ബഹുമാനത്തോടുകൂടിയ ചര്‍ച്ചകള്‍ക്ക് ആ ചാക്രിക ലേഖനം ഒരടിത്തറയാണെന്ന് ഞാന്‍ പറഞ്ഞു. വിതയത്തില്‍ പിതാവ് എന്നോട് പൂര്‍ണമായും യോജിച്ചു. ഗഹനമായ വിഷയങ്ങളെക്കുറിച്ച് ഞങ്ങള്‍ തമ്മില്‍ നടന്ന അവസാനത്തെ സംഭാഷണമായിരുന്നു അത്! പിന്നീടും ഞാന്‍ അദ്ദേഹത്തെ രണ്ടുതവണ സന്ദര്‍ശിക്കുകയുണ്ടായി. രോഗ പീഡകളാല്‍ അവശനായിരുന്നപ്പോഴും കൂടിക്കാഴ്ചയ്ക്കായി സമയം അനുവദിക്കുവാന്‍ അദ്ദേഹം തയാറായിരുന്നു. ഇതിന്റെ പിറകിലെ സ്‌നേഹവായ്പിന്റെ ആഴം എനിക്കറിയാം. ഒടുവില്‍ കണ്ടപ്പോള്‍ വിതയത്തില്‍ പിതാവ് നേരിയ സ്വരത്തില്‍ പറഞ്ഞു. ''ഇനി എത്രകാലമുണ്ടെന്ന് അറിയില്ല, എങ്കിലും സമയം കിട്ടുമ്പോഴെല്ലാം വരണം''

ഏപ്രില്‍ 9ന് എറണാകുളത്തു വരുമ്പോള്‍ കാണാനാകുമോ എന്നറിയാന്‍ ഞാന്‍ ഇന്ന് അരമനയിലേയ്ക്കുവിളിച്ചു. ആരേയും കാണാനാകാത്ത വിധം സ്‌നേഹ സമ്പന്നനായ ആ വലിയ മനുഷ്യന്‍ യാത്ര പറഞ്ഞുകഴിഞ്ഞുവെന്ന വിവരമാണ് കിട്ടിയത്! വിശ്വാസം സ്‌നേഹമാണെന്നു പറഞ്ഞ വിതയത്തില്‍ പിതാവിന്റെ സ്മരണയ്ക്കു മുന്നില്‍ സ്‌നേഹത്തില്‍ വിശ്വസിക്കുന്ന ഈ അവിശ്വാസിയുടെ അന്ത്യോപചാരമായി ഈ കുറിപ്പിനെ കാണുക.

ബിനോയ് വിശ്വം

2 comments:

Johny said...

പണം പുതിയ ദൈവമായി മാറുന്ന ആഗോളവത്ക്കരണ കാലഘട്ടത്തിലെ ധര്‍മസങ്കടങ്ങള്‍ ലോകത്തെമ്പാടുമുള്ള സുമനസ്സുകളെ വേട്ടയാടുകയാണ്. വിശ്വാസങ്ങളും പ്രത്യയശാസ്ത്രങ്ങളും പ്രബോധനങ്ങളും മുന്‍വെയ്ക്കുന്ന ധര്‍മ്മാധര്‍മ്മ സങ്കല്‍പങ്ങള്‍ എല്ലാം ഇന്ന് ശീര്‍ഷാസത്തിലാണ്. നീതിബോധമുള്ള മനുഷ്യര്‍ ഹൃദയത്തോടു ചേര്‍ത്തുപിടിച്ച മൂല്യങ്ങള്‍ക്കെല്ലാം അതിന്റെ ഫലമായി മുറിവേല്‍ക്കുന്നു. ഈ സ്ഥിതിവിശേഷത്തിനുമുമ്പില്‍ സഭ നിസ്സംഗമായിരുന്നുകൂടാ എന്നാണ് വിതയത്തില്‍ പിതാവ് വിശ്വസിച്ചത്.

Anonymous said...

ഹി ഹി ഹി ഹി ഹ ഹ ഹ ഹു ഹു ഹു